Current Date

Search
Close this search box.
Search
Close this search box.

പെണ്ണുകാണലും ആണുങ്ങളുടെ ഇരട്ടത്താപ്പും

serving-tea.jpg

എന്റെ ഇരുപതുകളുടെ തുടക്കത്തില്‍ എനിക്ക് വന്ന ചില വിവാഹാലോചനകളെ കുറിച്ച് ആലോചിക്കുമ്പോള്‍ പലപ്പോഴും ഞാന്‍ ചിരിച്ചുപോകാറുണ്ട്. അതില്‍ രസകരമായ രണ്ട് സംഭവങ്ങളുണ്ട്. പത്തിലേറെ വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഞാനിന്നും കൃത്യമായി അത് ഓര്‍ക്കുന്നു. എന്റെ രക്ഷിതാക്കളും വിവാഹാലോചനുമായി വരുന്ന യുവാവിന്റെ രക്ഷിതാക്കളും തമ്മിലുള്ള പ്രാഥമിക കൂടിക്കാഴ്ച്ചകള്‍ക്ക് മുമ്പേ ഞാനുമായി നേരിട്ടോ ഫോണിലോ സംസാരിക്കണമെന്ന ആവശ്യം ഞാന്‍ അംഗീകരിക്കാറില്ല. അവരുടെ ആ ആവശ്യം നിരാകരിക്കപ്പെടുമ്പോള്‍ അതവരിലുണ്ടാക്കുന്ന ഞെട്ടല്‍ പലപ്പോഴും ഞാന്‍ അഭിമുഖീകരിച്ചിട്ടുള്ള ഒന്നാണ്.

ഇരുവരുടെയും രക്ഷിതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച്ച നടത്തുകയോ തീരുമാനം എടുക്കുകയോ ചെയ്യുന്നതിന് മുമ്പ് തന്നെ വിവാഹം ആലോചിക്കുന്ന പെണ്‍കുട്ടിയുമായി നേരിട്ടോ ഫോണിലൂടെയോ സംസാരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് മിക്ക യുവാക്കളും എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. ഞാന്‍ ഹിജാബ് കര്‍ശനമായി പാലിക്കുന്ന  (നിഖാബ് അടക്കം) പെണ്‍കുട്ടിയാണെന്ന് അറിയാത്ത ഒരാളും എന്നെ വിവാഹമാലോചിക്കാന്‍ വന്നിട്ടില്ല. എന്നാല്‍ ഇതറിഞ്ഞിട്ടും ഹിജാബ് ഒഴിവാക്കി എന്നെ കാണമെന്നും സംസാരിക്കണമെന്നും അവര്‍ ഉപാധിവെച്ചു. ഞങ്ങള്‍ തമ്മില്‍ ചേരുമെന്ന് രക്ഷിതാക്കള്‍ തീരുമാനിച്ചിട്ടില്ലെങ്കിലും, തന്റെ മാനദണ്ഡപ്രകാരം ഒരു ഭാര്യക്ക് ഉണ്ടായിരിക്കേണ്ട ആകര്‍ഷണീയത ഉണ്ടോ എന്ന പരിശോധനയാവാം ഒരുപക്ഷേ അയാളുദ്ദേശിക്കുന്നത്.

മുതിര്‍ന്നവരുടെ സാന്നിദ്ധ്യത്തിലല്ലാതെ വിവാഹം ആലോചിക്കുന്ന യുവാവും പെണ്‍കുട്ടിയും തമ്മില്‍ സംസാരിക്കുന്ന ഒരു രീതി ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ഉണ്ടായിരുന്നില്ല. അത്തരം ഒരു സംസ്‌കാരത്തിലാണ് ഞാന്‍ വളര്‍ന്നത്. മാത്രമല്ല, ഹിജാബ് ധരിക്കാന്‍ ആരംഭിച്ചതിന് ശേഷം അത്യാവശ്യത്തിനല്ലാതെ അന്യപുരുഷന്‍മാരുമായുള്ള സംസാരം ഞാന്‍ പൂര്‍ണമായി ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ വിശ്വാസത്തിന്റെ ഭാഗമായി അന്യപുരുഷന്‍മാരുടെയുള്ള ഇടപെടലുകള്‍ ഒഴിവാക്കിയിട്ടുള്ള ഒരു പെണ്‍കുട്ടിയോട് കാണണമെന്നും സംസാരിക്കണമെന്നും ഒരാള്‍ ആവശ്യപ്പെടുമ്പോള്‍ അവള്‍ നേരിടുന്ന പ്രയാസമുണ്ട്. എതിര്‍ലിംഗത്തിലുള്ളവരുമായുള്ള ഇടപഴകലുകളില്‍ ഇത്തരം നിഷ്ഠകളൊന്നും ജീവിതത്തില്‍ പാലിക്കാത്തവര്‍ ഒരുപക്ഷേ അതില്‍ അത്ഭുതപ്പെടുന്നുണ്ടാവും.

