Personality

ആകർഷകമായ വ്യക്തിത്വത്തിന്

ആത്മാർത്ഥത, സത്യസന്ധത, വിനയം, എളിമ, കാരുണ്യം, ക്ഷമ, സഹിഷ്ണുത, എന്നിവയ്ക്കൊക്കെ ഒരാളുടെ വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും അതിയായ സ്ഥാനമുണ്ട്. ഒരു വ്യക്തിത്വത്തെ ഔന്നിത്യത്തിലേയ്ക്ക് എത്തിക്കുന്നതിൽ ഇപ്പറഞ്ഞവയെല്ലാം മർമ്മപ്രധാനമായ ഘടകങ്ങളാണ്.

ഒരാൾ തന്നോട് തന്നെ അതായത് അവനവനോട് തന്നെ ആത്മാർത്ഥതയും സത്യസന്ധതയും പുലർത്തുമ്പോഴാണ് അയാൾ ഏറ്റവും നല്ലൊരു മനുഷ്യനാവുന്നത്. അവനവന്റെയുള്ളിൽ എപ്പോഴും ഒരു സത്യം ഉണ്ടാവണം. എന്നാൽ സത്യസന്ധത ഒരിക്കലും മറ്റാരെയും ബോധിപ്പിക്കാൻ മാത്രമായി ഉള്ളതാവരുത്, കപടന്മാരാണ് അത് ചെയ്യുന്നത്. വിശ്വാസവഞ്ചന ചെയ്യുന്നതിൽ തെല്ലുപോലും മനസ്താപം എൽക്കാത്ത മനുഷ്യരുമുണ്ട് നമുക്കിടയിൽ. ആളുകൾക്ക് മുന്നിൽ താൻ നല്ലവൻ എന്ന് അതിവിദഗ്ദമായി അഭിനയിച്ചു ഫലിപ്പിക്കാൻ കഴിയുന്ന മഹാന്മാരാർ ഉണ്ടെങ്കിലും സദാസമയവും താനൊരു സദ്ഗുണൻ, മര്യാദക്കാരൻ, മാന്യൻ എന്ന് മനപ്പൂർവ്വം വരുത്തി തീർക്കാനുള്ളൊരു പ്രയത്നം കണ്ടാൽ അരോചകമായിട്ടെ ഫീൽ ചെയ്യുള്ളൂ. ഒരുതരം വേഷംകെട്ടായിട്ടെ അതിനെ കാണാൻ പറ്റുള്ളൂ. എന്നാൽ അപ്പറയുന്ന ഗുണങ്ങളെയെല്ലാം അന്തരീകവത്ക്കരിച്ച അല്ലെങ്കിൽ അന്തരീകഭാവമായി സ്വീകരിച്ചവരിൽ അവ സ്വഭാവികതയോടെ പ്രകടമാകുകയും ചെയ്യുന്നു. സുന്ദരമായ ഒരു വ്യക്തിത്വം അവരിൽ സ്ഥായിയായി ജ്വലിച്ചുനിൽക്കും. ഉള്ളിൽ നിറയുന്ന ഒരുതരം ആരാധനയോടെ നമ്മൾ അവരെ നോക്കിക്കാണും. അവരുടെ നന്മകളെ വാഴ്ത്തുമ്പോൾ തനിയ്ക്ക് എന്തുകൊണ്ട് ആ മനുഷ്യനെപ്പോലെ ഒരു വ്യക്തിയാവാൻ ശ്രമിച്ചുകൂട എന്ന ഒരു ചിന്ത മനസ്സിനെ സ്പർശിക്കാൻ ഇടയാൽ അത് അത്യധികം ഫലം ചെയ്യും. നമ്മിൽ ജീവിതത്തോടും ആളുകളോടുമുള്ള സമീപനം തന്നെ മാറും. മറ്റുള്ളവർ തന്നിൽ നിന്ന് അർഹിക്കുന്നത് യഥാസമയം നൽകുകയും അവനവന് ആർഹമായത് നേടിയെടുക്കുകയും എന്നാൽ ആർഹമല്ലാത്തത് മറ്റൊരാളിൽ നിന്ന് കവർന്നെടുക്കാനോ പിടിച്ചുപറിച്ച് എടുക്കാനോ ശ്രമിക്കാതെ തന്നിലെ സ്വത്വത്തെ നേരായ പാതയിലൂടെ മുന്നോട്ട് നയിയ്ക്കുകയും ചെയ്യുമ്പോൾ ഒരാൾ പൊതുവെ ശാന്തനും സന്തുഷ്ടനും മനുഷ്യത്വമുള്ളവനും ആയി മാറുന്നു.

