Current Date

Search
Close this search box.
Search
Close this search box.

വിവാഹമോചനത്തിനുള്ള ന്യായമായ കാരണങ്ങള്‍

divorce.jpg

ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും അധ്യാപനങ്ങളുടെ അടിസ്ഥാനത്തില്‍ ആണിനെയും പെണ്ണിനെയും ഒരുമിപ്പിക്കുന്ന പരിശുദ്ധമായ ഒരു ഉടമ്പടിയാണ് യഥാര്‍ത്ഥത്തില്‍ വിവാഹം. അതിനാല്‍ തന്നെ ഇരു പങ്കാളികളും പരസ്പരം നല്ല രീതിയിലാണ് വര്‍ത്തിക്കേണ്ടത്. ഒരു ഭര്‍ത്താവും ഭാര്യയെ ദ്രോഹിക്കാനായി അവളെ വിവാഹമോചനം ചെയ്യാന്‍ പാടില്ല. ശ്രേഷ്ടമായ ഒരു ബന്ധത്തെ തകര്‍ക്കുന്നതിന് തുല്യമാണത്. മാത്രമല്ല, അത് ഭാര്യയുടെ ഹൃദയത്തെ വേദനിപ്പിക്കുകയും ഒരു കാരണവുമില്ലാതെ മക്കളില്‍ നിന്ന് വേര്‍പിരിയാന്‍ നിര്‍ബന്ധിതയാക്കുകയും ചെയ്യും. അതിനാല്‍ തന്നെ ഒരു കാരണവുമില്ലാതെ ഭാര്യയെ വിവാഹമോചനം ചെയ്യുന്നത് വലിയ പാപമാണ്. മാത്രമല്ല, ഒരുപാട് ഹദീസുകളില്‍ നിവേദനം ചെയ്യപ്പെട്ടത് പോലെ പിശാചിന് ഏറ്റവും ഇഷ്ടപ്പെട്ട പ്രവൃത്തി കൂടിയാണത്. അത് പോലെ ഒരു കാരണവുമില്ലാതെ വിവാഹമോചനത്തിനാവശ്യപ്പെടല്‍ സ്ത്രീക്കും നിഷിദ്ധമാണ്.

പ്രവാചകന്‍(സ) ഒരിക്കല്‍ ഇങ്ങനെ പറയുകയുണ്ടായി: ‘അനുവദനീയമായ കാര്യങ്ങളില്‍ അല്ലാഹു ഏറ്റവും അനിഷ്ടകരമായ പ്രവൃത്തിയാണ് വിവാഹമോചനം.’ (അബൂദാവൂദ്). അതിനാല്‍ തന്നെ കഴിയുന്നതും വിവാഹമോചനം ഒഴിവാക്കാന്‍ ഇണകള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എന്തെങ്കിലും പ്രയാസങ്ങളോ പ്രതിസന്ധികളോ ഉണ്ടെങ്കില്‍ കുടുംബക്കാരുടെയും സുഹൃത്തുക്കളുടെയെല്ലാം സഹായത്തോടെ അവയെല്ലാം രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. ഇനി പരസ്പരമുള്ള അഭിപ്രായ വിത്യാസങ്ങള്‍ ഒരിക്കലും പരിഹരിക്കാന്‍ സാധ്യമല്ലെങ്കില്‍ വിവാഹമചനം ആകാവുന്നതാണ്. എന്നാലത് മാന്യമായ രീതിയിലാവണം എന്ന് മാത്രം.

പൊതുവെ, ഇസ്‌ലാമില്‍ വിവാഹമോചനം അനുവദനീയമാണ്. എന്നാല്‍ തക്കതായ കാരണങ്ങളില്ലാത്ത പക്ഷം വിവാഹമോചനത്തെ ഇസ്‌ലാം പ്രോല്‍സാഹിപ്പിക്കുന്നില്ല. ഒരു കാരണവുമില്ലാതെ വിവാഹ മോചനം ചെയ്യുന്നതിനെതിരെ പ്രവാചകന്‍(സ) താക്കീത് ചെയ്യുന്നുണ്ട്: ‘അനുവദനീയമായ കാര്യങ്ങളില്‍ അല്ലാഹു ഏറ്റവും വെറുക്കുന്ന പ്രവൃത്തിയാണ് വിവാഹമോചനം.’ (അബൂദാവൂദ്) അതിനാല്‍ തന്നെ ന്യായമായ കാരണങ്ങളില്ലാത്ത പക്ഷം ആരും വിവാഹമോചനത്തിന് മുതിരരുത്. അതിന്റെ കാരണം വളരെ വ്യക്തമാണ്. വിവാഹമോചനം വ്യക്തികളെയും കുടുംബങ്ങളെയും ദോഷകരമായി ബാധിക്കും എന്നതാണത്. മാനസികവും വൈകാരികവുമായ മുറിവാണത് വരുത്തിവെക്കുക. കുട്ടികള്‍ കൂടിയുണ്ടെങ്കില്‍ പ്രശ്‌നം ആ മുറിവിന്റെ ആഴം ഒന്നുകൂടി വര്‍ധിക്കുന്നു.

ഇത്തരം ഘടകങ്ങളെ മുന്നില്‍ കണ്ട് കൊണ്ട് ഇസ്‌ലാം വിവാഹത്തെ ദൃഢമായ ഒരു കരാറായാണ് പരിഗണിക്കുന്നത്. അതിനാല്‍ തന്നെ ഈ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇരുവിഭാഗവും വിവാഹജീവിതം സന്തോഷകരമായി നിലനില്‍ക്കാന്‍ അല്ലാഹുവോട് നിരന്തരം പ്രാര്‍ത്ഥിക്കേണ്ടതുണ്ട്. കാരണം മാനവികതയുടെ ഭാവി തന്നെ നിലനില്‍ക്കുന്നത് സമൂഹത്തിന്റെ ആണിക്കല്ലായ കുടുംബത്തിലാണ്.

അതിനാല്‍ തന്നെയാണ് വിവാഹമോചനത്തെ ഇസ്‌ലാം നിരുല്‍സാഹപ്പെടുത്തുന്നത്. അതിനാല്‍ തന്നെ കഴിവിന്റെ പരമാവധി അതൊഴിവാക്കാന്‍ നാം ശ്രമിക്കേണ്ടതുണ്ട്. വിവാഹമോചനത്തിന് തയ്യാറെടുക്കുന്നതിന് മുമ്പ് നമ്മള്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചുവടെ കൊടുക്കുന്നു:

1) നല്ല ജ്ഞാനവും അനുഭവങ്ങളുമുള്ള ആളുകളില്‍ നിന്ന് ഉപദേശം തേടുക. അവരില്‍ നിന്ന് കിട്ടിയ ഉള്‍ക്കാഴ്ചയുടെ അടിസ്ഥാനത്തില്‍ ഭാര്യ-ഭര്‍ത്താക്കന്‍മാര്‍ക്കിടയിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുക.

2) ആ ശ്രമം പരാജയപ്പെടുകയാണെങ്കില്‍ രണ്ട് പേരും ഇസ്‌ലാമിക രീതിയില്‍ മധ്യസ്ഥരിലൂടെ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കണം. ഇരു വിഭാഗത്തെയും പ്രതിനിധീകരിക്കുന്നവര്‍ അതിലുണ്ടാവണം. അതില്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഭാര്യാഭര്‍ത്താക്കന്‍മാര്‍ അനുസരിക്കേണ്ടതുണ്ട്.

പലപ്പോഴും മനുഷ്യര്‍ വളരെ താല്‍ക്കാലികമായ ഇഷ്ടങ്ങളെയും അനിഷ്ഠങ്ങളെയും മുന്‍നിര്‍ത്തിയാണ് തീരുമാനങ്ങളെടുക്കാറ്. തങ്ങളുടെ ദൗര്‍ബല്യങ്ങളെയും സ്വഭാവ വൈകൃതങ്ങളെയും തിരിച്ചറിയുന്നതില്‍ അവര്‍ പരാജയപ്പെടുകയാണ് പതിവ്. അത്‌കൊണ്ടാണ് വിവരവും അനുഭവങ്ങളുമുള്ള ആളുകളില്‍ നിന്ന് ഉപദേശം സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നത്.

വിവാഹമോചനത്തെ ഒരു അടഞ്ഞ വാതിലായി നാം കാണേണ്ടതുണ്ട്. അതേസമയം വിവാഹമോചനം അനിവാര്യമായ ചില സന്ദര്‍ഭങ്ങളുണ്ട്. അവയില്‍ ചിലത് താഴെ കൊടുക്കുന്നുണ്ട്.

