Current Date

Search
Close this search box.
Search
Close this search box.

വികാരങ്ങള്‍ക്കടിപ്പെടുന്ന യുവത്വം

youth.jpg

ലൈംഗിക വികാരങ്ങള്‍ ഉദ്ദീപിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ മലര്‍ക്കെ തുറക്കപ്പെടുകയും അതിലകപ്പെടാനുള്ള സാധ്യത ഇത്രയേറെ വര്‍ധിക്കുകയും ചെയ്ത മറ്റൊരു കാലഘട്ടം ചരിത്രത്തില്‍ കാണുക അസാധ്യമാണ്. സമൂഹത്തെ മുഴുവനായും ഗ്രസിച്ച വലിയ വിപത്താണിതെങ്കിലും ഇതില്‍ അകപ്പെടുന്ന ഭൂരിപക്ഷം പേരും യുവാക്കളാണ്. മത-ധാര്‍മിക ബോധത്തില്‍ നിന്നകന്ന ഒരുപറ്റം രാഷ്ട്രീയ സാംസ്‌കാരിക നേതൃത്വം ഭരണം കൈകാര്യം ചെയ്യുമ്പോള്‍ പ്രത്യേകിച്ചും. മാത്രമല്ല, യുവാക്കളുടെ ജോലി സാധ്യതകള്‍ കുറയുകയും വിവാഹപ്രായം ഗണ്യമായ രീതിയില്‍ ഉയരുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ യുവാക്കള്‍ ഇത്തരത്തിലുള്ള പ്രലോഭനങ്ങള്‍ക്ക് അടിപ്പെടുകയും അതിന്റെ ഇരയായിത്തീരുകയും ചെയ്യുന്നു. ഇത് പ്രബോധന-സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ മുമ്പില്‍ വലിയ പ്രതിബന്ധം തീര്‍ക്കുന്നു എന്നതില്‍ സംശയമില്ല. പ്രബോധകരുടെ ഊര്‍ജ്ജം അതിനാല്‍ തന്നെ ഏറ്റവും കൂടുതല്‍ വിനിമയം ചെയ്യപ്പെടുന്നത് യുവാക്കളിലാണ്. ഈ കുരുക്കിലകപ്പെടാതിരിക്കാനും നിരാശയില്‍ നിന്ന് മോചനം തേടാനും പാപങ്ങളെ നിസ്സാരവല്‍കരിക്കാതിരിക്കാനും ഗൗരവതരമായ ഈ പ്രശ്‌നത്തിനു നാം പരിഹാരം കാണേണ്ടതുണ്ട്. മധ്യമമായ സമീപനം കൈക്കൊള്ളാന്‍ നാം തയ്യാറാകേണ്ടതുണ്ട്.

വിവേക പൂര്‍ണമായ ശൈലി

ഇതും ഇതുപോലേയുള്ളള മറ്റു പ്രശ്‌നങ്ങള്‍ക്കുമുള്ള ഉത്തമ പരിഹാരം ഖുര്‍ആന്റെയും പ്രവാചകന്റെയും നിലപാടുകളാണെന്ന് നാം പൂര്‍ണമായും വിശ്വസിക്കുന്നു. കാരണം ദിവ്യസന്ദേശത്തിന്റെയും ഭദ്രമായ ശരീഅത്തിന്റെയും അടിസ്ഥാനത്തിലാണ് അവ രൂപപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഇവയുടെ പ്രായോഗിക നടപടിക്രമങ്ങളില്‍ നമുക്ക് വരുന്ന വീഴ്ചയാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഇസ്‌ലാമികമായ നിര്‍ദ്ദേശങ്ങള്‍ ചിലര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.

