Current Date

Search
Close this search box.
Search
Close this search box.

ലാ ഇലാഹ ഇല്ലല്ലാഹ് : ആദര്‍ശം ലക്ഷ്യം

ജീവിതത്തിന്റെ അടിസ്ഥാന ആദര്‍ശമാണ് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നതില്‍ ലോകത്തിലെ മുസ്‌ലിംകള്‍ക്കാര്‍ക്കും അഭിപ്രായ വ്യത്യാസമുണ്ടാകാന്‍ യാതൊരു ന്യായവുമില്ല. നമ്മുടെ ജീവിതത്തിന്റെ മൗലികമായ അടിത്തറയും വിശുദ്ധ വിപ്ലവ വാക്യവുമാണ് ലാഇലാഹ ഇല്ലല്ലാഹ്. ആദം നബി മുതല്‍ മുഹമ്മദ് നബി വരെയുള്ള എല്ലാ പ്രവാചകന്മാരുടെയും അനുയായികള്‍ക്ക് അല്ലാഹു നല്‍കിയിട്ടുളള അടിസ്ഥാനപരമായ സന്ദേശമാണിതെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു.’നിനക്ക് മുമ്പ് നാം നിയോഗിച്ച പ്രവാചകന്‍മാര്‍ക്കെല്ലാം നാം ബോധനം നല്കിയത്, ഞാനല്ലാതെ ഒരു ഇലാഹില്ലെന്നും അതിനാല്‍ എനിക്ക് നിങ്ങള്‍ ഇബാദത് ചെയ്യണമെന്നുമാണ്. (21: 25). ആദം നബി മുതല്‍ ഇന്നുവരെയുള്ള എല്ലാ വിശ്വാസികളും ഒറ്റക്കെട്ടായി അംഗീകരിക്കുന്ന കാര്യമാണ് ലാഇലാഹ ഇല്ലല്ലാഹ്. ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ പ്രവാചകന്മാര്‍ക്കും അല്ലാഹു നല്‍കിയ നിര്‍ദ്ദേശമാണ്്. ”എല്ലാ സമുദായത്തിലും അല്ലാഹുവിന് ഇബാദത്ത് ചെയ്യുക, ത്വാഗൂത്തിനെ വെടിയുക എന്ന കല്‍പനയുമായി നാം ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്” (അന്നഹല്‍: 36). പ്രവാചകന്‍(സ) ഇത് വിശദീകരിക്കുന്നു: ‘ ഞാനും എനിക്ക് മുമ്പു വന്നിട്ടുള്ള എല്ലാ പ്രവാചകന്മാരും പ്രബോധനം ചെയ്തിട്ടുള്ള ഉല്‍കൃഷ്ട വചനമാണ് ലാ ഇലാഹ ഇല്ലാഹ്’

ലാ ഇലാഹ ഇല്ലല്ലാഹ് എന്നതില്‍ ‘അല്‍ ഇലാഹ്’  എന്നതിന്റെ അടിസ്ഥാന ആശയം എന്താണ് എന്നാണ് നാം മനസ്സിലാക്കേണ്ടത്. എന്താണ് ഇലാഹ്, ഇബാദത്ത് എന്ന യഥാവിധി മനസ്സിലാക്കുമ്പോഴാണ് ഈ ആദര്‍ശവാക്യത്തിന്റെ ആത്മ സത്ത നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. ഇലാഹ് ആയതുകൊണ്ടാണ് അല്ലാഹുവിന് ഇബാദത്ത് ചെയ്യേണ്ടത്. ഇലാഹ് ആയതു കൊണ്ട് അവന് മാത്രമേ ഇബാദത്ത് ചെയ്യാന്‍ പാടുള്ളൂ.

ആദര്‍ശവാക്യത്തിന്റെ തുടക്കത്തില്‍ ‘ലാ ഇലാഹ’ അഥവാ ഒരു ഇലാഹുമില്ല എന്ന വലിയൊരു നിഷേധം കാണാം. ‘ഇല്ലല്ലാഹ്’ അല്ലാഹുവല്ലാതെ എന്നത് വലിയ ഒരംഗീകാരവുമാണ്. ലോകത്തെ ഇലാഹ് എ്ന്ന് വിശേഷിപ്പിക്കുന്ന ആരൊക്കെയുണ്ടോ അത്തരം സകല ഇലാഹുകളെയും നിരാകരണ പ്രക്രിയക്ക് വിധേയമക്കുന്ന ഒരാള്‍ക്ക് മാത്രമേ അല്ലാഹുവിനെ ഇലാഹാക്കാന്‍ കഴിയുകയുള്ളൂ എന്നാണ് ഇതിന്റെ വിശദാംശം. സാക്ഷാല്‍ ഇലാഹ് (അല്‍ ഇലാഹ്) എന്നാല്‍ അല്ലാഹുവിന്റെ കഴിവിലും സത്തയിലും ഗുണവിശേഷണങ്ങളിലും സ്വഭാവങ്ങളിലും അവകാശങ്ങളിലും അധികാരങ്ങളിലും എല്ലാം അവന് സമന്മാരില്ല എന്ന വിശ്വാസമാണ്. അത് മറ്റുള്ളവര്‍ക്ക് വകവെച്ചുകൊടുക്കുമ്പോള്‍ ശിര്‍ക്ക് ആയിത്തീരുന്നു.  ഈ വിശ്വാസത്തെ നിരാകരിക്കുമ്പോഴാണ് യഥാര്‍ഥത്തില്‍ അത് കുഫര്‍ അഥവാ നിഷേധം ആയിത്തീരുന്നത്. ശിര്‍ക്കും കുഫറും നിരാകരിച്ചുകൊണ്ട് അല്ലാഹുവിന് മാത്രം ജീവിതം സമര്‍പ്പിക്കുമ്പോഴാണ് അത് ഇബാദത്തായിത്തീരുന്നത്.

ലാഇലാഹ ഇല്ലല്ലാഹ് എന്ന അടിത്തറയില്‍ ഊന്നി നിന്നുകൊണ്ടാണ് ഇസ്‌ലാമിന്റെ മറ്റെല്ലാ കാര്യവും വളര്‍ന്നു വികസിച്ചിട്ടുള്ളത്. അതുകൊണ്ടാണ് ഇസ്‌ലാമിന്റെ സാമൂഹ്യവ്യവസ്ഥയെ വിശുദ്ധ ഖുര്‍ആന്‍ ‘ മസലു കലിമതുന്‍ ത്വയ്യിബ ക ശജറതിന്‍ ത്വയ്യിബ’ ഒരു ഉത്തമ വൃക്ഷത്തോട് ഉപമിച്ചിട്ടുള്ളത്. അതിന്റെ അടിത്തറ ഭദ്രമാണെന്ന് വിശേഷിപ്പിച്ചത് ലാ ഇലാഹ ഇല്ലല്ലാഹ് എന്നതിനെയാണ്. വൃക്ഷത്തെ സംബന്ധിച്ചെടുത്തോളം അതിന്റെ വിത്തിന്റെ ഗുണം എല്ലാ ഘടകങ്ങളിലും ഉണ്ടാകും. അതുപോലെ ഇസ്‌ലാമിക സാമൂഹിക വ്യവസ്ഥയുടെ എല്ലാ മേഖലകളിലും ലാഇലാഹ ഇല്ലല്ലാഹ് എന്ന ആദര്‍ശവാക്യത്തിന്റെ സ്വാധീനം യഥാര്‍ഥത്തില്‍ ഉണ്ടായിരിക്കും. ആ സ്വാധീനത്തില്‍ നിന്ന് മുക്തമാകുന്ന പക്ഷം അത് ശരിയായ ഇസ്‌ലാമികമായ ജീവിതമായിരിക്കുകയില്ല. തൗഹീദിന്റെ മര്‍മം ഇതാണ്. അല്ലാഹുവിന്റെ പരമാധികാരത്തെ സമഗ്രമായി അംഗീകരിക്കുക എന്ന ഇസ്‌ലാമിന്റെ സമഗ്രതയാണ് നവോഥാന നായകന്മാര്‍ ഉയര്‍ത്തിപ്പിടിച്ചത്.

ഇസ്‌ലാമിന്റെ സമഗ്രത:-
ഇസ്‌ലാം സമഗ്രമാണ്, അഥവാ അപൂര്‍ണമല്ല എന്ന് എല്ലാ മുസ്‌ലിംകളും അംഗീകരിക്കുന്നു. പക്ഷെ, സമഗ്രതയെ കുറിച്ച് പരമ്പരാഗത മുസ്‌ലിം സമൂഹത്തിന്റെ കാഴ്ചപ്പാട് ഒരു മതം എന്ന നിലക്ക് ഇസ്‌ലാം സമഗ്രമാണ് എന്നാണ്. ആദ്ധ്യാത്മിക- ആരാധന മണ്ഡലങ്ങളില്‍ ഇസ്‌ലാമിന്റെ സമഗ്രതയെ അവര്‍ അംഗീകരിക്കുന്നു. വ്യക്തി ജീവിതത്തിന്റെ എല്ലാ തലങ്ങളിലും ഇസ്‌ലാമിന്റെ നിയമങ്ങള്‍ പാലിക്കണം എന്ന സമഗ്രതയും ഇന്ന് അംഗീകരിച്ചിട്ടുണ്ട്.

എന്നാല്‍ ആദ്ധ്യാത്മിക മേഖലയില്‍ മാത്രമാണോ അല്ലാഹുവിന്റെ ഉലൂഹിയ്യത്ത് അഥവാ ദിവ്യത്വം നാം അംഗീകരിക്കേണ്ടത എന്നത് പ്രസക്തമായ ചോദ്യമാണ്. വ്യക്തി ജീവിതത്തില്‍ സാമ്പത്തിക രംഗത്ത് അല്ലാഹുവിന്റെ ഉലൂഹിയ്യത്ത് നാം അംഗീകരിക്കണമോ എന്നു ചോദിച്ചാല്‍ അതും നാം അംഗീകരിക്കുന്നുണ്ട്.
ശുഐബ് നബിയോട് ജനത നിന്റെ നമസ്‌കാരമാണോ ആരാധന രംഗത്തുള്ള ഞങ്ങളുടെ ഇലാഹുകളെ കൈവെടിയാനും സാമ്പത്തിക രംഗത്ത് ഞങ്ങളുടെ ഇഷ്ടാനുസാരം പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യവും തടയുന്നത് എന്നു ചോദിക്കുന്നത് ഇതിനാലാണ്.

സദാചാര രംഗത്തും അല്ലാഹുവിന്റെ ഉലൂഹിയ്യത്ത് നാം അംഗീകരിക്കണം. ലൂത്വ് നബിയുടെ പ്രബോധനത്തിലെ പ്രധാനമായ ഒരു ഊന്നല്‍ സ്വവര്‍ഗരതിക്കെതിരെയായിരുന്നുവെന്ന് ഖുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നു, മുഹമ്മദ് നബിയും മദ്യപാനം, ചൂതാട്ടം തുടങ്ങിയ അധാര്‍മികതകള്‍ക്കെതിരെ ശക്തമായി പോരാടിയതായി നമുക്ക് കാണാം. ധാര്‍മിക-സദാചാര-സാംസ്‌കാരിക- സാമ്പത്തിക രംഗങ്ങളിലെല്ലാം വ്യക്തികളെന്ന നിലക്ക് അല്ലാഹുവിന്റെ നിയമങ്ങള്‍ അംഗീകരിക്കണമെന്നത് അഭിപ്രായ വ്യത്യാസമില്ലാത്ത വിഷയമാണ്. 

സാമൂഹിക വ്യവസ്ഥ എന്ന അര്‍ഥത്തില്‍ അല്ലാഹുവിന്റെ ഉലൂഹിയ്യത്ത് അംഗീകരിക്കേണമോ എന്ന വിഷയത്തിലാണ് അടിസ്ഥാന പരമായ വ്യത്യാസമുള്ളത്. ഉദാഹരണമായി ഒരു മുസ്‌ലിം പലിശ ഇടപാടുകളില്‍ നിന്ന് മാറിനിന്നാല്‍ മതിയോ അതല്ല പലിശ രഹിതമായ ഒരു സാമ്പത്തിക വ്യവസ്ഥ നിലവില്‍ വരാന്‍ വേണ്ടി പ്രവര്‍ത്തിക്കണമോ? വ്യക്തിജീവിതത്തില്‍ വ്യഭിചാരവും സ്വവര്‍ഗഭോഗവും നാം വെടിഞ്ഞാല്‍ മതിയോ അതല്ല, ധാര്‍മിക സദാചാരമുള്ള സാമൂഹ്യ വ്യവസ്ഥക്ക് വേണ്ടി പണിയെടുക്കണമോ? എന്ന ചോദ്യമാണ് പ്രധാനം. ഈ രംഗത്തെ അല്ലാഹുവിന്റെ നിയമങ്ങള്‍ പാലിക്കാന്‍ നാം ബാധ്യസ്ഥരാണെന്നാണ് ഖുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നത്.

അല്ലാഹു നല്‍കിയ നിയമ വ്യവസ്ഥ സമ്പൂര്‍ണവും സമഗ്രവുമാണെന്ന് വിശുദ്ധ ഖുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്. ഈ സാമൂഹിക നിയമങ്ങള്‍ക്കാണ് ഖുര്‍ആന്‍ ‘ ഹുക്മ്’ എന്ന്് പറയുന്നത്. നിയമ നിര്‍മാണത്തിനുള്ള പരമാധികാരം അല്ലാഹുവിന് മാത്രമേ ഉള്ളൂ എന്ന് വിശുദ്ധ ഖുര്‍ആന്‍ അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നുണ്ട്. നമ്മുടെ ജീവിതത്തിലെ ശരി -തെറ്റുകള്‍ നിര്‍ണയിക്കാനുള്ള പരമാധികാരം അല്ലാഹുവിനാണ്. ഇതിന്റെ അടിസ്ഥാനത്തിലുള്ള ഒരു സാമൂഹിക വ്യവസ്ഥക്കായി നാം പരിശ്രമിക്കണമോ അതല്ല വ്യക്തി എന്ന അര്‍ഥത്തില്‍ നാം അത്തരം മൂല്യങ്ങള്‍ ജീവിതത്തില്‍ പാലിച്ചാല്‍ മതിയോ..

അല്ലാഹുവിന്റെ നിയമവ്യവസ്ഥിതി നമ്മുടെ വ്യക്തി ജീവിതത്തില്‍ മാത്രം പാലിച്ചാല്‍ മതിയെങ്കില്‍ അത് വളരെ എളുപ്പമാണ്. അപ്പോള്‍ സാമൂഹിക മേഖലയില്‍ ഒന്നുകില്‍ ഒരു തിന്മയോടും പ്രതികരിക്കാതെ നമുക്ക് നിഷ്‌ക്രിയമായി ഇരിക്കാനുള്ള സ്വാതന്ത്ര്യം ലഭ്യമാകും. അല്ലെങ്കില്‍ സാമൂഹിക മേഖലയില്‍ അല്ലാഹുവിന്റെ നിയമങ്ങള്‍ പാലിക്കാതെ തങ്ങള്‍ക്കിഷ്ടമുള്ള ഏത് വ്യവസ്ഥക്കും വേണ്ടി പരിശ്രമിക്കാന്‍ സാധിക്കും എന്നതാണ് അതിന്റെ പരിണിതി. എന്നാല്‍ അല്ലാഹുവിന്റെ വിധിവിലക്കുകള്‍ പാലിച്ചുകൊണ്ടുള്ള ഒരു സാമൂഹിക ക്രമത്തിന് മാത്രമേ ഇസ്‌ലാം സ്വാതന്ത്ര്യം നല്‍കുന്നുള്ളൂ, മാത്രമല്ല, സാമൂഹികമായ തിന്മകള്‍ക്കും അധര്‍മങ്ങള്‍ക്കുമെതിരെ നിസ്സംഗനായിരിക്കാന്‍ ഒരു വിശ്വാസിക്ക് അവകാശവുമില്ല. ലാ ഇലാഹ ഇല്ലല്ലാഹ് എന്ന ആദര്‍ശവാക്യത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു സാമൂഹികവ്യവസ്ഥക്ക് വേണ്ടി ശ്രമിക്കുന്നതാണ് ഒരു മുസ്‌ലിമിന്റെ യഥാര്‍ഥ രാഷ്ട്രീയ പ്രവര്‍ത്തനം. വ്യക്തി ജീവിതത്തിലെ പരിവര്‍ത്തനം മാത്രമല്ല, സാമൂഹിക ജീവിതത്തിലെയും മാറ്റമാണ് ദീനുല്‍ ഇസ്‌ലാമിന്റെ ലക്ഷ്യമെന്ന തിരിച്ചറിവാണ് പ്രധാനം.

