Current Date

Search
Close this search box.
Search
Close this search box.

സഹജീവികളോടുള്ള സമീപനം

അത്യാവശ്യം മെച്ചപ്പെട്ടൊരു ആരോഗ്യവും കൊള്ളാവുന്ന സൗന്ദര്യവും കൂടാതെ അധികം കേടുപാടില്ലാത്തതും രൂപഭംഗിയുമൊക്കെയുള്ള ഒരു ശരീരപ്രകൃതി നമുക്കുണ്ട്, സ്നേഹവും സുരക്ഷിതത്വവും പകരാനായ് കൂട്ടിന് അച്ഛനും അമ്മയും ജീവിതപങ്കാളിയും മക്കളും സഹോദരങ്ങളുമായി ചുറ്റിനും ആളുകളുണ്ട്, ജീവിക്കാനുള്ള വകയുണ്ട്, സ്വന്തമായ് ഒരു വീടുണ്ട് അതുകൊണ്ട് അല്ലലൊന്നും അറിയതെ ജീവിച്ചുപോകുന്നു നാം. ഇപ്പറഞ്ഞതിൽ പാതിയിലേറെയും സ്വന്തം സാമർത്ഥ്യത്താലോ കഴിവ്കൊണ്ടോ, അദ്ധ്വാനഫലംകൊണ്ടോ ഉണ്ടാക്കിയെടുത്തതാവില്ല സ്വമേധയാ നമ്മിലേക്ക് വന്ന് ചേർന്നവയാവും. ഒന്നുകൂടെ വ്യക്തമാക്കി പറഞ്ഞാൽ മിക്കവയും അഹങ്കാരിക്കാനുള്ള യാതൊരു വകയും നൽകാത്തവയാവും. എന്നാൽ മനസ്സിൽ കൂറ് ഉണ്ടാവണം. സ്വപ്രയത്നത്താൽ നേടിയെടുക്കുന്നതാവുമ്പോൾ അഭിമാനിക്കാം അല്ലെങ്കിൽ എന്ത്. എന്നിട്ടും അഹങ്കാരം മനുഷ്യനിൽ ആധിപത്യം സ്ഥാപിച്ചെടുക്കുന്നതിൽ വിജയിക്കുന്നുവെങ്കിൽ മനുഷ്യന്റെയുള്ളിൽ നിർബ്ബന്ധമായും ഉണ്ടായിരിക്കേണ്ട ബോധത്തിന്റെ അഭാവമല്ലേ?

അതേസമയം ഇപ്പറഞ്ഞ അനുഗ്രഹങ്ങളും സൗഭാഗ്യങ്ങളൊന്നും ഇല്ലാതെ നരകയാതനയിൽ കഴിയേണ്ടി വരുന്ന എത്രയോ ആളുകളും ഈ ഭൂമുഖത്ത് ജീവിച്ചിരിപ്പുണ്ട്. നിലനിൽപ്പിനും അതിജീവനത്തിനും വേണ്ടിയുള്ള സാമ്പത്തിക ഭദ്രതയോ, താമസിക്കാൻ ഒരു കൂരയോ, ഇരിപ്പിടമോ, മൂന്ന് നേരത്തെ ഭക്ഷണമോ, വസ്ത്രമോ ഒന്നുമില്ലാത്ത നിരാശ്രയരും നിരാലംബരുമായ ചിലപ്പോൾ അംഗവൈകല്യവും മാറാവ്യാധിയുംകൊണ്ട് ദൈന്യതയും ദുരിതവും പേറി ജീവിക്കുന്ന മനുഷ്യക്കോലങ്ങൾ, പാവങ്ങൾ ജനിച്ചനാൾ തൊട്ട് നിതാന്തമായ അതിജീവന യജ്ഞത്തിലായിരിക്കും. നിസ്സഹായതയുടെ പടുകുഴിയിൽ നിന്ന് എഴുന്നേൽക്കാൻ കഴിയാതെ മനസ്സിന് ബലക്ഷയം ബാധിച്ചുപോയ അവരിലേക്ക് നോക്കാൻ ബാക്കിയുള്ളവർക്ക് സമയമുണ്ടോ?

