Current Date

Search
Close this search box.
Search
Close this search box.

വ്യക്തിത്വവും ശുചിത്വപരിപാലനവും

വൃത്തി ഒരു ശുഭലക്ഷണമാണ്, ഒരു നല്ല വ്യക്തിത്വത്തിന്റെ അടയാളവും. കുളിക്കാതെയും ഒട്ടും ശുചിത്വവും വൃത്തിയും പാലിക്കാതെയും നടക്കുന്ന ഒരാളെ ആരും അത്ര ഇഷ്ടപ്പെടില്ല. തന്നെയുമല്ല അത്തരക്കാരുമായിട്ടുള്ള സംസർഗ്ഗം കഴിവതും ഒഴിവാക്കാനായിരിക്കും ശ്രമിക്കുക. ദുർഗന്ധം വമിക്കുന്ന ശരീരവും അഴുകിയ വസ്ത്രങ്ങളും ധരിച്ച് പൊതുഇടങ്ങളിൽ വ്യാപരിക്കുന്ന ഒരാളെ സ്വാഭാവികമായും ആരും അകറ്റി നിർത്തുകയല്ലേ ഉള്ളൂ. ജീവിത പങ്കാളിയ്ക്കും മക്കൾക്കും വരെ അടുത്ത് ഇടപഴകുന്ന ഏവർക്കും അവരുടെ സാന്നിധ്യം അസഹ്യമായി മാറുമെന്ന കാര്യത്തിലും സംശയമില്ല. വസ്തുനിഷ്ഠമായി പറഞ്ഞാൽ പൊതുഇടങ്ങളിലോ അല്ലെങ്കിൽ സ്വകാര്യഇടങ്ങളിലോ എന്നൊന്നുമില്ല എവിടെയും അപരന് നാം നൽകുന്നതും അതേപോലെ തിരിച്ചും ലഭിക്കുന്ന ആദരവ്, മര്യാദ, സ്നേഹം എന്നിവയൊക്കെ പാരസ്പര്യത്തിലൂടെ രൂഢമൂലമാക്കപ്പെടുന്നുണ്ടെങ്കിൽ അത് ഒരാൾ സ്വയം പുലർത്തുന്നതോ പിന്തുടരുന്നതോ ആയ ചില നിഷ്ഠകളെയും ശീലങ്ങളെയും അന്തർലീനമായ ഗുണങ്ങളെയും കൂടെ ആശ്രയിച്ചും അടിസ്‌ഥാനപ്പെടുത്തിയും കൂടെയാണ്.

ആത്മബോധത്തിന്റെയും സഹജാവബോധത്തിന്റെയും അപര്യാപ്തത പലപ്പോഴും ഇതിനെല്ലാം തടസ്സമായി നിൽക്കുമെന്നതിനാൽ മൂല്യബോധമുള്ള, സംസ്ക്കാരസമ്പന്നനായ ഒരു വ്യക്തിത്വമാവുക എന്ന ഉദ്യമത്തിന് ഒരാൾക്ക് ബോധത്തിലേയ്ക്ക് എത്തേണ്ട അനിവാര്യത എപ്പോഴും അനിഷേധ്യമായ ഒന്നായി മാറുന്നു. വാസ്തവത്തിൽ പറഞ്ഞാൽ ഒരു വ്യക്തിയിൽ രൂപപ്പെട്ടുവരേണ്ട ക്യാരക്ടറിന് ശരിയായ ഒരു അടിത്തറ പാകുന്നതിലും ജീവിതത്തിന് ശരിയായ അടിസ്ഥാനവും ചിട്ടയും ഉണ്ടാക്കിയെടുക്കുന്നതിലും അവിഭാജ്യഘടകങ്ങളായി മാറുന്നവയാണ് മേൽപ്പറഞ്ഞ രണ്ട് ഘടകങ്ങളും.

സംസ്ക്കാരം എന്നത് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നൊരു പദമായി തോന്നിയിട്ടുണ്ട്. പഴമക്കാർ കണ്ണടച്ച് പിന്തുടർന്ന് പോന്നിരുന്ന ഏതെങ്കിലും അന്ധവിശ്വാസങ്ങളെയോ മനുഷ്യത്വവിരുദ്ധമോ ഒട്ടും കഴമ്പില്ലാത്തതോ ആയ അനാചാരങ്ങളെയോ
യുക്തിരഹിതമായ ചില ആശയങ്ങളെയോ അന്ധമായി ഫോളോ ചെയ്യുന്നതല്ലല്ലോ സംസ്ക്കാരം. അല്ലെങ്കിൽ തെറ്റെന്ന് സ്വയം ബോധ്യപ്പെട്ടിട്ടും ഒരു കാര്യത്തെ എതിർക്കാതെ, താൻ അത് ചെയ്യാൻ പാടില്ല എന്ന് മനസ്സിലാക്കി ഒഴിഞ്ഞു മാറാതെ എല്ലാത്തിനും ഏറാൻ മൂളികളായി നിൽക്കുന്നതോ പാരമ്പര്യവാദത്തെ കണക്കിലധികം പിന്തുണക്കുന്നതുമല്ല. മറിച്ച് തിരിച്ചറിവും ബോധവുമുള്ള ഒരു വ്യക്തിയാവുകയും സാമൂഹിക ചട്ടങ്ങളും നിയമങ്ങളും പാലിച്ച്, വ്യക്തിത്വപരമായ അച്ചടക്കവും മാന്യതയും പുലർത്തി അതേപോലെ സഹജീവികളോട് കരുണയും സ്നേഹവും കാണിച്ച് ജീവിക്കുന്ന മനുഷ്യനെയാണ് സംസ്ക്കാരസമ്പന്നൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

Also read: ഒരു വ്യക്തി തന്നെ 60 വ്യത്യസ്ത ഖത്തുകളിൽ ഖുർആൻ എഴുതിയ നാടാണ് ഞങ്ങളുടേത്

സമൂഹത്തിന് മുന്നിൽ സ്വീകാര്യമായ അല്ലെങ്കിൽ സമൂഹം അംഗീകരിക്കുന്ന ഒരു വ്യക്തിത്വമാവേണ്ടത് കാണുന്നതിനും കേൾക്കുന്നതിനുമെല്ലാം അതെ, യെസ് എന്ന് മൂളി കൊണ്ടാണെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കിൽ ഒരിക്കലും അതല്ല, നോ പറയേണ്ടിടത്തും തെറ്റുകൾ ചൂണ്ടി കാണിക്കേണ്ടിടത്തും തന്റെ ബുദ്ധിയ്ക്കും യുക്തിക്കും അംഗീകരിക്കാൻ കഴിയാത്ത ഒന്നിനെയും അശേഷം പതറാതെ നിർഭയം തുറന്ന് പറയാനുള്ള ആർജ്ജവം കൂടെ കാണിക്കുന്നതാണ് വ്യക്തിത്വം. ഇതെല്ലാം ലഭിക്കേണ്ടത് മാതാപിതാക്കൾ മക്കൾക്ക് നൽകുന്ന വാക്കിലും മോറൽ സപ്പോർട്ടിൽ നിന്നും കൂടെയാണ്. ഇത്തരത്തിൽ വളരുന്ന മക്കൾ നാളുകൾ കഴിയുമ്പോൾ അച്ഛനമ്മമാരുടെ ജീവിതത്തിലും മരിക്കുവോളം കരുത്തേകുന്ന ശക്തമായ ഒരു പില്ലർ പോലെ ആയി മാറും.

Cleanliness is next to Godliness എന്ന ആത്മീയപരമായ ഒരു തലവും കൂടെ ഉണ്ട് അതായത് ശുചിത്വം ദൈവീകതയുമായി തൊട്ട് ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണെന്ന് പറയുന്നു. അതുകൊണ്ട് ആത്മശുദ്ധിയെ വിശ്വാസികൾ എന്നും അത്മീയതയുടെ ഭാഗമായി കാണുന്നു. അതേപോലെ വൃത്തി സൗന്ദര്യത്തിന്റെയും കൂടെ ഭാഗമാണ്. വൃത്തിയില്ലെങ്കിൽ സൗന്ദര്യം ആസ്വാദകര്യമാവില്ല. വ്യക്തിത്വത്തിന് അത്യധികം പോസിറ്റീവിറ്റി നൽകുന്ന ഒരു ഘടകമാണ് ശുചിത്വം. ആത്മസംരക്ഷണത്തിന്റെയും ആത്മസംസ്ക്കരണത്തിന്റെയും പ്രാധാന്യം സമൂഹത്തെയും ചുറ്റുപാടുകളെയും കുറിച്ച് യഥാർത്ഥ അവബോധമുള്ള ഒരാൾക്ക് പഠിപ്പിച്ചുകൊടുക്കേണ്ട ആവശ്യം വരുന്നില്ലല്ലോ. സ്വന്തം മാനസിക, ശാരീരിക ആരോഗ്യം സംരക്ഷിക്കൽ ഒരു വ്യക്തിയ്ക്ക് അയാൾ നിലകൊള്ളുന്ന സമൂഹത്തോടുള്ള ബാദ്ധ്യതയാണ്. അപരന് പുണ്യം ചെയ്യുന്നത് പോലെ തന്നെയാണ് അവനവന്റെ നന്മയ്ക്ക് വേണ്ടി ചെയ്യുന്നവയും. അവനവന്റെ നന്മ ആഗ്രഹിച്ചു ചെയ്യുന്ന കാര്യങ്ങളെല്ലാം ആത്യന്തികമായി മറ്റുള്ളവർക്കും നന്മയായി ഭവിക്കുന്നു എന്നതാണ് സത്യം. സ്വാർത്ഥതയല്ല ഇവിടെ വിവക്ഷിക്കുന്നത്, ഉദ്ദേശശുദ്ധി നിർബ്ബന്ധമായും വേണം. ഒരു വ്യക്തി അയാളോട് തന്നെ നീതിയും നന്മയും പുലർത്തേണ്ടതിന്റെ അനിവാര്യത തിരിച്ചറിയുമ്പോൾ അയാൾ സ്വാഭാവികമായും സഹജീവികളോടും അതേ നിലപാട് കൈക്കൊള്ളാൻ തയാറാവും. ഇതാണ് നല്ലൊരു വ്യക്തിത്വത്തിന്റെ സവിശേഷത.

ശുദ്ധിയും വൃത്തിയും വെടിപ്പും നിത്യജീവിതത്തിൽ ശീലിക്കുകയും വെടിപ്പും വൃത്തിയുമുള്ള വസ്ത്രങ്ങൾ ധരിക്കുകയും ഭക്ഷ്യവസ്തുക്കൾ കഴുകി വൃത്തിയാക്കി മാത്രം കഴിക്കുന്നതുമെല്ലാം ആരോഗ്യസംരക്ഷണത്തിന്റെ ഭാഗം കൂടെയാണ്. കൈകാൽ നഖങ്ങൾ, ചർമ്മം മുതലയായവ വൃത്തിയാക്കി സൂക്ഷിച്ച് വെച്ചും മുടിചീകി വെച്ചും അലക്കി വൃത്തിയാക്കിയ വസ്ത്രങ്ങൾ ധരിച്ചും നടക്കുന്ന ഒരു
വ്യക്തി നല്ലൊരു ക്യാരക്റ്ററിന് ഉടമയും കൂടെയാണെങ്കിൽ ആയാളുമായി അടുത്തിടപഴകുന്നതിൽ ആരും സന്തോഷം കണ്ടെത്തും.

ശരീരത്തിന് മാത്രമല്ല മനസ്സിനും വേണം വൃത്തിയും വെടിപ്പും. മനസ്സിന്റെ വിശുദ്ധി അല്ലെങ്കിൽ പരിശുദ്ധി എന്നീ പദങ്ങൾകൊണ്ട് വിശേഷിപ്പിക്കുന്നത് അതാണ്. നിർബാധം ചിന്തകളിൽ ഫിൽട്ടറിങ് നടന്നുകൊണ്ടിരിക്കുമ്പോൾ അതായത് സാംശീകരണ പ്രക്രിയ നൈരന്തര്യം സംഭവിച്ച് കൊണ്ടിരിക്കുമ്പോൾ സംശുദ്ധമായതും മാലിന്യങ്ങൾ വന്ന് അടിയാത്തതുമായ ഒരു മനസ്സ് രൂപംകൊള്ളും. ഇതാണ് മനഃശുദ്ധി അല്ലെങ്കിൽ ആത്മശുദ്ധി. ചിന്തകളിൽ വ്യക്തത വരുത്താൻ സ്വയം ശ്രമിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ പ്രതീക്ഷയ്ക്ക് വകയുള്ളൂ എന്ന് മാത്രം. രക്ഷിതാക്കൾക്ക് ഇക്കാര്യത്തിൽ മക്കളെ സഹായിക്കാവുന്നതാണ്. എങ്കിൽ മഹനീയമായൊരു വ്യക്തിത്വത്തിന് ഉടമകളായി തീരും മക്കൾ. അനാവശ്യ ചിന്തകളെ ഫിൽട്ടറിങ് ചെയ്തെടുക്കുകയും തന്നിൽ നിന്നുള്ള കുഞ്ഞു ചിന്തകൾക്കും വാക്കുകൾക്ക് പോലും തന്നിലും മറ്റുള്ളവരുടെ ജീവിതത്തിലും ഉണ്ടാക്കാൻ കഴിയുന്ന പ്രത്യാഘാതത്തെ കുറിച്ച് ബോധവും വേണം. അപ്പോഴേ വ്യക്തിത്വം ശക്തവും ആകർഷണീയവുമായ രീതിയിൽ മോൾഡ് ചെയ്യാൻ കഴിയുള്ളൂ. മനനം ചെയ്യുന്നവരാണ് മനുഷ്യർ എന്ന് പറയുന്നത് വെറുതെയല്ലല്ലോ.

