Current Date

Search
Close this search box.
Search
Close this search box.

ശഹീദ് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി

ബ്രിട്ടീഷുകാര്‍ക്കെതിരില്‍ ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ ജനകീയ ചെറുത്തുനില്‍പ്പാണ് 1921 ലെ മലബാര്‍ പോരാട്ടം. അതിന് നേതൃത്വം നല്‍കിയ അതുല്യ പോരാളികളായിരുന്നു ആലി മുസ്ലിയാരും വാരിയന്‍ കുന്നത്ത് ഹാജിയും. മഞ്ചേരി പാണ്ടിക്കാട് റൂട്ടിലെ നെല്ലിക്കുത്തായിരുന്നു ഇരുവരുടേയും ജന്മദേശം.ആലി മുസ്ലിയാരുടെ സന്തത സഹചാരിയായിരുന്ന ഹാജി പൊതുവേ ശാന്തനും പക്വമതിയുമായിരുന്നു.

വന്‍ സൈന്യത്തിന്റെ അകമ്പടിയോടെ വഞ്ചനയിലൂടെ കീഴ്പ്പെടുത്തിയ ഏറനാട്ടിലെയും വള്ളുവനാട്ടിലെ കോഴിക്കോട്ടെയും 250 ല്‍ പരം വില്ലേജുകളിലെയും ഭരണാധികാരി, സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ ജീവിതം കൊണ്ട് ചിറകെട്ടി തടഞ്ഞുനിര്‍ത്തിയ നായകന്‍. പിറന്ന നാടിന്റെ മോചനത്തിനുവേണ്ടി ജീവന്‍ നല്‍കാമെന്ന് ദൈവത്താണയിട്ട വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായിരുന്നു ബ്രിട്ടീഷ് സൈന്യത്തിന്റെ ചങ്ങലകളില്‍ ബന്ധിതനായി നടന്നുനീങ്ങിയത്. കാല്‍ നൂറ്റാണ്ടിന്റെ ചെറുത്ത് നില്‍പ്പിന് അന്ത്യം കുറിക്കാന്‍ ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ ശിക്ഷിക്കാന്‍ കൊണ്ടുപോയ രംഗമായിരുന്നു അത്.

”നമ്മള്‍ കഷ്ടപ്പെട്ടിരിക്കുന്നു. നമ്മള്‍ അന്യരുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നവരായിത്തീര്‍ന്നിരിക്കുന്നു. ബ്രിട്ടീഷ് ഗവണ്‍മെന്റാണതിനു കാരണം. അതിനെ നമുക്ക് ഒടുക്കണം. എല്ലാ കഷ്ടപ്പാടുകളും നീക്കണം. ആനക്കയത്തെ പോലീസ് ഇന്‍സ്പെക്ടറും ബ്രിട്ടന്റെ ഏറനാട്ടിലെ പ്രതിനിധിയുമായ ചേക്കുട്ടിയുടെ തലയാണിത്. ഗവണ്‍മെന്റിനോടും ജന്മികളോടും കളിക്കണ്ട എന്നും മറ്റും ഇവര്‍ നമ്മളെ ഭീഷണിപ്പെടുത്തി. നമുക്കെതിരായി പ്രവര്‍ത്തിക്കുമെന്ന് ശപഥം ചെയ്തു. അതിനാണിത് അനുഭവിച്ചത്. നിങ്ങള്‍ എന്ത് പറയുന്നു എന്ന് എനിക്കറിയണം. ഞാന്‍ ചെയ്തത് തെറ്റാണെങ്കില്‍ ദൈവത്തിന്റെ പേരില്‍ നിങ്ങള്‍ എന്നെ ഇവിടെയിട്ട് കൊല്ലണം. എനിക്കു മറ്റൊന്നു പറയാനുണ്ട്. ഹിന്ദുക്കളെ കൊല്ലരുത്. അവരെ ഭയപ്പെടുത്തരുത്. അവരുടെ അനുവാദമില്ലാതെ അവരെ ദീനില്‍ ചേര്‍ക്കരുത്. അവരുടെ സ്വത്തുക്കള്‍ അന്യായമായി നശിപ്പിക്കരുത്. അവരും നമ്മേപ്പോലെ കഷ്ടപ്പെടുന്നവരാണ്. ഞാന്‍ ഇന്നലെ ഒരു വിവരമറിഞ്ഞു; ഇത് ഹിന്ദുക്കളും മുസ്ലിംകളും തമ്മിലുള്ള യുദ്ധമാണെന്ന് പുറം രാജ്യങ്ങളില്‍ പറയുന്നത്രെ. നമുക്ക് ഹിന്ദുക്കളോട് പകയില്ല. എന്നാല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിനെ സഹായിക്കുകയോ, ദേശത്തെ ഒറ്റുകൊടുക്കുകയോ ചെയ്യുന്നവര്‍ ആരായിരുന്നാലും നിര്‍ദയമായി അവരെ ശിക്ഷിക്കും. ഹിന്ദുക്കള്‍ നമ്മുടെ നാട്ടുകാരാണ്. അനാവശ്യമായി ഹിന്ദുക്കളെ ആരെങ്കിലും ദ്രോഹിക്കുകയോ സ്വത്ത് കവരുകയോ ചെയ്താല്‍ ഞാന്‍ അവരെ ശിക്ഷിക്കും. ഇത് മുസല്‍മാന്മാരുടെ രാജ്യമാക്കാന്‍ ഉദ്ദേശ്യമില്ല. ആരും പട്ടിണി കിടക്കരുത്. പരസ്പരം സഹായിക്കുക. തല്‍ക്കാലം കൈയിലില്ലാത്തവര്‍ ചോദിച്ചാല്‍, ഉള്ളവര്‍ കൊടുക്കണം. കൊടുക്കാതിരുന്നാല്‍ ശിക്ഷിക്കപ്പെടും. കൃഷി നടത്തണം. അതുകൊണ്ട് കുടിയാന്മാരെ ദ്രോഹിക്കരുത്. പണിയെടുക്കുന്നവര്‍ക്ക് ആഹാരം നല്‍കണം. വേണ്ടിവന്നാല്‍ നാടിനുവേണ്ടി യുദ്ധം ചെയ്ത് മരിക്കാന്‍ നാം തയാറാണ്’.