Also read: ഹലാൽ ലൗ സ്റ്റോറി നൽകുന്ന ദൃശ്യാനുഭവം

ഒരു വ്യക്തി തന്റെ സമയത്തിന്റെ യഥാർത്ഥ മൂല്യം തിരിച്ചറിയുകയും മറ്റുള്ളവരുടെ സമയത്തിന് വില കല്പിക്കുകയും അതേസമയം അമൂല്യമായതും ഒരിക്കലും വീണ്ടെടുക്കാൻ സാധിക്കാത്തതുമായ തന്റെ സമയത്തിന്റെ ഒരു ഭാഗം മറ്റുള്ളവർക്കായി നിർബ്ബന്ധമായും മാറ്റി വെയ്ക്കുകയും ചെയ്യണം. അവനവന് മാത്രമായി ജീവിക്കാനുള്ളതല്ല ഒരിക്കലും ഒരാളുടെ ജീവിതം അത് മറ്റുള്ളവർക്കും കൂടെ വേണ്ടി ജീവിക്കാനുള്ളതാണ്. ലോകത്ത് ഏറ്റവും സമാധാന ജീവിതം നയിക്കുന്നത് ആരാണെന്ന് എന്നുള്ളൊരു പഠനത്തിൽ തെളിഞ്ഞത് എപ്പോഴും നല്ല ആത്മബന്ധങ്ങൾ കൂട്ടിന് ഉള്ളവർ എന്നാണ്. അതായത് ബന്ധങ്ങളെ എന്നുമെന്നും നല്ല രീതിയിൽ നിലനിർത്താൻ സാധിച്ചവർ. ബന്ധങ്ങളെ ഏറ്റവും നല്ല നിലയിൽ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഓരോ വ്യക്തികൾക്കും അതിന്റേതായ വലിയൊരു പങ്കുണ്ട്. അതിൽ ഒട്ടേറെ ഘടകങ്ങൾ നമ്മുടെ തന്നെ മനോഭാവം, കാഴ്ചപ്പാടുകൾ, സ്വഭാവഗുണങ്ങൾ എന്നിവയെ ആശ്രയിച്ചാണ്. നിങ്ങൾ ശ്രദ്ധിച്ചുകാണുമോ എന്നറിയില്ല വ്യക്തിബന്ധങ്ങളും കുടുംബബന്ധങ്ങളും വളരെ സ്മൂത്ത് ആയി നിലനിർത്തി കൊണ്ടുപോകുന്നതിൽ ചിലർക്ക് പ്രത്യേക കഴിവായിരിക്കും. അവരിലെ ക്വാളിറ്റീസ് നോക്കിയാൽ മതി. നമ്മിൽ ഇല്ലാത്ത എന്തോ ഒന്ന് അവരിൽ കാണും. ആ കുറവ് നികത്താൻ നാം തയാറായാൽ നമുക്കും സാധിക്കും എല്ലാം. ആത്മാർത്ഥതയോടെയും തിരിച്ചറിവോടെയും അവനവന്റെ ഭാഗം തനിയ്ക്ക് നിറവേറ്റാൻ പറ്റുന്നുണ്ടോ എന്ന് ഇടയ്ക്കിടെ അവനവനെ ഒരു പുനഃപരിശോധനയ്ക്ക് വിധേയമാക്കണം. അതിൽ നാം വിട്ടുവീഴ്ചയോ ആലംഭാവമോ കാണിക്കരുത്. നമ്മിൽ കാണുന്ന ആത്മാർത്ഥതയും സത്യസന്ധതയും ഒരുപക്ഷേ എല്ലാവർക്കും മനസ്സിലാക്കാൻ കഴിഞ്ഞെന്നു വരില്ലെങ്കിലും തിരിച്ചറിഞ്ഞവർ ഒരിക്കലും കൈവിട്ടുപോകില്ല.

