Counselling

ദൈവിക നന്മ നേടാനുള്ള 18 കാര്യങ്ങള്‍

ദൈവത്തിന്റെ പ്രീതിയും നന്മയും എല്ലായ്‌പ്പോഴും ജീവിതത്തില്‍ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. അതിനു വേണ്ടി പ്രയത്‌നിക്കാനും കര്‍മങ്ങള്‍ ചെയ്യാനും എല്ലാവര്‍ക്കും ആഗ്രഹമുണ്ടാകും. ദൈവിക നന്മയുമായി ബന്ധപ്പെട്ടു കിടക്കുന്ന ഇതിനെ അറബിയില്‍ ‘ബാറക’ എന്നാണ് വിളിക്കുന്നത്. നഷ്ടപ്പെട്ട നിധിയായി ബാറകയെ നാം കാണരുത്. അത് നമ്മുടെ കണ്‍മുന്‍പില്‍ ഉണ്ടെന്ന് നാം മനസ്സിലാക്കണം. ആര്‍ ഇതിനു വേണ്ടി പണിയെടുക്കാന്‍ തയാറാകുന്നുവോ അവര്‍ക്ക് മാത്രമേ ഇതിന്റെ ഫലം ലഭിക്കുകയുള്ളൂ.
ബാറക നേടിയെടുക്കാനുള്ള വഴികളാണ് ഇവിടെ സൂചിപ്പിക്കുന്നത്.

1. സദുദ്ദേശ്യങ്ങള്‍

നിങ്ങള്‍ ദൈവിക പ്രീതി നേടാനാഗ്രഹിക്കുന്നുണ്ടെങ്കില്‍ ആദ്യം ഒരു നല്ല ഉദ്ദേശ്യമുണ്ടായിരിക്കണം. അല്ലാഹുവിന്റെ പ്രീതി നേടാനാണ് നിങ്ങള്‍ പണിയെടുക്കുന്നതെന്ന ബോധമുണ്ടാകണം.

2. അല്ലാഹുവിലുള്ള വിശ്വാസവും ഭക്തിയും

അല്ലാഹുവിലുള്ള വിശ്വാസവും ഭയഭക്തിയും സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ പരിശുദ്ധ ഖുര്‍ആനിലൂടെ തന്നെ അല്ലാഹു വിവരിച്ചു തന്നിട്ടുണ്ട്.
വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു:
‘അന്നാട്ടുകാര്‍ വിശ്വസിക്കുകയും ഭക്തരാവുകയും ചെയ്തിരുന്നെങ്കില്‍ നാമവര്‍ക്ക് വിണ്ണില്‍നിന്നും മണ്ണില്‍നിന്നും അനുഗ്രഹങ്ങളുടെ കവാടങ്ങള്‍ തുറന്നുകൊടുക്കുമായിരുന്നു. എന്നാല്‍ അവര്‍ നിഷേധിച്ചുതള്ളുകയാണുണ്ടായത്. അതിനാല്‍ അവര്‍ സമ്പാദിച്ചുവെച്ചതിന്റെ ഫലമായി നാം അവരെ പിടികൂടി’.(അല്‍-അഅ്‌റാഫ്-96)
മറ്റൊരു അധ്യായത്തില്‍ പറയുന്നു: ‘അല്ലാഹുവോട് ഭക്തി കാണിക്കുന്നവന്ന് അല്ലാഹു രക്ഷാമാര്‍ഗമൊരുക്കിക്കൊടുക്കും’.
അവന്‍ വിചാരിക്കാത്ത വിധം അവന് ആഹാരം നല്‍കും. എല്ലാം അല്ലാഹുവില്‍ അര്‍പ്പിക്കുന്നവന് അല്ലാഹു തന്നെ മതി. അല്ലാഹു അവന്റെ കാര്യം നിറവേറ്റുക തന്നെ ചെയ്യും. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും ഒരു ക്രമം നിശ്ചയിച്ചിട്ടുണ്ട്.(അല്‍ ത്വലാഖ്-2-3).

3. അല്ലാഹുവില്‍ വിശ്വാസമേല്‍പ്പിക്കുക

സൂറതുല്‍ ത്വലാഖില്‍ അല്ലാഹു പറയുന്നു: അവന്‍ വിചാരിക്കാത്ത വിധം അവന് ആഹാരം നല്‍കും. എല്ലാം അല്ലാഹുവില്‍ അര്‍പ്പിക്കുന്നവന് അല്ലാഹു തന്നെ മതി. അല്ലാഹു അവന്റെ കാര്യം നിറവേറ്റുക തന്നെ ചെയ്യും. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും ഒരു ക്രമം നിശ്ചയിച്ചിട്ടുണ്ട്.(അല്‍ ത്വലാഖ്-3). നബി (സ) (അ) പറഞ്ഞു: നിങ്ങള്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുക, അവനാണ് നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത്. നിങ്ങള്‍ പക്ഷികളെ കണ്ടില്ലേ. അവര്‍ രാവിലെ ഒഴിഞ്ഞ വയറുമായി പുറത്തേക്ക് പോകുന്നു. വൈകീട്ട് വയറു നിറച്ച് തിരിച്ചു വരുന്നു. (ഹദീസ്).

4. ഖുര്‍ആന്‍ പാരായണം ചെയ്യുക

ഇതാണ് ബറകയുടെ അടിസ്ഥാനം. എന്നാല്‍ നമ്മള്‍ ഇതിനു വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ല. അല്ലാഹു പറയുന്നു: നാം ഇറക്കിയ അനുഗൃഹീത ഗ്രന്ഥം ഇതാ? ഇതിനു മുമ്പുള്ളവയെ ശരിവെക്കുന്നതാണിത്. മാതൃനഗരത്തിലും പരിസരങ്ങളിലുമുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനുള്ളതും. പരലോകത്തില്‍ വിശ്വസിക്കുന്നവരെല്ലാം ഈ വേദത്തിലും വിശ്വസിക്കുന്നു. അവര്‍ തങ്ങളുടെ നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നു. (അല്‍-അന്‍ആം- 92).

5. ബിസ്മി കൊണ്ട് ആരംഭിക്കുക

ജീവിതത്തിലെ ഏതു കാര്യങ്ങള്‍ ചെയ്യുമ്പോഴും ബിസ്മി ചൊല്ലി തുടങ്ങുക. ഇതു മൂലം നിങ്ങള്‍ അല്ലാഹുവിന്റെ നാമത്തില്‍ ആരംഭിക്കുകയും പിശാചിന്റെ ശല്യം ഒഴിവാക്കാനാവുകയും ചെയ്യുന്നു.

6. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുക

നിങ്ങള്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഒന്നിച്ചിരുന്ന് കഴിക്കണമെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചത്. നിങ്ങളുടെ വീട്ടില്‍ അതിഥികള്‍ വന്നാലും ഇങ്ങനെയാണ് ചെയ്യേണ്ടത്. അതു എത്ര കുറഞ്ഞ അളവിലുള്ള ഭക്ഷണമായാലും ശരി.

7. കച്ചവടത്തില്‍ സത്യസന്ധത പുലര്‍ത്തുക

ഇത് എല്ലാ കച്ചവടക്കാരും ശ്രദ്ധിക്കേണ്ട കാര്യമാണ്. പ്രത്യേകിച്ചും ഇന്നത്തെ കാലഘട്ടത്തില്‍ കൂടുലായും നടക്കുന്ന ഓണ്‍ലൈന്‍ വ്യാപാരികള്‍ വരെ. കച്ചവടത്തില്‍ കള്ളം പറയുകയോ വഞ്ചിക്കുകയോ അരുത്. ഇങ്ങനെ ചെയ്താല്‍ അവരുടെ കച്ചവടത്തില്‍ നിന്നും അല്ലാഹുവിന്റെ അനുഗ്രഹം എടുത്തു കളയപ്പെടും.

8. പ്രാര്‍ത്ഥന

അല്ലാഹുവിന്റെ അനുഗ്രഹത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുക. ഇതിനായി പ്രവാചകന്‍ കാണിച്ചു തന്ന പ്രാര്‍ത്ഥനകള്‍ ഉപയോഗപ്പെടുത്തുക. അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ എന്ന് നാം എപ്പോഴും പ്രാര്‍ത്ഥിക്കാറുണ്ട്. ഇതും അല്ലാഹുവിന്റെ അനുഗ്രഹം തേടാനുള്ള വഴിയാണ്.

9. ഹലാലായ സമ്പത്ത് ഉപയോഗിക്കുക
 
പ്രവാചകന്‍ പറയുന്നു: അല്ലാഹു നന്മയുള്ളവനാണ് അവന്‍ നന്മ ഇഷ്ടപ്പെടുന്നു. ഇത് അല്ലാഹു ഹലാലായ മാര്‍ഗത്തിലുള്ള സമ്പത്തിനെയാണ് ഇഷ്ടപ്പെടുന്നത് എന്നതിന് തെളിവായി ഉദ്ധരിക്കുന്ന ഹഥീസ് ആണ്. തെറ്റായ,ഹറാമായ,അന്യായ മാര്‍ഗത്തിലുള്ള സമ്പത്ത് അല്ലാഹു ഇഷ്ടപ്പെടുകയില്ല. അതുകൊണ്ട് പ്രയോജനവും ലഭിക്കുകയില്ല.

10. പ്രവാചകന്റെ ചര്യ പിന്തുടരുക

ജീവിതത്തിന്റെ സമസ്ത മേഖലകളിലും അല്ലാഹുവിന്റെ പ്രവാചകന്‍ മുഹമ്മദ് നബി (സ) കാണിച്ചു തന്ന മാതൃകകള്‍ പിന്‍പറ്റുക. ഇതുമൂലം അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ നേടിയെടുക്കാനുള്ള വലിയ ഒരു ഉറവിടമാണ് നമുക്ക് മുന്നിലുള്ളത്.

11. പാപമോചനം തേടുക

പാപമോചനത്തിന് ഇസ്ലാമില്‍ വലിയ പ്രാധാന്യമുണ്ട്. നാം ചെയ്ത തെറ്റുകള്‍ പിന്നീട് ആവര്‍ത്തിക്കില്ലെന്ന് മനമുരുകി പ്രാര്‍ത്ഥിച്ചാല്‍ അല്ലാഹു ആ തെറ്റുകള്‍ പൊറുത്തു തരും. പാപമോചനം മൂലം അല്ലാഹുവിന്റെ അനുഗ്രഹത്തെ നേടിയെടുക്കാനാവും.

12. അല്ലാഹുവിന് നന്ദി അറിയിക്കുക

ഖുര്‍ആനില്‍ അല്ലാഹു പറയുന്നുണ്ട്: നിങ്ങള്‍ നന്ദി കാണിക്കുന്നവരാണെങ്കില്‍ നാം നിങ്ങള്‍ക്ക് കൂടുതല്‍ അനുഗ്രഹങ്ങള്‍ നല്‍കും. എല്ലായ്‌പ്പോഴും അവനോട് നന്ദി കാണിക്കുന്ന ഒരു അടിമയായി മാറാന്‍ നാം ശ്രദ്ധിക്കണം.

13. മറ്റുള്ളവരോട് അനുകമ്പ കാണിക്കുക

മനുഷ്യനില്‍ നിര്‍ബന്ധമായും ഉണ്ടാകേണ്ട ഒന്നാണ് സഹാനുഭൂതി അനുകമ്പ എന്നിവ. ഭൂമിയിലെ മറ്റു ജീവികളോടും മനുഷ്യരോടും കരുണ കാണിക്കുക. അവര്‍ക്കു വേണ്ട സഹായങ്ങള്‍ നല്‍കുക.

14. ബന്ധം ഊട്ടിയുറപ്പിക്കുക

പരസ്പരം ബന്ധം പൊട്ടാതെ,കെടാതെ കാത്തുസൂക്ഷിക്കാന്‍ നാം ജാഗ്രത പാലിക്കേണ്ടതുണ്ട്. കുടുംബവുമായും കൂട്ടുകാരുമായും മികച്ച ബന്ധം നിലനിര്‍ത്തുക.

15. നേരത്തെ എഴുന്നേല്‍ക്കുക

രാവിലെ നേരത്തെ എഴുന്നേല്‍ക്കല്‍ ഒരു സത്യവിശ്വാസിയുടെ ലക്ഷണമാണ്. പ്രവാചകന്‍ പറയുന്നു: എന്റെ സമുദായത്തിനു വേണ്ടി അല്ലാഹു പുലരികളെ അനുഗ്രഹിച്ചിരിക്കുന്നു.

16. വിവാഹം

വിവാഹത്തിലും അല്ലാഹുവിന്റെ അനുഗ്രഹമുണ്ട്. വി. ഖുര്‍ആനില്‍ കാണാം: നിങ്ങളിലെ ഇണയില്ലാത്തവരെയും നിങ്ങളുടെ അടിമകളായ സ്ത്രീ പുരുഷന്മാരില്‍ നല്ലവരെയും നിങ്ങള്‍ വിവാഹം കഴിപ്പിക്കുക. അവരിപ്പോള്‍ ദരിദ്രരാണെങ്കില്‍ അല്ലാഹു തന്റെ ഔദാര്യത്താല്‍ അവര്‍ക്ക് ഐശ്വര്യമേകും. അല്ലാഹു ഏറെ ഉദാരനും എല്ലാം അറിയുന്നവനുമാണ്.

17. നമസ്‌കാരം

നമസ്‌കാരം അല്ലാഹുവിന്റെ അനുഗ്രഹം നേടാനുള്ള മറ്റൊരു വഴിയാണ്. ഇബാദത്തിന്റെ മഹത്തായ ഈ രൂപമില്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് നിങ്ങള്‍ക്ക് ആലോചിക്കാന്‍ സാധിക്കുമോ.

18. അല്ലാഹുവിനോട് പാപമോചനം തേടുക

നാം എപ്പോഴും പുലര്‍ത്തേണ്ട ഒന്നാണ് അല്ലാഹുവോട് അറിയാതെയും അറിഞ്ഞും ചെയ്ത തെറ്റിന് പാപമോചനം തേടുക എന്നത്. ആത്മാര്‍ത്ഥമായി പാപമോചനം തേടാന്‍ നാം മടി കാണിക്കരുത്.

കടപ്പാട്: പ്രൊഡക്റ്റീവ് മുസ്ലിം.കോം

 

 

 

Facebook Comments
Show More

Related Articles

error: Content is protected !!
Close
Close