Current Date

Search
Close this search box.
Search
Close this search box.

ഫെമിനിസ്റ്റ് ചിന്തയുടെ സ്ത്രീ ശാക്തീകരണ വിക്രിയകള്‍

പല വേദികളിലും പേജുകളിലുമായി പരക്കെ നടക്കുന്ന ”പഠിച്ചു മുന്നേറുന്ന പെണ്ണും കവച്ചു വെക്കാനാവാതെ ഇടറുന്ന ആണും”എന്ന ചര്‍ച്ചകളിലെ പ്രതികരണങ്ങള്‍ സൂക്ഷ്മമായി വായിക്കുമ്പോള്‍ വരികള്‍ക്കിടയില്‍ ശരിയല്ലാത്ത ആശയങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് തോന്നുന്നു.

”എന്താണ് സ്ത്രീ ശാക്തീകരണം?” എന്ന് കൃത്യമായി നിര്‍വചിക്കാതെ കുറെ വാചാടോപം നടത്തുന്നതിലെന്തര്‍ഥമാണുള്ളത്? സ്ത്രീയുടെ വളരെ മൗലികമായ ദൗത്യം നിര്‍വഹിക്കാന്‍ അവളെ പ്രാപ്തയാക്കുകയെന്നതിന്നു പകരം പുരുഷന് സമാന്തരമായും ഒരുവേള പുരുഷനെ വെല്ലുവിളിച്ചും നീങ്ങാനുള്ള പ്രവണത വളര്‍ത്തും വിധമുളള ശാക്തീകരണ യത്‌നങ്ങള്‍ അനഭിലഷണീയമായ ഫലങ്ങള്‍ ധാരാളമായി സൃഷ്ടിക്കുന്നുണ്ട്. ”മറ്റു സമുദായങ്ങളെപ്പോലെ”…. എന്ന് ചിലര്‍ പറയുന്നതിലും പന്തികേടുണ്ട്. എല്ലാ സാമുദായിക അസ്തിത്വവും അതിന്റെ നിദാനവും ലക്ഷ്യവും ഒരുപോലെയല്ല. ‘പുരോഗതി’ യെ പറ്റിയുള്ള കാഴ്ചപ്പാടും ഒരുപോലെയല്ല. ‘പുരോഗമനം’ എന്ന പദം അലക്ഷ്യമായി ഉപയോഗിക്കുന്നവരാണ് ഏറെയും. പുരോഗമിക്കുക എന്നാല്‍ മറ്റൊരു വിഭാഗത്തെപോലെയാവലല്ല- ”ലക്ഷ്യത്തിലേക്ക് മുന്നേറുക” എന്നതാണ് ആ പദത്തിന്റെ പൊരുള്‍. പരലോകമെന്ന അനിഷേധ്യ സത്യത്തില്‍ ദൃഢരൂഢമായി വിശ്വസിക്കുന്നവര്‍ക്ക് കേവല ഭൗതികതയിലൂന്നി നില്‍ക്കുന്നവരുടെ പുരോഗതി ഭൂഷണമാവില്ല. പരമാവധി സുഖിച്ചാനന്ദിച്ച് ജീവിതം കഴിച്ചു കൂട്ടാനായാല്‍ പരലോക ചിന്തയില്ലാത്ത ശുദ്ധ ഭൗതിക വാദിക്കത് പുരോഗതിയാണെങ്കില്‍ ശാശ്വതമായ പരലോകത്തെ വിചാരണയിലും രക്ഷാ ശിക്ഷകളിലും പൂര്‍ണമായും വിശദമായും അടിയുറച്ചു വിശ്വസിക്കുന്നവര്‍ക്ക് അത് വിനാശകരമായ അധോഗതിയാണ്. കോഴിക്കോട്ട് നിന്ന് മംഗലാപുരത്തേക്ക് പോകേണ്ട യാത്രികന്‍ മദിരാശിയിലേക്കുള്ള ട്രൈനില്‍ കയറിയാല്‍ ട്രെയിന്‍ ലക്ഷ്യത്തിലേക്ക് മുന്നേറുമ്പോഴും നമ്മുടെ അപഥ സഞ്ചാരി അനുനിമഷം ലക്ഷ്യത്തില്‍ നിന്ന് ബഹുദൂരം അകന്നുകൊണ്ടിരിക്കുകയാണ്. ടിക്കറ്റ് മംഗലാപുരത്തേക്കാണെന്ന സമാശ്വാസം തീര്‍ത്തും വ്യര്‍ഥമാണ്. പരലോകത്തെ പരമപ്രധാനമായി ഉള്‍ക്കൊണ്ടവര്‍ക്ക് ഭൗതികവീക്ഷാഗതിയിലധിഷ്ഠിതമായ പരിപാടികള്‍ പലപ്പോഴും പൂര്‍ണാര്‍ഥത്തില്‍ പ്രയോജനപ്പെടില്ല. പരലോകമെന്ന മഹാ സത്യത്തെ കേവലം ഒരു ഉപവിഷയമാക്കി ഇടക്ക് വല്ലപ്പോഴും ഓര്‍ക്കുന്നവര്‍ ഒരു മേമ്പൊടി മാത്രമായിട്ടാണ് അതിനെ പരിഗണിക്കുക. അത്തരം ആളുകള്‍ കവിഞ്ഞാല്‍ തങ്ങള്‍ തെറ്റായി കയറിപ്പറ്റിയ വാഹനത്തില്‍ (മദിരാശി വണ്ടി) മംഗലാപുരം ഭാഗത്തേക്ക് മുഖം തിരിച്ച് ഇരുന്നു കൊണ്ടാണ് ആശ്വാസം കൊള്ളാറ്. ഇതുകൊണ്ട് ഒരു പ്രയോജനവും ഇല്ല. സ്ത്രീ ശാക്തീകരണത്തിന് സന്താന നിയന്ത്രണം നടത്താന്‍ മഹല്ല് കമ്മിറ്റികള്‍ മുന്‍കൈ എടുക്കണമെന്ന് വരെ ചില പുരോഗമനവാദികള്‍ ചിന്തിക്കുന്നുണ്ട്. അപ്രഖ്യാപിതമായി- പരോക്ഷമായി- സന്താന നിയന്ത്രണത്തിന്നുള്ള പ്രേരണകള്‍ പല മാര്‍ഗേണ വിദഗ്ദമായി നടക്കുന്നുമുണ്ട്. പല ഡോക്ടര്‍മാരും ഇങ്ങനെയുള്ള വിക്രിയകള്‍ക്ക് അരു നില്‍ക്കുന്നവരാണ്. ഗര്‍ഭഛിദ്രം എന്ന മഹാ തിന്മ പോലും ഇതിന്നായി നടക്കുന്നുണ്ട്. ഇവിടെയാണ് ”…മക്കളെ നോക്കാന്‍ എന്ന പേരിലാണ് പുരുഷന്‍ അവളുടെ വളര്‍ച്ച തടഞ്ഞുവെക്കാന്‍ ശ്രമിക്കുന്നത്. ആറു എട്ടും കുട്ടികളുണ്ടായിരുന്ന കാലത്തെ ചിലര്‍ ഇപ്പോഴും നിരത്തിക്കൊണ്ടിരിക്കുന്നു…” എന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ ആശങ്കയുണ്ടാക്കുന്നത്.

ആറും എട്ടും കുട്ടികളുണ്ടാവുകയെന്നത് വളരെ മോശപ്പെട്ട കാര്യമാണോ? പ്രസവിക്കാനും മുലയൂട്ടാനും മക്കളെ പോറ്റി വളര്‍ത്താനുമുള്ള ന്യായമായ സ്‌ത്രൈണ താല്‍പര്യത്തിന് കൂച്ചുവിലങ്ങിടുന്നതെന്തിന്? സൊസൈറ്റി ലേഡികളായി  തെരുവുകളില്‍
വിലസുന്നവരേക്കാള്‍ വളരെ മെച്ചപ്പെട്ട സാമൂഹ്യസേവനമാണ് നല്ല രീതിയില്‍ എട്ടും പത്തും മക്കളെ പോറ്റി വളര്‍ത്തുന്ന സഹോദരിമാര്‍ നിര്‍വഹിക്കുന്നത്. അങ്ങനെയുള്ള കുടുംബിനികളുടെ മനസ്സില്‍ അക്ഷന്തവ്യമായ അപകര്‍ഷതാബോധം ഉണ്ടാക്കിയെടുക്കുന്നത് ഭ്രാന്തന്‍ ഫെമിനിസത്തിനും കാടുകയറിയ മോഡേണിസത്തിനുമുള്ള പാദസേവയാണ്. ഫെമിനിസ്റ്റുകള്‍ കുടുംബജീവിതത്തില്‍ വിജയിക്കാറില്ലെന്ന് മാത്രമല്ല മറ്റുള്ളവരുടെ ജീവിതത്തെ തുലക്കുന്നവരുമാണ്. അകാരണമായും അനാവശ്യമായും നടത്തുന്ന സന്താന നിയന്ത്രണം (വന്ധ്യംകരണം) സന്താപഹേതുകമാണ്. നേരത്തെ ഈ അബദ്ധം ചെയ്തുപോയ പലരും ഇപ്പോള്‍ വിലപിക്കുന്നുണ്ട്.

ഗര്‍ഭാശയം എടുത്തുമാറ്റല്‍ (uterus removal) പണ്ടുകാലത്തേക്കാള്‍ ഇന്ന് വ്യാപകമാണ്. രണ്ട് പ്രസവിച്ച് വന്ധ്യംകരണം നടത്തിയ നാല്‍പത് വയസ്സില്‍ താഴെയുള്ള നാരികള്‍ ഗര്‍ഭാശയം പറിച്ചെടുത്ത് കളയുമ്പോള്‍ എട്ടു മക്കളെ പ്രസവിച്ച ഇപ്പോഴും ഗര്‍ഭാശയത്തിനൊന്നും സംഭവിച്ചിട്ടില്ലാത്ത മാതാക്കളാണ് ആശുപത്രികളില്‍ അവര്‍ക്ക് കൂട്ടിരിക്കുന്നത്. അകാലത്ത് അനാവശ്യമായി ഗര്‍ഭധാരണം ഒഴിവാക്കിയ (വന്ധ്യംകരണം)വര്‍ക്കാണ് ഗര്‍ഭാശയം എടുത്തു മാറ്റേണ്ട ഗതികേട് കൂടുതലായി ഉണ്ടാവുന്നതെന്ന് പല ഡോക്ടര്‍മാരും സൂചിപ്പിക്കുന്നുണ്ട്. ഇങ്ങിനെയുള്ളവരുടെ കുടുംബ ജീവിതത്തില്‍ (ദാമ്പത്യം, കിടപ്പറ) പ്രശ്‌ന സങ്കീര്‍ണതകള്‍ ഉണ്ടെന്നും നിരീക്ഷണമുണ്ട്. അനാവശ്യമായി അകാലത്ത് നടത്തുന്ന വന്ധ്യംകരണം മാനസികഘടനയെയും സ്വഭാവത്തെയും മറ്റും ബാധിക്കുകയും പലപ്പോഴും അത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്.

വെളിയില്‍ തൊഴിലെടുക്കുക എന്നതൊന്നും വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യമായി ഗണിച്ചുകൂടാ. അങ്ങിനെ ചിന്തിച്ചവര്‍ പല പ്രദേശങ്ങളിലും ചാക്രിക ലേഖനമിറക്കി മാതൃത്വത്തിന്റെ മഹനീയതയിലേക്ക് മടങ്ങി വരാന്‍ സ്ത്രീകളെ വളരെ സജീവമായി ഉദ്‌ബോധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ‘ഇതര സമുദായങ്ങളെപ്പോലെ” എന്ന് താരതമ്യം നടത്തി ബേജാറാവുന്നവര്‍ അവര്‍ക്ക് പിണഞ്ഞ തെറ്റില്‍ നിന്ന് പാഠം പഠിക്കേണ്ടതുണ്ട്. വൃദ്ധജനത്തിന്റെ എണ്ണം പെരുകുകയും യുവാക്കളും കുട്ടികളും കുറയുകയും ചെയ്തതിന്റെ വിനകള്‍ ‘പുരോഗമിച്ചു”വെന്ന് നാം തെറ്റിദ്ധരിച്ച നാടുകളും സമുദായങ്ങളും അനുഭവിച്ചു കൊണ്ടിരിക്കുമ്പോള്‍ ഈ ഗതികേടിലേക്ക് മുസ്‌ലിം സമുദായത്തെ തള്ളിവിടാതിരിക്കാനുളള ശരിയായ ബോധവല്‍ക്കരണമാണ് മഹല്ലുകള്‍ നടത്തേണ്ടത്.

