Current Date

Search
Close this search box.
Search
Close this search box.

നാം ആ​ഗ്രഹിച്ചത് അല്ലാഹു ഏറ്റെടുക്കമ്പോൾ!

പിതാവിനും പുത്രനുമിടയിൽ:
ഇമാം സൈനുദ്ധീൻ ഇറാഖി (725-806) രചിച്ച ഗ്രന്ഥമാണ് ത്വർഹു തസ് രീബ് ഫി ശർഹി തഖ് രീബ്. എന്നാൽ, ആ ഗ്രന്ഥം പൂർത്തകരിക്കുന്നത് അദ്ദേഹത്തിന്റെ പുത്രനായ വലിയുദ്ധീൻ അബൂ സുർഅ അൽഇറാഖിയാണ് (762-826). പണ്ഡിതനും, ഭൗതിക വിരക്തനുമായ ഇമാം വലിയുദ്ധീൻ അബൂ സുർഅ അൽഇറാഖി സൂക്ഷ്മത പാലിക്കുകയും, ധാരാളം ​ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്ത വ്യക്തിത്വമാണ്. അദ്ദേഹത്തിന്റെ രചനയെ സംബന്ധിച്ച് ഗുരുക്കന്മാർ പുകഴ്ത്തുകയും, ധാരാളം ഉദ്ധരിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഇമാം ജമാലുദ്ധീൻ ഇസ്‌നവി അദ്ദേഹത്തെ വിശേഷിപ്പിച്ചത് ഹാഫിദുൽ അസർ (കാലത്തിന്റെ കാവലാൾ) എന്നാണ്. ഇതിനോട് അനുബന്ധമായി ഇമാം സഖാവി പറയുന്നു: ഇവരും, ഇവരെ പോലെയുള്ളവരും ഓരോ ഉദ്ധരിക്കുന്നവന്റെയും ഉദ്ധരിക്കപ്പെടുന്നവന്റെയും അഭിമാനമാണ്. തഖ് രീബുൽ അസാനിദ് വ തർതീബുൽ മസാനിദിന്റെ വിശദീകരണമാണ് അദ്ദേത്തിന്റെ ഗ്രന്ഥമായ ത്വർഹു തസ് രീബ്. ഹദീസിന്റെ വിധികളുമായി ബന്ധപ്പെട്ട് വലിയ പ്രാധാന്യമർഹിക്കുന്ന ഗ്രന്ഥമാണത്. അല്ലാഹു അദ്ദേഹത്തിന് അനുവദിച്ച അവധി പൂർത്തിയാക്കിയപ്പോൾ, അദ്ദേഹത്തിന്റെ മരണ ശേഷം, മകൻ വലുയുദ്ധീൻ അബൂ സുർഅ അൽഇറാഖി അത് പൂർത്തീകരിച്ചു. ബൈറൂത്തിലെ ദാറുൽ ഇഹ് യാ തുറാസാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. അതിന്റെ ആമുഖത്തിൽ മഹാന്മാരായ ഈ രണ്ടു ഇമാമുമാരുടെയും ജീവചരിത്രം മതിയായ രീതിയിൽ കാണാവുന്നതാണ്.

ഗ്രന്ഥത്തെ സംബന്ധിച്ച രസകരമായ കാര്യമെന്നത്, പിതാവായ അല്ലാമ തന്റെ മകന് വേണ്ടിയാണ് ​ഗ്രന്ഥത്തിന്റെ ഉള്ളടക്കമെഴുതി തുടങ്ങുന്നത്. അദ്ദേഹം ആമുഖത്തിൽ പറയുന്നു: ഞാൻ എന്റെ മകൻ അബൂ സുർഅക്ക് വേണ്ടി ഹദീസുകളുടെ വിധികളുമായി ബന്ധപ്പെട്ടത് സംക്ഷിപ്തമായി ഒരുമിച്ചുകൂട്ടാൻ ആഗ്രഹിച്ചു. അത് ​ഇമാമുമാരുടെ മുറിഞ്ഞുപോയിട്ടില്ലാത്ത പരമ്പരയുമായി ബന്ധപ്പെട്ടതാണ്. വ്യക്തികളുടെ ജീവചരിത്രം ഉൾപ്പെടുത്തി തന്റെ മകന് വേണ്ടി ജീവചരിത്രം രചിക്കാനായി നിലയുറപ്പിച്ചു. ഇത് എത്ര മനോഹരമാണ്! പിന്നീട് അദ്ദേഹത്തിന്റെ മകൻ വലിയുദ്ധീൻ തന്റെ പിതാവിന് വേണ്ടി ആ​ ​ഗ്രന്ഥം എഴുതി പൂർത്തീകരിച്ചു. പിതാവും പുത്രനുമിടയിലെ മനോഹരമായ ബന്ധം! പ്രവർത്തന മേഖലയിൽ നിന്നുള്ള പ്രതിഫലമാണത്. എന്റെ ചിന്തയെ പിടിച്ചുനിർത്തിയത്, ഇമാം സൈനുദ്ധീൻ തുർമുദിയുടെ ശർഹ് ഇമാം ഇബ്‌നു സയ്യിദിന്നാസിന് വേണ്ടി പൂർത്തീകരിച്ചതാണ്. അപ്പോൾ, ഇമാം സൈനുദ്ധീനിന് ശാശ്വത ഗേഹത്തിൽ പൂർണമായ പ്രതിഫലം ലഭിക്കുന്നതിനും, വിജ്ഞാനത്തിലൂടെയും രചനയിലൂടെയും ജനങ്ങളെ സന്തോഷിപ്പിക്കുന്നതിനും തന്റെ ഉദ്യമത്തെ പൂർത്തീകരിക്കുന്ന ഒരുവനെ അല്ലാഹു നിശ്ചയിച്ചുവെന്നതാണ്. ഹുജ്ജത്തുൽ ഇസ് ലാം ​ഗസ്സാലിയുടെ ഇഹ് യാ ഉലൂമുദ്ധീനിലെ ഹദീസുകളുടെ പരമ്പര ക്രോഡീകരിച്ച ഇമാം സൈനുദ്ധീൻ മുസ് ലിം സമൂഹത്തിന് മഹത്തായ സേവനമാണ് നൽകിയത്. ആളുകൾ ഉപയോ​ഗപ്പെടുത്തികൊണ്ടിരിക്കുന്ന ഇഹ് യാ ഉലൂമുദ്ധീൻ ഹദീസുകളാലും, ദുർബലമായ ഹദീസുകളാലും, കെട്ടിച്ചമച്ച ഹദീസുകളാലും ചിന്നിചിതറിക്കിടക്കുകയാണ്. ഇമാം സൈനുദ്ധീൻ ഹദീസിന്റെ പരമ്പര ക്രോഡീകരിക്കാൻ തീരുമാനിച്ചു. ആ ​ഗ്രന്ഥത്തിന് അദ്ദേഹം പേര് വിളിച്ചു; അൽമു​ഗ്നി അൻ ഹംലിൽ അസ്ഫാരി ഫിൽ അസ്ഫാരി ഫി തഹ് രീജി മാഫിൽ ഇഹ് യാ മിനൽ അഖ്ബാർ.

Also read: മുഹര്‍റം പവിത്ര മാസം, പുണ്യം നേടാം

സൂറത്ത് യൂസുഫിന്റെ വ്യാഖ്യാനമെഴുതാനുള്ള ഇമാം ഇബ്നുൽഖയ്യിം അൽജൗസിയുടെ തീരുമാനം:
ഇമാം ഇബ്നുൽഖയ്യിം അദ്ദേഹത്തിന്റെ അവസാനത്തേതും പ്രസിദ്ധവുമായ ​ഗ്രന്ഥത്തിൽ (അൽജവാബുൽ കാഫി ലിമൻ അനിദ്ദവാഇശ്ശാഫി) ഇഷ്ട സൂറത്തുകളുടെയും, അവയിലെ ഇഹ-പരലോക പ്രശ്നങ്ങളെയും നഷ്ടങ്ങളെയും ഉൾപ്പെടുത്തി ഒരു അധ്യായം നൽകിയിരിക്കുന്നു. തുടർന്ന്, രാജാവിന്റെ ഭാര്യക്ക് (സുലൈഖ) യൂസുഫ് നബി ഉത്തരം നൽകാൻ തക്കതായ പതിമൂന്ന് കാരണങ്ങൾ അദ്ദേഹം അതിൽ പറഞ്ഞുവെക്കുന്നു. എന്നാൽ യൂസുഫ് നബി ക്ഷമിക്കുകയും, വിശുദ്ധി കാത്തുസൂക്ഷിക്കുകയുമാണ് ചെയ്തത്. ശേഷം അദ്ദേഹം ഈ വാക്കുകളാൽ ഈ അധ്യായം അവസാനിപ്പിക്കുകയാണ്: ഈ സംഭവത്തിൽ ആയിരത്തിലധികം, ​ഗുണപാഠങ്ങളും, പ്രയോ​ജനങ്ങളും, യുക്തികളുമുണ്ട്. അല്ലാഹു അതിന് എന്നെ പ്രാപ്തനാക്കുകയാണെങ്കിൽ ഒരു സ്വതന്ത്ര രചന തന്നെ വേണ്ടിവരുന്നതാണ്. ആയിരം ​ഗുണപാഠങ്ങൾ! തീർച്ചയായും, ഇമാം ഇബ്നുൽഖയ്യിം ചെയ്തിരുന്നുവെങ്കിൽ അത് വിസ്മയമുളവാക്കുന്നതാണെന്ന് എനിക്ക് തോന്നുന്നു. അദ്ദേഹം പ്രസ്താവിച്ചതുപോലെ ആയിരം ​ഗുണപാഠങ്ങളുള്ള ​ഗ്രന്ഥം ഞാൻ പരതുകയായിരുന്നു. എന്നാൽ, എനിക്ക് അത് കണ്ടെത്താനായില്ല. പിന്നീട്, അദ്ദേഹം ആഗ്രഹിച്ചത് പൂർത്തീകരിച്ച ഒരു കൂട്ടം ​ഗവേഷകരെ സംബന്ധിച്ച് എന്നെ എന്റെ ഒരു സ്നേഹിതൻ അറിയിച്ചു. അവർ ​ഗ്രന്ഥ രചനക്കായി നിലകൊള്ളുകയും, അതിൽ ആയിരത്തിലധികം ​ഗുണപാഠങ്ങൾ ഒരുമിച്ചുകൂട്ടുകയും, അതിന് ഇപ്രകാരം ഇത്ഹാഫുൽ ഇൽഫി ബിദി​ക്റിൽ ഫവാഇദി വന്നീഫി മിൻ സൂറത്തി യൂസുഫ് എന്ന് പേര് വെക്കുകയും ചെയ്തു. അവർ സ്തുത്യർഹമായ ഉദ്യമിത്തിനാണ് മുതിർന്നത്! എന്നാൽ, അവർ ഇബ്നുൽഖയ്യിമിന്റെയോ, അദ്ദേഹത്തിന്റെ വൈജ്ഞാനിക സൂക്ഷമതയുടെയോ, സൂക്ഷമപരിശോധനയുടെയോ അടുത്ത് വരില്ലതാനും.

മസ്ജി​ദ് നിർമാണവും നിഷ്കളങ്കതയുടെ ഫലവും:
ഭൂമിയിൽ നിർമിക്കപ്പെടുന്ന ഓരോ മസ്ജിദിനും അതിന്റെ നിർമാണത്തിന്റേതായ കഥകളുണ്ട്. അല്ലാഹുവിന്റെ ഭവനം സ്ഥാപിക്കുന്നതിന് സത്യസന്ധതയോടെ നിലകൊള്ളുന്നവർക്ക് അല്ലാഹുവിന്റെ സാമീപ്യവും, ശേഷിയും പ്രദാനം നൽകപ്പെടുന്നതാണെന്ന് അത് നമ്മെ ബോധ്യപ്പെടുത്തുന്നു. മസ്ജിദിന്റെ നിർമാണവുമായും, അതിന്റെ പരിപാലനവുമായും ബന്ധപ്പെട്ട് കഴിഞ്ഞുപോയ ധാരാളം കാര്യങ്ങൾ നമുക്ക് മുന്നിലുണ്ട്. എങ്ങനെയാണ് ആ മസ്ജിദുകളെ നിർമിക്കുന്നവരുടെ സത്യസന്ധതയും, ആത്മാർഥതയും സ്വാധീനിക്കുന്നത്! അത് മുമ്പത്തെ ലേഖനത്തിൽ (കൈഫ തഅസ്സറൽ അമാകിൻ ബിൽ മശാഇർ) സൂചിപ്പിച്ചതാണ്. എന്നാൽ, ഞാനിവിടെ മുമ്പ് വിശദീകരിച്ചിട്ടില്ലാത്ത ഉദാഹരണങ്ങളാണ് പറയാൻ പോകുന്നത്; പ്രബോധകനും എഞ്ചീനയറുമായ ‍‍ഡോ. അലി അൽമഹ്ജരിയുടെ സ്വാധീനത്തെ സംബന്ധിച്ചാണ്. യൂറോപ്യൻ ഇസ് ലാമിക് നിർമാണ പ്രവർത്തന മേഖലയിലെ സ്ഥാപക പ്രമുഖരിൽ ഒരാളും, ന്യൂറൻബർ​ഗ് ഇസ് ലാമിക് സെന്ററിന്റെ സ്ഥാകനുമാണ് ഡോ. അലി അൽമഹ്ജരി. ആരെങ്കിലും ഈ കേന്ദ്രം സന്ദർശിക്കുന്ന പക്ഷം ചുമരുകളിൽ നിന്ന് സ്നേഹവികാരങ്ങൾ പുറത്തേക്ക് പരന്നൊഴുകുന്നതാണ്യ സ്നേഹത്തിന്റെയും, ആദരവിന്റെയും, വിശ്വാസികളുടെയും അവിശ്വാസികളുടെയും ബഹുമാനത്തിന്റെയും ​കേന്ദ്രമായ ആ വിശിഷ്ട വ്യക്തിത്വം തന്നെയാണ് ഇതിനുള്ള കാരണം. നിഷ്കളങ്കത അടിസ്ഥാനമാകുന്നിടത്ത് അനു​ഗ്രഹവും, സ്നേഹവും, മാനിസകൈക്യവും ഉണ്ടാകുന്നതാണ്. അതാണ് നിയമം!

Also read: സാലിമി(റ)ന്റെ മുലകുടിയും പ്രായപൂര്‍ത്തിയാവാത്ത യുക്തിവാദികളും

ശൈഖ് മബ്റൂകിന്റെ മസ്ജിദ് നിർമാണത്തിന്റെ കഥ:

ഞാൻ അതിന് സാക്ഷിയാവുകയായിരുന്നു. അത് ശൈഖ് മബ്റൂകിന്റെ മസ്ജിദ് നിർമാണവുമായി ബന്ധപ്പെട്ട കഥയാണ്. ഏ​കദേശം 2005ലെ അവധിക്കാലം ഈജിപ്തിലായിരിക്കെ ശൈഖ് മബ്റൂകിനെ ഞാൻ സന്ദർശിച്ചു. അദ്ദേഹം വിശുദ്ധ ഖുർആൻ മന:പാഠമാക്കുകയായിരുന്നു. വീടും, വീടിന് മുന്നിലെ കുറച്ചുസ്ഥലവുമല്ലാതെ അദ്ദേഹത്തിന് അധികം സമ്പത്തൊന്നുമുണ്ടായിരുന്നില്ല. സന്ദർശന വേളയിൽ അദ്ദേഹം എന്നോട് പറഞ്ഞു: മോനേ, ഞാൻ സ്വപ്നത്തിൽ എന്റെ വീടിന് മുന്നിൽ ഒരു മസ്ജിദ് കണ്ടു. ആ വീടിന് മുന്നിലെ സ്ഥലം ഞാൻ മസ്ജിദ് നിർമിക്കുന്നതിനായി ദാനം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്. എന്താണ് മാർ​ഗം? ആ നല്ല മനുഷ്യൻ തന്നെ അക്കാര്യത്തിൽ സഹായിക്കുന്ന ഒരാളെ അന്വേഷിച്ച് നടക്കുകയായിരുന്നു. എന്നാൽ, കൂടെയുള്ളവർ ചിലർ ആ സ്ഥലം വിൽക്കാനും, അതിൽ നിന്ന് ഒരുപാട് ലാഭം വസൂലാക്കാനും അദ്ദേഹത്തോട് പറയുമായിരുന്നു. അദ്ദേഹത്തിന് അത് ആവശ്യവുമായിരുന്നു. എന്നാൽ അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നത് ഞാൻ അത് അല്ലാഹുവിന് വിറ്റിരിക്കുന്നുവെന്നാണ്. അദ്ദേഹത്തിന് അഭിവാദ്യം! ആദരണീയരായ സ്വഹാബിമാരുടെ സ്വഭാവം പുനർജനിക്കുന്നു! ഞാൻ ജർമനിയിലേക്ക് മടങ്ങി. അങ്ങനെ ഒരിക്കൽ ഇസ് ലാമിക് സെന്ററിൽ നിന്ന് ഇശാഅ് നമസ്കരിച്ച് വരുമ്പോൾ എന്റെ ഒരു സ്നേഹിതൻ കൂടെ വീട്ടിലേക്ക് വന്നു. വഴിയിലായിരിക്കെ ഞങ്ങൾ സംസാരിക്കുകയായിരുന്നു. പെട്ടെന്ന് അദ്ദേഹം പറഞ്ഞു; ഈജിപ്തിൽ ഞാൻ മസ്ജിദ് നിർമിക്കുകയായിരുന്നു. എന്നാൽ ചില കാരണങ്ങളാൽ അത് നിന്നുപോയി. മസ്ജിദിന് യോജിച്ച സ്ഥലം താങ്കളുടെ അറിവിലുണ്ടോ? ഞാൻ അതിന് സഹായിക്കാം.

ആ​ സമയം ഞാൻ പറഞ്ഞു: എത്ര ദയയുള്ളവനാണ് അല്ലാഹു! ഞാനിപ്പോൾ ഈജിപ്തിൽ നിന്ന് തിരിച്ചെത്തിയിട്ടുള്ളൂ. അവിടെ, തന്റെ കൈയിലുള്ളത് ദാനം ചെയ്യാൻ ആ​ഗ്രഹിക്കുന്ന ഒരു മനുഷ്യനുണ്ട്. അദ്ദേഹം തന്നെ ആ ആ​ഗ്രഹത്തിന് സഹായിക്കുന്നവരെയും കാത്തിരിക്കുകയാണ്. അപ്പോൾ അയാൾ എന്നോട് പറഞ്ഞു: അങ്ങനെയാണെങ്കിൽ ഞാൻ പങ്കാളിയാകുന്നതാണ്. തുടർന്ന് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന മാനേജർ പദ്ധതിയുമായി ബന്ധപ്പെട്ട ആളുകളുമായി ബന്ധപ്പെട്ടു. ആ മസ്ജിദ് നിർമാണത്തിൽ അദ്ദേ​ഹത്തിന് വലിയ പങ്കാണുള്ളത്. മസ്ജിദിന്റെ നിർമാണ ഘട്ടത്തിൽ ചെറിയ കുട്ടികൾ അവരുടെ കൈയിലെ ചെറിയ നാണയ തുട്ടുകൾ മസ്ജിദ് നിർമാണത്തിനായി നൽകുന്നത് ഞാൻ കാണുകയുണ്ടായി! അവർ അവരുടെ പഠന സംവിധാനങ്ങളിലേക്കുള്ള വഴിയിലായിരുന്നു. തീർച്ചയായും, അത് ലോക രക്ഷിതാവിൽ അർപ്പിച്ച നിഷ്കളങ്കമായ വിശ്വാസത്തിന്റെയും, സത്യസന്ധതയുടെ അനു​ഗ്രഹവുമായിരുന്നു. പ്രവർത്തനങ്ങളിലും പദ്ധതികളിലും കൈവന്ന അനു​ഗ്രഹവും, മനസ്സിന്റെ സങ്കീർണതകൾ ഇല്ലാതാക്കുകയും, കാര്യങ്ങൾ എളുപ്പമാക്കുകയും ചെയ്യുന്ന നിഷ്കളങ്കതയുടെ സ്വാധീനം എടുത്തുപറയുന്ന സമാനമായ സംഭവങ്ങൾ പൗരസ്ത്യരും പാശ്ചാത്യരുമായ ഒരുപാട് ഖാരിഉകൾ (ഖുർആൻ പാരായണം നടത്തുന്നവർ) അവരുടെ മനസ്സിൽ സൂക്ഷിക്കുന്നു!

Also read: ദേശീയ വിദ്യാഭ്യാസനയം എന്ത്?

ജനഹൃദയങ്ങൾ ഏറ്റെടുത്ത കവിതകൾ
ഒരുപാട് കവിതകൾക്ക് അല്ലാഹു സ്വീകാര്യത നൽകുകയും, അവ ചക്രവാളങ്ങൾ കീഴടക്കുകയും വലുതും ചെറുതമായ ​ഗാനങ്ങളായി മാറുകയും ചെയ്തിട്ടുണ്ട്. അവയിൽ നിന്നാണ് താഴെ പറയാൻ പോകുന്നത്. അബുൽ ഫതഹുൽ ബുസ്തിയുടെ കവിതകളിൽ പ്രസിദ്ധമാണ് ഉയൂനുൽ ഹികം, അഥവാ നൂനിയ്യ അൽബുസ്തി. പൂർവി​കരും ആധുനികരുമായ ഒരുപാട് പണ്ഡിതന്മാരും സാഹിത്യകാരന്മാരും ഈ കവിതകൾ പ്രാധാന്യത്തോടെ പരി​ഗണിക്കുന്നു. കവിതയുടെ സൂക്ഷമ പരിശോധനയും, ആകർഷണീയമായ വിശദീകരണവും നടത്തിയവരിൽ അല്ലാമ അബ്ദുൽ ഫത്താഹ് അബൂ​ഗിദയുമുണ്ട്. അപ്രകാരം തന്നെയാണ് ലാമിയ്യത്തുൽ ഇബ്നുൽ വർദി. വ്യത്യസ്തങ്ങളായ സ്വഭാവമുള്ള ആളുകളുമായി ഇടപെടുക, മനസ്സിനെ സംസ്കരിക്കുക, ധാർമികമായ തത്വങ്ങൾ; ഉപദേശങ്ങൾ എന്നീ കാര്യങ്ങൾ നിറഞ്ഞുനിൽക്കുന്നതാണ് ആ കവിതകൾ. ഇമാം ബൂസ്വിരിയുടെ ബുർദയും അപ്രകാരം തന്നെയാണ്. നമ്മുടെ ആധുനിക കാലത്ത് കവിതകൾക്കും പദ്യങ്ങൾക്കും കൂടുതൽ സ്വകാര്യത വന്നിട്ടുണ്ട്. സാങ്കേതികവിദ്യ ദുർബലമായിരുന്നിട്ടും അല്ലാഹു അവക്ക് കൂടുതൽ സ്വകാര്യത നൽകി!

അല്ലാഹു എല്ലാം തുറന്നുകൊടുക്കുന്നവനും, എല്ലാം അറിയുന്നവനുമാകുന്നു. തന്റെ ദാസന്റെ മനസ്സിനെ അവൻ കാണുകയും, ആ മനസ്സിലെ തീരുമാനങ്ങളും, ദൃഢനിശ്ചയവും, ദീനിന് വേണ്ടി സേനനമർപ്പിക്കാനുള്ള സത്യസന്ധമായ ആ​ഗ്രഹവും അവൻ തന്റെ ശ്രേഷ്ഠതയിൽ നിന്ന്, ഉദാരതയിൽ നിന്ന്, ഖജനാവിൽ നിന്ന് സാക്ഷാത്കരിക്കുന്നതിന് വാതിലുകൾ തുറന്നുകൊടുക്കുന്നതാണ്. നമ്മുടെ ബാധ്യതയെന്നത് നമ്മുടെ തീരുമാനങ്ങളിൽ അല്ലാഹുവെ സത്യപ്പെടുത്തുകയെന്നതാണ്.
( തീർന്നു )

വിവ: അർശദ് കാരക്കാട്

Related Articles