Current Date

Search
Close this search box.
Search
Close this search box.

അസ്തിത്വത്തിലേക്ക് വേരൂന്നിയ വ്യക്തിത്വം

സ്വതന്ത്രമായി ചിറകുകൾ വിരിച്ച് പക്ഷികൾ മാനം നോക്കി അങ്ങകലേയ്ക്ക് പറന്നുയരുന്ന പോലെ, ഒരു വൃക്ഷത്തിന് അതിന്റെ വർണ്ണമനോഹരമായ പൂക്കളാൽ പൂത്തുലഞ്ഞു കിടക്കുന്ന ചില്ലകളും തളിർനാമ്പുകളാലും കുരുന്നിലകളാലും ഹരിതവർണ്ണം തൂകി നിൽക്കുന്ന ശിഖരങ്ങളും വിടർത്തി ചുറ്റിലേയ്ക്കും പടർന്ന് പന്തലിച്ച്‌ നിൽക്കാനും മാനം മുട്ടെ വളരാനും പ്രകൃതി നിസ്സീമവും അനന്തവും അതിവിശാലവുമായ ഒരു ആകാശമൊരുക്കിയിട്ടുണ്ട്. സ്വതന്ത്രമായ രീതിയിൽ അവയും വളരുന്നു. ആരും അതിന്റെ വളർച്ചയ്ക്ക് വിഘ്നം വരുത്തുകയോ തടസ്സം നിൽക്കുകയോ ചെയ്യുന്നില്ല. ഭക്ഷ്യോത്പാദനത്തിനും അതിജീവനത്തിനും പ്രകൃതിയിലെ നിർലോപമായ വിഭവങ്ങൾ സ്വീകരിച്ച്, കാർബൺഡൈയോക്സൈഡും സൗരോർജ്ജവും തന്നിലേക്ക് ആഗിരണം ചെയ്തെടുത്ത് മണ്ണിനടിയിലെ ജലാംശവും ധാതുലവണങ്ങളും യഥേഷ്ടം വലിച്ചെടുത്ത് നാൾക്കുനാൾ പുഷ്ടിപ്പോടെ വളരുന്ന ഒരു കുഞ്ഞുമരത്തിന്, വാസ്തവത്തിൽ പറഞ്ഞാൽ നാളുകൾ പിന്നിടവേ അതിന്റെ താഴ്‌വേരുകൾ മണ്ണിലേക്ക് ആഴ്ന്നിറങ്ങി ശക്തമായി തീരുമ്പോഴാണ് അതിന്റെ അസ്തിത്വം ഭൂമിയിൽ വേരൂന്നപ്പെടുന്നത്. മുകളിലേക്ക് എത്രത്തോളം ഉയർന്ന്, പടർന്ന്, പന്തലിക്കുന്നുവോ അത്ര തന്നെ മണ്ണിന്നാഴങ്ങളിലേയ്ക്ക് വേരുകളോടിച്ചു , നിലയുറപ്പിക്കാൻ ശ്രമിക്കുന്നുണ്ട് അത് എപ്പോഴും. അതല്ലെങ്കിൽ ഒരു കുഞ്ഞുകാറ്റിനെ പോലും പ്രതിരോധിച്ച് നിൽക്കാൻ ശേഷിയില്ലാതെ ക്ഷണം തന്നെ നിലംപതിച്ചേക്കും. അതിന് ഈ ഭൂമുഖത്ത് നിലനിൽപ്പും അതിജീവനവും അസാധ്യമെന്ന ഘട്ടത്തിലേക്ക് എത്തും.

