Current Date

Search
Close this search box.
Search
Close this search box.

തസ്‌നീം നസീര്‍; സ്‌കോട്ട്‌ലാന്റിലെ ഹിജാബ് ധരിച്ച ആദ്യത്തെ ടി.വി അവതാരക!

പത്തുവര്‍ഷത്തെ പത്രപ്രവര്‍ത്തന കരിയറിന് ശേഷം, സ്‌കോട്ടിഷ് ടെലിവിഷന്‍ ചാനലില്‍ ഹിജാബ് ധരിച്ചെത്തുന്ന ആദ്യത്തെ അവതാരകയായി തസ്‌നീം നസീര്‍. സ്‌കോട്ട്‌ലാന്റിലെ നിരാലംബരായ കുടുംബങ്ങള്‍ക്ക് പിന്തുണ ലഭിക്കാത്തതിനെക്കുറിച്ചുള്ള എസ്.ടി.വി വാര്‍ത്താ റിപ്പോര്‍ട്ടിംഗില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് 34കാരിയായ തസ്‌നീം നസീര്‍ ചരിത്രം കുറിച്ചത്. ഹിജാബില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറാവാതിരുന്നതിനാല്‍ പലപ്പോഴും തന്റെ ജോലിശ്രമങ്ങള്‍ നിരസിക്കപ്പെട്ടതിനെക്കുറിച്ച് തസ്‌നീം നസീര്‍ വിശദീകരിക്കുന്നു.

വാര്‍ത്താ അവതരണം മുസ്‌ലിം സ്ത്രീകള്‍ക്ക് പറ്റിയ ഇടമല്ലെന്നും അത് വൈറ്റ് പ്രിവിലേജ്ഡ് അവതാരകര്‍ക്ക് മാത്രമുള്ള ഇടമാണെന്നും പലരും എന്നോട് പറഞ്ഞിരുന്നു. മിഡില്‍ ഈസ്റ്റ് കേന്ദ്രീകരിച്ച് പത്രപ്രവര്‍ത്തനത്തില്‍ സമ്പന്നമായ ഔദ്യോഗിക ജീവിതം നയിച്ചിട്ടും, പ്രാതിനിധ്യം ലഭിക്കാത്ത കമ്യൂണിറ്റികളെ ബാധിക്കുന്ന അനീതി, അഴിമതി, കുറ്റകൃത്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ സജീവമായി ഇടപെട്ട പരിചയമുണ്ടായിട്ടും  മിഡിലീസ്റ്റ് മോണിട്ടറോട്  സംസാരിച്ചപ്പോള്‍ അവര്‍ തൊഴിലുമായി ബന്ധപ്പെട്ട് അഭിമുഖീകരിച്ച മുന്‍വിധികള്‍ എടുത്തുകാട്ടുകയുണ്ടായി.

2004ലെ സുനാമിക്ക് ശേഷം സര്‍ക്കാര്‍ സഹായം ലഭിക്കാത്ത ദുരന്തബാധിതരെക്കുറിച്ചായിരുന്നു അവരുടെ ആദ്യത്തെ ലേഖനം ഒരു അന്താരാഷ്ട്ര ശ്രീലങ്കന്‍ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചുവരുന്നത്. ഒരു ബ്ലാക്ക് ജേണലിസ്റ്റോ അല്ലെങ്കില്‍ ഏഷ്യന്‍ ന്യൂസ് ജേണലിസ്‌റ്റോ അഭിമുഖീകരിക്കാന്‍ സാധ്യതയില്ലാത്തത്ര വിവേചനമാണ് ചില പ്രത്യേക സ്ഥാപനങ്ങളില്‍ ഫ്രീന്‍ലാന്‍സിംഗ് ജോലി ചെയ്യുമ്പോള്‍ എനിക്ക് അഭിമുഖീകരിക്കേണ്ടി വന്നത്. അത് കേവലം ന്യൂസ് റൂമുകളില്‍ മാത്രമായിരുന്നില്ല!. തസ്‌നീമിന്റെ മാതാപിതാക്കള്‍ ശ്രിലങ്കക്കാരാണ്. പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദമുള്ള തസ്‌നീം ദി ഗാര്‍ഡിയന്‍, അല്‍ ജസീറ, ദി ഇന്‍ഡിപെന്‍ഡന്റ്, സി.എന്‍.എന്‍ എന്നിവയുള്‍പ്പെടുന്ന മുന്‍നിര മാധ്യമ ഏജന്‍സികള്‍ക്കായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Also read: വംശീയ ഉന്മൂലനത്തിന്റെ ഉദാഹരണം!

