Current Date

Search
Close this search box.
Search
Close this search box.

ആത്മീയത നൽകുന്ന പരിജ്ഞാനം

മനുഷ്യന്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ, അതിജീവനത്തിന്റെ പാതയിൽ ഓരോ നിമിഷവും കയർത്തുപൊങ്ങുകയും അതുപോലെ തന്നെ അതിവേഗം താഴുകയും ഒടുക്കം ശാന്തമായ സമുദ്രം പോലെ പൂർവ്വാവസ്ഥയിലേയ്ക്ക് എത്തുകയും ചെയ്യുന്ന വൈകാരികതയുടെ വേലിയേറ്റ വേലിയിറക്കങ്ങളിലും, ബന്ധങ്ങളുടെ പിരിമുറുക്കങ്ങളിലും, പ്രശ്നങ്ങളുടെ അഗ്നിപർവ്വതങ്ങൾ തിളച്ചു പൊങ്ങുന്നതിന് നടുവിലും തനിക്ക് താൻ നഷ്ടപ്പെടുന്നോ എന്ന് അവൻ/അവൾ ചിന്തിച്ചു തുടങ്ങുന്നുണ്ട്. ബാല്യത്തിന്റെ കൗതുക കുതൂഹലങ്ങൾക്കിടയിലും ചുറ്റുമുള്ള ലോകത്തെ നോക്കി കുഞ്ഞു നാളിലെ നമ്മൾ ജിജ്ഞാസയോടെ പലതും ചിന്തിച്ചു തുടങ്ങുന്നു, വാർധക്യത്തിലേയ്ക്ക് കാലെടുത്തു വെയ്ക്കുമ്പോഴും അനുദിനം ചിന്തയുടെ ആഴവും വ്യാപ്തിയുമേറുന്നു. അങ്ങനെ ജീവിതം മുന്നോട്ട് പോകുമ്പോഴും മനസ്സിന്റെ ഉള്ളറയിൽ അവരെ അലട്ടുന്ന ഒട്ടേറെ സമസ്യകൾ ഉയിർത്ത് എഴുന്നേൽക്കുന്നുണ്ട്. മനസ്സ് അയാൾക്ക് നേരെ തൊടുത്തു വിടുന്ന ഓരോ ചോദ്യങ്ങൾക്കും അയാൾ കടന്നു പോകുന്ന ഓരോ ഘട്ടത്തിലെയും അയാളിലെ ഇന്റലിജൻസ് അല്ലെങ്കിൽ ബൗദ്ധിക നിലവരത്തിനൊത്ത ഉത്തരമാണ് മനുഷ്യർ കണ്ടെത്തുന്നതും കണ്ടെത്തേണ്ടതും. അത് അവനവന്റെ തന്നെ ഉത്തരവാദിത്വങ്ങളിൽ ഒന്നാണ്. എങ്കിൽ അത് പലപ്പോഴും ബാഹ്യശക്തികളുടെ അമിതമായ കൈകടത്തലാൽ ഗതി വിട്ട് ചലിക്കുന്നതാണ് നമ്മൾ കാണാറുള്ളത്. ഒരു വ്യക്തിയുടെ മാനസിക വളർച്ച പൂർണ്ണതയിലേയ്ക്ക് എത്തണമെങ്കിൽ ആ വ്യക്തിയിൽ നിലനിൽക്കുന്ന ആത്മീയപരമായ തേട്ടങ്ങൾക്ക് കൂടെ ഉത്തരം കണ്ടെത്താൻ അയാൾക്ക് കഴിയേണ്ടതുണ്ട്. കുഞ്ഞുങ്ങൾക്ക് ആവുന്നത്ര അറിവുകൾ നൽകിയും അവരിലെ ചിന്താശേഷി വളർത്തിയും ബൗദ്ധീകനിലവാരം ഉയർത്തിയെടുക്കണം. അതോടൊപ്പം രക്ഷകർതൃത്വം ആത്മബോധവും ഉൾക്കാഴ്ച ഏകുന്നതുമാക്കാൻ രക്ഷിതാക്കൾ ശ്രദ്ധിച്ചാലേ യഥാർത്ഥ ഗുണം ചെയ്യുള്ളൂ.

എപ്പോഴും പരമ്പരഗതമായി പിൻപറ്റി പോരുന്ന മതപരമായ ആചാരങ്ങളിലും വിശ്വാസ മുറകളിലും മതസംഹിതകളിലെ നിയമങ്ങളിലും ചിട്ടകളിലും മൂല്യങ്ങളിലുമൊക്കെയായി മനുഷ്യർ വിശ്വാസങ്ങളെ തളച്ചിടുകയും അതിൽ ആശ്രയം കണ്ടെത്തുകയും ചെയ്യുകയുമാണ് ചെയ്യുന്നത്. ഈ വിധം ശരിയ്ക്കും ആത്മീയമായ ഔന്നിത്യത്തിലേയ്ക്ക് ഉയർന്ന അർത്ഥതലങ്ങളിലേക്ക് അവനവനെ കൊണ്ടുപോകാൻ സാധിക്കാതെ അതിൽ മാത്രമായി മനുഷ്യർ ഒതുങ്ങിപ്പോകുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. എന്നാൽ ആത്മീയത അതിനകത്തൊന്നും ഒതുങ്ങുന്നത് അല്ല. അപ്പറഞ്ഞവയിലെല്ലാം ഉറച്ച് നിന്ന് ഉള്ളിൽ നുരഞ്ഞു പൊങ്ങുന്ന ചോദ്യങ്ങൾക്ക് ഒരേ ഒരു വാക്കിൽ ഉത്തരം നൽകുന്ന, ആരോ പകർന്ന് നൽകിയ അറിവിലൂടെ താൻ താണ്ടേണ്ട അറിവിന്റെയും ചിന്തകളുടെയും വളർച്ചയുടെയും മൈലുകൾ ദൈവം എന്നൊരു വാക്കുകൊണ്ട് പരിമിതപ്പെടുത്തി രക്ഷപ്പെടുന്ന ആളുകൾ നിഷ്പ്രയാസം സ്വന്തം മനസ്സിനെ അതിലേയ്ക്ക് മാത്രമായി ചുരുക്കുകയാണ് ചെയ്യുന്നത്. ആ ദൈവത്തിങ്കലേയ്ക്ക് സർവ്വതും സമർപ്പിച്ച് ചിന്തകളെ അടക്കി ജീവിക്കാനാണ് പഠിപ്പിക്കുന്നത് അവർ. ദൈവമെന്നാൽ വിശാലതയാണ്, അറിവിൻ സാഗരമാണ്, അറിവിലൂടെയും ചിന്തകളിലൂടെയും ഒരു മനുഷ്യൻ ചെന്നെത്തേണ്ട ഒരിടമാണ് എന്നൊക്കെ നമ്മൾ അറിയുന്നില്ല.

Also read: മരണത്തിനും പ്രതീക്ഷക്കുമിടയില്‍ മൂന്ന് മണിക്കൂര്‍

വേറെ ചിലർ മതം വർജ്ജിച്ചു വിശ്വാസത്തെയും വിശ്വാസികൾ പിൻപറ്റുന്ന എല്ലാത്തിനെയും തിരസ്ക്കരിച്ചു ജീവിക്കുന്നു. അതൊക്കെ ഓരോരുത്തരുടെയും ഇഷ്ടമാണ്, വിശ്വാസിക്കണോ വിശ്വസിക്കണ്ടേ എന്നതൊക്കെ. യുക്തിയെ കൂട്ട് പിടിച്ച് അറിവുകൾക്കും ശാസ്ത്രബോധത്തിനും നിരക്കുന്ന അല്ലെങ്കിൽ തന്റെ യുക്തിയ്ക്കും ബുദ്ധിയ്ക്കും അനുസരിച്ചുള്ള ഉത്തരങ്ങൾ കണ്ടെത്തി തന്നിലെ അന്വേഷണ ത്വരയെ ശമിപ്പിക്കാനാണ് അവർ ശ്രമിക്കുന്നത്. പല ഘട്ടങ്ങളിലായി നടക്കുന്ന ആത്മപരിവർത്തനങ്ങളിലൂടെയും ആത്മപരിശോധനയിലൂടെയും ധിഷ്ണാപരമായ വളർച്ചയുടെയും ആത്മജ്ഞാനത്തിലൂടെയും സ്വയം തിരിച്ചറിയുന്ന ഒരു എനർജിയായും ദൈവത്തെ കാണുന്നവരുണ്ട്
ദൈവമില്ല എന്ന് വാദിക്കുന്നവരിൽ കണ്ടിരിക്കേണ്ട വിവേകവും സമാന്യബുദ്ധിയും തിരിച്ചറിവും അസഹിഷ്ണുതയും ദൈവമുണ്ട് എന്ന് വാദിക്കുന്നവരിൽ കാണാത്ത അധാർമ്മികതയും അലക്ഷ്യമായ ജീവിതവും എല്ലാം നമ്മിൽ ചോദ്യങ്ങൾ ഉയർത്താറുണ്ട്.

ആത്മീയത (spirituality) എന്നാൽ പഞ്ചേന്ദ്രീയങ്ങൾക്ക് അതീതമായ അല്ലെങ്കിൽ അതീന്ദ്രിയമായ ഒന്നാണ്. മനുഷ്യന്റെ സെൻസ് കൊണ്ട് സെൻസ് ചെയ്യാൻ കഴിയുന്നതിനപ്പുറമുള്ള ഒരു ഇന്റലിൻജിൻസ് അതിനെ അംഗീകരിക്കലാണ്. സർവ്വവ്യാപിയും സർവ്വലൗകികവുമായ നമ്മെയെല്ലാം നിയന്തിക്കുന്ന ഒരു ശക്തിയെ തിരിച്ചറിയലാണ്.

ബൗദ്ധികപരമായ വികാസം അല്ലെങ്കിൽ വളർച്ച (Intelligent Quotient/EQ) വൈകാരികപരമായ വളർച്ചയും പക്വതയും (Emotional Quotient/EQ) സാഹചര്യങ്ങളോട് പൊരുത്തപ്പെടാനും പരുവപ്പെടാനുമുള്ള കഴിവ് (Adaptable Quotient/AQ) ഇവയെ കൂടാതെ ആത്മബോധത്തിലൂടെ അല്ലെങ്കിൽ ആത്മാന്വേഷണത്തിലൂടെയുടെയുള്ള ആധ്യാത്മീയമായ വളർച്ച (Spiritual Quotient/SQ) കൂടെ കുഞ്ഞുങ്ങളിൽ നടക്കണം. ആത്മീയ വളർച്ച (spiritual growth) കുഞ്ഞുങ്ങളിലെ ഉൾക്കണ്ണ് അല്ലെങ്കിൽ ഉൾക്കാഴ്ച വർധിപ്പിക്കും. ലോകത്തെ ദാർശനികതയിലൂടെ വീക്ഷിച്ചും അടുത്തറിഞ്ഞും കുഞ്ഞു വളരുമ്പോൾ അത്യാകർഷണീയവും മാസ്മരികവുമായ ഒരു വ്യക്തിത്വം അവരിൽ രൂപപ്പെടും. ചോദ്യങ്ങളും അവയ്ക്ക് ഉത്തരങ്ങളും കണ്ടെത്തിക്കൊണ്ടിരിക്കുന്ന മനുഷ്യനിലെ ധിഷ്ണാശക്തി എന്നും എപ്പോഴും അഭിവൃദ്ധിപ്പെട്ടുകൊണ്ടിരിക്കും. ധിഷ്ണാ ശാലികൾ സമൂഹത്തിൽ എന്നും ആദരിക്കപ്പെടുകയും ചെയ്യും. അറിവ് ഉണ്ടായിട്ട് മാത്രം കാര്യമില്ല അറിവിന്റെ ഗുണം അയാളുടെ വ്യക്തിത്വത്തിൽ തെളിഞ്ഞു കാണുമ്പോഴേ പ്രയോജനമുള്ളൂ.

ആത്മബോധത്തിലേയ്ക്ക് മക്കളെ എത്തിക്കാൻ സാധിച്ചാൽ അത് മക്കളുടെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി മാറും. അതുകൊണ്ട് അവർ അനുഭവിച്ചറിയാൻ പോകുന്ന ഒട്ടേറെ സംഗതികൾ ഉണ്ട്. ഇത് ഇല്ലാത്തതാണ് പലരും നേരിടുന്ന പ്രശ്‌നം.

ജീവിതത്തിന്റെ ഉയർച്ചയും താഴ്ചയും പ്രയാസങ്ങളും പ്രശ്നങ്ങളും നേരിടാൻ സ്പിരിച്വലി ഉയർന്ന മനുഷ്യർക്ക് മറ്റുള്ളവരെക്കാൾ എളുപ്പമായിരിക്കും. ആന്തരികമായ ശാന്തിയും സമാധാനവും (inner peace) കണ്ടെത്താനും ജീവിതത്തിൽ സന്തോഷവും സംതൃപ്തിയും സ്വയം കണ്ടെത്താനും ഇവർക്ക് കഴിയും. എത്ര കഠിന പ്രയാസങ്ങളും കടന്ന് പോവുമ്പോഴും ഒരു പുഞ്ചിരിയോടെ ജീവിതത്തെ അഭിമുഖീകരിക്കാൻ, ആയുരാരോഗ്യത്തോടെ മാനസിക ഉല്ലാസത്തോടെ മരണം വരെ ജീവിക്കാൻ ആത്മീയതയിലൂടെ ജീവിക്കുന്ന ഒരാൾക്ക് കഴിയും.

അങ്ങനെയെങ്കിൽ സഫലമായ ഒരു ജീവിതം എന്നാൽ ആത്മീയപരമായി ഉയർന്ന spiritualy uplifted ആയ ഒരു മനുഷ്യൻ ആവുക എന്നത് കൂടെയാണ്. തന്നിലെ spiritual energyയെ യഥാസമയം ഉണർത്തുകയും അത് തന്റെ വളർച്ചയ്ക്കും ഉയർച്ചയ്ക്കും പ്രയോജനപ്പെടുത്താനും കഴിയുന്നത് വളരെ വലിയൊരു കഴിവാണ്. പൊസിറ്റിവ് മനോഭാവമാണ് ഇതിന് പ്രധാനം. വിമർശനം സ്വാഭാവികം എന്നാൽ ഇതിനെ അനുഭവിച്ചറിയാൻ കഴിയണമെങ്കിൽ ഹയർ ലെവൽ പൊസിറ്റിവ് എനർജിയും ദൂഷ്യചിന്തകളിൽ നിന്ന് അകലം പാലിക്കുകയും മുക്തരാവാൻ സാധിക്കുകയും വേണം. അല്ലാത്തിടത്തോളം നമുക്ക് വാദഗതിയിൽ മുഴുകി നിൽക്കാം. ദൈവം ഇല്ലാത്തവന് ഇല്ല ഉള്ളവന് ഉണ്ട് ഇല്ലാത്തവന് ഇല്ല എന്നോ ഉള്ളവന് ഉണ്ട് എന്നോ വാദിച്ചു ജയിക്കെണ്ട ആവശ്യം ഇല്ലല്ലോ.

Also read: ഇന്ത്യന്‍ നീതിപീഠത്തെ എങ്ങിനെ നീതിയുടെ പേരിൽ അഭിസംബോധന ചെയ്യും ?

ഈ ലോകത്തെയും ആളുകളെയും ജീവികളെയും നോക്കി അതിന്റെ യഥാർത്ഥ മാനവും മഹത്വവും ഉൾക്കൊള്ളാൻ ഒരു വ്യക്തിയ്ക്ക് സാധിക്കുന്നെങ്കിൽ ആ വ്യക്തി ജ്ഞാനിയാണ്, നമുക്ക് ചുറ്റും സാധാരണ മനുഷ്യരായി ഇവർ ജീവിക്കുന്നുണ്ട്. അത്രയും ഇയർന്ന ലെവലിൽ ആയിരിക്കും അത്തരം മനുഷ്യരുടെ ചിന്തകൾ. നെഗേറ്റിവിനെയും പൊസിറ്റിവിനെയും സ്വീകരിക്കലാണ് അന്തർജ്ഞാനമുള്ള, ആധ്യാത്മികതയുടെ ഉയർന്ന തലങ്ങളെ സ്പർശിച്ച ഒരാളുടെ ലക്ഷണം. നെഗേറ്റിവ് ഇല്ലാതെ പൊസിറ്റിവ് ഇല്ല, ഇരുട്ടില്ലാതെ വെളിച്ചമില്ല, ദൈവമുണ്ടെങ്കിൽ പിശാചും ഉണ്ടെന്ന് വിശ്വസിച്ചെ തീരൂ. ദൈവം പ്രകടമാകുന്നത് നന്മകളിലാണ് പിശാച് തിന്മകളിലും.

അവനവനിലേയ്ക്കും ആത്മീയപരമായ ചിന്തകൾക്കും നേരെയുള്ള ഒരു ചൂണ്ടുപലകയാണ് മതം എന്നാൽ  മതങ്ങൾ ഇല്ലെങ്കിലും മനുഷ്യന് ആത്മീയമായി ഉയരാൻ സാധിക്കും. അവനവനിൽ തന്നെയുണ്ട് എല്ലാം തിരിച്ചറിയാനും മനസ്സിലാക്കാനുമുള്ള കഴിവ് . എന്നാൽ നേർവഴി തെളിയിക്കാൻ സത്യത്തിന്റെ വഴിയിലേക്ക് നല്ലൊരു ഗുരു കൂടെ ഉണ്ടാവുന്നതും വെളിച്ചം പകർന്ന് നൽകുന്നത് അനിവാര്യമായി വരുന്നു. അത് മാതാപിതാക്കൾക്കും അറിഞ്ഞു ചെയ്യാവുന്നതെ ഉള്ളൂ. SQ പ്രബലമായിയും സജീവമായും നിലനിൽക്കുന്ന ഒരു വ്യക്തിത്വത്തിന് കുടുംബം സമൂഹം എന്നിവയും അവയോടുള്ള പ്രതിബദ്ധതയെക്കുറിച്ചും അതിൽ തന്റെ സ്ഥാനവും മൂല്യവും അറിഞ്ഞു പെരുമാറാൻ സാധിക്കും. ദൈവികത എന്നാൽ മാനവികതയുമായി അലിഞ്ഞു ചേർന്നതാണ് എന്ന ബോധമാണ് അവരെ നയിക്കുന്നത്. അയാളിൽ വിനയവും ലാളിത്യവും എളിമയും പ്രകടമാകും സ്വാർത്ഥതയുടെ അമിത ലാഞ്ഛന അവരിൽ കണ്ടെത്താൻ സാധിക്കില്ല. അവർ തിരിച്ചറിഞ്ഞ ദൈവത്തിൽ സുരക്ഷിതമായ ജീവിതം നായിക്കുന്നവരാവും.
അരക്ഷിതാവസ്ഥയോ അജ്ഞതയോ ഭയമോ ഭീതിയോ അവരെ കീഴ്പ്പെടുത്തുന്നില്ല. ഇതും ജീവിതത്തെ ഭദ്രമാക്കാനുള്ള മറ്റൊരു വഴിയാണ്. മാനസികമായ സുരക്ഷിതത്വം ആത്മാർപ്പണം നിറഞ്ഞ ഭക്തി പ്രദാനം ചെയ്യുന്നുണ്ട്. പക്ഷെ എല്ലാത്തിനും കാണുന്ന പോലെ ആത്മീയതയെയും വില്പനചരക്കാക്കുന്നവരും അത് വെച്ച് മുതലെടുക്കുന്നവരും അന്ധമായ ഭക്തിയിൽ അന്ധരാവുന്നവരും ഇപ്പറഞ്ഞതിനൊക്കെ അപ്പുറം മാനവരാശിയ്ക്ക് തന്നെ അപകടകരകമായി മാറുന്നതിന് നമ്മൾ സാക്ഷ്യം വഹിക്കുന്നു. ഇങ്ങനെയുള്ള ഒരു കാലത്ത് കുഞ്ഞിലേയ്ക്ക് നൽകേണ്ട ആത്മീയപരമായ അവബോധം സഹജീവി സ്നേഹത്തിൽ ഊന്നിയതാണെങ്കിലെ അത് യഥാർത്ഥ ഫലം ചെയ്യു.  അതല്ലെങ്കിൽ അപ്പറയുന്നതിന്റെയെല്ലം വിപരീത ഫലം ആ വ്യക്തിയുടെ ജീവിതത്തെ തന്നെ അന്ധകാരത്തിലേയ്ക്ക് നയിക്കും.

Related Articles