Current Date

Search
Close this search box.
Search
Close this search box.

പര്‍ദ്ദയുടെ രഹസ്യം തേടിയപ്പോള്‍

niqab.jpg

സ്ഥലം ബ്രിമ്മിംഗ്ഹാമിലെ കവെന്റ്രി റോഡ്. തിരക്കു പിടിച്ച, എന്നാല്‍ മനോഹരമായ ഒരു ഷോപ്പിംഗ് സ്ട്രീറ്റ്! നഗരത്തില്‍, എറ്റവും കൂടുതല്‍ മുസ്‌ലിംകള്‍ താമസിക്കുന്ന സ്ഥലം. സമൂസ മുതല്‍ സല്‍വാര്‍ ഖമീസ് വരെ, എല്ലാം നിങ്ങള്‍ക്കവിടെ വാങ്ങാം.

മഴയില്‍ നിന്ന് കാത്തുകൊണ്ട്, വര്‍ണ്ണശബളമായ സ്ട്രീറ്റിലൂടെ ഞങ്ങള്‍ നടന്നു. ഒരു ഡസനോളം വനിതകളെ ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞു. പൂര്‍ണ്ണമായും കറുപ്പില്‍ ആവരണം ചെയ്യപ്പെട്ടവര്‍! മേലാടയും സ്‌കാര്‍ഫുകളും അണിഞ്ഞ അവര്‍, കണ്ണുകളുടെ പഴുതുകളൊഴികെ എല്ലാം മറച്ചിരിക്കുന്നു.

നിഖാബ് ഇവിടെ സാധാരണമാണ്. അതിനാല്‍ തന്നെ, ആരും തന്നെ, ഇവരെ രണ്ടാമതൊന്നു നോക്കുകയില്ല. പിന്നെന്തു കൊണ്ടാണ് ധാരാളം യുവതികള്‍ ഇത് ധരിക്കുന്നത്?

കുടുംബത്തിന്റെ നിര്‍ബന്ധമാണ്, പെണ്‍കുട്ടികള്‍ ഇത് ധരിക്കാന്‍ കാരണമെന്ന്, പലപ്പോഴും വാദിക്കപ്പെടാറുണ്ട്. പക്ഷെ, അത് ശരിയാണോ? ഞാന്‍ കണ്ട അസ്മാ എന്ന യുവതി പതിമൂന്നാം വയസ്സിലാണ് മുഖം മറക്കാന്‍ തുടങ്ങിയത്.

തികച്ചും അമ്പരന്നു!
‘എന്റെ കുടുംബം തികച്ചും അമ്പരന്നു! പ്രത്യേകിച്ച് മാതാവ്. ഞാന്‍ മുഖമൂടി ധരിക്കാനാഗ്രഹിക്കുന്നുവെന്ന് അവര്‍ക്ക് വിശ്വസിക്കാനായില്ല.’ അസ്മയുടെ മാതാവ് നിഖാബ് ധരിക്കുന്നില്ല. സത്യത്തില്‍, കുടുംബത്തിലാരും തന്നെ അത് ധരിക്കുന്നില്ല. അതെന്തിന്നു ധരിക്കുന്നുവെന്ന് എനിക്കു മനസ്സിലായിരുന്നില്ല. ഒരു ഗേള്‍സ് സ്‌കൂളിലായിരുന്നു ഞാന്‍ പഠിച്ചത്. അദ്ധ്യാപികമാര്‍ മുഴുവന്‍ സ്ത്രീകള്‍! അതിനാല്‍ തന്നെ, അക്കാലത്ത് അത് ധരിക്കേണ്ട ആവശ്യം എനിക്കുണ്ടായിരുന്നില്ല.

പിന്നെ എന്തുകൊണ്ട് അവള്‍ നിഖാബ് ധരിച്ചു? ‘പ്രാദേശിക പള്ളിയില്‍, എന്റെ സ്‌നേഹിതകള്‍ അത് ധരിക്കുന്നത് ഞാന്‍ കണ്ടു. അതൊരു പുതുമയായിരുന്നു. വ്യത്യസ്തവും! യുവതികള്‍ തങ്ങളുടെ സ്വത്വ പ്രകടനത്തിന്ന് ഒരു മാര്‍ഗ്ഗം കണ്ടെത്തുന്നു. ഒരു റ്റീനേജ് വിപ്ലവം!’

മുഖാവരണത്തെ കുറിച്ച ഇസ്‌ലാമികാദ്ധ്യാപനങ്ങള്‍ പഠിച്ചത് മുതല്‍, അത് തുടരുകയായിരുന്നുവെന്ന് അസ്മാ പറയുന്നു. അതെനിക്ക് ശാന്തി തരുന്നു. ഒരാത്മീയ ശാന്തി!

നിഖാബ് ധരിക്കുന്നവരെ കുറിച്ച ഔദ്വോഗിക കണക്കുകള്‍ ലഭ്യമല്ല. ബ്രിട്ടീഷ് മുസ്‌ലിംകളില്‍ ഭൂരിഭാഗവും സൗത്ത് എഷ്യയില്‍ നിന്ന് വന്നവരാണ്. അവിടെ ഈ സമ്പ്രദായമില്ല താനും.

മുസ്‌ലിം തനിമ
എന്നാല്‍, അസ്മയെ പോലുള്ള നിരവധി പെണ്‍കുട്ടികള്‍ നിഖാബ് ധരിക്കുന്നത് ഞങ്ങള്‍ കണ്ടു. അവരുടെ മാതാക്കളാകട്ടെ അത് ധരിക്കുന്നുമില്ല. മുസ്ലിം തനിമ ആക്രമിക്കപ്പെടുന്നുവെന്ന തോന്നലാണ് ഇതിന്റെ ഒരു കാരണം. മുസ്‌ലിംകളെ കുറിച്ച് മാധ്യമങ്ങളില്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍, ഞങ്ങളില്‍ മടുപ്പുളവാക്കിയിട്ടുണ്ട്. തീര്‍ച്ചയാണ്, ഒരു രാജ്യമെന്ന നിലക്ക് നമ്മെ അലട്ടുന്ന കൂടുതല്‍ വലിയ പ്രശ്‌നം നമുക്കുണ്ടോ?

സര്‍വകലാശാല പഠനം പൂര്‍ത്തിയാക്കിയ ഒരു യുവതിയാണ് സെനാ. വീട്ടില്‍ നിന്ന് അകലെ താമസിക്കുന്ന നിരവധി വിദ്യാര്‍ത്ഥിനികള്‍, തങ്ങളുടെ മതത്തിന്റെ പൊളിറ്റിക്‌സ് ആരായുകയാണെന്ന്, അവള്‍ എന്നോട് പറയുകയുണ്ടായി. സൗന്ദര്യത്തിന്റെ പാശ്ചാത്യന്‍ ആശയങ്ങള്‍ തള്ളിക്കളയുന്നതിനെ കുറിച്ച് അവള്‍ സൂചിപ്പിക്കുകയുണ്ടായി. ‘നമ്മുടെ, പാതിവ്രത്യ സംരക്ഷണാര്‍ത്ഥം അല്പ വസ്ത്രം ധരിക്കാതിരിക്കുന്നത് നല്ലതല്ലേ? ഈ ബഹളങ്ങളൊക്കെ എന്തിനെ കുറിച്ചാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അധിക വസ്ത്രം കൊണ്ട് മൂടിപുതച്ചു നടക്കുന്നവരേക്കാള്‍, അല്‍പ വസ്ത്രം ധരിച്ച്, ലജ്ജയില്ലാതെ, തെരുവിലൂടെ നടക്കുന്നവരെ കാണുന്നത് സുഖപ്രദമായി എനിക്കു തോന്നുന്നില്ല.’

അവളുടെ സ്നേഹിത സീമ ഇത് ശരിവെക്കുകയായിരുന്നു: ഈയിടെ, Miley Cyrsu ന്ന് പറ്റിയതെന്തായിരുന്നുവെന്നു നോക്കു. അവര്‍ Hannah Montana യില്‍ നിന്ന് twerking ലേക്ക് പോവുകയായിരുന്നുവല്ലോ. നമ്മുടെ പെണ്‍മക്കള്‍ക്ക് നാം ആഗ്രഹിക്കേണ്ട വേഷരീതി ഇതാണോ? അതോ, ഒന്നായി മൂടണമെന്നോ?

നിഖാബ് ധരിക്കുമ്പോള്‍ തങ്ങള്‍ക്ക് ശാക്തീകരണം സംഭവിച്ചതായി അനുഭവപ്പെടുന്നുവെന്ന് ഞങ്ങളോട് സംസാരിച്ച പലരും പറയുകയുണ്ടായി. മാഗസിനുകള്‍ പറയുന്ന വസ്ത്രം ധരിക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നില്ല. എന്നാല്‍, സ്ത്രീകള്‍ മുഖാവരണത്തിന്നകത്ത് ഒളിഞ്ഞിരിക്കണമെന്ന ആശയം, ലിംഗസമത്വമെന്ന സങ്കല്‍പവുമായി പൊരുത്തപ്പെടുന്നില്ലെന്നാണ്, ധാരാളം അമുസ്‌ലിംകളും (കുറച്ചു മുസ്‌ലിംകളും) അഭിപ്രായപ്പെടുന്നത്.

ഉദ്ഗ്രഥനം, ബ്രിട്ടീഷ് മൂല്യങ്ങള്‍ എന്നീ പ്രശ്‌നങ്ങളില്‍, വിപുലമായൊരു വിവാദമാണ്, നിഖാബ് പ്രതിനിധാനം ചെയ്യുന്നത്. നിഖാബ്, പൊതുനീതി തത്വങ്ങള്‍ക്ക് ഉചിതമാണോ എന്ന്, ഈയിടെ നടന്ന ഒരു കേസ്സില്‍ ഒരു ന്യായാധിപന്‍ ചോദിക്കുകയുണ്ടായി. തന്റെ കോടതി മുറിയില്‍ ഒരു പ്രതി, അത് നീക്കം ചെയ്യാന്‍ വിസമ്മതിച്ചപ്പോഴായിരുന്നു അത്. അവസാനം, ‘വിചാരണ വേളയില്‍ ധരിക്കാമെന്നും, തെളിവുകള്‍ അവതരിപ്പിക്കുമ്പോള്‍ പാടില്ലെ’ന്നും നിശ്ചയിച്ചു രാജിയാവുകയായിരുന്നു.

തീവ്രവാദി
‘ആളുകള്‍ നിഖാബിനെ കുറിച്ചു മനസ്സിലാക്കാത്തതിനാല്‍, അത് ധരിച്ചവരെ തീവ്രവാദികളായി കണക്കാക്കുന്നു. ഇസ്‌ലാമിക ദൃഷ്ട്യാ അത് നിര്‍ബന്ധമല്ലെന്ന് അവര്‍ കരുതുന്നു. പിന്നെന്ത് കൊണ്ട് ഞങ്ങള്‍ അത് ധരിക്കാന്‍ ഇഷ്ടപ്പെടുന്നുവെന്നാണവര്‍ക്ക് മനസ്സിലാകാത്തത്.’ ഒരു ഇസ്‌ലാമിക പണ്ഡിതയാകാന്‍ പഠിച്ചു കൊണ്ടിരിക്കുന്ന വനിതയാണ് Mirina Paananen. ഈ പ്രദേശത്തെ അപൂര്‍വം വനിതകളിലൊരാള്‍! കേംബ്രിഡ്ജ് ബിരുദധാരിയായ ഇവര്‍, ക്രിസ്തുമതത്തില്‍ നിന്ന് പരിവര്‍ത്തനം ചെയ്ത ഒരു വെള്ളക്കാരിയാണ്.