Also read: ‘വാരിയൻകുന്നൻ’ എന്ന പിറക്കാനിരിക്കുന്ന സിനിമ

ഇന്ത്യന്‍ സ്വാതന്ത്ര്യ പോരാട്ടത്തിലെ ഇതിഹാസമായ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഏറനാടിന്റെ ആസ്ഥാനമായ മഞ്ചേരിയില്‍ നടത്തിയ പ്രഖ്യാപനമാണിത്. ബ്രിട്ടീഷ് ചക്രവര്‍ത്തിയുടെ പ്രതിനിധിയായി ഏറനാട് ഭരിച്ച ഖാന്‍ ബഹദൂര്‍ ചേക്കുട്ടിയെ വധിച്ചതിനുശേഷമായിരുന്നു ഈ പ്രഖ്യാപനം. ഒരു ജീവിതകാലം മുഴുവന്‍ സാമ്രാജ്യത്വ ഭരണത്തിന്റെ സേവകനായി നിന്നുകൊണ്ട് ഏറനാട്ടിലെ സാധാരണക്കാരായ ജനങ്ങളോട്, പ്രത്യേകിച്ച് മാപ്പിളമാരോട് ചെയ്ത എണ്ണിയാലൊടുങ്ങാത്ത ദ്രോഹങ്ങളടങ്ങിയ ഒരു കുറ്റപത്രം പന്തല്ലൂര്‍ സ്വദേശി നായിക് താമി വായിച്ചു. 40 മിനിറ്റെടുത്ത കുറ്റപത്ര വായനയില്‍ ചേക്കുട്ടിക്കെതിരെ 300 ഓളം കുറ്റങ്ങളാണുണ്ടായിരുന്നത്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദാജി നിലമ്പൂര്‍ ആസ്ഥാനമായി രൂപീകരിച്ച, സമാന്തര രാഷ്ട്ര പ്രഖ്യാപനത്തിലും ഇതേ വാചകങ്ങള്‍ ആവര്‍ത്തിച്ചിട്ടുണ്ട്. 1921 സെപ്റ്റംബര്‍ 16-നാണ് കുഞ്ഞഹമ്മദ്ഹാജി രാഷ്ട്ര പ്രഖ്യാപനം നടത്തിയത് (കെ. മാധവന്‍നായര്‍ മലബാര്‍ കലാപം, പേജ് 202). മഞ്ചേരിയില്‍ നടത്തിയത് സമാന്തര സര്‍ക്കാറിന്റെ മാര്‍ഷല്‍ ലോ ആയിരുന്നെന്ന് ദൃക്സാക്ഷി മൊഴികളില്‍ കാണാം (1946 25 ന് ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച സര്‍ദാര്‍ ചന്ദ്രോത്തിന്റെ ലേഖനം).

1921 ആഗസ്റ്റ് 25-ന് കുഞ്ഞഹമ്മദ് ഹാജി അങ്ങാടിപ്പുറത്ത് തന്റെ വിപ്ലവ സര്‍ക്കാറിന്റെ കീഴില്‍ ആരംഭിച്ച സൈനിക പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു. പരിശീലന ക്യാമ്പിലേക്ക് ആവശ്യമായ പണം സ്വരൂപിച്ചത് ഏറനാട്ടിലെ സമ്പന്നരില്‍ നിന്നായിരുന്നു. ബ്രിട്ടീഷ് പോലീസ് കുഞ്ഞഹമ്മദ് ഹാജിയെ നിരീക്ഷിക്കാന്‍ ഏല്‍പിച്ചിരുന്ന ഐദ്രസ് കുട്ടി എന്ന പോലീസുകാരനെ ഹാജി വധിക്കുകയും ചെയ്തത് ഈ കാലയളവിലാണ്. ആറ് മാസക്കാലത്തോളം നിലനിന്ന ഹാജിയുടെ ഖിലാഫത്തിലേക്ക് ധാരാളം സൈനികര്‍ ചേര്‍ന്നിരുന്നു. രാജ്യത്തിന് പ്രത്യേക നികുതിയും പാസ്പോര്‍ട്ട് സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു. ‘കുമ്പിള്‍ കഞ്ഞി’ എന്ന ജന്മിമാരുടെ കുടിയാന്‍ ദ്രോഹ നടപടി അദ്ദേഹം ഏറനാട്ടില്‍ അവസാനിപ്പിക്കാന്‍ ശ്രമിച്ചു. കുറ്റമറ്റ കോടതി സ്ഥാപിച്ചു.ഈ കാലയളവില്‍ മൂന്ന് വധശിക്ഷകള്‍ അദ്ദേഹത്തിന്റെ കീഴിലുള്ള കോടതിയില്‍ നടപ്പിലാക്കിയിരുന്നു. ഹിന്ദു സഹോദരിമാരെ ബലാല്‍സംഗം ചെയ്തതിന്റെ പേരിലാണ് പ്രസ്തുത ശിക്ഷ നടപ്പിലാക്കിയത്. മാപ്പിളമാരും ഹിന്ദു കുടിയാന്മാരും ബ്രിട്ടീഷ് വിരുദ്ധരായ നാരായണ്‍, നമ്പീശന്‍, അച്ചുതന്‍ നായരെ പോലെയുള്ളവരും ഹാജിയുടെ സൈന്യത്തിലുണ്ടായിരുന്നു. പതിനാലായിരത്തിലധികം സൈനികര്‍ അദ്ദേഹത്തിനുണ്ടായിരുന്നു.സൈന്യത്തില്‍ 17% ഹിന്ദുക്കളായിരുന്നു. ഖുര്‍ആന്‍ വചന ( 9:24) മോതിയിട്ടായിരുന്നു മുസ്ലിം സൈനികര്‍ അദ്ദേഹത്തിന് ബൈഅത്ത് ചെയ്തിരുന്നത്.

Also read: ബൗദ്ധിക വൈകല്യങ്ങള്‍

ഹിച്ച്കോക്ക് മലബാര്‍ റിബല്യണില്‍ പറയുന്നത് മലബാര്‍ സമരത്തിന്റെ കേന്ദ്ര ബിന്ദു ഹാജിയായിരുന്നുവെന്നാണ്. ഹാജിയുടെ ഭരണരീതിയെയും പ്രതിരോധത്തെയും ദുര്‍ബലപ്പെടുത്താന്‍ ധാരാളം പ്രോപഗണ്ടകള്‍ അവര്‍ പടച്ചുവിട്ടു. ഏറനാടിനും പുറത്തും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഹിന്ദു-മുസ്ലിം സംഘര്‍ഷമായി ബ്രിട്ടീഷുകാരും അവരുടെ ചൊല്‍പ്പടിയിലുള്ളവരും ഇതിനെ ചിത്രീകരിച്ചു. ഇന്ത്യയിലെ ‘ദേശീയ’ സ്വാതന്ത്ര്യസമര നേതാക്കള്‍വരെ വലിയൊരളവില്‍ ഈ പ്രചാരണത്തില്‍ വീണുപോയിട്ടുണ്ട്. ഗാന്ധിയടക്കമുള്ളവര്‍ ഇതിനെ തെറ്റായി മനസ്സിലാക്കിയ സന്ദര്‍ഭങ്ങളുണ്ടായി. അംബേദ്കറുടെ നിരീക്ഷണങ്ങളിലും മുന്‍വിധികള്‍ പ്രകടമായിരുന്നു. ബ്രിട്ടീഷുകാര്‍ക്ക് പ്രവേശനമില്ലാത്ത ഒരു ദേശം ഇന്ത്യയില്‍ രൂപപ്പെട്ടിരുന്നുവെന്ന് ഹിച്ച്കോക്ക് നിരീക്ഷിക്കുന്നുണ്ട്. ഈ വാര്‍ത്ത ലണ്ടന്‍ ടൈംസില്‍ പ്രസിദ്ധീകരിച്ചുവന്നതോടെ ബ്രിട്ടന് അന്താരാഷ്ട്ര തലത്തില്‍തന്നെ വലിയ ക്ഷീണം സംഭവിച്ചു.1921 ആഗസ്റ്റ് 21 ന് ഹാജിയുടെ നേതൃത്വത്തില്‍ ആറായിരത്തോളം സൈന്യം തിരൂരങ്ങാടിയിലേക്ക് മാര്‍ച്ച് ചെയ്തു. ഇതിനെ തടഞ്ഞ ബ്രിട്ടീഷ് സൈന്യം (കലക്ടര്‍ തോമസടക്കം) പിന്തിരിഞ്ഞോടി.ഇത് ലണ്ടന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത് മലബാറില്‍ ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്യം എന്നായിരുന്നു. ഇന്ത്യയില്‍ അന്ന് നിലവിലുണ്ടായിരുന്ന ബ്രിട്ടീഷ് സൈന്യത്തിന്റെ മൂന്നിലൊരു ഭാഗത്തെ ഏറനാട്ടിലേക്ക് നിയോഗിച്ചു. ബ്രിട്ടീഷ് സൈന്യത്തിന് ഏറനാടിനെ അടിച്ചമര്‍ത്താന്‍ സാധ്യമല്ലെന്ന് അവര്‍ മനസ്സിലാക്കി. ലോയലിസ്റ്റുകളായവരെ (ബ്രിട്ടീഷ് അനുഭാവമുള്ള വരേണ്യ മുസ്ലിംകള്‍, ഹിന്ദുക്കള്‍) കൂടെനിര്‍ത്താനും ഇന്ത്യന്‍ പോലീസുകാരെ ഇറക്കുമതി ചെയ്യാനും അവര്‍ തയാറായി.കൂടാതെ പ്രത്യേകം ചില ആളുകളെ നിരീക്ഷകരായും സമരമുറകളുടെ നീക്കുപോക്കുകള്‍ കൂടെനിന്ന് ഒറ്റിക്കൊടുക്കുന്ന കൂലിക്കാരായും നിയമിച്ചു. ആലി മുസ്ലിയാരുടെയും കുഞ്ഞഹമ്മദ് ഹാജിയുടെയും വധശിക്ഷക്ക് കാരണമായി ബ്രിട്ടീഷ് സ്പെഷ്യല്‍ ജഡ്ജി ഇങ്ങനെ രേഖപ്പെടുത്തി. ”വെറും മതഭ്രാന്തോ, ഭൂമി സംബന്ധമായ ബുദ്ധിമുട്ടുകളോ അല്ല ആലി മുസ്ല്യാരെയും കുഞ്ഞഹമ്മദ് ഹാജിയെയും കൂട്ടുകാരെയും പോരാട്ടത്തിന് പ്രേരിപ്പിച്ചത്. ഖിലാഫത്ത്-നിസ്സഹകരണ പ്രസ്ഥാനങ്ങളാണെന്ന് കോടതി കാണുന്നു. ഇതുതന്നെയാണ് മറ്റു പോരാട്ടങ്ങളില്‍നിന്ന് ഈ പോരാട്ടത്തെ വ്യത്യസ്തമാക്കുന്നത്. ബ്രിട്ടീഷ് ഗവണ്‍മെന്റിനെ ഉന്മൂലനം ചെയ്ത് ഒരു ഖിലാഫത്ത് ഗവണ്‍മെന്റ് സ്ഥാപിക്കണമെന്നതായിരുന്നുവെന്ന് തെളിവുകള്‍ വെളിപ്പെടുത്തിയിരിക്കുന്നു.”
ദേശീയ തലത്തില്‍ ശക്തിപ്പെട്ട നിസ്സഹകരണ പ്രസ്ഥാനത്തിനു മുമ്പേ മലബാറില്‍ നിസ്സഹകരണ കൂട്ടായ്മകള്‍ ഒന്നിലധികമുണ്ടായിരുന്നുവെന്നാണ് ആംഗ്ലോ-മാപ്പിള യുദ്ധം എന്ന കൃതിയില്‍ എ.കെ കോടൂര്‍ നിരവധി പേരുടെ അഭിമുഖങ്ങളില്‍നിന്ന് വ്യക്തമാക്കുന്നത്. നേരത്തെ തന്നെ തുര്‍ക്കി, ഈജിപ്ത്, മക്ക തുടങ്ങിയ രാജ്യങ്ങളുമായിട്ടുള്ള ബന്ധം ബ്രിട്ടീഷ് വിരുദ്ധ സമരത്തിന് മലബാറില്‍ പുതിയൊരു മാനം നല്‍കിയിരുന്നു. കോണ്‍ഗ്രസ്സിന്റെ ദേശീയ സ്വാതന്ത്ര്യ സമരത്തില്‍നിന്ന് വ്യത്യസ്തമായി മലബാറില്‍ രൂപപ്പെട്ട സമരങ്ങള്‍ക്ക് മതവുമായും, ദേശാന്തര ബന്ധങ്ങളിലൂടെയാര്‍ജിച്ച പുതിയ സമര രീതികളുമായും ബന്ധമുണ്ടായിരുന്നു. ഗറില്ലാ യുദ്ധമുറകള്‍, സംഘടിതമായ രാഷ്ട്രീയ മുന്നേറ്റം, മതസംഹിതകളിലൂന്നിയുള്ള വിശ്വാസ സംരക്ഷണമുന്നേറ്റം, ബഹിഷ്‌കരണ രൂപങ്ങള്‍ തുടങ്ങിയവയെല്ലാം മലബാര്‍ സമരത്തില്‍ ശക്തമായിരുന്നു.

ആലി മുസ്ലിയാരും കുഞ്ഞഹമ്മദ് ഹാജിയും മക്കയിലെത്തിയിട്ടുണ്ട്. 1896-ല്‍ മഞ്ചേരിയില്‍ വെച്ചുനടന്ന സമരത്തില്‍ ഹാജി തന്റെ പിതാവിനൊപ്പം പങ്കെടുത്തിരുന്നു. ആ കുറ്റത്തിന്റെ പേരില്‍ പിതാവിനെയും അദ്ദേഹത്തെയും ഗവണ്‍മെന്റ് മക്കയിലേക്ക് നാടുകടത്തി. 1914-ല്‍ കുഞ്ഞഹമ്മദ് ഹാജി മലബാറില്‍ തിരിച്ചുവന്നെങ്കിലും ജന്മസ്ഥലമായ നെല്ലിക്കുത്തിലേക്ക് പോവാന്‍ സര്‍ക്കാര്‍ അദ്ദേഹത്തെ അനുവദിച്ചില്ല. മലബാറിലെ പോരാട്ടത്തിന്റെ നേതൃത്വം ഹാജിയില്‍ എത്തിയതോടെയാണ് അത് വിപുലവും കൂടുതല്‍ സംഘടിതവുമായത്. അദ്ദേഹം താമസിച്ചിരുന്ന നെടിയിരുപ്പ് പ്രദേശങ്ങളിലും മൊറയൂരിലും നടന്ന പോരാട്ടങ്ങളില്‍ ഹാജിയുടെ കൂടെ ഭാര്യ മാളു ഹജ്ജുമ്മയും പങ്കെടുത്തിരുന്നു. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തില്‍ സായുധമായി പോരാടിയ വനിതയായിരുന്നു അവര്‍.

Also read: എന്താണ് എന്‍.ഐ.എ ചെയ്യുന്നത്

മലബാര്‍ പോരാട്ടം ഹാജിയുടെ നേതൃത്വത്തില്‍ ശക്തിയാര്‍ജിച്ചപ്പോള്‍ ബ്രിട്ടീഷ് സൈന്യം ഗൂര്‍ഖ, എം.എസ്.എഫ് തുടങ്ങിയ റജിമെന്റുകളെ കൂടി നിയോഗിച്ചു. ബ്രിട്ടീഷുകാര്‍ ലോകത്ത് നടത്തിയ അധിനിവേശങ്ങളില്‍ സമാന്തര രാജ്യം സ്ഥാപിച്ച് അവരെ ചെറുത്തത് കിഴക്കന്‍ ഏറനാട്ടിലായിരുന്നു. പന്തല്ലൂര്‍, പാണ്ടിക്കാട് കാളികാവ്, നിലമ്പൂര്‍, കരുവാരക്കുണ്ട് പ്രദേശങ്ങളില്‍ ഹാജിയും, തിരൂരങ്ങാടി, മലപ്പുറം, പൂക്കോട്ടൂര്‍, തിരൂര്‍, താനൂര്‍, കൊണ്ടോട്ടി തുടങ്ങിയ മേഖലകളില്‍ ആലി മുസ്ലിയാരുമാണ് പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. കിഴക്കന്‍ ഏറനാട്ടിലെ നൂറോളം പോരാട്ടങ്ങളില്‍ ബ്രിട്ടീഷുകാര്‍ക്ക് വലിയ നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. പാണ്ടിക്കാട് നടന്ന ഗറില്ലാ പോരാട്ടത്തില്‍ 75 ഗൂര്‍ഖകളാണ് കൊല്ലപ്പെട്ടത്. ഹിച്ച്കോക്ക് (റോബര്‍ട്ട് ഹിച്ച്കോക്ക് 1921 ലെ സൗത്ത് മലബാര്‍ പോലീസ് സൂപ്രണ്ട്) നിരീക്ഷിക്കുന്നു: ”ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്ലിംകള്‍ യൂറോപ്പിനെ ശക്തിയായി ചെറുത്തിട്ടുണ്ട്. അതില്‍നിന്ന് വ്യത്യസ്തരായിരുന്നില്ല മലബാറിലെ മുസ്ലിംകളും. ഏറനാട്ടില്‍ കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തില്‍ നടന്ന ചെറുത്ത് നില്‍പുകള്‍ ഇന്ത്യയില്‍ ബ്രിട്ടീഷ് സൈന്യം നേരിട്ട ഏറ്റവും കടുത്ത പരീക്ഷണമായിരുന്നു” അതിനെ നേരിടാന്‍ നിരവധി സൈനിക ഓഫീസര്‍മാരെയും പ്രത്യേകം നിയമങ്ങളും സ്പെഷ്യല്‍ കോര്‍ട്ടുകളും രൂപപ്പെടുത്തി. കൊണ്ടോട്ടി തങ്ങന്മാരുടെ നേതൃത്വത്തിലുള്ള മാപ്പിള പട്ടാളത്തെ ബ്രിട്ടീഷുകാര്‍ പല സന്ദര്‍ങ്ങളിലും ഉപയോഗപ്പെടുത്തി. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് നയം മലബാറില്‍ വേണ്ടത്ര വിജയം കണ്ടില്ല. ആഴത്തിലുള്ള സാമൂഹിക ബന്ധവും മാപ്പിളമാരും ഹിന്ദുക്കളും തമ്മിലുള്ള മൈത്രിയും ഇതിനു വിഘാതമായി. മലബാറിനു പുറത്തുള്ളവരില്‍ ഈ സമരത്തെക്കുറിച്ച് മുന്‍വിധികള്‍ ഉണ്ടാക്കാന്‍ ലഘുലേഖകള്‍ ബ്രിട്ടീഷുകാര്‍ തന്നെ അടിച്ചിറക്കിയിരുന്നു. ഹിന്ദു-മുസ്ലിം മൈത്രി ധാരാളമുള്ള ഒരു പോരാട്ടത്തെ ഹിന്ദു-മുസ്ലിം സംഘര്‍ഷമാക്കി മാറ്റി ഇന്ത്യന്‍ ദേശീയ സമരത്തില്‍നിന്ന് ഇതിന് ലഭിക്കാവുന്ന ആശയപരവും സാമ്പത്തികവും മറ്റുമായ സഹായങ്ങള്‍ ഇല്ലാതാക്കാന്‍ ബ്രീട്ടീഷുകാര്‍ക്ക് സാധിച്ചു. അവര്‍ അന്നടിച്ചു വിതരണം ചെയ്ത ലഘുലേഖകള്‍ തന്നെയാണ് ഇന്നും ദേശീയ ചരിത്രമെഴുത്തില്‍ മലബാറിനെ അടയാളപ്പെടുത്താനുള്ള അവലംബമായിട്ടുള്ളത്. ഇതിനെ പ്രതിരോധിക്കാന്‍ അക്കാലത്ത് വാരിയന്‍കുന്നത്തിന്റെ പ്രതികരണം ദ ഹിന്ദുവില്‍ വന്നതായി എം.ടി അന്‍സാരി മലബാര്‍ പഠനങ്ങളില്‍ സൂചിപ്പിക്കുന്നുണ്ട്.

കുഞ്ഞഹമ്മദ് ഹാജിയുടെ രക്തസാക്ഷ്യം ഹാജിയെ ജീവനോടെ പിടികൂടുക എന്ന ലക്ഷ്യത്തോടെ ഡിസംബര്‍ 30 ന് മാര്‍ഷല്‍ ലോ കമാണ്ടന്റ് കേണല്‍ ഹംഫ്രിയുടെ നേതൃത്വത്തില്‍ വിവിധ പട്ടാള വിഭാഗം കമാണ്ടര്‍മാരുടെയും ഇന്റലിജന്റ്സ് വിഭാഗത്തിന്റെയും ഒരു യോഗം മലപ്പുറത്ത് ചേര്‍ന്നു. ഓരോ പട്ടാള വിഭാഗത്തില്‍നിന്നും എം.എസ്.പി ലോക്കല്‍ പോലീസ് വിഭാഗങ്ങളില്‍നിന്നും പത്ത് പേര്‍ വീതവുമുള്ള ഒരു സ്പെഷ്യല്‍ സെല്ല് രൂപീകരിച്ചു. ‘ബേറ്ററി’ എന്നായിരുന്നു ഈ സെല്ലിന്റെ പേര്. പഴയ മലപ്പുറം സ്പെഷ്യല്‍ ഫോഴ്സിലെ (എം.എസ്.എഫ്, ഇതാണ് പിന്നീട് എം.എസ്.പിയായത്) സുബേദാര്‍ കൃഷ്ണപണിക്കര്‍, ഗോപാല മേനോന്‍ എന്നിവരായിരുന്നു ഇതിന്റെ തലവന്മാര്‍. ഇന്‍സ്പെക്ടര്‍ രാമനാഥയ്യര്‍ ഈ സ്പെഷ്യല്‍ സെല്ലിന്റെ ഇന്റലിജന്റ്സ് തലവനായി നിയുക്തനായി (എ.കെ കോടൂര്‍).

ഹിച്ച്കോക്ക്, ടോട്ടന്‍ഹാം നിരീക്ഷിക്കുന്നത് മലബാറിലെ ഒരു മാപ്പിള പോരാളിയെ പിടികൂടാന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് വലിയ സമയം ചെലവഴിച്ചു എന്നാണ്. ബ്രിട്ടീഷ് സര്‍ക്കാര്‍ ഇത്രയും വിപുലമായ മേലുദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക ടീമിനെ (കേണല്‍ ഹംഫ്രി എന്ന പട്ടാള ഭരണാധികാരി തന്നെ നേരിട്ട് മലബാറിലെത്തി നയിച്ച സെല്ലായിരുന്നു ‘ബേറ്ററി’) ആദ്യമായിട്ടാണ് നിയോഗിക്കുന്നത്. 1836 മുതല്‍ 1922 വരെ നിലനിന്ന മലബാര്‍ പോരാട്ടത്തിന് അന്ത്യം കാണുന്നത് ഈ ഓപ്പറേഷനിലൂടെയായിരുന്നു.

