Current Date

Search
Close this search box.
Search
Close this search box.

സ്‌നേഹം ഒളിപ്പിച്ചുവെക്കാനുള്ളതല്ല പ്രകടിപ്പിക്കാനുള്ളതാണ്

couple3.jpg

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് മുഹമ്മദ് മുബാറക് ഓഫീസില്‍വന്നു. കൂടെ കുടുംബിനിയും കുട്ടിയുമുണ്ട്. ഗള്‍ഫില്‍നിന്ന് വരികയാണ്. മൂന്ന് വര്‍ഷം മുമ്പ് പോയതാണ്. വിമാനത്താവളത്തില്‍ നിന്ന് നേരെ വന്നത് ഇവിടേക്കാണ്. മുബാറക്കും സഹധര്‍മിണിയും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത കറുത്ത അധ്യായത്തിന് അറുതിയുണ്ടായത് ഇവിടെ വെച്ചാണ്. അതു കൊണ്ടു തന്നെയാണ് വീട്ടിലെത്തും മുമ്പെ ഇരുവരും ഇവിടെയെത്തിയത്.

നാലു കൊല്ലം മുമ്പാണ് മുബാറകിനെ നേരില്‍ കാണുന്നതും പരിചയപ്പെടുന്നതും. അന്ന് അദ്ദേഹം അങ്ങേയറ്റം അസ്വസ്ഥനായിരുന്നു. മനസിലെ ദുഖം മുഖത്ത് പ്രകടമായിരുന്നു. സ്വയം പരിചയപ്പെടുത്തിയ ശേഷം പ്രശ്‌നം അവതരിപ്പിച്ചു. വിവാഹിതനായിട്ട് മൂന്ന് വര്‍ഷമേ ആയിട്ടുള്ളു. തന്നെപോലെ തന്നെ ജീവിത പങ്കാളിയും ബിരദാനന്തര ബിരുദദാരിയാണ്. മൂന്നു കൊല്ലത്തിനകം നാലു തവണ വിവാഹ മോചനത്തിന്റെ വക്കിലെത്തി. അപ്പോഴെല്ലാം പലരും ഇടപെട്ട് കൂട്ടിയിണക്കുകയായിരുന്നു. ഇനി തുടരാന്‍ സാധ്യമല്ല.

പ്രശ്‌നം എന്താണെന്ന് ചോദിച്ചറിഞ്ഞു. അടുത്ത ദിവസം ഭാര്യയെയും വിളിച്ച് വരുത്തി. വിവരം ചോദിച്ച് മനസിലാക്കി. ഇരുവര്‍ക്കും പറയാനുള്ളത് മുഴുവന്‍ കേട്ടപ്പോള്‍ മനസിലായി ഇരുവര്‍ക്കും പരസ്പരം സ്‌നേഹമുണ്ട് അത് പ്രകടിപ്പിക്കുന്നതില്‍ പരാചയപ്പെടുന്നു. എപ്പോഴും അടുത്തിടപഴകുകയും സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്താല്‍ ഭാര്യ തന്നെ ആദരിക്കുകയോ അംഗീകരിക്കുകയോ അനുസരിക്കുകയോ പരിഗണിക്കുകയോ ഇല്ലെന്ന് ഭര്‍ത്താവ് ധരിക്കുന്നു. അതിനാല്‍ സ്‌നേഹം ഉള്ളലൊതുക്കി വെക്കുന്നു. എപ്പോഴും നീരസം പ്രകടിപ്പിക്കുന്നു. തന്നോട് സ്‌നേഹമില്ലാത്ത പുരുഷനെ സ്‌നേഹിക്കാനോ അയാളുടെ കൂടെ കഴിയാനോ തനിക്ക് താല്‍പര്യമില്ലെന്ന് ഭാര്യയും തീരുമാനിക്കുന്നു.

യതാര്‍ത്ഥത്തില്‍ ദമ്പതിമാര്‍ ഭാര്യഭര്‍ത്താക്കന്മാരല്ല, ഭരിക്കുന്ന ഭര്‍ത്താവും ഭരിക്കപ്പെടുന്ന ഭാര്യയും അല്ല, ആകാവതുമല്ല. മറിച്ച് അവര്‍ ഇണതുണകളാണ്. എപ്പോഴും പിണങ്ങാതെ ഇണങ്ങിക്കഴിയുന്നവര്‍. അധികാരം പ്രകടിപ്പിച്ചും കല്‍പന പുറപ്പെടുവിച്ചും ഗൗരവം നടിച്ചും അകന്ന് നിന്നും ആരെയും സ്വാധീനിക്കാന്‍ സാധ്യമല്ല. കീഴിലുള്ളവരെ ചിലപ്പോള്‍ അടക്കി നിര്‍ത്താനും അനുസരിപ്പിക്കാനും സാധിച്ചേക്കാം എന്നാലത് തീര്‍ത്തും ബാഹ്യവും ഉപരിപ്ലവുമായിരിക്കും. ആരുടെയും മനസിനെ അതൊന്നും കീഴ്‌പെടുത്തില്ല. അത് കൊണ്ട് തന്നെ ദാമ്പത്യത്തില്‍ അതൊട്ടും പ്രായോഗികമോ ഫലപ്രദമോ അല്ല. അടിമ-ഉടമ ബന്ധമല്ല ദാമ്പത്യം.

ആദരവും അംഗീകാരവും അനുസരണവും അടുപ്പവുമൊന്നും ചോദിച്ച് വാങ്ങേണ്ടതല്ല. അര്‍ഹത തെളിയിച്ച് നേടിയെടുക്കേണ്ടവയാണ്. സ്‌നേഹത്തിലൂടെ മാത്രമേ അത് സാധ്യമാവുകയുള്ളു. സ്‌നേഹം മനസിനെ കീഴ്‌പെടുത്തും. അതോടെ ശരീരവും വഴങ്ങും. സ്‌നേഹം കൊടുത്താല്‍ ഒട്ടും കുറയുകയില്ല. ഭര്‍ത്താവ് ഭാര്യയെ സ്‌നേഹിച്ചാല്‍ ഭാര്യ ഭര്‍ത്താവിനെ സ്‌നേഹിക്കും, അപ്പോള്‍ ഭര്‍ത്താവ് കൂടുതല്‍ സ്‌നേഹിക്കും. അങ്ങനെ ഇണകള്‍ തമ്മില്‍ അതിരുകളില്ലാത്ത സ്‌നേഹത്തിന്റ പാരമ്യതയിലെത്തും. അപ്പോള്‍ പരസ്പരം എന്തും സഹിക്കാനും സമര്‍പിക്കാനും സന്നദ്ധമായിരിക്കും. പോരായ്മകളും പാകപ്പിഴവുകളുമൊക്കെ മറക്കാനും പൊറുക്കാനും സദാ സന്നദ്ധരും.

അതിനാലാണ് ഇസ്‌ലാം ദാമ്പത്ത്യത്തിന്റെ അടിസ്ഥാനമായി സ്‌നേഹത്തെ നിശ്ചയിച്ചത്. സ്ത്രീകളോട് കുട്ടികളോടെന്നപോലെ പെരുമാറാന്‍ ഉമറുല്‍ ഫാറൂഖ്(റ) ഉപദേശിച്ചതും അത് കൊണ്ട്തന്നെ.

സ്‌നേഹത്തിന്റെ ഈ സവിശേഷത മുബാറകിനെയും പങ്കാളിയെയും ബോധ്യപ്പെടുത്തി. പ്രകടിപ്പിക്കപ്പെടാത്ത സ്‌നേഹം പാഴ്‌ചെടിപോലെയാണെന്നും സ്‌നേഹമില്ലാത്ത മനസ് പുല്ലുപോലും വളരാത്ത പാറപ്പുറം പോലെയാണെന്നും വിശദീകരിച്ചു. അതോടൊപ്പം സ്‌നേഹം പ്രകടിപ്പിക്കാനും ജീവിത പങ്കാളിയുടെ സ്‌നേഹം നേടാനുമുള്ള ചിലമാര്‍ഗങ്ങള്‍ ഇരുവര്‍ക്കും വെവ്വേറെ വിശദീകരിച്ച് കൊടുക്കുകയും ചെയ്തു. അങ്ങനെ ഇരുവരെയും യോജിപ്പിച്ച് തിരിച്ചയച്ചു. ഒരു മാസം കഴിഞ്ഞ് ഇരുവരും തിരച്ചെത്തിയത് ആഹ്ലാദഭരിതരായാണ്. അവരാണ് തങ്ങളുടെ വീടണയും മുമ്പെ അല്ലാഹു സമ്മാനിച്ച കുഞ്ഞിനെയുമായി ഓഫീസിലെത്തിയത്.  
 

Related Articles