എല്ലാ മനുഷ്യപുത്രരും തെറ്റുകാരാണ്

മലിനമായ വികാരങ്ങളിലേക്ക് മനുഷ്യര്‍ വശംവദരാകുക എന്നത് ആക്ഷേപാര്‍ഹമായ ഒരു കാര്യമല്ല, അത് അവരുടെ സൃഷ്ടിന്റെ തന്നെ ഭാഗമാണ്. മാത്രമല്ല എല്ലാ വിഭാഗത്തിനും എതിര്‍ലിംഗക്കാരോട് സൃഷ്ടിപ്പില്‍ തന്നെ പ്രത്യേക ആഭിമുഖ്യം കാണാം. ഖുര്‍ആന്‍ മനുഷ്യന്റെ പ്രസ്തുത ആഭിമുഖ്യത്തെ വിവരിക്കുന്നുണ്ട്. ‘ഭാര്യമാര്‍, മക്കള്‍, സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കൂമ്പാരങ്ങള്‍, മേത്തരം കുതിരകള്‍, കന്നുകാലികള്‍, കൃഷിയിടങ്ങള്‍ എന്നീ ഇഷ്ടവസ്തുക്കളോടുള്ള മോഹം മനുഷ്യര്‍ക്ക് ചേതോഹരമാക്കിയിരിക്കുന്നു’ (ആലു ഇംറാന്‍ 14). എന്നാല്‍ ഈ ആഭിമുഖ്യം മലിനമായതും നിഷിദ്ധവുമായ മാര്‍ഗത്തിലൂടെയാവരുത് എന്ന് ഇസ്‌ലാം പ്രത്യേകം നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഇത്തരം വികാരങ്ങളെ നിയന്ത്രിക്കുക എന്നത് മനുഷ്യര്‍ക്ക് എളുപ്പത്തില്‍ സാധിക്കുന്ന കാര്യമല്ല. എന്നാല്‍ അവയില്‍ നിന്നകന്നു നില്‍ക്കാന്‍ ആവശ്യമായ നിയമനിര്‍ദ്ദേശങ്ങള്‍ ഇസ്‌ലാം മുന്നോട്ട് വെക്കുന്നുണ്ട്. അവ കണിശമായി പാലിക്കുകയാണെങ്കില്‍ ഇത്തരം പ്രശ്‌നങ്ങളില്‍ നിന്നകന്ന്്  നില്‍ക്കാന്‍ നമുക്ക് കഴിയും.

