Current Date

Search
Close this search box.
Search
Close this search box.

അന്ത്യനാള്‍ വരെ ഖുദ്‌സില്‍ ബാങ്കൊലി മുഴങ്ങും: മസ്ജിദുല്‍ അഖ്‌സ ഖതീബ്

ഖുദ്‌സ്: അധിനിവിഷ്ട ഖുദ്‌സിലെ മസ്ജിദുകളില്‍ നിന്നുള്ള ബാങ്ക് വിളികളെ നിശബ്ദമാക്കാനുള്ള ഇസ്രയേല്‍ ശ്രമങ്ങളെ മസ്ജിദുല്‍ അഖ്‌സയിലെ ഖതീബ് ശൈഖ് ഇക്‌രിമ സ്വബ്‌രി അപലപിച്ചു. വിശ്വാസകാര്യങ്ങളിലുള്ള ഇടപെടലാണ് അത്തരം ശ്രമങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി. അതിനുള്ള ഇസ്രയേല്‍ നടപടികളെ അംഗീകരിക്കാനാവില്ലെന്നും ബാങ്ക് വിളിക്കുന്നത് തുടരുമെന്നും ഖുദ്‌സിലെ ഉന്നതതല ഇസ്‌ലാമിക വേദിയുടെ അധ്യക്ഷന്‍ കൂടിയായ സ്വബ്‌രി പറഞ്ഞു.
‘ബാങ്കുകളുടെ ബഹളത്തിന്’ അറുതി വരുത്താന്‍ ആവശ്യപ്പെട്ടുകൊണ്ട് അധിനിവിഷ്ട ഖുദ്‌സ് (ജറൂസലേം) നഗരത്തിന്റെ മേയര്‍ നീര്‍ ബറകാത് പോലീസ് മേധാവിക്ക് കത്തയച്ചതായി കഴിഞ്ഞ ദിവസം ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ബാങ്കിന്റെ, പ്രത്യേകിച്ചും പുലര്‍ച്ചെയുള്ള സുബ്ഹ് ബാങ്കിന്റെ ശബ്ദം കാരണം കൂടിയേറ്റക്കാരായ താമസക്കാര്‍ കടുത്ത പ്രയാസം അനുഭവിക്കുന്നുണ്ടെന്ന് അധിനിവേശ മാധ്യമങ്ങള്‍ ഇടക്കിടെ റിപോര്‍ട്ട് ചെയ്യാറുണ്ട്.
ബാങ്ക് ഇസ്‌ലാമിന്റെ ചിഹ്നങ്ങളില്‍ ഒരു ചിഹ്നവും ആരാധനയുടെ ഭാഗവുമാണെന്നും അന്ത്യനാള്‍ വരെ ഖുദ്‌സിന്റെ ആകാശത്ത് അത് മുഴങ്ങുക തന്നെ ചെയ്യുമെന്നും സ്വബ്‌രി വ്യക്തമാക്കി. വിശ്വാസകാര്യങ്ങളിലെ ഇടപെടല്‍ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. ബറകാത്തിന് ശബ്ദത്തെ കുറിച്ചാണ് പറയാനുള്ളതെങ്കില്‍ ഞങ്ങളുടെ ഭൂമിയിലും ആകാശത്തും ഇസ്രയേല്‍ വിമാനങ്ങളുടെയും ഞങ്ങളുടെ ഗ്രാമങ്ങള്‍ നശിപ്പിക്കുന്ന ടാങ്കുകളുടെയും വീടുകള്‍ തകര്‍ക്കുന്ന ബുള്‍ഡോസറുകളുടെയും അധിനിവേശ സൈനികരെറിയുന്ന ബോംബുകളുടെയും ശബ്ദത്തെ കുറിച്ച് പറയട്ടെയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles