Current Date

Search
Close this search box.
Search
Close this search box.

“ദേശീയ പൗരത്വ രജിസ്റ്റർ ഭിന്നിപ്പിച്ച് ഭരിക്കാനുള്ള രാഷ്ട്രീയ തന്ത്രം”: സി.പി.എം മുൻ എം.പി മുഹമ്മദ് സലീം

മുതിർന്ന സി.പി.എം നേതാവും മുൻ എം.പിയുമായ മുഹമ്മദ് സലീമുമായി പ്രമുഖ സാമൂഹ്യ പ്രവർത്തക ടീസ്റ്റ സെറ്റൽവാദ് നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളാണ് ചുവടെ. പശ്ചിമ ബംഗാളിൽ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുന്നതുമായി ബന്ധപെട്ട ആശങ്കകളും ആർ എസ് എസിന്റെ വളർച്ച ശക്തിപ്രാപിക്കുന്ന ഘട്ടത്തിൽ ബംഗാളിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥയെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നു. കശ്മീർ, ബാബരി വിഷയങ്ങളെ കുറിച്ചും ഇരുവരും ചർച്ച ചെയ്യുന്നു. സബ് റംഗ് ഇന്ത്യ (Sab Rang India) എന്ന വെബ്സൈറ്റാണ് അഭിമുഖം പ്രസിദ്ധീകരിച്ചത്.

ഒരു മുസ്ലിമെന്ന നിലയിലും ഒരു മുതിർന്ന കമ്യൂണിസ്റ്റുകാരനെന്ന നിലയിലും ബാബരി വിധിക്ക് ശേഷമുള്ള രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ എങ്ങനെ നോക്കിക്കാണുന്നു?

ഈ വിധിയെ നിരൂപണാത്മകമായി ചർച്ച ചെയ്യുമ്പോൾ, പ്രാരംഭ ഘട്ടത്തിൽ തന്നെ ഇതൊരു വിധി മാത്രമാണ്, നീതി പുലർന്നിട്ടില്ല എന്നതായിരുന്നു ഞങ്ങളുടെ നിരീക്ഷണം. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ് എന്നതാണ് ഭരണഘടനാനുസൃതമായ വസ്തുത. ഭരണഘടനക്ക് വിധേയമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും ഈ വസ്തുതയെ മാനിച്ചു കൊണ്ടാണ് പ്രവർത്തിക്കേണ്ടതും. അതുകൊണ്ട്, ഇതൊരു മതവിഷയം മാത്രമല്ല, ആരാദ്യം വന്നു, ആര് ശേഷം വന്നു, ജനങ്ങളുടെ പൊതുവികാരം എന്താണ് എന്നീ ചർച്ചകൾക്കും അപ്പുറം നീതിയുടെ പക്ഷം മനസ്സിലാക്കി വിധി പറയേണ്ട കേസ് ആയിരുന്നു. വിധിയിൽ തന്നെ ബാബരി മസ്ജിദ് തകർത്തത് ക്രിമിനൽ പ്രവർത്തനമാണെന്നും വിഗ്രഹം കടത്തിയത് അനധികൃതമാണെന്നും സ്ഥാപിക്കപ്പെട്ടുവെന്നിരിക്കെ എന്തുകൊണ്ട് ക്ഷേത്രനിർമാണത്തിന് അനുകൂലമായി അന്തിമ വിധി പ്രസ്താവിക്കപ്പെട്ടു എന്നത് ചിന്തനീയമാണ്.

 വിധി വന്നതിന് ശേഷം രാജ്യത്തെ മുസ്ലിംകൾ മാനസിക പ്രക്ഷുബ്ദത അനുഭവിക്കുന്നു. സ്വന്തം അഭിപ്രായങ്ങൾ രേഖപെടുത്താനോ അതിന് വേണ്ടി നിലകൊള്ളുവാനോ പറ്റാത്ത സാഹചര്യമാണ് എന്ന തോന്നൽ അവരിൽ ഉളവാകുന്നു. ഇത് ഒരു ജനാധിപത്യ രാജ്യത്തിന്റെയും ആരോഗ്യകരമായ മുന്നോട്ടു പോക്കിന് ഗുണം ചെയ്യില്ലല്ലോ?

