Current Date

Search
Close this search box.
Search
Close this search box.

നിങ്ങള്‍ തേനീച്ചകളാവുക

flower-bee.jpg

തേനീച്ചകളെ പോലെയാണ് നിങ്ങളാവേണ്ടത്. എന്തൊക്കെ കാലാവസ്ഥാ വ്യതിയാനങ്ങളുണ്ടെങ്കിലും നിത്യാവും മധു തേടി കൂടുകളില്‍ നിന്നും അവ പുറപ്പെടുന്നു. പൂക്കളിലെ പൂമ്പൊടിക്ക് നേരെയാണ് അവയുടെ പോക്ക്. ആകര്‍ഷണീയമായ പൂമ്പൊടിയല്ലാതെ മറ്റൊന്നും അവ കാണുന്നില്ല. ഏത് സാഹചര്യത്തിലും രുചികരമായ തേനാണ് അതുല്‍പാദിപ്പിക്കുന്നത്.

തേനീച്ചയെ പോലെ ഇണയിലെ നന്മകളെ കാണാന്‍ നിങ്ങള്‍ക്ക് സാധിക്കണം. ഏതൊരു മനുഷ്യനിലും നല്ല ഗുണങ്ങളും ചീത്തഗുണങ്ങളുമുണ്ടാകും. ശരി തെറ്റുകള്‍ സംഭവിക്കുന്ന മനുഷ്യരാണ് നമ്മളെല്ലാം.

ഭര്‍ത്താവിന് തന്റെ അടുത്ത് വലിയ സ്ഥാനമുണ്ടെന്നും അദ്ദേഹത്തിന്റെ ആവശ്യം തനിക്കുണ്ടെന്നും ബോധ്യപ്പെടുത്താന്‍ ഭാര്യക്ക് സാധിക്കണം. വെള്ളവും ഭക്ഷണവും പോലെ അദ്ദേഹത്തിന്റെ സാന്നിദ്ധ്യവും തനിക്കാവശ്യമാണെന്ന തോന്നലാണ് ഉണ്ടാക്കിയെടുക്കേണ്ടത്. തന്റെ ഇണക്ക് തന്നെ ആവശ്യമുണ്ടെന്ന തോന്നല്‍ ഒരു പുരുഷനിലുണ്ടാകുമ്പോള്‍ അവളോടുള്ള അടുപ്പം വര്‍ധിക്കുന്നു.

ഒരു സ്ത്രീ ഒരിക്കലും തന്റെ ഭര്‍ത്താവിനെ അദ്ദേഹത്തിനിഷ്ടമില്ലാത്ത കാര്യങ്ങള്‍ കേള്‍പ്പിക്കരുത്. അത് അദ്ദേഹത്തെ വേദനിപ്പിക്കുകയും അദ്ദേഹത്തിന്റെ സ്വഭാവത്തെ മോശമാക്കുകയും ചെയ്യും. അദ്ദേഹം കുടുംബത്തിന് വേണ്ടി നിര്‍വഹിക്കുന്ന കാര്യങ്ങളെ നിസ്സാരമാക്കി കാണാതെ അതിനെ പ്രശംസിക്കാന്‍ സാധിക്കുമ്പോള്‍ സന്തോഷകരമായ ഒരു ജീവിതത്തിലേക്കാണത് വാതില്‍ തുറക്കുക.

അധികം വരുമാനമൊന്നുമില്ലാത്ത ഒരാളുടെ കഥയുണ്ട്. അപ്രതീക്ഷിതമായി ഒരു ദിവസം ഭാര്യാ പിതാവ് അയാളോട് പറഞ്ഞു: നീ പടച്ചവനെ സൂക്ഷിക്കണം, നിന്റെ ഭാര്യക്ക് നീ ഇടക്കെല്ലാം റൊട്ടിയും ചീസുമെല്ലാം വാങ്ങിക്കൊടുക്കണം. ഇറച്ചി അധികം വാങ്ങിക്കൊടുക്കേണ്ട. ഇറച്ചിയും നെയ്യും പഴങ്ങളുമെല്ലാം അവള്‍ക്ക് മടുത്തിട്ടുണ്ട്.

ഇതുകേട്ട ആ മനുഷ്യന്‍ എന്ത് മറുപടി പറയണമെന്നറിയാതെ നിന്നു. കാരണം, എന്താണ് ഭാര്യാപിതാവ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലായില്ല. പിന്നീട് തന്റെ പ്രിയതമയോട് കാര്യമന്വേഷിച്ചപ്പോഴാണ് അതിന്റെ ഉദ്ദേശ്യം അയാള്‍ക്ക് മനസ്സിലായത്. അവള്‍ തന്റെ വീട്ടില്‍ ചെല്ലുമ്പോഴെല്ലാം അവള്‍ക്ക് ഇറച്ചിയും നെയ്യും പഴങ്ങളും അവര്‍ നല്‍കും. ‘എനിക്കിതൊന്നും വേണ്ട, എന്നും ഇതൊക്കെ തന്നെ തിന്നു മടുത്തിരിക്കുകയാണ്’ എന്നാണ് വീട്ടുകാരെ അവള്‍ ധരിപ്പിക്കാറുള്ളത്. ഭര്‍ത്താവിന്റെ അടുത്ത് തനിക്കൊരു കുറവും ഇല്ലെന്ന് ബോധ്യപ്പെടുത്തുകയാണ് അതിലൂടെ അവള്‍ ചെയ്യുന്നത്.

എന്നാല്‍ ഭര്‍ത്താവിന്റെ വീട്ടില്‍ മാസത്തിലോ രണ്ട് മാസം കൂടുമ്പോഴോ മാത്രമേ മാംസാഹാരം ഉണ്ടാവാറുള്ളൂ എന്നതാണ് വസ്തുത. കുടുംബത്തിന്റെ വിശപ്പ് മാറ്റാന്‍ തന്നെ അയാള്‍ ഏറെ പ്രയാസപ്പെട്ടിരുന്നതിനാല്‍ മിക്ക ദിവസവും റൊട്ടിയും ചീസും തന്നെയായിരുന്നു ഭക്ഷണം. എന്നാല്‍ ആ നല്ല ഭാര്യ തന്റെ വീട്ടുകാരുടെ അടുത്ത് ഭര്‍ത്താവിന്റെ സ്ഥാനം ഉയര്‍ത്താന്‍ ആഗ്രഹിച്ചു. അതിന് തനിക്ക് ആവശ്യമുണ്ടായിട്ടും ഇഷ്ടപ്പെട്ട ആഹാരം വേണ്ടെന്നു വെച്ചു.

സന്തുഷ്ട ഭവനത്തിന്റെ അടിത്തറ കരിങ്കല്ലോ ഇരുമ്പോ അല്ല; സദ്‌വൃത്തയും സഹനശീലവുമുള്ള സ്ത്രീയാണ്.

Related Articles