Also read: കുട്ടികളുടെ ശിക്ഷണത്തിന് പത്ത് കാര്യങ്ങള്‍

മനുഷ്യർ അവർക്ക് ലോട്ടറി അടിച്ചതുപോലെ കിട്ടുന്ന പ്രിവിലേജുകളിൽ ഒട്ടും അഹങ്കരിക്കാതെ, അഹന്ത കാണിക്കാതെ ജീവിക്കാൻ പഠിക്കുമ്പോഴും ശീലിക്കുമ്പോഴുമാണ് അവരുടെ വ്യക്തിത്വം ഔന്നിത്യത്തിലേക്ക് ഉയർത്തപ്പെടുന്നതും ലാളിത്യമാർന്നതും മനോഹരവുമായ വ്യക്തിത്വമായി മാറുന്നതും. താൻ എന്തോ വലിയ സംഭവമാണെന്ന് മനപ്പൂർവ്വം കാണിക്കാനുള്ള കിണഞ്ഞ പ്രയത്നത്തിൽ ഓരോരുത്തർക്കും നഷ്ടമാകുന്നത് സ്വന്തം വ്യക്തിത്വമാണെന്ന് ഓർക്കുക. രക്ഷിതാക്കൾ കുഞ്ഞുങ്ങൾക്ക് ആരോഗ്യകരമായ രീതിയിൽ വസ്തുതകളെ നിരത്തിവെച്ച് ആകാശത്തിന് കീഴെ കാണുന്ന സകലതിനെക്കുറിച്ചും അറിയാവുന്നത്ര അറിവുകൾ പകർന്ന് കൊടുത്ത് അവരെ വളർത്തണം എന്ന് ആവർത്തിച്ചു പറയുന്നതിന്റെ പിന്നിലെ വലിയൊരു സൈക്കോളജി ഉൾകൊള്ളാൻ കഴിഞ്ഞാൽ കുഞ്ഞുങ്ങളിൽ മിഴിവാർന്ന ഒരു വ്യക്തിത്വത്തെ വാർത്തെടുക്കാൻ അത്യുത്തമമായ മാതൃകയാവും അത്. അതിനായ് അവർ കണക്കില്ലാതെ ഗ്രന്ഥങ്ങൾ വായിച്ചു കൂട്ടുകയൊന്നും വേണ്ട, സ്‌കൂൾ പഠനമോ ഉയർന്ന ഡിഗ്രിയോ ആവശ്യമായും വരുന്നില്ല. ചിരപരിചിതമായ നിത്യകാഴ്ചകളിൽ നിന്നും ഇത്രയും കാലം ഇടപഴകാനിടയായ മനുഷ്യരിൽ നിന്നും അതേപോലെ അനുഭവങ്ങളിൽ നിന്നും സ്വയം തിരിച്ചറിഞ്ഞ ഓരോ കൊച്ചു കാര്യങ്ങൾ കുഞ്ഞുങ്ങളുമായി പങ്കിട്ടാൽ മതി. നിനക്ക് എന്തിനാണ് കഴിയുക? നിനക്ക് ഇപ്പോൾ എന്താണ് മനസ്സിലാവുക എന്ന് പറഞ്ഞ് അവരെ അകറ്റി നിർത്തരുത്, ചെറുതാക്കി കളയരുത്. കുഞ്ഞിലെ തന്നെ ശ്രമിച്ചാൽ മനുഷ്യന് കഴിയാത്തതായി ഒന്നുമില്ല എന്ന ചിന്തകൾ നൽകി നോക്കൂ, അനിർവ്വചനീയവും അത്യത്ഭുതകരവുമായ ഒരു പൊസിറ്റീവ് മനോഭാവത്തിന് ഉടമായവും കുട്ടി.

