Current Date

Search
Close this search box.
Search
Close this search box.

അശ്ലീലതയില്‍ നിന്നുള്ള മോചനം എങ്ങനെ?

porn.jpg

വളരെ അപകടകാരിയും വ്യക്തിയെ സ്വയം നശിപ്പിക്കുകയും ചെയ്യുന്ന ഒന്നാണ് അശ്ലീല ചിത്രങ്ങള്‍ക്ക് അടിമപ്പെടുകയെന്നത്. ഇഛാശക്തിയോട് കൂടി ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിച്ചാല്‍ മാത്രമേ ഒരാള്‍ക്ക് അതില്‍ നിന്ന് രക്ഷപ്പെടാനാവുകയുള്ളൂ.
അവ ഉപേക്ഷിക്കുന്നതിന് കൃത്യമായ കൗണ്‍സിലിങ്ങും ചികിത്സയും ആവശ്യമായി വരും. മതനിഷ്ഠ പുലര്‍ത്തുന്ന മുസ്‌ലിംകളായ പ്രഗല്‍ഭരെ തന്നെ അതിന് തെരഞ്ഞെടുക്കുന്നതായിരിക്കും ഉത്തമം. പ്രസ്തുത രംഗത്ത് പ്രവര്‍ത്തിക്കുന്ന മുസ്‌ലിംകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ ധാര്‍മികതയും മൂല്യങ്ങളും പരിഗണിക്കുന്ന മറ്റുള്ളവരെ സമീപിക്കാം. അപകടകരമായ ഈ സ്വഭാവം ഇല്ലാത്തയാളായിരിക്കണം അയാള്‍ എന്നത് വളരെ പ്രധാനമാണ്. അവരും അതിന് മുതിരുന്നവരാണെങ്കില്‍ അതിന്റെ അനന്തരഫലം എന്തായിരിക്കുമെന്ന് ചിന്തിക്കാവുന്നതേയുള്ളൂ. അവന്റെ ആത്മാവിന്റെ ചൈതന്യം നശിപ്പിക്കപ്പെടാനും ആത്മീയ നാശത്തിലേക്ക് നയിക്കപ്പെടാനുമാണ് അത് വഴിവെക്കുക.
തെറ്റുകളുടെ പ്രകൃതമാണ് അത് ചെയ്യുന്നവരെ അടിമപ്പെടുത്തുകയെന്നത്. ചെയ്യുന്ന തെറ്റുകളില്‍ ആനന്ദം കണ്ടെത്തുകയെന്നതാണ് മനുഷ്യമനസിന്റെ പ്രകൃതമെന്നത് വളരെ വ്യക്തമാണ്. അതിനെ സംബന്ധിച്ച് ഇമാം ബൂസിരി പറഞ്ഞത് വളരെ ശരിയാണ്, ‘മനസ് ഒരു കുട്ടിയെ പോലെയാണ്, നീയവനെ അവഗണിക്കുകയാണെങ്കില്‍ മുലകുടിച്ച് കൊണ്ട് അവന്‍ വലുതാകും. എന്നാല്‍ മുലകുടി നിര്‍ത്തിക്കുകയാണെങ്കില്‍ മുലകുടി നിര്‍ത്തുകയും ചെയ്യും.’ തെറ്റിനെ പിഴുതെറിയാന്‍ സഹായകമാകുന്ന ചില നിര്‍ദേശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

1. ഹീനമായ തെറ്റിനെകുറിച്ച് ആലോചിക്കുകയും അതിന്റെ വൃത്തികേടുകള്‍ മനസിലാക്കുകയും ചെയ്യുക. ഖുര്‍ആനും പ്രവാചകചര്യയും വരച്ചു കാണിച്ചിട്ടുള്ള നരകത്തിന്റെ ചിത്രം സാധ്യമാകുമ്പോഴെല്ലാം കണ്‍മുന്നില്‍ കൊണ്ടുവരിക. അശ്ലീല പുസ്തകങ്ങളും ചിത്രങ്ങളും കാണാനുള്ള പ്രലോഭനം ഇല്ലാതാക്കുന്നത് വരെയത് തുടര്‍ന്ന് കൊണ്ടിരിക്കുക. അപ്പോള്‍ നിങ്ങള്‍ക്ക് ഒരു സമയത്ത് അതിന്റെ അടിമയായപ്പോള്‍ ലഭിച്ചിരുന്ന ആനന്ദത്തിന്റെ സ്ഥാനത്ത് വേദനയും പ്രയാസവും അനുഭവപ്പെടും.
2. നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന മാരകമായ അര്‍ബുദത്തെ പറ്റി നിങ്ങളെ തന്നെ ബോധ്യപ്പെടുത്തുക. അതിനായി അത്തരം സ്വഭാവങ്ങളുടെ കൂട്ടത്തില്‍ പെടുന്ന കാര്യങ്ങളെയും അതിലേക്ക് ആകര്‍ഷിക്കുന്ന കാര്യങ്ങളെയും തിട്ടപ്പെടുത്തേണ്ടതുണ്ട്. ശരീരത്തെ ബാധിക്കുന്ന അര്‍ബുദത്തേക്കാള്‍ മാരകമാണ് ആത്മാവിനെ ബാധിക്കുന്ന അര്‍ബുദമെന്ന് ഓര്‍ക്കുക. കാരണം ശരീരമെന്നത് ഒരാളുടെ മരണത്തോടെ ജീര്‍ണ്ണിക്കുന്ന ഒന്നാണ് എന്നാല്‍ ആത്മാവ് അതിന് ശേഷവും നിലനില്‍ക്കുന്നതാണ്.
3. വളരെ ഹീനമായ തെറ്റിന് അടിമപ്പെട്ടുള്ള അവസ്ഥയിലാണ് നീ മരണപ്പെടുന്നതെങ്കില്‍ അതെത്ര ഭയാനകമായ നഷ്ടമായിരിക്കുമെന്ന് സങ്കല്‍പ്പിച്ച് നോക്കുക.
4. അല്ലാഹുവിനോട് അവന്റെ സഹായത്തിനായി ശക്തിതേടികൊണ്ടിരിക്കുക, അതായിരിക്കണം നിങ്ങളുടെ ശക്തി. അല്ലാഹുവിന്റെ സഹായം കിട്ടുന്നതിന് അവനുമായി ശക്തമായ ബന്ധം സ്ഥാപിക്കേണ്ടത് അനിവാര്യമാണ്. ദൈനംദിന പ്രാര്‍ഥനകളിലൂടെയും നമസ്‌കാരങ്ങളിലൂടെയുമാണ് അല്ലാഹുമായുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടത്. അത് കൊണ്ട് അവ ഒരിക്കലും ഉപേക്ഷിക്കാതിരിക്കുക.
5. അത്തരം മ്ലേഛമായ കാര്യങ്ങളെ കുറിച്ച് ചിന്തിക്കാന്‍ സമയം ഇല്ലാത്ത രൂപത്തില്‍ ഓരോ ദിവസത്തെയും സമയത്തെ ക്രമീകരിക്കുക. ഇമാം ശാഫിഈ ഒരിക്കല്‍ പറഞ്ഞു, ‘നിന്റെ മനസിനെ നന്മകള്‍ കൊണ്ട് നീ വ്യാപൃതമാക്കിയില്ലെങ്കില്‍, തിന്മകളില്‍ നിന്നെയത് വ്യാപൃതനാക്കും.’
6. നിങ്ങള്‍ക്ക് ചുറ്റും ഇസ്‌ലാമികവും ആത്മീയവുമായ ഒരന്തരീക്ഷം ഉണ്ടാക്കിയെടുക്കുകയും അതില്‍ മുഴുകുകയും ചെയ്യുക.
7. വിശ്വാസികളായ നല്ല ആളുകളുമായി ബന്ധം സ്ഥാപിക്കുകയും അവരോടൊപ്പം നല്ല പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുക. ഇസ്‌ലാമിനെ കുറിച്ച് കൂടുതല്‍ പഠിക്കുന്നതിനുള്ള അവസരങ്ങള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുക.
8.  നിങ്ങളുടെ നാവും മനസും എപ്പോഴും അല്ലാഹുവിനെ സ്തുതിക്കുന്നതാക്കി മാറ്റുക. സുബ്ഹാനല്ലാഹ്, അല്‍ഹംദുലില്ലാഹ്, അസ്തഗ്ഫിറുല്ലാഹ് തുടങ്ങിയ ദിഖ്‌റുകള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുക.
9. അത്തരം തിന്മയില്‍ നിന്നും വേറിട്ട് നില്‍ക്കാന്‍ സാധിച്ചാല്‍ വിവാഹിതനാകുന്നതിനെ പറ്റി ഗൗരവത്തില്‍ ആലോചിക്കുക. അതിലേക്ക് ആകര്‍ഷിക്കുന്നതില്‍ നിന്ന് വിവാഹം ഒരു സംരക്ഷണമാണ്.
എല്ലാ പൈശാചിക വൃത്തികളില്‍ നിന്നും ചിന്തകളില്‍ നിന്നും അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ, വിശ്വാസം കൊണ്ടവന്‍ ഹൃദയത്തെ നിറക്കുകയും തെറ്റുകളില്‍ നിന്നും സംരക്ഷിക്കുകയും ചെയ്ത് നല്ല വാക്കുകളുടെയും പ്രവൃത്തിയുടെയും ഉടമകളാക്കി നമ്മെ മാറ്റട്ടെ.

വിവ : അഹ്മദ് നസ്വീഫ് തിരുവമ്പാടി
 

Related Articles