Jumu'a Khutba

“അല്ല, അത് ഒരു മനുഷ്യന്റേതാണ്”

നബി (സ്വ) യും ശിഷ്യരും ഒന്നിച്ചു ഒരിടത്തു ഇരിക്കുകയായിരുന്നു. അപ്പോൾ ശവമഞ്ചവുമായി ഒരു സംഘം ആളുകൾ അവരുടെ അരികിലൂടെ കടന്നു പോയി. ഉടൻ നബി (സ്വ) ആദരപൂർവം എഴുന്നേറ്റു നിന്നു. അപ്പോൾ ശിഷ്യന്മാരിൽ ഒരാൾ ചോദിച്ചു, “റസൂലേ, അതൊരു യഹൂദന്റെ ശവമഞ്ചമല്ലേ?” ഉടൻ വന്നു, നബി (സ്വ) യുടെ മറുപടി. “അല്ല, അത് ഒരു മനുഷ്യന്റേതാണ്.”

ഒരു നിമിഷനേരം മാത്രം നീണ്ടു നിന്ന ഈ സംഭവത്തിലൂടെ വിശ്വാസികളുടെ മനസ്സിൽ മനുഷ്യനോടുള്ള ആദരവ് നട്ടു പിടിപ്പിക്കുകയായിരുന്നു ദൈവദൂദൻ. എല്ലാം തിരിച്ചറിഞ്ഞിട്ടും സത്യത്തിനെതിരിൽ ആശയപരമായും ഭൗതികമായും ശത്രുത പുലർത്തിയവരായിരുന്നല്ലോ അന്നത്തെ യഹൂദ സമൂഹം. ‘അതൊരു ജൂതനാണ്’ എന്ന് ഓര്മപ്പെടുത്തിയപ്പോൾ മനുഷ്യൻ എന്ന മഹത്വം മുൻനിർത്തിയാണ് നബി സ്വ മറുപടി നൽകുന്നത്.

ഒരാൾ ആദരിക്കപ്പെടാൻ അയാൾ മനുഷ്യനാണെന്ന ഗുണം തന്നെ ധാരാളമാണ് എന്ന മഹാ സന്ദേശമാണ് ഈ സംഭവം നമുക്ക് തരുന്ന പാഠം.

മനുഷ്യരിൽ വ്യത്യസ്ത വിശ്വാസങ്ങളും ആശയങ്ങളും നിലനിൽക്കുക സ്വാഭാവികമാണ്. അപ്പോഴാണല്ലോ മനുഷ്യൻ മനുഷ്യനാവുന്നത്. അതിനാൽ വിരുദ്ധ ആദർശങ്ങൾ എല്ലാ കാലത്തും ലോകത്തു നിലനിൽക്കുമെന്നത് ഒരു ലളിതസത്യമാണ്. തന്റേതല്ലാത്ത മറ്റെല്ലാ വിശ്വാസങ്ങളും തുടച്ചു നീക്കൽ അസാധ്യമാണ്. സത്യസന്ദേശം എങ്ങനെ ഫലപ്രദമായി മനസ്സുകളിലേക്ക് കൈമാറാം എന്നതിലാണ് നാം ജാഗ്രത പുലർത്തേണ്ടത്. സമൂഹത്തിന്റെ പ്രതികരണങ്ങളെ കുറിച്ച് അല്ലാഹുവിങ്കൽ നാം ഉത്തരവാദികളാവുകയില്ലല്ലോ . അതിനാൽ ഭിന്ന വീക്ഷണങ്ങൾ നിലനിൽക്കെ തന്നെ നീതി, കാരുണ്യം, ഐക്യം, ഇണക്കം, അനുകമ്പ, സുഖദുഃഖങ്ങളിൽ പങ്കുചേരൽ തുടങ്ങിയ മാനവിക മൂല്യങ്ങൾ നാം എന്നും കാത്തു സൂക്ഷിക്കേണ്ടിയിരിക്കുന്നു. ‘ലോകർക്ക് മുഴുവൻ കാരുണ്യമായിട്ടല്ലാതെ നിന്നെ നാം നിയോഗിച്ചിട്ടില്ല’ എന്നാണല്ലോ നബി (സ്വ)യെ അള്ളാഹു പരിചയപ്പെടുത്തുന്നത്.

Also read: എന്തുകൊണ്ട് സഞ്ചാര സാഹിത്യം

സന്ദേശമെത്തിക്കുക എന്നതിലുപരി മുഖ്യ പ്രതിയോഗികളായിരുന്ന അബൂജഹലിനും ഉമറിനും സന്മാർഗം ലഭിക്കാനായി പ്രാര്ഥിക്കുന്നുമുണ്ട് പ്രവാചകൻ. മുഹമ്മദ് നബിക്ക് അവതരിച്ച വേദത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം പേര് പരാമർശിക്കപ്പെട്ട പ്രവാചകന്മാർ മൂസ (അ) യും ഈസാ (അ) യുമാണ്. സമുദായങ്ങൾക്കിടയിൽ അകലം കുറക്കുന്ന പാലമായി മാറുന്നുണ്ട് ഈ ആദരവ്.

