Current Date

Search
Close this search box.
Search
Close this search box.

ദി ആൽകെമിസ്റ്റും സൂഫി എലമെന്റുകളും

പൗലോ കൊയ്ലോ എന്ന ബ്രസീലിയൻ സാഹിത്യകാരനെ പ്രശസ്തിയുടെ കൊടിമുടിയിൽ അവരോധിച്ച വിശ്വസാഹിത്യ കൃതിയാണ് ‘ദി ആൽകെമിസ്റ്റ്’. പോർച്ചുഗീസ് ഭാഷയിൽ എഴുതപ്പെട്ട ഈ കൃതി 1988 ലാണ് പ്രസിദ്ധീകരിക്കപ്പെടുന്നത്. പിന്നീട് അറുപത്തി ഏഴോളം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും ഇതിനകം നൂറ്റി അമ്പതോളം രാജ്യങ്ങളിലായി അറപത്തിയഞ്ച് ദശലക്ഷത്തിൽ പരം കോപ്പികൾ വിറ്റഴിക്കപ്പെടുകയും ചെയ്തു. ജിവിച്ചിരിക്കുന്ന ഒരു സാഹിത്യകാരന്റെ ഏറ്റവും കൂടുതൽ കോപ്പികൾ വിറ്റഴിച്ച പുസ്തകം എന്ന നിലയിൽ ദി ആൽകെമിസ്റ്റും പൗലോ കൊയ്ലോയും ഗിന്നസ്സ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടുകയുണ്ടായി. സാൻറിയാഗോ എന്ന ബാലനെ മുൻനിർത്തിയുള്ള കേവല ഫിക്ഷൻ മാത്രമല്ല ഫിലോസഫിയും സ്പിരിച്വലിസവും പ്രചോദനാത്മകതയും നോവലിനെ വായനകാർക്ക് പ്രിയപ്പെട്ടതാക്കി. ആധുനിക ക്ലാസിക്കുകളിൽ ഒന്നായി ഗണിക്കപ്പെടുന്ന ഈ ഗ്രന്ഥം വായിനക്കാരിൽ ശുഭാപ്തി വിശ്വാസവും പോസിറ്റീവ് ചിന്തകളും ഉണ്ടാക്കാൻ ശ്രമിക്കുന്നു. അത് കൊണ്ട് തന്നെ സാധാരണക്കാർ മുതൽ അതിപ്രശസ്തർ വരെ ഒരു പോലെ നോവലിന്റെ വായനക്കാരായി എത്തുന്നു. ഇതിനകം തന്നെ ആൽകെമിസ്റ്റ് നിരവധി പഠനങ്ങൾക്ക് വിധേയമായിട്ടുണ്ട്. ഒട്ടനവധി തിസീസുകളുടെ സബ്ജക്റ്റ് മാറ്റർ ആയി നോവൽ മാറി. ആ നിലക്ക് പൗലോ കൊയ്ലോയുടെ മാഗ് നം ഓപ്പസായ ദി ആൽകെമിസ്റ്റിനെ മറ്റൊരു വീക്ഷണകോണിലൂടെ വായിക്കാനും നോക്കി കാണാനുമുള്ള ശ്രമമാണ് ഈ ലേഖനം.

ഒരു വിധ സ്വാധീനങ്ങൾക്കും പ്രേരണകൾക്കും വിധേയപ്പെടാത്ത സാഹിത്യകാരനോ സാഹിത്യ സൃഷ്ട്ടിയോ വിരളമായിരിക്കും, ഇല്ല എന്ന് തന്നെ പറയാം. സാഹിത്യകാരന്റെ സ്വജീവിതത്തിലെ അനുഭവങ്ങൾ മുതൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ ചുറ്റുപാടുകൾ വരെ സാഹിത്യ സൃഷ്ടികളെ സ്വാധീനിച്ചു കളയാം. അത്തരം ഉദാഹരണങ്ങൾ ലോക സാഹിത്യങ്ങളിൽ വരെ സർവ്വസ്വഭാവികമാണ്. ഗബ്രിയേൽ ഗാർസിയ മാർക്വേസിന്റെ രചനകളിലെ മാജിക്കൽ റിയലിസങ്ങളുടെ വേരുകൾ തേടിയാൽ അദ്ദേഹത്തിന്റെ കുട്ടിക്കാല അനുഭവങ്ങളുടെ സ്വാധീനങ്ങൾ പലതും അതിൽ കണ്ടെത്താം.

Also read: കർഷകവിരുദ്ധമായ ബ്രാഹ്മണിസം – 2

ഇങ്ങനെ സ്വാധീനം ചെലുത്തപ്പെട്ട ഘടകങ്ങളുടെ കൂട്ടത്തിൽ സൂഫി/തസ്വവുഫ് വ്യവഹാരങ്ങൾ വളരെ മുന്നിലാണ്. അതാകട്ടെ സാഹിത്യത്തിൽ മാത്രം പരിമിതമല്ലതാനും. സാഹിത്യം, കല, തുടങ്ങിയ പലതിനേയും അഗാധമായി സ്വാധീനിച്ച ആത്മീയ വ്യവസ്ഥയാണ് സൂഫിസം. സംഗീതത്തിലും കാലിഗ്രഫിയിലേക്കും വരെ അത് നീണ്ടു കിടക്കുന്നു. സാഹിത്യത്തിലേക്ക് തന്നെ വരാം. ഡാൻടെയുടെ ഡിവൈൻ കോമഡിയിൽ ഇബ്നു അറബി കൃതികളുടെ സ്വാധീനം ഉണ്ടായിരുന്നത്രെ. അത്താറിന്റെ പക്ഷി സമ്മേളനത്തിന്റെ സ്വാധീനനയിൽ ആണ് വില്യം ടെല്ലിന്റെ മാസ്റ്റർ പീസുകളിലൊന്ന് രചിക്കപ്പെടുന്നത്. കേരളത്തിലേക്ക് വരാം, പി കുഞ്ഞിരാമൻ നായരുടെ കൃതികളിൽ റൂമി കവിതകളിലെ ചില ഘടകങ്ങൾ കണ്ടെത്തുന്നവരുണ്ട്. അതു കൊണ്ടാവണം ബഷീർ അദ്ദേഹത്തെ സൂഫി നായർ എന്ന് വിളിച്ച് കളിയാക്കിയത്. ബഷീറിന്റെ തന്നെ ‘അനൽ ഹഖ്’ പോലുള്ള രചനകൾ മുൻനിർത്തി സൂഫി ബഷീറിനെ വെളിച്ചത്ത് കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടന്നതായും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ചുരുക്കത്തിൽ സൂഫി വ്യവഹാരങ്ങളുടെ സ്വാധീനങ്ങൾ സാഹിത്യത്തിൽ ധാരാളമായി കാണാൻ സാധിക്കും. ആ അർഥത്തിൽ ആധുനിക ക്ലാസിക്കുകളിൽ ഒന്നായ ‘ദി ആൽകെമിസ്റ്റി’ന്റെ വരികൾക്കിടയിലും സൂഫി സ്വാധീനങ്ങൾ കാണാൻ സാധിക്കും. തന്റെ രചനകളിലെ സൂഫി സ്വാധീനത്തെക്കുറിച്ച് കൊയ്ലോ തന്നെ പരാമർശിച്ചതായും കാണാം. അദ്ദേഹത്തിന്റെ തന്നെ ഇത്തരം പരാമർശങ്ങൾ ഒരു റഫറൻസായി സ്വീകരിച്ചു കൊണ്ടു കൂടിയാണ് ഈ ലേഖനം വികസിപ്പിക്കുന്നത്. അത്തരം എലമെന്റുകളെ വെളിച്ചം കാണിക്കാനുള്ള ശ്രമമാണ് ഈ ലേഖനം. ആൽകെമിസ്റ്റിന്റെ പൊതു ഉള്ളടക്കം മുന്നോട്ട് വെക്കുന്നത് തന്നെ ഒരുതരം കപട ആത്മീയത (Bogus Spirituality) ആണെന്നും അഥവാ ഇസ് ലാം മുന്നോട്ട് വെക്കുന്ന ആത്മീയ വ്യവസഥ അത് നഫ്സിന്റെ ആഗ്രഹങ്ങൾക്ക് എതിരെയുള്ള കലഹം ആണ് എന്നും അതുകൊണ്ട് തന്നെ ആൽകെമിസ്റ്റിന്റെ വരികൾക്കിടയിൽ കണ്ടെത്താൻ സാധിക്കുന്നത് ഒരു തരം കപട ആത്മീയത മാത്രമാണ് തുടങ്ങിയ വളരെ അക്കാദമിക്കലായ വിമർശനങ്ങൾ ആൽകെമിസ്റ്റിനെ മുൻനിർത്തി ഉണ്ടാവുമ്പോൾ തന്നെയാണ് അതിനോട് തീർത്തും വൈരുധ്യം പുലർത്തുന്ന ഇത്തരം ഒരു ആലോചന വികസിപ്പിക്കുന്നത്.

Also read: രചനാത്മക രാഷ്രീയ ശൈലി രൂപപ്പെടേണ്ടതുണ്ട്

തന്റെ കഥകളിലുടനീളം ഐഹികമായ ജീവിത യാഥാർത്ഥ്യങ്ങൾക്ക് ദൈവിക സൗരഭ്യം നൽകാനായി കൊയ്ലോ ശ്രമിക്കുന്നതായി അദ്ദേഹത്തിന്റെ ബെസ്റ്റ് സെല്ലറുകൾ പരിശോധിച്ചാൽ മനസ്സിലാക്കാൻ സാധിക്കും. ആൽകെമിസ്റ്റിൽ അറബ് -ഇസ് ലാമിക് – മുസ് ലിം പാരമ്പര്യത്തിലെ നിരവധി ഘടകങ്ങൾ പലവട്ടം കയറി വരും. സ്പെയിനിൽ തുടങ്ങി സ്പെയിനിൽ തന്നെയാണ് കഥ അവസാനിക്കുന്നത് എങ്കിലും പശ്ചാത്തലത്തിൽ അറേബ്യൻ നാടുകളും ജീവിത – വസ്ത്ര രീതികളും പിരമിഡുമൊക്കെ ധാരാളമായി കടന്നു വരുന്നതായി കാണാം. പരിശുദ്ധ ഹജ്ജ് കർമ്മത്തെ പറ്റി വരെ പരാമർശങ്ങൾ കാണാം. തലയിലെഴുത്തിനെ സൂചിപ്പിക്കാനായി മക്തൂബ് എന്ന അറബി പദം നോവലിൽ പലയിടങ്ങളിലായി കാണാം.

നോവലിന്റെ പേര് ‘ദി ആൽകെമിസ്റ്റ്’ എന്നാണല്ലോ. യഥാർത്ഥത്തിൽ താഴ്ന്ന നിലവാരങ്ങളിൽ ഉള്ള മൂല്യം കുറഞ്ഞ ലോഹങ്ങളെ സ്വർണ്ണമാക്കി പരിവർത്തിപ്പിച്ചെടുക്കാനുള്ള ശാസ്ത്രീയ ശ്രമങ്ങൾക്കാണ് ആൽകെമി എന്ന് പറയുന്നത്. സാധാരണക്കാരായ ആളുകളുടെ ജീവിതം മാലിന്യ മുക്തമാക്കി പരിശുദ്ധമായ ജീവിത വഴിയിൽ വഴിനടത്തുകയാണ് യഥാർത്ഥത്തിൽ തസ്വവുഫ് സാധ്യമാക്കുന്നത്. സൂഫിസത്തെ നിർവചിച്ചു കൊണ്ട് അല്ലാമാ ശിബ് ലി (റ) പറയുന്നു: “ഹൃദയങ്ങളുടെ സ്ഫടിക സമാനത ഉറപ്പു വരുത്തലാണു സ്വൂഫിസം. രഹസ്യങ്ങള്‍ ഏതും അറിയുന്ന അല്ലാഹുവിനെക്കുറിച്ചുള്ള മനത്തെളിമയാണ് അതുകൊണ്ട് അര്‍ഥമാക്കുന്നത്.” നോവലിന്റെ ആദ്യ ഭാഗങ്ങളിൾ തന്നെ നിധി തേടിയിറങ്ങുന്ന സാൻറിയാഗോ എന്ന ബാലന്റെ പരിണിതിയിലേക്ക് സൂചനകൾ നൽകുന്നതായി കാണാം. നോവലിലെ ആദ്യ ഭാഗങ്ങളിലെ സംഭാഷങ്ങളിൽ ഒന്നിൽ ഇങ്ങനെ വായിക്കാം: ” എന്നെങ്കിലും നിനക്ക് മനസ്സിലാവും നമ്മുടെ നാടാണ് ഏറ്റവും നല്ലതെന്ന്. നമ്മുടെ നാട്ടിലെ പെൺകിടാങ്ങളാണ് ഏറ്റവും സുന്ദരികളായിട്ടുള്ളതെന്നും നീ ഒരു നാൾ അറിയാൻ ഇടയാകും”. നീണ്ട യാത്രകൾക്കും കഠിന പ്രയത്നനത്തിനുമെല്ലാം അവസാനം താൻ യാത്ര തുടങ്ങിയിടത്ത് നിന്ന് തന്നെ നിധി കണ്ടെത്തുന്നതാണ് നോവലിന്റെ ട്വിസ്റ്റ്. യഥാർത്ഥത്തിൽ ഇരിക്കുന്നിടത്താണ് നിധി എന്നത് പല സൂഫി കഥകളുടേയും ഇതിവൃത്തമായി വരുന്നത് കാണാം. മാത്രമല്ല പല സൂഫി ശൈഖുമാരുടേയും സാരോപദേശങ്ങളിലും ഇത്തരം പരാമർശങ്ങൾ കണ്ടെത്താൻ സാധിക്കും. ഇത്തരം abstractകളെ നോവൽ genre ലേക്ക് പരിവർത്തിപ്പിച്ച സ്പടമായ ആഖ്യാനമാണ് നോവൽ.

Also read: മഹ്മൂദ് ദർവീഷിനെ കല്ലെറിയുന്നവർ

നിധി കണ്ടെത്താനായി അലഞ്ഞു തിരിഞ്ഞ് കഠിന പരിശ്രമം ചെയ്യുന്ന സാന്റിയാഗോയിൽ എവിടെയോ ആത്മ പൊരുൾ ആവുന്ന ഹഖീഖത്തിനായി സഞ്ചരിക്കുന്ന സാലിക്കിനേയും കണ്ടെത്താനാവും.”തീരുമാനം എടുക്കൽ ഒരു തുടക്കം മാത്രമാണ്. പിന്നെ ആ ഒഴുക്കിലേക്ക് വഴുതി ഇറങ്ങുകയാണ്. അങ്ങനെ ഒഴുകി ഒഴുകി എവിടെയൊക്കെയോ ചെന്നെത്തുവെന്ന് ആർക്കെങ്കിലും പറയാൻ കഴിയുമോ.” ദീർഘ യജ്ഞങ്ങളിലൂടെയാണ് ഒരു സൂഫി യഥാർത്ഥ ജ്ഞാനം കൈവരിക്കുന്നത്. താൻ സെമിനാരിയിലെ പഠനം ഉപേക്ഷിച്ചതിന് ശേഷം നടത്തിയ യാത്രകളിലൂടെ ലഭിച്ച അനുഭവജ്ഞാനങ്ങൾ മുഖേനയാണ് താൻ ദൈവത്തെ കണ്ടെത്തിയത് എന്ന് സാന്റിയാഗോയും സാക്ഷ്യപ്പെടുത്തുന്നു.

സൂഫി സരണികളിൽ സ്നേഹം, പ്രണയം തുടങ്ങിയ ഭാവങ്ങളെ ദ്യോദിപ്പിക്കാൻ ‘ഇശ്ഖ്’ എന്ന പദമാണ് ഉപയോഗിച്ചു വരാറുള്ളത്. ഇശ്ഖിനെയാവട്ടെ കേവലം മനോവികാരം എന്നതിനപ്പുറത്ത് ഉൺമയുടെ തലങ്ങളിലേക്കുള്ള പരസ്യ പ്രകടനമായിട്ടാണ് മനസ്സിലാക്കപ്പെടുന്നത്. മറ്റൊരു ഭാഷയിൽ സൃഷ്ടിപ്പ് സ്നേഹപ്രകടനമാണ്. യഥാർത്ഥ സ്നേഹം അത് പ്രകൃതിയുടെ സ്നേഹം സ്ഫുരിക്കുന്നു സ്നേഹമാണ് എന്ന് സാന്റിയാഗോയിലൂടെ പൗലോ കൊയ്ലോയും പറഞ്ഞുവെക്കുന്നു. സൂഫികൾ പ്രണയത്തിന്റെ അനിർവചനീയമായ ആസ്വാദനത്തിന്റെ മായാലോകത്ത് ജീവിക്കുന്നതിലൂടെ ലക്ഷ്യ പ്രാപ്തി കരസ്ഥമാക്കുന്നു. സ്നേഹത്തെ ലക്ഷ്യപ്രാപ്തിക്കുള്ള മാധ്യമമായിട്ടാണ് സാന്റിയാഗോ നിർവചിക്കുന്നത്. “സ്നേഹിക്കപ്പെടുന്നു എന്ന ബോധം ഉണ്ടായാൽ മതി, പിന്നെ ചെയ്യാൻ കഴിയാത്തതായി ഒന്നുമില്ല”. സൂഫി വഴി എന്നത് ലക്ഷ്യം പോല തന്നെ മാർഗവും പ്രധാനപ്പെട്ട ഒന്നാണ്. സൂഫി ഇമാമുമാർ ഇത് നിരന്തരം ഓർമിപ്പിക്കുന്നതായി കാണാം. നിധി തേടിയുള്ള തീർത്ഥയാത്രയിൽ ലക്ഷ്യത്തേയും മാർഗത്തേയും ചേർത്തുവെക്കുന്ന ഒരു സാധാരണ ആട്ടിടയനെ സാന്റിയാഗോവിന്റെ സംഭാഷണങ്ങളിൽ കണ്ടെത്താം. അത്തരം പരാമർശങ്ങളിൽ പലതും സൂഫി സാരോപദേശങ്ങളുമായി ഏറെ സാമ്യതയുള്ളതാണ്. അതുപോലെ തന്നെ സ്വപ്നം, നിധി തുടങ്ങിയ സൂഫി എലമെന്റുകളെ ആൽകെമിസ്റ്റ് എന്ന നോവൽ വികസിപ്പിക്കുന്നതിൽ പൗലോ കൊയ്ലോ ഒരുപാട് ആശ്രയിച്ചതായി കാണാവുന്നതാണ്.

Related Articles