Current Date

Search
Close this search box.
Search
Close this search box.

വിശുദ്ധിയാണ് അവർക്ക് ഉത്തമം-2

ശരീരഭാഗങ്ങൾ മറച്ചുള്ള മാന്യമായ വസ്ത്രധാരണ രീതി വെറുക്കുന്ന തരത്തിലേക്ക് സ്ത്രീകളുടെ മനസ്സുകളെ പരിവർത്തിപ്പിക്കുന്നതിന് പ്രലോഭനങ്ങളും അധാർമികതയും വ്യാപകമായിരിക്കുന്നു. ശരീര സൗന്ദര്യം പ്രദർശിപ്പിക്കുന്ന പുതിയ തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാനാണ് സ്ത്രീകൾ ഇഷ്ടപ്പെടുന്നത്. ഈയൊരു രീതിയിലേക്ക് ആര് ആകർഷിക്കപ്പെടുന്നുവോ അവർ അതിലെ അപകടത്തിന് തലവെച്ചുകൊടുക്കുകയാണ്. ഉറച്ച തീരുമാനത്തോടെ ആര് ഈ വസ്ത്രധാരണ രീതിയിൽ നിന്ന് വിട്ടുനിൽക്കുന്നുവോ അവർ അതിലെ അപകടത്തിന് കീഴ്പ്പെടുന്നില്ല താനും. നമ്മിൽ ഒരുപാട് സ്ത്രീകളൾ തെറ്റിന്റെ സമുദ്രത്തിൽ നീരാടികൊണ്ടിരിക്കുകയും, തെറ്റിനെ ഇഷ്ടപ്പെടുകയും ചെയ്യുന്നു. അവരെ  സന്മാർഗത്തിലേക്ക് കൊണ്ടുവരാൻ അല്ലാഹുവിന് ഇനിയും സമയമായിട്ടില്ല. എന്നാൽ, സന്മാർഗം ലഭിച്ചവർ തെറ്റിന്റെ സമുദ്രത്തിൽ നിന്ന് അല്ലാഹുവിന്റ അനുസരണത്തിലേക്കും, നന്മ കൽപിക്കുന്നതിലേക്കും തിന്മ വിലക്കുന്നതിലേക്കും എത്തപ്പെടുന്നു.

എന്നാൽ, അല്ലാഹു സന്മാർഗം നൽകാതിരിക്കാൻ കാരണമാകുന്ന ന്യൂനതകൾ ചെയ്യാതിരിക്കാനും, തെറ്റുകൾ ആവർത്തിക്കാതിരിക്കാനും നമ്മുടെ കഴിഞ്ഞുപോയ കാലം നാം മറക്കാതിരിക്കേണ്ടതുണ്ട്. തെറ്റ് ചെയ്യാത്തവരായി നമ്മിൽ ആരും തന്നെയില്ല. എന്നാൽ, നമ്മിൽ  ചിലർ വ്യത്യസ്തരാകുന്നത് തെറ്റ് തെറ്റാണെന്ന് മനസ്സിലാക്കി അതിൽനിന്ന് മാറിനിൽക്കുന്നതിലാണ്. മറ്റുചിലർ തെറ്റ് തെറ്റാണെന്ന് മനസ്സിലാക്കി അതിൽനിന്ന് മാറിനിൽക്കാൻ തയാറാകാത്തവരുമാണ്. അവർക്ക് അല്ലാഹുവിൽ നിന്ന് സന്മാർഗം ലഭിക്കുന്നില്ല. അല്ലാഹു പറയുന്നു: ഇച്ഛിക്കുന്നവരെ അവൻ സന്മാർഗത്തിലാക്കുകയും, ഇച്ഛിക്കുന്നവരെ അവൻ വഴിതെറ്റിക്കുകയും ചെയ്യുന്നു. ഈ സൂക്തം അർഥമാക്കുന്നത് അവനാണ് എല്ലാവരെയും സന്മാർഗത്തിലാക്കുന്നത് എന്നതാണ്. അവനിൽ നിന്നാണ് ഒരുവന് സന്മാർഗം ലഭിക്കുന്നത്. ഇത് മനുഷ്യന്റെ കൈകളിലുള്ള ഒന്നല്ല. അല്ലാഹുവിന്റെ കൽപന അനുസരിച്ച് അവനിലേക്ക് വിനയാന്വിതനായി മടങ്ങി പ്രാർഥിക്കുക എന്നത് മാത്രമാണ് മനുഷ്യന് കഴിയുന്നത്. അല്ലാഹു പറയുന്നു: നിങ്ങളെല്ലാവരും വഴിപിഴച്ചവരാണ്; ഞാൻ സന്മാർഗം നൽകിയവരൊഴികെ. അതിനാൽ, സന്മാർഗത്തിനായി എന്നിലേക്ക് വരിക, ഞാൻ നിങ്ങൾക്ക് സന്മാർഗത്തിലാക്കുന്നതാണ്. ഇപ്രകാരമാണ് ഖുദ്സിയായ ഹദീസിൽ വന്നിട്ടുള്ളത്. വിശ്വാസിയായ അടിമ അല്ലാഹുവിനോട് സന്മാർഗവും, നന്മയും, ഭാഗ്യവും ലഭിക്കുന്നതിനായി പ്രാർഥിക്കുന്നു. നന്മയുടെ കാര്യത്തിൽ അവർ കൂടുതൽ തൽപര്യം കാണിക്കുന്നു.

Also read: തഹജ്ജുദിലൂടെ നേടുന്ന നാല് കാര്യങ്ങള്‍

നമ്മുടെ വിശ്വാസവും, ധാർമിക ജീവിതവും എത്ര ഉന്നതമാണെങ്കിലും, മറ്റുള്ളവരുടെ തെറ്റുകളെ നിന്ദ്യമായ രീതിയിൽ പരിഹസിക്കാൻ നമ്മിൽ ആർക്കും അവകാശമില്ല. നമുക്ക് അല്ലാഹുവിൽ നന്ന് സന്മാർഗവും വെളിച്ചവും  വന്നെത്തിയതുപോലെ, തെറ്റുകളും, അബദ്ധങ്ങളും സംഭവിക്കുന്ന ഒരു ദിവസം നമുക്കും വന്നുകൂടായ്കയില്ലല്ലോ. അല്ലാഹുവിൽ നിന്ന് സന്മാർഗം ലഭിച്ച ധാരാളം സ്ത്രീകൾ ശരിയായ രീതിയിലല്ലാതെ മറ്റുള്ളവരെ ഉപദേശിക്കുന്നു. എന്നിരുന്നാലും അവർ അവരുടെ വഴികേടിൽ തന്നെയാകുന്നു. നമ്മിലെ സ്ത്രീകൾ മറ്റുള്ളവരെ സച്ചരിത പാതയിലേക്ക് ക്ഷണിക്കുന്നുവെന്നതിലല്ല പ്രശ്നം, ഏത് രീതിയിലാണ് നാം അവരെ ക്ഷണിക്കുന്നത് എന്നതാണ് പ്രശ്നം. അല്ലാഹു പറയുന്നു: യുക്തി പ്രയോഗിച്ചും, നല്ല രീതിയിൽ ഉപദേശിച്ചും, ഏറ്റവും ഉദാത്ത രീതിയിൽ അവരോട് സംവദിച്ചുമാണ് നിന്റെ രക്ഷിതാവിന്റെ മാർഗത്തിലേക്ക് ക്ഷണിക്കേണ്ടത്.

വിശ്വാസിയാകുവാൻ ഇസ് ലാം ആരെയും നിർബന്ധിക്കുന്നില്ല. ഇരുൾ മൂടിയ മനസ്സുകളെ സ്വീധീനിക്കുന്നതിനും, കീഴ്പ്പെടുത്തുന്നതിനും പ്രബോധന കലയിൽ നാം മികവ് ആർജിക്കേണ്ടതുണ്ട്. മുസ് ലിമായ ഓരോ സ്ത്രീക്കും ശരീരഭാഗങ്ങൾ മറക്കുന്ന മാന്യമായ വസ്ത്രം ധരിക്കുന്നത് നിർബന്ധമായിട്ടുള്ള കാര്യമാണ് എന്നത് ശരിതന്നെയാണ്. പക്ഷേ, ചിലരുടെ രീതിയും, പെരുമാറ്റവും, അല്ലാഹുവിൽ നിന്ന് സന്മാർഗം ലഭിച്ചിട്ടില്ലാത്തവരെ നിന്ദിക്കുന്നതും അവർക്ക് ശിരോവസ്ത്രത്തോടും, ശിരോവസ്ത്രം ധരിക്കുന്നവരോടും കൂടുതൽ വെറുപ്പ് ഉണ്ടാകുന്നതിന് കാരണമാകുന്നു. അപ്രകാരം അവർക്ക് ഹിജാബ് ധരിക്കുന്നവരോട് നല്ലതല്ലാത്ത കാഴ്ചപ്പാട് രൂപപ്പെടുകയും ചെയ്യുന്നു. അതിലൂടെ അവർക്ക് വെറുപ്പ് വർധിക്കുന്നു എന്നതല്ലാതെ മറ്റൊന്നും സംഭവിക്കുന്നില്ല. അല്ലാഹുവിന്റെ ദീനിലേക്ക് അവരെ ക്ഷണിക്കുന്നതിന് നമുക്ക് ദീനിൽ അവഗാഹവും, അവരുടെ തൃപ്തി നേടിയെടുക്കുന്ന മാതൃകാപരമായ ഇടപെടലും അത്യാവശ്യമാണ്. മുസ് ലിമായ ഒരു വ്യക്തിയുടെ മാതൃകാപരമായ ജീവിതം എത്ര അവിശ്വാസികൾക്ക് സന്മാർഗം ലഭിക്കുന്നതിനും, ഇസ് ലാമിനോട് സ്നേഹവും ഇഷ്ടവും ഉണ്ടാകുന്നതിനും കാരണമായിട്ടുണ്ട് എന്നത് നാം തിരിച്ചറിയേണ്ടതുണ്ട്.

Also read: ഒഴിവ് സമയം ചിലവഴിക്കാന്‍ പത്ത് മാര്‍ഗ്ഗങ്ങള്‍

അതുപോലെ, ഒരുവന്റെ മതജീവതത്തെ പ്രത്യക്ഷമായി മാത്രം നാം അളക്കാൻ ശ്രമിക്കരുത്. സൗന്ദര്യം പ്രദർശിപ്പിച്ച് നടക്കുന്ന എത്ര സ്ത്രീകളാണ് ഏറ്റവും നന്നായി പെരുമാറുന്നത്, മറ്റുള്ളവരോട് നന്നായി ഇടപഴകുന്നത്, പുരുഷനും സ്ത്രീയ്ക്കുമിടയിൽ പരിധി കാത്തുസൂക്ഷിക്കുന്നത്. ഹിജാബ് ധരിക്കുന്നില്ലെന്നതൊഴിച്ച് ബാക്കിയുള്ള കാര്യങ്ങളെല്ലാം അവർ പാലിക്കുന്നു. പക്ഷേ, ഹിജാബ് ധരിക്കുന്നവർ മുഖത്ത് തിളങ്ങുന്ന നിറങ്ങൾ നൽകി മറ്റുള്ളവരുടെ വെറുപ്പ് സമ്പാദിക്കുന്നു. അത്തരക്കാരുടെ രൂപവും, പെരുമാറ്റവും ആളുകൾ വെറുക്കുന്നു. ഹിജാബ് ധരിക്കുന്നതിൽ ഒരു തെറ്റുമില്ല. എന്നാൽ കഴുത്ത് മുഴുവനായും മറയുന്നില്ലെന്നതാണ് തെറ്റ്. ഹിജാബ് ധരിക്കൽ അല്ലാഹു നമുക്ക് നിർബന്ധമാക്കിയിരിക്കുന്നുവെന്നത് ശരിയാണ്. എന്നാൽ, ഹിജാബ് ധരിക്കുക എന്നതിൽ മാത്രം അത് ഒതുങ്ങുന്നില്ല, അല്ലാഹുവിന്റെ കൽപന-നിരോധങ്ങൾ പിന്തുടർന്ന്  വിശ്വാസത്തിന്റെ അടിസ്ഥാനം ശരിയായി ഉൾകൊള്ളേണ്ടതുണ്ട്. വെളിപ്പെടുത്തണമെന്ന് യഥാർഥത്തിൽ വിചാരിക്കാതെ ഹിജാബ് ധരിക്കുന്ന ധാരാളം സ്ത്രീകളുണ്ട്. അത് അവർക്ക് കൂടുതൽ അനുയോജ്യമാകുന്ന തരത്തിലായതുകൊണ്ടാണ്. ജനങ്ങൾക്ക് മുന്നിൽ ദീൻ മുറുകെപിടിക്കുന്ന ചിലരുണ്ട്. എന്നാൽ, എന്താണ് മറഞ്ഞുകിടക്കുന്നത് അതാണ് മഹത്തരമായിട്ടുള്ളത്.

Also read: ശഅബാൻ ശ്രേഷ്ഠമാസം

വിശുദ്ധിയെന്നത് നിസാര കാര്യമല്ല. ഹിജാബ് ധരിക്കുന്നവർ ഹിജാബിനെ ആദരിക്കുകയും, തെറ്റുകളിൽ നിന്ന് വിട്ടുനിൽക്കുകയും, ചെയ്യാത്ത കാര്യങ്ങൾ മറ്റുള്ളവരോട് പറഞ്ഞുനടക്കുകയും അരുത്. വാക്ക് വായുവിനൊപ്പം പറന്നുപോയേക്കാം. പക്ഷേ, പ്രവർത്തി മനസ്സിൽ തറച്ചുനിൽക്കുന്നതാണ്. അല്ലാഹുവിന്റെ റസൂലിന്റെ അനുചരന്മാർ ഇസ് ലാം ആശ്ലേഷിച്ചത് പ്രവാചക ജീവിതം കണ്ടുകൊണ്ടായിരിന്നു. ആയിശ (റ) പറയുന്നു; പ്രവാചകന്റെ സ്വഭാവമെന്നത് വിശുദ്ധ ഖുർആനായിരുന്നു. പ്രവാചകന്റ പ്രവർത്തികൾ ഖുർആനിന്റെ വിശദീകരണമാണെന്ന് സൽമാനുൽ ഔദയും പറഞ്ഞുവെക്കുന്നു. അതുകൊണ്ടാണ് ഭൂമിയിലൂടെ നടക്കുന്ന ഖുർആനെന്ന് പ്രവാചകൻ(സ) വിശേഷിപ്പിക്കപ്പെട്ടത്. ആയതിനാൽ തന്നെ, പ്രബോധന കലയിൽ കഴിവും, മികവും ആർജിക്കേണ്ടത് അനുപേഷണീയമാണ്. മറ്റുള്ളവരെ നന്മയിലേക്ക് ക്ഷണിക്കുന്നതിന് മുമ്പ് നമ്മുടെ ജീവിതം മറ്റുള്ളവർക്ക് മാതൃകയാവുകയും ചെയ്യേണ്ടതുണ്ട്. ഇടപഴകുന്നതും, പെരുമാറുന്നതുമാണ് ദീൻ.

വിവ: അർശദ് കാരക്കാട്

Related Articles