ആത്മാർത്ഥതയുടെ കെട്ടുറപ്പോടെ നിലകൊള്ളുന്ന ബന്ധങ്ങൾ എപ്പോഴും ഊഷ്മളവും ജീവനുറ്റതുമായിരിക്കും. അത് അതേപോലെ നിലനിർത്താൻ സാധിക്കുന്നെങ്കിൽ ഏറ്റവും വലിയ സുകൃതം തന്നെ. ഇന്ന് നാം ആരോഗ്യത്തോടെയും വലിയ പ്രശ്നങ്ങളൊന്നും ഇല്ലാതെ ജീവിക്കുന്നെങ്കിൽ തീർച്ചയായും നമ്മെ നാമാക്കിയ, നമുക്കായി ഊർജ്ജവും സമയവും ചെലവഴിച്ച ചിലരെങ്കിലും ഉണ്ടാവുമല്ലോ. വയ്യാതാവുമ്പോൾ താങ്ങായി, ഉത്തമമായ ചികിത്സകൾ നൽകി, സ്വന്തം ചോര നീരാക്കി രാവന്തിയോളം കഷ്ടപ്പെട്ട് അദ്ധ്വാനിച്ച് നമ്മെ തീറ്റിപോറ്റിയവരും ഉണ്ടാവും. അവരോടെല്ലാം തനിയ്ക്കുള്ള കടപ്പാട് വിസ്മരിയ്ക്കാൻ പാടില്ല ആരും. നാളെ ഒരുപക്ഷേ നമുക്കും അതേ അനുഭവം വന്നേക്കാം. അതുകൊണ്ട് മറ്റുള്ളവർ തന്നിൽ നിന്ന് അർഹിക്കുന്നത് സ്വയം മനസ്സിലാക്കി നൽകാൻ നാം ഓരോരുത്തരും ബാദ്ധ്യസ്ഥരാണ് എന്നത് സ്വയം തീർച്ചറിഞ്ഞ് നിറവേറ്റുമ്പോഴേ ജീവിതത്തിന് അർത്ഥവും മാനവും ഉണ്ടാവുന്നുള്ളൂ. ധാർമ്മികനാവുക, സ്വധർമ്മം എന്തെന്ന് തിരിച്ചറിയുക, ധർമ്മമറിഞ്ഞ് കർമ്മം ചെയ്യാൻ ശീലിക്കുക ഇതൊക്കെ നല്ലൊരു വ്യക്തിത്വത്തിന് ഉണ്ടാവേണ്ടുന്ന ലക്ഷണങ്ങളാണ് നാം ഈ ലോകത്ത് ഏറ്റവും കൂടുതൽ ബാധ്യതപ്പെട്ടിരിക്കുന്നത് സ്വന്തം അച്ഛനമ്മമാരോട് തന്നെയാണ് അത് കഴിഞ്ഞ് സഹോദരങ്ങൾ, ജീവിതപങ്കാളി, മക്കൾ അങ്ങനെ പോകുന്നു.

ജീവിതപങ്കാളികൾക്കും മക്കൾക്കുമിടയിൽ തെറ്റിദ്ധാരണാജനകമായ വല്ല സംസാരമോ പ്രവൃത്തിയോ മറ്റോ നടന്നാൽ അത് സമയാസമയം ക്ലിയർ ചെയ്തിരിക്കണം. തുറന്നു സംസാരിച്ചു തന്നെ തീർപ്പുണ്ടാക്കണം. പിന്നീട് ആവാം എന്ന് വിചാരിച്ചു നിർത്തിയാൽ ഒരു ചെറിയ മുറിവ് അന്ന് ഒരുപക്ഷേ മരുന്നുവെച്ച് കെട്ടിയാൽ ഉണക്കം സംഭവിക്കുമായിരുന്നത് ഇന്ന് പഴുത്ത് നാറി വലിയ വ്രണമായി സ്റ്റിച്ചിട്ടാൽ പോലും ഭേദമാക്കിയെടുക്കാൻ പറ്റാത്തവിധമായി തീരുന്നത് കാണേണ്ടിവരും. കുടുംബത്തെയും ബന്ധങ്ങളെയും വിലമതിച്ചേ തീരൂ. ജീവിതത്തിൽ നാം എടുക്കുന്ന ഏത് തീരുമാനവും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അവരെക്കൂടെ ബാധിക്കുന്നുണ്ട് തീരുമാനങ്ങൾ എടുക്കൽ നമ്മോടൊപ്പം ജീവിതം പങ്കിടുന്നവരെ പരിഗണിച്ചുകൊണ്ടും കൂടെവേണം. തനിക്ക് പറ്റിപ്പോയ തെറ്റുകളെ ഓർത്ത് പിന്നീട് ഖേദിച്ചിട്ടോ, ഇരുന്ന് കരഞ്ഞിട്ടോ, കുണ്ഠിതപ്പെട്ടിട്ടോ കാര്യമില്ല. കൊച്ചുകാര്യങ്ങൾക്കൊക്കെ ശണ്ഠകൂടുന്നതും പിണക്കവും ഇണക്കവും ഏത് ബന്ധങ്ങൾക്കിടയിലും സ്വാഭാവികമാണ്. അതിൽ ലജ്ജിക്കാനോ, വലിയ അമിതഗൗരവത്തോടെ കാണേണ്ട ആവശ്യമോ ഇല്ല. ആരോഗ്യകരമായ ചില ചെറിയ പിണക്കങ്ങളും ഇണക്കങ്ങളും ഉണ്ടാവുമ്പോഴേ ബന്ധങ്ങൾ ദൃഢമാവുകയുള്ളൂ.