രാജ്യത്തെ 99 ശതമാനം ജനങ്ങളും നിസ്സഹായരാണ്. ഒരു ചെറിയ ശതമാനമാണ് എല്ലാ അധികാരങ്ങൾ കൈയ്യാളുന്നതും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തിന് പാത്രമാവുന്നതും. അവർ ഇത്തരം സാഹചര്യങ്ങളിൽ നിന്ന് മുതലെടുപ്പ് നടത്തുന്നുണ്ട് എന്നത് വസ്തുതയാണ്.

കശ്മീരിൽ ഒരു സംസ്ഥാനത്തെ മുഴുവനും നിശ്ചലമാക്കിയതിന് ഒരു ന്യായീകരണമില്ല. പ്രതികരിക്കാനുള്ള അവകാശം പോലും നിഷേധിച്ചു കൊണ്ട് ആളുകളെയെല്ലാം തടവിൽ പാർപ്പിക്കുന്നത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. സ്വന്തം അവകാശങ്ങൾ ഹനിക്കപെടുമ്പോഴാണ് പലപ്പോഴും ആളുകൾ ഹിംസാത്മകമായ മാർഗങ്ങൾ സ്വീകരിക്കുന്നത്. ഇത് ഒരു ജനാധിപത്യ രാജ്യത്തിന് ഒരു തരത്തിലും ആരോഗ്യകരമായിരിക്കുകയില്ല.

 രാജ്യത്ത് അനീതിയുടെ ഒരു അന്തരീക്ഷം സംജാതമായിരിക്കുന്നു. ഈയൊരു സന്ദർഭത്തിൽ പ്രതിപക്ഷം അതിന്റെ ചരിത്രപരമായ കർത്തവ്യം നിർവഹിക്കുന്നുണ്ടോ?

തീർച്ചയായും പ്രതിപക്ഷ കക്ഷികൾക്ക് വലിയ ഉത്തരവാദിത്വമുണ്ട്. പക്ഷേ, ഇക്കഴിഞ്ഞ ലോക്സഭാ തിരെഞ്ഞെടുപ്പിന് ശേഷം കാണാൻ കഴിയുന്നത്, ശക്തമായ തീരുമാനങ്ങൾ എടുക്കേണ്ട പല സന്ദർഭങ്ങളിലും പ്രതിപക്ഷം പിറകോട്ടടിക്കുന്നു എന്നതാണ്. അത് നിസ്സഹായരായ ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ മനസ്സിൽ ആശങ്ക കൂടി ജനിപ്പിക്കുന്നു. എന്നാൽ സിപിഎം അതിന്റെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ ആവതു ശ്രമിക്കുന്നുണ്ട്. ജെ എൻ യു വിഷയത്തിലടക്കമുള്ള അതിന്റെ ഇടപെടലുകളിൽ അത് കാണാവുന്നതുമാണ്.

ബംഗാളിലേക്ക് വരുമ്പോൾ, ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ബംഗാളിലെ അവസ്ഥകൾ കലുഷിതമാണ്. ആരും പ്രതീക്ഷിക്കാത്ത തരത്തിൽ 34 വർഷം നീണ്ട കമ്മ്യൂണിസ്റ്റ് ഭരണത്തിന് ശേഷം 18 സീറ്റ് ജയിച്ചു കൊണ്ട് ബിജെപി അധികാരത്തിൽ വരുന്ന കാഴ്ചയും കാണാനായി. ഉപതെരഞ്ഞെടുപ്പ് അടുത്ത് വരുന്ന ഈ സാഹചര്യത്തിൽ ബംഗാളിലെ നിലവിലെ രാഷ്ട്രീയ-സാമൂഹ്യ അവസ്ഥ എന്താണ്?

സാധാരണക്കാരുടെയും കർഷകരുടെയും ജീവിത പ്രശ്നങ്ങൾ വിഷയമാക്കാതെ, ദാരിദ്ര്യത്തെ കുറിച്ചോ തൊഴിലില്ലായ്മയെ കുറിച്ചോ സംസാരിക്കാതെ, പുൽവാമയും ബാലാക്കോട്ടും പാകിസ്താനും ഹിന്ദു-മുസ്ലിം ഭിന്നതയുമൊക്കെ കത്തിച്ചാണ് ബിജെപി ഇന്ത്യയിൽ അധികാരത്തിെലെത്തിയത്. സ്വാതന്ത്ര്യ സമര കാലത്ത് നാം നേടിയെടുത്ത സമഭാവനയുടെ ആശയത്തെ തീവ്ര ഹിന്ദുത്വ ദേശീയതാ സങ്കൽപത്തിലേക്ക് പറിച്ചു നട്ടത് നാടകീയമായാണ്.

