Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിന്റെ വെടിയുണ്ട തകര്‍ത്ത സൈക്ലിങ് സ്വപ്‌നങ്ങള്‍

ഒരു കാല്‍ തകര്‍ന്നിട്ടും തോറ്റുകൊടുക്കാന്‍ തയാറാകാതെ അലാ അല്‍ ദലി ഇന്നും സൈക്കിള്‍ ചവിട്ടുകയാണ്. തകരാത്ത ഒരു കാലും പതറാത്ത മനസ്സുമായി. ‘എന്റെ ശക്തി എന്റെ കാലുകളായിരുന്നു. എന്റെ ജീവിത സ്വപ്‌നങ്ങളെയെല്ലാം ഞാന്‍ അവലംബിച്ചിരുന്നത് എന്റെ കാലിലായിരുന്നു’.
കഴിഞ്ഞയാഴ്ച ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ സമാപിച്ച ഏഷ്യന്‍ ഗെയിംസില്‍ ഫലസ്തീനെ പ്രതിനിധീകരിച്ച് പങ്കെടുക്കുക എന്നതായിരുന്നു അലായുടെ സ്വപ്നം. എന്നാല്‍ ഇസ്രായേലിന്റെ ബുള്ളറ്റ് അദ്ദേഹത്തിന്റെ സ്വപ്‌നങ്ങള്‍ തകര്‍ക്കുകയായിരുന്നു. ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല, ഇങ്ങനെ സംഭവിക്കുമെന്ന്, ആ മുറിവ് എന്റെ കരിയര്‍ തകര്‍ത്തു.

കഴിഞ്ഞ മാര്‍ച്ച് 30ന് ഇസ്രായേല്‍-ഗസ്സ അതിര്‍ത്തിയില്‍ നടന്ന ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേര്‍ണില്‍ അലായും പങ്കെടുത്തിരുന്നു. ഫലസ്തീന്റെ അവകാശങ്ങള്‍ക്കു വേണ്ടിയും ഇസ്രായേലിന്റെ അധിനിവേശം അവസാനിപ്പിക്കാന്‍ വേണ്ടിയുമായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചത്.
സമാധാനപരമായി 150-200 മീറ്റര്‍ അകലെ നിന്നും പ്രതിഷേധിക്കുമ്പോഴാണ് തനിക്ക് വെടിയേറ്റത്. എന്റെ കാലുകള്‍ വളരെ ഗുരുതരാവസ്ഥയിലാണെന്നാണ് ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞത്. ഒരു ശതമാനം സാധ്യതയുണ്ടെങ്കില്‍ എന്റെ കാലിനെ രക്ഷപ്പെടുത്തണം ഞാന്‍ ഡോക്ടറോടു പറഞ്ഞു. കാല്‍ മുറിച്ചു മാറ്റിയതോടെ എന്റെ ജീവിതം തന്നെ പ്രയാസത്തിലായി.

ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം കഴിഞ്ഞ മാര്‍ച്ച് 30 മുതല്‍ 160 ഫലസ്തീനികളാണ് ഇസ്രായേല്‍ സൈന്യത്താല്‍ കൊല്ലപ്പെട്ടത്. 18000ത്തില്‍ അധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും 69ഓളം പേര്‍ക്ക് അംഗവിച്ഛേദനം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഫലസ്തീന്റെ പ്രതിഷേധത്തിനു നേരെ ക്രൂരമായ നടപടികളാണ് ഇസ്രായേല്‍ സൈന്യം കൈകൊണ്ടതെന്ന് വിവിധ മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചിരുന്നു. ഇസ്രായേല്‍ അതിര്‍ത്തിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നേരെയാണ് തങ്ങള്‍ വെടിവെപ്പ് നടത്തിയതെന്നും തങ്ങളുടെ പൗരന്മാരെ സംരക്ഷിക്കുകയുമാണ് ഇതിലൂടെ ചെയ്തതെന്നുമാണ് ഇസ്രായേല്‍ പ്രതിരോധ സേനയുടെ ഭാഷ്യം.

എന്നാല്‍ തന്റെ മുറിവ് മൂലം സൈക്ലിങ് അവസാനിപ്പിക്കാനാവില്ലെന്ന് പിന്നീട് അലാ തീരുമാനിച്ചു. ഇപ്പോള്‍ ഞാന്‍ വീണ്ടും എന്റെ സൈക്കിള്‍ എടുത്ത് ട്രെയിനിങ് ആരംഭിച്ചു. ഇപ്പോള്‍ അംഗവൈകല്യം സംഭവിച്ചവരുടെ ഒരു സൈക്ലിങ് ടീം ഉണ്ടാക്കുകയും അതിന്റെ കോച്ചാവാന്‍ പരിശ്രമിക്കുകയുമാണ് ഞാന്‍. ഒരു കാലുപയോഗിച്ച് തന്നെ ഞാന്‍ മത്സരിക്കും. മുന്നോട്ടു ചവിട്ടാന്‍ തന്നെയാണ് എന്റെ തീരുമാനം….അലാ പറഞ്ഞു നിര്‍ത്തി.

കടപ്പാട്: ബി.ബി.സി
മൊഴിമാറ്റം: സഹീര്‍ വാഴക്കാട്

Related Articles