തങ്ങള്‍ കൈകൊള്ളുന്ന സമൂഹത്തോട് താദാത്മ്യം പ്രാപിക്കുക എന്ന മനസ്സോടെ, മതപരിവര്‍ത്തനം ചെയ്ത പല സ്ത്രീകളും മുഖാവരണം കൈകൊള്ളുന്നുണ്ട്. ‘എന്നെ സംബന്ധിച്ചിടത്തോളം, ഇസ്‌ലാമിന്റെ ഒരു ഭാഗമാണത്. സമത്വ പ്രശ്‌നം ഉയര്‍ത്തി പലരും സംസാരിക്കുന്നു. എന്നാല്‍, സ്ത്രീക്കും പുരുഷന്നുമിടയില്‍ വൈജാത്യമുണ്ടെന്ന് ഞങ്ങള്‍ക്ക് അംഗീകരിക്കേണ്ടിയിരിക്കുന്നു. അതില്‍ ഒരു തെറ്റുമില്ല.’

പക്ഷെ, മുഖാവരണം ധരിക്കാന്‍ സ്ത്രീകള്‍ ആജ്ഞാപിക്കപ്പെട്ടിട്ടുണ്ടോ? മരീന സമ്മതിക്കുന്നത് പോലെ, തദ്വിഷയകമായി, ഇസ്‌ലാമില്‍ തന്നെ ശക്തമായ വിവാദമുണ്ട്. സ്ത്രീ വസ്ത്രധാരണ സംബന്ധമായി, സുവ്യക്തമല്ലെങ്കിലും ദൃഷ്ടാന്തീകരിക്കാന്‍ പറ്റിയ, രണ്ടു സൂക്തങ്ങളാണ് ഖുര്‍ആനിലുള്ളത്. അവയാകട്ടെ ഭിന്ന വ്യാഖ്യാനങ്ങളുള്ളവയുമാണ്. എന്നാല്‍, ചില സലഫി, വഹാബി പാരമ്പര്യ മസ്ജിദുകള്‍, അതിന്റെ അനിവാര്യതയില്‍ ഊന്നി നില്‍ക്കുന്നു. മുഖം മറക്കുന്നത് മതപരമായൊരു ബാധ്യതയാണെന്ന്, ചെറിയ പെണ്‍കുട്ടികളെ തോന്നിപ്പിക്കുന്ന ചില കാര്യങ്ങള്‍ നാം കാണുന്നു.

‘നിങ്ങള്‍ അത് മൂടിയിട്ടില്ലെങ്കില്‍, നിങ്ങളെ കുറിച്ച് ധാരണകള്‍ രൂപം കൊള്ളും.’ പര്‍ദ്ദ ധാരിണിയായ ഒരു സ്ത്രീ എന്നോട് പറഞ്ഞു. ‘നിങ്ങളുടെ ഭക്തിയുടെ തോതിനെ കുറിച്ച് ജനങ്ങള്‍ വിധിയെഴുതും.’ കവെന്റ്രി റോഡിലെ, ഇസ്‌ലാമിക് ബുക്ക് സ്റ്റാളുകളിലെ അലമാരികള്‍ ഇത് പ്രതിഫലിപ്പിക്കുന്നു. സ്ത്രീകളുടെ പാതിവ്രത്യ പ്രശ്‌നം കൈകാര്യം ചെയ്യുന്ന വിഭിന്ന പ്രസിദ്ധീകരണങ്ങള്‍ അവിടെ കാണാം.

