Current Date

Search
Close this search box.
Search
Close this search box.

ഗ്രന്ഥക്കെട്ട് ചുമക്കുന്ന കഴുത

ലോകത്ത് ശാസ്ത്രീയമായ എന്ത് കണ്ടെത്തലുകള്‍ നടന്നാലും നമ്മള്‍ ഉടനെ ഖുര്‍ആനില്‍ അതിന് വല്ല തെളിവുമുണ്ടോ എന്ന് പരിശോധിക്കാറുണ്ട്. എന്നിട്ട് ആയിരത്തി നാനൂറ് കൊല്ലങ്ങള്‍ക്കു മുമ്പേ ഖുര്‍ആന്‍ ഇത് വെളിപ്പെടുത്തിയതാണ് എന്ന് വളരെ അഭിമാനത്തോടെ പറഞ്ഞ് നടക്കുകയും ചെയ്യും. അല്ലാഹുവിന്റെ മഹത്തായ കഴിവിനെ സ്മരിച്ച് തസ്ബീഹും തഹ്‌ലീലും തക്ബീറുമൊക്കെ ഉരുവിടും. ഖുര്‍ആന്റെ അമാനുഷികത എന്ന തലക്കെട്ടിന് കീഴില്‍ പുതിയ കണ്ടെത്തല്‍ കൂടി എഴുതിച്ചേര്‍ക്കും നമ്മള്‍.

ശരിയാണ്, ഖുര്‍ആന്‍ ശാസ്ത്രത്തെ മുന്‍കടന്ന ഒരു അമാനുഷിക ഗ്രന്ഥം തന്നെയാണ്. പക്ഷേ, ഖുര്‍ആനില്‍ ഇത്രയും കാലം ഈ വസ്തുതകളൊക്കെ ഉണ്ടായിട്ടും അതൊക്കെ കണ്ടുപിടിക്കാന്‍ മുസ്‌ലിം സമൂഹം എന്തിനാണ് മറ്റുള്ളവര്‍ക്ക് വേണ്ടി കാത്തിരുന്നത്? ഖുര്‍ആന്‍ പ്രവചിച്ച വസ്തുതകളൊക്കെ ഓരോരുത്തരായി കണ്ടുപിടിച്ചു കൊണ്ടിരുന്നപ്പോള്‍ നമ്മള്‍ മുസ്‌ലിംകള്‍ എവിടെയായിരുന്നു? ദൈവിക വേദഗ്രന്ഥമാണ് ഖുര്‍ആനെന്ന് മറ്റാരേക്കാളും നന്നായറിയാവുന്ന, രാപ്പകല്‍ വ്യത്യാസമില്ലാതെ അത് പാരായണം ചെയ്യുന്ന നമ്മള്‍ എന്തുകൊണ്ടാണ് അതൊന്നും കാണാതെ പോയത്?

ശാസ്ത്രലോകം നടത്തുന്ന ഓരോ പുതിയ കണ്ടുപിടുത്തവും നമ്മുടെ ഖുര്‍ആനിലുണ്ടെന്ന് പറഞ്ഞ് നാം സന്തോഷിക്കുന്നു. എന്നാല്‍ അത് നമ്മുടെ കഴിവുകേടുകളെയാണ് തുറന്നുകാട്ടുന്നതെന്ന് നാം മനസ്സിലാക്കുന്നില്ല. ഖുര്‍ആനില്‍ ജ്യോതിശ്ശാസ്ത്രം, പ്രകൃതിശാസ്ത്രം, ശരീരശാസ്ത്രം, തര്‍ക്കശാസ്ത്രം, ചരിത്രം എന്നിങ്ങനെ നിരവധി വിജ്ഞാനീയങ്ങളുണ്ട്. എന്നാല്‍ നമ്മുടെ സമൂഹം അതൊന്നും കാണാറേയില്ല. നമ്മള്‍ കാണുന്നത് മതനിയമങ്ങളും ഫിഖ്ഹി ചര്‍ച്ചകളും മാത്രമാണ്. അതുകൊണ്ടു തന്നെ ഖുര്‍ആനിലെ മറ്റ് വിജ്ഞാനീയങ്ങളും ശാസ്ത്രവസ്തുതകളും നമ്മുടെ പഠനഗവേഷണങ്ങളില്‍ അര്‍ഹിച്ച സ്ഥാനം ലഭിക്കാതെ വിസ്മരിക്കപ്പെടുന്നു.

നാം ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ പ്രകൃതിയെയും ആകാശത്തെയും ഭൂമിയെയും കുറിച്ചുള്ള ധാരാളം സൂക്തങ്ങള്‍ കാണാറുണ്ട്. വളരെ വ്യക്തമായ ഭാഷയില്‍ നിരവധി തവണ ഇത്തരം സൂക്തങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്. ഖുര്‍ആന്‍ പറയുന്നു, ഏഴ് ആകാശങ്ങള്‍ ഉണ്ടെന്ന്. എന്നാല്‍ എപ്പോഴെങ്കിലും ഖുര്‍ആന്‍ പറഞ്ഞ ഏഴ് ആകാശങ്ങളെ ശാസ്ത്രീയ പഠനങ്ങളിലൂടെ തെളിയിക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ടോ? അങ്ങനെയുള്ള പഠനങ്ങള്‍ക്ക് മുസ്‌ലിം സമൂഹം മുതിരാറുണ്ടോ?

അത്തരം പഠന ഗവേഷണങ്ങളിലൂടെ സ്വന്തം നിലക്ക് പുതിയ കണ്ടെത്തലുകള്‍ നടത്തുമ്പോള്‍ മാത്രമേ ഖുര്‍ആന്‍ ഒരമാനുഷിക ഗ്രന്ഥമാണെന്ന് പറഞ്ഞ് നടക്കാനുള്ള അര്‍ഹത നമുക്കുണ്ടാകൂ. അങ്ങനെയുള്ള ശ്രമങ്ങള്‍ മുസ്‌ലിം സമൂഹത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായാല്‍ ഖുര്‍ആനിന്റെ അമാനുഷികത വിളംബരം ചെയ്യുന്ന ചര്‍ച്ചകളും സമ്മേളനങ്ങളുമൊക്കെ നമുക്ക് സംഘടിപ്പിക്കാം. അന്യ മതസ്ഥര്‍ ആഴത്തില്‍ ഖുര്‍ആനിനെ പഠിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നത് എല്ലാ മുസ്‌ലിംകള്‍ക്കും മാതൃകയാണ്. നമ്മേക്കാള്‍ നന്നായി ഖുര്‍ആനിനെ മനസ്സിലാക്കുന്നതും ഉപയോഗിക്കുന്നതും അവരാണ്. അന്യന്റെ പരിശ്രമങ്ങളുടെ മേല്‍ അവകാശവാദമുന്നയിച്ച് നാം ഖുര്‍ആനിന്റെ അമാനുഷികത തെളിയിച്ചുകൊണ്ടിരിക്കുമ്പോള്‍ സ്വന്തം കഴിവുകേടു കൂടിയാണ് തെളിയുന്നതെന്ന് നാം എന്നോര്‍ക്കണം.

വിവ: അനസ് പടന്ന

Related Articles