Current Date

Search
Close this search box.
Search
Close this search box.

ഏറ്റവും ശ്രേഷ്ഠമായ വാചകം

പ്രവാചകൻ (സ്വ) ക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും അല്ലാഹു വിലമതിക്കുന്നതെന്ന് പറഞ്ഞതുമായ നാല് ദിക്റുകളിൽ അവസനത്തേതാണ് ലാ ഇലാഹ ഇല്ലല്ലാഹ് എന്ന വാചകമാണ്. ഉസാമത്ത് ഇബ്നു സൈദ് (റ) നെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ടാകും. നബി (സ്വ) ക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു സ്വഹാബിയുടെ ഏറ്റവും പ്രിയപ്പെട്ട മകൻ ആണ് ഉസാമ (റ). ചെറുപ്പത്തിൽ പ്രവാചകന്റെ പേരക്കുട്ടി ഹസൻ (റ) വും ഉസാമ (റ) കൂടി ഓടിക്കളിക്കുന്ന സന്ദർഭത്തിൽ ഉസാമ (റ) ന്റെ കൈ പിടിച്ചിട്ട് പ്രവാചകൻ (സ്വ) ഇപ്രകാരം പ്രാർത്ഥിക്കുമായിരുന്നു: اللهم إني أحبهما فأحبهما (അല്ലാഹുവേ, ഞാൻ ഈ കുട്ടികളെ ഇഷ്ടപ്പെടുന്നു. നീയും അവരെ ഇഷ്ടപ്പെടണമേ). ഹിജ്‌റ പതിനൊന്നാമത്തെ വർഷം പ്രവാചകൻ (സ്വ) വഫാത്താകുന്നതിന് തൊട്ട് മുമ്പ് റോമക്കെതിരെ ഒരു വലിയ യുദ്ധ സന്നാഹം നടന്നു. റോമ അന്നത്തെ ഏറ്റവും വലിയ ശക്തികളിൽ ഒന്നായിരുന്നു. ആയതിനാൽ പരാമാവധി ആളുകളെ വിളിച്ചു കൂട്ടേണ്ടതുണ്ടായിരുന്നു. അങ്ങനെ ആളുകളെ ഇസ്‌ലാമിക പക്ഷത്ത് ഒരുമുച്ചു കൂട്ടി. അതിൽ മഹാന്മാരായ അബൂബക്കർ സിദ്ദീഖ് (റ) ഉമർ (റ) സഅദ് ബ്നു അബീ വഖാസ് (റ) അബൂ ഉബൈദ (റ) തുടങ്ങിയവർ ഉണ്ടായിരിക്കെ 19 വയസ് മാത്രം പ്രായമുള്ള ഉസാമ (റ)വിനെയാണ് പ്രവാചകൻ (സ്വ) ആ സൈന്യത്തിന്റെ ചുമതല ഏൽപ്പിച്ചത്. സൈന്യം പുറപ്പെടുന്നതിന് മുമ്പായി പ്രവാചകൻ (സ്വ) വഫാത്തായി.