പ്രവാചകന്റെ യുക്തിഭദ്രമായ ചികില്‍സ

ഉമാമ(റ) നിവേദനം ചെയ്യുന്നു: നബി(സ) സ്വഹാബിമാര്‍ക്കിടയില്‍ ഇരിക്കുമ്പോള്‍ ഒരു യുവാവ് കടന്നുവന്നു: ‘അല്ലാഹുവിന്റെ ദൂതരേ! എനിക്ക് വ്യഭിചരിക്കാന്‍ അനുമതി തരണം”. ഇത് കേട്ടപാടെ എല്ലാവരും യുവാവിനു നേരെ ചാടിയടുത്തു. അവരോട് മിണ്ടാതിരിക്കാന്‍ ആവശ്യപ്പെട്ട് നബി(സ) പറഞ്ഞു: ‘അവന്‍ അടുത്തുവരട്ടെ”. അവന്‍ അല്‍പം കൂടി നബിയോട് ചേര്‍ന്നിരുന്നു. നബി(സ) യുവാവിനോട് ചോദിച്ചു തുടങ്ങി: ‘നീ ഇപ്പോള്‍ അനുമതി ആവശ്യപ്പെട്ട ഈ കാര്യം നിന്റെ ഉമ്മയുടെ കാര്യത്തില്‍ ഇഷ്ടപ്പെടുമോ?” യുവാവ്: ‘ജനങ്ങളാരും തങ്ങളുടെ മാതാക്കളുടെ കാര്യത്തില്‍ അതിഷ്ടപ്പെടില്ല.’ നബി(സ): ‘നിന്റെ മകളുടെ കാര്യത്തില്‍ നീ അത് ഇഷ്ടപ്പെടുമോ?” യുവാവ്: ‘ഇല്ല, റസൂലേ ഇല്ല. ജനങ്ങള്‍ അവരുടെ പെണ്‍മക്കളുടെ കാര്യത്തില്‍ അതിഷ്ടപ്പെടില്ല.” നബി(സ): ‘നിന്റെ സഹോദരിയാണെങ്കിലോ?” യുവാവ്: ‘സഹോദരിയുടെ കാര്യത്തിലും ആരും അത് ഇഷ്ടപ്പെടില്ല.” നബി(സ): ‘നിന്റെ പിതൃസഹോദരി ആയാലോ?” യുവാവ്: ‘പിതൃസഹോദരിയുടെ കാര്യത്തിലും ആരും അതാഗ്രഹിക്കില്ല.” നബി(സ): ‘നിന്റെ മാതൃ സഹോദരി?” യുവാവ്: ‘മാതൃസഹോദരിയുടെ കാര്യത്തിലും ഇഷ്ടപ്പെടില്ല.” തുടര്‍ന്ന് യുവാവിന്റെ ശിരസ്സില്‍ കൈവെച്ച് നബി(സ) പ്രാര്‍ഥിച്ചു: ‘അല്ലാഹുവേ! ഈ യുവാവിന്റെ തെറ്റുകള്‍ നീ പൊറുക്കേണമേ! അവന്റെ ഹൃദയം നീ സംശുദ്ധമാക്കേണമേ! അവന്റെ ഗുഹ്യസ്ഥാനത്തിന്റെ പരിശുദ്ധി നീ കാക്കണേ!” ഈ സംഭവത്തിന് ശേഷം ഒരു അധര്‍മചിന്തയും ആ യുവാവിന്റെ മനസ്സില്‍ ഉണ്ടായിട്ടില്ല” (ഹദീസ് സ്വഹീഹ്).

ഈ ഹദീസില്‍ നമുക്ക് നിരവധി പാഠങ്ങളുണ്ട്. വികാരങ്ങളുടെ പൂര്‍ത്തീകരണത്തിലൂടെ തന്റെ എല്ലാ പ്രയാസങ്ങളും അവസാനിക്കുമെന്നാണ് മിക്ക യുവാക്കളും കരുതുന്നത്. യഥാര്‍ഥത്തില്‍ അറ്റമില്ലാത്ത ദുരന്തത്തിന്റെ തുടക്കം മാത്രമാണത്. വൈകാരിക ഘട്ടത്തില്‍ ഇതിന്റെ വ്യക്തിപരവും സാമൂഹികവുമായ ദുരവ്യാപകമായ പ്രത്യാഘാതങ്ങളെ കുറിച്ച് മനുഷ്യന്‍ വിസ്മൃതനാകുന്നു. എന്നാല്‍ ഇതിനുള്ള പരിഹാരം അവരെ അധിക്ഷേപിക്കലോ ആട്ടിയകറ്റലോ അല്ല, മറിച്ച് പ്രവാചകന്‍ കൈകാര്യം ചെയ്തതുപോലെ യുക്തിഭദ്രമായ രീതിയില്‍ അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് അവരെ ബോധ്യപ്പെടുത്തുകയാണ് ചെയ്യേണ്ടത്.