ഇതുപോലെ മനുഷ്യരിലും സ്വത്വത്തിലേക്ക് വേരൂന്നിയ ഒരു വ്യക്തിത്വമാവണം ഉണ്ടാവേണ്ടത്. മണ്ണിലേയ്ക്കല്ല മനസ്സിലേയ്ക്കാണ് അസ്തിത്വത്തിന്റെ വേരുകൾ ഇറങ്ങി രൂഢമൂലമാക്കപ്പെടേണ്ടത്. നാം ഓരോരുത്തരും ഒരുപാട് സമാനതകളൊന്നും ഇല്ലാത്ത വിധം സ്വത്വബോധത്തിൽ നിന്ന് ഉയിരെടുത്ത വേറിട്ട വ്യക്തിത്വമാവുന്നത് അപ്പോഴാണ്. തന്നിലെ സവിശേഷതകളെയും കഴിവും തിരിച്ചറിയാത്ത ഒരു കൂട്ടം മനുഷ്യരാൽ നിർമ്മിതമായ ഒരു സമൂഹം എങ്ങനെയിരിക്കും? ഒന്ന് ചിന്തിച്ചു നോക്കൂ. കേട്ടറിവും കണ്ടറിവുമല്ലാതെ സത്യമെന്തെന്നൊന്നും തേടുന്ന ശീലമില്ല, യുക്തി തിരയുന്നതും ബുദ്ധി തിരിച്ചറിയുന്നതും എങ്ങനെയെന്ന് നിശ്ചയമില്ല ഇത്തരമൊരു ദയനീയാവസ്‌ഥ. യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാതെ ഏതാണ്ട് അതുവരെ കേട്ടതും അറിഞ്ഞതും വെച്ചിട്ട് അതിനപ്പുറം ഒരു ശരിയെ ഇല്ല, എന്ന് അന്ധമായി വിശ്വസിച്ച് പെരുമാറുന്നതും ചിന്തിക്കുന്നതും പ്രവൃത്തിക്കുന്നതും ജീവിക്കുന്നതുമെല്ലാം ഇവരായിരിക്കും. അവിടെ വൈവിധ്യങ്ങൾക്കോ വൈജാത്യങ്ങൾക്കോ യാതൊരു സാധ്യതകളും ഇല്ല. ഇത്തരം സമൂഹം മാറ്റങ്ങളില്ലാതെ തുടരുന്നതും ജീർണ്ണതകളെ തിരിച്ചറിയാൻ ശ്രമിക്കാത്തതും, യാതൊരു പരിഷ്കരിക്കണത്തിനും മാറ്റങ്ങൾക്കും വിധേയമാവാത്തതുമായി എന്നും നിലനിൽക്കും. കാലങ്ങളായി ഒഴുക്കില്ലാതെ കെട്ടിനിൽക്കുന്ന വെള്ളംപോലെ നാൾക്കുനാൾ അഴുക്കും പായലും അടിഞ്ഞുകിടന്ന് ജലവും വായുവും ദുർഗന്ധം വമിക്കുന്നതും
ഉപയോഗശൂന്യമാം വിധം മലീമസവുമായി തീരും. ഇന്നും പല ഗോത്രവർഗ്ഗങ്ങൾക്കിടയിലും കണ്ടുവരുന്ന ഒരു സ്ഥിതിവിശേഷമാണ് ഇത്. അതേപോലെ മനുഷ്യർക്ക് ഒരുവിധത്തിലും ഉപകരപ്പെടാത്ത, പലപ്പോഴും മനുഷ്യത്വവിരുദ്ധമായ ആചാരങ്ങൾക്കും ദുരാചരങ്ങൾക്കുമിടയിൽ അവരെ തളച്ചിട്ട് മനുഷ്യത്വവിരുദ്ധമായ ഒരു പ്രത്യേക സിസ്റ്റത്തിനകത്തേയ്ക്ക് ഒതുക്കും. മാറ്റങ്ങളെ സ്വീകരിക്കില്ല എന്ന് മാത്രമല്ല കൈയും നഖവും ഉപയോഗിച്ച് എതിർക്കുകയും ചെയ്യും. അത് ഫലിക്കാതെ വരുമ്പോൾ കൂട്ടത്തോടെ അക്രമാസക്തരായി മാറുന്നതും കാണാം. അതിനിടയിലേയ്ക്ക് ഒരാൾ പരിഷ്ക്കർത്തവായി അവരോധിക്കുന്നു എന്നിരിക്കട്ടെ ആ മനുഷ്യനെ നിർദയം വെട്ടിത്തുണ്ടമാക്കാനും മടിക്കില്ല. അജ്ഞത അത്രയേറെ അപകടമാണ്. വ്യക്തിയ്ക്കോ അവന്റെ ചിന്തകൾക്കോ അവിടെ ഒരു പ്രാധാന്യവും ഇല്ല, അസ്തിത്വമറിയതെ, അറിവിനാൽ സ്വതന്ത്രമാവാതെ അജ്ഞതയുടെ ഇരുണ്ടകയത്തിൽ ജീവിക്കാൻ വിധിക്കപ്പെടുന്ന മനുഷ്യർക്ക് എന്താണ് തനിയ്ക്ക് നഷ്ടമാകുന്നതെന്ന് തിരിച്ചറിയാൻ തന്നെ സാധിക്കുന്നില്ല.

