Current Date

Search
Close this search box.
Search
Close this search box.

ഖലീഫ ഉമർ (റ) ഉം ചാന്ദ്രിക കലണ്ടറും

ഹിജ്‌റാ കലണ്ടർ ആരംഭിച്ചതെങ്ങിനെയായിരുന്നു എന്ന ചരിത്രത്തിലേക്ക്  ഒരെത്തി നോട്ടമാണീ കുറിപ്പ്. ആകാശത്തെ ചാന്ദ്രിക കലണ്ടർ ആകാശ ഭൂമികളെ സൃഷ്ടിച്ച നാൾ മുതൽ അവിടെയുണ്ട് എന്നാണ് ഖുർആൻ പഠിപ്പിക്കുന്നത്. അന്നും മാസങ്ങൾ 12 തന്നെ.

“ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം മുതൽ അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്‍റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം യുദ്ധം വിലക്കപ്പെട്ടമാസങ്ങളാകുന്നു. അതാണ് വക്രതയില്ലാത്ത മതം. അതിനാല്‍ ആ നാല്‌ മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിക്കരുത്‌…. ” (9:36 )

ചന്ദ്രന്റെ കലകൾക്കും വൃദ്ധിക്ഷയങ്ങൾക്കമനുസരിച്ച് രൂപപ്പെടുത്തിയിരിക്കുന്ന കലണ്ടറാണു ചാന്ദ്രകലണ്ടർ. കൃത്യമായി 354.37 ദിനങ്ങളാണു ചാന്ദ്രവർഷത്തിലുള്ളത്. ഉമർ ബിൻ ഖത്താബിന്റെ കാലത്താണ് ഇതിനെ കൃത്യമായ ഒരു കലണ്ടറിലേക്ക് പകർത്തി എഴുതിയത്. പ്രവാചകൻ (സ) ജനനം, അദ്ദേഹത്തിന്റെ പലായനം , മരണം ഏതാവണം നമ്മുടെ മാനദണ്ഡം എന്നതിന് അദ്ദേഹത്തിന്റെ കൂടിയാലോചന സമിതിയിൽ ഉരുത്തിരിഞ്ഞ തീരുമാനമായിരുന്നു നബിയുടെ പലായനം (ഹിജ്‌റ:) യാണ് കാലഗണനയുടെ ഏകകമാവേണ്ടത് എന്ന അഭിപ്രായ സമന്വയത്തിൽ എത്തിപ്പെടുന്നത്. അലി (റ) യായിരുന്നു ഈയൊരഭിപ്രായം ശൂറയെ ബോധ്യപ്പെടുത്തിയത്.ഒന്നാമത്തെ മാസം ഏതായിരിക്കണമെന്നായി അടുത്തചർച്ച. റമളാൻ, ദുൽഹിജ്ജ എന്നിങ്ങനെ പല വാദഗതികളും ഉയർന്നു. പക്ഷേ, യുദ്ധം നിഷിദ്ധമാക്കപ്പെട്ടിരുന്ന മാസം, ഹജ്ജ് കഴിഞ്ഞ് ജനങ്ങൾ തിരിച്ചെത്തുന്ന ഘട്ടം എന്നീ പ്രാധാന്യങ്ങൾ പരിഗണിച്ച് മുഹർറം, ഒന്നാമത്തെ മാസമായി തീരുമാനിക്കപ്പെട്ടു.

Also read: വാര്‍ത്താ കച്ചവടത്തിന്റെ ഇന്ത്യന്‍ സാക്ഷ്യം

ഹിജ്റ നടന്നത് റബീഉൽ അവ്വൽ 12നാണ്.എന്നാൽ ഹിജ്റ വർഷത്തിൻറെ ഒന്നാം ദിവസം തുടങ്ങുന്നത് രണ്ടുമാസവും പതിനൊന്ന് ദിവസവും മുമ്പുള്ള മുഹറം ഒന്ന് മുതലുമാണ്. ഈ വ്യത്യാസം ഗണിക്കേണ്ടതില്ലെന്ന് ഉമറിൻറെ കൂടിയാലോചനയിൽ പങ്കെടുത്തവർ ഐകകണ്ഠ്യേന തീരുമാനിക്കുകയായിരുന്നു . ഹിജ്റ വർഷം 17 ൽ മുഹർറം മുതലാണ് ഔദ്യോഗിക ഹിജ്റ കലണ്ടർ നടപ്പിൽ വരുന്നത്. അതിനു തൊട്ടു മുമ്പത്തെ വർഷം അബൂ മൂസൽ അശ്അരിക്കയച്ച ഒരു കത്താണ് കലണ്ടർ നിർമ്മാണത്തിന് ഗതിവേഗം പകർന്നത്. കത്തിൽ ശഅ്ബാൻ എന്നെഴുതിയത് ഏത് ശഅ്ബാൻ എന്ന ചോദ്യമുന്നയിച്ച സംഭവം വർഷങ്ങളെ സംഭവം പറഞ്ഞ് അനുസ്മരിക്കുന്നതിൽ നിന്നും ഹിജ്റക്ക് മുമ്പ് (BH) ,ഹിജ്റക്ക് ശേഷം എന്നീ കൃത്യമായ പഞ്ചാംഗ ഗണനയിലേക്ക് മാറ്റി എഴുതുകയായിരുന്നുവെന്ന് ചുരുക്കം. CE 622 സെപ്റ്റംബർ / 22 റബീഉൽ അവ്വൽ AH എന്ന പരിഗണനയിൽ 66 ദിവസം മുമ്പുള്ള മുഹർറം 1 ഹിജ്റ ആയി നിശ്ചയിക്കപ്പെട്ടു എന്നല്ലാതെ കലണ്ടറിൽ മറ്റു പോരിശകളൊന്നും ആ മാസത്തിനില്ല. മൂസാ (അ) ഹിജ്റയോ കർബലയോ അങ്ങിനെ മറ്റു കാരണങ്ങളാലോ  മുഹർറത്തെ നഹ്സിൽ തുടങ്ങുന്ന പാരമ്പര്യവും ഈ കലണ്ടർ ചരിത്രത്തിലെവിടെയും കാണുന്നില്ല.

സിത്തുൻ ഖലൗന ,ഖംസുൻ മദൈന, ബഖിയ സബ്ഉൻ എന്നെല്ലാമുള്ള പ്രയോഗങ്ങൾ ഹദീസുകളിൽ കാണാം . അവശേഷിക്കുന്ന ദിനങ്ങൾ കൃത്യമായി എണ്ണിപ്പറയുമാറ് കൃത്യമായ മാസ ഗണന നബി (സ) ക്കും സ്വഹാബത്തിനും ബോധ്യപ്പെട്ടിരുന്നു എന്നാണ് അതു സംബന്ധിയായി സൂചിപ്പിക്കാനുള്ളത്.വർഷ ഗണനക്ക് അക്കങ്ങൾക്ക് പകരം സംഭവങ്ങളായിരുന്നു അക്കാലത്ത് നാട്ടക്കുറികളാക്കിയിരുന്നത്. ആമുൽ ഫീൽ (ആനക്കലഹ വർഷം), ആമുൽ ഹുസ്ൻ (ദുഃഖ വർഷം), ആമുസ്സൈൽ ( പ്രളയ വർഷം) എന്നിങ്ങനെയൊക്കെ ആയിരുന്നു അവർ അന്ന് വർഷങ്ങൾ പറഞ്ഞിരുന്നത് എന്ന് മാത്രം.

അറബ് മാസങ്ങളുടെ പേരിന്റെ പിന്നിലുള്ള ഭാഷാ പരമായ പൊരുൾ വായനക്കാർക്ക് കൗതുകകരമാവും. ഹിജ്റ വർഷം നടപ്പിലാക്കിയത് എ.ഡി 622 ൽ ഉമർ (റ) ആണെന്നും അറബ് മാസങ്ങൾ അതിന് മുമ്പ് തന്നെ നിലവിലുണ്ടായിരുന്നുവെന്നും നാം വായിച്ചു. അറബ് മാസങ്ങൾക്ക് ഇപ്പോഴുള്ള പേരുകൾ നൽകിയത് പ്രവാചകൻ (സ)യുടെ അഞ്ചാമത്തെ പിതാമഹനായ കഅബ് ബ്നു മുർറയാണ് ചരിത്ര ഗ്രന്ഥങ്ങൾ പറയുന്നു. ക്രിസ്താബ്ദം അഞ്ചാം നൂറ്റാണ്ടിലാണിദ്ദേഹം ജീവിച്ചിരുന്നത്.അന്നത്തെ കാലാവസ്ഥക്കും സാഹചര്യങ്ങൾക്കും അനുസരിച്ചാണ് ഈ പേരുകൾ അദ്ദേഹം നൽകിയത്. ഇബ്നു കസീർ ശൈഖ് അലമുദ്ദീൻ സഖാവിയിൽ നിന്നും ഈ പേരുകളുടെ പൊരുൾ ഇപ്രകാരം ഉദ്ധരിക്കുന്നുണ്ട്.

Also read: മുഹര്‍റ മാസത്തില്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതും

1) മുഹർറം: യുദ്ധം നിഷിദ്ധമായ മാസമായി കണക്കാക്കിയിരുന്നതിനാലാണ് മുഹർറം അഥവാ നിഷിദ്ധമാക്കപ്പെട്ടത് എന്ന അർത്ഥത്തിലുള്ള പേര് വന്നത്.
2) സ്വഫർ: യുദ്ധത്തിനും യാത്രകൾക്കുമായി പുറപ്പെട്ട് വീടുകൾ ഒഴിയുന്നതിനാലാണ് ഒഴിഞ്ഞത് എന്ന അർത്ഥമുള്ള സ്വഫർ എന്ന പേര് നൽകിയത്.
3,4) റബീഉൽ അവ്വൽ, റബീഉൽ ആഖിർ : തോട്ടങ്ങളിൽ പൂവും കായും ഉണ്ടാവുന്ന കാലമായ വസന്തത്തിൽ അറബികൾ അവിടെതന്നെ താമസിക്കാറുണ്ടായിരുന്നു. അതിനാലാണ് താമസിക്കുക / ചമ്രം പടിഞ്ഞിരിക്കുക എന്ന അർത്ഥമുള്ള റബഅ എന്ന പേരിട്ടത്. വസന്തത്തിനും അറബിയിൽ റബീഅ് എന്നാണ് പറയുക.
5,6) ജുമാദൽ ഊലാ, ജുമാദൽ ഉഖ്റാ : വെള്ളം വറ്റിയ കാലമായതിനാലാണ് ഈ മാസങ്ങൾക്ക് ആ പേർ വന്നത്. ജമദ എന്നാൽ വറ്റിപ്പോയി എന്നാണർത്ഥം.
7) റജബ് : ആദരവ് എന്നാണ് ഇതിനർത്ഥം. യുദ്ധം നിഷിദ്ധമായ ഈ മാസത്തെ അറബികൾ വിശിഷ്യാ മുദറുകാർ വളരെ ആദരിച്ചിരുന്നു.
8) ശഅ്ബാൻ : യുദ്ധത്തിനായി സംഘടിച്ചിരുന്ന മാസമായതിനാലാണ് ഒത്ത്കൂടൽ എന്ന അർത്ഥത്തിലുള്ള ശഅ്ബാൻ എന്ന നാമം ഇതിന് ലഭിച്ചത്.
9 ) റമദാൻ: കഠിന ചൂടുള്ള ദിനങ്ങളായതിനാലാണ് ഈ മാസത്തെ ചൂടുള്ളത് / കരിക്കുന്നഎന്ന അർത്ഥമുള്ള റമദാൻ എന്ന പേര് വിളിച്ചത്.
10) ശവ്വാൽ: കാലികൾ ഇണചേരുന്ന കാലമായതിനാലാണ് ഉയർത്തി എന്ന അർത്ഥമുള്ള ശാല എന്ന പദത്തിൽ നിന്ന് നിഷ്പന്നമാണ് ശവ്വാൽ . ശീൽ എന്ന വാക്ക് എടുക്കൂ എന്ന അർഥത്തിൽ നാടൻ അറബിയിൽ ഇന്നും ഉപയോഗത്തിലുണ്ട്.
11) ദുൽ ഖഅദ: യുദ്ധത്തിൽ നിന്നും യാത്രയിൽ നിന്നും മാറിയിരിക്കുന്നതിനാലാണ് ഇരിക്കുക എന്ന അർത്ഥമുള്ള ഖഅദ എന്ന നാമം പറഞ്ഞത്. വിശ്രമകാലമായിരുന്നു ആ മാസം
12 ) ദുൽഹിജ്ജ : ഹജ്ജ് നിർവ്വഹിക്കുന്ന കാലമായതിനാലാണ് ഈ പേരിട്ടത്. ദുൽ ഹജ്ജ് എന്നും പ്രയോഗമുണ്ട്.

Ref : തഫ്സീറു ഇബ്നി കസീർ, 4/128-129.
         ഹാശിയതുന്നഹ്വിൽ വാഫി 4/564.

Related Articles