1) ശാരീരികവും മാനസികവുമായ പീഢനങ്ങള്‍. ഇണകളിലേതെങ്കിലുമൊരാള്‍ മോശമായി പെരുമാറുകയും ശാരീരികവും മാനസികവുമായ പീഢനങ്ങള്‍ ഏല്‍പ്പിക്കുകയും ചെയ്യുക. കൗണ്‍സിലിംഗിലൂടെ അത് പരിഹരിക്കാന്‍ സാധിച്ചിട്ടില്ലെങ്കില്‍ വിവാഹമോചനം ആകാവുന്നതാണ്. ‘സ്വന്തത്തിനോ മറ്റുള്ളവര്‍ക്കോ ഉപദ്രവം അരുത്’ എന്നാണ് ഇസ്‌ലാം പറയുന്നത്. അനീതി ഇസ്‌ലാം വെച്ചുപൊറുപ്പിക്കുന്നില്ല. അതാര് ചെയ്യുന്നതാണെങ്കിലും ശരി.

2) എന്ത് ലക്ഷ്യങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും വേണ്ടിയാണോ വിവാഹം നടത്തപ്പെട്ടത് അവ പൂര്‍ത്തീകരിക്കുന്നതില്‍ പരാജയപ്പെടുക. പങ്കാളികള്‍ തമ്മിലുള്ള പൊരുത്തക്കേടുകള്‍ ഒരുദാഹരണമാണ്. ഒരിക്കലും പരിഹരിക്കാനാകാത്ത അഭിപ്രായ വ്യത്യാസങ്ങളായാണ് അവ പ്രകടമാകുക.

3) വിശ്വാസവഞ്ചന ചെയ്യുക. വിവാഹമോചനത്തിനുള്ള പ്രധാന കാരണമാണിത്. കാരണം പരസ്പരമുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് വിവാഹം നടത്തപ്പെടുന്നത്. അതിന്റെ ലക്ഷ്യം തന്നെ പരസ്പരം പരിശുദ്ധിയും ലാളിത്യവും നിലനിര്‍ത്തുക എന്നതാണ്. ഈ അടിത്തറക്ക് ഇളക്കം സംഭവിച്ചാല്‍ പിന്നെ ഒരിക്കലും അത് നേരെയാക്കാന്‍ കഴിയില്ല. വിവാഹമോചനം മാത്രമാണ് പിന്നെയുള്ള പരിഹാരം.

4) ഭാര്യയെ സംരക്ഷിക്കുന്നതില്‍ ഭര്‍ത്താവ് പരാജയപ്പെടുക. കുടുംബത്തിന്റെ സംരക്ഷണച്ചുമതല ആണിന്റെ കയ്യിലാണ്. അത് നിര്‍വ്വഹിക്കുന്നതില്‍ അയാള്‍ പരാജയപ്പെടുന്ന പക്ഷം ഭാര്യക്ക് വിവാഹമോചനം ആവശ്യപ്പെടാവുന്നതാണ്.

മുകളില്‍ പറഞ്ഞ നാല് കാര്യങ്ങളും ഇസ്‌ലാമില്‍ വിവാഹമോചനത്തിനുള്ള കാരണങ്ങളാണ്. ന്യായമായ കാരണമുണ്ടാവുകയും ഭര്‍ത്താവ് വിവാഹമോചനത്തിന് സമ്മതിക്കാതിരിക്കുകയും ചെയ്യുന്ന പക്ഷം ഭാര്യക്ക് ഇസ്‌ലാമിക നിയമപ്രകാരം അനുയോജ്യരായ നിയമ അധികാരികളെ സമീപച്ച് കൊണ്ട് വിവാഹമോചനം തേടാവുന്നതാണ്. അവര്‍ നല്‍കുന്ന വിവാഹമോചനത്തിനുള്ള വിധി ഇസ്‌ലാമില്‍ സാധുവായി കണക്കാക്കുന്നതാണ്. ശരിയായ ജ്ഞാനത്തോടും നിഷ്‌കളങ്കതയോടും വിശ്വാസത്തോടും കൂടി നമ്മുടെ കാര്യങ്ങള്‍ നടക്കാന്‍ അല്ലാഹു നമ്മെ സഹായിക്കട്ടെ.

വിവ: സഅദ് സല്‍മി

Related Articles