അവിവാഹിതകളായ എന്റെ ചില കൂട്ടുകാരികളും വിവാഹാലോചനാ സമയത്ത് ഇത്തരം മോശമായ അനുഭവങ്ങളിലൂടെ കടന്നു പോകേണ്ടി വന്നിട്ടുണ്ട് എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നില്ല. വിവാഹപ്രായമെത്തിയ മുസ്‌ലിം പെണ്‍കുട്ടികളെ സംബന്ധിച്ചടത്തോളം ഒരു സാധാരണ സംഭവമായിട്ടത് മാറിയിരിക്കുന്നു. പ്രത്യേകിച്ചും പ്രായം അല്‍പം കൂടിയിട്ടുണ്ടെങ്കില്‍ കുടുംബത്തിന്റെ സമ്മര്‍ദത്തിന് വഴങ്ങി വിവാഹാലോചനയുമായി വാതില്‍ക്കലെത്തുന്ന ഓരോരുത്തര്‍ക്ക് മുമ്പിലും നിന്നു കൊടുക്കാന്‍ അവര്‍ നിര്‍ബന്ധിതയാവുന്നു. അതിലുപരിയായി അണിഞ്ഞൊരുങ്ങി ഹൃദ്യമായി വരുന്നവരെ സ്വീകരിക്കാനാണ് രക്ഷിതാക്കള്‍ അവളോട് കല്‍പിക്കുന്നത്. ചോദ്യം ചെയ്യല്‍ പോലുള്ള ഇന്റര്‍വ്യൂവാണ് തുടര്‍ന്ന് നടക്കുന്നത്. യുവാവ് മാത്രമല്ല, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ചോദ്യങ്ങള്‍ ചോദിക്കുന്നു. ആദ്യ കൂടിക്കാഴ്ച്ചയില്‍ ഇഷ്ടപ്പെട്ടതിന് ശേഷം ‘കൂടുതല്‍ അടുത്തറിയാന്‍’ യുവാവിനൊപ്പം പുറത്തു കറങ്ങാന്‍ പോകാന്‍ വരെ രക്ഷിതാക്കളാല്‍ നിര്‍ബന്ധിക്കപ്പെട്ട കൂട്ടുകാരികള്‍ വരെ എനിക്കുണ്ട്.

മേല്‍പറയപ്പെട്ട മുസ്‌ലിം പെണ്‍കുട്ടികള്‍ വേണ്ടരീതിയില്‍ ഇസ്‌ലാമിലെ ഹിജാബ് പാലിക്കാത്തവരായിട്ടു പോലും വിവാഹം കഴിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിന് മുമ്പ് ‘പരസ്പരം അടുത്തറിയുക’ എന്നതിന്റെ പേരില്‍ വിവാഹാലോചനയുമായി വരുന്ന പുരുഷനൊപ്പം സമയം ചെലവഴിക്കാന്‍ ലജ്ജിക്കുകയും അതിനോട് എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തു എന്നത് ശ്രദ്ധേയമാണ്. ഇത്തരം പല കൂടിക്കാഴ്ച്ചകള്‍ക്കും ശേഷം ആ ബന്ധം വേണ്ടെന്നു വെക്കുന്നതാണ് അതിലെ ഏറ്റവും വലിയ ദുര്യോഗം.

നേരത്തെ വ്രണപ്പെട്ടു കിടക്കുന്ന ആത്മാഭിമാനത്തിന് ഒരു പ്രഹരം കൂടി ഏല്‍പിച്ചു കൊണ്ട് ബന്ധം വേണ്ടന്ന് വെക്കപ്പെടുമ്പോള്‍ കടുത്ത മാനസിക പ്രയാസമാണ് അവള്‍ അനുഭവിക്കുന്നത്. അപ്പോഴേക്കും അതാ വിവാഹാലോചനയുമായി അടുത്തയാള്‍ വരുന്നു. നേരത്തെ ചെയ്ത കാര്യങ്ങളെല്ലാം ആവര്‍ത്തിക്കാന്‍ രക്ഷിതാക്കള്‍ അവളെ നിര്‍ബന്ധിക്കുകയും ചെയ്യുന്നു. വേദനാജനകമായ ഈ പ്രക്രിയ നിരന്തരം ആവര്‍ത്തിക്കുന്നു.