Also read: ജി-20 ഉച്ചകോടിയും പ്രതീക്ഷകളും

അടുക്കും ചിട്ടയുമില്ലാതെ, മാസങ്ങളായി തിരിഞ്ഞു നോക്കാതെയിട്ട ഒരു വീടിനകം എങ്ങനെയിരിക്കും? മാറാല പിടിച്ച്, പൊടിമണ്ണ് നിറഞ്ഞ്, വായുവിൽ നിറഞ്ഞു നിൽക്കുന്ന ദുർഗന്ധവും കാരണം ആർക്കെങ്കിലും ആ വീടിനകത്തേയ്ക്ക് പ്രവേശിക്കാൻ മനസ്സ് തോന്നുമോ? എന്നാൽ അതേ വീട് അടിച്ച് തൂത്ത് വൃത്തിയാക്കി, പെയിന്റ് ചെയ്ത്, അടക്കി പെറുക്കി ചിട്ടയോടെ വെക്കുമ്പോൾ എത്ര മനോഹരം അകത്തേയ്ക്ക് കടക്കുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി ഫീൽ ചെയ്യും. ചിലരുടെ മനസ്സും ഇതുപോലെയൊക്കെ ആവും. ചിന്തകൾക്കൊന്നും യാതൊരു അടുക്കും ചിട്ടയുമില്ലാത്ത വിധം അലക്ഷ്യമായും അലസമായും വാരി വലിച്ചിട്ട് മൊത്തത്തിൽ അലങ്കോലമാക്കി വെച്ച നിലയിലാവും. ഇത്രയും കോംപ്ലെക്‌സായ അഥവാ സങ്കീർണ്ണമായ മനസ്സിനെ മാനേജ് ചെയ്യാൻ സ്വന്തം ഉടമയ്ക്ക് തന്നെ അതീവ ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് എപ്പോഴും ഉപയോഗശൂന്യമായതോ നിങ്ങൾക്കോ മറ്റാർക്കോ ഒരുതരത്തിലും ഒരു പ്രയോജനവുമില്ലാത്ത ചിന്തകളെ വഹിക്കുന്നത് അങ്ങ് നിർത്തണം. മനസ്സിനെ നല്ലൊരു ജീവിതത്തിലേയ്ക്ക് ഫോക്കസ് ചെയ്തെടുക്കണമെങ്കിൽ അത് കൂടിയേ തീരൂ. സദ്‌വൃത്തിയോടെ ജീവിക്കുന്ന മനുഷ്യരെ ആരും ഇഷ്ടപ്പെടുന്നു. സാവകാശം അത്തരമൊരു വ്യക്തിത്വത്തിലേക്ക് പലപ്പോഴും ജനശ്രദ്ധ പതിയുന്നത് കാണാം. എന്നാൽ അത്തരമൊരു ഇമേജ് മനപ്പൂർവ്വം സൃഷ്ടിച്ചെടുത്ത് ജനങ്ങളെ ചൂഷണം ചെയ്യുന്നവരും കുറവല്ല.

