Current Date

Search
Close this search box.
Search
Close this search box.

ഇന്റര്‍പോള്‍ തേടുന്നവരുടെ പട്ടികയില്‍ നിന്ന് ഖറദാവിയെ ഒഴിവാക്കി

ലണ്ടന്‍: ഇന്റര്‍പോള്‍ തേടുന്ന കുറ്റവാളികളുടെ പട്ടികയില്‍ നിന്ന് ലോക പ്രസിദ്ധ പണ്ഡിതനും ലോക മുസ്‌ലിം പണ്ഡിതവേദി അധ്യക്ഷനുമായ ഡോ. യൂസുഫുല്‍ ഖറദാവിയെ നീക്കം ചെയ്തു. ഈജിപ്ത് ഭരണകൂടം അദ്ദേഹത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ വ്യാജമാണെന്ന് വ്യക്തമായതിനെ തുടര്‍ന്നാണിത്. ഏറെ ചര്‍ച്ചകള്‍ക്കും അന്വേഷണങ്ങള്‍ക്കും ഒടുവിലാണ് ഇന്റര്‍പോള്‍ ഖറദാവിയെ തങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതെന്ന് ബ്രിട്ടനിലെ അറബ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് വ്യക്തമാക്കി. ഈജിപ്ത് ആവശ്യപ്പെട്ടതനുസരിച്ച് ഇന്റര്‍പോള്‍ കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഒരാളൊഴികെയുള്ള മുഴുവന്‍ പേരുടെയും ഫയലുകള്‍ തള്ളപ്പെട്ടിരിക്കുകയാണ്.  ഭരണകൂടത്തെ എതിര്‍ത്തു എന്ന കാരണത്താല്‍ അവര്‍ക്ക് മേല്‍ ചുമത്തപ്പെട്ട ക്രിമിനല്‍ ആരോപണങ്ങള്‍ തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നത് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണിതെന്നും സംഘടന പറഞ്ഞു.
പിടിച്ചുപറി, കൊള്ള, തീവെപ്പ്, കൊലപാതകം തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് ഖറദാവിയെ ഇന്റര്‍പോള്‍ ക്രിമിനില്‍ പട്ടികയില്‍ ചേര്‍ത്തിരുന്നത്. ഇക്കാര്യം ഇന്റര്‍പോള്‍ വെബ്‌സൈറ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തു. അദ്ദേഹം ഈജിപ്തിന് പുറത്തായിരുന്നു എന്നും അദ്ദേഹത്തിന്റെ കഴിഞ്ഞ കാല ചരിത്രത്തിന് നിരക്കാത്തതാണ് ഈ ആരോപണങ്ങള്‍ എന്നും വ്യക്തമായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ പട്ടികയില്‍ നിന്നും ഒഴിവാക്കാനുള്ള തീരുമാനം. ഖറദാവി അടക്കമുള്ള ആളുകളെ ക്രിമിനല്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കാനുള്ള ഇന്റപോള്‍ തീരുമാനത്തില്‍ അറബ് മനുഷ്യാവകാശ സംഘടന പ്രസിഡന്റ് മുഹമ്മദ് ജമീല്‍ സന്തോഷം രേഖപ്പെടുത്തി. ഈജിപ്ത് ഭരണകൂടത്തിന്റെ പരാജയമായിട്ടാണ് അദ്ദേഹം ഈ തീരുമാനത്തെ വിലയിരുത്തുന്നത്.

Related Articles