പിന്നീട് അബൂബക്കർ സിദ്ധീഖ് (റ) ഖിലാഫത്ത് ഏറ്റെടുത്തപ്പോൾ റോമക്കെതിരെയുള്ള യുദ്ധ നീക്കം വീണ്ടും തുടങ്ങി. ചില സ്വഹാബികൾ, 19 വയസുള്ള ഉസാമ (റ) നെ മാറ്റി മറ്റുചിലരെ ഉത്തരവാദിത്വം ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. അല്ലാഹുവിന്റെ റസൂൽ നിശ്ചയിച്ച ഒരു വ്യക്തിയെ ഞാൻ മാറ്റുകയില്ല എന്ന് പ്രഖ്യാപിച്ചു കൊണ്ടായിരുന്നു അബൂബക്കർ (റ) ഉസാമ (റ) നെ തന്നെ ആ ഉത്തരവാദിത്വം ഏൽപ്പിച്ചത്. യുദ്ധത്തിൽ റോമയെ പരാജയപ്പെടുത്തി മുസ്‌ലിം സൈന്യം തിരിച്ച് വരുമ്പോൾ അവർ ഒന്നടങ്കം പറഞ്ഞ ഒരു കാര്യം :ما رأينا جيشا أسالم من جيش أسامة ( ഉസാമയെ പോലെ ഇത്ര സുരക്ഷിതമായി തിരിച്ചെത്തിയ മറ്റൊരു സൈന്യത്തെ ഞങ്ങൾ കണ്ടിട്ടില്ല) എന്നാണ്. പ്രവാചകനും സ്വഹാബികൾക്കും ഒരുപോലെ പ്രിയപ്പെട്ടവനായ ഉസാമ (റ) ഒരിക്കൽ പറഞ്ഞു: ഞാൻ എന്റെ ജീവിതത്തിൽ ഇതുവരെ മുസ്‌ലിം ആകാതെ ഇപ്പോൾ മാത്രം മുസ്‌ലിം ആവുകയായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച ഒരു സന്ദർഭം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. “ഒരിക്കൽ റസൂൽ (സ്വ) ജുഹൈന എന്ന ഗോത്രത്തിനെതിരെ പടനീക്കം നടത്തി. ആ സൈന്യത്തിൽ ഞാനുമുണ്ടായിരുന്നു. ഞങ്ങൾ ആ ഗോത്രത്തിൽ ചെന്ന് ശത്രുക്കളെ പിടികൂടുന്നതിനിടയിൽ ഞാനും ഒരാളെ പിടികൂടി. അയാളെ ഞാൻ വധിക്കാൻ തുനിയുന്നതിനിടയിൽ പേടിച്ചു വിറച്ച് കൊണ്ട് അയാൾ ഒരു വാചകം ഉരുവിട്ടു. ലാ ഇലാഹ ഇല്ലല്ലാഹ് എന്ന വാചകമായിരുന്നു അയാൾ ഉരുവിട്ടത്‌. രക്ഷപെടാൻ വേണ്ടിയാണ് അയാൾ അത് പറഞ്ഞത് എന്ന് ആർക്കും ബോധ്യപ്പെടും. എനിക്കും അങ്ങനെ തന്നെയാണ് ബോധ്യമായത്. അതിനാൽ ഞാൻ അയാളെ വെറുതെ വിട്ടില്ല. വധിച്ചു കളഞ്ഞു. ഞാൻ മദീനയിൽ തിരിച്ചെത്തിയപ്പോൾ ആരോ ഈ വിവരം പ്രവാചകനോട് പറഞ്ഞു. അപ്പോൾ തന്നെ പ്രവാചകൻ എന്നെ വിളിപ്പിച്ചു. ഞാൻ പ്രവാചകന്റെ അടുത്ത് ചെല്ലുമ്പോൾ അദ്ദേഹത്തിന്റെ മുഖം ചുവന്ന് തുടുത്ത് വിവർണമായിരുന്നു. എന്നെ കണ്ടപാടെ അദ്ദേഹം ചോദിച്ചു : ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറഞ്ഞ ഒരു മനുഷ്യനെ നീ വധിച്ചോ?
ഞാൻ മറുപടി നൽകി : പ്രവാചകരെ അയാൾ രക്ഷപെടാൻ വേണ്ടി പറഞ്ഞതല്ലായിരുന്നോ അത്.! പ്രവാചകൻ ചോദ്യം ആവർത്തിച്ചു. ഞാൻ മറുപടി നൽകാൻ തുനിഞ്ഞപ്പോൾ പ്രവാചകൻ എന്നെ അനുവദിച്ചില്ല. അത് ആവർത്തിച്ചുകൊണ്ടിരുന്നു. അവന്റെ ഹൃദയം നീ തുറന്ന് നോക്കിയിരുന്നോ.? പ്രവാചകൻ വീണ്ടും ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറഞ്ഞ ഒരു മനുഷ്യനെ നീ വധിച്ചോ എന്ന് ആവർത്തിച്ചു. ലാ ഇലാഹ ഇല്ലല്ലാഹ് ചൊല്ലിയ ശേഷം നീ അവനെ വധിച്ചുവെന്ന് അന്ത്യനാളിൽ ആ മനുഷ്യൻ അല്ലാഹുവിനോട് സാക്ഷിപറഞ്ഞാൽ നീ എന്ത് ചെയ്യും ? നിർത്താൻ ഭാവമില്ലാത്ത വിധം പ്രവാചകൻ അതിങ്ങനെ ആവർത്തിച്ചു കൊണ്ടിരുന്നു. അതുവരെ ഞാൻ മുസ്‌ലിം ആയിരുന്നില്ലായിരുന്നുവെങ്കിലെന്ന് ഞാൻ ചിന്തിച്ചു പോയി”. ഭയം കൊണ്ടാണ് ഉസാമ (റ) അങ്ങനെ പറഞ്ഞ് പോയത്. എന്നാൽ ആ വാചകത്തിന് ഒരു മനുഷ്യന്റെ ജീവനേക്കാൾ വിലയാണ്. പ്രവാചകൻ (സ്വ) പറയുന്നു:
من قال لا إله إلا الله وكفر بما يعبد من دون الله حرم ماله ودمه وحسابه على الله (ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പ്രഖ്യാപിച്ചവന്റെ രക്തവും സമ്പത്തും അല്ലാഹുവിനെ കൂടാതെ ആരാധിച്ചതൊക്കെ പൊറുത്തു കൊടുക്കുകയും ചെയ്യും. അവന്റെ വിചാരണ അല്ലാഹുവിന്റെ അടുത്താണ്). ലാ ഇലാഹ ഇല്ലല്ലാഹ് വാചകത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സൂചിപ്പിക്കാനാണ് ഇത് പറഞ്ഞത്.

പ്രവാചകൻ (സ്വ) പറയുന്നു: أفضل ما قلت أنا والنبيون من قبلي لا إله الا الله (ഞാനും എനിക്ക് മുമ്പുള്ള പ്രവാചകന്മാരും പറഞ്ഞിട്ടുള്ള ഏറ്റവും മഹത്തായ വാചകം ലാ ഇലാഹ ഇല്ലല്ലാഹ് എന്നതാണ്)
ഈ വാചകത്തെ പരിചയപ്പെടുത്താൻ വിശുദ്ധ ഖുർആനിൽ അല്ലാഹു പ്രയോഗിക്കുന്ന വാക്കുകൾ മാത്രം പരിശോധിച്ചാൽ തന്നെ ഈ വാചകത്തോട് ഒരു വിശ്വാസിക്ക് ഉണ്ടാകേണ്ട ബന്ധത്തെ കുറിച്ച് മനസിലാക്കാൻ കഴിയും.

അല്ലാഹു പറയുന്ന ഒന്നാമത്തെ കാര്യം: ജീവിതത്തിൽ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന പിടിവള്ളിയെ സ്വീകരിക്കുവന് ജീവിതത്തിൽ ഒരു നഷ്ടവും സംഭവിക്കില്ല.
അല്ലാഹു പറയുന്നു: فَمَن يَكۡفُرۡ بِٱلطَّٰغُوتِ وَيُؤۡمِنۢ بِٱللَّهِ فَقَدِ ٱسۡتَمۡسَكَ بِٱلۡعُرۡوَةِ ٱلۡوُثۡقَىٰ لَا ٱنفِصَامَ لَهَاۗ وَٱللَّهُ سَمِيعٌ عَلِيمٌ (അതിനാല്‍ ദൈവേതര ‎ശക്തികളെ നിഷേധിക്കുകയും അല്ലാഹുവില്‍ ‎വിശ്വസിക്കുകയും ചെയ്യുന്നവന്‍ മുറുകെപ്പിടിച്ചത് ‎ഉറപ്പുള്ള കയറിലാണ്. അതറ്റുപോവില്ല. അല്ലാഹു ‎എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു).

അല്ലാഹു പറയുന്ന രണ്ടാമത്തെ കാര്യം: അടിമയും ഉടമയും തമ്മിലുള്ള കരാർ ഈ വാചകത്തിന്റെ അടിസ്ഥാനത്തിലാണ്. അല്ലാഹു പറയുന്നു: لَّا يَمۡلِكُونَ ٱلشَّفَٰعَةَ إِلَّا مَنِ ٱتَّخَذَ عِندَ ٱلرَّحۡمَٰنِ عَهۡدٗا
(അന്ന് ആര്‍ക്കും ശിപാര്‍ശക്കധികാരമില്ല; പരമ കാരുണികനായ അല്ലാഹുവുമായി കരാറുണ്ടാക്കിയവര്‍ക്കൊഴികെ.)

അല്ലാഹു പറയുന്ന മൂന്നാമത്തെ കാര്യം: ലാ ഇലാഹ ഇല്ലല്ലാഹ് എന്നത് ഏറ്റവും സത്യസന്ധമായ വാചകമാണ്. അല്ലാഹു പറയുന്നു: وَلَا يَمۡلِكُ ٱلَّذِينَ يَدۡعُونَ مِن دُونِهِ ٱلشَّفَٰعَةَ إِلَّا مَن شَهِدَ بِٱلۡحَقِّ وَهُمۡ يَعۡلَمُونَ
(അവനെക്കൂടാതെ ഇക്കൂട്ടര്‍ വിളിച്ചുപ്രാര്‍ഥിക്കുന്നവര്‍ ശിപാര്‍ശക്കധികാരമുള്ളവരല്ല; ബോധപൂര്‍വം സത്യസാക്ഷ്യം നിര്‍വഹിച്ചവരൊഴികെ.)

അല്ലാഹു പറയുന്ന നാലാമത്തെ കാര്യം: ലാ ഇലാഹ ഇല്ലല്ലാഹ് എന്നത് ഒരാളുടെ ജീവിത വിശുദ്ധിയുടെ പേരാണ്. അല്ലാഹു പറയുന്നു: إِذۡ جَعَلَ ٱلَّذِينَ كَفَرُواْ فِي قُلُوبِهِمُ ٱلۡحَمِيَّةَ حَمِيَّةَ ٱلۡجَٰهِلِيَّةِ فَأَنزَلَ ٱللَّهُ سَكِينَتَهُۥ عَلَىٰ رَسُولِهِۦ وَعَلَى ٱلۡمُؤۡمِنِينَ وَأَلۡزَمَهُمۡ كَلِمَةَ ٱلتَّقۡوَىٰ وَكَانُوٓاْ أَحَقَّ بِهَا وَأَهۡلَهَاۚ وَكَانَ ٱللَّهُ بِكُلِّ شَيۡءٍ عَلِيمٗا (സത്യനിഷേധികള്‍ തങ്ങളുടെ മനസ്സുകളില്‍ ദുരഭിമാനം -അനിസ്ലാമികകാലത്തെ പക്ഷപാതിത്വ ദുരഭിമാനം-പുലര്‍ത്തിയപ്പോള്‍ അല്ലാഹു തന്റെ ദൂതന്നും വിശ്വാസികള്‍ക്കും മനശ്ശാന്തിയേകി. സൂക്ഷ്മത പാലിക്കാനുള്ള കല്‍പന പുല്‍കാനവരെ നിര്‍ബന്ധിക്കുകയും ചെയ്തു. അതംഗീകരിക്കാന്‍ ഏറ്റം അര്‍ഹരും അതിന്റെ അവകാശികളും അവര്‍തന്നെ. അല്ലാഹു എല്ലാ കാര്യങ്ങളും നന്നായറിയുന്നവനാണ്.)

അല്ലാഹു പറയുന്ന അഞ്ചാമത്തെ കാര്യം: ഇഹ ലോകത്തും പരലോകത്തും ഒരാൾ വഴിതെറ്റി പോകാതെ ഉറച്ചു നിൽക്കേണ്ട വാചകമാണ് ലാ ഇലാഹ ഇല്ലല്ലാഹ്. അല്ലാഹു പറയുന്നു: يُثَبِّتُ ٱللَّهُ ٱلَّذِينَ ءَامَنُواْ بِٱلۡقَوۡلِ ٱلثَّابِتِ فِي ٱلۡحَيَوٰةِ ٱلدُّنۡيَا وَفِي ٱلۡأٓخِرَةِۖ وَيُضِلُّ ٱللَّهُ ٱلظَّٰلِمِينَۚ وَيَفۡعَلُ ٱللَّهُ مَا يَشَآءُ (സത്യവിശ്വാസം സ്വീകരിച്ചവര്‍ക്ക് അല്ലാഹു സുസ്ഥിരമായ വചനത്താല്‍ സ്ഥൈര്യം നല്‍കുന്നു; ഇഹലോകജീവിതത്തിലും പരലോകത്തും. അക്രമികളെ അല്ലാഹു വഴികേടിലാക്കുന്നു. അല്ലാഹു അവനിച്ഛിക്കുന്നതെന്തും ചെയ്യുന്നു.)

അല്ലാഹു പറയുന്ന ആറാമത്തെ കാര്യം: ഒരു വടവൃക്ഷം പോലെ നമ്മുടെ ജീവിതത്തിൽ ഉറച്ചു നിക്കേണ്ട വാചകമാണ് ലാ ഇലാഹ ഇല്ലല്ലാഹ്. അല്ലാഹു പറയുന്നു: أَلَمۡ تَرَ كَيۡفَ ضَرَبَ ٱللَّهُ مَثَلٗا كَلِمَةٗ طَيِّبَةٗ كَشَجَرَةٖ طَيِّبَةٍ أَصۡلُهَا ثَابِتٞ وَفَرۡعُهَا فِي ٱلسَّمَآءِ (ഉത്തമ വചനത്തിന് അല്ലാഹു നല്‍കിയ ഉദാഹരണം എങ്ങനെയെന്ന് നീ കാണുന്നില്ലേ? അത് നല്ല ഒരു മരംപോലെയാണ്. അതിന്റെ വേരുകള്‍ ഭൂമിയില്‍ ആണ്ടിറങ്ങിയിരിക്കുന്നു. ശാഖകള്‍ അന്തരീക്ഷത്തില്‍ പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്നു.)

അല്ലാഹു പറയുന്ന ഏഴാമത്തെ കാര്യം: ജീവിതത്തിൽ വിജയം നേടാനുള്ള മാർഗമാണ് ലാ ഇലാഹ ഇല്ലല്ലാഹ് എന്ന വചനം. അല്ലാഹു പറയുന്നു: وَيَٰقَوۡمِ مَا لِيٓ أَدۡعُوكُمۡ إِلَى ٱلنَّجَوٰةِ وَتَدۡعُونَنِيٓ إِلَى ٱلنَّارِ (“എന്റെ ജനമേ, എന്തൊരവസ്ഥയാണെന്റേത്? ഞാന്‍ നിങ്ങളെ രക്ഷയിലേക്കു ക്ഷണിക്കുന്നു. നിങ്ങളോ എന്നെ നരകത്തിലേക്ക് വിളിക്കുന്നു.)

അല്ലാഹു പറയുന്ന എട്ടാമത്തെ കാര്യം: ഏറ്റവും നല്ല വാചകമാണ് ലാ ഇലാഹ ഇല്ലല്ലാഹ്.
അല്ലാഹു പറയുന്നു: يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱتَّقُواْ ٱللَّهَ وَقُولُواْ قَوۡلٗا سَدِيدٗا (വിശ്വസിച്ചവരേ, നിങ്ങള്‍ ദൈവഭക്തരാവുക. നല്ലതുമാത്രം പറയുക.) ലാ ഇലാഹ ഇല്ലല്ലാഹ് എന്നത് നമ്മൾ നിരന്തരം ആവർത്തിക്കാറുള്ള ഒരു വചനമാണ്. കുട്ടികളെ കിടത്തി ഉറക്കുമ്പോൾ, മുസ്‌ലിമായ ഒരു യാചകൻ നമ്മുടെ അടുത്ത് ഭിക്ഷ ചോദിച്ചു വരുമ്പോൾ അയാൾ, മയ്യത്ത് ഖബറടക്കാൻ കൊണ്ടുപോകുമ്പോൾ തുടങ്ങി ജീവിതത്തിൽ ഒരുപാട് പ്രാവശ്യം നമ്മൾ ആ വചനം ഉരുവിടാറുണ്ട്. എന്നാൽ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന വാചനത്തെ കുറിച്ച് നമ്മുടെ ചിന്തകൾക്ക് അപ്പുറമുള്ള ഒരു കാര്യം പ്രവാചകൻ (സ്വ) പരിചയപ്പെടുത്തുന്നുണ്ട്.

അദ്ദേഹം പറയുന്നു: “നിങ്ങൾ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പ്രഖ്യാപിച്ചാൽ അറബികളും അനറബികളും നിങ്ങളുടെ കാൽക്കീഴിൽ വരും.” ഇത് നമ്മൾ ചരിത്രത്തിൽ ധാരാളം കണ്ടതാണ്. മുന്നൂറിൽ താഴെ ആളുകളുമായാണ് റസൂൽ (സ്വ) ഹിജ്‌റ പോയത്. മുന്നോട്ടുള്ള ജീവിതത്തെ കുറിച്ച് സ്വപ്നം പോലും കാണാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. പ്രവാചകനെയും സംഘത്തെയും ഈ ഭൂമിയിൽ നിന്ന് ഇല്ലായ്മ ചെയ്യാൻ അവസരം കാത്തിരിക്കുന്ന ശത്രു സൈന്യത്തെ കുറിച്ചുള്ള ഭയാശങ്കകളും അവരെ പിടി കൂടിയിരുന്നു. എന്നാൽ പ്രവാചകൻ (സ്വ) വഫാതാകുന്ന സന്ദർഭത്തിൽ ലാ ഇലാഹ ഇല്ലല്ലാഹ് വചനത്തിന്റെ പിൻബലത്തിൽ അറബ് ലോകം. മുഴുവനും ഇസ്‌ലാമിലേക്ക് വന്നിരുന്നു. അതിന് ശേഷം 800 വർഷക്കാലം യൂറോപ്പിന്റെ കേന്ദ്രമായ സ്പെയിനും 900 വർഷക്കാലം ഇന്ത്യയും ഭരിച്ച വാചകമായിരുന്നു ലാ ഇലാഹ ഇല്ലല്ലാഹ്. ഇസ്‌ലാം സ്വീകരിച്ച ഒരു പാശ്ചാത്യ ചിന്തകൻ പറഞ്ഞത് “പടിഞ്ഞാറിനെ പല്ല് തേക്കാൻ പഠിപ്പിച്ചത് ഇസ്‌ലാമാണ്. സംസ്കാരം പകർന്നു കൊടുത്തതും കുളിക്കാൻ പഠിപ്പിച്ചതും ഇസ്‌ലാമാണ്. ഞങ്ങൾക്ക് ജീവശാസ്ത്രവും രസതന്ത്രവും ഗോളശാസ്ത്രവും പഠിപ്പിച്ചു തന്നത് ലാ ഇലാഹ ഇല്ലല്ലാഹ് എന്ന വാചകമാണ്” എന്നാണ്. അത്രയേറെ സ്വാധീനം ചെലുത്തിയ ഒരു വാചകത്തെയാണ് ലോകം മുഴുവൻ നിങ്ങളുടെ കാൽക്കീഴിൽ ആകാനുള്ള മന്ത്രമായി റസൂൽ (സ്വ) പരിചയപ്പെടുത്തുന്നത്. ജീവിതത്തിലെ വിജയങ്ങളുടെ അടിസ്ഥാനമായി അല്ലാഹു പറഞ്ഞ മാർഗം ലാ ഇലാഹ ഇല്ലാലാഹ് എന്ന വചനമാണ്.

ഇതൊരു വെറും വചനമല്ല. എന്നാൽ ദിക്റുകൾ ജീവിതത്തിൽ വെറുതെ ചൊല്ലി നടക്കാനുള്ള ഒന്നായി തെറ്റിദ്ധരിച്ചത് നമ്മളാണ്. ദിക്റുകൾ വെറുതെ ചൊല്ലി നടന്നാൽ ലോകം മുഴുവൻ നമ്മുടെ കാൽക്കീഴിൽ ആകുമെന്ന് ധരിച്ചിരുന്നവെങ്കിൽ പിറ്റേദിവസം തന്നെ വലിയ കോളാമ്പികളും മൈക്ക് സൈറ്റുകളും സ്പീക്കറുകളും ഉൾപ്പെടുത്തി ഗംഭീര സ്റ്റേജുകൾ കെട്ടിപ്പൊക്കി ദിക്ർ മജ്‌ലിസുകൾ സംഘടിപ്പിടിച്ചേനെ!. എന്നാൽ ഇത്തരം തെറ്റിദ്ധാരണകൾ പ്രവാചകൻ (സ്വ) ക്കോ സ്വഹാബികൾക്കോ ഇല്ലായിരുന്നു. അതുകൊണ്ടാണ് വെറും പറച്ചിലുകൾ അല്ലാഹുവിന് ഇഷ്ടമില്ല എന്ന് വിശുദ്ധ ഖുർആനിൽ അല്ലാഹു ഓർമപ്പെടുത്തിയത്. അല്ലാഹു പറയുന്നു: يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لِمَ تَقُولُونَ مَا لَا تَفۡعَلُونَ كَبُرَ مَقۡتًا عِندَ ٱللَّهِ أَن تَقُولُواْ مَا لَا تَفۡعَلُونَ
(വിശ്വസിച്ചവരേ, നിങ്ങള്‍ ചെയ്യാത്തത് പറയുന്നതെന്തിനാണ്? ചെയ്യാത്തത് പറഞ്ഞുകൊണ്ടിരിക്കുകയെന്നത് അല്ലാഹുവിന് ഏറെ വെറുപ്പുള്ള കാര്യമാണ്)
റസൂൽ (സ്വ) പറയുന്നു: ما من عبد قال لا إله إلا الله ثم مات على ذلك إلا دخل الجنة (ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറഞ്ഞ ഒരു അടിമ, ആ വാചകത്തിന്റെ മേൽ മരണപ്പെടുകയും ചെയ്‌തു. അവൻ സ്വർഗത്തിൽ പ്രവേശിക്കും) ജീവിതത്തിൽ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പ്രഖ്യാപിച്ചത് കൊണ്ട് മാത്രം കാര്യമില്ല. ജീവിതത്തിന്റെ സമസ്ത മേഖലകളിലും അത് ഉണ്ടാകണം. കച്ചവടം ചെയ്യുമ്പോൾ, കളിക്കളത്തിൽ നിൽക്കുമ്പോൾ, ജോലി സ്ഥലത്ത്, വീട്ടിൽ തുടങ്ങി എല്ലാ അവസ്ഥകളിലും ആ വചനം നമ്മുടെ കൂടെ ഉണ്ടാകണം. ഒരുവൻ ഈ വചനം പ്രഖ്യാപിച്ച ശേഷം അവന്റെ ജീവിതത്തിൽ തെറ്റുകൾ ചെയ്തുപോവുകയും പിന്നീട് ഈ വചനമനുസരിച്ച് ജീവിക്കാൻ തീരുമാനിക്കുകയും ചെയ്താൽ കഴിഞ്ഞതെല്ലാം അല്ലാഹു പൊറുത്തു കൊടുക്കുമെന്ന് റസൂൽ (സ്വ) പറയുന്നു. ഈ വചനം വിശ്വാസികൾക്ക് മാത്രം ഉള്ളതല്ല. എന്നാൽ ലോകത്തിലെ സകല ജനങ്ങൾക്കും കൂടിയുള്ളതാണ്. അല്ലാഹു പറയുന്നു: وَمَآ أَرۡسَلۡنَا مِن قَبۡلِكَ مِن رَّسُولٍ إِلَّا نُوحِيٓ إِلَيۡهِ أَنَّهُۥ لَآ إِلَٰهَ إِلَّآ أَنَا۠ فَٱعۡبُدُونِ (“ഞാനല്ലാതെ ദൈവമില്ല. അതിനാല്‍ നിങ്ങള്‍ എനിക്കു വഴിപ്പെടുക” എന്ന സന്ദേശം നല്‍കിക്കൊണ്ടല്ലാതെ നിനക്കു മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല.)

എന്താണ് ലാ ഇലാഹ ഇല്ലല്ലാഹ് ?

ഈ വാചാകത്തിന് രണ്ട് ഭാഗങ്ങളുണ്ട്. അതിൽ ഒന്നാമത്തേത് ലാ ഇലാഹ എന്നതാണ്. ഒരു ഇലാഹും ഇല്ല എന്നാണ് അതിന്റെ അർത്ഥം. കുറച്ചു കൂടി വിശദീകരിച്ചാൽ ഇലാഹായി ഒന്നും തന്നെ ഇല്ല എന്നാണ് അതിന്റെ അർത്ഥം. അല്ലാഹു ഒരു മനുഷ്യനോട് ആദ്യം ആവശ്യപ്പെടുന്നത്, നിങ്ങൾ ഒരു ഇലാഹും ഇല്ല എന്ന് സമ്മതിക്കണം എന്നാണ്. മനസിലും ജീവിതത്തിലും ജീവിതത്തിലെ എല്ലാ ബന്ധങ്ങളിലും ഒരു ഇലാഹും ഇല്ല എന്ന് അംഗീകരിക്കലാണത്. ഇല്ലല്ലാഹ് എന്നതാണ് രണ്ടാമത്തെ ഭാഗം. അല്ലാഹു അല്ലാതെ എന്നാണ് അതിന്റെ അർത്ഥം. മനസിനേയും ജീവിതത്തേയും എല്ലാ അഴുക്കിൽ നിന്നും ശുദ്ധീകരിച്ച് അവിടെ അല്ലാഹു അല്ലാത്ത ഒരു ഇലാഹും ഇല്ല എന്ന് പ്രഖ്യാപിക്കലാണ് ലാ ഇലാഹ ഇല്ലല്ലാഹ് എന്ന വാചനത്തിലൂടെ ഒരു മനുഷ്യൻ ചെയ്യുന്നത്. ലാ ഇലാഹ ഇല്ലല്ലാഹ് എന്ന വചനം ഒരു വിശ്വാസിയുടെ ജീവിതത്തിൽ എങ്ങനെ ആകണം എന്നതിനെ കുറിച്ചുള്ള വളരെ മനോഹരമായ ഒരു ഉപമ വിശുദ്ധ ഖുർആനിൽ കാണാം. അല്ലാഹു പറയുന്നു: أَلَمۡ تَرَ كَيۡفَ ضَرَبَ ٱللَّهُ مَثَلٗا كَلِمَةٗ طَيِّبَةٗ كَشَجَرَةٖ طَيِّبَةٍ أَصۡلُهَا ثَابِتٞ وَفَرۡعُهَا فِي ٱلسَّمَآءِ (ഉത്തമ വചനത്തിന് അല്ലാഹു നല്‍കിയ ഉദാഹരണം എങ്ങനെയെന്ന് നീ കാണുന്നില്ലേ? അത് നല്ല ഒരു മരംപോലെയാണ്. അതിന്റെ വേരുകള്‍ ഭൂമിയില്‍ ആണ്ടിറങ്ങിയിരിക്കുന്നു. ശാഖകള്‍ അന്തരീക്ഷത്തില്‍ പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്നു.)

ലാ ഇലാഹ ഇല്ലല്ലാഹ് എന്ന മരത്തിന്റെ വേര് നമ്മുടെ ഹൃദയങ്ങളിൽ ആഴത്തിൽ ഊർന്നിറങ്ങണം. ഒരു കൊടുങ്കാറ്റിലോ മലവെള്ളപ്പാച്ചിലിലോ പിഴുതു പോകാത്ത വിധം ഉറച്ചു നിൽക്കണം. എല്ലാ പ്രലോഭനങ്ങളിലും പ്രതിസന്ധികളിലും ഈ വാചകം ഹൃദയത്തിൽ ശകതമായി തന്നെ ഉറച്ചു നിൽക്കണം. അതുപോലെ തന്നെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ലാ ഇലാഹ് ഇല്ലല്ലാഹ് എന്ന വചനം ഒരു മരത്തിന്റെ ശിഖരങ്ങൾ പോലെ പടർന്ന് പന്തലിക്കണം. വ്യക്തി ജീവിതത്തിൽ, കുടുംബത്തിൽ, സമൂഹത്തിൽ, രാഷ്ട്രീയത്തിൽ, വിദ്യാഭ്യാസത്തിൽ തുടങ്ങി എല്ലാ മേഖലകളിലും ഈ വചനം ഉണ്ടാകണം. തുടർന്ന് അല്ലാഹു പറയുന്നു: تُؤۡتِيٓ أُكُلَهَا كُلَّ حِينِۭ بِإِذۡنِ رَبِّهَاۗ وَيَضۡرِبُ ٱللَّهُ ٱلۡأَمۡثَالَ لِلنَّاسِ لَعَلَّهُمۡ يَتَذَكَّرُونَ
(എല്ലാ കാലത്തും അത് അതിന്റെ നാഥന്റെ അനുമതിയോടെ ഫലങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നു. അല്ലാഹു ജനങ്ങള്‍ക്ക് ഉപമകള്‍ വിശദീകരിച്ചുകൊടുക്കുന്നു. അവര്‍ ചിന്തിച്ചറിയാന്‍.) എല്ലാ കാലത്തും ഫലങ്ങൾ നൽകുന്ന നന്മയുടെ അടയാളമായി ലാ ഇലാഹ ഇല്ലാലാഹ് നമ്മുടെ ജീവിതത്തിൽ ഉണ്ടാകണം. മരത്തിന് ഒരു പ്രത്യേകതയുണ്ട്. അതിന്റെ വിത്തിന് എന്തെല്ലാം ഗുണങ്ങളുണ്ടോ ആ ഗുണങ്ങളെല്ലാം ആ മരത്തിന്റെ എല്ലായിടത്തും ഉണ്ടാകും. കാഞ്ഞിര മരത്തിന്റെ വിത്തിനുള്ള കൈപ്പും ചവർപ്പും അതിന്റെ ഇലകൾക്കും കായ്കൾക്കും കമ്പുകൾക്കും തൊലിക്കും ഉണ്ടാകും. അതുപോലെ ജീവിതത്തിന്റെ ഓരോ ഫലങ്ങളിലും ലാ ഇലാഹ ഇല്ലല്ലാഹ് ഉണ്ടാകണം. ഒരു വിശ്വാസിയുടെ ജീവിതത്തിൽ അഞ്ച് മേഖലകളാണ് ഉള്ളത്.
1. ആത്മീയ മേഖല – പള്ളിയും ആരാധനകളുമായി ബന്ധപ്പെട്ട മേഖല.
2. സാമ്പത്തിക മേഖല – ജീവിതോപാധിയുമായി ബന്ധപ്പെട്ട മേഖല.
3. സാമൂഹിക മേഖല – വിദ്യാഭ്യാസവും രാഷ്ട്രീയ പ്രവർത്തനങ്ങകളും അടങ്ങുന്ന മേഖല.
4. സാംസ്കാരിക മേഖല – ഭക്ഷണം, വസ്ത്രം, കല, സംഗീതം തുടങ്ങിയവയുമായി ബന്ധപ്പെട്ട മേഖല.
5. കുടുംബം.

ഈ അഞ്ച് മേഖലകളിലും ലാ ഇലാഹ ഇല്ലല്ലാഹ് എന്ന വാചകം കടന്ന് വരണം എന്നാണ് അല്ലാഹു പറയുന്നത്. ലാ ഇലാഹ ഇല്ലല്ലാഹ് എന്നത് പള്ളിയിൽ മാത്രം ഉണ്ടാകേടണ്ട ഒന്നല്ല. പള്ളിയിൽ നിന്ന് ഇറങ്ങിയ ശേഷം ഒരു വിശ്വാസി എന്ത് കഴിക്കണം എന്ന് തീരുമാനിക്കുമ്പോൾ, ഏത് വസ്ത്രം ധരിക്കണമെന്ന് ചിന്തിക്കുമ്പോൾ സമൂഹത്തിലും രാഷ്ട്രീയത്തിലും എങ്ങനെ ഇടപെടണം എന്ന് ആലോചിക്കുമ്പോൾ എന്ത് കാണണം, എന്ത് ആസ്വദിക്കണം എന്നൊക്കെ തെരെഞ്ഞെടുക്കുമ്പോൾ തുടങ്ങി എല്ലാ ഇടങ്ങളിലും ലാ ഇലാഹ ഇല്ലല്ലാഹ് എന്ന വാചനത്തിന് നമ്മൾ സ്ഥാനവും പ്രാധാന്യവും നൽകണം.
എല്ലാ മേഖലകളിലും അല്ലാഹുവല്ലാത്ത ഒരു ഇലാഹും നമുക്ക് ഉണ്ടാകില്ല എന്ന് തീരുമാനിക്കാൻ നമുക്ക് കഴിയണം. അല്ലാഹു പറയുന്നു: شَهِدَ ٱللَّهُ أَنَّهُۥ لَآ إِلَٰهَ إِلَّا هُوَ وَٱلۡمَلَٰٓئِكَةُ وَأُوْلُواْ ٱلۡعِلۡمِ قَآئِمَۢا بِٱلۡقِسۡطِۚ لَآ إِلَٰهَ إِلَّا هُوَ ٱلۡعَزِيزُ ٱلۡحَكِيمُ താനല്ലാതെ ദൈവമില്ലെന്നതിന് അല്ലാഹു സാക്ഷ്യം ‎സമര്‍പ്പിച്ചിരിക്കുന്നു. മലക്കുകളും ജ്ഞാനികളുമെല്ലാം ‎അതിനു സാക്ഷ്യം വഹിച്ചിട്ടുണ്ട്. അവന്‍ നീതി ‎നടത്തുന്നവനത്രെ. അവനല്ലാതെ ദൈവമില്ല. പ്രതാപിയും ‎യുക്തിമാനുമാണവന്‍. ‎

 

തയ്യാറാക്കിയത് : മുഷ്താഖ് ഫസൽ

Related Articles