Current Date

Search
Close this search box.
Search
Close this search box.

സംഘട്ടനങ്ങള്‍ക്കിടയിലെ കുടുംബവ്യവസ്ഥ: ചോദ്യങ്ങളും വെല്ലുവിളികളും

അഭയാര്‍ഥി പ്രശ്‌നം, സാമ്പത്തിക പ്രതിസന്ധി, വര്‍ധിച്ചു വരുന്ന പ്രാദേശിക സംഘട്ടനങ്ങളും ആഭ്യന്തര യുദ്ധങ്ങളും തുടങ്ങി അതിസങ്കീര്‍ണമായ നാളുകളിലൂടെയാണ് അല്‍പകാലങ്ങളായി അറബ് ഇസ്‌ലാമിക ലോകം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. കിഴക്കും പടിഞ്ഞാറും ഒരുപോലെ ഇത്തരത്തില്‍ ചോര പുരണ്ട കഥകള്‍ അയവിറക്കേണ്ടി വരുന്ന ഗതി ഒരുപക്ഷെ നമ്മുടെ വര്‍ത്തമാന കാലത്ത് ആദ്യമായാവും. പക്ഷെ, രാഷ്ട്രീയപരവും സാമ്പത്തികവുമായ ഈ പരിതസ്ഥിതികള്‍ ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിച്ചത് നമ്മുടെ കൂടുംബവ്യവസ്ഥയെ, വിശേഷിച്ച് സ്ത്രീകളെയും കുട്ടികളെയുമായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ അത്തരം കദനകഥകളില്‍ പലതും വാര്‍ത്തകളില്‍ ഇടം നേടിയില്ലെന്നു മാത്രമല്ല, രാഷ്ട്രീയപരമായ നേട്ടങ്ങള്‍ക്ക് വേണ്ടി അതിസമര്‍ഥമായി ഉപയോഗിക്കപ്പെടുകയുമായിരുന്നു.

വിവാഹമോചനങ്ങളുടെ വര്‍ധനവ്
ഔദ്യോഗിക വൃത്തങ്ങളുടെ സെന്‍സസ് പ്രകാരം ഈ സാമൂഹിക വ്യതിയാനങ്ങളില്‍ സുപ്രധാനമായത് വിവാഹമോചനങ്ങളുടെ എണ്ണത്തിലുള്ള ക്രമാതീതമായ വര്‍ധനവായിരുന്നു. അറബ് നാടുകളിലും അഭയാര്‍ഥി രാജ്യങ്ങളിലും വര്‍ധിച്ചുവരുന്ന ഈ പ്രവണത കണ്ട് അറബ് ലോകത്തെ കുടുംബസംവിധാനത്തിന്റെ തകര്‍ച്ചയെ കുറിച്ചു പോലും ആളുകള്‍ സംസാരിച്ചുതുടങ്ങിയിരിക്കുന്നു. ഒരുപക്ഷെ യുദ്ധഭീതി ആളിപ്പടര്‍ന്ന പ്രദേശങ്ങളിലെ വിവാഹമോചനങ്ങള്‍ സ്വാഭാവികമാവാം. മറിച്ച്, ഇവിടെ മറ്റു പ്രദേശങ്ങളില്‍ പോലും ഇതിന്റെ അനുരണനങ്ങള്‍ ഉണ്ടായി എന്നതാണ് ഏറെ ഖേദകരം.

Also read: സമ്പത്ത് അല്ലാഹുവിന്റേതാണ്‌; സമ്പന്നര്‍ അതിന്റെ സൂക്ഷിപ്പുകാരും ദരിദ്രര്‍ ആശ്രിതരുമാണ്

ഇതിന്റെയൊക്കെയിടയില്‍ തിരിഞ്ഞുനോക്കപ്പെടാതെ കുഞ്ഞുകാലത്തു തന്നെ ഏറെ പരാധീനതകള്‍ അനുഭവിക്കുന്ന മക്കളാണ് ഇത്തരം രംഗങ്ങളെ കൂടുതല്‍ ദാരുണമാക്കുന്നത്.
അഭയാര്‍ഥി നാടുകളിലെ വര്‍ധിക്കുന്ന വിവാഹ മോചനത്തിനു പിന്നില്‍ സാംസ്‌കാരിക സംഘട്ടനങ്ങളുടെ വലിയൊരു സ്വാധീനം കൂടി കാണാം. കാരണം അഭയാര്‍ഥിനാടുകളുടെ സവിശേഷത നാടുമായി അലിഞ്ഞുചേരുക എന്നതാണ്. പക്ഷെ, യൂറോപ്പ്യന്‍ രാഷ്ട്രങ്ങളില്‍ അഭയാര്‍ഥികളുടെ കുടുംബനിര്‍മിതിക്ക് വേണ്ടി സഹായം ചെയ്യേണ്ടിടത്ത് പാശ്ചാത്യവല്‍ക്കരണത്തിന്റെ പാഠങ്ങള്‍ കുടുംബിനികള്‍ക്ക് പകര്‍ന്നുകൊടുക്കാനാണ് അവര്‍ ശ്രമിച്ചത്. ഇത് വലിയൊരളവില്‍ കുടുംബങ്ങള്‍ താളം തെറ്റുന്നതിന് ഹേതുകമായിട്ടുണ്ട്. അഭയാര്‍ഥി വനിതകളുടെ മനസ്സില്‍ പാശ്ചാത്യ ചിന്തകള്‍ നിക്ഷേപിക്കുന്നു, അതേസമയം പുരുഷന്‍ തന്റെ പാരമ്പര്യം തന്നെ മുറുകെ പിടിച്ചുജീവിക്കുന്നു, അഭയാര്‍ഥികള്‍ക്ക് ജോലി ചെയ്യാന്‍ അവസരമില്ലാത്തതിനാല്‍ ഭാര്യമാരുടെ ചെലവു നിര്‍വഹിക്കാന്‍ പുരുഷന് കഴിയാതെ വരുന്നു, സ്ത്രീ പുരുഷന്മാര്‍ക്ക് തുല്യമായി സഹായം നല്‍കപ്പെടുന്നു, അവസാനം ഇതൊക്കെ വിവാഹമോചനങ്ങളില്‍ ചെന്ന് കലാശിക്കുന്നു. ഇതാണ് ഇന്ന് ശരാശരി അറബ് ലോകത്തെ കുടുംബശൈഥല്യങ്ങളുടെ അവസ്ഥ.

ഒറ്റപ്പെടുന്ന ഉമ്മമാര്‍
വിവാഹമോചനത്തിനോ ഭര്‍ത്താവ് കലാപത്തില്‍ കൊല്ലപ്പെട്ടതിനോ ശേഷം ഏകയായി നരകജീവിതം നയിക്കുന്ന ഉമ്മമാരുടെ വേദന വാക്കുകള്‍ കൊണ്ട് വിവരിക്കാവുന്നതിലും വലുതാണ്. ജീവതത്തില്‍ അതിന്റെ പരമാവധി പ്രയാസങ്ങള്‍ നേരിട്ട് കുടുംബത്തിന്റെ സമ്പൂര്‍ണ ഉത്തരവാദിത്വവും മക്കളുടെ പഠനവും ഭക്ഷണവും ആരോഗ്യവും മുഴുവനും തനിച്ച് നിര്‍വഹിക്കേണ്ടി വരുന്ന ഗതികേടാണ് മിക്ക സ്ത്രീകളുടേതും.
അഭയാര്‍ഥികളായ സ്ത്രീകള്‍ വിവരിക്കുന്ന കഥകള്‍ ഹൃദയഭേദകമാണ്. അഭയാര്‍ഥി ക്യാമ്പുകളുടെ ഇരുണ്ട മൂലകള്‍ക്കിടയില്‍, പലപ്പോഴും ഇഴജന്തുക്കള്‍ പോലും വിഹരിക്കുന്ന ഇടങ്ങളില്‍, ഒരുപോലെ തണുപ്പും മഴയും ഏറ്റ് ചളിനിറഞ്ഞ വഴികളില്‍, അവിടെവെച്ച് ലഭിക്കുന്ന തുച്ഛമായ ഭക്ഷണം മാത്രം കഴിച്ച്, ഭക്ഷണവും വിദ്യാഭ്യാസവും ഒരുപോലെ മതിയാംവിധം ലഭിക്കാത്ത കുട്ടികളും രക്ഷിതാക്കളും. ഇത്തരം ഉമ്മമാര്‍ക്ക് അവര്‍ അനുഭവിക്കുന്ന ദാരിദ്ര്യവും അവകാശനിഷേധവും എന്നതിലപ്പുറം ശാരീരിക പീഡനം വരെ എത്തിനില്‍ക്കുന്ന അതിക്രമങ്ങള്‍ പോലും പലപ്പോഴും ഏല്‍ക്കേണ്ടി വരികയാണ്. ചില അഭയാര്‍ഥികളായ സ്ത്രീകളുടെ സ്വകാര്യഭാഗങ്ങളില്‍ പൊള്ളലേല്‍പിച്ച സംഭവം പോലും ഉണ്ടായിട്ടുണ്ട്. ചിലപ്പോഴൊക്കെ കിടക്കാന്‍ നല്ലൊരിടമില്ലാതെ വഴിയോരങ്ങളില്‍പോലും കിടന്ന് നേരം വെളുപ്പിച്ച അഭയാര്‍ഥി കഥകള്‍പോലും ഇന്ന് കേള്‍ക്കാന്‍ സാധിക്കും.

Also read: ‘ഭാഷാമിത്രം’ മൊബൈല്‍ ആപ്പ്

പ്രാഥമിക ആവശ്യങ്ങള്‍ പോലും കൃത്യമായി വീട്ടാന്‍ സാധിക്കാത്ത തരത്തിലുള്ള ഈ ദാരുണമായ അവസ്ഥയാണ് പല അഭയാര്‍ഥി സ്ത്രീകളെയും ആതിഥേയ നാട്ടില്‍ വിവാഹം ചെയ്യാനും, ചിലപ്പോള്‍ ഭക്ഷണത്തിനും പാര്‍പ്പിടത്തിനും പകരമായി മാത്രം അവരുടെ പെണ്‍മക്കളെ വിവാഹം ചെയ്യിക്കാനുമൊക്കെ നിര്‍ബന്ധിതമാവുന്നത്. മേല്‍ പറയപ്പെട്ട രീതിയിലുള്ള പീഡനങ്ങള്‍ അനുഭവിച്ച സ്ത്രീകള്‍ പുതിയൊരു വിവാഹത്തിന് കൂടി തയ്യാറെടുക്കുമ്പോള്‍ അനുയോജ്യനായ ഭര്‍ത്താവിനെ കണ്ടെത്താന്‍ ശാരീരിക സന്തുലിതാവസ്ഥ കൂടി കൈവരിക്കേണ്ടി വരുന്നു. പക്ഷെ, ഈ യോജിപ്പിന്റെ നിബന്ധനയാണ് ഇവിടെ പാടെ അന്യമായതും. കാരണം, ആ നാടുകളിലെ ചില പുരുഷന്മാരെങ്കിലും അഭയാര്‍ഥി സ്ത്രീകള്‍ ഗതകാലത്ത് അനുഭവിച്ച തീക്ഷ്ണതകളെ തരണം ചെയ്യാന്‍ മതകീയമായും സാമ്പത്തികമായും പ്രാപ്തരായിരുന്നില്ല എന്നതാണ് വസ്തുത. അതോടൊപ്പം വിവാഹസമയത്തു തന്നെ വിവാഹമോചനം കരുതുക, താത്കാലികമായ വിവാഹം ചെയ്യുക, വിവാഹമോചനം നടത്തി പുതിയ ഇരയെ തേടി ചെല്ലുക എന്നീ പ്രവണത വ്യാപകമായി എന്നതും ഇതോടു ചേര്‍ത്തുവായിക്കേണ്ടതാണ്.

അതേസമയം, സല്‍സ്വഭാവികളായ അഭയാര്‍ഥി സ്ത്രീകളെ ഇസ്‌ലാമിക നിയമപ്രകാരം സര്‍വവിധ അവകാശങ്ങളും വെകവെച്ചുകൊടുത്തു തന്നെ വിവാഹം ചെയ്യാന്‍ തയ്യാറുള്ള, മക്കളുള്ള വിധവകളെ അനാഥസംരക്ഷണം എന്ന ലക്ഷ്യത്തോടെ വിവാഹം ചെയ്യാന്‍ തയ്യാറുള്ള ആള്‍ക്കാരും ഉണ്ടെന്നതും പ്രതീക്ഷാവഹമാണ്. അപ്പോഴും അഭയാര്‍ഥി സ്ത്രീകള്‍ അഭയാര്‍ഥി നാടുകളില്‍ നിന്ന് പെട്ടെന്നു തന്നെ വിവാഹം ചെയ്യാന്‍ നിര്‍ബന്ധിതരാവുമ്പോള്‍ ഇത്തരം ആള്‍ക്കാരുടെ ഇടയില്‍ തരംതിരിച്ചുമനസ്സിലാക്കല്‍ പ്രയാസമാവുകയും പലപ്പോഴും വിവാഹം ചെയ്ത് കെണിയിലകപ്പെടുകയും ചെയ്യുന്ന അവസ്ഥയും വ്യാപകമാണ്.

Also read: ഇമാം ഹസനുല്‍ ബന്ന: ആവേശം പകരുന്ന രക്തസാക്ഷിത്വം

ഭാവി വെല്ലുവിളികള്‍
അറബ് ലോകത്തെ കുടുംബവ്യവസ്ഥ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്തെന്നു ചോദിച്ചാല്‍ വളര്‍ന്നു വരുന്ന തലമുറ എന്നു തന്നെയാണുത്തരം. അഭയാര്‍ഥി നാടുകളില്‍ ചെറുപ്രായത്തില്‍ തന്നെ സര്‍വവിധ പീഡനങ്ങളും അനുഭവിക്കാന്‍ വിധിക്കപ്പെട്ടവര്‍, ബന്ധുജനങ്ങള്‍ പലരും കണ്‍മുമ്പില്‍ വെച്ച് കൊലചെയ്യപ്പെട്ടവര്‍, പിതാക്കള്‍ കൊല്ലപ്പെട്ട് മാതാവിനൊപ്പം സ്വന്തം നാട്ടില്‍ നിന്ന് ഓടിയൊളിക്കാന്‍ വിധിക്കപ്പെട്ടവര്‍, നിരപരാധികളായിട്ടും യുദ്ധവേളകളില്‍ പീഡനങ്ങള്‍ക്കും ജയില്‍വാസത്തിനുപോലും ഇരയാക്കപ്പെട്ടവര്‍, മരംകോച്ചുന്ന തണുപ്പിലും തല ചായ്ക്കാന്‍ പാര്‍പ്പിടമില്ലാതെയും പശിയടക്കാന്‍ അന്നമില്ലാതെയും മരണത്തിന് കീഴ്‌പ്പെട്ടവര്‍, പലവിധങ്ങളായ ചൂഷണങ്ങള്‍ക്ക് വിധേയമാക്കപ്പെട്ടവര്‍, പ്രാണനുവേണ്ടിയുള്ള ഓട്ടത്തിനിടയില്‍ തിരമാലകള്‍ക്ക് കീഴ്‌പ്പെട്ടവര്‍, പഠിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ടവര്‍, ഇങ്ങനെ നീളുന്നു അഭയാര്‍ഥിനാടുകളിലെ കുട്ടികളുടെ ഹൃദയഭേദകമായ അവസ്ഥ. ഇത്തരം ജീവിതപരിസരങ്ങളിലൂടെ ജീവിച്ചു വളരുന്ന ഇവര്‍ ഭാവിയില്‍ എത്തിപ്പെടാവുന്ന ലോകങ്ങള്‍ പ്രവചനാതീതമാണ്. തങ്ങള്‍ക്ക് നിഷേധിക്കപ്പെട്ട അവകാശങ്ങളുടെ കണക്കുപുസ്തകങ്ങള്‍ അവര്‍ നിരത്തുന്ന അവസ്ഥ വരാതിരിക്കാന്‍, രാഷ്ട്രീയപരവും മറ്റുമായ ചൂഷണങ്ങള്‍ മറന്ന് അവര്‍ക്ക് മാന്യമായ മാനുഷിക പരിഗണന നല്‍കുന്ന അവസ്ഥയാണ് സംജാതമാവേണ്ടത്.

 

വിവ. മുഹമ്മദ് ശാക്കിര്‍ മണിയറ

Related Articles