അതേപോലെ തന്നെ കുഞ്ഞിന്റെ മനസ്സിൽ ഉദിക്കുന്ന കുഞ്ഞു സംശയങ്ങൾ യഥാസമയം ദുരീകരിച്ചുകൊടുക്കാനുള്ള ചെറിയ പരിശ്രമങ്ങൾ ഉണ്ടല്ലോ, ഇവയെല്ലാം കുഞ്ഞിന്റെ ധിഷണാ ശക്തിയെ അത്യധികം ഉത്തേജിപ്പിക്കുകയും ബൗദ്ധിക നിലവാരത്തെ ദിനംപ്രതി മെച്ചപ്പെടുത്തുകയും ചെയ്യും. ലോകത്തെക്കുറിച്ച് അറിയും തോറും മുമ്പ് ലഭ്യമായിരുന്ന ഉത്തരങ്ങൾ അപര്യാപ്തമായി തോന്നുകയും അതിനെക്കാൾ തൃപ്തികരമായ ഒരു ഉത്തരം തേടുകയും ചെയ്യുന്ന പ്രവണതയും അവരിൽ കാണാം. അതിനുള്ള വഴികൾ തുറന്ന് കൊടുക്കലാണ് അടുത്ത പടി. വായനയുടെയും അറിവിന്റെയും ലോകത്തേയ്ക്ക് അവരെ സ്വാഗതം ചെയ്യാം. അവരുടെ ഇഷ്ടം എന്തിലാണെന്ന് മനസ്സിലാക്കുകയും വേണം.

എന്നാൽ പല കുട്ടികളിലും ഇതൊക്കെ കുഞ്ഞിലെ തന്നെ നശിച്ചുപോകുന്നതായാണ് കാണുന്നത് എന്ന വസ്തുത വളരെ ഖേദത്തോടെ തന്നെ പറയട്ടെ. യഥാർത്ഥത്തിൽ മേൽപ്പറഞ്ഞ പോലെയാണ് മക്കൾ ലോകത്തെ അറിയുന്നതെങ്കിൽ പല കുഞ്ഞുങ്ങളും അവരുടെ ടാലന്റ് അനുസരിച്ച് വ്യത്യസ്തമായ മേഖലയിൽ പണ്ഡിത്യം തെളിയിച്ചെക്കും. വൈജ്ഞാനികരും ശാസ്ത്രജ്ഞരൊക്കെ ആയി തീരേണ്ടവരാണ് പലരും. മതാപിതാക്കൾ നൽകുന്ന മറുപടികൾ കുഞ്ഞുബുദ്ധിയെ തൃപ്തിപ്പെടുത്തുന്ന വിധത്തിലാവാണം, അവരിൽ സംശയങ്ങൾ ബാക്കി നിൽക്കാൻ അനുവദിയ്ക്കരുത്. അതേപോലെ എപ്പോഴും അവരെ ചിന്തിപ്പിച്ചും സംസാരിപ്പിച്ചുകൊണ്ടും ഇരുന്നാൽ കുഞ്ഞിലെ തന്നെ അവരിലെ അഭിരുചികളും പ്രതിഭയും കണ്ടെത്താൻ അത് വളരെയധികം സഹായിക്കും.

Also read: അത് തട്ടിത്തെറിപ്പിക്കാന്‍ ആരുണ്ട്‌

അജ്ഞതയാണ് കുഞ്ഞുങ്ങളിൽ വർത്തിക്കുന്നതെങ്കിൽ അബദ്ധങ്ങൾ വന്നു പിണഞ്ഞുകൊണ്ടിരിക്കും. ബോധമാണ് കുഞ്ഞിനെ നായിക്കുന്നതെങ്കിൽ അതിന്റെ തോതിൽ അവിശ്വസനീയമായൊരു മാറ്റവും കാണാൻ സാധിക്കും. ശങ്കയ്ക്ക് ഇടനൽകാതെ ഏതൊരു കാര്യവും അച്ഛനും അമ്മയ്ക്കും മുന്നിൽ ഇരുന്ന് സംസാരിക്കാൻ കുഞ്ഞുങ്ങളിൽ ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കണം. എങ്കിൽ കാണുന്നതിനെയെല്ലാം അർത്ഥമില്ലാതെ വിമർശിക്കുന്നതിലും അധിക്ഷേപിക്കുന്നതിലുമല്ല കാര്യം അതിന്റെ പിന്നിലെ പൊരുൾ തിരിച്ചറിയാതെ സംസാരിക്കുന്നതിൽ അർത്ഥമില്ലെന്ന് കുട്ടികൾ മനസ്സിലാക്കുകയും അതിനാൽ എന്തിനെയും പിന്നിലെ നിജസ്ഥിതി അറിഞ്ഞ ശേഷം മാത്രം പ്രതികരിക്കാനും വിമർശിക്കാനുമുള്ള ക്ഷമയും വിവേകവും കാണിക്കും. ഒരു വ്യക്തിയിൽ കാണുന്ന അതിശ്ലാഘനീയമായ സ്വഭാവഗുണങ്ങളിൽ ഒന്നാണ് ഇത്. അകക്കണ്ണിലൂടെ സത്യങ്ങൾ വായിച്ചെടുക്കാൻ കഴിയുന്ന ഒരു മനുഷ്യനും ആരെയും കാര്യമില്ലാതെ വിമർശനത്തിന് ഇരയാക്കില്ല, ഇതാണ് സത്യം.

ദരിദ്രനായിട്ട് ജനിച്ചതിന്റെ പേരിലോ, നിറം കറുത്തത് ആയത്കൊണ്ടോ, ജാതിയിൽ താഴ്ന്നവനോ അല്ലെങ്കിൽ അന്യമതസ്ഥനായതിനാലോ ഒരാളെ തരംതാഴ്ത്തി കാണുന്നതോ, മാനസികമായി ദ്രോഹിക്കുന്നതോ, ദേഹോപദ്രവം ചെയ്യുന്നതോ, നിരാദരവോടെ പെരുമാറുന്നതിലോ യാതൊരു ആസ്വാഭാവികതയുമില്ല, അതിൽ തെറ്റൊന്നുമില്ല എന്ന് മറ്റൊരാൾ ചെയ്യുന്നത് കണ്ടിട്ട് കുഞ്ഞുങ്ങൾക്ക് തോന്നിക്കഴിഞ്ഞാൽ സംഭവിക്കാൻ പോകുന്നത് എന്തായിരിക്കും? ആ കുഞ്ഞിന്റെ വ്യക്തിത്വം എന്താവും? അച്ഛനമ്മമാർ ശ്രദ്ധിക്കണം. നാളെ ആ കുഞ്ഞ് വലുതാവുമ്പോൾ സ്വന്തം മാതാപിതാക്കളെ തന്നെ തിരിഞ്ഞുകുത്തുന്ന സാഹചര്യം മുന്നിൽ വരും. അതിനാൽ രക്ഷാകർതൃത്വ നിർവ്വഹണത്തിലെ മർമ്മപ്രധാനമായ കാര്യങ്ങളിൽ ഒന്ന് മാതാപിതാക്കൾക്ക് മറ്റുള്ളവരോടുള്ള സമീപനമാണ്. വീട്ടിൽ ജോലിയ്ക്ക് വരുന്ന വേലക്കാരിയോടൊ, പറമ്പിൽ പണിയെടുക്കാൻ വരുന്ന ആളോടൊ അതേപോലെ അന്യജാതി, മത വിഭാഗത്തില്പെട്ടവരോടോ അച്ഛനമ്മമാർ കാണിക്കുന്ന സമീപനം, പെരുമാറ്റം, സംസാരിക്കുന്ന ഭാഷ ടോൺ ഇതെല്ലാം കുഞ്ഞുങ്ങൾ ഫോളോ ചെയ്യും.

