Current Date

Search
Close this search box.
Search
Close this search box.

അറബ് വസന്തം വിളിച്ചോതിയത് ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങള്‍: ഖറദാവി

ദോഹ: മുസ്‌ലിം പണ്ഡിതന്‍ മുസ്‌ലിം സമുദായത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ഒരു താഴ്‌വരയിലും സമുദായം മറ്റൊരു താഴ്‌വരയിലും ആയിരിക്കാന്‍ പാടില്ലെന്നും ലോക മുസ്‌ലിം പണ്ഡിതവേദി അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവി. ചെന്നായക്കും സ്വേച്ഛാധിപതികളായ ഭരണാധികാരികള്‍ക്കും ഇരയാക്കാന്‍ സമുദായത്തെ വിട്ടേച്ചു പോകാതെ ശരിയായ വഴിയിലേക്ക് തെളിച്ചു കൊണ്ടുപോകല്‍ പണ്ഡിതന്റെ ഉത്തരവാദിത്വമാണെന്നും അല്‍ജസീറ ചാനലിന്റെ ‘അല്‍മുഖാബല’ പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
അറബ് വസന്തങ്ങള്‍ ഇസ്‌ലാമികമാണ്. കാരണം സ്വാതന്ത്ര്യവും അന്തസ്സും സാമൂഹ്യനീതിയുമാണത് ആവശ്യപ്പെട്ടത്. ജനങ്ങള്‍ സ്വാതന്ത്ര്യത്തോടെയും അന്തസ്സോടെയും നിര്‍ഭയത്വത്തോടെയും ജീവിക്കണം എന്നാണ് ഇസ്‌ലാമും ആഹ്വാനം ചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ചിന്തിക്കുകയും കൂടിയാലോചിക്കുകയും പ്രതിസന്ധികളില്‍ നിന്നും പ്രശ്‌നങ്ങളില്‍ നിന്നും പാഠം പഠിക്കുന്ന വ്യക്തിയാണ് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാനെന്നും അതുകൊണ്ടു തന്നെ അദ്ദേഹത്തെ പിന്തുണക്കുന്നുണ്ടെന്നും ഖറദാവി സൂചിപ്പിച്ചു. എന്നാല്‍ എര്‍ദോഗാന്‍ മുസ്‌ലിമാണെന്ന് പറയുന്നു, അതേസമയം അദ്ദേഹത്തിന്റെ രാജ്യത്ത് നിലനില്‍ക്കുന്നത് മതേതര ഭരണവുമാണെന്ന് പറഞ്ഞു കൊണ്ടുള്ള ചാനല്‍ അവതാരകന്റെ ഇടപെടലിനും കൃത്യമായ മറുപടി ഖറദാവി നല്‍കി. ജനങ്ങളുടെ ചിന്തയെയും ദൈവിക ശരീഅത്തിനെയും സമമായി കാണുന്ന അര്‍ഥത്തിലുള്ള മതേതരത്വം തള്ളിക്കളയേണ്ട കാര്യമാണ്. അതേസമയം ദൈവിക നിയമങ്ങള്‍ക്ക് വിരുദ്ധമല്ലാത്ത തരത്തില്‍ ചിന്തിക്കാനും കണ്ടെത്തലുകള്‍ നടത്താനും ഇതര സമൂഹങ്ങളുടെ അനുഭവങ്ങളില്‍ നിന്ന് ഗുണപാഠമുള്‍ക്കൊള്ളാനും മനുഷ്യബുദ്ധിക്ക് അനുവാദം നല്‍കുന്നതില്‍ പ്രശ്‌നമില്ല.
ഞാന്‍ മുസ്‌ലിം ബ്രദര്‍ഹുഡുകാരനല്ലെന്നും അതുകൊണ്ടു തന്നെ അവര്‍ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന എല്ലാറ്റിനെയും പ്രതിരോധിക്കേണ്ട ആവശ്യം തനിക്കില്ലെന്നുമാണ് ബ്രദര്‍ഹുഡിന്റെ വീഴ്ച്ചകള്‍ പ്രതിവിപ്ലവം വിജയിപ്പിക്കുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ടല്ലോ എന്ന അവതാരകന്റെ ചോദ്യത്തോട് ഖറദാവി പ്രതികരിച്ചത്. പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ പോലും ഞാന്‍ പിന്തുണച്ചത് അബ്ദുല്‍ മുന്‍ഇം അബുല്‍ഫതൂഹിനെയായിരുന്നു. കാരണം സ്വീകാര്യനും ഇസ്‌ലാമികാടിത്തറയുള്ള വ്യക്തിത്വവുമായിരുന്നു അദ്ദേഹം. അദ്ദേഹത്തെയായിരുന്നു ബ്രദര്‍ഹുഡ് പിന്തുണക്കേണ്ടിയിരുന്നത്. പുറത്താക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സി കടുത്ത അനീതിക്കിരയാക്കപ്പെട്ടിരിക്കുകയാണ്. രാജ്യം ഭരിക്കാന്‍ അവസരം നല്‍കുന്നതിന് മുമ്പ് അദ്ദേഹത്തിനെതിരെ അട്ടിമറി നടന്നു. ഹിശാം ഖിന്‍ദീന്‍ തന്നെ പ്രധാനമന്ത്രിയാവണമെന്ന് അദ്ദേഹം നിര്‍ബന്ധം പിടിച്ചപ്പോള്‍ അതില്‍ അദ്ദേഹത്തിന് തെറ്റുപറ്റിയിട്ടുണ്ട്. ജനങ്ങള്‍ ആഗ്രഹിച്ചിരുന്ന ഒരാളായിരുന്നില്ല ഖിന്‍ദീല്‍. അപ്രകാരം പ്രതിരോധമന്ത്രി അബ്ദുല്‍ ഫത്താഹ് സീസിയെ വിശ്വാസത്തിലെടുത്തതിലും അദ്ദേഹത്തിന് വീഴ്ച്ചപറ്റി. സീസി അദ്ദേഹത്തിനെതിരെ പ്രവര്‍ത്തിക്കുമെന്ന് അട്ടിമറിക്ക് ഒരു മാസം മുമ്പേ എര്‍ദോഗാന്‍ അദ്ദേഹത്തെ അറിയിച്ചിരുന്നു. എന്നാല്‍ അദ്ദേഹമത് ഗൗരവത്തിലെടുത്തില്ല. എന്നും ഖറദാവി പറഞ്ഞു.
ഈജിപ്തും തുനീഷ്യയും തമ്മിലുള്ള അന്തരവും അദ്ദേഹം വിശദമാക്കി. തുനീഷ്യയിലെ അന്നഹ്ദയുടെ അധ്യക്ഷന്‍ റാശിദുല്‍ ഗന്നൂശി ജീവിതാനുഭവമുള്ള ജനങ്ങളെ മനസ്സിലാക്കിയിട്ടുള്ള വ്യക്തിയാണ്. ജനങ്ങളുമായി ഉള്ളുതുറന്ന് സംവദിക്കാനുള്ള കഴിവുള്ള വ്യക്തിയാണ് അദ്ദേഹം. അതുകൊണ്ടു രാഷ്ട്രത്തിന്റ നേതൃത്വം ഒറ്റക്ക് വഹിക്കുന്നതിന് പകരം വിവിധ കക്ഷികളുടെ പങ്കാളിത്തത്തോടെ അത് നിര്‍വഹിക്കുന്നതിന് അദ്ദേഹം പ്രാമുഖ്യം നല്‍കിയതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സുന്നീ-ശിയാ അടുപ്പത്തിന് വര്‍ഷങ്ങളോളം താന്‍ ആഹ്വാനം ചെയ്തിരുന്നുവെന്ന് കാര്യവും പരിപാടിയുടെ അവസാനത്തില്‍ അദ്ദേഹം സൂചിപ്പിച്ചു. ഇറാനില്‍ പോയപ്പോള്‍ അടുപ്പം ശരിയാവണമെങ്കില്‍ ഇറാനില്‍ സുന്നികള്‍ക്ക് മസ്ജിദുകളുണ്ടാവുകയും സുന്നി നാടുകളില്‍ ശീഇസം പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കുകയും വേണമെന്ന് അവരോട് പറഞ്ഞു. ആ വ്യവസ്ഥകളൊന്നും പാലിക്കാത്ത അവര്‍ തനിക്കെതിരെ പ്രചാരണങ്ങള്‍ അഴിച്ചുവിടുകയാണ് ചെയ്തതെന്നും ഖറദാവി കൂട്ടിചേര്‍ത്തു.

Related Articles