ഇസ്‌ലാമിക മര്യാദകള്‍ പാലിക്കുന്നതിലെ ഇരട്ടത്താപ്പ്
ഒരു കാര്യം വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. പൊതുവെ ഇണകളെ തേടുന്ന മിക്ക മുസ്‌ലിം പുരുഷന്‍മാരും വിവാഹാലോചനാ പ്രക്രിയയില്‍ തങ്ങള്‍ക്ക് മേല്‍ക്കൈ നല്‍കുന്ന ഇസ്‌ലാമിന്റെ നിര്‍ദേശങ്ങളും വ്യവസ്ഥകളും പാലിക്കാന്‍ ശ്രദ്ധവെക്കുന്നവരാണ്. അതേസമയം ഇണയെ തേടുമ്പോള്‍ തങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിട്ടുള്ള സ്വാതന്ത്ര്യത്തിന്റെ ഇസ്‌ലാം നിശ്ചയിച്ച പരിധികള്‍ അവര്‍ അവഗണിക്കുകയും ചെയ്യുന്നു.

മകളോ സഹോദരിയോ മറ്റൊരു ആണ്‍കുട്ടിയുമായി അടുത്തിടപഴകുന്നത് കാണുമ്പോള്‍ -വിവാഹിതരാവാന്‍ അവര്‍ ഇരുവര്‍ക്കും ഉദ്ദേശ്യമുണ്ടെങ്കില്‍ പോലും – പുരുഷന്റെ ആത്മരോഷവും ദൈവഭയവും ദേഷ്യവും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇസ്‌ലാമിന്റെ അധ്യാപനങ്ങളാണ് തങ്ങളുടെ ദേഷ്യത്തിന്റെ പ്രേരകമെന്നാണ് സാധാരണ മുസ്‌ലിം പുരുഷന്‍മാര്‍ പറയാറുള്ളത്. തന്റെ സഹോദരിയോ മകളോ ഒരു അന്യപുരുഷനൊപ്പം ഇടപഴകുന്നത് ഒരു മുസ്‌ലിമിന് അനുവദിച്ചു കൊടുക്കാനാവില്ലെന്ന് അയാള്‍ വാദിക്കുകയും ചെയ്യും. അത്തരം ബന്ധങ്ങള്‍ ഇസ്‌ലാമില്‍ നിഷിദ്ധമാണെന്ന് തുറന്നു പറയാനും അയാള്‍ മടിക്കില്ല. എന്നാല്‍ മറ്റൊരാളുടെ സഹോദരിയോ മകളോ ആയിട്ടുള്ള ഒരു പെണ്‍കുട്ടിയുമായി ഇടപഴകുമ്പോള്‍ മേല്‍പറഞ്ഞ വ്യക്തി തന്നെ എത്രത്തോളം അകലം പാലിക്കാറുണ്ടെന്നതാണ് വൈരുദ്ധ്യം.

ഇത്തരം മുസ്‌ലിം ചെറുപ്പക്കാര്‍ ഒരു പെണ്‍കുട്ടിയെ വിവാഹം ആലോചിക്കുമ്പോള്‍ അവളുടെ രക്ഷിതാക്കളുടെ സമ്മതം ഉറപ്പാക്കുന്നതിന് മുമ്പ് തന്നെ അവളെ കാണാനും സംസാരിക്കാനുമാണ് ആഗ്രഹിക്കുന്നത്. അവളുടെ ശാരീരികവും വ്യക്തിത്വപരവുമായ ഗുണഗണങ്ങളുടെ അടിസ്ഥാനത്തില്‍ ബന്ധം വേണോ വേണ്ടയോ എന്നതില്‍ തീരുമാനമെടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണത്. രക്ഷിതാക്കള്‍ നിശ്ചയിക്കുന്നതിന് മുമ്പേ പെണ്‍കുട്ടിയെ കാണാനും സംസാരിക്കാനുമാണ് അവര്‍ താല്‍പര്യപ്പെടുന്നത്. അവള്‍ ശാരീരികമായി തന്നെ ആകര്‍ഷിക്കുന്നില്ലെങ്കില്‍ ബന്ധം വേണ്ടെന്നു വെക്കാന്‍ വിവാഹാലോചന നടത്തുന്ന പെണ്‍കുട്ടിയെ നോക്കുന്നത് ഇസ്‌ലാം അനുവദിച്ചിട്ടുള്ളതിനുള്ള തെളിവായി ഹദീസും അവര്‍ ഉദ്ധരിക്കും.