യുവാക്കളും കുട്ടികളുമടങ്ങുന്ന സന്തതികള്‍ സമൂഹത്തിന്റെ ഈടുവെപ്പും നല്ലൊരു സമ്പത്തുമാണ്. ഭാവിതലമുറയെ പാകത്തിന് ചുട്ടെടുക്കുന്ന ചൂള (ബേക്കറി)യാണ് കുടുംബം. കുടുംബമെന്നത് മനുഷ്യത്വത്തിന്റെ ഭാഗമാണ്. കുടുംബഭരണം നടത്തി, മക്കളെ പോറ്റി വളര്‍ത്തുന്ന ദൗത്യം നിര്‍വഹിക്കുന്നത് ഒരിക്കലും ഒരശ്ലീലമല്ല. അഭിമാനകരമായ മഹനീയ സേവനമാണ്. ഇതിനെ പുരുഷന്മാര്‍ അംഗീകരിക്കണം. ഇങ്ങനെയുള്ള കുടുംബിനികളെ പരാന്ന ഭോജികളായി (പാരസൈറ്റ്) ഗണിക്കുന്ന പുരുഷ മനസ്സ് പല ചര്‍ച്ചകളിലും നിഴലിച്ചു കാണാറുണ്ട്. എന്നാല്‍ മുസ്‌ലിം സമുദായത്തില്‍ അധിക പുരുഷന്മാരും അങ്ങിനെയല്ല. വളരെ ഉദാരമായി തങ്ങളുടെ മക്കളുടെ ഉമ്മമാരെ പരിഗണിക്കുന്നവരാണ്.മുസ്‌ലിം ഭവനങ്ങളിലെ ഊഷ്മളാന്തരീക്ഷത്തെപ്പറ്റി നല്ലവരായ അമുസ്‌ലിം സഹോദരിമാര്‍ വളരെ മതിപ്പോടെ വാചാലമായി സംസാരിക്കുന്നത് സന്തോഷകരമായ ഒരനുഭവ സത്യം മാത്രമാണ്. ഇടതുപക്ഷവാതമെന്ന മാരകരോഗം ഗ്രസിച്ചവരാണ് മുസ്‌ലിം സ്ത്രീകളുടെ ”കഷ്ടപ്പാടു”കളെപ്പറ്റി ഇല്ലാക്കഥകള്‍ പറഞ്ഞു പരത്തുന്നത്. മുസ്‌ലിംകളുടെ കുടുംബ ജീവിതം എന്നത് മറ്റുള്ളവരുടെ കുടുംബ ജീവിതത്തില്‍ നിന്നും വളരെ വ്യത്യസ്തവും മഹനീയവുമാണ്. അത് പരലോകമെന്ന മഹാ സത്യത്തെ കൂടി പരിഗണിച്ചു കൊണ്ടാണ്. സല്‍ സന്താനങ്ങളുടെ പ്രാര്‍ഥനകള്‍ മാതാപിതാക്കള്‍ക്ക് പരലോകത്ത് ഏറെ ഉപകാരപ്പെടുന്ന വലിയ കാര്യമാണ്. ദാമ്പത്യത്തിലെ പ്രേമത്തെ (വുദ്ദ്) യും പ്രസവത്തെയും (വിലാദത്ത്) നബി ബന്ധപ്പെടുത്തിയാണ് നബിയുടെ ഉദ്‌ബോധനം. (തസവ്വജുല്‍ വദൂല്‍ ദുല്‍ വലൂദ്- ഹദീസ്)

ഓരോ പ്രസവം വഴി നാരികള്‍ക്ക് ഒട്ടേറെ നന്മകള്‍ സിദ്ധമാകുന്നുണ്ട്. ധാരാളം ദോഷങ്ങള്‍ പൊറുക്കപ്പെടുകയും ചെയ്യും. ദാരിദ്ര്യ ഭയത്താല്‍ സന്താന നിയന്ത്രണം നടത്തിയവര്‍ സന്താപത്തിലാണ്ട് നെടും ഖേദത്തിലാണിപ്പോള്‍. അന്നദാതാവ് സൃഷ്ടികര്‍ത്താവും പരിപാലകനുമായ അല്ലാഹു മാത്രമാണെന്നും കാര്യങ്ങളെല്ലാം അവന്റെ നിയന്ത്രണത്തിലാണെന്നും ഉറച്ചു വിശ്വസിക്കാത്തവരാണ് അനാവശ്യമായ സന്താന നിയന്ത്രണം നടത്തുന്നവര്‍. ഇതുവഴി തങ്ങളുടെ ഈമാന്‍ ദുര്‍ബലമാവുന്നുണ്ടെന്ന് മനസ്സിലാക്കപ്പെടാതെ പോകുന്നു.

”Birth Cotnrol” എന്ന തലക്കെട്ടില്‍ ഉറുദുവിലും പിന്നീട് ഇംഗ്ലീഷ് ഉള്‍പ്പെടെ പല ഭാഷകളിലും പ്രസിദ്ധീകൃതമായ അബുല്‍ അഅ്‌ലാ മൗദൂദിയുടെ കൃതി ഇപ്പോഴും വളരെ പ്രസക്തമാണ്. (മലയാളത്തിലേക്കും ഈ കൃതി വളരെ മുമ്പെ തന്നെ പരിഭാഷപ്പെടുത്തപ്പെട്ടിട്ടുണ്ട്.) പ്രസവവും സന്താന പരിപാലനവും വളരെ മികച്ച വിപ്ലവ പ്രവര്‍ത്തനവും ഫലപ്രദമായ പ്രതിരോധവും നല്ലൊരു രാഷ്ട്രീയ- സാമൂഹ്യ പ്രവര്‍ത്തനവും സേവനവുമാണെന്നല്ലേ ഫലസ്തീനിലെ വേദനകളിലും യാതനകളിലും ആണ്ട് നരകതുല്യമായ കഷ്ട ജീവിതം നയിക്കുന്ന നാരീമണികളില്‍ സധൈര്യം ഉറക്കെ പ്രഖ്യാപിക്കുന്നത് ”ഗസ്സ പോരാളികളുടെ പറുദീസ” എന്ന കൃതിയില്‍ വിശദീകരിക്കുന്നുണ്ട്.
പ്രസവത്തെ ഭീകരവല്‍ക്കരിച്ച് ആരോഗ്യപ്രശ്‌നമാക്കി വികസിപ്പിച്ച് സങ്കീര്‍ണമാക്കുന്ന ആരോഗ്യ മേഖലയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുളള വിഭാഗം അതൊരു ജൈവ പ്രവര്‍ത്തനമാണെന്നും അത് മനുഷ്യാരംഭം മുതലേ ഉണ്ടെന്നും സസ്തന ജീവികളെല്ലാം പ്രസവിക്കുന്നുണ്ടെന്നും മനസ്സിലാക്കിക്കൊടുത്ത് മനോവീര്യം പകര്‍ന്നുകൊടുക്കുന്നതിനു പകരം മനോവീര്യം തകര്‍ത്ത് ബേജാറിലാക്കുന്നത് ശരിയല്ല.

ഫെമിനിസം പുരോഗമിച്ച് പ്രസവം വേണ്ടെന്ന് ഉപാധി വെച്ച് വിവാഹം നടത്തുന്ന (ഉദാ:- പ്രകാശ് കാരാട്ട്- വൃന്ദാകാരാട്ട്, കേന്ദ്രമന്ത്രി വി. മുരളീധരനും പത്‌നിയും)തിനെ മഹത്വവല്‍ക്കരിക്കുവോളം സംക്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈ ദൃശ ദുഷ് പ്രവണതകള്‍ക്കെതിരെ മനുഷ്യത്വമുള്ളവരെല്ലാം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
ഫെമിനിസം, പ്രഛന്നവേഷത്തില്‍, ചിലപ്പോള്‍ ഇസ്‌ലാമിക വേഷത്തില്‍ സമുദായത്തിലേക്ക് നുഴഞ്ഞുകയറുന്നുണ്ട്. കുടുംബ പ്രശ്‌നങ്ങളില്‍ ധാരാളമായി ഇടപെടുന്ന, നല്ല രീതിയില്‍ ഫാമിലി കൗണ്‍സലിംഗ് നടത്തുന്ന ഒരു പണ്ഡിതന്‍ സ്വകാര്യമായി പറഞ്ഞതിങ്ങനെ: ”പച്ചയായ ഫെമിനിസത്തേക്കാള്‍ മക്കനയിട്ട ഫെമിനിസ”മാണ് മുസ്‌ലിംകള്‍ അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നം.

Related Articles