Current Date

Search
Close this search box.
Search
Close this search box.

ആത്മവിശ്വാസത്തിന്റെ ചിറകുകൾ

മിക്ക മാതാപിതാക്കളും കുഞ്ഞുങ്ങളെ വളർത്തുന്നത് എങ്ങനെയെന്ന് നോക്കിയാൽ പല സാഹചര്യങ്ങളിലും ഒരുപക്ഷേ അവർ കുഞ്ഞുങ്ങൾക്ക് അനുയോജ്യമായ മനസികാവസ്ഥയിലേക്ക് ഇറങ്ങി ചെന്നിട്ടാവില്ല. ജീവിത പ്രാരാബ്ധങ്ങളും മാനസിക സംഘർഷങ്ങളും പ്രയാസങ്ങളും പ്രശ്നങ്ങളും ഒറ്റപ്പെടലുകളും അനുഭവിക്കുന്ന മാതാപിതാക്കൾ നമുക്കിടയിലുണ്ട്. അവരെല്ലാം ഒരോ നിമിഷവും കടന്ന് പോകുന്ന ഓരോ അവസ്ഥകളും ആ കുഞ്ഞിന്റെ മനസ്സിലും വിവിധ തരത്തിലുള്ള തരംഗങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

കരുതലിന്റെയും തലോടലിന്റെയും അപര്യാപ്തതയിൽ വളരുന്ന കുഞ്ഞുങ്ങളെ ശ്രദ്ധിച്ചാൽ അറിയാം അന്തർമുഖരും അധിക കൂട്ടുകെട്ട് ഒന്നുമില്ലാതെ തന്നിലേക്ക് മാത്രമായി ചുരുങ്ങി ജീവിക്കുന്നവരായിരിക്കും. നിസ്സഹായതയും ആത്മവിശ്വാസക്കുറവും ഉൾഭയവും അജ്ഞതയും നിഴലിക്കുന്ന ശരീരഭാഷയും സംസാരവും ആ കുട്ടികളിൽ കാണാൻ സാധിച്ചേക്കും.

നമുക്ക് അറിയാം എന്നും തള്ളപ്പക്ഷി കുഞ്ഞുങ്ങളെ ചിറകിനടിയിൽ ഒതുക്കി നിർത്താറില്ല. ഒരു സമയം കഴിഞ്ഞാൽ, ചിറകുകൾ മുളച്ചു വരുന്ന ആ പ്രായത്തിൽ പറക്കാനായ് കുഞ്ഞുങ്ങൾക്ക് പിതാവിൽ നിന്നോ മതവിൽ നിന്നോ ശരിയായ പരിശീലനം ലഭിക്കേണ്ടതുണ്ട്. വിണ്ണിൻ വിശാലതായിലേയ്ക്ക് തനിക്ക് ചുറ്റിലും പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് ഓർക്കാതെ കുഞ്ഞു ചിറകുകൾ വിരിച്ച് പറന്നുയരാൻ ശ്രമിക്കുന്ന തന്റെ പിഞ്ചുകുഞ്ഞിനെ കാത്തുകൊണ്ട് കരുതലോടെ തൊട്ട് പിന്നാലെ തന്നെ തള്ളപക്ഷി പറക്കുന്നുണ്ടാവും, എന്നിട്ട് ചിറകുകൾ തളരും മുന്നേ അതിനെ താഴെ ഇറക്കും. ആ പക്ഷിക്കുഞ്ഞിന്റെ ആത്മവിശ്വാസവും ധൈര്യവും തന്റെ ‘അമ്മ കൂടെ തന്നെയുണ്ട് എന്നുള്ള ഉറച്ച വിശ്വാസം തന്നെയാണ്.