Also read: സ്വന്തം അമ്മയുടേതിന് സമമാണന്ന തിരിച്ചറിവാണ് ഉണ്ടാവേണ്ടത്

ഇംഗ്ലീഷിൽ A stitch in time saves nine എന്നൊരു പഴമൊഴിയുണ്ട്. വിലകൂടിയ ഉടയാടയിൽ ഒന്നിൽ ഒരു ചെറിയ കീറൽ സംഭവിച്ചു എന്നിരിക്കട്ടെ യഥാസമയം തുന്നിച്ചെർത്തില്ലെങ്കിൽ പിന്നീട് ആ വസ്ത്രം ഉപയോഗശൂന്യമായി തീരും. പ്രശ്നങ്ങൾ മനസ്സിൽ കിടന്ന് കലശമായിത്തീർന്നാൽ അവസാനം സൂചികൊണ്ട് എടുക്കേണ്ടത് തൂമ്പകൊണ്ടു എടുക്കേണ്ടി വരുന്ന അവസ്ഥയാവും. വൈകിവരുന്ന തിരിച്ചറിവ് ആർക്കും അത്രയ്ക്കൊന്നും പ്രയോജനപ്പെടാറില്ല. അപ്പോഴത്തേക്കും കാര്യങ്ങളെല്ലാം വീണ്ടെടുക്കാൻ സാധിക്കാത്തവണ്ണം കൈവിട്ടുപോയിക്കാണും. പലപ്പോഴും ബന്ധങ്ങളിൽ വിള്ളൽ സൃഷ്ടിക്കുന്നത് നമ്മുടെ ഇടപെടലുകളിൽ ഉണ്ടാവുന്ന പിഴവുകളെ തിരിച്ചറിയാൻ നാം തയാറാവത്തതുകൊണ്ടും എല്ലാത്തിനും അപരനിൽ പഴിചാരുന്ന മനോഭാവംകൊണ്ടുമാണ്. ബന്ധങ്ങൾ ശിഥിലമാക്കപ്പെടുന്നത് മനുഷ്യനെ സൈക്കളോജിക്കലി ബാധിക്കുന്നുണ്ട്. എന്നാൽ അത് അംഗീകരിക്കാൻ ഈഗോ സമ്മതിക്കില്ല എന്ന് മാത്രം. തനിയ്ക്ക് പറ്റുന്ന പിഴവുകൾ അംഗീകരിക്കാനോ തിരുത്താനോ ക്ഷമാപണം നടത്താനോ ആരും പൊതുവെ പരിശ്രമിക്കുന്നില്ല. സോറി പറയുന്നതും തെറ്റ് തിരുത്തുന്നതും പരാജയമായിട്ടൊ നാണക്കേടായിട്ടൊക്കെ ചിന്തിക്കുന്ന ഒരു സമൂഹവുമായാൽ എന്ത് ചെയ്യും. തെറ്റുകൾ ഏറ്റുപറഞ്ഞ് നല്ല രീതിയിൽ മുന്നോട്ട് പോകാൻ കഴിയുന്നത് എത്ര വലിയ അനുഗ്രഹമാണ്.

ചെയ്യുന്ന ജോലിയോടും വേണം ഒരാൾക്ക് ആത്മാർത്ഥതയും കൂറും. ചെയ്യുന്ന ജോലിയോട് ആത്മാർത്ഥത കാണിക്കുന്ന ഒരാളെ നമുക്ക് വിശ്വസിക്കാം എന്നാണ്. കാരണം അയാളിൽ ചില ക്വാളിറ്റിസ് ഉണ്ടെന്ന് സാരം. ഒരാൾ ഒരു തൊഴിൽ കണ്ടെത്താനായി ഇറങ്ങിത്തിരിക്കുമ്പോൾ തന്നിലെ വ്യക്തിത്വം, തന്നിൽ കാണുന്ന ടാലന്റ് എന്നുവെച്ചാൽ സവിശേഷമായ കഴിവുകൾ, സ്വഭാവത്തിൽ കാണുന്ന പ്രത്യേക ഗുണങ്ങൾ ഇവയൊക്കെ അടിസ്ഥാനമാക്കിയും വിലയിരുത്തിയും കഴിയും വിധം പ്രയോജനപ്പെടുത്താൻ പറ്റുന്നതുമായ ഒരു തൊഴിൽ അല്ലെങ്കിൽ മേഖല കണ്ടെത്താൻ ശ്രമിക്കുന്നതാണ് അത്യുത്തമം. എല്ലാവരിലും അന്തർലീനമായി കിടക്കുന്ന കഴിവുകൾ കാണും. ഇത്തരം കഴിവുകളെ ഡെവലപ്പ് ചെയ്ത് എടുത്ത് അതേ ഫീൽഡിൽ ഒരു പ്രൊഫഷൻ കണ്ടെത്തിയാൽ അവന്/അവൾക്ക് എന്നും എവിടെയും മികവും കഴിവും തെളിയിക്കാൻ സാധിക്കും. അതിനാൽ മാതാപിതാക്കൾ മക്കളിലെ ടാലന്റ് കൃത്യമായി കണ്ടെത്താൻ ശ്രമിക്കണം. അതിനൊത്ത പിന്തുണയും വിദ്യാഭ്യാസവും നൽകി മുന്നോട്ട് നയിക്കണം.

