Current Date

Search
Close this search box.
Search
Close this search box.

ഭര്‍ത്താവിന്റെ വഞ്ചന തിരിച്ചറിയുമ്പോള്‍

weep-woman.jpg

ഒരു ഭാര്യയെ സംബന്ധിച്ചടത്തോളം വലിയ ആഘാതമാണ് ഭര്‍ത്താവിന്റെ അവിഹിത ബന്ധത്തെ കുറിച്ച് അറിയുന്നത്. അത് ദാമ്പത്യത്തില്‍ അഗ്നിപര്‍വത സ്‌ഫോടനമുണ്ടാക്കും. ശാന്തതയോടെ മുന്നോട്ടു നീങ്ങിയിരുന്ന ബന്ധം രോഷത്തിന്റെയും വെറുപ്പിന്റെയും വിദ്വേഷത്തിന്റേതുമായി മാറും. ഇങ്ങനെയുള്ള സന്ദര്‍ഭത്തെ യുക്തിയോടെയും ശാന്തമായും കൈകാര്യം ചെയ്തവരുടെയും വൈകാരിക പൊട്ടിത്തെറികളോടെ സമീപിച്ചവരുടെയും നിരവധി അനുഭവങ്ങള്‍ എന്റെ മുന്നിലുണ്ട്. അട്ടഹസിച്ച് പ്രതികാരം ചെയ്യുമെന്ന് വെല്ലുവിളി ഉയര്‍ത്തിയ ഭാര്യമാരുണ്ട്. ഭര്‍ത്താവിനെ അടിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത അപൂര്‍വമായ കേസുകളുമുണ്ട്. ഭര്‍ത്താവിന്റെ അവിഹിതം അറിയുമ്പോള്‍ ഉണ്ടാവാറുള്ള 14 തരം പ്രതികരണങ്ങളാണ് ഈ ലേഖനത്തില്‍ ഞാന്‍ വിവരിക്കുന്നത്. കണ്ടും കേട്ടും അനുഭവങ്ങളിലൂടെ ഞാന്‍ മനസ്സിലാക്കിയിട്ടുള്ളവയാണിത്.

ഭര്‍ത്താവിന്റെ അവിഹിത ബന്ധം അറിയുന്നത് മുതല്‍ അദ്ദേഹത്തിന്റെ ഫോണിലും മറ്റു വസ്തുക്കളിലുമെല്ലാം ചുഴിഞ്ഞന്വേഷണം നടത്തുന്ന ഭാര്യമാരുണ്ട. ഇത്തരത്തില്‍ ചുഴിഞ്ഞന്വേഷണം നടത്താതെ അവള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത ഒരു അവസ്ഥയില്‍ എത്തുന്നു. എല്ലാ ക്ഷോഭവും മക്കള്‍ക്ക് മേല്‍ ചൊരിയുന്ന ഭാര്യമാരുണ്ട്. അതിലൂടെ വീട് നരകതുല്യവും സംഘര്‍ഷഭരിതവുമായി മാറുന്നു. കാരണം അവരുടെ സന്താനപരിപാലനത്തില്‍ എപ്പോഴും പ്രതിഫലിക്കുന്നത് ആന്തരികമായ കോപമാണ്. ഭര്‍ത്താവുമായി ബന്ധമുള്ള സ്ത്രീയുടെ രൂപവും ശരീരഭംഗിയും നിറവും മനസ്സിലാക്കി സൗന്ദര്യ വര്‍ധക ശസ്ത്രക്രിയകളിലൂടെ അതുപോലെ ആവാന്‍ ശ്രമിക്കുന്നവരുണ്ട്. അതിലൂടെ തന്റെ ഭര്‍ത്താവിനെ തന്നിലേക്ക് തിരിക്കാനാണ് അവരുദ്ദേശിക്കുന്നത്. മാനസികമായി പിന്നോട്ടടിച്ച് തന്റെ പ്രവര്‍ത്തനങ്ങളില്‍ ആത്മവിശ്വാസം നഷ്ടപ്പെടുന്നവരുണ്ട്. തുടര്‍ന്ന് സ്വന്തത്തെ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലായിരിക്കും അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഭര്‍ത്താവിന്റെ അവിഹിത ബന്ധം കാരണം ലൈംഗിക രോഗങ്ങള്‍ ബാധിക്കുകയും അത് സഹിക്കുകയും ചെയ്യുന്ന ഭാര്യമാരുണ്ട്. ഭര്‍ത്താവിന്റെ അവിഹിത ബന്ധങ്ങള്‍ കാരണം എയ്ഡ്‌സ് ബാധിച്ച സ്ത്രീയുടെ പ്രതികരണം എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. തന്നെയും ഗര്‍ഭസ്ഥ ശിശുവിനെയും എയ്ഡ്‌സ് ബാധിച്ചിട്ടും പേടി കാരണം ഭര്‍ത്താവിനോട് അതിനെ കുറിച്ച് അവര്‍ മിണ്ടുക പോലും ചെയ്തിട്ടില്ല. മക്കളുടെയും വീടിന്റെയും ഉത്തരവാദിത്വം ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് പോയി പോയി ഭര്‍ത്താവിനോട് പ്രതികാരം ചെയ്യുന്നവരുണ്ട്. സോഷ്യല്‍ മീഡിയകളിലൂടെയും ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും ഇടയിലും സമൂഹത്തിലും നാണം കെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന സ്ത്രീകളുണ്ട്. ഒരു സ്ത്രീ ഭര്‍ത്താവിനോട് പ്രതികാരം ചെയ്തത് തന്റെ വയറ്റില്‍ വളരുന്ന കുഞ്ഞിനെ കൊലപ്പെടുത്തിയായിരുന്നുവെന്നത് എന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ള കാര്യമാണ്. ഭര്‍ത്താവിന്റെ വരുമാനത്തിനനുസരിച്ച് ചെലവഴിച്ചിരുന്ന ഒരു ഭാര്യ ഭര്‍ത്താവിന്റെ വഞ്ചനയോട് പ്രതികരിച്ച് അയാളുടെ പണം ആവശ്യത്തിനും അനാവശ്യത്തിനും ധൂര്‍ത്തടിച്ച് അയാളെ പാപ്പരാക്കിയായിരുന്നു. അവിഹിതമായ പോക്ക് അവസാനിപ്പിക്കുന്നതിന് എന്താണ് ഞാന്‍ നിങ്ങള്‍ക്ക് ചെയ്തു തരേണ്ടത് എന്ന് ഭര്‍ത്താവിനോട് ചോദിച്ച ഭാര്യമാരുണ്ട്. തന്നെ വഞ്ചിച്ച പോലെ താനും താങ്കളെ വഞ്ചിക്കുമെന്ന് ഭീഷണി മുഴക്കിയവരുണ്ട്. ഭര്‍ത്താവിനെതിരെ തെളിവ് ലഭിച്ചപ്പോള്‍ ബന്ധം വേര്‍പിരിയാന്‍ കോടതിയെ സമീപിച്ചവരുണ്ട്. ഭര്‍ത്താവുമായി ബന്ധം പുലര്‍ത്തുന്ന സ്ത്രീകളെ സമീപിച്ച് അവരോട് അതവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട ഭാര്യമാരുണ്ട്. അവിഹിത ബന്ധം ഉപേക്ഷിച്ച ശേഷം വൈദ്യ പരിശോധനയിലൂടെ ലൈംഗിക രോഗങ്ങളില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമേ കിടപ്പറ പങ്കിടാന്‍ തന്നെ കിട്ടുകയുള്ളൂ എന്ന് ഭര്‍ത്താവിനോട് തുറന്നു പറയാന്‍ ധൈര്യം കാണിച്ച സ്ത്രീകളുണ്ട്.

മുകളില്‍ വിവരിച്ച പ്രതികരണങ്ങളില്‍ ഭര്‍ത്താവിന്റെ തെറ്റായ പോക്ക് അവസാനിപ്പിക്കുന്നതില്‍ ചിലരെല്ലാം വിജയിച്ചിട്ടുണ്ട്. ചിലര്‍ പല മാര്‍ഗങ്ങള്‍ മാറി മാറി പയറ്റി നോക്കിയിട്ടും വിജയിക്കാത്തരാണ്. ഇതില്‍ ഏതാണ് ഏറ്റവും ഫലപ്രദവും വിജയകരവുമായ മാര്‍ഗം എന്ന് പറയാന്‍ ഞാന്‍ ആളല്ല. കാരണം ഓരോ അവസ്ഥയും വ്യത്യസ്തമാണ്. ആളുകളുടെ വ്യക്തിത്വം കൂടി പരിഗണിച്ചുള്ള ചികിത്സയാണ് വേണ്ടത്. എന്നാല്‍ എല്ലായ്‌പ്പോഴും പുരുഷന്‍മാരെ വഞ്ചകരെന്ന് ആരോപിക്കുന്നവരാണ് മിക്ക സ്ത്രീകളും എന്നുള്ളത് എന്നെ ആശ്ചര്യപ്പെടുത്തിയിട്ടുള്ള കാര്യമാണ്. ഒരിക്കല്‍ ഭര്‍ത്താവിന്റെ അവിഹിത ബന്ധത്തെ കുറിച്ച പരാതിയുമായി ഒരു സ്ത്രീ വന്നു. അദ്ദേഹത്തോട് എങ്ങനെ പെരുമാറണമെന്ന് ഞാന്‍ പറയാന്‍ തുടങ്ങിയതും എന്റെ സംസാരം മുറിച്ചു കൊണ്ട് അവര്‍ പറഞ്ഞു: ‘എല്ലാ പുരുഷന്‍മാരും വഞ്ചകരാണ്’. ഞാന്‍ അവരോട് പറഞ്ഞു: നിങ്ങളുടെ ഭര്‍ത്താവിനെ വെച്ച് എല്ലാ പുരുഷന്‍മാരുടെ കാര്യത്തിലും വിധികല്‍പിക്കരുത്. അതിന് മറുപടിയായി അവള്‍ പറഞ്ഞു: എന്റെ ഉപ്പയും സഹോദരങ്ങളും വരെ വഞ്ചകരാണ്. ഞാന്‍ പറയുന്നത് ഉറപ്പിക്കാന്‍ വേണമെങ്കില്‍ ഉമ്മയെയും സഹോദരിമാരെയും ഇവിടേക്ക് കൂട്ടിക്കൊണ്ട് വരാം.’ ഒരു നിമിഷം മൗനം പാലിച്ച ശേഷം ഞാന്‍ പറഞ്ഞു: ‘നിങ്ങളുടെ കൈവിരലുകള്‍ എല്ലാം ഒരുപോലെയല്ല, അതുപോലെ എല്ലാ പുരുഷന്‍മാരെയും വഞ്ചകരാക്കുന്നതും ശരിയല്ല. എല്ലാ പുരുഷന്‍മാരും വഞ്ചകരാണ്, അയാളുടെ കട്ടിലില്‍ നിന്ന് ഒരു സ്ത്രീയുടെ മുടി കിട്ടിയില്ലെങ്കിപോലും ഒരു കഷണ്ടിക്കാരിക്കൊപ്പമാണ് അയാള്‍ കിടക്ക പങ്കിട്ടതെന്നു കരുതണമെന്ന് പറയുന്നവരെ വിശ്വസിക്കുകയും ചെയ്യരുത്. പുരുഷമാരോട് ചെയ്യുന്ന അതിക്രമമാണത്. വിശുദ്ധമായ ജീവിതത്തിന് മാതൃകകളാക്കാന്‍ പറ്റുന്ന എത്രയോ പുരുഷന്‍മാരുള്ളതിനാല്‍ ഞാനത് അംഗീകരിക്കുകയില്ല. പുരുഷനെ വഴികേടില്‍ നിന്ന് ഏറ്റവുമധികം സംരക്ഷിച്ചു നിര്‍ത്തുന്നത് അയാളുടെ ദീനീ ബോധവും ദൈവഭയവുമായിരിക്കും.’

Related Articles