Also read: വികാരങ്ങളെ ശക്തിയാക്കി മാറ്റുക

ഹാജിയുടെ പട്ടാളത്തിലുണ്ടായിരുന്ന കുഞ്ഞഹമ്മദ് കുട്ടിയെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച മൊഴിയിലാണ് സമാന്തര ഭരണതല സ്ഥാനത്തെ കുറിച്ച വിവരം ലഭിക്കുന്നത്. കല്ലാമൂലയിലെ വീട്ടിക്കുന്നില്‍ നാല് പനമ്പുകള്‍ കൊണ്ടുള്ള മേല്‍പ്പുര. ചുമരുകളില്ല. ചുറ്റും പാറകളും കുറ്റിപൊന്തകളും. പട്ടാളക്കാരില്‍നിന്ന് പിടിച്ചെടുത്ത ബൈനോക്കുലറിലൂടെ പരിസരം വീക്ഷിക്കുന്ന മാപ്പിള പോരാളികള്‍. ഹാജിയുടെ പക്കല്‍ നാല് തിരമുറിയുന്ന ഒരു റിവോള്‍വര്‍ പ്രത്യേകം നിര്‍മിച്ച ഉറയില്‍ അരക്ക് കെട്ടിയ വിദേശ നിര്‍മിത തുകല്‍ ബെല്‍റ്റില്‍ കോര്‍ത്ത് താഴോട്ട് തൂക്കിയിട്ടിരിക്കുന്നു. ചുറ്റും 27 പോരാളികള്‍. ഇന്റലിജന്റ്സ് വിംഗ് ഈ രൂപരേഖ വെച്ച് വീട്ടിക്കുന്നിന്റെ മാപ്പ് വെച്ച് ‘ബാറ്ററി’ സെല്‍ പരിശീലനം നടത്തി. ഉണ്ണ്യാലി മുസ്ലിയാരെയാണ് ഹാജിയെ വീഴ്ത്താന്‍ ഒറ്റുകാരനായി ഇന്റലിജന്റ്സ് തെരഞ്ഞെടുത്തത്. ഉണ്യാലി മുസ്ലിയാര്‍ ഹാജിയുമായി ചര്‍ച്ച നടത്തി. ‘ഗവണ്‍മെന്റ് താങ്കള്‍ക്ക് മാപ്പു നല്‍കുമെന്നും മക്കയിലേക്ക് നാടുകടത്തുമെന്നും താങ്കള്‍ കീഴടങ്ങണമെന്നും’ പറഞ്ഞു. ഹാജിയാര്‍ അതിനു സമ്മതിച്ചില്ല. ഹാജിയുടെ ക്യാമ്പിലേക്ക് ഭക്ഷണം എത്തിച്ചുകൊടുത്തിരുന്നത് ഹിന്ദുക്കളായ കുടിയാന്മാരായിരുന്നു. എണ്‍പതിനായിരം പറ നെല്ല് കുഞ്ഞഹമ്മദ് ഹാജിയും സൈന്യവും സമാഹരിച്ചിരുന്നു. കിഴക്കന്‍ ഏറനാട്ടിലുള്ള കാളികാവ്, എടക്കര, നിലമ്പൂര്‍, പാണ്ടിക്കാട് എന്നിവിടങ്ങളിലെ പാവപ്പെട്ടവര്‍ക്കാണ് നെല്ല് വിതരണം ചെയ്തിരുന്നത്. 1922 ജനുവരി 5-ന് ഉണ്യാലി മുസ്ലിയാര്‍ (അദ്ദേഹം ഹാജിയുടെ ചിരകാല സുഹൃത്തായിരുന്നു. അതുകൊണ്ടാണ് ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ ചതിക്ക് വേണ്ടി ഉപയോഗിച്ചത്) ഇന്‍സ്പെക്ടറെയും കൊണ്ട് ഹാജിയുടെ ക്യാമ്പിലേക്ക് ചെന്നു. ഇന്‍സ്പെക്ടര്‍ രാമനാഥ അയ്യര്‍, ഹാജിക്ക് മാപ്പ് നല്‍കാമെന്നും കീഴടങ്ങണമെന്നും അഭ്യര്‍ഥിച്ചു. സംസാരം നീണ്ടുപോയപ്പോള്‍ അസ്വര്‍ നമസ്‌കാരത്തിനു സമയമായി. നമസ്‌കരിക്കാന്‍ നിന്നപ്പോള്‍ തന്റെ തോക്കെടുത്ത് ഹാജി പുറത്ത് വെച്ചു. ഈ സന്ദര്‍ഭത്തില്‍ ഇന്‍സ്പെക്ടറും, ഒളിച്ചിരുന്ന ‘ബാറ്ററി’ സെല്ലുമാണ് ഹാജിയെ പിടികൂടുന്നത്. 1757-ല്‍ സിറാജുദ്ദീന്‍ ദൗല മുതല്‍ ബ്രിട്ടീഷുകാര്‍ ആരംഭിച്ച വഞ്ചന ഹാജിയിലും അവര്‍ തുടര്‍ന്നു.

ഒടുവില്‍ ഹാജിക്കെതിരായ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു. 1896 മുതല്‍ തുടങ്ങിയ സാമ്രാജ്യത്വ വിരുദ്ധ സമരത്തിന് അന്ത്യം കുറിക്കുന്ന നിമിഷങ്ങളായിരുന്നു അത്. ഹിച്ച്കോക്കിനോട് ഹാജി പറഞ്ഞു: ”നിങ്ങളെന്നെ മക്കയിലേക്ക് പറഞ്ഞയക്കാമെന്നും മാപ്പു നല്‍കാമെന്നും പറഞ്ഞത് എന്നില്‍ അത്ഭുതമുളവാക്കി. വഞ്ചിക്കുക എന്ന ലക്ഷ്യത്തിന് ഭൂമിയിലെ ഏറ്റവും പരിശുദ്ധവും പുണ്യാത്മകവുമായ മക്കയുടെ പേര്‍ താങ്കളുച്ചരിച്ചതിലുള്ള സ്വാര്‍ഥത എന്ത് മാത്രമാണ്! പക്ഷേ നാലു തവണ മക്കയില്‍ പോവുകയും പല വര്‍ഷങ്ങള്‍ അവിടെ താമസിക്കുകയും ഹജ്ജ് കര്‍മം നിര്‍വഹിക്കുകയും ചെയ്ത എന്നെയും എന്റെ കുടുംബത്തെയും പഠിച്ചറിഞ്ഞ താങ്കള്‍ മക്കയുടെ പേരുപയോഗിച്ചത് തരംതാണതായിപ്പോയി. ഞാന്‍ മക്കയിലല്ല പിറന്നത്. ഇവിടെ, വീരേതിഹാസങ്ങള്‍ രചിക്കപ്പെട്ട ഏറനാടന്‍ മണ്ണിലാണ് ഞാന്‍ ജനിച്ചത്. ഇവിടെ തന്നെ മരിച്ച്, ഈ മണ്ണില്‍ ലയിച്ച് ചേരണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അടിമത്വത്തില്‍ നിന്നും ചില മാസങ്ങളെങ്കിലും മോചിപ്പിക്കപ്പെട്ട ഈ മണ്ണില്‍ മരിച്ചുവീഴാന്‍ എനിക്കു സന്തോഷമുണ്ട്.”

Also read: എന്ത് കൊണ്ട് വാരിയന്‍ കുന്നത്ത്

1922 ജനുവരി 20-ന് രാവിലെ 10 മണിക്ക് മലപ്പുറം കോട്ടക്കുന്നിന്റെ വടക്കെ ചെരിവില്‍ വെച്ചാണ് ഹാജിയുടെ വധശിക്ഷ നടപ്പിലാക്കിയത്. കേണല്‍ ഹംഫ്രിയോടും ഹിച്ച്കോക്കിനോടും അന്ത്യാഭിലാഷമായി ഹാജി പറഞ്ഞത്. ”കൊല്ലുന്നവരെ കണ്ണ് മൂടിക്കെട്ടുന്ന ഒരു ശീലം നിങ്ങള്‍ക്കുണ്ടെന്ന് ഞാന്‍ കേട്ടിരിക്കുന്നു. എന്നെ വെടിവെക്കുമ്പോള്‍ കണ്ണുകളിലെ കെട്ടുകള്‍ അഴിച്ചുമാറ്റണം, ചങ്ങലകള്‍ ഒഴിവാക്കണം, എനിക്ക് നിവര്‍ന്ന് നിന്ന് മരിക്കണം. എന്റെ നെഞ്ചത്ത് തന്നെ നിങ്ങള്‍ വെടിവെക്കണം” (ഹിച്ച്കോക്ക് മലബാര്‍ റിബല്യന്‍ P:102) ഹാജിയുടെ ആഗ്രഹപ്രകാരം അദ്ദേഹത്തെ നെഞ്ചില്‍ നിറയൊഴിച്ചു. ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകളിലെ ഇരുനൂറോളം വില്ലേജുകള്‍ ഭരിച്ച വിപ്ലവ സര്‍ക്കാറിന്റെ നായകന്‍ അങ്ങനെ രക്തസാക്ഷിയായി. കൂടെ അദ്ദേഹം രൂപീകരിച്ച ഗവണ്‍മെന്റിന്റെ വിലപിടിച്ച രേഖകളും തീവെച്ച് നശിപ്പിച്ചു. ഹാജിയുടെ മൃതദേഹം കത്തിച്ചുകളയുകയായിരുന്നു. ലോകത്ത് നടന്ന സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ നെടുനായകത്വത്തിലേക്ക് ഉയര്‍ന്ന് വരേണ്ട മഹാനായ ഒരു പോരാളിയോട് പക്ഷേ. ചരിത്രം വേണ്ടത്ര നീതി പുലര്‍ത്തിയില്ല, മറിച്ച് വരേണ്യ, ലിബറല്‍ ചരിത്രം അദ്ദേഹത്തെ വെറുമൊരു വര്‍ഗ്ഗീയ വാദിയാക്കി ചിത്രീകരിക്കുന്നു.

അവലംബം:
1)RH Hitch cock, 1983 Peasant revolt in Malabar, History of Malabar Rebellion 1921.
2)എ.കെ കോടൂര്‍ 1999. ആംഗ്ലോ മാപ്പിള യുദ്ധം 1921.
3)മാപ്പിള സമുദായം ചരിത്രം സംസ്‌കാരം 2013 – ടി. മുഹമ്മദ്. ഐ.പി.എച്ച്.
4)കെ. മാധവന്‍നായര്‍, മലബാര്‍ കലാപം.
5)ഡോ. എം. ഗംഗാധരന്‍. മലബാര്‍ കലാപം. 1921-22. ഡി.സി ബുക്സ്.
6)Mappila Rebellion 1921-1922 edited by Tottenham.
7)മലബാര്‍ ദേശീയതയുടെ ഇടപാടുകള്‍. ഡോ. എം.ടി അന്‍സാരി. ഡി.സി ബുക്സ്.

Related Articles