ഓര്‍ഗനൈസേഷന്റെ ഭാഗമല്ലാത്ത, എന്നാല്‍ മാധ്യമ ഇന്‍ഡസ്ട്രിയില്‍ മുതിര്‍ന്ന സ്ഥാനത്തുള്ള ഒരാളുമായി താന്‍ ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹം എന്നോട് നേരിട്ട് പറഞ്ഞ ഒരു കാര്യം ഇതായിരുന്നു ” നിങ്ങള്‍ക്ക് സ്‌കോട്ട്‌ലന്‍ഡിലെ ടെലിവിഷന്‍ പ്രക്ഷേപണത്തിലേക്ക് പ്രവേശിക്കണമെങ്കില്‍ ഹിജാബ് നീക്കം ചെയ്യുന്നതിനെക്കുറിച്ച് നിങ്ങള്‍ ആലോചിക്കണം. കാരണം, നിങ്ങള്‍ക്ക് കഴിവും ശേഷിയും പ്രതിഭയുമുണ്ട്, പക്ഷെ, ഈ രൂപം അത്ര കൊള്ളാവുന്നതായി തോന്നുന്നില്ല. താന്‍ നേരിട്ട വിവേചനം എത്രത്തോളം തീവ്രമായിരുന്നുവെന്ന് അവര്‍ വിശദീകരിക്കുന്നുണ്ട്. പലപ്പോഴും അവര്‍ ഞെട്ടിപ്പോയിരുന്നു, പക്ഷെ തന്റെ ഐഡന്റിറ്റിയില്‍ ഉറച്ചുനില്‍ക്കാന്‍ അവര്‍ക്ക് സാധിച്ചു. അവര്‍ പറഞ്ഞു: ഇത് എനിക്ക് തോന്നുമ്പോള്‍ ധരിക്കാവുന്നതും തോന്നുമ്പോള്‍ അഴിക്കാവുന്നതുമായ ഒന്നല്ല. ഇത് എന്നെ സംബന്ധിച്ചെടുത്തോളം വളരെ പ്രധാനപ്പെട്ട ഒന്നാണ്. എന്ത് ചെയ്യണമെന്നോ പറയണമെന്നോ എനിക്കറിയില്ല, പക്ഷെ, അവര്‍ ഇതുപോലുള്ള പ്രത്യയശാസ്ത്രങ്ങള്‍ വെച്ചുപുലര്‍ത്തുകയാണെങ്കില്‍ അത് എനിക്ക് യോജിച്ച സ്ഥലമല്ലെന്ന് മാത്രം എനിക്കറിയാം.

പ്രാതിനിധ്യത്തിന്റെ വിഷയത്തില്‍ (representation) മാധ്യമങ്ങള്‍ക്ക് വലിയ പ്രശ്‌നങ്ങളുണ്ടെന്നും മാധ്യമ പ്രക്ഷേപണത്തിനകത്ത് വൈവിധ്യത്തിന്റെ അഭാവം അതൊരു തരത്തിലും പുതിയൊരു പ്രശ്‌നമല്ലെന്നും തസ്‌നീം ഊന്നിപ്പറഞ്ഞു. മറ്റ് വ്യാവസായിക ഇടങ്ങളിലെല്ലാം ഈ പ്രശ്‌നം വ്യത്യസ്ത രീതിയിലും സ്വഭാവത്തിലും പ്രതിഫലിക്കുന്നുണ്ട്. എന്നാല്‍, ജോര്‍ജ്ജ് ഫ്‌ലോയിഡിന്റെ കൊലപാതകത്തിന് ശേഷം ശക്തിപ്പെട്ട ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ മൂവ്‌മെന്റിന്റെ ഭാഗമായി എല്ലാ മേഖലകളിലും ഇത് ഒരു കേന്ദ്ര വിഷയമായി ഇപ്പോള്‍ ഉയര്‍ന്നുവരുന്നുണ്ട്.

മുഖ്യധാരാ മാധ്യമങ്ങളില്‍ ഹിജാബ് ധരിച്ച ഒരു മുസ്‌ലിം സ്ത്രീ പ്രത്യക്ഷപ്പെടുന്നത് ഞെട്ടലുളവാക്കേണ്ട കാര്യമൊന്നുമല്ല. എല്ലാത്തിനുമുപരി, യു.കെ യിലെ മുസ്‌ലിംകള്‍ മൊത്തം ജനസംഖ്യയുടെ ആറ് ശതമാനത്തോളം വരുന്നുണ്ട്താനും. തസ്‌നീം പറയുന്നു: എന്റെ മുസ്‌ലിം സ്വത്വം നിലനിര്‍ത്തിക്കൊണ്ട്തന്നെ എനിക്കവകാശപ്പെട്ട സ്ഥാനങ്ങള്‍ നേടിയെടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്നിരുന്നാലും, മാധ്യമ വ്യവസായത്തില്‍ നിരവധി ആളുകള്‍ പലരീതിയിലുള്ള സമ്മര്‍ദ്ദങ്ങളും അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. ഹിജാബ് ധരിക്കുന്നതും ടര്‍ബന്‍ ധരിക്കുന്നതുമൊക്കെയായി ബന്ധപ്പെട്ട് അവരുടെ ഐഡന്റിറ്റിയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ആവശ്യപ്പെടുന്ന സമയത്ത് പലരീതിയിലുള്ള വിവേചനവും അവര്‍ നേരിടേണ്ടി വരുന്നു. മാധ്യമ ഇന്‍ഡസ്ട്രിയിലെ മറ്റു പല ആളുകളും തങ്ങള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് തന്നോട് സംസാരിച്ചിരുന്നു.

Also read: പൗരത്വ നിയമം; ഒരു രോഹിങ്കന്‍ വിചാരം

ഹിജാബിനെ ചുറ്റിപ്പറ്റിയുള്ള തെറ്റിദ്ധാരണകളും അജ്ഞതയും മുന്‍ധാരണകളുമാണ് ഹിജാബ് ധരിച്ച സ്ത്രീകളെ സ്വീകരിക്കുന്നതിനും മനസ്സിലാക്കുന്നതിനും പകരം പെട്ടെന്ന് തന്നെ ഒരു തീര്‍പ്പിലെത്താന്‍ പലരെയും പ്രേരിപ്പിക്കുന്നത്. ഞാന്‍ എല്ലായിപ്പോഴും അല്ലാഹുവിന് വേണ്ടിയാണ് ഹിജാബ് ധരിക്കുന്നത്. അതിനാല്‍ ഞാന്‍ എന്റെ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുന്നു. വ്യക്തിപരമായി ഇത് ഒരു തടസ്സമാണെന്ന് ഒരിക്കല്‍ പോലും എനിക്ക് തോന്നിയിട്ടില്ല. എന്റെ മതവും വിശ്വാസവും നഷ്ടപ്പെടുത്തിക്കൊണ്ടുള്ള ഒരു പുരോഗതിയും ഞാന്‍ താത്പര്യപ്പെടുന്നുമില്ല!

ചെറുപ്പം മുതല്‍ തന്നെ ഒരു പത്രപ്രവര്‍ത്തകയാകാന്‍ തസ്‌നീം ആഗ്രഹിച്ചിരുന്നു. എന്നാല്‍ അവളുടെ വംശീയ പശ്ചാത്തലമോ ഹിജാബോ ഏതെങ്കിലും വിധത്തില്‍ അവരുടെ ജോലിക്ക് വെല്ലുവിളിയാകുമെന്ന് അവര്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എന്നെപ്പോലുള്ളവര്‍ക്ക് എത്തിപ്പെടാന്‍ പ്രയാസമുള്ള ഒരു ഇടത്ത് എത്താന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷിക്കുന്നു. എസ്.ടി.വി മറ്റു സ്ഥാപനങ്ങള്‍ക്ക് ഒരു റോള്‍ മോഡല്‍ ആയി മാറിയിരിക്കുകയാണ്. തസ്‌നീം പറയുന്നു.

വാസ്തവത്തില്‍, തസ്‌നീമിന്റെ നിയമനം വൈവിധ്യത്തിനായുള്ള ഒരു നല്ല നീക്കമാണ്. എന്നിരുന്നാലും സ്‌ക്രീനിലും ക്യാമറക്ക് പിന്നിലും BAME ( Black, Asian and Minority Ethnic ) കമ്യൂണിറ്റികളുടെ പ്രാതിനിധ്യം യു.കെ.യില്‍ ഇപ്പോഴും മെച്ചപ്പെട്ട രീതിയിലല്ല. അതിനാല്‍ യു.കെയിലെ മാധ്യമങ്ങളിലുടനീളം മികച്ച പ്രാതിനിധ്യവും വൈവിധ്യവും ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി അവര്‍ www.change.org വഴി ഒരു നിവേദനം നല്‍കിയിരുന്നു. ഇത് മുസ്‌ലിം സ്ത്രീകളുമായി മാത്രം ബന്ധപ്പെട്ട വിഷയമല്ല. വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്ന ആരെയും സാഹായിക്കാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. അംഗവൈകല്യമുള്ളവരില്‍ നിന്നും മറ്റുമതവിശ്വാസങ്ങള്‍ വെച്ച് പുലര്‍ത്തുന്നവരില്‍ നിന്നും തൊപ്പി ടര്‍ബന്‍ ധരിക്കുന്നവരില്‍ നിന്നുമൊക്കെ എനിക്ക് വ്യത്യസ്തങ്ങളായ ഫീഡ്ബാക്ക് ലഭിച്ചിരുന്നു.

എന്നെ ബന്ധപ്പെടുന്നവരില്‍ ഭൂരിഭാഗവും കറുത്ത വര്‍ഗ്ഗക്കാരും ഏഷ്യയിലെ ന്യൂനപക്ഷ വിഭാഗങ്ങളുമാണ്. ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതായിട്ടുണ്ടെന്ന് എല്ലായിപ്പോഴും ബോധ്യപ്പെട്ടുകൊണ്ടിരിക്കുന്നു. വൈവിധ്യത്തിനും എല്ലാവരെയും ഉള്‍പ്പെടുത്തുന്നതിനുമായി മാധ്യമസ്ഥാപനങ്ങള്‍ വലിയതോതിലുള്ള നിക്ഷേപങ്ങള്‍ നടത്തുന്നുണ്ടെന്നെനിക്കറിയാം. എന്നിരുന്നാലും പ്രവര്‍ത്തനക്ഷമമായ വിവിധങ്ങളായ ഘട്ടങ്ങളിലൂടെ അവര്‍ അതിനെ പിന്തുണക്കേണ്ടതുണ്ട്.

വൈവിധ്യത്തിനും പ്രാതിനിധ്യത്തിനുമായുള്ള ആഹ്വാനങ്ങള്‍ ഉച്ചത്തിലാക്കാന്‍ തന്റെ പ്ലാറ്റ്‌ഫോം ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് പുതുതായി നിയമിക്കപ്പെട്ട ടി.വി അവതാരക തസ്‌നീം പറഞ്ഞു.

വിവ: അബ്ദുല്ലത്തീഫ് പാലത്തുങ്കര

Related Articles