 ലോക നാഗരികതകളെ കുറിച്ചുള്ള ഒരു ഗ്രന്ഥത്തില്‍ യേശുവിന്റെ അധ്യാപനങ്ങളെ മുന്‍ നിര്‍ത്തി ഒരു ചോദ്യം ഉന്നയിക്കുന്നുണ്ട്.:  പ്രവാചകന്മാര്‍ അധികാരി വര്‍ഗത്തോട് പോരാട്ടത്തിലായിരുന്നുവെങ്കില്‍ അതെന്തിന് വേണ്ടിയെന്നായിരുന്നു എന്നാണ് ആ മര്‍മപ്രധാനമായ ചോദ്യം. എന്തിനെ ആരാധിക്കണം, ആരാധിക്കേണ്ട എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നോ അതല്ല റോമാ സാമ്രാജ്യത്വത്തിന്റെ സാമൂഹിക വ്യവസ്ഥ എന്തായിരിക്കണം, എന്തായിരിക്കരുത് എന്നതിന്റെ അടിസ്ഥാനത്തിലാണോ ഈസാ നബി(അ) റോമാ സാമ്രാജ്യത്വവുമായി ഏറ്റുമുട്ടിയത്? . വ്യക്തി ജീവിതത്തിനപ്പുറത്ത് സാമൂഹ്യ വ്യവസ്ഥിതിയും പരിവര്‍ത്തനം വേണമെന്ന് ഈസാ നബി ആവശ്യപ്പെട്ടതിനാലാണ് അവര്‍ അദ്ദേഹത്തിനെതിരെ തിരിഞ്ഞത് എന്ന് ഗ്രന്ഥം വിശദീകരിക്കുന്നു.   മൂസാ നബി അടിച്ചമര്‍ത്തപ്പെട്ട ഇസ്രയേല്യരുടെ മോചനം എന്ന സാമൂഹ്യപരിവര്‍ത്തനത്തിന് വേണ്ടി രംഗത്ത് വന്നതായിരുന്നു ഫറോവ അദ്ദേഹത്തിനെതിരെ തിരിയാന്‍ കാരണം. കച്ചവടരംഗത്ത് അതിക്രമങ്ങള്‍ വ്യാപകമായ കാലത്ത് അതിനെതിരെ ശക്തമായി പ്രതികരിച്ചത് കൊണ്ടാണ് ശുഐബിനെതിരെ അവര്‍ തിരിഞ്ഞത്. സ്വവര്‍ഗരതി ശക്തമായ പ്രദേശത്ത് സദാചാരത്തിനു വേണ്ടി രംഗത്ത് വന്നതായിരുന്നു ലൂത്വ് നബിക്കെതിരെ അധികാരി വര്‍ഗം തിരിഞ്ഞത് എന്നു നമുക്ക കാണാന്‍ കഴിയും.

പ്രവാചകന്മാരുടെ പ്രബോധന ലക്ഷ്യം- മുസ്‌ലിംകളുടെ മാത്രം മദ്യപാനം ഒഴിവാക്കലായിരുന്നില്ല, മറിച്ച് മദ്യമുക്തമായ ഒരു സാമൂഹിക വ്യവസ്ഥ രാജ്യത്ത് സ്ഥാപിക്കുക എന്നതായിരുന്നു. സാമൂഹ്യ പരിവര്‍ത്തനം ലക്ഷ്യമാണെങ്കില്‍ ഇസ്‌ലാമികമായ ഒരു സാമൂഹ്യ വ്യവസ്ഥക്ക് വേണ്ടി മാത്രമേ മുസ്‌ലിംകള്‍ പരിശ്രമിക്കാന്‍ പാടുള്ളൂ.

പ്രവാചകന്‍(സ) ഇത്തരം ഒരു സാമൂഹിക പരിവര്‍ത്തനത്തെ കുറിച്ച ശുഭാപ്തി തന്റെ പ്രബോധനത്തിന്റെ ആദ്യ നാളുകളില്‍ തന്നെ പങ്കുവെക്കുന്നതായി കാണാം. പീഢനമേറ്റു വന്ന ഖബ്ബാബിനോട് സന്‍ആ മുതല്‍ ഹദര്‍മൗത് വരെ വരെ ഏതൊരാള്‍ക്കും നിര്‍ഭയമായി സഞ്ചരിക്കാന് പറ്റുന്ന നാളിനെ കുറിച്ച സന്തോഷവാര്‍ത്ത് അറിയിച്ചതും പ്രവാചകനെ പിടികൂടി വധിക്കാന്‍ വന്ന സുറാഖയോട് കിസ്‌റയുടെ കൈവളകള്‍ അണിയിക്കുന്നതിനെ കുറിച്ച് സംസാരിച്ചതും ഹിര്‍ഖലിന്റെ കൊട്ടാരത്തില്‍ ദീനുല്‍ ഇസ് ലാം പ്രവേശിക്കുന്നതിനെ കുറിച്ച് സന്തോഷവാര്‍ത്ത അറിയിക്കുന്നതുമെല്ലാം സാമൂഹ്യജീവിതത്തില്‍ പുലരേണ്ട ഇസ് ലാമിക വ്യവസ്ഥിതിയെ കുറിച്ചുള്ള സ്പനങ്ങളുമായിരുന്നു.

Related Articles