പക്ഷെ ഇവിടുത്തെ നമ്മുടെ നാട്ടിലെ പരിതസ്ഥിതികൾ എടുത്തുവെച്ച് പരിശോധിക്കുമ്പോൾ ഇതൊന്നുമല്ല, സ്ഥിതിഗതികൾ മറ്റൊന്നാണ്. നാം ഇതിനെക്കുറിച്ചൊക്കെ ഒരുപക്ഷേ ബോധവാന്മാർ അല്ലാത്തതാവാം അല്ലെങ്കിൽ അതിനെക്കുറിച്ച് അത്രത്തോളം ചിന്തിക്കാൻ തയാറല്ല. എങ്ങനെയും ഒരു വരുമാനമാർഗ്ഗം ഉണ്ടായാൽ മതി എന്ന ലക്ഷ്യം മാത്രമാവുമ്പോൾ ചെയ്യുന്ന തൊഴിൽ ഒരു ഉപജീവന മാർഗ്ഗം എന്നതിനപ്പുറം മറ്റൊന്നുമായി തോന്നില്ല ആർക്കും. മാസാവസാനം നാലോ അഞ്ചോ അക്കമിട്ട ഒരു കുഞ്ഞുസംഖ്യ കൈയ്യിലേക്ക് വരുന്നു അതും വെച്ച് ജീവിതത്തെ കരുപ്പിടിപ്പിക്കാൻ കഷ്ടപ്പെടുന്നു. എന്നാൽ ഒരു കാര്യം ഓർമ്മയിൽ വെയ്ക്കുക, ഓരോ മനുഷ്യനിലും അന്തർലീനമായി കിടക്കുന്ന കഴിവുകളെ കണ്ടെത്താനും പരിപോഷിപ്പിക്കാനും സാധിച്ചാൽ നല്ലൊരു ശോഭനമായ ഭാവി ഓരോ വ്യക്തികൾക്കും ലഭിക്കും. അയാൾ കണ്ടെത്തുന്ന ജോലിയിൽ സന്തോഷവും ആത്മനിർവൃതിയും മാത്രമല്ല ഏറ്റവും നല്ല പെർഫോമൻസ് കാഴ്ചവെച്ച് മുന്നേറാനും സാധിക്കും.

Also read: മുഗള്‍ കലിഗ്രഫി: മുസ്‌ലിം ഭരണാധികാരികളുടെ പങ്ക്

കൃത്യനിഷ്ഠത, ജോലിയോട് പുലർത്തുന്ന കൂറ്, ആത്മാർത്ഥത, സത്യസന്ധത ഇവയൊക്കെ നിർദ്ദിഷ്ട തൊഴിൽ ചെയ്യാൻ ഒരു വ്യക്തി എത്രത്തോളം യോഗ്യനാണ് എന്നതിന്റെ തെളിവ് കൂടെയാണ്. മത്സരങ്ങളുടെ ലോകമാണ് ഇത്, ഇന്നത്തെ കാലത്ത് ചെയ്യുന്ന ജോലിയിൽ ഒരു പ്രൊഫഷണൽ ടച്ച് അല്ലെങ്കിൽ പ്രൊഫഷണലിസം കൂടെ ആവശ്യമാണ്. അല്ലെങ്കിൽ പുറംതള്ളപ്പെടും സ്വന്തമായ വാണിജ്യമോ സംരംഭമോ ആണെങ്കിൽ സൂക്ഷിച്ചില്ലങ്കിൽ ശരിയായ വിപണനതന്ത്രങ്ങളും മറ്റും അറിഞ്ഞില്ലെങ്കിൽ പൊട്ടിപ്പൊളിഞ്ഞു പോകും. താൻ ചെയ്യുന്ന പ്രൊഫഷൻ എന്ത് തന്നെയായാലും അതിന്റെ സാധ്യതകളെക്കുറിച്ച് അറഞ്ഞിരിക്കേണ്ടതും അത്യധികം അനിവാര്യമാണ്. ഏത് രീതിയിലുള്ള തൊഴിൽ എത്തരം വ്യക്തിത്വങ്ങൾക്ക് അനുയോജ്യമാവും എന്നതൊക്കെ അവരിലെ വ്യക്തിത്വവും സ്വഭാവഗുണങ്ങളും ടാലന്റും നോക്കി തിരിച്ചറിയാൻ ഒരു ഇന്റർവ്യൂവറിന് സാധിക്കും.

ഒരു കമ്പനിയിലേയ്ക്ക് ജോലിക്കാരെ തിരഞ്ഞെടുക്കുമ്പോൾ തരം തിരിച്ചെടുക്കൽ അവരുടെ ആവശ്യമാണ്. ലീഡർഷിപ്പ് ക്വാളിറ്റിയുള്ള ഒരാളെ മറ്റൊരാളുടെ കീഴിൽ വർക്ക് ചെയ്യാൻ ഇട്ടാൽ ശരിയാവില്ല അതേപോലെ നേരെ തിരിച്ചും. എല്ലാവർക്കും ലീഡർ ആവാനുള്ള കഴിവ് ഉണ്ടാവില്ല. നായകത്വമെന്നാൽ മനസ്സും ചിന്തകളുമായി ബന്ധപ്പെട്ടതാണ്. നേതാവ് എന്ന നിലയ്ക്ക് ജനങ്ങൾക്ക് മുന്നിൽ സ്വീകാര്യൻ ആകണമെങ്കിൽ അയാളിൽ ചില ലക്ഷണങ്ങളെല്ലാം ഉണ്ടാവണം. ആളുകളെ കൂടെ നിർത്താനുള്ള കഴിവും ശബ്ദത്തിന് അജ്ഞാശക്തിയും തന്റെ കീഴിൽ പ്രവൃത്തിക്കുന്നവരെയെല്ലാം ഏകോപിപ്പിച്ച് നിർത്തി മുന്നോട്ട് കൊണ്ടുപോകാനുള്ള സാമർത്ഥ്യവും ഉണ്ടായിരിക്കണം. ഒരു സ്ഥാപനമോ ബിസിനസ്സ് സംരഭമോ ആവട്ടെ ഉത്തരവാദിത്വത്തോടെ മുന്നോട്ട് കൊണ്ടുപോകാനുള്ള ശേഷിയും തന്ത്രവും അതല്ലെങ്കിൽ ഒരു പ്രസ്ഥാനത്തിന്റെ ചുക്കാൻ പിടിക്കാൻ തന്നോടൊപ്പം തന്നെ അണികളെ നയിക്കാൻ കെല്പുള്ള ഒരാൾ ആവണം അതായത് നേതൃത്വപാടവമുള്ള ഒരു വ്യക്തി. ഇതൊക്കെ ലീഡർഷിപ് ക്വാളിറ്റിയാണ്. ഒരു ഗ്രാൻഡ് പരിപാടി നടക്കുമ്പോൾ അതിന്റെ കാർമ്മികത്വം വഹിക്കാൻ ശേഷിയുള്ള ഒരാളെയല്ലേ നാം കാര്യങ്ങൾ ഏല്പിക്കുള്ളൂ. ഏത് ഫീൽഡിലും തലവനായി പ്രവർത്തിക്കുന്ന ഒരാൾക്ക് ആത്മവിശ്വാസവും ശുഭപ്രതീക്ഷയും വളരെയധികം പ്രധാനപ്പെട്ടതാണ്.
എല്ലാറ്റിനുമുപരി നല്ലൊരു മനുഷ്യൻ ആവുക എന്നുള്ളത് തന്നെയാണ് ഏറ്റവും വലിയ ക്വാളിഫിക്കേഷൻ അല്ലെങ്കിൽ യോഗ്യത. ചെയ്യുന്ന ജോലിയോട് അപ്പോഴേ കൂറ് പുലർത്താൻ പറ്റുള്ളൂ.