നിഖാബിനെ കുറിച്ച മതനീതീകരണം ചിലത് സൂചിപ്പിക്കുന്നു. അനുകൂലവും പ്രതികൂലവുമായ വാദഗതികള്‍ ആരായുന്നു. എന്നാല്‍, വളരെ കടുത്ത നിലപാടാണ് മറ്റു ചിലത് സ്വീകരിച്ചിരിക്കുന്നത്. Women Who Deserve to Go to Hell എന്ന തലക്കെട്ടിലുള്ള പുസ്തകം ഉദാഹരണം. ‘സ്ത്രീകളില്‍ ബഹുഭൂരിഭാഗവും നരകത്തിലാണെന്നു ഞങ്ങള്‍ പറയുമ്പോള്‍, അവരെ ആക്ഷേപിക്കുക ഞങ്ങളുടെ ലക്ഷ്യമല്ല.’ അതിന്റെ മുഖവുരയില്‍ പറയുന്നു.

‘അന്ത്യ നാളില്‍ ഒരു സ്ത്രീ ഇഷ്ടപ്പെടുന്നത് അതായിരിക്കും.’ അസ്മ എന്നോട് പറഞ്ഞു. നിഖാബ് ധരിക്കാന്‍ ആലോചിക്കുകയും, അസ്മയെ ഒരു മാതൃകയായി കാണുകയും ചെയ്യുന്ന, മറ്റു ചില പെണ്‍കുട്ടികളുമായി, ഈയവസരം അവള്‍ ബന്ധപ്പെട്ടു.

അവധാനപൂര്‍വം ആലോചിക്കുക
‘നിങ്ങള്‍ അവരോട് എന്താണ് ഉപദേശിക്കുന്ന’തെന്ന് ചോദിച്ചപ്പോള്‍, ‘അവധാനപൂര്‍വം ആലോചിക്കുക’ എന്നാണ് ഞാനവരോട് എപ്പോഴും പറയാറുള്ളത്. മുഖാവരണവുമായി പുറത്തിറങ്ങുക വലിയൊരു തീരുമാനമാണ്. അതിന്ന് വലിയ ധൈര്യം തന്നെ വേണം. പക്ഷെ, ഒരിക്കല്‍ നിങ്ങളത് ധരിച്ചു കഴിഞ്ഞാല്‍, പ്രതിഫലം മഹത്തരമായിരിക്കും.’ അസ്മ പറഞ്ഞു. എന്നാല്‍, ഇതിന്നു വിരുദ്ധമായി, ഇസ്‌ലാമിന്നു മുമ്പ് പല സമൂഹങ്ങളിലും മുഖം മൂടുന്ന സമ്പ്രദായമുണ്ടായിരുന്നുവെന്നും, അവയോട് താദാത്മ്യം പ്രാപിക്കാനാണ് മുസ്‌ലിംകള്‍ അത് സ്വീകരിക്കുന്നതെന്നുമാണ് പണ്ഡിതന്മാര്‍ പറയുന്നത്.

ഇന്ന് തികച്ചും വിരുദ്ധമായാണ് അവരെ കുറിച്ച ആരോപണം. എന്നാലും, ഞങ്ങള്‍ സംസാരിച്ച പല സ്ത്രീകളും ഞങ്ങളോട് പറഞ്ഞത്, തങ്ങള്‍ സ്വമേധയാ അതിനോട് യോജിച്ചു പോകാന്‍ ശ്രമിക്കുകയും, തങ്ങള്‍ തുരങ്കം വെക്കുന്നതായി ആരോപിക്കപ്പെടുന്ന ബ്രിട്ടീഷ് സ്വാതന്ത്ര്യത്തിന്റെ ഒരു പ്രകടന മാര്‍ഗ്ഗം കണ്ടെത്തുകയുമാണ് എന്നാണ്.

അവലംബം : channel4.com
വിവ: കെ.എ. ഖാദര്‍ ഫൈസി

Related Articles