Current Date

Search
Close this search box.
Search
Close this search box.

മാസപ്പിറവി തീരുമാനിക്കുന്നതിൽ ഏതിനാണ് മുൻഗണന

മാസപ്പിറവി തീരുമാനിക്കുന്നതിൽ ശരീഅത്തിന്റെ കാഴ്ചപ്പാടിൽ ഗോളശാസ്ത്ര കണക്കുകൾക്കാണോ അതോ ചാന്ദ്ര ദർശനത്തിനാണോ മുൻഗണന( നൽകേണ്ടതെന്ന ചർച്ചയിൽ യമനി അക്കാദമിക് ഗവേഷകൻ ഡോ. സ്വലാഹ് ആമിറുമായി നടത്തിയ അഭിമുഖം.)

അടുത്തിടെയാണ് താങ്കളുടെ ‘ഇൽമുൽ മവാഖീത്തി വൽ ഖിബിലത്തി വൽ അഹില്ല'(മാസപ്പിറവി, ഖിബില, നിസ്കാര സമയം എന്നിവയുടെ ജ്ഞാനശാസ്ത്രം) പുറത്തിറങ്ങിയത്. ഒരേ സമയം ശരീഅത്തും ഗോളശാസ്ത്രവും ചർച്ച ചെയ്യുന്ന ഗ്രന്ഥം. എന്താണ് ഇതിന്റെ പ്രതിപാദ്യ വിഷയം? എന്തുകൊണ്ടിത് പ്രാധാന്യം അർഹിക്കുന്നു?

നമസ്കാര സമയം, ഖിബില, മാസപ്പിറവിയും ഹിജ്റ കലണ്ടർ എന്ന രീതിയിൽ മൂന്ന് ഭാഗങ്ങൾ ആയാണ് ഞാനിത് എഴുതുന്നത്. ഒരേസമയംതന്നെ ശറഇയ്യായ പ്രമാണങ്ങളും കർമശാസ്ത്ര മസ്‌അലകളും ഗോളശാസ്ത്ര കണക്കുകളും ഞാനിതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശറഇയ്യായ വിധിവിലക്കുകളുടെയും ഗോളശാസ്ത്ര കണക്കുകൂട്ടലുകളുടെയും ഒരു സമ്മിശ്രമാകണം എന്റെ ഗ്രന്ഥം എന്ന ആഗ്രഹമാണ് അതിനു പിന്നിൽ.
നമസ്കാര സമയം, ഖിബില, മാസപ്പിറവി എന്നിവ സമകാലിക രീതികളും സമവാക്യങ്ങളും ഗോളശാസ്ത്ര കണക്കുകൂട്ടലുകളും ഉപയോഗിച്ച് തന്നെ മനസ്സിലാക്കാൻ ആകുമെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താൻ ഈ ഗ്രന്ഥം സഹായകമാകും എന്നത് തന്നെയാണ് ഇതിന്റെ പ്രാധാന്യം. ശരീഅത്തും ഗോളശാസ്ത്രവും വളരെ ലളിതമായ രീതിയിൽത്തന്നെയാണ് ഇതിൽ വിവരിച്ചിട്ടുള്ളത്. യാതൊരു പ്രയാസവുമില്ലാതെ വളരെ പെട്ടെന്നുതന്നെ ഏതൊരാൾക്കും അവ ഗ്രഹിച്ചെടുക്കാനാകും. ചുരുക്കത്തിൽ, ആധുനിക ഗോളശാസ്ത്രം അതിന്റെ ഏറ്റവും ലളിതമായ രീതിയിൽ തന്നെ വിശദീകരിച്ച്, കണക്കും സ്ഥലവും സമയവും സംബന്ധിച്ച ശറഇയ്യായ വിധികൾക്കത് ഉപകാരപ്രദമാക്കാനുള്ള ഒരു പരിശ്രമമാണിത്.

Also read: നോമ്പിന്‍റെ ഫിദ്‌യ

മാസപ്പിറവി, ഖിബില, നമസ്കാര സമയം എന്നിവയുടെ ജ്ഞാനശാസ്ത്രപരമായ പരിസരവും അതിലെ യുക്തിയുമെന്താണ്‌? എന്താണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്?

ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ ഒന്നാണ് നമസ്കാര. ശാരിഅ്(അല്ലാഹുവും മുഹമ്മദ് നബിയും) അതിനു പ്രത്യേക സമയങ്ങൾ നിർണ്ണയിച്ചിട്ടുണ്ട്. നിസ്കാരം ശരിയാകാൻ ഖിബിലക്ക്‌ മുന്നിടൽ പോലെ ചില നിബന്ധനകൾ പാലിക്കലും അനിവാര്യമാണ്. അപ്രകാരം നോമ്പും ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നാണ്. ശാരിഅ് അതിനു പ്രത്യേക മാസവും നിശ്ചയിച്ചിട്ടുണ്ട്. ഈ വീക്ഷണകോണിൽ നിന്നാണ് നിസ്കാര സമയങ്ങൾ, ഖിബിലയുടെ ദിശ, നോമ്പിന്റെയും ഹജ്ജിന്റെയും മാസങ്ങൾ, സകാത്ത് കൊടുക്കാൻ നിർബന്ധമാകുന്ന സമയം എന്നിവയുടെ ദീനിയായ വിധിവിലക്കുകൾ നാം ഗ്രഹിച്ചെടുക്കാൻ ശ്രമിക്കുന്നത്. അഥവാ ഹജ്ജ്, നോമ്പ്, നമസ്കാര അടക്കമുള്ള ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങൾക്ക് ജ്ഞാനശാസ്ത്രം അനിവാര്യമാണ്.

എങ്ങനെയാണ് ഈ ജ്ഞാനശാസ്ത്രം കരസ്ഥമാക്കുന്നത്? അതിന്റെ സ്രോതസ്സ് എന്താണ്?
യഥാർത്ഥത്തിൽ, യമനിലെ ഇബ്ബ് പ്രവിശ്യയിലുള്ള ജബല ഗ്രാമത്തിൽ നിന്നായിരുന്നു ആരംഭം. ശൈഖ് ഹമീദ് ഇബ്ൻ ഖാസിം അഖീലിൽ നിന്ന് ശാഫിഈ കർമശാസ്ത്രം പഠിച്ചുകൊണ്ടിരിക്കുമ്പോൾ അദ്ദേഹത്തിന്റെ നിർദ്ദേശത്തെതുടർന്നാണ് ഞാൻ വർഷങ്ങളും മാസങ്ങളും പ്രതിപാദിക്കുന്ന ചെറുപുസ്തകങ്ങൾ വായിക്കാനും പഠിക്കാനും തുടങ്ങുന്നത്. ചന്ദ്രനെക്കുറിച്ചെല്ലാം പൗരാണിക ഗ്രന്ഥങ്ങളിൽ ഞാൻ പരതിത്തുടങ്ങിയത് അങ്ങനെയാണ്. കർമശാസ്ത്ര വിദ്യാർത്ഥിയെ സംബന്ധിച്ചെടുത്തോളം അതെത്രത്തോളം അനിവാര്യമാണെന്ന് പഠിക്കുന്തോറും അതെന്നെ ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു.

പിന്നീട് ഞാൻ കുവൈത്തിൽ പോയി. അവിടെവെച്ച് ഗോളശാസ്ത്രജ്ഞനായ ഡോ. സ്വാലിഹ് അൽ അജീരിയെ കാണാനിടയായി. ഇൽമുൽ മവാഖീത്ത്(സമയ ശാസ്ത്രം) പോലെയുള്ള അദ്ദേഹത്തിന്റെ ഒരുപാട് രചനകൾ അദ്ദേഹത്തിൽനിന്ന് നേരിട്ട് തന്നെ ഞാൻ പഠിച്ചെടുത്തു. അദ്ദേഹത്തിന്റെ ശുപാർശ പ്രകാരം പിന്നീട് ഞാൻ കുവൈത്തിലെത്തന്നെ ബഹിരാകാശ ശാസ്ത്ര വകുപ്പിലെ സൈന്റിഫിക് ക്ലബ്ബിൽ ചേർന്നു. അവിടെ ഈജിപ്ഷ്യൻ ഗവേഷകനായ ഡോ. ഷഫീഖ് കാഹിലിന്റെ കീഴിലായിരുന്നു പഠനം. ഗോളശാസ്ത്രത്തിൽ അഗ്രകണ്യനായിരുന്ന അദ്ദേഹത്തിൽ നിന്നാണ് ട്രിഗണോമെട്രി, കോർഡിനേറ്റ് സയൻസ്, സ്റ്റെല്ലാർ ഗ്രൂപ്പ് അടക്കം ശരീഅത്തുമായി ബന്ധപ്പെട്ട എല്ലാ ഗോളശാസ്ത്രങ്ങളും ഞാൻ പഠിച്ചത്.

Also read: അവിവാഹിതരുടെ ചെവിയിലൊരു മന്ത്രം!

അപ്പോൾ ഗോളശാസ്ത്രത്തിൽ നിങ്ങളൊരു സ്പെഷ്യലിസ്റ്റ് ആയെന്നർത്ഥം?
ഇല്ല, ഗോളശാസ്ത്രത്തിൽ സ്പെഷ്യലിസ്റ്റ് ആണെന്നൊന്നും പറയാൻ പറ്റില്ല. കാരണം, നമ്മുടെ ജീവിതാന്ത്യം വരെ പഠിച്ചാലും തീരാത്ത ജ്ഞാന ശാഖകൾ ഗോളശാസ്ത്രത്തിനുണ്ട്. എന്റെ പഠനം ശരീഅത്തുമായി ബന്ധപ്പെട്ട വിഷയങ്ങളിലായിരുന്നു. കർമശാസ്ത്രവുമായി ബന്ധപ്പെട്ട ഗോളശാസ്ത്രങ്ങളും ആധുനിക സാഹചര്യത്തിൽ അതിന്റെ പ്രായോഗികതയുമാണ് ഞാൻ ഗവേഷണം നടത്തിയത്.

റമദാൻ മാസപ്പറവിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇസ്ലാമിക ലോകത്തുള്ള അഭിപ്രായഭിന്നതകൾ എന്തൊക്കെയാണ്?

പ്രധാനമായും രണ്ടു കാരണങ്ങളാണ് ഉള്ളത്. ഒന്ന്, ചന്ദ്രോദയം വ്യത്യസ്തമാകുമെന്ന ശാഫിഈ മദ്ഹബിന്റെ അഭിപ്രായത്തിനനുസരിച്ചുള്ള പ്രവർത്തനമാണ്. മറുപക്ഷത്ത് ഭൂരിപക്ഷം പണ്ഡിതന്മാരും ഇതിനോട് വിയോചിക്കുന്നു. ഏതെങ്കിലും ഒരു മുസ്‌ലിം രാജ്യത്ത് ചന്ദ്രനെക്കണ്ടാൽ മറ്റു എല്ലാ മുസ്‌ലിം രാജ്യങ്ങൾക്കും അതനുസരിച്ച് പ്രവർത്തിക്കൽ നിർബന്ധമാണെന്നാണ് അവരുടെ അഭിപ്രായം.
ഗോളശാസ്ത്ര കണക്കുകൂട്ടലുകൾ അനുസരിച്ചുള്ള മാസപ്പിറവിക്കനുസൃതമായി പ്രവർത്തിക്കാതെ കണ്ണ് കൊണ്ട് കണ്ടത് മാത്രം പ്രവർത്തന മാനദണ്ഡമാക്കുന്നതാണ് രണ്ടാമത്തേത്. എന്നാൽ, കണ്ണ് കൊണ്ട് കാണുന്നിടത്ത് രാജ്യങ്ങളുടെ രേഖാംശങ്ങളും ദൃശ്യപരതയുടെ അവസ്ഥകളും സ്ഥലങ്ങളും വിത്യസ്തമായിരിക്കും. അത് മുസ്ലിങ്ങളെ അഭിപ്രായഭിന്നതകളിലേക്ക് എത്തിക്കുന്നു.

റമദാൻ മാസം തീരുമാനിക്കുന്നതിൽ ചന്ദ്രക്കല കണ്ടുള്ള മാസപ്പിറവിയാണോ അതോ ഗോളശാസ്ത്രപരമായ കണക്കുകൂട്ടലുകളാണോ പരിഗണനയോഗ്യം?

മുൻകാല പണ്ഡിതന്മാരിൽ നിന്നും ആധുനിക പണ്ഡിതന്മാരിൽ നിന്നും ഭൂരിപക്ഷം ആളുകളും ചന്ദ്രനെക്കാണൽ തന്നെയാണ് മാസപ്പിറവിക്ക് മാനദണ്ഡമായി കാണുന്നത്. എന്നാൽ, പിൻകാല പണ്ഡിതന്മാരിൽ നിന്നും ആധുനിക പണ്ഡിതന്മാരിൽ നിന്നും ചിലർ മാസപ്പിറവി തീരുമാനിക്കുന്നതിൽ ഗോളശാസ്ത്രപരമായ കണക്കുകൂട്ടലുകൾ അനുവദനീയമാണെന്ന പക്ഷക്കാരാണ്‌.

Also read: വൈറസിനും ഹിന്ദുത്വ വയലൻസിനും ഇടയിലെ ഇന്ത്യൻ മുസ്ലിം ജീവിതം

ചന്ദ്രനെ നേരിട്ട് കാണലും ഗോളശാസ്ത്രപരമായ കണക്കുകൂട്ടലുകളും തമ്മിലുള്ള വ്യത്യാസം എന്താണ്?

ഭൂമിക്കും സൂര്യനും ചുറ്റുമുള്ള ചന്ദ്രന്റെ ചലനത്തിന്റെ ഗണിതശാസ്ത്രപരമായ പ്രവർത്തനങ്ങളുടെയും ഒരു ചന്ദ്രക്കല പൂർണ ചന്ദ്രനാകാൻ എടുക്കുന്ന സമയത്തിന്റെയുമെല്ലാം കണക്കുകൂട്ടലുകളാണ് ഗോളശാസ്ത്രവും. ചാന്ദ്ര ദർശനം(റുഇയത്ത്) എന്ന് പറയുന്നത് കണ്ണ് കൊണ്ടതിനെ നേരിട്ടുതന്നെ കാണുകയെന്നുള്ളത് മാത്രമാണ്. ഇതിൽ ഏതാണ് പരിഗണനീയമെന്ന് ചോദിച്ചാൽ അത് ഞാൻ നേരത്തെ സൂചിപ്പിച്ച അഭിപ്രായഭിന്നതകൾ പോലെത്തന്നെയാണ്.

ഗോളശാസ്ത്ര കണക്കുകളിൽ നിന്നും ചാന്ദ്ര ദർശനത്തിൽനിന്നും നിങ്ങൾ ഏതാണ് അവലംബിക്കുന്നത്?

ഗോളശാസ്ത്ര കണക്കുകളെക്കുറിച്ച് കൃത്യമായ അറിവ് എല്ലാവരും കരസ്ഥമാക്കേണ്ടതുണ്ട്. സമയം കൃത്യമായി ക്രമീകരിക്കുന്നതിൽ ഗോളശാസ്ത്രം ഇന്നൊരുപാട് മുന്നോട്ട് പോയിട്ടുണ്ട്. ചില ഗോളശാസ്ത്ര പണ്ഡിതർ പറയുന്നത് പോലെ ഒരു ലക്ഷത്തിൽ ഒന്ന് എന്ന രീതിയിൽ മാത്രമേ അതിൽ പിഴവ് സംഭവിക്കാറുള്ളു. നമസ്കാര സമയങ്ങൾക്ക് നാം ഗോളശാസ്ത്ര കണക്കുകൾ ഉപയോഗിക്കാറുണ്ടല്ലോ. കർമശാസ്ത്ര പണ്ഡിതന്മാരിൽ ആരും അതിനെ വിമർശിക്കാറുമില്ല. അപ്രകാരം തന്നെയാണ് ചന്ദ്ര, സൂര്യഗ്രഹണ സമയത്തും ഗോളശാസ്ത്ര കണക്കുകൾ കൃത്യമായിരിക്കും. ഒരു വർഷാരംഭത്തിൽ തന്നെ ആ വർഷാവസാനം വരെയുള്ള സംഭവങ്ങളെ വളരെ കൃത്യമായി രേഖപ്പെടുത്തി വെക്കാൻ ഗോളശാസ്ത്രത്തിന് സാധിക്കുന്നുണ്ട്. ചിലപ്പോൾ അടുത്തൊരു നൂറു വർഷത്തേക്കുള്ള സംഭവങ്ങളും രേഖപ്പെടുത്താറുണ്ട്. ചുരുക്കത്തിൽ, ഗോളശാസ്ത്രത്തിന്റെ കണക്കുകൂട്ടലുകൾ ഇന്ന് വളരെ കൃത്യമായ തലത്തിലേക്ക് എത്തിയിട്ടുണ്ട്. ഇമാം ഇബ്ൻ ഹജർ, ഇമാം നവവി, ഇമാം ഇബ്ൻ തൈമിയ്യ എന്നിവരുടെ കാലഘട്ടത്തിൽ ഗോളശാസ്ത്ര കണക്കുകളെ ഊഹവും അനുമാനവും ആയിട്ടാണ് അവർ കണക്കാക്കയിരുന്നത്.

ഇന്ന് ഗോളശാസ്ത്രം കൈവരിച്ചത്ര കൃത്യത കാണിക്കാൻ അക്കാലത്ത് സാങ്കേതിക വിദ്യ വികാസം പ്രാപിച്ചിട്ടുണ്ടായിരുന്നില്ല എന്നതിനാലാണ് മുൻകാല പണ്ഡിതന്മാർ ഇതിനെ എതിർത്തത്. ഇമാം ഇബ്ൻ ഹജറും ഇമാം നവവിയും ഇമാം ഇബ്ൻ തൈമിയ്യയും നക്ഷത്ര നോട്ടത്തോട് ഉപമിച്ച് അതിനെ നിരസിച്ചിട്ടുണ്ട്. അതിനാൽ ഞങ്ങളും അതംഗീകരിക്കില്ലെന്ന് പറയുന്നവരോട് പറയാനുള്ളത്, ഹജ്ജ് തീർഥാടനത്തിന് പോകാൻ ഒട്ടകത്തേക്കാൾ നല്ല മാർഗം ലഭിക്കാത്തതിനാൽ ഞാൻ ഒട്ടകത്തിന്മേലാണ് മക്കയിലേക്ക് പോകുന്നതെന്ന് ഹുങ്ക് നടിക്കുന്നവരേപ്പോലെയാണവർ. ഗോളശാസ്ത്രത്തെ അവലംബിക്കുന്നതിലെ സാമൂഹിക നന്മയാണ് നാം അന്വേഷിക്കേണ്ടത്. മുസ്‌ലിം സമുദായത്തിന്റെ ആചാരങ്ങളുടെ ഏകോപനം, ഇസ്‌ലാമിക രാഷ്ട്രത്തിന്റെ സ്വത്വത്തെ പ്രതിനിധീകരിക്കുന്ന ഹിജ്റ കലണ്ടർ ക്രമീകരണം, നിശ്ചിത സമയങ്ങൾ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള മറ്റു ആരാധനകളുടെ സമയ ഏകീകരണം തുടങ്ങിയവയാണ് മാസപ്പിറവിയിൽ ഗോളശാസ്ത്രം അവലംബിക്കുന്നതിലെ സാമൂഹിക നന്മകൾ.

അങ്ങനെയെങ്കിൽ, “ചന്ദ്രനെ കണ്ടാൽ നിങ്ങൾ നോമ്പെടുക്കുക” എന്ന ഹദീസിനെക്കുറിച്ച് എന്ത് പറയുന്നു? ചില പണ്ഡിതന്മാർ ഈയൊരു ഹദീസാണ് ചാന്ദ്ര ദർശനത്തിന് തെളിവായി ഉദ്ധരിക്കാരുള്ളത്. അതിനെക്കുറിച്ച് എന്ത് പറയുന്നു?

ചിലരെന്നല്ല, ഭൂരിപക്ഷം പണ്ഡിതരും ഈ ഹദീസ് തന്നെയാണ് ഉദ്ധരിക്കാറുള്ളത്. എന്നാൽ, ഇതൊരിക്കലും ഗോളശാസ്ത്രപരമായ കണക്കുകളോട് എതിരാകുന്നില്ല. തിരുനബിയുടെ കാലത്തെ മാസപ്പിറവി നിർണയത്തിന്റെ മാർഗത്തെക്കുറിച്ചുള്ള വിശദീകരണമാണത്. എന്നാൽ, “നാം നിരക്ഷരരായ സമൂഹമാണ്. അതിനാൽ നാം കണക്കുകൂട്ടി നോക്കുകയോ എഴുതി ക്ലിപ്തപ്പെടുത്തി നോക്കുകയോ ഇല്ല” എന്ന തിരുവചനത്തിന്റെ താൽപര്യം അന്നവർ നിരക്ഷരരായത് കൊണ്ടുതന്നെ അവർക്ക് ഗോളശാസ്ത്രപരമായ കണക്കുകൾ വ്യക്തമായി അറിയില്ലായിരുന്നു എന്നും അതിനാൽ അവർ ചാന്ദ്ര ദർശനത്തെ മാധ്യമമായി ഉപയോഗിച്ചു എന്നതുമാണ്. ഗണിത ശാസ്ത്രവും കണക്കുകൂട്ടലും ഇന്ന് വളരെ ലളിതവും വ്യാപകവുമാണ്. അതിനാൽ ഗോളശാസ്ത്രപരമായ കണക്കുകൂട്ടലുകൾ ഇന്നൊരു പ്രശ്നമായി വരുന്നില്ല. വിശുദ്ധ ഖുആനിൽ നാലിടത്ത് ഹിസാബിനെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്:
1- സൂര്യനും ചന്ദ്രനും നിശ്ചിത കണക്കനുസരിച്ചാകുന്നു സഞ്ചരിക്കുന്നത്(റഹ്മാൻ: 5).
2- രാവിനെയും പകലിനെയും നാം രണ്ട്‌ ദൃഷ്ടാന്തങ്ങളാക്കിയിരിക്കുന്നു. രാവാകുന്ന ദൃഷ്ടാന്തത്തെ നാം മങ്ങിയതാക്കുകയും, പകലാകുന്ന ദൃഷ്ടാന്തത്തെ നാം പ്രകാശം നല്‍കുന്നതാക്കുകയും ചെയ്തിരിക്കുന്നു. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള അനുഗ്രഹം നിങ്ങള്‍ തേടുന്നതിന്‌ വേണ്ടിയും, വർഷങ്ങളുടെ എണ്ണവും കണക്കും നിങ്ങള്‍ മനസ്സിലാക്കുവാന്‍ വേണ്ടിയും. ഓരോ കാര്യവും നാം നല്ലവണ്ണം വിശദീകരിച്ചിരിക്കുന്നു(ഇസ്റാഅ്: 12).
3- സൂര്യനെ ഒരു പ്രകാശമാക്കിയത്‌ അവനാകുന്നു. ചന്ദ്രനെ അവനൊരു ശോഭയാക്കുകയും, അതിന്‌ ഘട്ടങ്ങള്‍ നിര്‍ണയിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ വർഷങ്ങളുടെ എണ്ണവും കണക്കും അറിയുന്നതിന്‌ വേണ്ടി. യഥാര്‍ത്ഥ രീതിയിലല്ലാതെ അല്ലാഹു അതൊന്നും സൃഷ്ടിച്ചിട്ടില്ല. മനസ്സിലാക്കുന്ന ആളുകള്‍ക്കു വേണ്ടി അല്ലാഹു ദൃഷ്ടാന്തങ്ങൾ വിശദീകരിക്കുന്നു(യൂനുസ്: 15)
4- പ്രഭാതത്തെ പിളര്‍ത്തിക്കൊണ്ട്‌ വരുന്നവനാണവന്‍. രാത്രിയെ അവന്‍ ശാന്തമായ വിശ്രമവേളയാക്കിയിരിക്കുന്നു. സൂര്യനെയും ചന്ദ്രനെയും അവകളുടെ നിശ്ചിത കണക്കുകള്‍ക്ക്‌ അടിസ്ഥാനവും ആക്കിയിരിക്കുന്നു. പ്രതാപിയും സര്‍വ്വജ്ഞനുമായ അല്ലാഹുവിന്‍റെ ക്രമീകരണമത്രെ അത്‌(അൻആം: 96).

Also read: റമദാനില്‍ അനുഷ്ടിക്കുവാന്‍ പത്ത് പുണ്യകര്‍മ്മങ്ങള്‍

അവസാനമായി, വിദ്യാർത്ഥികളോട് എന്താണ് പറയാനുള്ളത്?

ശറഇയ്യായ വിധിവിലക്കുകളുമായി ബന്ധപ്പെട്ട ഗോളശാസ്ത്രവും പഠിക്കാൻ വിദ്യാർത്ഥികൾ മുന്നോട്ട് വരണം എന്നാണ് ഈ സന്ദർഭത്തിൽ എനിക്ക് പറയാനുള്ളത്. ശരീഅത്ത് പഠനത്തിൽ താല്പര്യമുള്ള വിദ്യാർത്ഥികൾ നിർബന്ധമായും ഗോളശാസ്ത്രത്തിന്റെ എല്ലാ പഠന ശാഖകളും ആഴത്തിൽ പഠിക്കാൻ ശ്രമിക്കണം. യഥാർത്ഥത്തിൽ, മുസ്‌ലിംകളായ നാം തന്നെയാണ് ഈയൊരു ശാസ്ത്ര ശാഖയുടെ വക്താക്കളും പിതാക്കന്മാരും പ്രപിതാക്കൻമാരും.

വിവ. അഹ്സൻ പുല്ലൂർ

Related Articles