മാറ്റങ്ങൾ അനിവാര്യമാണ്. എത്ര പ്രതിരോധിച്ചു നിന്നാലും മനുഷ്യർ അറിഞ്ഞോ അറിയാതെയോ നിരന്തരം മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നുണ്ട്. കാലത്തിനോടൊപ്പം സഞ്ചരിച്ചും ഒട്ടേറെ ത്യാഗങ്ങൾ സഹിച്ചും നിരന്തരം നടത്തുന്ന കഠിനപ്രയത്നങ്ങളിലൂടെയൊക്കെയാണ് മനുഷ്യർ ഇന്ന് ഈ കാണുന്ന ഗതിയിലേക്ക് ജീവിതത്തെ എത്തിച്ചത്. അതിന് അറിവ് നേടൽ അത്യന്താപേക്ഷിതമായിരുന്നു. ശാരീരികമാനസിക വികാസത്തിനും വളർച്ചയ്ക്കും അയാൾ ജീവിക്കുന്ന പരിതസ്ഥിതി കരുതി വെയ്ക്കുന്നതെന്തോ അതിലുപരി ചുറ്റിലുമുള്ള ആളുകളിൽ നിന്ന് ലഭിക്കുന്ന മാനസിക പിന്തുണയും ഗൈഡൻസും വളരെ മുഖ്യമാണ്. ഇവയൊക്കെ ഫലപ്രദമായി ജീവിതത്തിൽ പകർത്തി, വ്യക്തിഗതമായ വളർച്ചയിലൂടെ മുമ്പോട്ട് പോയിക്കൊണ്ടിരിക്കുമ്പോഴും, തത്സമയം തന്നെ അന്തരീകമായ പരിണാമം നമ്മിൽ സംഭവിക്കേണ്ടതുണ്ട്. ക്രിയാത്മകമായ രീതിയിൽ സംഭവിക്കുന്ന പരിണാമത്തിന്റെ അന്ത്യത്തിൽ ഇപ്പറയുന്ന മനുഷ്യനും കാലക്രമേണ ചില്ലകളും ശിഖരങ്ങളും നിറഞ്ഞ ഒരു പടുവൃക്ഷമായി മാറിക്കൊണ്ടിരിക്കുകയാണ്, വിശാലമായ ഒരു ലോകത്തേയ്ക്ക് വളരുകയാണ് അവരും.

Also read: പടിഞ്ഞാറ് പ്രവാചകനെ ഇങ്ങനെയാണ് വായിക്കുന്നത്

അസന്മാർഗ്ഗത്തിലേയ്ക്ക് നയിക്കുന്നതോ, അജ്ഞതയിലേയ്ക്ക് തള്ളുന്നതോ, പ്രലോഭനങ്ങൾക്ക് അടിമപ്പെട്ട് ജീവിതം നാശത്തിലേക്ക് വലിച്ചിഴക്കുന്നതോ, മനുഷ്യർക്ക് ഒട്ടും പ്രയോജനം പകരാത്ത തരത്തിൽ അതിസങ്കുചിതമായതോ ആയ ചിന്തകൾക്ക് അടിമപ്പെട്ടുപോകുന്നവയോ ആവരുത് ഒരാളെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഒന്നും. ശൈശവം മുതൽ കൗമാരം വരെ വളരാനും വിളയാനും പാകപ്പെടാനുമൊത്ത പരിതസ്ഥിതി ഒരുക്കാൻ മാതാപിതാക്കൾ സന്നദ്ധരാവണം. ഭാവിയിൽ കുഞ്ഞ് കടന്ന് പോകാനിരിക്കുന്ന ഓരോ ദശകളിലേയ്ക്കും അവർ നയിക്കപ്പെടേണ്ട വഴികളിൽ പ്രകാശം ചൊരിയാൻ തക്ക അറിവുകൾ സ്വന്തമായ അനുഭവസാക്ഷ്യത്തിൽ നിന്നും ആർജ്ജിച്ചെടുത്തവ അവർക്കായി പ്രയോജനപ്പെടുത്താം.. ഉയർന്ന മാനുഷികമൂല്യങ്ങൾ, ശക്തമായ ചിന്തകൾ, വ്യക്തമായ നിലപാടുകൾ, പക്വത നിറഞ്ഞ കാഴ്ചപ്പാടുകൾ എന്നിവയാൽ രൂഢമൂലമാക്കപ്പെടുന്ന ഒരു വ്യക്തിത്വം എത്ര മഹത്തരമായതായിരിക്കുമെന്ന് നമുക്ക് ഊഹിച്ചാൽ അറിയാം. എത്തരം ചിന്തകളിലൂടെയാണ് അവന്റെ അല്ലെങ്കിൽ അവളുടെ വ്യക്തിത്വം വേരൂന്നപ്പെടേണ്ടത് എന്നതിന്റെ പ്രസക്തി ഇനിയും വെളിപ്പെടുത്തേണ്ടതില്ലല്ലോ. മാത്രമല്ല അതീവ ഗൗരവത്തോടെ നാം കാണേണ്ട കാര്യമാണ് ഇതെല്ലാം. ഒരിക്കൽ വേരൂന്നിപ്പോയ, അതികായനായ ഒരു മരത്തെ പിഴുതെടുക്കൽ അത്ര എളുപ്പമല്ല എന്ന് ആർക്കുമറിയാം. ഒരിടത്ത് നിന്ന് പിഴുത് മാറ്റി മറ്റൊരിടത്ത് കുഴിവെട്ടി നാട്ടിയാലും അതിന്റെ അതിജീവനം അത്ര ആശാവാഹമാവില്ല.

പ്രകൃതിയിലെ അന്നദാതാക്കളാണ് സസ്യങ്ങൾ. പരസഹായമില്ലാതെ സ്വന്തം അദ്ധ്വാനത്തിലൂടെ ഒരുക്കുന്ന ഭക്ഷണം അധികം വരുന്നത് ഫലങ്ങളായും കൂടാതെ ധാന്യങ്ങളായും മറ്റു കായ്കനികളായും ഇലകളിലും തണ്ടുകളിലും സംഭരണിയാക്കി കരുതി വെക്കുന്നത് മനുഷ്യർക്കും സസ്യബുക്കുകളായ മറ്റു ജീവജാലങ്ങൾക്കും പോഷകസമൃദ്ധമായ ആഹാരമായി തീരുകയാണ്. നമുക്കറിയാം അത്യാവശ്യം വേണ്ട ബുദ്ധിയും യുക്തിയുമുണ്ടെങ്കിൽ പോലും ജീവജാലങ്ങളെല്ലാം ഒരു തരത്തിൽ പറഞ്ഞാൽ മുമ്പേ തന്നെ പ്രോഗ്രാമഡ് ആണ്. അവരിൽ അധിഷ്ഠിതമായ ധർമ്മങ്ങൾ നിറവേറ്റുക എന്നതിനപ്പുറം മനുഷ്യരെപ്പോലെ സ്വന്തമായ ഇഷ്ടങ്ങൾക്കോ, തീരുമാനങ്ങൾക്കോ അനുസരിച്ച് പ്രവൃത്തിക്കാനോ, വിശേഷബുദ്ധിയോടെ ചിന്തിക്കാനോ പെരുമാറാനോ ഉള്ളൊരു കഴിവ് അവക്കില്ല. അതിനാൽ മനുഷ്യന്റെ സ്വാതന്ത്ര്യത്തെ കുടുംബ സാമൂഹിക ചട്ടങ്ങളും ചിട്ടകളാലും നിയമങ്ങളാലും നിയന്ത്രണപ്പെടുത്തിയിരിക്കുന്നു. ചിലപ്പോഴെല്ലാം അതിരുവിട്ട രീതിയിൽ വ്യക്തിസ്വാതന്ത്ര്യം പല രീതിയിലും ഹനിക്കപ്പെടുന്നതായും തോന്നാം. മനുഷ്യർ മനുഷ്യരെ തന്നെ ഭയക്കുന്നു, അവർ അവരെ നിയംസംഹിതക്കുള്ളിൽ അടക്കി നിർത്തുന്ന വ്യവസ്ഥിതിയെ പുണരാൻ കാരണം അതാണ്. തോന്നിയ പോലെ ഒരാൾ ജീവിക്കുമ്പോൾ മറ്റൊരാളുടെ ജീവിതത്തിലും അതിന്റെ പ്രത്യാഘാതം സൃഷ്ടിക്കപ്പെടുന്നുണ്ട്. മനുഷ്യനാണെങ്കിൽ അവരിൽ മാനസിക വളർച്ചയും കൂടെ അത്യധികം അനിവാര്യമാണ്. അതില്ലാത്തിടത്ത് ചിലപ്പോഴെല്ലാം അരക്ഷിതാവസ്ഥ കൂടിവരുന്നതായി കാണാം.. തൊട്ടടുത്ത് നിൽക്കുന്നവനെപ്പോലും വിശ്വസിക്കാൻ ഭയക്കും. സ്വന്തമായ ഒരു ഐഡന്റിറ്റിയോടൊപ്പം തന്നെ അവർ സമൂഹികജീവി കൂടിയാണെന്നതാണ് പ്രശ്നം. തലത്തിരിഞ്ഞു ചിന്തിയ്ക്കുന്നാ സന്ദർഭങ്ങളിൽ മനുഷ്യരിൽ കുബുദ്ധിയും പ്രവൃത്തിച്ചേക്കും. കുശാഗ്രബുദ്ധിയും തന്ത്രവും കൗശലവുമുള്ള ഒരാൾ തന്റേതായ സ്വാർത്ഥതാൽപര്യങ്ങൾക്ക് മറ്റൊരു മനുഷ്യനെ ഉപദ്രവിക്കാനോ കൊല്ലാനോ മടിക്കില്ല. സാഹചര്യങ്ങളുടെ സമ്മർദ്ദം ചിലപ്പോഴെല്ലാം മനുഷ്യരെ ക്രൂരനും ഹൃദയശൂന്യനുമാക്കി തീർക്കാറുണ്ട്. സ്ഥാപിത താൽപര്യങ്ങൾ നേടാൻ സ്വന്തം ചോരയിൽ പിറന്നവരെ വരെ അവർ കരുവാക്കിയേക്കും.

Also read: കോടിയേരിയും “വൈരുധ്യാധിഷ്ഠിത നിലപാടി “ലെ പരിഹാസ്യതയും

സ്ഥിരചിത്തതയുള്ള ഒരാളായി മാറുക, ഏത് സാഹചര്യത്തിലും വിവേകപൂർവ്വം സ്ഥിരബുദ്ധിയോടെ പെരുമാറുക, ജീവിതത്തെ നേരിടുമ്പോൾ തളരാതെ തകർന്നു പോവാതെ മുന്നേറുക എന്നതൊക്കെ അസ്തിത്വത്തിലേയ്ക്ക് വേരൂന്നിയ ഒരു വ്യക്തിത്വത്തിന്റെ അനന്യസാധാരണമായ സവിശേഷതകളിൽ ഒന്നാണ്. യാഥാർഥ്യങ്ങളെ അതേപോലെ സ്വീകരിക്കുന്ന മനസ്സെന്നാൽ കേൾക്കുന്ന കഥകളിലെയും കാണുന്ന കാഴ്ചകളിലെയും നേരിടുന്ന ആനുഭങ്ങവളിളെല്ലാം വസ്തുനിഷ്ഠാപരമായ കാര്യങ്ങൾ നിർത്തിവെച്ച് നിരീക്ഷണങ്ങളിലൂടെ ശരിയായ വിശകലനങ്ങൾ തേടുന്നവരും വിശാലചിന്താഗതിയോടെ സത്യസന്ധമായി കാര്യങ്ങളെ മനസ്സിലാക്കാൻ തയാറാവുന്നവരുമായിരിക്കും.
ചിന്തകളിൽ സ്ഥിരതയും സുദൃഢവുമായ വ്യക്തിത്വത്തിന് ഉടമായവാൻ ചിന്തകൾകൊണ്ടും ചിന്താഗതികൊണ്ടും അതേപോലെ തിരിച്ചറിവും ആത്മബബോധവുംകൊണ്ടും ഉയരണം.

മനോവികാരങ്ങൾ, വിചാരങ്ങൾ, ചിന്തകൾ, കാഴ്ചപ്പാടുകൾ, വീക്ഷണ നിരീക്ഷണങ്ങൾ, നിലപാടുകൾ, സംസ്ക്കാരം, ആചാരാനുഷ്ഠാനങ്ങൾ, വിശ്വാസം, പെരുമാറ്റങ്ങൾ ഇവയിൽ നിന്നെല്ലാം ഉരുത്തിരിഞ്ഞു വരുന്ന ഒരു മനോഭാവമാണ് ഒരു വ്യക്തിയിൽ അറിഞ്ഞോ അറിയാതെയോ ആഴത്തിൽ പ്രവൃത്തിക്കുന്നത് ഒരാൾ എങ്ങനെയുള്ള വ്യക്തിയാവണമെന്ന് നിർണ്ണയിക്കുന്നതും. ശരീരത്തെ ഊട്ടുന്ന പോലെ സ്വന്തം മനസ്സിനെയും ഊട്ടുന്നുണ്ട് നാം, എന്നാൽ എന്താണ് മനസ്സിനെ ഊട്ടേണ്ടത്. തന്നിലൂടെ എന്ത് വിളയണം എന്നതൊക്കെ ആത്യന്തം ഗൗരവമുള്ള കാര്യമാണ്.. വ്യക്തിത്വം എന്ന നാലക്ഷരത്തിന് ഒരുപാട് അർത്ഥവും മാനവും ഉണ്ട്. വ്യക്തിത്വമെന്ന വൃക്ഷം പുഷ്പിക്കുന്നതും കായ്ക്കുന്നതും മറ്റുള്ളവർക്ക് പ്രയോജനപ്രദമാകുന്നതൊക്കെ ഊട്ടിയതും ഉറക്കിയതും കൂടാതെ മുമ്പേ വളമായിത്തീർന്നുപോയതിൽ നിന്നും സെറ്റ് ആയിപ്പോയ മനസ്സെന്ന വിളമണ്ണിൽ കിടന്നാണ്. അതിനൊത്ത ഫലങ്ങൾ മാത്രം പ്രതീക്ഷിച്ചാൽ മതി. എങ്കിലും ഉപകരമില്ലാത്ത ഒരു മരവും ഉണ്ടാവില്ല. പൂക്കുന്നോ കായ്ക്കുന്നോ ഒന്നുമില്ലെങ്കിലും തണൽ നൽകും, മണ്ണൊലിപ്പ് തടയും, വായു ശുദ്ധീകരിക്കും മനുഷ്യന്റെ അതിജീവനത്തിന് ശുദ്ധമായ ഓക്സിജൻ നൽകും. ഇലകൾ വെട്ടിയെടുത്ത് ജൈവവളമാക്കി ഉപയോധിക്കാം, തടി ഉപയോഗിച്ചും വീട് പണിയാം ഫർണീച്ചർ ഉണ്ടാക്കാം. ഇതേപോലെ ഒട്ടും ഉപകാരമില്ലാത്ത ഒരു മനുഷ്യനും ഈ ഭൂലോകത്തില്ല. അവരവർക്കോ, മറ്റുള്ളവർക്കോ ഏതെങ്കിലും വിധത്തിൽ അവർ പ്രയോജനപ്പെടുന്നുണ്ടാവണം.

Also read: ഖബീബ് നൂര്‍മഗോമെദോവ്; യു.എഫ്.സി നേടിയ ആദ്യത്തെ മുസ്‌ലിം

പറഞ്ഞു വന്നത് വേരൂന്നപ്പെട്ട വ്യക്തിത്വത്തെക്കുറിച്ചാണല്ലോ. ഒട്ടേറെ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇത്തരമൊരു വ്യക്തിത്വത്തെ തിരിച്ചറിയുന്നത് എങ്കിലും അതിൽ പ്രധാനമായും അവനവനിൽ പൂർണ്ണമായി വിശ്വാസമർപ്പിക്കാൻ ശീലിച്ച ഒരാളിൽ മാത്രമേ സ്വന്തം അസ്തിത്വത്തിൽ നിന്ന് രൂപംകൊണ്ട റൂട്ടഡ് ആയ ഒരു പേഴ്സണലിറ്റി കാണപ്പെടുകയുള്ളൂ. നിർഭയത്വം, സത്യസന്ധത, നീതിബോധം, ആത്മാർത്ഥത, പ്രബുദ്ധത, ഇത്തരം ഗുണങ്ങളും പ്രകടമായിരിക്കും. സത്യസന്ധനായ ഒരാളെ സംബന്ധിച്ചിടത്തോളം അയാൾ അപവാദങ്ങളെ തൊട്ട് ഭയക്കേണ്ട അവശ്യമില്ല. തന്നെക്കുറിച്ച് ആര് എന്ത് പറഞ്ഞാലും പതറിപ്പോകേണ്ട ആവശ്യവുമില്ല. അയാൾക്ക് വ്യക്തമായി അറിയാമല്ലോ അവനവൻ എന്താണെന്ന് . സമൂഹത്തിന് മുന്നിൽ സ്വന്തം പ്രതിച്ഛായ നഷ്ടപ്പെടുന്നതിനെ ഭീതിയോടെ കാണുന്നവരാണ് നാമെല്ലാവരും. മറ്റുള്ള ആളുകളുടെ നന്മ മാത്രം കാംഷിച്ച് ജീവിച്ചുപോകുന്ന ഒരാളായാൽ പോലും സമൂഹത്തിൽ ഒരു പ്രതിസ്ഥാനത്ത് നിർത്തപ്പെടുന്നതിനെയോ ഒരു ദുഷ്പ്പേര് വരുത്തി വെയ്ക്കുന്നതിനെയോ ഭയക്കുന്നതാണ് കാണുക. തെറ്റ് ചെയ്യുമ്പോൾ മാത്രം ഭയക്കുന്നതാണ് ഉറച്ച വ്യക്തിത്വങ്ങളുടെ ലക്ഷണം. അതുകൊണ്ടാണ് എപ്പോഴും ആവർത്തിച്ച് ആവർത്തിച്ച് പറയേണ്ടി വരുന്നത് ആത്മബോധം കൂടാതെ നല്ലൊരു വ്യക്തിത്വം അസാധ്യമാണെന്ന്. സ്വന്തം മനസ്സിലൂടെ യുക്തിയും ബുദ്ധിയും സത്യവും നേരും തിരിച്ചറിയാത്ത ഒരാൾക്ക് എങ്ങനെ നല്ലൊരു വ്യക്തിത്വം സാധ്യമാവും.

ഒരു വസ്തുവിന് വേണ്ടിയോ വ്യക്തിയ്ക്ക് വേണ്ടിയോ നമ്മുടെ മനസ്സിനകത്തോ അല്ലെങ്കിൽ ചിന്തകളിലോ ഒരു സ്ഥാനം അതായത് ഒരിടം സ്വമനസ്സാലെയോ നിർബ്ബന്ധിതാവസ്ഥയിലോ നൽകുമ്പോൾ മാത്രമേ ആ വസ്തുവിന് അല്ലെങ്കിൽ വ്യക്തിയ്ക്ക് നമ്മുടെ ജീവിതത്തിലേയ്ക്ക് കടന്നുവരാൻ പ്രവേശനാനുമതിയും നിലനിൽക്കാൻ ഒരു സ്ഥാനവും ലഭിക്കുന്നുള്ളൂ. അല്ലാത്തിടത്തോളം കാലം അത്തരം ഒരു സാധ്യതയെ ജനിക്കുന്നില്ല. ജീവിതത്തിലേയ്ക്ക് എന്തൊക്കെ കടന്നുവരണം എന്തൊക്കെ നിലനിൽക്കണം എന്ന് നിശ്ചയിക്കാനുള്ള അധികാരം നാം ഓരോരുത്തർക്കും ഉണ്ട്.. വേണ്ടാത്തവയെ വർജ്ജിക്കാനും ആവശ്യമുള്ളവയെ തിരിച്ചറിഞ്ഞ് കരുതലോടെ നിലനിർത്താനും കഴിയുന്നതിലാണ് ഒരു വ്യക്തിയുടെ വിജയം. അതുകൊണ്ട് എപ്പോഴും നന്മയും മൂല്യങ്ങളും നിലനിർത്താൻ ബോധപൂർവ്വമുള്ള ശ്രമങ്ങൾ അവനവന്റെ ഭാഗത്ത് നിന്ന് തന്നെ ഉണ്ടാവണം. നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നതിനെല്ലാം ഹേതുവായ ഒരാളെ കണ്ടെത്തി പഴിചാരൽ പ്രക്രിയ തുടരുമ്പോൾ ഓർക്കുന്നത് നല്ലതാണ് അറിഞ്ഞോ അറിയാതെയോ എല്ലാത്തിനും നമ്മളും കൂടെ കാരണക്കാരാണ്. അതല്ലെങ്കിൽ പൂർണ്ണമായും മറ്റൊരാൾക്ക് അധീനപ്പെട്ട്, വ്യക്തിത്വം അടിയറവെച്ച് ജീവിക്കുന്ന ഒരാൾ ആണെങ്കിൽ സമ്മതിക്കാം. ഒരു നിമിഷമൊന്ന് നിൽക്കൂ എന്നിട്ട് ചിന്തിക്കൂ.. മറ്റൊരാളുടെ ചിന്തകളും സംസാരവും പ്രവൃത്തികളും നമ്മുടെ ജീവിതത്തിൽ പലതരത്തിലുള്ള പ്രതിഫലനം സൃഷ്ടിക്കുന്നുണ്ടെന്ന് തോന്നുന്നെങ്കിൽ തീർച്ചയായു തിരിച്ചും നമ്മളുമായി അടുത്ത് ഇടപഴകി ജീവിക്കുന്നവരുടെ ജീവിതത്തിൽ പലതിനും കാരണക്കാർ നമ്മൾ തന്നെയാണ്. നമ്മൾ ആരും തന്നെ അതിനെക്കുറിച്ച് ബോധവാന്മാർ ആകുന്നില്ല.

Also read: പൗരത്വ സങ്കല്‍പ്പത്തിന്റെ ചരിത്രവും വികാസവും

മിക്കപ്പോഴും പരസ്പര സ്നേഹംകൊണ്ടും സാഹോദര്യത്താലും ഒത്തുചേർന്ന് പോകേണ്ട മനുഷ്യർക്കിടയിൽ ഉച്ചനീചത്വവും പക്ഷപാതിത്വവും അന്യായങ്ങളും അനീതിയും അതിക്രമങ്ങളും ഉണ്ടാവുന്നത് പണക്കൊതികൊണ്ടും അതിരുകവിഞ്ഞ സ്വാർത്ഥതത കൊണ്ടുമാണ്. അല്ലെങ്കിൽ അത്യാഗ്രഹവും അഹങ്കാരവും അധികാര മോഹവും മൂത്തിട്ടാണ്. ആത്മബോധത്തിലൂടെയും മൂല്യാധിഷ്ഠിത ചിന്തകളിലൂടെയും മനസിക വികാസം സംഭവിച്ച അല്ലെങ്കിൽ മാനസിക പരിവർത്തനത്തിന് വിധേയനായ ഒരു വ്യക്തി സ്വാർത്ഥലാഭ മോഹിയായിരിക്കില്ല. അത്യുത്തമമായ ഒരു വ്യക്തിത്വത്തിന് ഉടമയാവുന്നത് വളരെ ലളിതമായ കാഴ്ചപ്പാടുകളിൽ നിന്നും മാനവികതയിലൂന്നിയ ബോധത്തിൽ നിന്നും മാത്രമാണ്.

Related Articles