Current Date

Search
Close this search box.
Search
Close this search box.

നാലാമത്തെ പരിഹാരം

solution.jpg

പിതാവിന്റെ മരണ ശേഷം അനന്തര സ്വത്തിലൂടെ ഒരു ദശലക്ഷം കുവൈത്തി ദീനാറിന്റെ (ഏകദേശം 21 കോടി രൂപ) ഉടമയായ സ്ത്രീ എന്നോട് അവരുടെ ഭയം പങ്കുവെച്ചു. തനിക്ക് അനന്തരമായി ലഭിച്ച സ്വത്ത് ഭര്‍ത്താവ് കൈവശപ്പെടുത്തുമോ എന്നാതാണ് അവരെ അസ്വസ്ഥപ്പെടുത്തുന്നത്. അദ്ദേഹം നിരന്തരം അതിന് പ്രേരിപ്പിച്ചു കൊണ്ടിരുന്നാല്‍ സദ്‌വൃത്തയായ അവളത് ചെയ്‌തേക്കും. കാരണം കുടുംബത്തിന്റെ സുസ്ഥിരതക്ക് വളരെയേറെ പ്രാധാന്യം അവര്‍ കല്‍പിക്കുന്നു. പതിനഞ്ച് വര്‍ഷം മുമ്പ് വിവാഹിതയായ അവള്‍ക്ക് മൂന്ന് മക്കളുണ്ട്. സമ്മര്‍ദങ്ങള്‍ ചെലുത്തി നേരത്തെ അവളുടെ സ്വത്ത് ഭര്‍ത്താവ് കൈവശപ്പെടുത്തിയിട്ടുമുണ്ട്. ഞാന്‍ അവരോട് ചോദിച്ചു : വിവാഹമോചനമല്ലാത്ത മറ്റ് വല്ല പരിഹാരവും ഇതിനുണ്ടോ? അവള്‍ പറഞ്ഞു : ഞാന്‍ വളരെയേറെ അതിനെ കുറിച്ച് ആലോചിച്ചിട്ടുണ്ട്. രണ്ട് വഴികളാണ് എനിക്ക് മുന്നിലുള്ളത്. ഒന്ന്, അദ്ദേഹത്തോടൊപ്പം തുടരുക, എന്നാല്‍ എനിക്ക് എന്റെ സമ്പത്ത് അതിലൂടെ നഷ്ടമാകും. ഞാന്‍ എത്ര പ്രതിരോധിക്കാന്‍ ശ്രമിച്ചാലും അവസാനം ഞാന്‍ തന്നെ അത് വിട്ടുകൊടുക്കും. വിവാഹമോചനത്തിലൂടെ അദ്ദേഹത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയെന്നതാണ് രണ്ടാമത്തെ മാര്‍ഗം. അതിലൂടെ എന്റെ സമ്പത്ത് എന്റെ കയ്യില്‍ സുരക്ഷിതമായിരിക്കും. ഞാന്‍ അവരോട് ചോദിച്ചു : മറ്റൊരു പരിഹാരത്തെ കുറിച്ച് എന്തുകൊണ്ട് നിങ്ങള്‍ ആലോചിക്കുന്നില്ല? അവള്‍ ചോദിച്ചു : അനന്തര സ്വത്തിന്റെ പകുതി അദ്ദേഹത്തിന് നല്‍കി വിവാഹ ബന്ധം തുടര്‍ന്ന് മുന്നോട്ടു പോകുന്നതാണോ നിങ്ങള്‍ ഉദ്ദേശിക്കുന്നത്? ഞാന്‍ പറഞ്ഞു : അല്ല, അതൊരു ഒത്തുതീര്‍പ്പാണ്.  നിങ്ങളുദ്ദേശിക്കുന്ന രണ്ട് കാര്യവും യാഥാര്‍ത്ഥ്യമാകുന്ന ഒരു പരിഹാരത്തെ കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്. നിങ്ങളുദ്ദേശിക്കുന്ന രണ്ട് കാര്യവും നിങ്ങളുടെ തൃപ്തി പോലെ അതുകൊണ്ട് നടക്കും.

അതെങ്ങനെയെന്ന് അവള്‍ അന്വേഷിച്ചു. ഞാന്‍ അവളോട് പറഞ്ഞു : അതിനെയാണ് നാം നാലാമത്തെ പരിഹാരമെന്ന് വിളിക്കുന്നത്. അനന്തരമായി കിട്ടിയ പണം കൊണ്ട് നിങ്ങളുടെ പേരില്‍ കുറച്ച് ഭൂമി വാങ്ങിയിട്ടു കൊണ്ട് നിങ്ങളുടെ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താം. അതില്‍ നിന്നുള്ള വരുമാനം ഭര്‍ത്താവിന് നല്‍കുകയും ചെയ്യാം. ഇതിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ അനന്തര സ്വത്തും സംരക്ഷിക്കാം കുടുംബത്തെയും സംരക്ഷിക്കാം. ഇത് കേട്ട് എന്റെ മുന്നില്‍ ഇരുന്നിരുന്ന അവര്‍ പെട്ടന്ന് എണീറ്റു. ഞാന്‍ ചോദിച്ചു : എന്ത് പറ്റി? അവള്‍ പറഞ്ഞു : നിങ്ങള്‍ പറഞ്ഞ നാലാമത്തെ പരിഹാരത്തിനായി ഒരു റിയല്‍ എസ്റ്റേറ്റ് ഓഫീസിലേക്ക് ഞാന്‍ പോകുകയാണ്. വളരെ ബുദ്ധിപരവും എന്നാല്‍ ഞാന്‍ ഉദ്ദേശിച്ച കാര്യത്തിന് എളുപ്പമുള്ളതുമായ ചിന്തയാണത്. ഈ സംഭവം നടന്ന് ഒരു വര്‍ഷത്തിന് ശേഷം ഭര്‍ത്താവിനോടൊപ്പം സന്തോഷത്തോടെ കഴിയുന്നതായി എന്നെ അവള്‍ അറിയിച്ചു. അനന്തര സ്വത്ത് പൂര്‍ണമായും സ്വന്തമാക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. എന്നാല്‍ അപ്പോഴേക്കും അവള്‍ അതുകൊണ്ട് തന്റെ പേരില്‍ ഭൂമി വാങ്ങി. ഞാന്‍ പറഞ്ഞു : നാലാമത്തെ പരിഹാരത്തിലൂടെ നീ സ്വയം തന്നെ ചിന്തിച്ചിരിക്കുന്നു.

മുഴുവന്‍ സംഖ്യയും ഭര്‍ത്താവിനെ ഏല്‍പിക്കുകയെന്നതാണ് ഒന്നാമത്തെ പരിഹാരം. വെളുത്ത പരിഹാരം എന്നു നമുക്കതിനെ വിളിക്കാം. രണ്ടാമത്തേത് വിവാഹ മോചനം നേടുകയാണ്. അതിനെ കറുത്ത പരിഹാരം എന്നും വിളിക്കാം. പകുതി സംഖ്യം ഭര്‍ത്താവിന് നല്‍കുകയെന്നത് കറുപ്പിനും വെളുപ്പിനും ഇടക്കുള്ള ചാരനിറമുള്ള പരിഹാരമാണ് മൂന്നാമത്തേത്. ഇതൊന്നുമല്ലാത്ത നാലാമത്തെ പരിഹാരമാണ് മുകളില്‍ വിവരിച്ചത്. അതിലൂടെ സ്വത്ത് സംരക്ഷിച്ചത് പോലെ വിവാഹ ബന്ധത്തെയും സംരക്ഷിച്ച് നിര്‍ത്താന്‍ സാധിച്ചു. പ്രശ്‌നം മക്കളുമായി ബന്ധപ്പെട്ടതോ കുടുംബപരമോ ആവട്ടെ, അവക്കെല്ലാം പരിഹാരമായി സ്വീകരിക്കാന്‍ പറ്റിയ ഒരു ഫോര്‍മുലയാണിത്. എന്നാല്‍ ആളുകള്‍ മിക്കപ്പോഴും പ്രശ്‌നങ്ങളെ നേരിടുന്നത് ആദ്യം പറഞ്ഞ മൂന്ന് രൂപത്തിലാണ്. അവയല്ലാത്ത നാലാമതൊരു പരിഹാരത്തെ കുറച്ച് ചിന്തിക്കുന്നവര്‍ വളരെ കുറവാണ്. The 3rd Alternative എന്ന പുസ്തകത്തില്‍ സ്റ്റീഫന്‍ കോവെ അതിനെ കുറിച്ച് പറയുന്നുണ്ട്.

സ്വര്‍ണ കുടത്തിന്റെ കഥയിലൂടെ പ്രശ്‌ന പരിഹാരത്തിന്റെ രീതിശാസ്ത്രമാണ് പ്രവാചകന്‍(സ) നമ്മെ പഠിപ്പിക്കുന്നത്. പ്രവാചകന്‍(സ) പറഞ്ഞു : ‘നിങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന ഒരാള്‍ മറ്റൊരാളില്‍ നിന്നും ഭൂമി വാങ്ങി. താന്‍ വാങ്ങിയ ഭൂമിയില്‍ നിന്നും സ്വര്‍ണമുള്ള ഒരു കുടം അയാള്‍ക്ക് ലഭിച്ചു. അയാള്‍ ഭൂമിയുടെ ആദ്യ ഉടമയുടെ അടുത്ത് ചെന്ന് പറഞ്ഞു : നിങ്ങളുടെ ഈ സ്വര്‍ണം സ്വീകരിച്ചോളൂ. ഞാന്‍ താങ്കളില്‍ നിന്നും സ്വര്‍ണം വാങ്ങിയിട്ടില്ല, ഭൂമി മാത്രമേ വാങ്ങിയിട്ടൂള്ളൂ. ഭൂമി വിറ്റ ആള്‍ പറഞ്ഞു : ഞാന്‍ താങ്കള്‍ക്ക് ഭൂമിയും അതിലുള്ളതുമാണ് വിറ്റിരിക്കുന്നത്. അവരിരുവരും അതില്‍ വിധി തേടി ഒരാളുടെ അടുത്തെത്തി. അവര്‍ക്കിടയില്‍ വിധി കല്‍പിക്കാന്‍ അയാള്‍ ചോദിച്ചു : നിങ്ങള്‍ക്ക് മക്കളുണ്ടോ? ഒരാള്‍ പറഞ്ഞു : എനിക്കൊരു ആണ്‍കുട്ടിയുണ്ട്. മറ്റേയാള്‍ പറഞ്ഞു : എനിക്കൊരു പെണ്‍കുട്ടിയുമുണ്ട്. അയാള്‍ പറഞ്ഞു : ആ പെണ്‍കുട്ടിയെ ഈ ആണ്‍കുട്ടിക്ക് വിവാഹം ചെയ്ത് കൊടുക്കുകയും അവര്‍ക്ക് രണ്ട് പേര്‍ക്കും വേണ്ടി അത് ചെലവഴിക്കുകയും ചെയ്യുക.’ ഇതില്‍ ഒന്നാമത്തെ പരിഹാരം സ്വര്‍ണം വാങ്ങിയ ആള്‍ എടുക്കുകയെന്നതാണ്. രണ്ടാമത്തെ പരിഹാരം വിറ്റവന്‍ എടുക്കുകയാണ്. സ്വര്‍ണകുടം രണ്ടുപേര്‍ക്കുമിടയില്‍ വിഭജിച്ചെടുക്കുകയാണ് മൂന്നാമത്തെ പരിഹാരം. എന്നാല്‍ നാലാമത്തെ പുതുമയുള്ള പരിഹാരം ബുദ്ധിപരം കൂടിയാണ്. ആര്‍ക്കും യാതൊരു നഷ്ടവുമില്ലാതെ ഇരു കക്ഷികളെയും തൃപ്തിപ്പെടുത്താന്‍ അതിലൂടെ സാധിച്ചു. സ്വര്‍ണം അടങ്ങിയ കുടം തര്‍ക്കവുമായി തന്റെ അടുക്കലെത്തിയവരുടെ മക്കളുടെ വിവാഹത്തിന്റെ മഹ്‌റായി നിശ്ചയിച്ചാണ് യുക്തിയിലൂടെ ആ മനുഷ്യന്‍ പ്രശ്‌നം പരിഹരിച്ചത്.

ദമ്പതികള്‍ക്കിടിയിലുണ്ടായിരുന്ന ഒരു പ്രശ്‌നം പരിഹരിക്കുന്നതിന് ഈ ടെക്‌നിക് ഞാന്‍ ഉപയോഗിച്ചിട്ടുണ്ട്. വലിയ പ്രചാരമുള്ള ഭാര്യയുടെ സോഷ്യല്‍ നെറ്റ്‌വര്‍ക് സൈറ്റുകളിലെ അക്കൗണ്ടായിരുന്നു പ്രശ്‌നത്തിന്റെ കാരണം. അവയില്‍ വാണിജ്യ പരസ്യങ്ങള്‍ നല്‍കുന്നതിലൂടെ അവള്‍ വലിയ ലാഭം നേടിയിരുന്നു. അതിലൂടെ അവള്‍ക്ക് അധിക വരുമാനമുണ്ടാക്കാനും കഴിഞ്ഞു. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും ഭര്‍ത്താവ് അവളുടെ ഈ പ്രവര്‍ത്തനങ്ങളെ എതിര്‍ത്തു. കൂടുതല്‍ സമയം തന്റെ അക്കൗണ്ടുകളുമായി സമയം ചെലവഴിക്കുന്നത് കൊണ്ട് വീട്ടുകാര്യങ്ങളിലും മക്കളുടെ പരിപാലനത്തിലും വരുത്തുന്ന വീഴ്ച്ച, അവളുമായി സോഷ്യല്‍ നെറ്റ്‌വര്‍കുകളിലൂടെ നിരവധി പുരുഷന്‍മാര്‍ ബന്ധപ്പെടുന്നു, ചില പരസ്യങ്ങളിലൊക്കെ അവളുടെ ചിത്രങ്ങള്‍ ചേര്‍ക്കുന്നു തുടങ്ങിയവയൊക്കെ കാരണങ്ങളായിരുന്നു. അവളുടെ പ്രവര്‍ത്തനവുമായി മുന്നോട്ടു പോകാന്‍ ഭര്‍ത്താവ് അംഗീകരിക്കുക എന്നത് ഒന്നാമത്തെ പരിഹാരമാണ്. എന്നാല്‍ ഭര്‍ത്താവ് ഉദ്ദേശിക്കുന്നത് അവളുടെ ഈ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനാണ്. വീട്ടുകാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതിന് അവളുടെ എല്ലാ അക്കൗണ്ടുകളും ഉപേക്ഷിക്കുക എന്നതാണ് രണ്ടാമത്തെ പരിഹാരം. അവളുടെ അക്കൗണ്ടുകള്‍ ഭര്‍ത്താവിന്റെ നിയന്ത്രണത്തിലാക്കുകയും അവള്‍ അതിന്റെ പ്രചരണത്തിന് സ്വന്തം ചിത്രങ്ങള്‍ ഉപയോഗിക്കാതിരിക്കുകയും ചെയ്യുക എന്ന മൂന്നാമത്തെ ഒരു ഒത്തു തീര്‍പ്പ് പരിഹാരവുമുണ്ട്. എന്നാല്‍ ഞാന്‍ അവരോട് നിര്‍ദേശിച്ച്ത് രണ്ടോ മൂന്നോ മാസം കൂടി ഭാര്യ അവളുടെ അക്കൗണ്ടുകള്‍ ഉപയോഗിച്ച് സമ്പാദിക്കട്ടെ എന്നായിരുന്നു. പിന്നെ അവള്‍ ഒരുമിച്ച് കൂട്ടിയ സംഖ്യ കൊണ്ട് അദ്ദേഹത്തിനിഷ്ടപ്പെട്ട ഒരു കച്ചവടം തുടങ്ങാന്‍ ഉപയോഗിക്കട്ടെ. ഈ നിര്‍ദേശം അവരിരുവരും സന്തോഷത്തോടെ അംഗീകരിച്ചു. നാലാമത്തെ പരിഹാരം അത്ര പരിചിതമായിരിക്കില്ല. എന്നാല്‍ ആര്‍ക്കും വലിയ നഷ്ടമൊന്നും വരുത്താതെ ഇരുകക്ഷികള്‍ക്കും നേട്ടമുണ്ടാക്കുകയും ചെയ്യും. ബന്ധങ്ങളെയും കുടുംബങ്ങളെയും മക്കളെയുമെല്ലാം സംരക്ഷിക്കുന്നതിന് പലപ്പോഴും ഇത്തരം പരിഹാരങ്ങളെ കുറിച്ച് നാം ചിന്തിക്കേണ്ടത് അനിവാര്യമാണ്.

വിവ : നസീഫ്‌

Related Articles