ഹുദൈബിയ സന്ധിയുമായി ബന്ധപ്പെട്ട ചർച്ചക്കിടെ ഖുറൈശികളുടെ വക്താവുവായി രംഗത്ത് വന്ന സുഹൈൽ ബിൻ അംറിനെ കണ്ടപ്പോൾ അവിടുന്ന് ശിഷ്യന്മാരോടായി പറഞ്ഞു, “നിങ്ങളുടെ കാര്യം എളുപ്പമായിരിക്കുന്നുവല്ലോ”. സുഹൈലിന്റെ ലാളിത്യത്തെയും നല്ല പ്രകൃതത്തെയും നബി (സ്വ) പുകഴ്ത്തുകയായിരുന്നു. അദ്ദേഹത്തിന്റെ പേരിന്റെ അർത്ഥവും എളുപ്പം എന്നാണല്ലോ. ബഹുദൈവവിശ്വാസിയായിരുന്ന ലബീദ് എന്ന കവിയെ നബി (സ്വ)അഭിനന്ദിക്കുന്നുണ്ട്. “ഒരു കവി പറഞ്ഞതിൽ ഏറ്റവും സത്യമായ വാക്ക് ലബീദിന്റേതാണ്. അള്ളാഹു ഒഴികെ മറ്റെല്ലാം നിരർഥകമാണ് എന്ന് അദ്ദേഹം പറഞ്ഞിരിക്കുന്നു.” തന്റെ പ്രതിപക്ഷത്തു നിലയുറപ്പിച്ചിരുന്ന കവിയുടെ നന്മയെ അംഗീകരിക്കുകയായിരുന്നു മാതൃക നബി (സ്വ) . ക്രൈസ്തവ ഭരണാധികാരിയായിരുന്ന നജ്ജാശിയെ കുറിച്ച് അവിടുന്ന് പറയുന്നുണ്ട്. “അവിടെ ഒരു രാജാവുണ്ട്. അദ്ദേഹത്തിന്റെ അടുക്കൽ ആരും അക്രമിക്കപ്പെടുകയില്ല. അത് സത്യത്തിന്റെ നാടാണ്”. നന്മ ആരിൽ കണ്ടാലും അംഗീകരിക്കുക , നീതിപൂർവം വിലയിരുത്തുക എന്ന വലിയ ഗുണം നബി (സ്വ) യുടെ വാക്കുകളിൽ പ്രതിഫലിക്കുന്നു.

മദീന ഭരണാധികാരിയായിരുന്ന നബി (സ്വ) മറ്റു ഭരണാധികാരികളെ സത്യത്തിലേക്ക് ക്ഷണിച്ചു കൊണ്ട് അയച്ച കത്തുകളുടെ തുടക്കം ശ്രദ്ധിച്ചിട്ടുണ്ടോ? മഹാനായ റോമാ ചക്രവർത്തി ഹെർകുലീസിനു, മഹാനായ പേർഷ്യൻ ചക്രവർത്തി കിസ്രാക്ക്, കോപ്റ്റിക് രാജാവായ മഹാനായ മുഖൗഖിസിന്, ഇങ്ങനെ ആയിരുന്നു ആ കത്തുകളുടെ ആമുഖം. അവരുടെ ജനത അവർക്കു നൽകിയ ആദരവ് നബി (സ്വ)യും വകവെച്ചു കൊടുക്കുകയാണ്.

ഇവരിൽ പല ഭരണാധികാരികളുടെയും മറുപടി പ്രതികൂലമായിരുന്നിട്ടും അവരുടെ ദൂതന്മാരെ ആദരിക്കുകയും പാരിതോഷികങ്ങൾ നൽകി സന്തോഷിപ്പിക്കുകയും ചെയ്യുന്നുണ്ട് നയതന്ത്രജ്ഞനായിരുന്ന റസൂലുല്ലാഹി (സ്വ).

Also read: ആഇശയുടെ വിവാഹപ്രായവും വിമർശകരുടെ ഇരട്ടത്താപ്പും – 1

ഒരിക്കൽ നബിയുടെ അടുക്കൽ ഒരു ജൂത സംഘം വന്നു. അവർ അഭിവാദ്യ രൂപേണ ‘അസ്സാമു അലൈകും’ അഥവാ നിനക്കു നാശം സംഭവിക്കട്ടെ എന്ന് പറഞ്ഞു. കണ്ടു നിന്ന ആയിഷ(റ)ക്ക് കാര്യം പിടികിട്ടി. അവർ ഉടൻ തിരിച്ചു പറഞ്ഞു. “നിങ്ങൾക്കും മരണവും ശാപവുമുണ്ടാവട്ടെ”. ഇത് കേട്ട നബി (സ്വ) ആയിഷ ബീവിയെ തിരുത്തി. “ആയിഷാ അല്പം സാവകാശം കാണിക്കൂ. അല്ലാഹു സൗമ്യതയാണ് ഇഷ്ടപ്പെടുന്നത്. പരുക്കൻ പ്രകൃതത്തെ സൂക്ഷിക്കണം. ‘നിങ്ങൾക്കും അത് പോലെ’ എന്ന് മാത്രം പറഞ്ഞാൽ മതിയായിരുന്നു.”
ഇതര മതസ്ഥരോട് മാനുഷിക ബന്ധം നിലനിർത്താനും പുണ്യം ചെയ്യാനും പ്രേരിപ്പിച്ചിരുന്നു നബി(സ്വ).

അസ്മ (റ) ബഹുദൈവവിശ്വാസിനിയായിരുന്ന മാതാവിനോട് ബന്ധം ചേർക്കാമോ എന്ന് ചോദിച്ചപ്പോൾ ‘തീർച്ചയായും ബന്ധം ചേർക്കൂ’ എന്നാണു കാരുണ്യത്തിന്റെ നബി പ്രതിവചിക്കുന്നത്. മസ്ജിദുന്നബവിയിൽ നജ്‌റാനിൽ നിന്നെത്തിയ ക്രൈസ്തവ സംഘത്തിന് പ്രാർത്ഥന നിർവഹിക്കാൻ അവസരം നൽകിയ നബി (സ്വ) എക്കാലത്തെയും മനുഷ്യർക്ക് പരസ്പരം ഉൾക്കൊള്ളാനും ചേർത്ത് പിടിക്കാനുമുള്ള മഹത്തായ പാഠങ്ങൾ തന്നെയല്ലേ വിട്ടേച്ചു പോയത്?

‘നിശ്ചയം നാം അല്ലാഹു ആദം സന്തതിയെ ആദരിച്ചിരിക്കുന്നു’ എന്ന ഖുർആൻ വചനം നമുക്കും എന്നും പ്രചോദനമായിരിക്കട്ടെ.  സ്വല്ലല്ലാഹു അലാ മുഹമ്മദ്, സ്വല്ലല്ലാഹു അലൈഹി വ സല്ലം.

Facebook Comments

ബശീര്‍ മുഹ്‌യിദ്ദീന്‍

1970 ഫെബ്രുവരി 28-ന് കോഴിക്കോട് ജില്ലയിലെ നാദാപുരത്തെ ചീയൂരില്‍ ജനിച്ച ബശീര്‍ മുഹിയിദ്ധീന്‍ പ്രമുഖ പണ്ഡിതന്‍ കെ. മൊയ്തു മൗലവിയുടെ മകനാണ്. വാദിഹുദ സ്‌കൂള്‍ പഴയങ്ങാടി, കുറ്റിയാടി ഇസ്‌ലാമിയ കോളേജ്, കോഴിക്കോട് ദഅ്‌വ കോളേജ് എന്നിവിടങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി. പിതാവ് മൊയ്തു മൗലവി തന്നെയായിരുന്നു പ്രധാന ഗുരുനാഥന്‍. 1995 മുതല്‍ 2007 വരെ എറണാകുളത്തെ മദീന മസ്ജിദില്‍ ഇമാമായി സേവനം ചെയ്തു. 2008 മുതല്‍ എറണാകുളം ജില്ലയിലെ കലൂര്‍ ദഅ്‌വാ മസ്ജിദില്‍ ഇമാമായി സേവനം ചെയ്യുന്നു. ഖുര്‍ആനിക വിഷയങ്ങളില്‍ ആഴത്തില്‍ അവഗാഹമുള്ള ബശീര്‍ സാഹിബ് എറണാകുളത്തെ ശ്രദ്ധേയമായ ഖുര്‍ആന്‍ സ്റ്റഡി സെന്ററിലെ അധ്യാപകന്‍ കൂടിയാണ്. ഇസ്‌ലാമിക വിഷയങ്ങളെ ആസ്പദമാക്കി മീഡിയവണ്‍ ചാനലിലെ വഴിവിളക്ക് എന്ന പരിപാടിയുടെ അവതാരകന്‍ കൂടിയായ അദ്ദേഹം നല്ല ഒരു പ്രഭാഷകനുമാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker