Current Date

Search
Close this search box.
Search
Close this search box.

പാപക്കയത്തിൽ മുങ്ങിയവർക്കുള്ള മോചനവഴിയാണ് തൗബ

”ഒരു ദിവസം ഇശാ നമസ്‌കാരാനന്തരം പള്ളിയില്‍ നിന്ന് തിരിച്ചുവന്നപ്പോള്‍ ഒരു സ്ത്രീ എന്റെ വീട്ടുവാതില്‍ക്കല്‍ നില്‍ക്കുന്നു. അവരെ അഭിവാദ്യം ചെയ്ത ശേഷം ഞാന്‍ മുറിയില്‍ കടന്നു വാതിലടച്ചു സുന്നത്തു നമസ്‌കരിക്കാന്‍ തുടങ്ങി. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ അവര്‍ വാതിലില്‍ മുട്ടി. ഞാന്‍ വാതില്‍ തുറന്നു എന്തുവേണമെന്നന്വേഷിച്ചു. അവര്‍ പറഞ്ഞു: ‘ഞാന്‍ താങ്കളോട് ഒരു കാര്യം ചോദിച്ചറിയാന്‍ വന്നതാണ്. ഞാന്‍ അവിഹിതവേഴ്ചയില്‍ ഏര്‍പ്പെടുകയും ഗര്‍ഭം ധരിക്കുകയും ചെയ്തിരുന്നു. പ്രസവിച്ചപ്പോള്‍ ശിശുവിനെ കൊന്നുകളഞ്ഞു. എന്റെ ഈ മഹാപാപങ്ങള്‍ പൊറുക്കപ്പെടാന്‍ വല്ല മാര്‍ഗവുമുണ്ടോ എന്നാണ് ഇപ്പോഴെനിക്കറിയേണ്ടത്.’ ഞാന്‍ പറഞ്ഞു: ‘ഒരിക്കലുമില്ല’. അവര്‍ വലിയ വ്യസനത്തോടെ നെടുവീര്‍പ്പിട്ട് തിരിച്ചുനടന്നു. അവര്‍ വിലപിക്കുന്നുണ്ടായിരുന്നു: ‘ഹാ, കഷ്ടം!! അഗ്നിക്കുവേണ്ടിയാണല്ലോ ഈ സൗന്ദര്യമുണ്ടായത്!!’ പ്രഭാതത്തില്‍ സ്വുബ്ഹ് നമസ്‌കാരത്തില്‍നിന്നു വിരമിച്ചപ്പോള്‍ ഞാന്‍ രാത്രിയിലെ സംഭവം പ്രവാചകനെ (സ) കേള്‍പ്പിച്ചു. അവിടുന്നു പറഞ്ഞു: ‘ഓ അബൂഹുറയ്‌റ, താങ്കള്‍ വളരെ അബദ്ധമായ മറുപടിയാണല്ലോ കൊടുത്തത്. ഖുര്‍ആനിലെ
‘അല്ലാഹുവോടൊപ്പം മറ്റു ദൈവങ്ങളെ വിളിച്ചുപ്രാര്‍ഥിക്കാത്തവരുമാണവര്‍. അല്ലാഹു ആദരണീയമാക്കിയ ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിക്കാത്തവരും. വ്യഭിചരിക്കാത്തവരുമാണ്. ഇക്കാര്യങ്ങള്‍ ആരെങ്കിലും ചെയ്യുകയാണെങ്കില്‍ അവന്‍ അതിന്റെ പാപഫലം അനുഭവിക്കുകതന്നെ ചെയ്യും. (Sura 25 : Aya 68)

പശ്ചാത്തപിക്കുകയും സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. അത്തരക്കാരുടെ തിന്മകള്‍ അല്ലാഹു നന്മകളാക്കി മാറ്റും. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാണ്. (Sura 25 : Aya 70)

എന്ന സൂക്തം താങ്കള്‍ വായിച്ചിട്ടില്ലേ?’ പ്രവാചകന്റെ ഈ മറുപടി കേട്ട ഞാന്‍ ആ സ്ത്രീയെ അന്വേഷിച്ചു നടക്കാന്‍ തുടങ്ങി. ഇശാ നേരത്താണ് അവരെ കണ്ടെത്താന്‍ കഴിഞ്ഞത്. അവരുടെ ചോദ്യത്തിന് ദൈവിക ദൗത്യത്തിന്റെ ആസ്ഥാനത്തുനിന്നു ലഭിച്ച ശുഭകരമായ മറുപടി ഞാനവരെ അറിയിച്ചു. അതുകേട്ടപാടെ അവര്‍ സുജൂദില്‍ വീണുകൊണ്ടു പറഞ്ഞുതുടങ്ങി: ‘എനിക്ക് പാപമോചനത്തിന്റെ കവാടം തുറന്നുതന്ന പരിശുദ്ധനായ അല്ലാഹുവിന് ശുക്ര്‍.’ പിന്നീടവര്‍ കുറ്റങ്ങളില്‍നിന്നു പശ്ചാത്തപിച്ചു. തന്റെ ഒരു ദാസിയെ അവളുടെ കുട്ടിയോടൊപ്പം മോചിപ്പിക്കുകയും ചെയ്തു.” ( തഫ്ഹീമുൽ ഖുർആൻ)

മുകളിൽ സൂചിപ്പിച്ച സംഭവത്തിൽ രണ്ട് വലിയ കുറ്റം ചെയ്ത ആ സഹോദരിക്ക് ഈ ആയത്തുകൾ വെച്ചുകൊണ്ട് പ്രതീക്ഷ നൽകുകയാണ് പ്രവാചകൻ. പാപക്കയത്തിൽ മുങ്ങിയവർക്കുള്ള മോചനവഴിയാണ് തൗബയെന്ന് പ്രവാചകൻ വ്യക്തമാക്കുകയാണിവിടെ. ഖുർആനിൽ അല്ലാഹുവിൻെറ കാരുണ്യത്തിൽ പ്രതീക്ഷയർപ്പിക്കാനാണ് പറയുന്നത്.

Also read: ഖിയാമുന്നഹാർ അഥവാ പകൽ നമസ്കാരങ്ങൾ

തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനാണ്; പരമദയാലുവും. (Sura 42 : Aya 5)

പറയുക: തങ്ങളോടുതന്നെ അതിക്രമം കാണിച്ച എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശരാവരുത്. സംശയംവേണ്ട. അല്ലാഹു എല്ലാ പാപങ്ങളും പൊറുത്തുതരുന്നവനാണ്. ഉറപ്പായും അവന്‍ ഏറെ പൊറുക്കുന്നവനാണ്. പരമദയാലുവും. (Sura 39 : Aya 53)

കൊടും പാതകം ചെയ്ത മനുഷ്യരെ എൻെറ പ്രിയപ്പെട്ട ദാസൻമാരെ എന്ന് വിളിച്ചുകൊണ്ട് ആശ്വസിപ്പിക്കുന്നത്. അല്ലാഹുവിൻെറ കാരുണ്യത്തിൽ നിങ്ങള്‍ക്ക് നിരാശവേണ്ട എന്ന് പറയുന്നത് നമ്മെ സ്നേഹിക്കുന്ന നാഥൻ തന്നെയാണ്. ആത്മാർത്ഥമായ തൗബയാണ് അല്ലാഹു നമ്മോട് ആവശ്യപ്പെടുന്നത്.

വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവോട് പശ്ചാത്തപിക്കുക. ആത്മാര്‍ഥമായ പശ്ചാത്താപം. നിങ്ങളുടെ നാഥന്‍ നിങ്ങളുടെ തിന്മകള്‍ മായിച്ചുകളയുകയും താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്‌തേക്കാം. അല്ലാഹു തന്റെ പ്രവാചകനെയും കൂടെയുള്ള വിശ്വാസികളെയും നിന്ദിക്കാത്ത ദിനമാണത്. അവരുടെ മുന്നിലും വലതുഭാഗത്തും തങ്ങളുടെതന്നെ പ്രകാശം പ്രസരിച്ചുകൊണ്ടിരിക്കും. അവര്‍ പറയും: ഞങ്ങളുടെ നാഥാ! ഞങ്ങളുടെ പ്രകാശം ഞങ്ങള്‍ക്കു നീ പൂര്‍ത്തീകരിച്ചു തരേണമേ! ഞങ്ങളോട് നീ പൊറുക്കേണമേ! നീ എല്ലാറ്റിനും കഴിവുറ്റവന്‍തന്നെ; തീര്‍ച്ച. (Sura 66 : Aya 8)

ആത്മാർത്ഥ തൗബ എന്താണ്?

ഒരിക്കൽ ഒരു ഗ്രാമീണൻ പളളി യിലിരുന്ന് തൗബയുടേയും പാപമോചനത്തിൻെറയും വരികൾ വേഗത്തിൽ ഉരുവിടുന്നത് അലി( റ) വിൻെറ ശ്രദ്ധയിൽപെട്ടു.  അലി (റ )പറഞ്ഞു ഇത് വ്യാജൻമാരുടെ തൗബയാണ്.  അപ്പോൾ ഗ്രാമീണൻ എന്നാൽ യഥാർത്ഥ തൗബയെന്താണ്? അലി റ പറഞ്ഞു,  ആറുകാര്യങൾ ചേർന്നതാണ് യഥാർത്ഥ തൗബ

Also read: അല്ലാഹുവിൻ്റെ വർണത്തേക്കാൾ സുന്ദരമായ വർണം മറ്റേതുണ്ട്

1)ചെയ്തുപോയ തെറ്റുകുറ്റങ്ങളിലെ ഖേദം
2)വീഴ്ചവരുത്തിയ കടമകൾ നിർവ്വഹിക്കുക
3)ആരോടെങ്കിലും വല്ല ബാധ്യതയുമുണ്ടങ്കിൽ അത് തീർക്കുക
4)ദ്രോഹിച്ചിട്ടുണ്ടങ്കിൽ ക്ഷമ ചോദിക്കുക
5)ഭാവിയിൽ തെറ്റ്ചെയ്യില്ലന്ന ദൃഢനിശ്ചയം ചെയ്യുക
6)മുമ്പ് ദൈവധിക്കാരത്തിൽ മുഴുകിയ പോലെ ദൈവാനുസാരത്തിൽ മുഴുകുക

ഒരു തിന്മ ചെയ്തു എന്നു കരുതി മനുഷ്യനെ പാടെ ഉപേക്ഷിക്കുകയും നരകാവകാശിയായി മുദ്രകുത്തുകയും ചെയ്യുന്ന രീതി ഇസ്ലാമിലില്ല. ഏറ്റവും വലിയ കാരുണ്യവാനും സൃഷ്ടികളോട് അങ്ങേയറ്റം കൃപയുള്ളവനുമായ അല്ലാഹു എല്ലാ തെറ്റുകളും പൊറുത്തു തരുമെന്ന് നമ്മോട് വാഗ്ദാനം ചെയ്തിട്ടുണ്ട്. നിഷ്കളങ്കമായ പ്രായശ്ചിത്വത്തിനു മുന്നില്‍ ഏതു തെറ്റും പൊറുപ്പിക്കാവുന്നതാണ്. ദോശങ്ങളില്‍ നിന്ന് തൗബ ചെയ്ത് മടങ്ങിയവന്‍ തീരെ തെറ്റുചെയ്യാത്തവനെ പോലെയാണെന്ന് തിരുനബിയുടെ അധ്യാപനമുണ്ട്.
തെറ്റുകളില്‍ നിന്ന് പശ്ചാതപിച്ച് മടങ്ങുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു. ഖുര്‍ആന്‍ പറയുന്നു ‘ തീര്‍ച്ചയായും അല്ലാഹു പശ്ചാതപിക്കുന്നവരെയും ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു’ (2: 222)

ഒരു ഖുദുസിയായ ഹദീസിൽ നമക്ക് ഇങ്ങിനെ കാണാം,  “എന്റെ ദാസന്മാര്‍ രാത്രിയിലും പകലും തെറ്റുകള്‍ ചെയ്യുന്നു. ഞാനെല്ലാ തെറ്റുകളും പൊറുക്കുന്നു. അതിനാല്‍ എന്നോട് പാപമോചനം തേടുവിന്‍. ഞാന്‍ നിങ്ങള്‍ക്കു പൊറുത്തുതരും.”
(മുസ്‌ലിം)

തെറ്റുകൾ സംഭവിക്കാത്തവരില്ല,  അതിനാൽ തൗബ അല്ലാഹുവിൻെറ കാരുണ്യമാണ്.  റമദാനിൻെറ അവസരങൾ അതിന് ഉപയോഗിക്കുക . കാരുണ്യവാനായ അല്ലാഹു നമ്മെ കാത്തിരിക്കുന്നുണ്ട്. തൗബ നീട്ടി വെക്കരുത് എന്നത് ഖുർആനിക പാഠമാണ്.അല്ലാഹു പറയുന്നു. അറിയുക: അറിവില്ലായ്മ കാരണം തെറ്റ് ചെയ്യുകയും ഒട്ടും വൈകാതെ പശ്ചാതാപിക്കുകയും ചെയ്യുന്നവര്‍ക്കുള്ളതാണ് പശ്ചാത്താപം. അവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കും. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്. (Sura 4 : Aya 17)

Also read: സൂര്യപ്രകാശം പോലെ ജീവവായു പോലെ

തൗബ ചെയ്യാത്തവൻ കാഫിറായിട്ടാണ് മരിക്കുന്നതെന്ന് ഖുർആൻ,  തെറ്റുകള്‍ ചെയ്തുകൊണ്ടിരിക്കുകയും മരണമടുക്കുമ്പോള്‍ “ഞാനിതാ പശ്ചാത്തപിച്ചിരിക്കുന്നു” എന്നു പറയുകയും ചെയ്യുന്നവര്‍ക്കുള്ളതല്ല പശ്ചാത്താപം. സത്യനിഷേധികളായി മരണമടയുന്നവര്‍ക്കുള്ളതുമല്ല. അവര്‍ക്കു നാം ഒരുക്കിവെച്ചത് വേദനയേറിയ ശിക്ഷയാണ്. (Sura 4 : Aya 18)

ഫറോവയുടെ സംഭവം നല്ല ഉദാഹരണമാണ് . ഇസ്രയേല്‍ മക്കളെ നാം കടല്‍ കടത്തി. അപ്പോള്‍ ഫിര്‍ഔനും അവന്റെ സൈന്യവും അക്രമിക്കാനും ദ്രോഹിക്കാനുമായി അവരെ പിന്തുടര്‍ന്നു. അങ്ങനെ മുങ്ങിച്ചാകുമെന്നായപ്പോള്‍ ഫിര്‍ഔന്‍ പറഞ്ഞു: “ഇസ്രയേല്‍ മക്കള്‍ വിശ്വസിച്ചവനല്ലാതെ ദൈവമില്ലെന്ന് ഞാനിതാ വിശ്വസിച്ചിരിക്കുന്നു. ഞാന്‍ മുസ്‌ലിംകളില്‍ പെട്ടവനാകുന്നു.” (Sura 10 : Aya 90):

എന്നാല്‍ നമ്മുടെ ശിക്ഷ കണ്ടുകഴിഞ്ഞ ശേഷമുള്ള വിശ്വാസം അവര്‍ക്കൊട്ടും ഉപകരിച്ചില്ല. അല്ലാഹു തന്റെ ദാസന്മാരുടെ കാര്യത്തില്‍ നേരത്തെ സ്വീകരിച്ചുപോന്ന നടപടിക്രമമാണിത്. അതോടെ സത്യനിഷേധികള്‍ കൊടിയ നഷ്ടത്തിലകപ്പെടുന്നു. (Sura 40 : Aya 85)

സത്യനിഷേധികളായി ജീവിക്കുകയും സത്യനിഷേധികളായിത്തന്നെ മരിക്കുകയും ചെയ്തവരില്‍ ആരെങ്കിലും ഭൂമി നിറയെ സ്വര്‍ണം പ്രായശ്ചിത്തമായി നല്‍കിയാലും അവരില്‍നിന്നത് സ്വീകരിക്കുന്നതല്ല; അവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ട്. അവര്‍ക്ക് സഹായിയായി ആരുമുണ്ടാവില്ല. (Sura 3 : Aya 91)

Also read: ഇന്ത്യ ഭരിച്ച നാല് ആഫ്രിക്കക്കാർ

പാപങ്ങളില്‍ നിന്നും അകന്ന് കഴിയുക.പാപങ്ങള്‍ അല്ലാഹുവിനും മനുഷ്യ മനസ്സുകള്‍ക്കുമിടയിലുള്ള മറകളാണ്. മനസ്സ് അല്ലാഹുവില്‍ നിന്നും അകന്ന് നാശമായവന്‍റെ ദുന്‍യാവും ആഖിറവും നശിക്കുന്നതാണ്. നാളെ നമുക്ക് ഉപകാരപ്പെടുന്നത് പാപരഹിതമായ നമ്മുടെ ഹൃദയമാണ്.
“സമ്പത്തോ സന്താനങ്ങളോ ഒട്ടും ഉപകരിക്കാത്ത ദിനമാണത്. കുറ്റമറ്റ മനസ്സുമായി അല്ലാഹുവിന്റെ സന്നിധിയില്‍ ചെന്നെത്തിയവര്‍ക്കൊഴികെ.” (Sura 26 : Aya 88, 89)

അല്ലാഹു സ്നേഹിച്ചവരുടെ കൂട്ടത്തിൽ എത്തിപ്പെടുക എന്നത് വലിയ കാര്യമാണ്. അതുതന്നെയാണ് വിശ്വാസിയുടെ തേട്ടവും.

“അല്ലാഹു അവന്റെ ഒരു അടിമയെ ഇഷ്ടം വെക്കുമ്പോൾ അവൻ മുഖറബായ മാലാഖ ജിബ്‌രീൽ(അ) മിനോട് പറയും: “അല്ലയോ ജിബ്‌രീൽ ഞാൻ ഇന്നാലിന്ന മനുഷ്യനെ സ്നേഹിക്കുന്നു, അതിനാൽ തന്നെ നിങ്ങളും അവനെ സ്നേഹിക്കുക.” അങ്ങനെ ജിബ്രീൽ(അ) ആ മനുഷ്യനെ ഇഷ്ടം വെക്കാൻ തുടങ്ങുന്നു. ശേഷം ആകാശ ലോകത്തെ അന്തേവാസികളായ മലാഇക്കതിനോട് മുഴുക്കെ ജിബ്രീൽ വിളംബരം ചെയ്യും: “അല്ലാഹു ഇന്നാലിന്ന മനുഷ്യനെ ഇഷ്ടപ്പെടുകയും അതിനാൽ അവനെ ഇഷ്ടപ്പെടാൻ കൽപ്പിക്കുകയും ചെയ്തു”. അങ്ങനെ മാലാഖമാർ മുഴുക്കെ അവനെ ഇഷ്ടപ്പെടാൻ തുടങ്ങുന്നു.തുടർന്ന് അവന്‌ ഭൂമിയിലുള്ളവർക്കിടയിൽ അവന് അല്ലാഹു സ്വീകാര്യത നൽകുകയും ചെയ്യുന്നു” (ബുഖാരി)

Also read: പരിധിവിടുന്ന പ്രാർഥനകളുടെ അഞ്ച് രീതികൾ

അല്ലാഹുവിന്റെ ഒരു ദാസന്‍ തെറ്റുകളില്‍ നിന്നെല്ലാം പശ്ചാത്തപിച്ച് ഇസ്തിഗ്ഫാർ നടക്കുമ്പോൾ അല്ലാഹു സന്തോഷിക്കുന്നതാണെന്ന് നബി(സ) അറിയിച്ച് തന്നിട്ടുണ്ട്. നബി(സ) പറഞ്ഞു:യാത്രാമദ്ധ്യേ മരുഭൂമിയില്‍ വെച്ച് ഭക്ഷണവും വെള്ളവും ചുമന്നിരുന്ന ഒട്ടകം നിങ്ങളിലൊരാള്‍ക്ക് നഷ്ടപ്പെട്ടു. തെരഞ്ഞു പിടിക്കുന്നതിനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ട് ഒരു വൃക്ഷ ചുവട്ടില്‍ ഇരിക്കുമ്പോഴതാ ഒട്ടകം അവന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. മൂക്കുകയര്‍ പിടിച്ച് അതിരറ്റ സന്തോഷത്താല്‍ അവന്‍ പറഞ്ഞുപോയി. അല്ലാഹുവേ, നീ എന്റെ ദാസനും ഞാന്‍ നിന്റെ നാഥനുമാണ്. സന്തോഷാധിക്യത്താല്‍ അദ്ദേഹം മാറി പറഞ്ഞതാണ്. അയാളേക്കാള്‍ ഉപരിയായി തന്റെ ദാസന്റെ പശ്ചാത്താപത്തില്‍ സന്തോഷിക്കുന്നവനാണ് അല്ലാഹു.(മുസ്ലിം)

നബി(സ) പറഞ്ഞു: ‘ആദം സന്തതികളില്‍ മുഴുവനും തെറ്റ് ചെയ്യുന്നവരാണ്. എന്നാല്‍ തെറ്റ് ചെയ്യുന്നവരില്‍ ഉത്തമര്‍ പശ്ചാത്തപിക്കുന്നവരും’. (ഇബ്നു മാജ)

തൗബയും ഇസ്തിഗ്ഫാറും വിനയമുള്ള മനുഷ്യരുടെ അടയാളങ്ങളാണ്. സൂറ മുഹമ്മദിൽ പ്രവാചകനോട് പാപമോചനം നടത്താനുള്ള കൽപ്പനയെ തഫ്ഹീമുൽ ഖുർആനിൽ മൗദൂദി സാഹിബ് വിശദീകരിച്ചത് ഇങ്ങനെയാണ്.

‘എനിക്കു ചെയ്യാവുന്നതൊക്കെ ഞാന്‍ ചെയ്തുകഴിഞ്ഞിരിക്കുന്നു എന്ന വ്യാമോഹത്തില്‍ ഒരിക്കലും വീണുപോകരുത്. എന്റെ നാഥന്‍ എന്നിലര്‍പ്പിച്ച ഉത്തരവാദിത്വങ്ങള്‍ ഇനിയും പൂര്‍ത്തീകരിക്കാനായിട്ടില്ല എന്ന വിചാരമാണ് എപ്പോഴും അവനില്‍ ഉണ്ടായിരിക്കേണ്ടത്. എപ്പോഴും സ്വന്തം വീഴ്ചകള്‍ ഏറ്റുപറഞ്ഞ് അവന്‍ ഇങ്ങനെ പ്രാര്‍ഥിച്ചുകൊണ്ടിരിക്കണം: ‘നാഥാ, നിന്നെ സേവിക്കുന്നതില്‍ എന്നില്‍ വന്നുപോയ വീഴ്ചകള്‍ പൊറുത്തുതരേണമേ.’ ഇതത്രേ പ്രവാചകനോട്, ‘നിന്റെ തെറ്റുകള്‍ക്കു മാപ്പിരക്കുക’ എന്നു കല്‍പിക്കുന്നതിന്റെ യഥാര്‍ഥ പൊരുള്‍. നബി (സ) മനഃപൂര്‍വം വല്ല കുറ്റവും ചെയ്തിരുന്നു-മആദല്ലാഹ്-എന്നല്ല ഇതിനര്‍ഥം. പ്രത്യുത, മറ്റേത് ദൈവദാസരെക്കാളും അധികമായി അല്ലാഹുവിനെ ആരാധിച്ചിരുന്ന ദാസന്നുപോലും തന്റെ കര്‍മാവലിയുടെ പേരില്‍ അഹന്തയുടെ യാതൊരു ഛായയും മനസ്സിലണിയാവുന്ന അവസ്ഥയില്ല എന്നാണതിന്റെ യഥാര്‍ഥ ആശയം. തന്റെ മഹത്തായ സേവനങ്ങളെല്ലാമുള്ളതോടൊപ്പംതന്നെ അദ്ദേഹം പോലും നാഥന്റെ മുമ്പില്‍ വീഴ്ചകളേറ്റുപറഞ്ഞ് മാപ്പുതേടിക്കൊണ്ടിരിക്കേണ്ട അവസ്ഥയിലാണുള്ളത്. ഈ നിലപാടിന്റെ സ്വാധീനതയാലായിരുന്നു നബി(സ) സദാ പാപമോചന പ്രാര്‍ഥനയിലേര്‍പ്പെട്ടുകൊണ്ടിരുന്നത്.( തഫ്ഹീമുൽ ഖുർആൻ)

Also read: ചരിത്രം ഉറങ്ങുന്ന അലക്സാണ്ടറിയ

പ്രവാചകൻ (സ) എപ്പോഴും ഇങ്ങനെ പ്രാർത്ഥിക്കാറുണ്ടായിരുന്നു.

അല്ലാഹുവേ! എന്‍റെ പിഴവും, എന്‍റെ അജ്ഞതയും, എന്‍റെ കാര്യത്തില്‍ ഞാന്‍ ക്രമം തെറ്റിയതും, എന്നെക്കാള്‍ നിനക്കറിയാവുന്നതുമെല്ലാം നീ എനിക്കു പൊറുത്തുതരേണമേ! അല്ലാഹുവേ! ഞാന്‍ കാര്യമായി ചെയ്തതും, തമാശയായി ചെയ്തതും, ഞാന്‍ അബദ്ധം ചെയ്തതും, കല്‍പിച്ചുകൂട്ടിചെയ്തതും, എനിക്കു നീ പൊറുത്തു തരേണമേ; അങ്ങിനെയുള്ള എല്ലാ തെറ്റുകളും എന്‍റെ പക്കലുണ്ട്. അല്ലാഹുവേ! ഞാന്‍ മുമ്പ് ചെയ്തതും, പിന്നീടു ചെയ്യുന്നതും, ഞാന്‍ സ്വകാര്യമാക്കിവെച്ചതും, പരസ്യമാക്കിയതും, എന്നെക്കാള്‍ നിനക്കറിയാവുന്നതുമെല്ലാം എനിക്ക് നീ പൊറുത്തുതരേണമേ! നീയാണ് – എല്ലാ കാര്യവും – മുന്നോട്ടാക്കുന്നവന്‍, നീയാണ് – എല്ലാം – പിന്നോട്ടാക്കുന്നവനും. നീ എല്ലാ കാര്യത്തിനും കഴിവുള്ളവനുമാകുന്നു. (ബു; മു)

നബി(സ) പറഞ്ഞു: ജനങ്ങളെ , നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് മടങ്ങുകയും അവനോട് പാപമോചനത്തിന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുക. കാരണം ഞാന്‍ ദിവസവും നൂറ് പ്രാവശ്യം (അല്ലാഹുവിലേക്ക് ഖേദിച്ച്) മടങ്ങുന്നു. (മുസ്ലിം)

ശൈഖുൽ ഇസ്ലാം ഇബ്ന് തൈമിയ്യ  പറഞ്ഞു : ഹൃദയ വിശാലതയും ഈമാന്റെ മാധുര്യവും സന്മാർഗത്തിന്റെ പ്രകാശവും അനുഭവപ്പെടാത്തവർ തൗബയും ഇസ്തിഗ്ഫാറും വർദ്ധിപ്പിച്ചു കൊള്ളട്ടെ (അൽ ഫതാവാ അൽ കുബ്റാ :5/6)
പാപക്കയത്തിൽ മുങ്ങിയവർക്കുള്ള മോചനവഴിയാണ് തൗബ. കാരുണ്യവാനായ നാഥൻെറ കാരുണ്യത്തിൽ പ്രതീക്ഷയർപ്പിച്ച് നമ്മുടെ കരങ്ങൾ അവനിലേക്കുയരട്ടെ.

Related Articles