Current Date

Search
Close this search box.
Search
Close this search box.

സ്‌പെയിനിലെ ദുരന്തം ബര്‍മയില്‍ ആവര്‍ത്തിച്ചേക്കാം

burma.jpg

മ്യാന്‍മറിലെ അറാകാന്‍ പ്രദേശത്ത് ജനിച്ച ഖലീല്‍ അറാകാനി ലോക മുസ്‌ലിം പണ്ഡിത സമിതി അംഗവും ഗവേഷകനുമാണ്.  ഈജിപ്തിലെ അല്‍അസ്ഹര്‍ യൂണിവേഴ്‌സിറ്റിയില്‍ ശരീഅ വിജ്ഞാനീയങ്ങളില്‍ ഉന്നത പഠനം നടത്തിക്കൊണ്ടിരിക്കുന്ന അദ്ദേഹം ബര്‍മയിലെ മുസ്‌ലിം സമൂഹം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഭീകരവും അതിദാരുണവുമായ പരിതസ്ഥിതികളെക്കുറിച്ച് സംസാരിക്കുന്നു.

? അനേകം മതങ്ങളും ഉപവിഭാഗങ്ങളുമുള്ള ബര്‍മയിലെ ഭരണ വ്യവസ്ഥ എന്താണ്.

-ബ്രിട്ടീഷ് അധിനിവേശത്തില്‍ നിന്നും രാഷ്ട്രം മോചിതമായത് മുതല്‍ ബുദ്ധന്മാരാണ് ബര്‍മ ഭരിച്ചുകൊണ്ടിരിക്കുന്നത്. ബ്രിട്ടീഷുകാരോട് ഏറ്റവും അടുപ്പമുള്ള വിഭാഗവും അവര്‍ തന്നെയായിരുന്നു. അധിനിവേശ കാലത്ത് മുസ്‌ലിങ്ങളെ കൂട്ടക്കൊല ചെയ്യുന്നതില്‍ ബ്രിട്ടീഷുകാരോടൊപ്പം  അവരും പങ്കുചേര്‍ന്നിരുന്നു. ബ്രിട്ടീഷ് ഭരണത്തിന്റെ ഭീകരമായ മര്‍ദ്ധന പീഢനമുറകള്‍ തന്നെയാണ് ഇപ്പോള്‍ അവരും സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.

അറാകാന്‍ പ്രദേശം കൂട്ടക്കൊലകളില്‍ കുപ്രസിദ്ധമാണ്. 1938-48 കാലയളവില്‍ ഒട്ടേറെ മുസ്‌ലിങ്ങളവിടെ കൂട്ടക്കൊല ചെയ്യപ്പെടുകയുണ്ടായി. ബ്രിട്ടീഷുകാര്‍ ഭരണമൊഴിഞ്ഞപ്പോള്‍ ബുദ്ധന്‍മാര്‍ ഭരണമേറ്റെടുത്തു. ബ്രിട്ടീഷുകാര്‍ ബുദ്ധന്‍മാരുടെ ഏജന്റുമാരെ നിശ്ചയിച്ചുകൊണ്ടാണ് മുമ്പ് അവിടെ ഭരണം നടത്തിയിരുന്നത്. അന്നുമുതല്‍ ബുദ്ധന്‍മാരാണ് ഭരണചക്രം തിരിച്ചിരുന്നത്. അവരില്‍ പെട്ടവരായിരുന്നു രാഷ്ട്രത്തിന്റെ ഭരണചക്രം തിരിക്കുന്ന സൈനിക മേധാവികളും നേതാക്കന്മാരും. രാഷ്ട്രത്തിന്റെ ഭരണ മേഖലയില്‍ ഇതുവരെ ഒരു മുസ്്‌ലിമിന് പോലും പ്രാതിനിധ്യം ലഭിച്ചിട്ടില്ല. അറാകാന്‍ പ്രദേശത്ത് പോലും ഉദ്യോഗരംഗങ്ങളില്‍ മുസ്‌ലിങ്ങളെ കാണാന്‍ കഴിയുകയില്ല, എഴുപത് മുതല്‍ എല്ലാ തന്ത്രപ്രധാന സ്ഥാനങ്ങളും കയ്യടക്കിവെച്ചിരിക്കുന്നത് ബുദ്ധന്‍മാരാണ്. ബര്‍മയുടെ രാഷ്ട്രീയ മേഖലകളില്‍ നിന്നും മുസ്‌ലിങ്ങളെ അകറ്റിനിര്‍ത്താനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

? മ്യാന്‍മാര്‍ ജനതയിലെ വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ നീതി സ്ഥാപിക്കുന്ന ഒരു ഭരണകൂടം അവിടെയില്ലേ

-നിലവിലുള്ള ഭരണഘടന ബ്രിട്ടീഷുകാര്‍ നിര്‍മിച്ചതാണ്. വളരെ ചെറിയ ചില ഭേദഗതികള്‍ മാത്രമാണ് അതില്‍ പിന്നീട് വരുത്തിയിട്ടുള്ളത്. രാഷ്ട്രത്തിലെ ഔദ്യോഗിക മതം ബുദ്ധമതമാണ്. രാഷ്ട്രത്തില്‍ ക്രൈസ്തവ-ഹൈന്ദവ-ഇസ്‌ലാമിക മതങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണിത്. ഓരോ ഗോത്രങ്ങള്‍ക്കും അവരുടെതായ ഭാഷയുണ്ടായിരിക്കേ ബര്‍മയും ഇംഗ്ലീഷുമാണ് ഔദ്യോഗിക ഭാഷകള്‍. അതേ സ്ഥാനത്ത്  ബര്‍മയിലെ ഭരണഘടനയില്‍ സ്വാതന്ത്ര്യം, ജനാധിപത്യം, മനുഷ്യാവകാശം എന്നിവയെ സംബന്ധിച്ച ചില പരാമര്‍ശങ്ങള്‍ ഉണ്ട്, പക്ഷെ അതെല്ലാം ഏട്ടിലെ പശുവായിക്കിടക്കുകയാണ്.

സ്വാതന്ത്ര്യാനന്തരം ജനാധിപത്യത്തിന്റെ തിരിച്ചുവരവാണ് എന്ന് ലോകത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ചില ശ്രമങ്ങള്‍ അവരുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. അതനുസരിച്ച് മൂന്ന് മന്ത്രി സ്ഥാനങ്ങള്‍ മുസ്‌ലിങ്ങള്‍ക്ക് നല്‍കുകയുണ്ടായി. അറാകാന്‍ പ്രദേശത്ത് മുസ്‌ലിമായ ഒരു ഉപദേഷ്ടാവിനെ നിയമിക്കുകയും ചെയ്തു. പ്രസിദ്ധമായ ചില പ്രദേശങ്ങള്‍ക്ക് മുസ്‌ലിം പേരുകളും നല്‍കുകയുണ്ടായി. തലസ്ഥാന നഗരിയിലെ ഒരു റോഡിന്റെ നാമം തന്നെ ‘മുഹമ്മദ് ബിന്‍ അബ്ദുല്ല’ എന്നായിരുന്നു.

ഇതെല്ലാം ലോകത്തിന്റെ മുമ്പില്‍ പ്രതിഛായ നന്നാക്കുന്നതിന്റെ ഭാഗമായിരുന്നു. മുസ്‌ലിങ്ങളെ ലക്ഷ്യം വെച്ചിട്ടുള്ള വംശീയ ഉന്മൂലനങ്ങളും അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളും പിന്നീട് നിരവധി തവണ അരങ്ങേറുകയുണ്ടായി.

? ബര്‍മയിലെ പൗരന്മാരെ വിവിധ തട്ടുകളായി തിരിച്ചിരിക്കുന്നു എന്ന് വായിക്കാനിടയായി…. അത് എപ്രകാരമാണ്.

-പൗരന്മാര്‍ക്കിടയിലുള്ള വിഭജനം എഴുപതുകളില്‍ തന്നെ ബര്‍മയില്‍ പൂര്‍ത്തിയായിരുന്നു. പൗരന്മാര്‍ക്കിടയില്‍ വിതരണം ചെയ്യപ്പെട്ട തിരിച്ചറിയല്‍ കാര്‍ഡില്‍ വ്യത്യസ്ഥ തട്ടുകള്‍ കാണാം. ഹുമറാഅ് എന്ന വിഭാഗമാണ് ഇതില്‍ ഏറ്റവും ഉന്നത ശ്രേണിയിലുള്ളത്്. ബര്‍മയിലെ അടിസ്ഥാന വിഭാഗമായിട്ടാണ് ഇവര്‍ പരിഗണിക്കപ്പടുന്നത്, എല്ലാവിധ അവകാശങ്ങളും ലഭിക്കുന്ന കൂട്ടരും ബുദ്ധന്‍മാരായ അവര്‍ തന്നെയാണ്.

രണ്ടാമത്തെ വിഭാഗം ഹള്‌റാഅ് എന്ന കാറ്റഗറിയിലുള്ളവരാണ്, മുസ്‌ലിങ്ങളില്‍ നിന്നുള്ള കുറച്ചുപേര്‍ മാത്രമേ ഇതില്‍ അംഗത്വം ലഭിച്ചിട്ടിട്ടുള്ളൂ.. രണ്ടാം കിട പൗരന്മാരാണ് ഇതില്‍ പെട്ടിട്ടുള്ളത്.

മൂന്നാമത്തെ കാറ്റഗറിയില്‍ പെട്ടവരും ഹള്‌റാഅ് എന്നു തന്നെയാണ് വിളിക്കപ്പെടുന്നത്. ബര്‍മീസ് വംശജരല്ലാത്ത ആളുകളെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ബൈളാഅ് എന്ന തിരിച്ചറിയല്‍ കാര്‍ഡ് നല്‍കപ്പെട്ട തദ്ദേശീയ പൗരന്മാരാണ് നാലാമത്തേത്. ഞാനുള്‍പ്പെടേയുള്ള ഭൂരിഭാഗം മുസ്‌ലിങ്ങളും ഈ ഇനത്തിലാണ്. യഥാര്‍ഥത്തില്‍ ഞങ്ങള്‍ നാലാംകിട പൗരന്മാരാണ്.

? ബര്‍മയിലെ മുസ്‌ലിങ്ങളുടെ അവസ്ഥ ഒന്നുകൂടി വിശദീകരിക്കാമോ.

-ഒന്നാമതായി അവര്‍ രാഷ്ട്രത്തിലെ നാലാം കിട പൗരന്മാരാണ് . രാഷ്ട്രത്തില്‍ അവര്‍ക്ക് ഒരു അവകാശവുമില്ല. ഉപരിപഠനത്തിന് കോളേജുകളില്‍ അവര്‍ക്ക് പ്രവേശനമില്ല, ഗവണ്‍മെന്റ് ഹോസ്പിറ്റലുകളില്‍ മുസ്‌ലിങ്ങള്‍ക്ക് ചികില്‍സ കിട്ടുകയില്ല. ചികില്‍സയുടെ ചിലവുകള്‍ അവര്‍ സ്വന്തമായി വഹിക്കണം. പന്ത്രണ്ട് മില്യന്‍ മുസ്‌ലിങ്ങളുള്ളതില്‍ നൂറില്‍ പരം ഡോക്ടര്‍മാര്‍ മാത്രമാണ് മുസ്‌ലിങ്ങളില്‍ നിന്നുള്ളത്.

? എന്നുമുതല്‍ക്കാണ് അറാക്കാനിലെ മുസ് ലിങ്ങള്‍ ഇത്തരത്തിലുള്ള വംശീയ അതിക്രമങ്ങള്‍ക്കിരയായിട്ടുള്ളത്

-1938-ലെ ബ്രിട്ടീഷ് അധിനിവേശ നാളുകള്‍ മുതലാണ് മുസ് ലിങ്ങള്‍ക്കെതിരെയുള്ള വംശീയ അതിക്രമങ്ങള്‍ അരങ്ങേറുന്നത്. അവരില്‍ നിന്നും രാഷ്ട്രം സ്വാതന്ത്ര്യം നേടിയെങ്കിലും ബുദ്ധന്‍മാരുടെ വംശീയ അതിക്രമങ്ങള്‍ ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ബര്‍മയിലെ മുസ്‌ലിങ്ങള്‍ക്കെതിരെ മാത്രമല്ല, ക്രൈസ്തവര്‍ കൂടുതലുള്ള ‘ ഷീന്‍’ എന്ന പ്രദേശത്തുകാര്‍ക്കെതിരെയും കൂട്ടക്കൊലകള്‍ അരങ്ങേറിയിട്ടുണ്ട്. പക്ഷെ മുസ്‌ലിങ്ങള്‍ക്കെതിരെയുണ്ടായതു പോലെ അതിക്രമങ്ങള്‍ക്ക് അവര്‍ ഇരയായിട്ടില്ല.

? മുസ്‌ലിങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ ചെയ്യാന്‍ ബുദ്ധന്മാരെ പ്രേരപ്പിക്കുന്നതെന്താണ്.

-ഇസ്‌ലാമിന്റെ വ്യാപനത്തെയാണ് അവര്‍ ഭയപ്പെടുന്നത്. അതുകൊണ്ട് തന്നെ മുസ്‌ലിങ്ങള്‍ സംഘടിച്ചുശക്തരാകുന്നതിനെ അവര്‍ തടയുന്നു. പ്രബോധന പ്രവര്‍ത്തനങ്ങള്‍ അവര്‍ തടയുകയും വലിയ പളളികള്‍ വരെ അവര്‍ അടച്ചുപൂട്ടുകയും ചെയ്യുന്നു. മുസ്‌ലിങ്ങള്‍ ഒരു ഗ്രമാത്തില്‍ നിന്നും മറ്റൊരു ഗ്രാമത്തിലേക്ക് മാറിത്താമസിക്കുന്നത് അവര്‍ തടയുന്നു. ഒരു ദിവസത്തില്‍ കൂടുതല്‍ താമസിക്കണമെങ്കില്‍ അധികൃതരുടെ അനുവാദം ലഭിക്കണം. ഇല്ലെങ്കില്‍ ജയില്‍ വാസം വരെ ശിക്ഷ ലഭിക്കും.!

? മ്യാന്‍മാറിലെ രാഷ്ട്രീയത്തെ കുറിച്ചും പാര്‍ട്ടികളുടെ  ആക്ടീവിസങ്ങളെക്കുറിച്ചും വിവരിക്കാമോ…അതില്‍ മുസ്‌ലിങ്ങള്‍ക്ക് വല്ല അവകാശങ്ങളുമുണ്ടോ.

-രാഷ്ട്രീയ പ്രവര്‍ത്തനത്തിനോ, രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപീകരിക്കുന്നതിനോ മുസ്‌ലിങ്ങള്‍ക്ക് അവിടെ ഒരു അവകാശവുമില്ല. 1991-ല്‍ പ്രതിപക്ഷ കക്ഷിയായ നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ചില അവകാശങ്ങളെല്ലാം മുസ്‌ലിങ്ങള്‍ക്ക് ലഭിക്കും എന്ന് അവര്‍ പ്രതീക്ഷിച്ചു. തെരഞ്ഞെടുപ്പില്‍ അവര്‍ക്കനുകൂലമായി അവര്‍ വോട്ട് ചെയ്തു. അപ്രകാരം ഓങ്ങ് സാന്‍ സൂചി അധികാരത്തിലേറുകയുണ്ടായി. പക്ഷെ ഭരണം കയ്യൊഴിയാന്‍ സൈന്യം തയ്യാറായില്ല. സൂചിയും മറ്റുനേതാക്കളും അവരെ പിന്തുണച്ച വിദ്യാര്‍ഥികളും ജയിലിലടക്കപ്പെട്ടു. പ്രതിപക്ഷ കക്ഷിയെ പിന്തുണച്ചതിന്റെ പേരില്‍ മുസ്‌ലിങ്ങള്‍ക്ക് നിരവധി മര്‍ദ്ധന പീഢനങ്ങള്‍ നേരിടേണ്ടിവന്നു.

? ബര്‍മന്‍ സൈന്യത്തില്‍ വല്ല മുസ്‌ലിങ്ങളും ഉണ്ടോ.

-സാധാരണ സൈനികന്റെ പദവി മുതല്‍ ഉയര്‍ന്ന കമാണ്ടര്‍ വരെയുള്ള ഒരു തസ്തികയിലും മുസ്‌ലിങ്ങള്‍ക്ക് പ്രാതിനിധ്യമില്ല. സൈനിക സേവനം ബുദ്ധന്‍മാര്‍ക്ക് നിര്‍ബന്ധമാണ്. പോലീസിലോ സൈന്യത്തിലോ മുസ്‌ലിങ്ങളെ അവര്‍ ഉള്‍പ്പെടുത്തുകയുമില്ല.

?നിലവില്‍ ബര്‍മയിലെ മുസ്‌ലിങ്ങളുടെ അവസ്ഥ എന്താണ്.

-ബുദ്ധ ഭരണകൂടത്തിന്റെ കീഴിലുള്ള വലിയ തടവറക്കുള്ളിലാണ് അറാകാനിലെ മുസ്‌ലിങ്ങള്‍ ജീവിതം തള്ളിനീക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, രാഷ്ട്രീയം, സമ്പത്ത് എല്ലാം അവര്‍ക്ക് നിഷേധിക്കപ്പെടുന്നു. ഒരു പൗരനു ലഭിക്കേണ്ട സാധാരണ അവകാശങ്ങള്‍ പോലും അവര്‍ക്ക് നിഷേധിക്കപ്പെടുന്നു.

2011-ല്‍ മുസ്‌ലിങ്ങ്ള്‍ ഓങ്ങ് സാന്‍ സൂചിയുടെ നേതൃത്വത്തിലുള്ള നാഷണല്‍ ഡെമോക്രാറ്റിക് സഖ്യത്തിന് പിന്തുണനല്‍കി. മുപ്പത്തി അഞ്ചംഗ പാര്‍ലമെന്റില്‍ മൂന്ന് സീറ്റുകള്‍ അറാക്കാന്‍ പ്രദേശത്ത് നിന്ന് അവര്‍ക്ക് ലഭിച്ചു. അറാക്കാന്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാണ്.  പൗരന്മാരുടെ അവകാശങ്ങള്‍ മുസ്‌ലിങ്ങള്‍ക്ക് നല്‍കണമെന്ന് അവരോട് ആവശ്യപ്പെട്ടു. ഒടുവില്‍ ബര്‍മന്‍ പാര്‍ലമെന്റ് അവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി. ഇത് അറാകാനിലെ ബുദ്ധന്‍മാര്‍ക്ക് ദഹിച്ചില്ല. തങ്ങളുടെ തുല്യ പദവി മുസ്‌ലിങ്ങള്‍ക്കും നല്‍കുന്നതാണ് അവരെ പ്രകോപിപ്പിച്ചത്. ഇതിന് മുമ്പില്‍ പ്രതിബന്ധങ്ങള്‍ തീര്‍ക്കാനായി അവര്‍ കുല്‍സിത ശ്രമങ്ങളിലേര്‍പ്പെട്ടു. ഗാഞ്ചോണില്‍ നിന്നും അറാകാനിലേക്ക് വരുകയായിരുന്ന മുസ്‌ലിം പണ്ഡിതന്മാരെ അവര്‍ നിഷ്ഠൂരമായി അറുകൊല ചെയ്യുകയുണ്ടായി, ബുദ്ധസ്ത്രീക്കെതിരെ അതിക്രമം പ്രവര്‍ത്തിച്ചു എന്ന് ചില മുസ്‌ലിം യുവാക്കളുടെ മേല്‍ അവര്‍ ആരോപണവുമായി രംഗത്ത് വന്നു. യഥാര്‍ഥത്തില്‍ അത്തരത്തിലൊന്ന് ഉണ്ടായിട്ടില്ല.

മുസ്‌ലിങ്ങള്‍ പ്രസ്തുത വിഷയത്തില്‍ വ്യവസ്ഥാപിതമായി പ്രതികരിക്കാന്‍ ശ്രമിക്കുകയുണ്ടായി. ഈ സന്ദര്‍ഭം ഭരണകൂടം പൂര്‍ണമായും വംശീയ ഉന്മൂലനത്തിനായി ചൂഷണം ചെയ്യുകയുണ്ടായി. ബുദ്ധന്‍മാര്‍ക്ക് എല്ലാവിധത്തിലുമുള്ള ആയുധങ്ങളും അവര്‍ നല്‍കി. സഹായത്തിനായി പോലീസിനേയും സൈന്യത്തെയും നല്‍കി. അപ്രകാരം മുസ്‌ലിം ഗ്രാമങ്ങളുടെ ഉന്മൂലനം ലക്ഷ്യമാക്കി അവര്‍ അതിക്രമങ്ങളഴിച്ചുവിട്ടു. ചില പ്രദേശങ്ങള്‍ അവര്‍ പൂര്‍ണമായും അഗ്നിക്കിരയാക്കി. മുസ്‌ലിങ്ങളെ അവരുടെ വീടുകളോടൊപ്പം ചുട്ടുകരിക്കപ്പെട്ടു. കുറേ ആളുകള്‍ ബംഗ്ലാദേശിലേക്കും മറ്റും പലായനം ചെയ്യുകയുണ്ടായി.

? നിലവിലെ കൂട്ടക്കൊലകള്‍ അറാകാനില്‍ എല്ലായിടത്തുമുണ്ടോ അതോ നിര്‍ണിതമായ സ്ഥലങ്ങളില്‍ മാത്രമോ.

-അറാക്കാനിലെ മിക്ക നഗരങ്ങളിലും മുസ്‌ലിങ്ങള്‍ക്കെതിരെ വംശീയ ഉന്മൂലനങ്ങള്‍ നടന്നിട്ടുണ്ട്. റാസീദന്‍ പട്ടണത്തില്‍ പൂര്‍ണമായി ഉന്മൂലനം ചെയ്യുകയുണ്ടായി. അതിലെ മുസ്‌ലിങ്ങള്‍ ഒന്നടങ്കം നിഷ്ഠൂരമായി കൊലചെയ്യപ്പെട്ടു, ഇന്നവിടെ മുസ്‌ലിം പേരുള്ള ഒരു ചെറിയ കുട്ടി പോലുമില്ല. അകയാബ്, മാന്‍ഡോ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഭീകരമായ കൂട്ടക്കൊലകള്‍ ഉണ്ടായിട്ടുണ്ട്.

കൂട്ടക്കൊലകള്‍ ഏറ്റവും ചെറിയ രീതിയില്‍ നടമാടിയത് ബോസീദനിലാണ്. പക്ഷെ, അവിടെയുള്ള യുവാക്കളെ അറസ്റ്റ് ചെയ്യുകയും പുറത്തേക്ക് പോകുന്നത് തടയപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ബോസിദീനിലെ ഇരകള്‍ ഒരു പരിധിവരെ സുരക്ഷിതരാണ്. മാന്‍ദോ, അകയാബ് തുടങ്ങിയ പ്രദേശത്തേക്ക് പലായനം ചെയ്ത് ടെന്റുകളില്‍ നരകീയ ജീവിതം നയിക്കുന്നവരാണ് അടിയന്തര സഹായം ആവശ്യമായിട്ടുള്ളത്. ഇസ്‌ലാമിക ചരിത്രത്തിലെ കറുത്ത അധ്യായമായ സ്‌പെയിനിന്റെ അനുഭവം അറാകാനിലും അരങ്ങേറുമെന്ന് ഞാന്‍ ഭയപ്പെടുന്നു. അതിനാല്‍ അവരെ എല്ലാ അര്‍ഥത്തിലും സഹായിക്കല്‍ ലോക മുസ്‌ലിങ്ങളുടെ ബാധ്യതയാണ്.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌
 

Related Articles