Also read: മൈസം തരംഗം ; നിഖാബ് ധാരികൾ കൂടുന്നു

ഒരാളെ അവരുടെ കുറവുകൾ എടുത്ത് പറഞ്ഞ് അപഹാസ്യരാക്കുന്നതോ അപമാനിതരാക്കുന്നതോ പുച്ഛഭാവത്തിലും പരിഹാസം കലർന്ന
സ്വരത്തിലും ആളുകളുടെ ഇടയിലിട്ട് കളിയാക്കി ചിരിക്കുന്നതിനെയൊക്കെ മനുഷ്യത്വവിരുദ്ധമായ പ്രവൃത്തികളായി കുഞ്ഞുങ്ങൾ തിരിച്ചറിയണം. ഒരാൾ വീണാൽ ചിരിയ്ക്കല്ല വേണ്ടത് അയാൾക്ക് എഴുന്നേൽക്കാൻ തന്റെ കൈകൾ നീട്ടികൊടുക്കുകയാണ് വേണ്ടതെന്ന് തിരുത്തിക്കൊടുക്കണം. വളർന്നു വലുതായി പക്വതയാർജ്ജിച്ച് വലിയൊരു മനുഷ്യനാവുമ്പോഴും വാർദ്ധക്യത്തിലും മൃത്യുവിനെ പുൽകുന്നത് വരെയും ചുടലവരെ അയാളെ നയിക്കുന്നത് അച്ഛനമ്മമാർ നൽകിയ മൂല്യങ്ങളെയാവണം. പരമ്പരഗതമായി കൈമാറ്റം ചെയ്യപ്പെടേണ്ടത് അന്ധവിശ്വാസങ്ങൾ അല്ല മാനുഷിക മൂല്യങ്ങളെയാണ്.

അറിവിൽ നിന്ന് ഉരുത്തിരിഞ്ഞു വരുന്ന ഉള്ളറിവ്, ബോധത്തിൽ നിന്ന് ഉണ്ടാവുന്ന ബോദ്ധ്യം ഇവയൊക്കെ കുഞ്ഞിന്റെ ആന്തരിക ലോകത്തെ വിസ്തൃതവും വിശാലവുമാക്കും കൂട്ടത്തിൽ അനുഭവങ്ങളുടെ തെളിച്ചത്തിൽ നേടിയെടുക്കുന്ന ചില തിരിച്ചറിവുകൾ, സത്യങ്ങൾ, വസ്തുതകൾ അവരെ വേറിട്ട നല്ലൊരു മനുഷ്യനാക്കി നിർത്തും. അതിനാൽ അനുഭവങ്ങൾ നേരിൽ വരട്ടെ, അവരെ സ്വതന്ത്രരാക്കി വളർത്തൂ. വെറുതെ കുഞ്ഞുങ്ങളെ വളർത്തി വലുതാക്കുന്നതും രക്ഷകർതൃത്വത്തിന്റെ ധർമ്മം എന്തെന്ന് തിരിച്ചറിഞ്ഞ് അത് നിറവേറ്റുന്നതിലും അതിയായ അന്തരം ഉണ്ട്.

ഒരാളിൽ തെറ്റുകൾ കണ്ടാൽ നമുക്ക് ചൂണ്ടിക്കാണിക്കാം. ഒരിക്കലും അത്
ഒരുതരം അപമാനപ്പെടുത്തലോ, മനസ്സിനെ മുറിവേല്പിക്കും വിധത്തിലോ ആവരുത്. വ്യക്തികൾക്ക് മേൽ തിട്ടൂരം ഏർപ്പെടുത്തുന്നതും ചങ്ങലകൾ തീർക്കുന്നതും അനുസരിക്കാത്ത സാഹചര്യത്തിൽ അതിക്രമം കാണിച്ച് കൈയേറ്റം
നടത്തുന്നതും അന്യായമാണ്. ഇനി ഒരാളോട് ആശയപരമായ സംവാദം നടത്തുമ്പോഴോ ആശയങ്ങൾ തമ്മിലാവണം സംവാദം. നാം വിശ്വസിക്കുന്നതും പിന്തുടരുന്നതുമായ ആശയങ്ങളും വിശ്വാസങ്ങളും മാത്രം ഉത്തമവും മഹത്തരവുമായി കാണുന്നതൊക്കെ കൊള്ളാം പക്ഷെ അപരന്റെ വിശ്വാസങ്ങൾക്കും അതേ മൂല്യവും ആദരവും നൽകണം. നിർദയം അധിക്ഷേപങ്ങൾക്ക് ഇരയാക്കാൻ പാടില്ല. അത് മാനവികതയ്ക്ക് എതിരാണ്, ഇതെല്ലാം കുട്ടികളെ ഇരുത്തി ചൊല്ലികൊടുക്കണം.

Also read: ഹജ്ജ് എംബാര്‍ക്കേഷന്‍: കരിപ്പൂരിനെ അവഗണിക്കുന്നതിന് പിന്നില്‍ ?

മനുഷ്യന്റെയും പ്രകൃതിയുടെയും നിലനിൽപ്പിനെ അവതാളത്തിൽ ആക്കുന്നതോ മനുഷ്യത്വഹീനമായതോ ആയ പ്രവൃത്തികളെ മാത്രമേ നാം ചോദ്യം ചെയ്യേണ്ടതുള്ളൂ. അല്ലാതെ നമ്മുടെ വാക്കുകളോ, പ്രവൃത്തിയോ, വിശ്വാസങ്ങളോ ആരുടെയും ജീവിതത്തിൽ ഒന്നിനും തന്നെ ഭംഗം വരുത്തുന്നതിന് ഒരു ഹേതുവായി തീരാൻ പാടില്ല. എല്ലാവരും ഭൂമിയുടെ അവകാശികളാണ്, അവനവന്റെ ആഗ്രഹത്തിനും ഇഷ്ടത്തിനും അനുസരിച്ച് ജീവിക്കാൻ ഓരോരുത്തർക്കും സ്വാതന്ത്ര്യവും അവകാശവുമുണ്ട്. അതിലേക്ക് കൈകടത്തലുകൾ നടത്തുന്ന ദ്രോഹികളെ തിരിച്ചറിയുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നതാണ് ബുദ്ധി.

ഇത്രയും പറഞ്ഞു വന്നതിന്റെ ലക്ഷ്യം മറ്റൊന്നുമല്ല, ഉത്തമ വ്യക്തിത്വമെന്നാൽ സ്വന്തം നാവിനെ തൊട്ടും അതിൽ നിന്ന് ഉത്ഭവിക്കുന്ന വാക്കുകളെക്കുറിച്ചും ബോധമുള്ളവൻ അല്ലെങ്കിൽ ഉള്ളവൾ കൂടെയാണ് എന്ന ഓർമ്മപ്പെടുത്തലിലേയ്ക്കാണ് എത്തിക്കുന്നത്. വാക്കുകൾക്ക് മൂർച്ചയേറിയ വാളിനെക്കാൾ ശക്തിയുണ്ട്. ഒരു മനുഷ്യനെ നിർദാക്ഷിണ്യം തേജോവധം ചെയ്യാനും മാനസികമായി തളർത്തി മരണത്തിലേക്ക് വരെ എത്തിക്കാനും
ഒരാളുടെ വാക്കുകൾക്ക് കഴിയും. വളർത്താനും തളർത്താനും മതിയായ നാവിനെ ഏറ്റവും പോസിറ്റീവ് ആയിട്ട് ഉപയോഗിക്കുന്നവരാണ് നല്ല വ്യക്തിത്വത്തിന്റെ വാക്താക്കൾ എന്ന് പറയാം. വാക്കുകളുടെ മാസ്മരിക ശക്തിയും ഒരാളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചും പ്രത്യാഘാതങ്ങളെക്കുറിച്ചും ബോധമില്ലെങ്കിൽ അത്യധികം പ്രയാസങ്ങൾ നേരിടേണ്ടി വരുമെന്നതിൽ സംശയമില്ല.

വിമർശനാതീതരോ പൂർണ്ണമായും കുറ്റവിമുക്തരോ ആയ മനുഷ്യർ നമുക്കിടയിൽ അപൂർവ്വം തന്നെ, അതല്ലെങ്കിൽ ഇപ്പറയുന്ന പോലെ ആത്മബോധത്തിലും ശരിയായ സഹജാവബോധത്തോടെയും ജീവിക്കുന്ന, അന്യന്റെയും ചിന്തകളെയും കാഴ്ചപ്പാടുകളെയും മാനിക്കാൻ കഴിയുന്ന, ആദരവോടെ മാത്രം ഏതൊരു മനുഷ്യനെയും കാണാൻ കഴിവുള്ള ഒരു വ്യക്തി ആയിരിക്കണം അയാൾ. ആരും തന്നെ മറ്റൊരാളെ വിമർശിക്കാൻ താൻ യോഗ്യനാണോ എന്നറിയാൻ ആദ്യമൊരു ആത്മപരിശോധനയ്ക്ക് തയാറാവുന്നത് വളരെയേറെ പ്രയോജനം ചെയ്യും. അതുകൊണ്ട് ആരോഗ്യകരമായ രീതിയിൽ വിമർശിക്കാൻ അറിയുന്ന ആളാവണം. ഒരാൾ മുന്നോട്ട് വെയ്ക്കുന്ന ഏതൊരു കാര്യത്തെയും ആശയത്തെയും തെറ്റാണെന്ന് തോന്നിയാൽ കൂടി ആ വ്യക്തിയ്ക്ക് റെസ്പെക്ട് കൊടുത്ത് തന്നെ വേണം വിമർശിക്കാൻ. വ്യക്തിഹത്യയ്ക്ക് ഒരുങ്ങരുത്.

Also read: പരമ്പരാഗത അറബി കലിഗ്രഫിയില്‍ ചുവടുറപ്പിച്ച് ഉത്തരാഫ്രിക്ക

വാക്കുകളെ അവനവനും മറ്റുള്ളവർക്കും പ്രയോജനപ്പെടുന്ന രീതിയിൽ ക്രിയാത്മകമായി എങ്ങനെ ഉപയോഗപ്പെടുത്താം എന്ന് പഠിച്ചു കഴിഞ്ഞാൽ വ്യക്തിബന്ധങ്ങൾ നിലനിർത്തുന്നതിലും കുടുംബം മുന്നോട്ട് കൊണ്ടുപോകുന്നതിലും അയാൾ വിജയിക്കും. പറയുന്ന വാക്കുകൾക്ക് ആത്മാർഥതയും ഉണ്ടാവണം പൊള്ളയായ വാക്കുകൾ ജീവനില്ലാത്തവയാണ്.

ഒരാളുടെ ലോകം തുടങ്ങുന്നത് അയാളിൽ നിന്ന് തന്നെയാണ് എന്ന കാര്യം മറക്കാതെ ജീവിക്കുക. ഒരാൾ നിർവേറ്റേണ്ട കടമകളിൽ മുഖ്യം അയാൾ അയാളോട് തന്നെ ദയാലുവും കരുണയുള്ളവനും സ്നേഹമുള്ളവനും ആവുക എന്നതാണ്. നമ്മോട് തന്നെ നീതിപുലർത്തണം നമ്മെ തന്നെ റെസ്പെക്ട് ചെയ്യണം. ആരുടെയും മുന്നിൽ തല കുനിക്കാതെ അന്തസ്സോടെ ജീവിക്കാനും അഭിമാനിയായി ജീവിക്കാനുമുള്ള ആത്‍മബോധം നല്ലൊരു വ്യക്തിത്വത്തിലൂടെ ആർജ്ജിച്ചെടുക്കാൻ പഠിക്കണം. അതിനാൽ നല്ലൊരു വ്യക്തിത്വം എന്തിനെക്കാളും അമൂല്യമെന്ന് ചൊല്ലാവുന്ന അയാളുടെ മാത്രം സ്വകാര്യസ്വത്താണ്.

ചിലരുടെയെല്ലാം പെരുമാറ്റങ്ങൾ വീക്ഷിച്ചാൽ ഒരു പക്ഷെ സെൽഫ് റെസ്പെക്ട് എന്താണെന്ന് തന്നെ അറിയില്ല എന്ന് തോന്നും. ആത്മാഭിമാനബോധം നൽകി വളർത്തപ്പെടുന്ന കുട്ടികൾക്ക് അത്തരമൊരു പ്രശ്നം നേരിടേണ്ടി വരുന്നില്ല. ആത്മാഭിമാനം അല്ലെങ്കിൽ സെല്ഫ് റെസ്പെക്റ്റിന്റെ മൂല്യം അവർക്ക് അറിയാവുന്നതിനാൽ അത് കളഞ്ഞ് കുളിക്കാൻ ഒരിക്കലും തയാറാവില്ല അവർ. അവനവനെ വിലകുറച്ച് കാണിക്കുന്ന ഒരു ഏർപ്പടിനും നിൽക്കുകയും ഇല്ല. അതുകൊണ്ട് തീർച്ചയായും മക്കളെ ആത്മാഭിമാനബോധത്തോടെ വളർത്താൻ രക്ഷിതാക്കൾ തയാറാവണം.

Related Articles