Current Date

Search
Close this search box.
Search
Close this search box.

ദു:ഖങ്ങളിൽ നീറുമ്പോൾ

നാമെല്ലാവരും യാത്ര ചെയ്യുന്നവരാണ്. അറിയാത്ത വഴികളിലൂടെ സഞ്ചരിക്കുമ്പോൾ പലപ്പോഴും നമ്മൾ വഴി മനസ്സിലാക്കാൻ ഗൂഗിളിന്റെ സഹായമാണ് തേടാറുള്ളത്. ഒരു 100 മീറ്റർ അപ്പുറത്ത് ഒരങ്ങാടി ഉണ്ടെന്നും, 200 മീറ്റർ മുന്നോട്ടു പോയാൽ വലത്തോട്ട് / ഇടത്തോട്ട് തിരിയണമെന്നും ഗൂഗ്ൾ നമുക്ക് പറഞ്ഞ് തരും. ചിലപ്പോഴൊക്കെ തെറ്റാറുണ്ടെങ്കിലും പൊതുവേ നമ്മൾ ആ വഴിയിലൂടെയാണ് സഞ്ചരിക്കാറുള്ളത്. ജീവിതം എന്നുള്ളത് ഒരു മഹായാത്രയാണ്. അനശ്വരതയിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു യാത്ര. ഈ മഹായാത്രയുടെ തുടക്കത്തിൽ തന്നെ നമുക്ക് വഴി കാണിച്ചു തരാനുള്ള സംവിധാനമായിട്ടാണ് അല്ലാഹു അമ്പിയാക്കന്മാരെ അയച്ചതും അതിൽ ചിലരുടെ കയ്യിൽ വേദങ്ങൾ കൊടുത്തയച്ചതും. ജീവിതത്തിൽ എങ്ങോട്ടാണ് തിരിയേണ്ടത്, ഏത് ട്രാക്കിലൂടെയാണ് സഞ്ചരിക്കേണ്ടത് എന്നിവയെ സംബന്ധിച്ച് നമ്മൾ സെർച്ച് നടത്തേണ്ടത് അല്ലാഹുവിന്റെ ഈ ഗ്രന്ഥങ്ങളിലാണ്. ആ ഗ്രന്ഥങ്ങളിലെ അന്തിമ എഡിഷനാണ് പരിശുദ്ധ ഖുർആൻ.

إِنَّ هَٰذَا الْقُرْآنَ يَهْدِي لِلَّتِي هِيَ أَقْوَمُ
(തീര്‍ച്ചയായും ഈ ഖുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കും) ഒരിക്കലും തെറ്റുപറ്റാത്ത മറുപടികൾ ഖുർആനിൽ നിന്ന് ലഭിക്കുന്നു. ജീവിതത്തിൽ നമുക്ക് കിട്ടാനുള്ള ഏറ്റവും ആധികാരികമായ അറിവിന്റെ സ്രോതസ്സും ഈ വെളിപാടിൻ്റെ പുസ്തകം തന്നെയാണ്. അറിവിനെ സംബന്ധിച്ചിടത്തോളം ആകെ രണ്ടു മൂന്നു മാർഗങ്ങളേ നമുക്കു മുമ്പിലുള്ളൂ. ഒന്ന് സയൻസിൻ്റെ അറിവ്, മറ്റൊന്ന് ഫിലോസഫിയുടെ അറിവ്, മൂന്നാമത്തേത് ഏറ്റവും അത്യന്തികവും ആധികാരികവുമായ വെളിപാടിൻ്റെ, നുബുവ്വത്തിൻ്റെ വിജ്ഞാനം. ആ വിജ്ഞാനമാണ് ഖുർആനിലൂടെയും ഹദീസുകളിലൂടെയും നമ്മൾ വായിക്കുന്നത്. അപ്പോൾ നമ്മുടെ ജീവിതം എന്ന മഹായാത്രയിൽ പ്രത്യേകമായി നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പൊതുവായി നിയമം എന്ന നിലക്ക് തന്നെ പരിശുദ്ധ ഖുർആൻ പഠിപ്പിച്ചിട്ടുണ്ട്. ഈ മഹായാത്രയുടെ ഭാഗമായി നമ്മൾ സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോൾ പ്രത്യേകമായ ആ യാത്രയുടെ തിരിച്ചറിവ് നൽകുന്നതാണ് ഈ വചനം.
وَلَنَبْلُوَنَّكُم بِشَيْءٍ مِّنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِّنَ الْأَمْوَالِ وَالْأَنفُسِ وَالثَّمَرَاتِۗ وَبَشِّرِ الصَّابِرِينَ
(ഭയാശങ്കകള്‍, ക്ഷാമം, ജീവനാശം, ധനനഷ്ടം, വിളനാശം എന്നിവയിലൂടെ നാം നിങ്ങളെ തീര്‍ച്ചയായും പരീക്ഷിക്കുന്നതാണ്. ഈ സന്ദര്‍ഭങ്ങളില്‍ ക്ഷമയവലംബിക്കുക)
വളരെ ശ്രദ്ധേയമായ ഈ വചനത്തിൽ അല്ലാഹു പറഞ്ഞുവെക്കുന്നത് ജീവിതം ഒരു പരീക്ഷണമാണ് എന്നാണ്. ആ പരീക്ഷണങ്ങളിൽ കൃത്യമായി നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന ചില മേഖലകൾ/ചില മണ്ഡലങ്ങൾ പ്രത്യേകമായി എടുത്തുപറയുകയും ചെയ്തു. അതിൽ ഒന്നാമത്തെത് ഭയാശങ്കകൾ തന്ന് നിങ്ങളുടെ ജീവിതത്തെ പരീക്ഷിക്കും എന്നാണ്. പരീക്ഷിക്കും എന്നല്ല;പരീക്ഷിക്കുക തന്നെ ചെയ്യും എന്നാണ് ഖുർആൻ പ്രയോഗിച്ചത് .അവിടെ ഉറപ്പിൻ്റെ അദാത്തുകൾ (പ്രയോഗം) ഉപയോഗിച്ചു കൊണ്ടാണ് അല്ലാഹു ഈ 5 കാര്യങ്ങൾവിശദീകരിച്ചിട്ടുള്ളത് .

2. പട്ടിണി കൊണ്ട് അല്ലാഹു നമ്മെ പരീക്ഷിക്കുക തന്നെ ചെയ്യും.
3. സാമ്പത്തിക മാന്ദ്യം നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകും.
4. ശാരീരികമായ നഷ്ടങ്ങളും, പ്രയാസങ്ങളും അനുഭവപ്പെടും.
5. കാർഷിക തകർച്ച നേരിടേണ്ടിവരുമെന്ന് അല്ലാഹു മുന്നറിയിപ്പു നൽകുന്നു.

നിങ്ങളൊരു ദിക്കിലേക്ക് യാത്രതിരിക്കുവാൻ ഒരുങ്ങുകയാണ്. അതിനുവേണ്ട പാഥേയങ്ങൾ ഒരുക്കുകയാണ് . നിങ്ങൾ പ്രത്യേകമായ ഉദ്ദേശ്യത്തോടുകൂടി യാത്ര സമാരംഭിക്കുന്ന സന്ദർഭത്തിൽ തന്നെ യാത്രയിൽ നിങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്ന പരീക്ഷണത്തിൻ്റെ മേഖലകളെ വളരെ കൃത്യമായി പരിശുദ്ധ ഖുർആനിലൂടെ അടയാളപ്പെടുത്തുകയാണ്. ദുനിയാവിലെ ജീവിതത്തെ സംബന്ധിച്ചിടത്തോളം ഇത് പൊതുവായ കാര്യമാണ്. ഈ പരീക്ഷണങ്ങളിൽ നിന്ന് എങ്ങനെ മറികടക്കാം എന്ന് അല്ലാഹു ആയത്തിൻ്റെ അവസാനങ്ങളിൽ സൂചിപ്പിക്കുന്നുണ്ട്. അതിന് രണ്ട് സംഗതികൾ നമ്മുടെ കയ്യിൽ വേണം.
1 ) ഈമാൻ
2) സ്വബ്ർ (ക്ഷമ)
അല്ലാഹുവിന്റെ പ്രിയപ്പെട്ട അമ്പിയാക്കളെ പോലും ഈ പരീക്ഷണങ്ങളിൽ നിന്ന് ഒഴിച്ചു നിർത്തിയിട്ടില്ല. പ്രവാചകന്മാരാണല്ലോ മനുഷ്യകുലത്തിൻ്റെ മാതൃകകളായി മാറേണ്ടത്. മനുഷ്യന് അനുധാവനം ചെയ്യാൻ കഴിയുന്ന മാതൃകകളായിട്ടാണ് അമ്പിയാക്കൻമാരുടെ നിയോഗമെങ്കിൽ കഷ്ടപ്പാടിൻ്റെയും ദുരിതങ്ങളുടെയും പരീക്ഷണ വേളകളിൽ എന്ത് സമീപനമാണ് അവർ സ്വീകരിച്ചതെന്നും, എന്ത് മാതൃകയാണ് അവർ ഉയർത്തിപ്പിടിച്ചതെന്നും നമുക്ക് മനസ്സിലാക്കാൻ വേണ്ടി തന്നെയായിരിക്കണം ഒരുപക്ഷേ, അല്ലാഹു അവന് ഇഷ്ടപ്പെട്ട പ്രവാചകന്മാരെ പോലും ഈ പൊതു നിയമത്തിൽ നിന്നും മാറ്റി നിർത്താതെ പരീക്ഷണങ്ങൾക്കു വിധേയമാക്കിയത്.(അല്ലാഹു അഅലം).ആ സന്ദർഭങ്ങളിൽ പ്രവാചകന്മാർ നടത്തിയ പ്രതികരണങ്ങൾ ഖുർആനിലൂടെ സഞ്ചരിക്കുന്ന ഓരോരുത്തർക്കും വലിയ അനുഭവങ്ങളാണ്. പ്രവാചകന്മാർ ജീവിതത്തിൻ്റെ ദശാസന്ധികളിൽ പറഞ്ഞ വാക്കുകൾ, അല്ലെങ്കിൽ ആ പരീക്ഷണങ്ങൾ നേരിടേണ്ടി വന്ന സന്ദർഭത്തിൽ അവരുടെ നാവിൽ നിന്ന് പുറപ്പെട്ട പ്രതികരണങ്ങൾ, നമ്മുടെ ജീവിതത്തിൻ്റെ പ്രതികരണങ്ങളുമായി ചേർത്തുവച്ചുകൊണ്ട് വർത്തമാനകാലത്ത് നമ്മൾ നടത്തുന്ന ജീവിതത്തെ ഈമാനിൻ്റെയും സ്വബ്റിൻ്റെയും ശക്തമായ ആയുധങ്ങൾ കൊണ്ട് അമ്പിയാക്കന്മാർ നേരിട്ടതു പോലെ നമുക്ക് നേരിടാൻ സാധിക്കുന്നുണ്ടോ എന്ന ആത്മപരിശോധനയായി അത് മാറേണ്ടതാണ്.
യഅഖൂബ്(അ)ൻ്റെയും, യൂസുഫ്(അ)യുടെയും കഥ വിശുദ്ധ ഖുർആൻ വിശദീകരിക്കുന്നുണ്ട്.
യഅഖൂബ് നബി (അ) ജീവിതത്തിലെ ഏറ്റവും തീക്ഷ്ണമായ വ്യക്തി ദുഃഖങ്ങളുടെ തീച്ചൂളയിലേക്ക് വലിച്ചെറിയപ്പെടുന്ന സന്ദർഭങ്ങളിൽ എന്തായിരുന്നു അവരുടെ പ്രതികരണമെന്ന് ഖുർആൻ പറയുന്നു. തൻ്റെ ഏറ്റവും വലിയ വാത്സല്യ ഭാജനമായ യൂസഫിനെ തൻ്റെ സഹോദരങ്ങൾ പൊട്ടക്കിണറ്റിൽ ഇടുകയും, വിദ്വേഷം തോന്നിയ സഹോദരങ്ങൾ കള്ളച്ചോര പുരട്ടിയ വസ്ത്രവുമായി പിതാവിൻ്റെ മുമ്പിൽ വന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്ത സന്ദർഭത്തിൽ യഅഖൂബ് നബി (അ)ന്റെ പ്രതികരണം
وَجَاءُوا عَلَىٰ قَمِيصِهِ بِدَمٍ كَذِبٍۚ قَالَ بَلْ سَوَّلَتْ لَكُمْ أَنفُسُكُمْ أَمْرًاۖ فَصَبْرٌ جمِيلٌۖ
(അവര്‍, കൃത്രിമ രക്തം പുരട്ടി യൂസുഫിന്റെ കുപ്പായവും കൊണ്ടുവന്നിട്ടുണ്ടായിരുന്നു. ഇതു കേട്ട് പിതാവ് പറഞ്ഞു: ‘അല്ല, നിങ്ങളുടെ മനസ്സ് ഒരു കടുംകൈ അനായാസം ചെയ്യാന്‍ നിങ്ങള്‍ക്ക് തോന്നിപ്പിച്ചതാണ്. ശരി, ക്ഷമിക്കാം. ഭംഗിയായി ക്ഷമിക്കാം.)
ജീവിതത്തിന്റെ പരീക്ഷണ സന്ദർഭങ്ങളെയും പ്രതിസന്ധിഘട്ടങ്ങളെയും നേരിടാനുള്ള ഏറ്റവും വലിയ വാക്കാണ്, ഏറ്റവും വലിയ സംസ്കാരമാണ് മഹാനായ യഅഖൂബ് നബി (അ) യുടെ വാക്കുകളിലൂടെ നമ്മൾ കേൾക്കുന്നത്.
فَصَبْرٌ جَمِيلٌۖ وَاللَّهُ الْمُسْتَعَانُ عَلَىٰ مَا تَصِفُونَ
(ഭംഗിയായി ക്ഷമിക്കാം. നിങ്ങളുടെ വാദത്തിന്റെ സത്യാവസ്ഥ അറിയാന്‍ അല്ലാഹുതന്നെ സഹായിക്കേണം ) വീണ്ടും അദ്ദേഹം ചതിക്കപ്പെട്ടു. യൂസഫിന്റെ അനുജൻ ബെന്യാമിനെയും നഷ്ടപ്പെടുത്തിയ ശേഷം അവർ പറയുന്ന സന്ദർഭത്തിൽ മഹാനായ യഅഖൂബ് (അ)ൻ്റെ പ്രതികരണവും ഖുർആൻ വിശദീകരിക്കുന്നു.
قَالَ هَلْ آمَنُكُمْ عَلَيْهِ إِلَّا كَمَا أَمِنتُكُمْ عَلَىٰ أَخِيهِ مِن قَبْلُۖ فَاللَّهُ خَيْرٌ حَافِظًاۖ وَهُوَ أَرْحَمُ الرَّاحِمِينَ
(പിതാവ് മറുപടികൊടുത്തു: ‘നേരത്തേ അവന്റെ സഹോദരന്‍ യൂസുഫിന്റെ കാര്യത്തില്‍ വിശ്വസിച്ചതുപോലെത്തന്നെയല്ലേ അവന്റെ കാര്യത്തിലും ഞാന്‍ നിങ്ങളെ വിശ്വസിക്കേണ്ടത്? അല്ലാഹു മാത്രമാകുന്നു ഏറ്റം നല്ല സംരക്ഷകന്‍. അവന്‍ കാരുണികരില്‍ കാരുണികനുമാകുന്നു) ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധികൾ നിറഞ്ഞ നിമിഷങ്ങളിൽ നമ്മുടെ നാവുകളിൽ നിന്ന് ഈമാനിന്റെ ഈ പദപ്രയോഗങ്ങളാണ് പുറത്ത് വരേണ്ടത്. പ്രവാചക കുടുംബത്തിന്റെ കാരണവരായ യഅഖൂബ് (അ ) അനുഭവിച്ച ദുഃഖത്തിന്റെ തീവ്രത പരിശുദ്ധ ഖുർആൻ വരച്ചുവെക്കുകയാണ്.

(وَتَوَلَّىٰ عَنْهُمْ وَقَالَ يَا أَسَفَىٰ عَلَىٰ يُوسُفَ وَابْيَضَّتْ عَيْنَاهُ مِنَ الْحُزْنِ فَهُوَ كَظِيمٌ )
(പിന്നെ അദ്ദേഹം അവരില്‍നിന്നു മുഖം തിരിച്ചു, ‘ഹാ യൂസുഫ്!’ എന്നു വിലപിച്ചുകൊണ്ടിരുന്നു–വ്യസനത്താല്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ നരച്ചു വെളുത്തുപോയി. അദ്ദേഹം ദുഃഖപരവശനായിരുന്നു ) ഞാനും നിങ്ങളും ദുഃഖിക്കുമ്പോൾ വലിയ വ്യക്തി ദുഃഖങ്ങളുടെ തീക്ഷ്ണതയിലേക്ക് വീണുപോകുന്ന സന്ദർഭങ്ങളിൽ നമ്മുടെ മനോമുഖരങ്ങളിൽ തെളിയണം ഈ വാക്ക് . ദുഃഖത്തിന്റെ കാഠിന്യത്താൽ ആ പ്രവാചക വയോധികൻ്റെ കൺതടങ്ങൾ വെളുത്ത് നരച്ചുപോയി.
فَهُوَ كَظِيمٌ
നിറച്ചുവെച്ച തോൽ പത്രത്തിലെ വെള്ളം പുറത്തേക്ക് ചിന്താതിരിക്കാൻ തോൽപാത്രത്തിൻ്റെ കഴുത്തിലൂടെ ഒരു കെട്ട് ഇടുന്നത് പോലെ അദ്ദേഹം ദുഃഖങ്ങളെ കടിച്ചിറക്കുകയായിരുന്നു. ശേഷം അദ്ദേഹം പറയുന്നു:
قَالَ إِنَّمَا أَشْكُو بَثِّي وَحُزْنِي إِلَى اللَّهِ وَأَعْلَمُ مِنَ اللَّهِ مَا لَا تَعْلَمُونَ
(അദ്ദേഹം പറഞ്ഞു: ‘എന്റെ ക്ലേശങ്ങളെക്കുറിച്ചും ദുഃഖങ്ങളെക്കുറിച്ചും അല്ലാഹുവിനോടല്ലാതെ മറ്റാരോടും ഞാന്‍ ആവലാതിപ്പെടുന്നില്ല. നിങ്ങള്‍ അറിയാത്തത് (പലതും) അല്ലാഹുവില്‍നിന്ന് ഞാന്‍ അറിയുന്നുണ്ട്.) എല്ലാ സങ്കടങ്ങൾക്കും ആവലാതിപ്പെടുന്നത് അല്ലാഹുവിനോട് മാത്രമാണ്. തൗഹീദിൻ്റെ ജീവിതമാണ് നമ്മൾ നയിക്കാൻ ആഗ്രഹിക്കുന്നത് .മുവഹിദുകളാണെന്നാണ് നമ്മുടെ അവകാശവാദം, വിശ്വാസികളാണെന്നാണ് നമ്മൾ നമ്മളെക്കുറിച്ച് വിചാരിച്ചുവെച്ചിട്ടുള്ളത്.
ഇമാം റാസി പറഞ്ഞതുപോലെ ‘ഒരു ചെറിയ കാറ്റ് വീശുമ്പോൾ ഇലകൾ ആടുന്നത് പോലെ ആടിത്തുടങ്ങുന്ന ഈ ജീവിത’ത്തിൻറെ സന്ദർഭങ്ങളിൽ “എന്റെ ക്ലേശങ്ങളെക്കുറിച്ചും ദുഃഖങ്ങളെക്കുറിച്ചും അല്ലാഹുവിനോടല്ലാതെ മറ്റാരോടും ഞാന്‍ ആവലാതിപ്പെടുന്നില്ല”.

إِنَّمَا أَشْكُو بَثِّي وَحُزْنِي إِلَى اللَّهِ

ദുഃഖങ്ങൾ അടിക്കടി വർധിച്ചുകൊണ്ടിരിക്കുകയാണ് , നഷ്ടങ്ങളുടെ ഒരു തുടർക്കഥയായി മാറുകയാണ്, വിഷമങ്ങൾ ജീവിതത്തിലേക്ക് കടന്നു വരികയാണ്. അത്തരം സന്ദർഭങ്ങളിൽ അള്ളാഹുവിൽ മാത്രം ആ സങ്കടങ്ങൾ സമർപ്പിച്ചുകൊണ്ട് മുന്നോട്ടുപോകാൻ കഴിയണം.
ദർഗകളിലേക്കല്ല, അവിടുത്തെ മശാഇഖുമാരിലേക്കല്ല, മറമാടപ്പെട്ടുകിടക്കുന്ന പുണ്യപുരുഷന്മാരിലേക്കല്ല ; മറിച്ച് നാഥൻ്റെ മുമ്പിൽ ആവലാതിപ്പെടുവാൻ കഴിയണം. പരിശുദ്ധ ഖുർആൻ ഉദ്ധരിക്കുന്ന ഈ പ്രവാചകൻ്റെ പ്രതികരണം നമ്മുടെ ജീവിതത്തിലെ അനുഭവങ്ങൾക്ക് വെളിച്ചമായിത്തീരുകയും വേണം. യൂസുഫ് എന്ന മകനെ നഷ്ടപ്പെട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞതിനു ശേഷവും തന്റെ മക്കൾക്കുമുമ്പിൽ ഒരു പ്രത്യാശ വെക്കുന്നു.
عَسَى اللَّهُ أَن يَأْتِيَنِي بِهِمْ جَمِيعًاۚ إِنَّهُ هُوَ الْعَلِيمُ الْحَكِيمُ
(ഒരുവേള അല്ലാഹു അവരെയെല്ലാവരെയും എന്റെ അടുക്കലെത്തിച്ചേക്കും. തീര്‍ച്ചയായും അവന്‍ എല്ലാം അറിയുന്നവനാകുന്നു. അവന്റെ പ്രവൃത്തികളൊക്കെയും തത്ത്വത്തിലധിഷ്ഠിതമായതല്ലോ.’) മക്കളെ എല്ലാവരെയും , അഥവാ ചെന്നായ കടിച്ച് ചത്തുപോയി എന്ന് നിങ്ങൾ ( മക്കൾ)പറഞ്ഞ യൂസഫിനെ പോലും എന്റെ മുമ്പിൽ ഹാജരാക്കിയേക്കാം എന്ന് ഞാൻ പ്രത്യാശിക്കുന്നു. ഈ പ്രത്യാശയാണ് ഈമാൻ്റെ ഏറ്റവും വലിയ സ്വാധീനം. തൻ്റെ സഹോദരന്മാരെ അന്വേഷിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് പറയുന്നു:
يا بَنِيَّ اذْهَبُوا فَتَحَسَّسُوا مِن يُوسُفَ وَأَخِيهِ وَلَا تَيْأَسُوا مِن رَّوْحِ اللَّهِۖ إِنَّهُ لَا يَيْأَسُ مِن رَّوْحِ اللَّهِ إِلَّا الْقَوْمُ الْكَافِرُونَ
(എന്റെ പ്രിയ മക്കളേ, നിങ്ങള്‍ പോയി യൂസുഫിനെയും അവന്റെ സഹോദരനെയും ഒന്നന്വേഷിച്ചു നോക്കുവിന്‍. അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിരാശയരുത്. സത്യനിഷേധികള്‍ മാത്രമേ ദൈവകാരുണ്യത്തില്‍ നിരാശരാവൂ.’)

മനുഷ്യൻ വേദനയുടെ, ദുഃഖത്തിൻ്റെ അനുഭവങ്ങളിൽ കിടന്ന് പിടയുമ്പോൾ അല്ലാഹുവിൽ നിന്നുണ്ടാകുന്ന ഒരു മൃദുലമായ കാറ്റുപോലും നമ്മെ സാന്ത്വനിപ്പിക്കുന്ന റബ്ബിൻ്റെ കനിവുണ്ടല്ലോ,ആ കനിവിനെ സംബന്ധിച്ച് നിങ്ങൾ നിരാശപ്പെടരുത്. അല്ലാഹുവിൻറെ കാരുണ്യത്തിൽ നിരാശപ്പെടുക എന്നുള്ളത് കുഫ്റിൻ്റെയും, കാഫിറീങ്ങളുടെയും അടയാളമാണ്.
يَيْأَسُ مِن رَّوْحِ اللَّهِ إِلَّا الْقَوْمُ الْكَافِرُونَ
മുസ്ലിം സമുദായത്തെ സംബന്ധിച്ചിടത്തോളം നിരാശ നിഷിദ്ധമാണ്, അത് ഹറാമാണ്. അതു കുഫ്റിൻ്റെ സ്വഭാവമാണ് എന്ന് ഖുർആൻ വ്യക്തമാക്കുന്നു. അല്ലാഹുവിൻ്റെ അമ്പിയാക്കന്മാർ ഏറ്റവും തീക്ഷ്ണമായ വ്യക്തി ദുഃഖങ്ങളിൽ വീണുപോകുന്ന സന്ദർഭങ്ങളിൽ അവരുടെ ജീവിതത്തിൽ നിന്നുണ്ടായ പ്രതികരണങ്ങൾ ഈമാനിൻ്റെയും, സ്വബ്റിൻ്റെയും പ്രതികരണമാണ്. രോഗക്കിടക്കയിൽ നിന്ന് സന്ദർശകനോട് റസൂൽ പറയുന്നു:
مَا مِنْ مُسْلِمٍ يُصِيبُهُ أَذًى، إِلاَّ حَاتَّ اللَّهُ عَنْهُ خَطَايَاهُ، كَمَا تَحَاتُّ وَرَقُ الشَّجَرِ
(മരം ഇല പൊഴിക്കുന്നതുപോലെ, സത്യവിശ്വാസിക്ക് പ്രയാസം വരുമ്പോൾ അതവൻ്റെ ജീവിതത്തിൽ നിന്ന് പാപങ്ങളുടെ ഇല കൊഴിക്കും ) എങ്ങനെയാണ് തീവ്രമായ രോഗ വേദനകളെ നേരിടേണ്ടത് എന്നാണ് റസൂൽ പഠിപ്പിക്കുന്നത്. ദുഃഖങ്ങളും ദുരിതങ്ങളും വരുമ്പോൾ ഈമാനോടെ, ക്ഷമയോടുകൂടിയാണ് അതിനെ നേരിടേണ്ടത്.

തയ്യാറാക്കിയത്: റിജുവാൻ എൻ പി

Related Articles