മനുഷ്യർ എന്തിനും ഏതിനും കുറുക്കുവഴികൾ തേടുന്നവരാണ്. സ്വന്തം മനസ്സാക്ഷിയെ വകവെയ്ക്കാതെ ചിലർ എളുപ്പ വഴികൾ സ്വീകരിക്കുന്നത് കാണാറുണ്ടാവുമല്ലോ. കളവ് പറഞ്ഞിട്ടയാലും കാര്യങ്ങൾ നേടാൻ എന്തെളുപ്പം എന്ന ചിന്തയാണ് അവർക്ക് പ്രേരകമായി മാറുന്നത്. വക്രബുദ്ധിയോടെയും കുടിലചിന്തകളോടെയും സ്വാർത്ഥതാല്പര്യം മുൻ നിർത്തിയും ഒരു കാര്യത്തെ സമീപിക്കാൻ അവർക്ക് ഉത്തേജനമായി മാറുന്നതും ഹേതുവായി നിൽക്കുന്നതും മനുഷ്യരിലെ ഈ പ്രവണത തന്നെയാവും. സത്യങ്ങൾ മൂടിവെച്ച് യഥാർത്ഥത്തിൽ ബോധ്യപ്പെടുത്തേണ്ടവരെ പോലും ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കാതെ അനിവാര്യമായ ന്യായീകരണങ്ങൾ നൽകാതെ, സ്വന്തം നയം വ്യക്തമാക്കാതെയും അതിനൊന്നിനും തയാറാവാതെ ജീവിക്കുന്നതായി തോന്നും പലപ്പോഴും ഓരോ ചെയ്തികൾ കണ്ടാൽ, അതൊക്കെ വലിയ വയ്യാവേലിയായി കാണുന്നു മനുഷ്യർ. പക്ഷെ ബോദ്ധിപ്പിക്കുന്നുണ്ട് ഒരു കാര്യം ഞാൻ നല്ലവൾ അല്ലെങ്കിൽ നല്ലവൻ എന്ന് കാണിക്കാൻ സദാസമയവും ശ്രമിക്കുന്നുണ്ട്. ഇതാണ് കുറുക്കു വഴി തേടൽ, ഒരിക്കലും വ്യക്തിത്വബോധമുള്ളവർ അങ്ങനെ ചെയ്യില്ല. ബന്ധങ്ങളിലും വ്യക്തികൾ നടത്തുന്ന നിത്യവ്യവഹാരങ്ങളിലും സത്യസന്ധതയ്ക്ക് പകരം വക്രചിന്താഗതിയും സമീപനവും ഒരു നല്ല വ്യക്തിയ്ക്ക് പറഞ്ഞതല്ല. താൻ എന്താണെന്ന് ആരെയും ബോധിപ്പിക്കെണ്ട ആവശ്യമില്ലെങ്കിലും തന്നെക്കുറിച്ച് ഒരു ചിത്രം തങ്ങളുമായി ഇടപഴകുന്ന ആളുകളിലേക്ക് എത്തിക്കാൻ തക്ക തുറന്ന ഇടപഴകൽ ഉണ്ടാവുമ്പോൾ അനായാസം കാര്യങ്ങളെല്ലാം ഡീൽ ചെയ്യാൻ സാധിക്കും.

ജീവിതം ഒരു റോളർ കോസ്റ്റർ ആണെന്നാണ് പറയുന്നത്, ചിലപ്പോൾ അത് നമ്മെ ഉയരങ്ങളിലേക്ക് പൊക്കിയെടുത്ത് ആഹ്ലാദത്തിന്റെയും പ്രതീക്ഷയുടെയും കൊടുമുടിയിൽ കൊണ്ടുചെന്ന് നിർത്തും. അതെപോലെ തന്നെ താഴെ ദുഃഖങ്ങളുടെ കാണാകയത്തിലേയ്ക്ക് വലിച്ചിടും. താഴെ നിന്നും ഉയരത്തിലേക്ക് വീണ്ടും പൊങ്ങിവരാൻ ധാരാളം എനർജി ആവശ്യമാണ്, അതാണ് ഇച്ഛാശക്തി. വളരെ വലിയൊരു ടഫ് ടാസ്‌ക്ക് ആണെന്ന് തോന്നുമെങ്കിലും വിൽപവറും ആത്മവിശ്വാസവും ചേർന്ന് നിന്നാൽ എന്ത് പ്രശ്നങ്ങളിൽ നിന്നും കരകയറാൻ മനുഷ്യന് സാധിക്കും. പലപ്പോഴും ഒരാൾ സ്വപ്നം കാണുന്നതും ആഗ്രഹിക്കുന്നതുമൊന്നും ആയിരിക്കില്ല ജീവിതം. ഒരുപക്ഷെ പ്ലാൻ ചെയ്യുന്നത് ഒരു വഴിക്കും ജീവിതം നമ്മെ കൊണ്ടുപോകുന്നതോ മറ്റൊരുവഴിക്കും ആയിരിക്കും.

Also read: ഫറോക്കിലെ ടിപ്പു കോട്ടക്ക് പുതുജീവൻ നൽകുമ്പോൾ

ഇത്തരം സാഹചര്യങ്ങളിൽ മനസ്സിനും ചിന്തകൾക്കും ക്ലാരിറ്റി അല്ലെങ്കിൽ വ്യക്തത ഉണ്ടാവുന്നത് വളരെയാധികം പ്രയോജനം ചെയ്യും. ഒരു മനുഷ്യൻ എപ്പോഴും അകപ്പെട്ടു പോകുന്നത് അയാളുടെ മനസ്സ് തന്നെ അറിഞ്ഞോ അറിയാതെയോ സൃഷ്ടിക്കുന്ന ആശയകുഴപ്പങ്ങൾക്കും സങ്കീർണ്ണതകൾക്കും ഇടയിലാവും. എന്നാൽ ലളിതമായി ചിന്തിക്കുമ്പോൾ എല്ലാത്തിനും ലാളിത്യം വന്നുചേരും.

വ്യക്തിബന്ധങ്ങളെ ഏത് സാഹചര്യത്തിലും മുറുകെ പിടിച്ച് മുന്നോട്ട് പോകാൻ കഴിയുന്നത് വൻവിജയമാണ്. ആരോഗ്യമുള്ളതും വിശാല ചിന്താഗതിയുമുള്ള ഒരു മനസ്സിനെ അത് സാധിക്കൂ. മനസ്സിനകത്ത് ചിന്തകൾ കെട്ടുപിണഞ്ഞു കിടക്കുന്ന അതേസമയം വ്യക്തിബന്ധങ്ങളും അതിദയനീയമായ ഒരു ദുരവസ്ഥയിൽ എത്തി നിൽക്കുന്ന ഒരു വ്യക്തിയ്ക്ക് മറ്റു സാഹചര്യങ്ങളും കൂടെ പ്രതികൂലമായാൽ ഉണ്ടായേക്കാവുന്ന മനഃസംഘർഷങ്ങൾക്ക് അതിരില്ല. അതിനാൽ അനാവശ്യചിന്തകളെ അവഗണിയ്ക്കേണ്ട ആവശ്യകതയെ ഗൗരവത്തോടെ തന്നെ കാണണം. അകാരണ ഭയം, ഉത്കണ്ഠ, നിലനിൽപ്പിനെക്കുറിച്ച് ഉണ്ടാവുന്ന അമിത ആധി, പരിഹാരമില്ലെന്ന് തോന്നുന്ന പ്രശ്നങ്ങളും അലട്ടലുകളും ഇവയെല്ലാം ഒരു മനുഷ്യനെ പതിവിൽ കവിഞ്ഞ രീതിയിൽ ചിന്തിക്കാൻ അവന്റെ/അവളുടെ തലച്ചോറ് പ്രേരിപ്പിക്കും അതിന്റെതായ സമ്മർദ്ദവും അയാളിൽ കാണും. നെഗറ്റീവ് ആയിട്ട് ചിന്തിക്കാൻ തുടങ്ങിയാൽ അറ്റമില്ലാത്ത അവസ്ഥയിൽ അവനവനെ കൈവിട്ടുപോകുന്ന ഗതി വരും. എന്നാൽ അത്യാവശ്യ കാര്യങ്ങളിലേക്ക് മനസ്സിന്റെ ഗതി തിരിച്ച് വിടുമ്പോൾ ഊർജ്ജത്തിന്റെ ഗതി മാറുന്നത് കാണാം. നവോന്മേഷത്തോടെ ജീവിതത്തിന്റെ പുതുപുത്തൻ പ്രതീക്ഷകൾ നൽകുന്ന, ദുരവസ്ഥകൾ മുന്നിൽ വരുമ്പോൾ വിധിയെന്ന് ചൊല്ലി കീഴ്പ്പെട്ട് പോകാത്ത നല്ലൊരു ജീവിതം പാടുത്തുയർത്താൻ നമുക്ക് ഇന്ന് കഴിയണമെന്നുണ്ടെങ്കിൽ മാറണം നാം മാറി ചിന്തിക്കണം.

Related Articles