മുംബൈയിൽ നിന്ന് നാട്ടിൽ വന്ന ശേഷം ഞാനും കുടുംബവും ഒരു അഞ്ചാറു വർഷത്തോളം മലപ്പുറത്ത് മഞ്ചേരിയിൽ താമസിച്ചിരുന്നു. ആ സമയത്താണ് സ്വന്തമായി ഒരു ടൂ വീലർ എടുത്തത്. വണ്ടിയുടെ രജിസ്ട്രേഷൻ കഴിഞ്ഞ് ആർ.സി.ബുക്ക് കൈയിൽ കിട്ടുന്നതിന് മുമ്പേ നിർബ്ബന്ധമായിട്ടും പുതുവാഹന ഉടമസ്ഥർ എല്ലാവരും ആർ.ടി.ഒയിൽ നിന്ന് ലഭിക്കുന്ന നിശ്ചിത തീയതിക്ക് ട്രാഫിക്ക് പോലീസിന്റെ കീഴിൽ ലഭിക്കുന്ന ഒരു ട്രാഫിക്ക് നിയമ ബോധവൽക്കരണ ക്ലാസ്സ് അറ്റൻഡ് ചെയ്യണമെന്ന നിബന്ധനയുണ്ട്. ആർ.ടി.ഒയുടെ കല്പനയാണ് അത്. ക്ലാസ്സ് കഴിഞ്ഞ് തിരികെ പോകുമ്പോൾ കയ്യിലുള്ള ഫോമിൽ ഒന്നിൽ ഒരു പോലീസ് ഓഫീസർ ഒപ്പിട്ടു തരും. ആ ഫോം കൊണ്ടുചെല്ലുന്നവർക്കെ ആർ.സി.ബുക്ക് കിട്ടുള്ളൂ. ഇന്നും ഞാൻ ഓർക്കുന്നു .. അത്രയേറെ പ്രയോജനപ്രദമായൊരു ക്ലാസ്സായിരുന്നു അത്. അശ്രദ്ധയും അമിതവേഗതയും കാരണം കേരളത്തിലെ റോഡുകളിൽ നടക്കുന്ന അതിഭയാനകമായ പല അപകടമരണങ്ങളും സ്ക്രീനിൽ ചിത്രങ്ങളായും വീഡിയോകളായിട്ടും കാണിച്ചു തരുമ്പോൾ ക്ഷമിക്കണം ഇതൊന്നും കാണിക്കാതെ വയ്യ എന്ന് ക്ലാസ്സ് എടുക്കുന്ന സർ ഞങ്ങളോട് വീണ്ടും വീണ്ടുമെന്നോണം പറയുന്നുണ്ടായിരുന്നു. ക്ലാസ്സിന് മദ്ധ്യേ കഴിഞ്ഞ വർഷത്തെ ഏറ്റവും നല്ല ഡ്രൈവർക്കുള്ള അവാർഡ് കിട്ടിയ വ്യക്തിയെക്കുറിച്ചും അദ്ദേഹം സംസാരിക്കുകയുണ്ടായി. മലപ്പുറക്കാരനായ ഒരാളായിരുന്നു അദ്ദേഹം. ആ വ്യക്തിയിൽ എന്താണ് ഇത്ര വലിയ ക്വാളിറ്റി എന്ന് നോക്കിയപ്പോൾ അദ്ദേഹം ഏറ്റവും നല്ലൊരു മനുഷ്യസ്നേഹി ആയിരുന്നു, നല്ലൊരു മനുഷ്യനായിരുന്നു എന്നാണ് കണ്ടെത്താൻ കഴിഞ്ഞതെന്ന് കേട്ടപ്പോൾ ഹ്യുമാനിറ്റിയുടെ മാഹാത്മ്യം എത്രയെന്ന് ചിന്തിച്ചുപോയി. അപ്പോൾ നല്ലൊരു ട്രാഫിക്ക് കൾച്ചർ നമ്മുടെ റോഡുകളിൽ ഉണ്ടാവണമെങ്കിൽ വാഹനം ഓടിക്കുന്ന വ്യക്തികളിൽ മനുഷ്യത്വം നിറഞ്ഞൊരു മനോഭാവം ഉണ്ടായാൽ മതി.

Also read: സഖാവിനും സാഹിബിനും മലയാള സിനിമയില്‍ ഇടമുണ്ട്

മാതാപിതാക്കൾ ചെയ്യേണ്ട ഒരു കാര്യം കുട്ടികളിൽ വളരെ കുഞ്ഞിലേ തന്നെ കളവ് പറയാനുള്ള പ്രവണത മാക്സിമം കുറച്ചെടുക്കണം. തുറന്ന് സംസാരിക്കുന്ന ശീലങ്ങൾ വീട്ടിൽ ഉണ്ടെങ്കിൽ അതോടെ കുട്ടികളിൽ കള്ളം പറയാനുള്ള പ്രവണത കുറഞ്ഞുവരുമെന്നാണ്. കാരണം കളവ് പറയാൻ കുട്ടികൾ ശീലിക്കുന്നത് സ്വന്തം വീട്ടിൽ നിന്ന് തന്നെയാണ്, അച്ഛനമ്മമാരെ ഭയക്കുന്നതാണ് കാരണം. കുട്ടികൾ സംസാരത്തിൽ സത്യസന്ധത പുലർത്തുന്നുണ്ടോ എന്നും നോക്കാം അതേപോലെ ചെയ്യുന്ന പ്രവൃത്തികൾ ആത്മാർത്ഥതയോടെ ചെയ്യാൻ കഴിയണം അല്ലെങ്കിൽ ചെയ്യാൻ നിക്കരുത്, അതിൽ അർത്ഥമില്ല എന്ന കാര്യങ്ങളൊക്കെ വളരെ കുഞ്ഞിലേ പറഞ്ഞുകൊടുക്കുന്നതെല്ലാം അവരെ വളരെയധികം ആഴത്തിൽ സ്പർശിക്കും. എന്ത് ചെയ്യുമ്പോഴും അച്ഛനമ്മമാർ നൽകിയ ഒരു നല്ല ബോധം ഉള്ളിൽ ഉണ്ടാവും മനസ്സാക്ഷിയ്ക്ക് വിരുദ്ധമായി പ്രവൃത്തിക്കുമ്പോൾ ആ ബോധം പെട്ടെന്ന് അവരിലെ ആത്മബോധത്തെ ഉണർത്തുകയും ആ പ്രവൃത്തിയിൽ നിന്ന് പിന്തിരിയാൻ അവരെ സഹായിക്കുകയും ചെയ്യും. കുട്ടികളിൽ വ്യക്തിത്വം മോൾഡ് ചെയ്യപ്പെടുന്ന ഒരു കൃത്യമായ കാലയളവുണ്ട്, ഈ കാലയളവിൽ രക്ഷിതാക്കൾ അല്പം സൂക്ഷ്മത പാലിക്കുന്നതിലൂടെ മഹത്തരമായൊരു രക്ഷാകർതൃത്വം സാഫല്യമാക്കപ്പെടും.

Facebook Comments

സൗദ ഹസ്സൻ

കോഴിക്കോട് ബാലുശ്ശേരിയ്ക്കടുത്ത കിനാലൂര്‍ എന്ന ഗ്രാമത്തില്‍ 1976 ജനുവരി 12ന് ജനനം. പിതാവ് ബക്കര്‍കോയയുടെയും മാതാവ് ഫാത്തിമയുടെയും 5 പെണ്മക്കളില്‍ നാലാമത്തെ മകള്‍. ഭര്‍ത്താവ്: യൂസഫ് ഹസ്സന്‍. മക്കള്‍: അനീന ഹസ്സന്‍, റൈഹാന്‍ ഹസ്സന്‍. എ. എം.എച്ച്.എസ് മാപ്പിള ഹൈസ്‌കൂളില്‍ സ്‌കൂള്‍ പഠനവും 'അക്കാഡമി ഓഫ് ഇംഗ്ലീഷ് ബാലുശ്ശേരി'യില്‍ കോളേജ് പഠനവും കഴിഞ്ഞു. വിവാഹശേഷം കുടുംബത്തോടൊപ്പം മുംബൈയില്‍ ആയിരുന്നു ജീവിതം. 2013 മുതല്‍ മലപ്പുറം മഞ്ചേരിയില്‍ താമസമാക്കി. ഇപ്പോള്‍ എറണാകുളത്ത് താമസിക്കുന്നു. മുംബൈയിലെ ജോഷീസ് കോഹിനൂര്‍ ടെക്ക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിപ്ലോമ എടുത്തു. അതേ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫാക്കള്‍ട്ടി ആയി വര്‍ക്ക് ചെയ്തു. നാട്ടിൽ വന്നു കൗണ്‌സിലിങ് കോഴ്‌സുകള്‍ ചെയ്ത ശേഷം കൗൺസ്‌ലിംഗ് രംഗത്തേക്ക് തിരിഞ്ഞു. കൗണ്‌സ്‌ലിംഗ്(ഫാമിലി, സ്റ്റുഡന്റ്, ഇന്‍ഡിവിജ്വല്‍) ആന്‍ഡ് മോട്ടിവേഷണല്‍ ക്ലാസുകളും ചെയ്തുപോരുന്നു. നാട്ടില്‍ വന്ന ശേഷമാണ് എഴുത്തിന്റെ വഴികളിലേക്ക് തിരിഞ്ഞത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker