Current Date

Search
Close this search box.
Search
Close this search box.

അലീഗഢ് സര്‍വകലാശാലയില്‍ ഹിന്ദു യുവവാഹിനിയുടെ ആക്രമം

ന്യൂഡല്‍ഹി: അലീഗഢ് മുസ്‌ലിം സര്‍വകലാശാലയില്‍ നിന്നും മുഹമ്മദലി ജിന്നയുടെ ചിത്രം നീക്കണമെന്നാവശ്യപ്പെട്ട് യോഗി ആഥിത്യനാഥിന്റെ സംഘടനയായ ഹിന്ദു യുവവാഹിനിയുടെ ആക്രമം. പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ച് ക്യാംപസിനകത്തേക്ക് അതിക്രമിച്ചു കയറിയ പ്രവര്‍ത്തകര്‍ ക്യാംപസില്‍ അഴിഞ്ഞാടി.
ഇവരെ പ്രതിരോധിക്കാനായി വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങിയതോടെ ക്യാംപസ് അക്രമാസക്തമായി. തുടര്‍ന്ന് പൊലിസെത്തി ലാത്തി വീശുകയും ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയുമായിരുന്നു.

ക്യാംപസില്‍ സ്ഥാപിച്ച ജിന്നയുടെ ചിത്രം നീക്കണമെന്നാവശ്യപ്പെട്ട് തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു യുവ വാഹിനി, എ.ബി.വി.പി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തിയത്. സംഘം ചേര്‍ന്നെത്തിയ പ്രവര്‍ത്തകര്‍ സര്‍വകലാശാലയ്ക്ക് അകത്ത് കയറി കലാപാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.
‘ജയ് ശ്രീറാം’,’ജിന്ന മൂര്‍ദ്ദാബാദ്’ എന്ന മുദ്രാവാക്യം വിളികളോടെയായിരുന്നു പ്രകടനം.

ജിന്നയുടെ ചിത്രം സര്‍വകലാശാലയില്‍ സ്ഥാപിച്ചതിനെതിരെ നേരത്തെ അലീഗഢിലെ ബി.ജെ.പി എം പി സതീഷ് ഗൗതം രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് പ്രവര്‍ത്തകര്‍ ക്യാംപസിലേക്ക് ആക്രമം അഴിച്ചുവിട്ടത്.

ജിന്നയുടെ ചിത്രം 1938 മുതല്‍ സര്‍വകലാശാല യൂണിയന്‍ ഹാളിലുണ്ടെന്നും സര്‍വകലാശാലയുടെ സ്ഥാപകന്‍ എന്ന നിലയിലും വിഭജനത്തിനു മുമ്പുള്ള ഇന്ത്യയിലെ എല്ലാ നേതാക്കളുടേയും ഛായ ചിത്രം സര്‍വകലാശായില്‍ ഉണ്ടെന്നും വൈസ് ചാന്‍സലര്‍ താരിഖ് മന്‍സൂര്‍ അദ്ദേഹത്തിന് മറുപടി നല്‍കിയിരുന്നു. ഹിന്ദു യുവവാഹിനി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ക്യാംപസിനകത്ത് കയറിയ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ പൊലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. എന്നാല്‍, പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത് എഫ്.ഐ.ആര്‍ പോലും രേഖപ്പെടുത്താതെ വിട്ടയക്കുകയാണുണ്ടായതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

 

Related Articles