വിശ്വാസദാര്‍ഢ്യം ശക്തിപ്പെടുത്തുക

ശാരീരികമായ ആവശ്യങ്ങളാണ് മിക്ക വികാരങ്ങളുടെയും ഉറവിടങ്ങള്‍. മനസ്സ് പിന്നീട് അതിലേക്ക് വശീകരിക്കപ്പെടുകയാണ് ചെയ്യുന്നത്. ആത്മീയവും വിശ്വാസപരവുമായ ചികില്‍സയാണ് അതിന് പരിഹാരം. മുസ്‌ലിമിന്റെ വിശ്വാസദാര്‍ഢ്യം വര്‍ദ്ദിക്കുമ്പോഴെല്ലാം വികാരങ്ങളെ ശക്തമായ രീതിയില്‍ അവന് പ്രതിരോധിക്കാന്‍ കഴിയും. പ്രവാചകന്‍ പഠിപ്പിച്ചു. ‘യുവസമൂഹമേ! നിങ്ങളില്‍ വിവാഹത്തിന് കഴിവുള്ളവന്‍ വിവാഹം കഴിക്കട്ടെ! അതിന് സാധിക്കാത്തവര്‍ നോമ്പനുഷ്ടിക്കട്ടെ! അത് അവനുള്ള പരിചയാണ്’. (ബുഖാരി)

ഇമാം ഇബ്‌നുല്‍ ഖയ്യിം മദാരിജുസ്സാലികീനില്‍ ഉണര്‍ത്തുന്നു: ‘ ലാ ഇലാഹ ഇല്ലല്ലാഹ് എന്നതിന്റെ അലയൊലികള്‍ പാപങ്ങളുടെ മൂടുപടലങ്ങളില്‍ നിന്ന് വിശ്വാസിയെ അകറ്റിനിര്‍ത്തും. വിശ്വാസത്തിന്റെ ദാര്‍ഢ്യമനുസരിച്ച് അതിന്റെ കരുത്ത് വര്‍ദ്ദിക്കുകയും ദൗര്‍ബല്യമനുസരിച്ച് അതിന്റെ കരുത്ത് ചോര്‍ന്നു പോകുകയും ചെയ്യും. ചിലരുടെ ഹൃദയത്തില്‍ വിശ്വാസം സൂര്യനെ പോലെ വെളിച്ചം നല്‍കും, മറ്റുചിലരില്‍ അത് നക്ഷത്രത്തിളക്കമായിട്ടായിരിക്കും പ്രകടമാകുക, ചിലരില്‍ അത് വലിയ അഗ്നിനാളം പോലെയും മറ്റു ചിലരില്‍ വിളക്ക് പോലെയും പ്രകാശിക്കും. പ്രകാശത്തിന്റെ തോത് ഉയരുംതോറും പാപങ്ങളെയും വികാരത്തെയും അത് കരിച്ചുകൊണ്ടിരിക്കും’.

ഫിത്‌നയുടെ വഴികള്‍ തടയുക

തിന്മയിലകപ്പെടാനുള്ള പ്രേരകങ്ങളും വഴികളും തടയലാണ് മനസ്സിനെ ചികില്‍സിക്കാനും വികാരങ്ങളെ കടിഞ്ഞാണിടാനുമുള്ള പ്രധാന മാര്‍ഗം. ഇതിന്റെ പ്രധാന പ്രേരകങ്ങളില്‍ പെട്ടതാണ് കണ്ണ്. ദൃഷ്ടി താഴ്ത്തുക എന്നത് വലിയ ഒരു പ്രതിരോധ പ്രവര്‍ത്തനമാണ്. നമ്മുടെ മനസ്സിനെ നശിപ്പിക്കുന്ന എത്രയെത്ര നോട്ടങ്ങളാണ് നമ്മില്‍ നിന്നുണ്ടാകുന്നത്. പിശാചിന്റെ അസ്ത്രത്തില്‍ പെട്ട ഒരസ്ത്രമാണത്. അതിനെ നാം പ്രതിരോധിച്ചില്ലെങ്കില്‍ അത് നമ്മെ മുറിവേല്‍പിക്കും. നിഷിദ്ധങ്ങളിലേക്കുള്ള നോട്ടം മുസ്‌ലിമിന്റെ വിശ്വാസത്തെയും അഭിമാനത്തെയും പെരുമാറ്റ സ്വഭാവങ്ങളെയും നശിപ്പിക്കും. ഇമാം ഇബ്‌നുല്‍ ജൗസി രേഖപ്പെടുത്തുന്നു: ‘ദൃഷ്ടിയെ അഴിച്ചുവിടുന്നതിനെ ബുദ്ധിമതികള്‍ ജാഗ്രതയോടെ കാണട്ടെ, നയനങ്ങള്‍ കൊണ്ട് കാണാന്‍ പാടില്ലാത്തതു നാം ദര്‍ശിക്കുന്നതു മൂലം അതിനോട് അതിയായ ആഭിമുഖ്യം പുലര്‍ത്താനും തങ്ങളുടെ ശരീരത്തെയും മതബോധത്തെയും നശിപ്പിക്കാനും അവ കാരണമായിത്തീരുന്നു. സ്‌നേഹത്തിന്റെ അടിസ്ഥാനം കാഴ്ചയാണ്, അതിനാല്‍ സ്ത്രീ പുരുഷന്മാര്‍ അവരുടെ ദൃഷ്ടി നിയന്ത്രിച്ചുകൊള്ളട്ടെ! മതഭക്തരായ നിരവധി പേരുടെ മതബോധത്തെ ദൃഷ്ടി അഴിച്ചുവിടല്‍ മൂലം തകരാറിലാക്കിയിട്ടുണ്ട്. അതിനാല്‍ അവര്‍ അതിനെ കുറിച്ച് ജാഗ്രത പുലര്‍ത്തട്ടെ’.  

ഇബ്‌നുല്‍ ഖയ്യിം(റ) രേഖപ്പെടുത്തുന്നു; ‘ മനുഷ്യനെ ബാധിക്കുന്ന എല്ലാ അപകടങ്ങളുടെയും മൂലകാരണം നോട്ടമാണ്. നോട്ടം മനുഷ്യനില്‍ വിചാരങ്ങള്‍ ഉല്‍പാദിപ്പിക്കും, വിചാരങ്ങള്‍ വൈകാരികമായ ചിന്തകള്‍ക്ക് വഴിയൊരുക്കും, വൈകാരികത ഉദ്ദേശ്യത്തിന് വഴിയൊരുക്കും, ഉദ്ദേശങ്ങള്‍ മനോദാര്‍ഢ്യത്തിനു വിധേയമാകുകയും വികാരപൂര്‍ത്തീകരണത്തിലേക്ക് നയിക്കുകയും ചെയ്യും. അതിനാലാണ് ദൃഷ്ടി നിയന്ത്രിക്കാനുള്ള സഹനശേഷി അതിന്റെ പ്രത്യാഘാതം വന്നതിനു ശേഷമുള്ള സഹനത്തേക്കാള്‍ എളുപ്പമാണ് എന്നു പറയുന്നത്.

വികാരങ്ങളെ പ്രതിരോധിക്കാനുള്ള സുപ്രധാന മാര്‍ഗമാണ് നല്ലസുഹൃദ് ബന്ധം പുലര്‍ത്തലും മോശമായ കൂട്ടുകാരില്‍ നിന്ന് ജാഗ്രതപുലര്‍ത്തലും. എതിര്‍ലിംഗക്കാരോട് സഹവസിക്കുമ്പോള്‍ മതപരമായ നിഷ്ടകള്‍ പുലര്‍ത്തുക എന്നതും ഇതിന്റെ ബാധ്യതയാണ്. ഹസ്തദാനം ഉപേക്ഷിക്കുക, തനിച്ചാകാതിരിക്കുക, അനാവശ്യ സംസാരങ്ങള്‍ ഉപേക്ഷിക്കുക തുടങ്ങിയവയെല്ലാം ഇതിന്റെ ബാധ്യതയാണ്. ഇതിനെ നിസ്സാരമായി ഗണിക്കുന്നത് മോശമായ പര്യാവസനത്തിലേക്ക് നയിക്കും.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌
 

Related Articles