യഥാര്‍ഥത്തില്‍ നികാഹിന് മുമ്പുള്ള അവസാന പരിശോധന എന്ന അര്‍ഥത്തിലാണ് തന്റെ ഭാവി വധുവിനെ നോക്കാന്‍ പ്രവാചകന്‍(സ) അവിവാഹിതനായ പുരുഷനെ പ്രേരിപ്പിച്ചിട്ടുള്ളത്. ശാരീരികമായി തനിക്ക് പൊരുത്തപ്പെടുന്നവളാണോ എന്ന ഉറപ്പുവരുത്തലിനാണത്. അഥവാ ഇസ്‌ലാമില്‍ വിവാഹാലോചനയുടെ ആദ്യ പടിയായി ചെയ്യേണ്ട ഒന്നല്ല പെണ്‍കുട്ടിയെ കാണല്‍. ചന്തയില്‍ വില്‍പനക്ക് വെക്കുന്ന കാലികളെ പോലെ പ്രദര്‍ശിപ്പിക്കപ്പെടേണ്ടവളല്ല മുസ്‌ലിം പെണ്‍കുട്ടി. ഭാവിയില്‍ ഖേദത്തിന് ഇടവരുത്താതിരിക്കാന്‍ വിവാഹാലോചനയുടെ അവസാന ഘട്ടത്തില്‍ വരേണ്ട സംഗതിയാണത്. ഇതാണ് മാന്യമായ സമീപനം.

മിക്ക മുസ്‌ലിം പുരുഷന്‍മാരും ഇരട്ടത്താപ്പാണ് ഇതില്‍ സ്വീകരിക്കുന്നത്. ഭാവി വധുവിനെ കണ്ടെത്താനുള്ള ശ്രമം ആരംഭിക്കുമ്പോഴേക്കും അവളുമായി തുറന്നിടപഴകാന്‍ അവര്‍ ആഗ്രഹിക്കുന്നു. മുകളില്‍ ഞാന്‍ പറഞ്ഞിട്ടുള്ളതെല്ലാം സംഭവിച്ച ഉദാഹരണങ്ങളാണ്. നികാഹിന് മുമ്പ് പെണ്‍കുട്ടിയില്‍ നിന്ന് അകലം പാലിക്കാനോ അവളുമായി ഫോണിലൂടെയോ നേരിട്ടോ സംസാരിക്കുന്നത് ഒഴിവാക്കാനും അവര്‍ക്ക് സാധിക്കുന്നില്ല. അതിന്റെ ഫലമായി അവര്‍ക്ക് പരസ്പരം സംസാരിക്കാനും പുറത്തുപോയി കറങ്ങാനും അവസരം ഒരുക്കാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നിര്‍ബന്ധിതരാവുന്നു. ഇസ്‌ലാം നിഷിദ്ധമാക്കിയിട്ടുള്ള കാര്യമാണിതെല്ലാം. ചുരുക്കത്തില്‍ തങ്ങളുടെ സഹോദരിമാരുടെ കാര്യത്തില്‍ അംഗീകരിക്കാത്തതാണ് തങ്ങളുടെ ഭാവി വധുവിന്റെ കാര്യത്തില്‍ അവര്‍ ആവശ്യപ്പെടുന്നത്. സ്വന്തം രക്തബന്ധുക്കളുടെ കാര്യത്തില്‍ മുറുകെ പിടിക്കുന്ന ഇസ്‌ലാമിന്റെ കല്‍പനകളും പരിധികളും സ്വന്തം കാര്യത്തില്‍ അവഗണിക്കുകയാണവര്‍.

തന്റെ സഹോദരിമാരോട് മറ്റുള്ള പുരുഷന്‍മാര്‍ എങ്ങനെ പെരുമാറണമെന്നാണോ ആഗ്രഹിക്കുന്നത് അത്തരത്തിലായിരിക്കണം ഒരാള്‍ തനിക്ക് അന്യയായിട്ടുള്ള ഏതൊരു സ്ത്രീയോടും ഇടപഴകേണ്ടത്. പുരുഷന്‍മാര്‍ക്ക് മുമ്പില്‍ സ്ത്രീകള്‍ ഹിജാബ് പാലിക്കേണ്ടത് നിര്‍ബന്ധമായ പോലെ അന്യസ്ത്രീക്ക് നേരെയുള്ള രണ്ടാമതൊരു നോട്ടം തനിക്ക് നിഷിദ്ധമാണെന്ന് പുരുഷന്‍ ഓര്‍ക്കണം. അത്യാവശ്യത്തിനല്ലാതെ അവരുമായി സംസാരിക്കുകയും അരുത്. അപ്പോള്‍ അവരുമായി കൂട്ടുകൂടുകയും തുറന്നു സംസാരിക്കുകയും ഇടപഴകുകയും ചെയ്യുന്നതിനെ കുറിച്ച് എന്ത് പറയാനാണ്!

Related Articles