അതേപോലെ തന്നെയാവണം നമ്മളും എത്ര തന്നെ അകലത്തായാലും കുഞ്ഞുങ്ങൾക്ക് അവർ തനിച്ചാണെന്ന തോന്നൽ ഒരിക്കലും അനുഭവപ്പെടാൻ ഇട നൽകാതെ വേണം അവരെ വളർത്താൻ അതേസമയം അവരുടെ ചിറകുകളെ വിശ്വസിക്കാൻ അവർക്ക് ധൈര്യം പകർന്ന് നൽകേണ്ട കടമ മാതാപിതാക്കൾക്ക് തന്നെയാണ്. സംശയമില്ല വളരെയേറെ അത്യന്താപേക്ഷിതമായ ഒന്നാണ് അത്. ”മുളയ്ക്കുന്ന ചിറകുകൾ” എന്നാൽ ഇവിടെ ആ കുഞ്ഞുങ്ങളെ സംബന്ധിച്ചിടത്തോളം അവരിൽ അന്തർലീനമായിട്ടിരിക്കുന്ന കഴിവുകളാണ്. ഈ കഴിവുകൾക്ക് അഥവാ ചിറകുകൾക്ക് ശക്തി പകരുന്നതിൽ അച്ഛന്റെയും അമ്മയുടെയും ഇടപെടലുകളുടെ സ്വഭാവത്തിന് വലിയൊരു പങ്കുണ്ട്.

കുഞ്ഞുങ്ങളുടെ യഥാർത്ഥ വളർച്ചയ്ക്കും ഉയർച്ചയ്ക്കും ഓരോ സ്റ്റെപ്പിലും മാതാപിതാക്കൾ അവർക്ക് കൂട്ടാവേണ്ടത് എങ്ങനെയെന്ന് വളരെ വിശദമായി തന്നെ പിന്നീട് ചർച്ച ചെയ്യാം.

മാതാപിതാക്കളുടെ വളരെ പോസിറ്റീവും ക്രിയാത്മകവുമായ ഇടപെടലുകൾ കുഞ്ഞിന്റെ വളർച്ചയെ അക്ഷരാർത്ഥത്തിൽ തന്നെ പരിപോഷിപ്പിച്ചെടുക്കുന്നതിനാൽ എന്തിനെയും വെല്ലുന്ന മാനസിക, ശാരീരിക ആരോഗ്യം കുഞ്ഞിൽ പ്രകടമാവുകയും തികഞ്ഞ ആത്മവിശ്വാസത്തോടെ കുഞ്ഞുങ്ങൾ ജീവിതത്തിലെ ഓരോ പ്രതിബന്ധങ്ങളെയും തരണം ചെതുകൊണ്ടും ഓരോ കാൽവെപ്പിലും തന്നിലെ പ്രതിഭ തെളിയിച്ചുകൊണ്ടും മുന്നേറുകയും ചെയ്യും.

കുഞ്ഞ് ചിറകുകൾ നിവർത്താൻ തുടങ്ങും മുമ്പേ ശാസനയിലൂടെയും താക്കീതിലൂടെയും ആ ചിറകുകൾ ഒതുക്കിവെയ്ക്കാൻ കുഞ്ഞിനെ പഠിപ്പിയ്ക്കുന്ന മാതാപിതാക്കളും ഇല്ലാതില്ല. ഇത്തരത്തിലുള്ള നിരുത്സാഹപരമായ ഇടപെടലുകൾ ഉണ്ടാവുമ്പോൾ കുഞ്ഞിന്റെ വളർച്ചയിൽ മുരടിപ്പും വരൾച്ചയും ബാധിച്ചേക്കും. ഈ ചിറകുകൾ ആശയുടേതാണ് നിരാശ ബാധിയ്ക്കാൻ അവസരം നൽകരുത്. ആഗ്രഹങ്ങളുടെയും സ്വപ്നങ്ങളുടെയും മുനമ്പാണ്‌ അത് ഒടിച്ചു കളയരുത്

ഹേയ്.. നീ ഒന്ന് അടങ്ങി ഇരിയ്ക്കാമോ ഇതൊന്നും നിന്നെക്കൊണ്ടു കഴിയുന്ന കാര്യമല്ല ‘അമ്മ ചെയ്തോളും അല്ലെങ്കിൽ അച്ഛനോ, ചേട്ടനോ, ചേട്ടത്തിയോ ചെയ്‌തോളും ഇത്തരത്തിൽ പറഞ്ഞുകൊണ്ട് കുഞ്ഞുങ്ങളെ എല്ലാത്തിൽ നിന്നും പിന്തിരിപ്പിക്കുമ്പോൾ കുഞ്ഞിന്റെയുള്ളിലെ ആത്മവിശ്വാസത്തിന് ആഴത്തിൽ കോട്ടം തട്ടുന്നുണ്ട്. കുഞ്ഞിന് ചെയ്യാൻ കഴിയുന്ന കൊച്ചു കൊച്ചു കാര്യങ്ങൾ ഏതെന്ന് നോക്കി നമ്മുടെയൊരു മേൽനോട്ടത്തിൽ അവർക്ക് ഏൽപ്പിച്ചു കൊടുക്കുകയാണ് വേണ്ടത്.

