Current Date

Search
Close this search box.
Search
Close this search box.

പ്രകൃതി, ശുചിത്വം, കുട്ടിക്കാലം

വൃത്തി അല്ലെങ്കിൽ ശുചിത്വം നിത്യജീവിതത്തിൽ ശീലിച്ചെടുക്കേണ്ട ഒരു കാര്യമാണ്. അതുകൊണ്ട് കുഞ്ഞിലെ തന്നെ മക്കളിൽ ശുചിത്വം പാലിക്കാനും ധരിക്കുന്ന വസ്ത്രവും ശരീരവും ഉപയോഗിക്കുന്ന വസ്തുക്കളും വെടിപ്പോടെയും വൃത്തിയോടെയും കൊണ്ടുനടക്കാനും പഠിപ്പിക്കേണ്ടതുണ്ട്. എന്നുവെച്ച് മുറ്റത്തേയ്ക്ക് ഇറക്കാതെ വീട്ടിനുള്ളിൽ തന്നെ കുട്ടികളെ തളച്ചിടാനും പാടില്ല. മണ്ണിൽ കളിച്ചും മണ്ണ് കുഴച്ചെടുത്ത് അപ്പം ചുട്ടും മൺരൂപങ്ങൾ ഉണ്ടാക്കിയും തുമ്പിയുടെ പിറകെ ഓടിക്കളിച്ചും പൂമ്പാറ്റകളുടെ പിറകെയും വീടിന് ചുറ്റുവട്ടത്തെ ഇലകളും പൂക്കളും നിറഞ്ഞു നിൽക്കുന്ന തൊടിയിലൂടെ കുരുവി കുഞ്ഞുങ്ങളെ പോലെ പാറി നടക്കുന്ന കുഞ്ഞുമക്കളെയും കുഞ്ഞുമനസ്സുകളെയും ഇപ്പോൾ അധികം കാണാൻ കിട്ടില്ല, എന്ത്കൊണ്ടാണ്? ഇന്നത്തെ കുഞ്ഞുങ്ങൾ ജനിച്ചു വീഴുന്നത് തന്നെ ടി വി, കമ്പ്യൂട്ടർ, മൊബൈൽ തുടങ്ങിയ ടെക്ക്നോളജിയുടെ അമിതോപയോഗവും അതിപ്രസരം കൊണ്ടും മനുഷ്യരുടെ സമയവും എനർജിയും കവർന്നെടുക്കപ്പെടുന്ന ഒരു ലോകത്തേയ്ക്കാണ്. പോരാതെ ഇന്ന് വീടുകളിളെല്ലാം നമ്മുടെയൊക്കെ നിത്യജീവിതവുമായി അലിഞ്ഞു ചേർന്നുപോയ ഇത്തരം ഉപകരണങ്ങളുടെ നിറസാന്നിധ്യം കുട്ടിക്കളിലേക്ക് പകരുന്ന കൗതുകവും നേരമ്പോക്കും വിനോദവും കുറച്ചല്ല. ആകാശത്തിലെ നക്ഷത്രങ്ങളെയും ചന്ദ്രനെയും നോക്കി ചൂണ്ടി കാണിച്ച് ഉള്ളിൽ അടക്കിവെച്ച തീവ്രമായ ജിജ്ഞാസയെ ഒളിച്ചു വെക്കാതെ നിഷ്ക്കളങ്കമായി സംസാരിക്കുന്ന, അവയെക്കുറിച്ച് അറിയാനുള്ള ആകാംഷയിൽ ചോദ്യഭാവത്തോടെ നമ്മുടെ മുഖത്തേയ്ക്ക് നോക്കുന്ന കുഞ്ഞുങ്ങൾ ഇപ്പോൾ ഉണ്ടോ? ചുറ്റുപാടുകളിലെ വിസ്മയങ്ങൾ അവരിൽ ഏതെങ്കിലും വിധത്തിലുള്ള അല്ലെങ്കിൽ എന്തെങ്കിലും തരത്തിലുള്ള കൗതുകമുണർത്തുന്നുണ്ടോ? എന്നതൊക്കെ ഒരു ചോദ്യമാണ്. പൂച്ച, പട്ടി, പശു, കോഴി കൂടാതെ മഴക്കാലത്ത് തൊടിയിൽ നിറയുന്ന ചെളിവെള്ളം, വെള്ളത്തിൽ നീന്തുന്ന മത്സ്യങ്ങൾ, തവള കുഞ്ഞുങ്ങൾ, മറ്റുള്ള ജീവികൾ ഇതൊന്നും ഇപ്പോഴത്തെ കുഞ്ഞുങ്ങളെയും ഇനി ഈ ലോകത്തേയ്ക്ക് വരാനിരിക്കുന്ന തലമുറകളെയും ആകർഷിക്കാൻ സാധ്യതയില്ലേ എന്നൊക്കെ ചിന്തിച്ചുപോകുന്നു.

ഒരു തരി മണ്ണ് പോലും ദേഹത്ത് പതിയാതെ സിമന്റും മാർബിളും ഗ്രാനൈറ്റും ഇട്ട തറയിൽ മാത്രം കളിയ്ക്കാനും ചവിട്ടി നടക്കാനും സൗകര്യം ഒരുക്കുന്നുണ്ട് രക്ഷിതാക്കൾ. ഇട്ടിരിക്കുന്ന വിലകൂടിയ ഉടുപ്പുകൾ അഴുക്കാവാതെ ഇരിക്കാൻ ജാഗ്രത പുലത്തുന്നുണ്ട് ഇതേപോലെയുള്ള കാര്യങ്ങളിലെല്ലാം എല്ലാ അമ്മമാരും അച്ചന്മാരും . കുഞ്ഞുങ്ങൾക്ക് സൗകര്യങ്ങൾ ഒരുക്കുന്നതൊക്കെ കൊള്ളാം പക്ഷെ അമൂല്യമായ ഒരു ജീവിതത്തിന്റെ സൗന്ദര്യവും വശ്യതയും അവരിൽ നിന്ന് തട്ടിപ്പറിച്ച് എടുക്കുന്നത് പാപമല്ലേ,. അവരുടെ കുട്ടിക്കാലം ആസ്വദിക്കാൻ അവർക്കും അവകാശമില്ലേ? മനസ്സുകൊണ്ടെങ്കിലും ഒരുക്കികൊടുക്കണം മനോഹരമായ ഒരു ലോകം. വിണ്ണിനെക്കുറിച്ചും മണ്ണിനെക്കുറിച്ചും കൂടാതെ പ്രപഞ്ചത്തിലെ ഓരോരോ അത്ഭുതങ്ങളും വിസ്മയങ്ങളും പറഞ്ഞുകൊടുത്ത് അവരുടെ ഭാവനയെ കളർഫുൾ ആക്കണം, സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകണം. ലക്ഷ്യബോധത്തോടെ ജീവിക്കാൻ പ്രേരണയാവണം. ഒരിക്കലും ടി.വിയുടെയും മൊബൈലിന്റെയും മുന്നിൽ ഇരുത്തി അലസന്മാരും മടിയന്മാരുമാക്കരുത്. അവരോടൊപ്പം ചെലവഴിക്കാനും സംസാരിക്കാനും മാതാപിതാക്കൾ സമയം കണ്ടെത്തിയെ തീരൂ. ഒഴിവുവേളകളിൽ ഒരു ദിവസം കടൽ തീരത്തേയ്ക്ക്, മറ്റൊരു ദിവസം പുഴക്കടവിൽ അല്ലെങ്കിൽ പ്രകൃതി രമണീയമായ ഒരിടം, സായാഹ്നങ്ങളിലെ നിറപ്പകിട്ടാർന്ന ആകാശത്ത് പക്ഷികൾ കൂടണയാനായി കൂട്ടംചേർന്ന് പറന്നകലുന്ന കാഴ്ചകൾ, രാത്രി ടെറസ്സിൽ മക്കളോടൊപ്പം വാനം നോക്കി കിടന്ന് നക്ഷത്രങ്ങളെക്കുറിച്ചും ചന്ദ്രനെക്കുറിച്ചും സംസാരിക്കാം. കുട്ടികൾക്ക് ഉൾക്കാഴ്ച്ചയേകാൻ ഇതുപോലെയുള്ള സംസാരങ്ങൾ സഹായിക്കും. മൊബൈലിൽ അഡിക്ട് ആവുന്ന മക്കളെക്കുറിച്ച് പരാതി പറയുന്ന രക്ഷിതാക്കളോട് സമയം കണ്ടെത്തൂ മക്കൾക്ക് വേണ്ടി എന്ന് പറയാൻ തോന്നും. അഡിക്ടഡ് ആയിക്കഴിഞ്ഞാൽ അതിൽ നിന്നും മോചനം അല്പം പ്രയാസമാണ്. അവരിലെ കഴിവുകൾ മനസ്സിലാക്കി അതിനെ പരിപോഷിപ്പിക്കാൻ സമയം ചെലവിടൂ, കൂടെ നിൽക്കൂ കുട്ടികളുടെ ശോഭനമായൊരു ഭാവിയ്ക്ക് അത് ഏറെയധികം പ്രയോജനം ചെയ്യും. മൊബൈലിനൊക്കെ നിശ്ചിത സമയപരിധി കണക്കാക്കി പഠിക്കാനും കളിക്കാനും അവർ പോലും അറിയാതെ അവരെ മോടിവേറ്റ് ചെയ്തെടുക്കണം.

കമ്പ്യൂട്ടർ ഗെയിം, മൊബൈൽ ഗെയിം അതേപോലെ ലൂഡോ, ചെസ്സ് എന്നിവയെല്ലാം ഇൻഡോർ ഗെയിം ആണ്. അതേസമയം ഔട്ട് ഡോർ ഗെയിം എന്നാൽ ഇട്ടിരിക്കുന്ന വസ്ത്രത്തിൽ ചെളി പുരളുമെന്ന് ഓർത്ത് മാറ്റി വെയ്ക്കാനുള്ളതല്ല. മക്കൾക്ക് ശരിയായ മാനസിക ശാരീരിക വളർച്ചയ്ക്കും ഉല്ലാസത്തിനും ആരോഗ്യത്തിനും വ്യായാമം വളരെയധികം അത്യന്താപേക്ഷിതമായ ഒന്നാണ്. ഔട്ട് ഡോർ ഗെയിം കളിക്കുമ്പോൾ സോഷ്യൽ സ്കിൽസ്, ദിനവും മനസ്സിനകത്ത് പുതുപുത്തൻ ആശയങ്ങൾ, പോസിറ്റിവ്‌ ആറ്റിട്യൂഡ് എന്നിവ അതിവേഗം ഡെവലപ്‌ ആയി വരും. സ്‌കൂളുകളിൽ കുട്ടികളെ ടീം വർക്ക് ചെയ്ത് പഠിപ്പിക്കാറുണ്ട്, ടീം സ്പിരിറ്റ് ഉണ്ടാവാൻ വേണ്ടിയാണ് അത്. ഔട്ട് ഡോർ ഗെയിം കളിക്കുമ്പോൾ സ്വാഭാവികമായും കുട്ടികളിൽ ടീം സ്പിരിറ്റ് രൂപപ്പെട്ടു വരുമെന്നതും ഒരു വലിയ പോസിറ്റീവ് എനർജിയാണ്. സ്പോർട്സ് മാൻ സ്പിരിറ്റിൽ കളിക്കാനും ജീവിക്കാനും മക്കൾക്ക് പോസിറ്റിവ് ആറ്റിട്യൂഡ് തന്നെ വേണം. ഇളം വെയിലത്ത് ഔട്ട് ഡോർ ഗെയിം കളിക്കുന്നത് ചർമ്മത്തിന് ആവശ്യമായ വിറ്റാമിൻ ഡി വേണ്ടത്ര ലഭിക്കാനും നല്ലതാണ്. ഓട്ടവും ചാട്ടവും അതിനിടയിൽ ശരീരത്തിൽ ഉണ്ടാവുന്ന ചലനവും അനക്കവും ശരിയായ രക്തചക്രമണം നടക്കാനും ബോഡി ഫിറ്റ്നസ്സിനും കൂട്ട് നിൽക്കുന്നു..

പിറന്ന് വീഴുന്ന മക്കൾക്ക് മുൻതലമുറ അനുഭവിച്ചതും അറിഞ്ഞതും എന്തെന്ന് ചിലപ്പോൾ ഭാവനയിൽ പോലും തിരിച്ചറിയാൻ പറ്റില്ല. അതല്ലെങ്കിൽ മക്കൾ ഇപ്പറഞ്ഞ പലതിനെക്കുറിച്ചും അജ്ഞരാണ് എന്ന സത്യം മനസ്സിലാക്കി അച്ഛനമ്മമാർ ആസ്വദിച്ച വർണ്ണനീയവും അതിമനോഹരവുമായ ഒരു കാലഘട്ടത്തെ കുറിച്ച് ഇരുന്ന് പറഞ്ഞു കൊടുക്കണം, കൂട്ടത്തിൽ അറിഞ്ഞ കഷ്ടപ്പാടുകളെക്കുറിച്ചും മക്കൾ അറിയണം. പറഞ്ഞുവന്ന കാര്യം എന്തെന്നാൽ മക്കൾക്ക് പ്രകൃതിയെ പരിചയപ്പെടുത്തി കൊടുക്കുന്നതിൽ ഒട്ടും വിമുഖത കാണിക്കരുത്. പ്രകൃതിയിൽ നിന്ന് അവരെ അകറ്റുകയും അരുത്. താത്പര്യമുണ്ടെങ്കിൽ കൂടുതൽ അറിയാനും പഠിക്കാനും എസ്‌പ്ലോറിങ് ചെയ്യാനുമുള്ള അവസരങ്ങൾ ഒരുക്കി കൊടുക്കുകയാണ് വേണ്ടത്. സ്‌കൂൾ പുസ്തകങ്ങളിൽ മാത്രമായി അവരെ തളച്ചിടാതിരിക്കുകയും എവിടെയും ഒതുങ്ങിക്കൂടാതെ സ്വതന്ത്രമായി വളരാനും അനുവദിക്കണം. മേൽപ്പറഞ്ഞ കാര്യങ്ങളൊന്നും മക്കൾക്ക് നിഷേധിക്കാൻ പാടില്ല. കുഞ്ഞുങ്ങൾ വളരേണ്ടത് പ്രകൃതിയോടും നിൽക്കുന്ന പരിതസ്ഥിതിയുമായിടും ഇണങ്ങിയും കൂട്ടുകൂടിയുമാണ്.

Also read: മെയ് ദിനാഘോഷം പള്ളിയിൽ

മുറ്റത്തേക്കിറങ്ങിയിട്ടുള്ള കളികൾ ഇല്ലാതായത് ഒരുപക്ഷേ ശുചിത്വപരിപാലനത്തിന്റെയും പണം വന്നപ്പോൾ അമിതമായ കെയറിങ്ങിന്റെയുമൊക്കെ ഭാഗമായിട്ടാവാം. കുഞ്ഞുങ്ങളെ പഴയ പോലെ ഇന്ന് രക്ഷിതാക്കൾ മണ്ണിലും ചേറിലും കളിക്കാൻ അനുവദിക്കുന്നത് പൊതുവെ കാണാറില്ല. മാർക്കറ്റിൽ കിട്ടുന്ന വിലപിടിപ്പുള്ള കളിപ്പാട്ടങ്ങൾ എടുത്ത് വെച്ചു കൊടുത്തോ മൊബൈലോ ടി.വിയോ ഓൺ ചെയ്ത് വെച്ചുകൊടുത്തോ വീട്ടിനകത്ത് തന്നെ ഇരുത്തി അവരുടെ ലോകം അതിലേയ്‌ക്ക് മാത്രമായി ചുരുക്കി കളയുന്നതാണ് പല വീടുകളിലെയും രീതി. വീടിന് ചുറ്റും കൺമതിലുകൾ ആവും അടുത്ത വീട്ടിലെ കുട്ടികളുമായി കൂടിക്കലർന്ന് കളിക്കാനും സംഘടിക്കാനും ഇന്നത്തെ കുട്ടികൾക്ക് ഭാഗ്യമില്ല. പണ്ടൊക്കെയെന്നുവെച്ചാൽ ബന്ധുക്കൾ കുട്ടികളുമായി വിരുന്ന് വരുന്നതും സാധാരണമായിരുന്നു ഇന്ന് അതും അത്യാപൂർവ്വം, പഴയ കാലം പോലെ ജോയിന്റ് ഫാമിലിയും ഇന്നില്ല, അണുകുടുംബം എന്ന സിസ്റ്റത്തിൽ മക്കൾ അവനവനിലേയ്ക്ക് ഉൾവലിഞ്ഞു ജീവിക്കേണ്ട അവസ്ഥയാണ്. അവിടെ ഇപ്പറയുന്ന മൊബൈലും ടി.വി പോലുള്ള ഡിവൈസസ് കൂട്ടിനും ഉണ്ടാവും.

Also read: ജോ ബൈഡനും മിഡിലീസ്റ്റ് രാഷ്ട്രീയവും

എന്നാൽ ഇതിനെല്ലാം അതിന്റെതായ പാർശ്വഫലങ്ങൾ ഉണ്ട്. വീട്ടിൽ നിന്ന് സ്‌കൂൾ വാനിൽ കയറ്റി സ്‌കൂൾ മുറ്റത്തും അവിടെ നിന്ന് നേരെ വീട്ട് മുറ്റത്തേയ്ക്കും ഇതാണല്ലോ ഇപ്പോൾ പതിവ്. അതിനിടയിൽ ആളുകളുമായി ഇടപാഴകാൻ സമയവും സാഹചര്യവും എവിടെ. രണ്ട് വീടിനപ്പുറം ആരാണ് താമസിക്കുന്നത് പോലും അവർക്ക് അറിയില്ല. സ്വന്തം നാട്ടുകാരെ കുട്ടികൾക്ക് അറിയില്ല. സാമൂഹിക ഇടപെടലുകളും സോഷ്യലൈസിങ് പഠിക്കാൻ കുട്ടികൾക്ക് സാഹചര്യം പരിമിതപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതിനൊക്കെ ഉത്തമം ഗവണ്മെന്റ് സ്‌കൂളുകൾ തന്നെയാണ് അതുകൊണ്ട് സർക്കാർ സ്‌കൂളുകൾ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. സമൂഹത്തിന്റെ നാനാ തുറകളിലുമുള്ള കുടുംബങ്ങളിലെ കുട്ടികൾ സംഗമിക്കുന്ന ഒരു ഇടമാണ് ഇത്തരം സ്ഥാപനങ്ങൾ. അവിടെയാകുമ്പോൾ വലിയവൻ ചെറിയവൻ എന്നൊന്നില്ല, എല്ലാ തട്ടുകളിലും ജീവിക്കുന്ന കുടുംബങ്ങളിലെ കുട്ടികൾ കാണും. അതേപോലെ മതം, ജാതി, സമ്പത്ത്, പദവി ഇവ കൊണ്ടൊന്നും കുട്ടികൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാൻ പാടില്ല.

പഴയ കാലത്ത് അച്ഛനമ്മമാർക്ക് കുഞ്ഞുങ്ങളെ പോറ്റി വളർത്തൽ അത്ര വലിയ അനകേറാമലയായി തോന്നിയിരുന്നില്ല. ദാരിദ്ര്യത്തിലും കഷ്ടപ്പാടിന്റെ നടുവിലും അഞ്ചും പത്തും മക്കളെ വളർത്തിയെടുക്കുമ്പോൾ അവർക്ക് ടെൻഷനൊന്നും ഇല്ലായിരുന്നു. ഇന്ന് പക്ഷെ കാലം മാറി കഥ മാറി. മക്കളെയെല്ലാം കൂടെ വീട്ടിൽ ഇരുത്തി കഴിഞ്ഞാൽ അന്നത്തെ കാലം മാതാപിതാക്കളുടെ അവസ്ഥ എന്തായിരിക്കും? മക്കളെകുറിച്ച് അനാവശ്യ ചിന്തയും ആധിയുമില്ലാത്ത അവർ അവരുടെ മക്കളെ സ്വതന്ത്രമായി വയലോലകളിലും ചെളിയിലും വെള്ളത്തിലും കളിക്കാൻ അയച്ചിരുന്നു. അയൽവീട്ടിലെ കുട്ടികളൊക്കെ ചേർന്ന് വലിയ ഗ്രൂപ്പ് ആയിട്ടാണ് കുട്ടികൾ കളിച്ചിരുന്നതും. മഴ, വെയിൽ, മഞ്ഞ്കാലം അങ്ങനെ എന്നൊന്നും ഇല്ല, മക്കൾ എല്ലാം പരിചയിച്ചാണ് വളർന്നത്. ഇന്ന് പക്ഷേ അല്പം മഴച്ചാറ്റൽ തട്ടുമ്പോഴത്തേക്കോ വെയിൽ കൊള്ളുമ്പോഴത്തെക്കോ മാതാപിതാക്കൾ കുഞ്ഞുങ്ങളെ കൂരയ്ക്കകത്തേയ്ക്ക് പിടിച്ചു കയറ്റും. വെയിലും മഴയും കൊള്ളിക്കാതെ ഒന്നുമറിയാതെ, അറിയിക്കാതെ മക്കളെ വളർത്തുന്നു.

വീടിന് ചുറ്റുമുള്ള ചെടികളും സസ്യങ്ങളും നോക്കി കഴിഞ്ഞാൽ അവ വെയിലും മഴയും കൊള്ളുന്നു വേനലിൽ കടുത്ത ചൂടിൽ ഭാഗികമായി വരണ്ടുണങ്ങി കഴിഞ്ഞിരിക്കും. മഴ വരുമ്പോഴത്തെക്കും പൂർവ്വ സ്ഥിതിയിലേക്ക് തന്നെയോ അല്ലെങ്കിൽ അതിനേക്കാൾ ഭംഗിയായി തളിർത്തും കിളിർത്തും വളരാനുള്ള കരുത്ത് ആർജ്ജിച്ചെടുക്കുകയാണ്. എങ്ങനെയും അതിജീവിക്കുന്നു. കുട്ടികൾക്കും വേണം വളരെ ചെറിയ രീതിയിലെങ്കിലും ഇത്തരം ചില എക്‌സ്പോഷർ. അല്പം വെയിലും മഴയൊക്കെ കൊള്ളാം. ചില കർശനമായ ചിട്ടകളിലൂടെ ചില എക്‌സ്പോഷറിലൂടെ അവരെ ശക്തരാക്കിയും മോൾഡ് ചെയ്തും എടുക്കുന്നതിനെയെല്ലാം സ്നേഹമില്ലായ്മയോ കാരുണ്യമില്ലായ്മയോ ആയി തോന്നാമെങ്കിലും ഭാവിയിൽ അത് അവർക്ക് തന്നെ ഉപകാരപ്പെടുമെന്നതിൽ സംശയമില്ല. സഹനശക്തിയും അതിജീവനക്ഷമതയും വർദ്ധിപ്പിച്ചെടുക്കാൻ ഇതൊക്കെ കൂടിയേ തീരൂ.

നവജാതശിശു കാലത്തെ തന്നെ ഉണരുന്നു, വലിയ മനുഷ്യർ ബാത്റൂമിലെയ്ക്ക് പോകുമ്പോൾ അത് കിടന്നിടത്ത് തന്നെ ചെയ്യേണ്ട കൃത്യങ്ങൾ നിറവേറ്റുകയും ചെയ്യുന്നതൊക്കെ പ്രകൃതി തന്നെ മനുഷ്യന്റെയുള്ളിൽ ഘടിപ്പിച്ചിരിക്കുന്ന ഘടികാരത്തിന്റെ കൃത്യനിഷ്ഠതയാണ് . അല്ലെങ്കിൽ ആരും അവരെ ഓർമ്മപ്പെടുത്തുകയോ ഉണർത്തുകയോ ചെയ്യേണ്ടി വരുന്നില്ല. മനുഷ്യനിൽ പ്രകൃതിയുണ്ട്, നൈസർഗ്ഗീകതയുണ്ട്, നൈസർഗ്ഗീകമായ കഴിവുകളും ചോദനകളും ഉണ്ട്. പ്രതിഭയും സർഗ്ഗാത്മകപരമായ കഴിവുകളും അവരിൽ ഒളിഞ്ഞിരിപ്പുണ്ട്. ഇവയെല്ലാം ഏറ്റവും മനോഹരമായി പ്രതിഫലിക്കുന്നത് അവർ തന്നിലെ പ്രകൃതിയോട് ചേർന്ന് നിൽക്കുമ്പോഴാണ് എന്നതാണ് സത്യം. പ്രകൃതിയിൽ നിന്ന് മനസ്സകൊണ്ട് അകലുമ്പോൾ അവർക്ക് നഷ്ടമാകുന്ന പലതും ഉണ്ട്. മണ്ണിനോടും പ്രകൃതിയോടും അടുക്കുന്തോറും മനുഷ്യൻ നന്മയുള്ളവരായി മാറുകയെ ഉള്ളൂ.
സഹജീവികളെക്കുറിച്ച് ബോധമില്ലാതെ മനുഷ്യനും മനുഷ്യത്വവും എന്തെന്നറിയാതെ കുട്ടികളെ വളർത്തരുത്. ഒരു കൃത്രിമ ലോകം മുന്നിൽ നിൽക്കുമ്പോൾ മക്കൾ ചിലപ്പോൾ പലതും മറക്കും പലതും മനസ്സിലാക്കാനും തയാറായെന്നൊന്നും വരില്ല. മാതാപിതാക്കളുടെ കടമയാണ് അവരെ ജീവിതമെന്തെന്ന് പഠിപ്പിക്കൽ.

Also read: നീതി- നിയമം: വ്യവസ്ഥാപിത പരാജയത്തെപ്പറ്റി

അതേപോലെ ഇന്നത്തെ ചില മാതാപിതാക്കളിൽ കാണുന്ന മറ്റൊരു പ്രവണതയും കൂടെ ഉണ്ട് കുഞ്ഞുങ്ങളെ വളരെ ചെറുപ്പത്തിലെ തന്നെ തങ്ങളുടെ കുഞ്ഞ് എന്തോ വലിയ സംഭവമാണെന്ന് ജനങ്ങൾക്ക് മുന്നിൽ കാണിക്കാനുള്ള വ്യഗ്രതയിൽ വലിയവരെപ്പോലെ ചിന്തിക്കാനും പെരുമാറാനും പ്രേരിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യും. കുട്ടിക്കാലത്ത് കാണിക്കേണ്ട വികൃതിയും കുസൃതിത്തരങ്ങളും കാണിക്കാതേ മുതിർന്നവരെ പോലെ പെരുമാറുന്ന കുഞ്ഞുങ്ങൾക്ക് മനോഹരമായ ഒരു ബാല്യം നാഷ്ടപ്പെടുത്തുകയാണ് ഈ രക്ഷിതാക്കൾ. ഓരോ പ്രായത്തിനും അതിന്റെതായ പക്വത കാണിക്കലാണ് ഭൂഷണം.  മുതിർന്ന ആൾക്കാർ നിൽക്കുമ്പോൾ അവരുടെ മുന്നിൽ കുട്ടി പരിധിവിട്ട പക്വതയും അമിത സാമർത്ഥ്യവും കാണിക്കുന്നത് അച്ഛനമ്മമാർക്ക് ഒരുപക്ഷെ വലിയ രസമായിട്ട് തോന്നുമായിരിക്കും. കാണുന്നവർക്ക് മിക്കപ്പോഴും അതൊരു ആരോചകമാവും.

Related Articles