ബംഗാൾ രാഷ്ട്രീയത്തിൽ പ്രതിപക്ഷം അപരവൽക്കരിക്കപെടുകയാണ് ചെയ്തത്. കേരളത്തിലും ശബരിമല വിഷയം ലോക്സഭാ തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രകടനത്തെ സാരമായി ബാധിച്ചത് നാം കണ്ടു. ത്രിപുരയിലും അവസ്ഥ സമാനമായിരുന്നു. ഇക്കാലത്ത് തെരെഞ്ഞെടുപ്പു വിജയങ്ങൾ പണക്കൊഴുപ്പിന്റെയും തന്ത്രങ്ങളുടെയും വിജയമാണ്. അതുകൂടാതെ, യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ജനങ്ങളുടെ ചിന്തയെ വഴി തിരിച്ചുവിട്ട് വൈകാരിക വിഷയങ്ങൾ ഉയർത്തിക്കൊണ്ടു വരുന്നതിൽ ബിജെപി കഴിഞ്ഞ രണ്ട് തെരെഞ്ഞെടുപ്പുകളിലും വിജയിക്കുകയും ചെയ്തു. തീവ്ര വലതു പക്ഷത്തിന്റെ വളർച്ചയിൽ ഇടതുപക്ഷത്തിന് തളർച്ചയുണ്ടായി എന്നത് ശരിയാണ്. പക്ഷേ, എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് ശക്തമായി തിരിച്ചു വരാനുള്ള എല്ലാവിധ ശ്രമങ്ങളും ഞങ്ങളുടെ ഭാഗത്തു നിന്നുണ്ട്.

ആസാമിൽ NRC നടപ്പാക്കിയതിന് ശേഷം ബിജെപി പഠിച്ച പാഠം എന്നത്, ഇത്തരമൊരു നീക്കം നടത്തുന്നതിലൂടെ മുസ്ലിംകൾ മാത്രമല്ല, ഹിന്ദു-മുസ്ലിം ഭേദമന്യേ വലിയൊരു ജനവിഭാഗം കൃത്യമായ രേഖകൾ കാണിക്കാനില്ലാതെ പുറന്തള്ളപെടുമെന്നാണ്. ഈയൊരു അനുഭവം മുന്നിൽ വെച്ച്, ബംഗാളിൽ വിഎച്ച്പി വൃത്തങ്ങൾക്കിടയിൽ നിന്ന് പോലും NRC നടപ്പിലാക്കുന്നതിന് എതിരായി ശബ്ദങ്ങൾ ഉയർന്നു വരുന്നു എന്നാണ് മനസ്സിലാകുന്നത്. അതിനെ എങ്ങനെ നോക്കിക്കാണുന്നു?

അനുഭവങ്ങളിൽ നിന്നാണ് മനുഷ്യർ പാഠങ്ങൾ പഠിക്കുന്നത് എന്ന കാര്യം ഇവിടെ പ്രസ്താവ്യമാണ്. ബംഗാളി സംസാരിക്കുന്നവരെല്ലാവരും ബംഗ്ലാദേശികൾ ആണെന്നാണ് RSS കരുതുന്നത്. അതുപോലെ, ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയവരെല്ലാം മുസ്ലിംകളാെണെന്നും. എന്നാൽ, പാകിസ്താനും ബംഗ്ലാദേശും മുസ്ലിം രാജ്യങ്ങളാെണെന്നിരിക്കെ അവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയവരിൽ ബഹുഭൂരിപക്ഷവും ഹിന്ദുക്കളാണ് എന്ന കാര്യം അവർ മനസ്സിലാക്കുന്നില്ല. NRC-ക്ക് ശേഷമുള്ള കണക്കുകളും ആസാമിലെ അഭയാർത്ഥി ക്യാമ്പുകളിൽ നിന്നുള്ള കണക്കുകളും ഇതേ വസ്തുത തന്നെയാണ് അടിവരയിടുന്നത്. NRC അതുകൊണ്ട് തന്നെ ബിജെപിക്ക് തിരിച്ചടിയാണ്. പശ്ചിമ ബംഗാളിൽ അത് വളരെ ലാഘവത്തോടെ നടപ്പാക്കാൻ അവർ മുതിരുമെന്ന് തോന്നുന്നില്ല.

1985-ൽ ഇന്ത്യാ ഗവൺമെന്റും ആസാം മൂവ്മെന്റ് നേതാക്കളും ഒപ്പുവെച്ച ആസാം ഉടമ്പടി (Assam Accord) പ്രകാരം 1971 മാർച്ച് 24-ന് ശേഷം ആസാമിലേക്ക് കുടിയേറിയ എല്ലാവരും വിദേശികളാണ്. അതാണ് പൗരത്വ രജിസ്റ്ററിന് ആധാരമായി വർത്തിച്ചതും. എന്നാൽ അടുത്ത വർഷത്തോടെ രാജ്യവ്യാപകമായി പൗരത്വ രജിസ്റ്റർ നടപ്പാക്കുന്നതിന് മുന്നോടിയായി NPR ( National Population Register) സർവേ നടത്താനാണ് ഭരണകൂടം ശ്രമിക്കുന്നത്. 1986-ന് മുമ്പ് ജനിച്ചവരും, ജനന സമയത്ത് മാതാപിതാക്കളിൽ ആരെങ്കിലും ഇന്ത്യൻ പൗരൻ/പൗര ആയ 1986-ന് ശേഷം ജനിച്ചവരും ഇന്ത്യൻ പൗരന്മാർ ആണെന്ന നിലക്ക്, എന്തടിസ്ഥാനത്തിലാണ് ഈ നീക്കം?

“നാം ഇന്ത്യയിലെ ജനങ്ങൾ” എന്നാണ് ഭരണഘടന പ്രകാരം നാം സ്വന്തത്തെ വിശേഷിപ്പിക്കുന്നത്. ഏതെങ്കിലും മതത്തിെന്റെ പേരിലോ ജാതിയുടെ പേരിലോ വംശത്തിന്റെ പേരിലോ അല്ല ഈ അഭിസംബോധന, നാം ഇന്ത്യയിൽ വസിക്കുന്ന ജനങ്ങൾ എന്ന നിലക്കാണ്. എന്നാൽ, ഇപ്പോൾ സർക്കാർ ശ്രമിക്കുന്നത് മതത്തിന്റെ പേരിൽ ഇന്ത്യൻ ജനതയെ പുനർനിർവചിക്കാനാണ്. ഇന്ന മതക്കാർ പൗരത്വത്തിന് അർഹരാണ്, ഇന്ന മതക്കാർ അതിന് അവകാശികളല്ല എന്ന് പറയുന്നത് ജനങ്ങൾക്കിടയിൽ വിവേചനമുണ്ടാക്കി വെറുപ്പും വിദ്വേഷവും വളർത്തുന്ന രാഷ്ട്രീയതന്ത്രം മാത്രമാണ്. തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായ ഇന്ത്യയിൽ ജനങ്ങളുടെ നിലനിൽപിനെ തന്നെ ഭീഷണിയിലാക്കി അവരെ പ്രതികരണ ശേഷിയില്ലാതെ മുട്ടിലിഴയുന്നവരാക്കി മാറ്റുക എന്നതാണ് സംഘ് ഭരണകൂടം ആഗ്രഹിക്കുന്നത്. ഗുജറാത്ത് മോഡലിനെ ഉയർത്തിക്കാട്ടി 100 സ്മാർട്ട് സിറ്റികൾ വാഗ്ദാനം ചെയ്ത സർക്കാർ ഇപ്പോൾ നൂറുകണക്കിന് സ്മാർട്ട് ജയിലറകളും അഭയാർത്ഥി ക്യാമ്പുകളുമാണ് സ്വപ്നം കാണുന്നത്.

മൊഴിമാറ്റം: അനസ് പടന്ന

Related Articles