രക്ഷിതാക്കളുടെ സഹായത്തോടെ കുഞ്ഞുങ്ങൾ ഇത്തരത്തിൽ കൊച്ചു കൊച്ചു ശീലങ്ങൾ നിരന്തരം ശീലിച്ചെടുക്കുമ്പോൾ അതിലൂടെ കുട്ടികൾക്ക് കിട്ടുന്ന ഗുണം ചെറുതല്ല. നല്ല ശീലങ്ങളെയും പ്രവൃത്തികളെയും ജീവിതത്തിൽ ശീലിച്ചെടുക്കാനുള്ള ഒരു “ശീലം” ഒരാളിൽ ഉണ്ടാക്കിയെടുക്കുക എന്നാൽ അല്പം ബുദ്ധിമുട്ടാണ്, എന്നാൽ കുഞ്ഞിലേ തന്നെ അത് ശീലിക്കുമ്പോൾ നിഷ്പ്രയാസം സാധിച്ചെടുക്കാവുന്നതെ ഉള്ളൂ. ഉപബോധമനസ്സ് അത്തരത്തിൽ ട്യൂൺഡ് ആവുകയും ക്ഷമാപൂർവ്വം, സമയമെടുത്ത് നല്ലതിനെ എന്തിനെയും തന്നിലേക്ക് പകർത്തിയെടുക്കാനുള്ള കഴിവ് ആർജ്ജിച്ചെടുക്കുകയുമാണ് കുഞ്ഞുങ്ങൾ ചെയ്യുന്നത്. അതിനുള്ള മനസ്സ് കുഞ്ഞിൽ അവർ അറിയാതെ തന്നെ സാഹചര്യങ്ങൾക്ക് അനുസരിച്ച് പരുവപ്പെട്ടു വരികയാണ്.

എന്നാൽ എന്നത്തേയ്ക്കുമായി ആ ചിറകുകളെ അരിഞ്ഞുകളയും വിധം മക്കളിലെ സർഗ്ഗാത്മകതയെയും കഴിവുകളെയും കുരുതി കൊടുക്കുന്ന മാതാപിതാക്കളും ഇല്ലാതില്ല. കുഞ്ഞിലേ പൊലിഞ്ഞു പോകുന്ന ചിറകുകൾക്ക് പകരമായി മറ്റൊന്ന് നൽകാൻ പിന്നെ മാതാപിതാക്കൾക്ക് കഴിഞ്ഞോളണം എന്നില്ല. എരിയുന്ന തീയിൽ ചിറകുകൾ കത്തിയെരിഞ്ഞുപോയ ഈയാം പാറ്റകളെ പോലെ നിസ്സഹായരായി
നിലത്ത് കിടന്ന് ഇഴയാനെ കുഞ്ഞുങ്ങൾക്ക് പിന്നെ കഴിയുള്ളൂ. അപൂർവ്വം ചിലർ സാഹചര്യങ്ങളെ അതിജീവിച്ച് ഉയിർത്തെഴുന്നേൽക്കാറുമുണ്ട്.

അമൂല്യമായ സ്വഭാവഗുണങ്ങളും മൂല്യങ്ങളും ശീലങ്ങളും പരിചയിച്ചും ശീലിച്ചും കൂടാതെ അറിവുകൾ നേടിയും അച്ഛനമ്മമാരുടെയും ഗുരുക്കന്മാരുടെയും വാക്കുകൾ കേട്ടും പിൻപറ്റിയും മുന്നേറുന്ന കുഞ്ഞുങ്ങൾക്ക് വേണ്ടി വളർന്നു വരുമ്പോൾ ഉജ്ജ്വലമായ ഭാവിയൊന്ന് അവർക്കായി കാത്തിരിപ്പുണ്ട്. പക്ഷെ ഒന്നുണ്ട്. ഈ പറയുന്ന അച്ഛനമ്മമാരും ഗുരുക്കന്മാരും കുട്ടികളിൽ തങ്ങളുടെ സ്വാർത്ഥ താൽപര്യങ്ങളോ ഇഷ്ടങ്ങളോ ആഗ്രഹങ്ങളോ അടിച്ചേല്പിക്കാതെ വേണം മാർഗ്ഗദർശനം നൽകാൻ.

Related Articles