Current Date

Search
Close this search box.
Search
Close this search box.

അറിവ് തന്നെ സമ്പാദ്യം

ഒരേ അച്ചിനകത്ത് വാർത്തെടുത്ത, ഒന്നിൽ നിന്നും ഒട്ടും വ്യത്യസ്തത പുലർത്താതെ സമരൂപമായി മറ്റൊന്ന്, ഇതുപോലെ ഒരിക്കലും ഒരേ അച്ചിൽ നിർമ്മിച്ച് എടുക്കേണ്ടതല്ല വ്യക്തിത്വങ്ങൾ. മനുഷ്യർ തമ്മിൽ ഒട്ടേറെ സമാനതകളും സാദൃശ്യങ്ങളും കണ്ടെന്നുവരാമെങ്കിലും ബുദ്ധിവൈഭവംകൊണ്ടും കഴിവുകൾകൊണ്ടും യുക്തികൊണ്ടും ശരീരപ്രകൃതികൊണ്ടും എല്ലാംകൊണ്ടും ഓരോ മനുഷ്യരും മറ്റൊരാളിൽ നിന്ന് വിഭിന്നരും വ്യത്യസ്തരുമാണ്. ആരും ആരെയും പോലെയല്ല എന്നർത്ഥം, ആവാൻ കഴിയുകയുമില്ല. 30% മുതൽ 50% വരെ ഒരാൾക്ക് ലഭിക്കുന്ന ജനിതകഘടനയിലെ സവിശേഷതകളും അത് കഴിഞ്ഞ്‌ ജീവിക്കുന്ന ചുറ്റുകപാടുകളുമാണ് മുഖ്യമായും ഒരു വ്യക്തിത്വത്തെ സ്വാധീനിക്കുന്നതെന്ന് മനഃശാസ്ത്രജ്ഞന്മാർ പറയുന്നു. അതേപോലെ ബ്രെയിനിന്റെ വളർച്ചയിലും വികാസത്തിലും ഉണ്ടാവുന്ന ചില തകരാറുകളും ക്രമക്കേടുകളും ഒരാളുടെ വ്യക്തിത്വത്തെ കാര്യമായി തന്നെ ബാധിക്കുന്ന വിധത്തിൽ അത് പൊസിറ്റീവ് ആയോ നെഗേറ്റിവ് ആയോ പരിണമിച്ചേക്കാം എന്നതും പഠനങ്ങൾ തെളിയിക്കുന്നു. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം ചെയ്യാൻ ശ്രമിക്കുന്നത് എന്താണെന്ന് ചിന്തിച്ചാൽ മേൽപ്പറഞ്ഞ വിധം അതിവിശിഷ്ടവും അസദൃശവുമായ ഒരു വ്യക്തിത്വത്തിന് ഉടമയായി മാറേണ്ട കുഞ്ഞുങ്ങളിൽ നിന്ന് ഒരേ ഔട്ട്പുട്ട് പ്രതീക്ഷിക്കുന്നു. അറിവ് നേടാനായി പാഠശാലയിലേയ്ക്ക് കാലെടുത്ത് വെയ്ക്കുന്ന കൊച്ചു കുഞ്ഞുങ്ങളെ പലപ്പോഴും തെറ്റും ശരിയും തിരിച്ചറിയും മുമ്പേ തന്നെ നിലവിലെ സാമൂഹിക പൊതുമാനദണ്ഡം വെച്ച് മുതിർന്നവരെ വിലയിരുത്തുന്ന പോലെ വിലയിരുത്തന്നതും നല്ല കുട്ടികളെന്നും ചീത്തകുട്ടികളെന്നും വേർതിരിച്ചു കാണുകയും ചെയ്യുന്നതെല്ലാം ആ കുഞ്ഞിന്റെ ഭാവിയെ എല്ലാ അർത്ഥത്തിലും ബാധിയ്ക്കും. ശരിയും തെറ്റുമൊന്നും കൃത്യമായി വിവേചിച്ച് അറിയാനുള്ള കഴിവും ബോധവുമൊന്നും അവർക്കില്ല, ആളുകളെക്കുറിച്ചോ സമൂഹത്തെക്കുറിച്ചോ അവരുടെ ചിന്താഗതിയെക്കുറിച്ചൊന്നും ഒരു ബോധവുമില്ല. താൻ ചെയ്യുന്നത് എന്താണെന്നോ ആളുകൾക്ക് തന്റെ മേൽ ഏത് തരത്തിലുള്ള ഇമ്പ്രെഷൻ/മതിപ്പ് ആണ് ഉണ്ടാക്കുക എന്ന ചിന്തകളൊന്നും അവരെ അലട്ടുന്നില്ല. നമുക്കറിയാം കുഞ്ഞുങ്ങൾ വളരെ നിഷകളങ്കരായിരിക്കും ഒന്നും ഒളിച്ചുവെയ്ക്കാനോ മറച്ചുവെച്ചു പെരുമാറാനോ അറിയാത്തവരാണ് കുട്ടികൾ. കുഞ്ഞുനാളിൽ ചെയ്യുന്ന കൊച്ചു പിഴവുകൾ കൂടെ നിന്ന് തിരുത്തി, അതിന്റെ ഗൗരവം മനസ്സിലാക്കികൊടുത്ത് കൂടെ നിൽക്കേണ്ടത് നമ്മുടെ കടമയാണ്. തിരുത്താനും ചെയ്ത തെറ്റുകൾ തിരിച്ചറിയാനും സാവകാശം നൽകണം അല്ലാതെ അത് അവന്റെ/അവളുടെ ജീവിതത്തെ ഉള്ളെന്നാളും വേട്ടയാടുന്ന ഒരു സംഭവമായി തീരാൻ അവസരം നൽകരുത്.

Also read: ജോര്‍ജ് ഫ്‌ളോയിഡും ഇയാദ് അല്‍ ഹാലഖും ലോകത്തോട് പറയുന്നത്

വിദ്യാഭ്യാസത്തോടൊപ്പം ഒരു വ്യക്തി എന്ന നിലയിലുള്ള ബോധവും കൂടെ ചെറിയ തോതിൽ കുട്ടികൾക്ക് കുഞ്ഞിലേ തന്നെ ലഭ്യമായിക്കഴിഞ്ഞാൽ അവർ ഉന്നതരായ വ്യക്തികളായി മാറും. ആത്മബോധം, വ്യക്തിത്വബോധം, ധാർമ്മികബോധം, പൗരബോധം, സമൂഹികബോധം ഇവയെല്ലം നല്ലൊരു വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നവയാണ്. അതേപോലെ കുഞ്ഞുങ്ങൾക്ക് മോടിവേഷൻ നൽകുന്നതും വ്യക്തിത്വവികസനത്തിന് അവസരങ്ങൾ ഒരുക്കുന്നതുമായ പ്രത്യേക ക്ലാസ്സുകൾ മാസത്തിൽ ഒന്ന് എന്നപോലെ എങ്കിലും സ്‌കൂൾ സിലബസ്സിന്റെ ഭാഗമക്കേണ്ടതുണ്ട്. അതിന് മനഃശാസ്ത്രത്തിൽ അവഗാഹമുള്ള ട്രെയിൻഡ് ആയ അദ്ധ്യാപകരെ നിയോഗിക്കുകയാണെങ്കിൽ മക്കൾക്ക് അതുകൊണ്ട് ഭാവിയിൽ ഒരുപാട് പ്രയോജനം ചെയ്യും. പ്രൈമറി ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്ന നമ്മുടെ അദ്ധ്യാപകർക്ക് ചൈൽഡ് സൈക്കോളജി നിർബ്ബന്ധമായും വശമുണ്ടായിരിക്കണം. കുഞ്ഞുങ്ങളെ അവരുടെ കഴിവുകൾ യഥാവിധം വിനിയോഗിക്കാൻ അവരെ പ്രാപ്‌തരാക്കലും കൂടെയാവണം വിദ്യാഭ്യാസംകൊണ്ടുള്ള ലക്ഷ്യം. പുസ്തകങ്ങളിൽ മാത്രമായി കുഞ്ഞുങ്ങൾ ഒതുങ്ങിപ്പോകാതിരിക്കാൻ മാതാപിതാക്കൾക്കും അധ്യാപകർക്കും ചെയ്യാൻ കഴിയുന്ന ഒട്ടേറെ കാര്യങ്ങൾ ഉണ്ട്. സ്വയം അവർക്ക് അവരിലെ കഴിവുകളെ തിരിച്ചറിയാനും പ്രയോജനപ്പെടുത്താനും അവസരമൊരുക്കുന്ന അച്ഛനമ്മമാർ ആവുക. കുഞ്ഞുങ്ങളിലെ അന്തരീക വിഭവങ്ങളെ ഖനനം ചെയ്തെടുക്കാൻ അവരിൽ ഒളിഞ്ഞുകിടക്കുന്ന പ്രതിഭയെ പുറത്ത്കൊണ്ടുവരാൻ തക്ക ഒരു എഡ്യൂക്കേഷണൽ സിസ്റ്റം ഇവിടെ നമുക്ക് അഡാപ്റ്റ് ചെയ്യാൻ സാധിച്ചാൽ, നമ്മൾ ഈ കാണുന്ന കുട്ടികളെല്ലാം അപാര കഴിവും ആത്മവിശ്വാസവുമുള്ള കുട്ടികളായിട്ട് അല്ലെങ്കിൽ ഒരു യുവാവ്/യുവതിയായിട്ടാവും കലാലയ ജീവിതത്തോട് വിട പറഞ്ഞു പുറത്ത് വരുന്നത്. കൗമാരം കഴിഞ്ഞു യൗവനത്തിലേയ്ക്ക് കാലെടുത്തു വെയ്ക്കുമ്പോൾ മനസ്സിൽ തീർച്ചയായും ഒരു ചിത്രം ഉണ്ടാവും ഭാവിയെക്കുറിച്ചും സ്വന്തം ലക്ഷ്യത്തെക്കുറിച്ചും.

ഇത്തരം കുഞ്ഞുങ്ങൾ സമൂഹത്തിനും രാജ്യത്തിനും ഒരു മുതൽക്കൂട്ടായി മാറും എന്നതിൽ സംശയിക്കാനില്ല. ഫാക്റ്ററികളിലെ യന്ത്രങ്ങളിലേയ്ക്ക് അസംസ്‌കൃത വസ്തുക്കൾ കടത്തിവിട്ട് സദൃശ്യമായ പാക്കിങ്ങിൽ ഒരേ ബ്രാൻഡ് നേയ്മിൽ ഒരേപോലെയുള്ള ഒരു ഉത്പന്നമായി അല്ലെങ്കിൽ ഫോട്ടോസ്റ്റാറ്റ് മെഷീനിൽ കോപ്പി എടുക്കുന്ന പോലെ സർട്ടിഫിക്കറ്റ് വാങ്ങി സ്‌കൂൾ/കോളേജ് ഗെയ്റ്റ് കടന്ന് പുറത്തേയ്ക്ക് വരുന്ന കുറെ മക്കളെയാണ് നമ്മൾ കാത്തിരിക്കുന്നത്. ഇങ്ങനെ തൊഴിൽ നേടാനായുള്ളൊരു യോഗ്യതാ സർട്ടിഫിക്കറ്റും പിടിച്ച് ഇറങ്ങി വരുന്നത് മാത്രമാണോ വിദ്യാഭ്യാസം എന്നൊക്കെ ചിന്തിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞിരിക്കുന്നു അതിൽ മാർക്കുകളുടെ കോളം നിറയ്ക്കലാണ് പ്രധാനം. എന്നിട്ട് ആ സർട്ടിഫിക്കറ്റ് വേണം മക്കളുടെ ഭാവി നിശ്ചയിക്കാൻ. എന്നാൽ കുഞ്ഞുങ്ങളിൽ ഈ പറയുന്ന അന്തർലീനമായ കഴിവുകളെല്ലാം അദൃശ്യമായിട്ടാണ് കിടക്കുന്നത്. അത് സ്വയം തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിൽ മറ്റാർക്കെങ്കിലും അത് കണ്ടെത്തിക്കൊടുക്കാൻ കഴിയണ്ടേ, രക്ഷിതാക്കൾ തന്നെ വേണം ഇതിന് മുൻകൈ എടുക്കാൻ. കായികബലം പ്രയോഗിക്കാതെ ഒരുതരത്തിലുമുള്ള മാനസിക സമ്മർദ്ദമേൽപ്പിക്കാതെ ശ്രദ്ധയോടെയും, അവധാനതയോടെയും വേണം എന്നാൽ കാര്യമായി ഒന്നും ചെയ്യേണ്ടതില്ല താനും മക്കൾക്ക് ഊർജ്ജമായി, പ്രേരകമായി കൂടെ നിൽക്കേണ്ടതെ ഉള്ളൂ.

ഇന്നത്തെ കാലമാണെങ്കിൽ കുഞ്ഞുങ്ങൾക്ക് ഒന്ന് റിലാക്സ് ആവാൻ പോലും സമയമില്ല എന്ന പോലെയാണ് കാര്യങ്ങൾ. എൽ.കെ.ജി, യു.കെ ജി, ലോവർ പ്രൈമറി ക്ലാസ്സുകളിലെ കൊച്ചുകുഞ്ഞുങ്ങളെ വൈകുന്നേരം വരെ സ്‌കൂൾ കെട്ടിടത്തിനകത്ത് കെട്ടിയിടുന്നത് ശരിയാണെന്ന അഭിപ്രായമില്ല. സ്കൂളിലേക്ക് കുഞ്ഞുങ്ങൾ പേറുന്ന ബാഗിന്റെ ഭാരവും കുഞ്ഞുപ്രായത്തിലെ തന്നെ പഠിക്കാൻ കൊടുക്കുന്ന സിലബസുകളുടെ കഠിന്യതയും നോക്കിയാൽ ഒരു തരത്തിൽ വലിയ ക്രൂരത തന്നെയല്ലേ. കൂട്ടംകൂടി നടക്കാനോ കളിച്ചു നടക്കാനോ അവനവന്റെ വളർച്ചയ്ക്കോ സമയം നൽകാതെ മക്കളെ തളച്ചിടുന്ന രീതിയോട് യോജിക്കാൻ കഴിയില്ല. പ്രകൃതിയെയും ചുറ്റുപാടുകളെയും അറിയാനും പഠിക്കാനും കൂടെയുള്ള സമയമാണ് ഇതൊക്കെ. ഇനി ഒഴിവ് ദിവസങ്ങളോ വെക്കേഷനോ വന്നാൽ ട്യൂഷൻ അല്ലെങ്കിൽ വേറെ വല്ലതും അങ്ങനെയും കുട്ടികളോട് ക്രൂരത കാണിക്കുന്ന മാതാപിതാക്കൾ ഉണ്ട്. കുഞ്ഞിന്റെ താത്പര്യപ്രകാരം ആണെങ്കിൽ പ്രശ്‌നമില്ല അവർ അത് ഒരു വിനോദമായി കണ്ടോളും. മറ്റൊരു അതിപ്രധാനമായൊരു കാര്യം ഏത് കാര്യത്തിലായാലും എപ്പോഴും കുട്ടികളുടെ മേൽ രക്ഷിതാക്കളുടെ ശ്രദ്ധയുണ്ടാവേണ്ടത് വളരെ അത്യാവശ്യമാണ്. എന്നാൽ അത് കുഞ്ഞുങ്ങളിൽ അസ്വാസ്ഥ്യം ഉളവാക്കും വിധം ആവാനും പാടില്ല. ആരോഗ്യകരമായ ഇടപെടലുകളാണ് എപ്പോഴും ആവശ്യം. രക്ഷിതാക്കളുടെ ശ്രദ്ധയുണ്ടെന്ന് അറിയുമ്പോഴേ അവരും ഒരു കാര്യത്തിൽ താല്പര്യവും ശുഷ്‌ക്കാന്തിയും കാണിക്കുകയുള്ളൂ. ഒന്നും മനസ്സിലാക്കാൻ പറ്റിയില്ലെങ്കിൽ പോലും അവരുടെ നോട്ബുക്കും ടെക്സ്റ്റ്ബുക്കും ഇടായ്ക്കൊക്കെ എടുത്ത് മറിച്ചു നോക്കണം. ശ്രദ്ധിയ്ക്കുന്നുണ്ടെന്ന് അറിയിക്കാൻ വേണ്ടിയാണ്. പുസ്തകങ്ങളിലുള്ളത് അതേപോലെ പഠിച്ചുവെയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമാണോ എല്ലാ മക്കൾക്കും ഇതൊക്കെ സാധ്യമോ എന്ന് മാതാപിതാക്കൾ ചിന്തിക്കണം. ഇനി പഠിക്കാൻ പറയുമ്പോൾ പഠിയ്ക്ക്, പഠിയ്ക്ക് എന്ന് പറഞ്ഞുള്ള കടുത്ത സമ്മർദ്ദം വിപരീത ഫലമല്ലേ തരിക? പഠനത്തിന്റെ പ്രാധാന്യം പറഞ്ഞു മനസ്സിലാക്കി കൊടുക്കാനെ പാടുള്ളൂ.

പുതുതായി ഒന്നിനെ ഗ്രഹിച്ചെടുക്കാനോ, പഠിച്ചെടുക്കാനോ, പരിശീലിച്ചെടുക്കാനോ ബ്രെയിനിനെ സംബന്ധിച്ചിടത്തോളം വലിയൊരു അളവിൽ ഊർജ്ജം ചെലവഴിക്കേണ്ടതായി വരുന്നുണ്ട്. ഈ വിധം കണക്കില്ലാതെ ഊർജ്ജം ചെലവഴിക്കുമ്പോൾ ബ്രെയിനിന് തളർച്ച അനുഭവപ്പെടും ബ്രെയിൻ exhausted ആയി മാറും. ബ്രെയിൻ കാർമികത്വം ഏറ്റെടുത്ത് നിറവേറ്റപ്പെടേണ്ടതായ ശരീരികവും മാനസികവുമായ ഒട്ടനവധി കാര്യങ്ങൾക്കായി ഊർജ്ജം പാഴാക്കാതെ നിലനിർത്തേണ്ടതുണ്ട്. അതിനാൽ ഊർജ്ജത്തിന്റെ വിനിയോഗം പരമാവധി പരിമിതപെടുത്താൻ ബ്രെയിൻ നിർബ്ബന്ധിതമാക്കപ്പെടും. അപ്പോഴാണ് പഠിക്കാനൊക്കെ മടി തോന്നുന്നത്, നമ്മൾ സ്വയം എഫർട്ട് ഇടാതെയോ പ്രയത്നിക്കാതെയോ പുതിയതായി ഒന്നും പഠിയ്ക്കാൻ കഴിയില്ല എന്നതാണ് സത്യം. മക്കൾ സ്വയം അതിന് തയ്യാറാവാതെ മാതാപിതാക്കൾ എന്തൊക്കെ ചെയ്തിട്ടും കാര്യമില്ല. എന്നാൽ ഒരു തവണ പഠിച്ചതോ പരിശീലിച്ചതോ ആയ ഒന്നിനെ ജീവിതത്തിൽ പ്രാക്ടിക്കൽ ആയി ഉപയോഗിക്കാൻ പിന്നീട് ബ്രെയിനിന് അത്രത്തോളം എഫർട്ട് ഇടേണ്ടതായോ പ്രയത്നിക്കേണ്ടതായോ വരുന്നില്ല. കുഞ്ഞുങ്ങൾക്ക് വാക്കുകളുടെ ഉച്ചാരണം, അക്കങ്ങളെ, അക്ഷരങ്ങളെ തിരിച്ചറിയൽ, ഗണിതം, ഹരണം ഇവയെല്ലാം പഠിച്ചെടുക്കാൻ സമയവും സാവകാശവും വേണ്ടി വരും മാത്രമല്ല ബ്രെയിനിന്റെ പ്രവർത്തനങ്ങൾക്ക് തടസ്സമേൽക്കാതിരിക്കാനും കാര്യക്ഷമതയോടെ അതിന്റെ ധർമ്മം നിർവ്വഹിക്കാനും കൃത്യമായ വികാസത്തിനും അവർക്ക് ശരിയായ പോഷകാഹാരങ്ങളും കൂടിയേ തീരൂ.

Also read: പാരന്റിങ് അഥവാ തർബിയ്യത്ത്

ഒരു സമൂഹം പരിഷ്‌കൃതമാവണമെങ്കിൽ, പരിഷ്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കണമെങ്കിൽ ആ സമൂഹത്തിലെ ഓരോ വ്യക്തിയും പ്രബുദ്ധരായി മാറാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുകയും അവയെല്ലം പ്രായോഗികതയിലേയ്ക്ക് കൊണ്ടുവരികയും വേണം. അതേപോലെ കഴിയുന്നത്ര സ്വയം വിദ്യ നേടാൻ, educated ആവാൻ ഓരോ വ്യക്തിയും ശ്രമിക്കുന്നതിലുപരി മറ്റുള്ള ആളുകൾക്ക് അതിനുള്ള പ്രോത്സാഹനവും നൽകാൻ ശ്രമിക്കണം. മാതൃകാപരമായ അല്ലെങ്കിൽ ഒരു ഉത്തമ സംസ്ക്കാരത്തിനും സമൂഹത്തിനും വേണ്ടത് ഇതാണ്. ഇക്കാര്യത്തിൽ അതായത് മനുഷ്യരെ പ്രബുദ്ധരാക്കുന്നതിൽ സമൂഹിക സംസ്ക്കാരികരംഗങ്ങളിലും പൊതുരംഗത്ത് പ്രവൃത്തിക്കുന്നവർക്കും സർക്കാറുകൾക്കും ഒട്ടും അവഗണിക്കാൻ പറ്റാത്ത ഒരു റോൾ ഉണ്ട്. ആളുകൾ വിദ്യാഭ്യാസവും കാര്യബോധവും ഉത്തരവാദിത്വബോധവും യുക്തിയും പ്രായോഗിക ബുദ്ധിയും കൈവരിച്ചവരായി മാറണം. അതുകൊണ്ട് വിദ്യാഭ്യാസത്തിനാവണം ഏറ്റവും കൂടുതൽ മുൻഗണന നൽകേണ്ടത്. അത് വ്യക്തികളെയും നാടിനേയും രാഷ്ട്രത്തെയും പുരോഗതിയിലേയ്ക്ക് നയിക്കും. പുരുഷൻ, സ്ത്രീ, കുഞ്ഞുങ്ങൾ, വൃദ്ധർ എന്നൊന്നും ഇല്ലാതെ എല്ലാവരും പഠിക്കാനും വളരാനും സ്വന്തം കഴിവുകളിൽ ബോധമുള്ളവരും സമൂഹത്തോട് പ്രതിബദ്ധത പുലർത്തുന്നവരുമാവണം. വിദ്യാധനം സർവ്വധനാൽ പ്രധാനം എന്നാണല്ലോ നമ്മൾ പഠിക്കുന്നത്. കുടുംബങ്ങളിൽ സ്ത്രീകൾ വിദ്യാഭ്യാസം നേടുമ്പോഴാണ് യഥാർത്ഥത്തിൽ ഇതൊക്കെ ഫലപ്രദമായ വിധത്തിൽ പ്രാവർത്തികമാക്കാൻ കഴിയുന്നത്. സ്ത്രീകൾ എട്യൂക്കേറ്റഡ് ആവുന്നത് നല്ലൊരു തലമുറയെ വാർത്തെടുക്കാൻ സഹായിക്കും. അതുകൊണ്ട് തന്നെ സ്ത്രീയെന്നോ പുരുഷൻ എന്നോ ഇല്ലാതെ എല്ലാവർക്കും അറിവുകൾ നേടാനുള്ള അവസരങ്ങൾ വർദ്ധിപ്പിക്കണം അതിനെ പ്രോത്സാഹിപ്പിച്ചുകൊണ്ടേയിരിക്കണം.

അറിവുകൾ എന്നാൽ കേവലം കേട്ടറിവുകളോ തലമുറകളായി കൈമാറുന്ന സിദ്ധികളോ വിദ്യകളോ അല്ല. പുതിയ പുതിയ കണ്ടെത്തലുകളുടെ, അന്വേഷണങ്ങളുടെ, ന്യൂതനമായ ആവിഷ്ക്കാരങ്ങളുടെ, കണ്ടുപിടുത്തങ്ങളുടെയെല്ലാം കൂടെയാവണം. അത് വെറും രാഷ്ട്രതലത്തിലോ സാമൂഹികതലത്തിലോ അല്ല ഇത്തരം തേട്ടങ്ങങ്ങൾ വ്യക്തിഗതം കൂടെ ആവുമ്പോഴാണ് മനുഷ്യർ മാനസിക വളർച്ചയിലും ഉയർച്ചയിലും അഭിവൃദ്ധിപ്പെടുന്നതും ഉന്നതിയിലേയ്ക്ക് എത്തിച്ചേരുന്നതും. ഏതൊരു കാര്യത്തിന്റെയും പിന്നിലെ സത്യങ്ങളെയും വസ്തുതകളെയും യാഥാർഥ്യങ്ങളെയും നമുക്ക് തിരിച്ചറിയാൻ കഴിയണം. ആരെങ്കിലും പറയുന്നത് കേട്ട് അതേപടി വിശ്വസിക്കാതെ എല്ലാത്തിനെ കുറിച്ചും വസ്തുനിഷ്ഠമായി പഠിക്കാനും അറിയാനും ശ്രമിയ്ക്കുകയും, വേണ്ടത്ര അറിവുകൾ നേടാൻ ശ്രമിക്കുകയും വായനയും നിർമ്മാണാത്മകമായ ചിന്തകളും കൂട്ടിന് ഉണ്ടാവുകയും ചെയ്യുമ്പോൾ വ്യക്തിത്വം നല്ല ലക്ഷണമൊത്തവയായി തീരുക തന്നെ ചെയ്യും.

അറിവെന്നാൽ വെളിച്ചമാണ്, കുഞ്ഞായിരിക്കുമ്പോഴേ അറിയാനും അറിവ് നേടാനുമുള്ള അദമ്യമായ അന്തരീക ചോദനയും തൃഷ്ണയും എല്ലാ കുഞ്ഞുങ്ങളിലും കാണാം, സ്വന്തമായ അന്വേഷണത്തിലൂടെ, ചിന്തകളിലൂടെ നേരിനെ അറിയാനുള്ള കൗതുകവും വാഞ്ഛയും പിന്നീട് എവിടെ വെച്ചാണ് മനുഷ്യനിൽ കെട്ടടങ്ങിപോകുന്നത്. നമ്മുടെയൊക്കെ മനസ്സിനകത്ത് ഇപ്പോഴും പല ഭാഗങ്ങളിലുമായി ഇന്നും വെളിച്ചം ചെന്നെത്താത്ത ഇടങ്ങൾ കിടപ്പുണ്ടാവും. ഇത്തിരി വെളിച്ചത്തിൽ എന്നുവെച്ചാൽ പരിമിതമായ അറിവിൽ കാണുന്നതും കേൾക്കുന്നതും മനസ്സിലാക്കുന്നതും മാത്രമാണ് ഈ ലോകം എന്ന് നമ്മൾ വിശ്വസിക്കുന്നു അല്ലെങ്കിൽ തെറ്റിദ്ധരിക്കുന്നു. പൊട്ടക്കിണറ്റിൽ കിക്കുന്ന തവളയെപ്പോലെയാവുന്നു നമ്മിൽ പലരും. താൻ കിടക്കുന്ന കിണറിനകമാണ് ലോകമെന്ന് വിശ്വസിക്കുന്ന തവള പുറത്തെ വിശാലമായ ഒരു ലോകത്തെക്കുറിച്ച് അജ്ഞനാണ്. അത്തരക്കാരെ കുറിച്ചുപറയുമ്പോൾ സ്വന്തം ശരികളിലെ അജ്ഞതയെ അല്ലെങ്കിൽ അന്ധതയെ കണ്ടെത്താൻ ശ്രമിക്കില്ല അപരന്റെ ശരികളെ തെറ്റെന്ന് പറഞ്ഞു വിരൽ ചൂണ്ടുകയും ചെയ്യും. അവരെ പറഞ്ഞിട്ടും കാര്യമില്ല ഓരോ മനുഷ്യരും ഇപ്പോൾ എത്തി നിൽക്കുന്ന ഓരോ മാനസ്സിക തലമുണ്ട്. അതിനൊത്തെ ആർക്കും ചിന്തിക്കാൻ സാധിക്കുള്ളൂ എന്ന വലിയൊരു സത്യത്തെ ഉൾക്കൊള്ളാൻ നമുക്ക് കഴിയാത്തതും കൂടെയാണ് പ്രശ്നം. യാഥാർത്ഥ്യങ്ങളെയും സത്യങ്ങളെയും ഉൾക്കൊള്ളാൻ കഴിഞ്ഞ മനുഷ്യരെപ്പോലെയല്ല ബാക്കിയുള്ളവർ എന്നറിയുക. അവരുടെ ചിന്തയുടെ ആഴവും ദൈർഘ്യവും എന്നേ കണക്കാക്കപ്പെട്ടു കഴിഞ്ഞ ഒന്നാണ് അവരിൽ നിന്ന് ഒരു പരിധിയിൽ കവിഞ്ഞ ഒന്നും പ്രതീക്ഷിക്കാതെ ഇരിക്കുന്നതാണ് ബുദ്ധി. താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന പോലെ തനിയ്ക്ക് അറിയാവുന്നതും താൻ പറയുന്നതും മാത്രമാണ് ശരി എന്ന വാദഗതികളുമായി ജീവിച്ചിട്ട് കാര്യമില്ല. സങ്കുചിത, യാഥാസ്ഥിതിക ചിന്തകളിൽപെട്ട് പുതിയതായ ഒന്നിനെയും സ്വീകരിക്കാനോ അംഗീകരിക്കാനോ പറ്റാത്ത കൂപമണ്ഡുകങ്ങളായി മാറരുത് നാം. ലോകത്ത് 700 കോടിയിലധികം ആളുകൾ ഉണ്ടെങ്കിൽ അത്രയും തന്നെ ശരികളും തെറ്റുകളും ഉണ്ട്. അവരവർക്ക് ശരി എന്ന് തോന്നുന്നത് മറ്റുള്ളക്കർക്ക് അത് ശുദ്ധഅസംബന്ധമോ, തെറ്റായോ തോന്നാം. നമുക്ക് എല്ലാവരെയും ഒരേപോലെ, അവർ എങ്ങനെയാണോ അതേപോലെ സ്വീകരിയ്ക്കാൻ അല്ലെങ്കിൽ അംഗീകരിയ്ക്കാൻ കഴിയുന്നു എങ്കിൽ നാം എല്ലാവരെയും സ്വാധീനിയ്ക്കാൻ കഴിയുന്ന, ആർക്കും സ്വീകാര്യനായ ഒരു വ്യക്തിയായി മാറി എന്ന് മനസ്സിലാക്കാം. തിന്മകളെയും ദുർനടപടികളെയും എതിർക്കാം, മനുഷ്യത്വവിരുദ്ധമായ പ്രവൃത്തികളെ, ആശയങ്ങളെ ചോദ്യം ചെയ്യാം പക്ഷെ മനുഷ്യരെ വെറുക്കാൻ ഇടയാവരുത്. ഇതാവണം നമ്മൾ കാത്ത് സൂക്ഷിക്കേണ്ട മഹത്തായ ആദർശങ്ങളിൽ ഒന്ന്.

Related Articles