Current Date

Search
Close this search box.
Search
Close this search box.

സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ച് രാം പുനിയാനി

ram-puniyani.jpg

വര്‍ഗീയതക്കെതിരായ പ്രധാന ശബ്ദങ്ങളിലൊന്നാണ് പ്രൊഫ. രാം പുനിയാനി. മാത്രമല്ല, താഴെത്തട്ടുകളിലുള്ള വ്യത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങളിലൂടെ സാമുദായിക ഐക്യവും ദേശീയ ഉദ്ഗ്രഥനവും പ്രചരിപ്പിക്കുന്നതില്‍ സജീവവുമാണ്. പ്രധാനപ്പെട്ട സാമൂഹ്യ-രാഷ്ട്രീയ പ്രശ്‌നങ്ങളിലെ പതിവ് വിമര്‍ശകനായ പുനിയാനി ഇന്ത്യയിലെ മതേതര വ്യവസ്ഥയെക്കുറിച്ചും വര്‍ഗീയതയെക്കുറിച്ചും ഒരുപാട് പുസ്തകങ്ങള്‍ എഴുതുകയും എഡിറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ വിദ്യ ഭൂഷണുമായി നടത്തിയ ഈ സംഭാഷണത്തില്‍ ഇന്ത്യ അഭിമുഖീകരിക്കുന്ന വ്യത്യസ്തങ്ങളായ പ്രശ്‌നങ്ങളെക്കുറിച്ചാണ് അദ്ദേഹം വിശദീകരിക്കുന്നത്.

വിദ്യ: സ്വാതന്ത്രത്തിന് ശേഷമുള്ള അങ്ങേയറ്റം പ്രതിസന്ധി നിറഞ്ഞ ഘട്ടങ്ങളിലൊന്നിലൂടെയാണ് ഇന്ത്യ ഇപ്പോള്‍ കടന്ന് പോകുന്നത്. 1975 ലെ അടിയന്തരാവസ്ഥ നിങ്ങള്‍ കണ്ടതാണ്. ഇന്നത്തെ അവസ്ഥയും അടിയന്തരാവസ്ഥയും തമ്മില്‍ എന്ത് വ്യത്യസ്തതയാണ് നിങ്ങള്‍ കാണുന്നത്?
രാം പുനിയാനി: ഇന്നത്തെ രാഷ്ട്രീയ സാഹചര്യവും അടിയന്തരാവസ്ഥക്കാലവും ഒരിക്കലും തുലനം ചെയ്യാന്‍ കഴിയില്ല. അന്ന് നിലവിലുണ്ടായിരുന്ന രാഷ്ട്രരീതികളുപയോഗിച്ച് ഇന്ദിരാഗാന്ധിക്ക് ചുറ്റുമുണ്ടായിരുന്ന ചെറിയൊരു വിഭാഗം വരുന്ന കൂട്ടുകക്ഷികള്‍ അടിച്ചേല്‍പ്പിച്ച സേച്ഛാധിപത്യപരമായ മൂല്യങ്ങളായിരുന്നു അടിയന്തരാവസ്ഥ. പത്രസ്ഥാപനങ്ങള്‍ക്ക് അന്ന് സെന്‍സര്‍ഷിപ്പുണ്ടായിരുന്നു. സഞ്ജയ് ഗാന്ധിയുടെ അമിത ആത്മവിശ്വാസത്തോടെയുള്ള കുടുംബപരവും നഗരകേന്ദ്രീകൃതവുമായ പദ്ധതികള്‍ തുര്‍ക്മാന്‍ ഗേറ്റ് പോലെയുള്ള സംഭവങ്ങളിലേക്കാണ് കൊണ്ടെത്തിച്ചത്. രാഷ്ട്രം അന്ന് തോന്നിയ പോലെയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. അതേസമയം ഒരു അര്‍ധ-ഫാസിസ്റ്റ് ഭരണം പോലെയാണ് ഇന്നത്തെ അവസ്ഥ.. വ്യത്യസ്തങ്ങളായ സഖ്യ സംഘടനകളിലൂടെയാണ് രാഷ്ട്രീയ പാര്‍ട്ടി (ബി.ജെ.പി) അതിന്റെ അധികാരം പ്രവര്‍ത്തിപ്പിച്ച് കൊണ്ടിരിക്കുന്നത്. അധികാരത്തില്‍ ബി.ജെ.പിയാണെങ്കിലും ആര്‍.എസ്.എസിന്റെ ഉത്തരവുകളാണ് രാജ്യത്ത് നടപ്പിലായിക്കൊണ്ടിരിക്കുന്നത്. സമൂഹത്തില്‍ ഒരു അടിത്തറ ഉണ്ടാക്കിയെടുത്തിരിക്കുന്ന ആര്‍.എസ്.എസിലൂടെയും സഖ്യകക്ഷികളായ വി.എച്ച്.പി, എ.ബി.വി.പി, ബജ്‌റങ്ദള്‍ എന്നീ സംഘടനകളിലൂടെയുമാണ് രാജ്യത്ത് അടിച്ചമര്‍ത്തല്‍ നടന്ന് കൊണ്ടിരിക്കുന്നത്. രാഷ്ട്രത്തോടൊപ്പം ചേര്‍ന്നാണ് ഇക്കൂട്ടര്‍ ന്യൂനപക്ഷങ്ങളെയും സമൂഹത്തിലെ പാവപ്പെട്ട വിഭാഗങ്ങളെയും അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുന്നത്. പശു സംരക്ഷകരും ഹിന്ദു യുവ വാഹിനിയും ഇതിനൊരുദാഹരണമാണ്. ആര്‍.എസ്.എസ് ശാഖകളിലൂടെ പ്രചരിപ്പിക്കപ്പെട്ട് കൊണ്ടിരിക്കുന്ന അപരനെ വെറുക്കുക എന്ന പ്രത്യയശാസ്ത്രം ഇപ്പോള്‍ സമൂഹത്തിന്റെ പൊതു ബോധമായി മാറിയിരിക്കുകയാണ്. നമ്മുടെ സമൂഹത്തിലെ അക്രമങ്ങളുടെയും വെറുപ്പിന്റെയും അടിസ്ഥാനമിതാണ്. വൈകാരിക പ്രശ്‌നങ്ങളാണ് സാമൂഹ്യ ഇടത്തില്‍ ആധിപത്യം ചെലുത്തുന്നത്. അത്‌പോലെ അസഹിഷ്ണുതയുടെ അന്തരീക്ഷമാണ് ഇന്ന് നമുക്ക് ചുറ്റും നിലനില്‍ക്കുന്നത്.

വിദ്യ: ഇന്ത്യയിലെ ഹിന്ദു വര്‍ഗീയ രാഷ്ട്രീയത്തിന്റെ വളര്‍ച്ചയുടെ കാരണങ്ങളെന്തൊക്കെയാണ്? കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് തന്നെയുള്ള ഉദാരവാദികളായ മേല്‍ജാതി ഹിന്ദുക്കളുടെ താല്‍പര്യങ്ങളില്ലാതെ അതൊരിക്കലും സാധ്യമാകുമായിരുന്നില്ല. മാത്രമല്ല, ഇന്ത്യയിലെ വര്‍ഗീയ രാഷ്ട്രീയത്തെ കാര്യക്ഷമമായി നേരിടുന്നതിലുള്ള കോണ്‍ഗ്രസിന്റെ പരാജയവും സംഘ്പരിവാര്‍ വളര്‍ച്ചക്ക് കാരണമാണ്.
പുനിയാനി: ഭൂപരിഷ്‌കരണങ്ങളുടെയും മതേതരവല്‍ക്കരണ പ്രക്രിയയുടെയും അഭാവവും മതാധികാരികളുടെ സ്വാധീനം കുറക്കുന്നതിലുള്ള പരാജയവുമാണ് ഇന്ത്യയിലെ വര്‍ഗീയ രാഷ്ട്രീയത്തിന് കാരണം. മുസ്‌ലിം ലീഗിലായിരുന്നു മുസ്‌ലിം വര്‍ഗീയ ഘടകങ്ങള്‍ ഉണ്ടായിരുന്നതെങ്കില്‍ കോണ്‍ഗ്രസിലും ആര്‍.എസ്.എസിലും ഹിന്ദു മഹാസഭയിലുമാണ് ഹിന്ദു വര്‍ഗീയ ഘടകങ്ങള്‍ പ്രചരിച്ചത്. നെഹ്‌റു ഉണ്ടായിരുന്നിടത്തോളം കാലം ഈ ഘടകങ്ങളുടെ സ്വാധീനം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വളരെ കുറവായിരുന്നു. നെഹ്‌റുവിന്റെ മരണശേഷം അവ ശക്തിയാര്‍ജിക്കുകയും അവയുടെ സ്വാധീനം കോണ്‍ഗ്രസിന്റെ അവസരവാദ വര്‍ഗീയ രാഷ്ട്രീയം സജീവമാക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു. പാര്‍ട്ടിയില്‍ വര്‍ഗീയ ഘടകങ്ങളുണ്ടെന്ന് നെഹ്‌റു മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അവ പാര്‍ട്ടിയില്‍ നിന്ന് വേരോടെ പിഴുതെറിയാന്‍ സാധിച്ചില്ല.

വിദ്യ: എങ്ങനെയാണ് തന്റെ മുഖ്യമന്തിമാരുമായി നെഹ്‌റു സമ്പര്‍ക്കം പുലര്‍ത്തിയത് എന്നെ് മനസ്സിലാക്കാന്‍ അദ്ദേഹം മുഖ്യമന്ത്രമാര്‍ക്കയച്ച കത്തുകള്‍ പ്രസിദ്ധീകരിക്കപ്പെടണമെന്ന് താങ്കള്‍ ഈയടുത്ത് സൂചിപ്പിക്കുകയുണ്ടായി. അയോധ്യ പ്രശ്‌നവുമായി ബന്ധപ്പെട്ട് അദ്ദേഹം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന ഗോവിന്ദ് ബല്ലാഭിനയച്ച കത്ത് നമ്മുടെയെല്ലാം കണ്ണ് തുറപ്പിക്കേണ്ടതാണ്. നമ്മള്‍ നേരിടുന്ന എല്ലാ വിപത്തുകള്‍ക്കും നെഹ്‌റുവിന് പഴി കേള്‍ക്കേണ്ടി വരുന്ന ഒരു സാഹചര്യത്തില്‍ ഈ കത്തുകള്‍ക്ക് എത്രത്തോളം പ്രാധാന്യമുണ്ട്?
നെഹ്‌റു ഒരു യഥാര്‍ത്ഥ ജനാധിപത്യവാദിയായിരുന്നു. അതേസമയം തന്നെ മതാത്മകതയാല്‍ ബന്ധിക്കപ്പെട്ട ഒരു സമൂഹത്തില്‍ മതേതരത്വത്തിന്റെ വേരുറപ്പിക്കാന്‍ അദ്ദേഹം ശ്രമിക്കുകയും ചെയ്തിരുന്നു. വിദ്യാഭ്യാസം, വ്യവസായവല്‍ക്കരണം തുടങ്ങിയവ ഉറപ്പ് വരുത്താനും മതേതര-ജനാധിപത്യ മൂല്യങ്ങളില്‍ ഉറപ്പിക്കാനും അദ്ദേഹം സ്ഥിരമായി സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കത്തുകളയക്കാറുണ്ടായിരുന്നു. 1949 ഡിസംബറില്‍ ബാബരി മസ്ജിദില്‍ ബലംപ്രയോഗിച്ച് സ്ഥാപിച്ച രാം ലല്ല ( Raam Lalla) വിഗ്രഹങ്ങള്‍ നീക്കം ചെയ്യുന്നതിനായിരുന്നു അദ്ദേഹം ഗോവിന്ദ് വല്ലഭക്ക് കത്തെഴുതിയത്. അത്‌പോലെ പ്രധാനപ്പെട്ട പല വിഷയങ്ങളിലും അദ്ദേഹം മുഖ്യമന്ത്രിമാരുമായി ആശയവിനിമയം നടത്താറുണ്ടായിരുന്നു. ഉദാര ജനാധിപത്യ രാഷ്ട്രത്തിന്റെ മൂല്യങ്ങളോടൊപ്പം ഭരണവൈദഗ്ദ്യത്തിന്റെ നിപുണതയും ഈ കത്തുകളില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു.

വിദ്യ: എല്ലാ രാഷ്ട്രീയ നേതാക്കളെയും ബി.ജെ.പി സ്വാംശീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ആദ്യമവര്‍ സര്‍ദാര്‍ പട്ടേലില്‍ നിന്നാണ് തുടങ്ങിയത്. പിന്നെ സുഭാഷ് ചന്ദ്രബോസിനെയാണ് അവരേറ്റെടുത്തത്. ഇപ്പോള്‍ അംബേദ്കറിലേക്കാണ് എത്തി നില്‍ക്കുന്നത്. ഗാന്ധിയെയും വിവേകാനന്ദയെയും ഭഗദ്‌സിംഗിനെയും വരെ അവരുപയോഗിച്ചിട്ടുണ്ട്. ഇപ്പോഴാകട്ടെ, ശ്രദ്ധ മുഴുവന്‍ അംബേദ്കറിലാണ്. ആര്‍.എസ്.എസിന് സ്വന്തമായി ഒരു രാഷ്ട്രീയ ബിംബം ഇല്ലാത്തത് കൊണ്ട് അങ്ങനെയൊരാളെ അത് തേടുന്നുണ്ടെന്ന് ചിലര്‍ എഴുതുകയുണ്ടായി. ഈ എല്ലാ രാഷ്ട്രീയ നേതാക്കള്‍ക്കും നെഹ്‌റുവുമായും ഗാന്ധിയുമായും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാമെങ്കിലും അവരെല്ലാം നിലകൊണ്ടത് മതേതര-സോഷ്യലിസ്റ്റ് ഇന്ത്യക്ക് വേണ്ടിയാണ്. എന്ത് കൊണ്ടാണ് സംഘ്പരിവാറിനെ സംബന്ധിച്ചിടത്തോളം നെഹ്‌റു ഇത്ര പ്രാധാന്യമര്‍ഹിക്കുന്ന വ്യകതിയാകുന്നത്? സ്വാഭാവികമായും അദ്ദേഹത്തിന്റെ സമകാലികരുമായി ഉണ്ടായേക്കാവുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ ഉപയോഗിച്ച് കൊണ്ട് നെഹ്‌റുവിനെ അവര്‍ അപകീര്‍ത്തിപ്പെടുത്തുന്നത് എന്തിനാണ്?
ഇന്ത്യയുടെ രാഷ്ട്രനിര്‍മ്മാണ പ്രക്രിയയില്‍ സംഭാവന ചെയ്ത സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഈ ബിംബങ്ങളെ സ്വാംശീകരിക്കുന്നതിന് ഒരുപാട് കാരണങ്ങളുണ്ട്. സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ നേതാക്കളുടെ ദേശീയ അജണ്ടയില്‍ നിന്ന് വ്യത്യസ്തമായി ഹിന്ദു രാഷ്ട്ര അജണ്ടയാണ് ആര്‍.എസ്.എസിന് ഉണ്ടായിരുന്നത്. അതിനാലാണ് അവര്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തില്‍ നിന്നും വിട്ട് നിന്നത്. മാത്രമല്ല, തങ്ങളുടൈ പ്രവര്‍ത്തകരെ പ്രസ്ഥാനത്തില്‍ പങ്കാളികളാകുന്നതില്‍ നിന്ന് അവര്‍ വിലക്കുകയും ചെയ്തു. തെരെഞ്ഞെടുപ്പ് ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയും ദലിതരുടെ വിശ്വാസ്യത നേടിയെടുക്കാനുമാണ് അവരിപ്പോള്‍ അംബേദ്ക്കറിനെ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത്.

മതേതര മൂല്യങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട ഒരു ജനകീയ നേതാവ് എന്നതിലുപരി വ്യാവസായികവല്‍ക്കരണവും ആധുനിക വിദ്യാഭ്യാസവും സാധ്യമാകുന്ന ഒരു ആധുനിക ഇന്ത്യയെക്കുറിച്ച കാഴ്ചപ്പാട് നെഹ്‌റുവിനുണ്ടായിരുന്നു. ആര്‍.എസ്.എസ് നടപ്പിലാക്കാന്‍ ശ്രമിച്ചതിന്റെയെല്ലാം കടുത്ത എതിരാളിയായിരുന്നു അദ്ദേഹം. ഒരു ജനാധിപത്യ രാഷ്ട്രത്തിന് വേണ്ടിയുള്ള നെഹ്‌റുവിന്റെ ആഭ്യന്തര നയങ്ങള്‍ ആര്‍.എസ്.എസിന് അസ്വീകാര്യമാണ്. ആഗോളസമാധാനത്തിനും അയല്‍രാഷ്ട്രങ്ങളുമായുള്ള സമാധാന ഐക്യത്തിനും വേണ്ടിയുള്ള അദ്ദേഹത്തിന്റെ നയങ്ങള്‍ ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്രത്തിന് തീര്‍ത്തും എതിരാണ്. മാത്രമല്ല, ജനകീയ തലത്തിലുള്ള നെഹ്‌റുവിന്റെ സ്വാധീനം അതിശക്തമാണ്. അതിനാല്‍ തന്നെ ഒരു അധീശ ഹിന്ദുരാഷ്ട്രം സ്ഥാപിക്കണമെങ്കില്‍ ആര്‍.എസ്.എസിന് നെഹ്‌റു നിലകൊണ്ട എല്ലാത്തിനും തുരങ്കം വെക്കേണ്ടതുണ്ട്.

വിദ്യ: മുതിര്‍ന്ന രാഷ്ട്രീയ നേതാക്കരുടെ പാരമ്പര്യമുള്ള പാര്‍ട്ടിയായിരുന്നിട്ടും തങ്ങളുടെ നേതാക്കന്‍മാര്‍ക്ക് ചുറ്റും നിര്‍മ്മിക്കപ്പെട്ട കെട്ടിച്ചമച്ച ആഖ്യാനങ്ങളെ വെല്ലുവിളിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടിരിക്കുകയാണ്. സമകാലികമായ രാഷ്ട്രീയ പ്രതിസന്ധികളെ അഭിമുഖീകരിക്കാന്‍ സാധിക്കാത്ത വിധം കോണ്‍ഗ്രസ് ഇത്ര ദുര്‍ബലമാകാന്‍ കാരണമെന്താണ്?
സ്വാതന്ത്ര്യത്തിന് മുമ്പ് കോണ്‍ഗ്രസ് ഒരു പ്രസ്ഥാനമായിരുന്നു. കൊളോണിയല്‍ വിരുദ്ധ പ്രസ്ഥാനത്തിലൂടെ ദേശീയപ്രസ്ഥാനം ജനങ്ങളെ യഥാര്‍ത്ഥത്തില്‍ പലതും പഠിപ്പിക്കുകയായിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷം കോണ്‍ഗ്രസ് അധികാരത്തിലുള്ള പാര്‍ട്ടിയായി മാറി. എന്നാല്‍ പിന്നീട് അധികാരത്തിന് വേണ്ടിയുള്ള പാര്‍ട്ടിയായി അത് മാറുകയായിരുന്നു. ഒരു ജനാധിപത്യ സമൂഹത്തിന് വേണ്ടിയുള്ള ജനകീയമായ വിദ്യാഭ്യാസത്തിന്റെ ഘടകങ്ങള്‍ പൂര്‍ണ്ണമായും അതിന്റെ പരിപാടികളില്‍ നിന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു. ആര്‍.എസ്.എസ് ശാഖകളിലും വിശുദ്ധ പശുവിനും രാം ക്ഷേത്രത്തിനും വേണ്ടിയും ആര്‍.എസ്.എസ് നടത്തിയ ക്യാംപെയ്‌നുകളിലൂടെയും വികസിച്ച വര്‍ഗീയമായ ആഖ്യാനങ്ങളെ നേരിടാന്‍ കോണ്‍ഗ്രസിനായിരുന്നു കഴിയുക. അതിലവര്‍ പരാജയപ്പെടുകയാണുണ്ടായത്. ഇന്ന് നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന പല പ്രശ്‌നങ്ങളെയും ഗാന്ധിയുടെയും നെഹ്‌റുവിന്റെയും എഴുത്തുകള്‍ അഭിമുഖീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ ചരിത്രത്തെക്കുറിച്ചുള്ള ഗാന്ധിയുടെ എഴുത്തുകളെപ്പോലെത്തന്നെ പശുവിനെ ഒരു മാതാവായി കാണുന്ന അദ്ദേഹത്തിന്റെ നിലപാട് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി മാത്രം നിലകൊള്ളുന്ന ആര്‍.എസ്.എസിന്റേതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. കോണ്‍ഗ്രസിന്റെ പ്രധാനശക്തി എന്നത് താഴെക്കിടയിലുള്ള ജനങ്ങളാണ്. എന്നാല്‍ അവര്‍ക്ക് വേണ്ടി സംസാരിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെടുകയാണുണ്ടായത്. ദലിതരുടെയും മതന്യൂനപക്ഷങ്ങളുടെയും വിഷയങ്ങളില്‍ അധരവ്യായാമം മാത്രമാണ് അത് നടത്തുന്നത്. അതോടൊപ്പം തന്നെ ആര്‍.എസ്.എസിന്റെ പിടുത്തത്തില്‍ നിന്ന് തങ്ങളുടെ നേതാക്കളെ രക്ഷിക്കാനുള്ള വഴികള്‍ ചരിത്രത്തില്‍ നിന്ന് തന്നെ കോണ്‍ഗ്രസിന് കണ്ടെടുക്കാനാകും. എന്നാല്‍ അതിനുള്ള ഇച്ഛാശക്തിയാണ് അവര്‍ക്കില്ലാത്തത്. മിക്ക കോണ്‍ഗ്രസ് േേനതാക്കന്‍മാരും വെറും ഓഫീസ് ജീവനക്കാര്‍ മാത്രമാണ്. സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ പാരമ്പര്യത്തെ സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ആരും തയ്യാറാകുന്നില്ല.

വിദ്യ: പരിചയസമ്പത്ത് ഇല്ലാത്തതിന്റെ പേരിലും അബന്ധങ്ങളുടെ പേരിലും രാഹുല്‍ ഗാന്ധിയെ കുറ്റപ്പെടുത്താന്‍ എളുപ്പമാണ്. എന്നാല്‍ അദ്ദേഹത്തിനൊരു പാരമ്പര്യമുണ്ട്. നെഹ്‌റു കുടുംബത്തിനെതിരെ തന്നെ കാര്യങ്ങള്‍ തിരിഞ്ഞിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ ഏറ്റെടുക്കുന്നത് ശരിയല്ല. അതേസമയം ഇടത് പാര്‍ട്ടികളുടെ പരിതാപകരമായ അവസ്ഥക്ക് കാരണമെന്താണ്? മേല്‍ജാതി രാഷ്ട്രീയത്തിന്റെ വാഹകരായി അവര്‍ മാറുകയും എസ്.സി, എസ്.ടി, ഒ.ബി.സി ന്യൂനപക്ഷങ്ങളെ കൂടെ കൂട്ടുന്നതില്‍ പരാജയപ്പെട്ടതുമാണോ അതിന് കാരണം?
രാജീവ് ഗാന്ധിയുടെ അബന്ധങ്ങള്‍ രാഷ്ട്രത്തിന് കനത്ത നഷ്ടമാണ് വരുത്തി വെച്ചത്. ഇടത് പാര്‍ട്ടികളാകട്ടെ, ഇന്ത്യന്‍ സമൂഹത്തിലെ ജാതി പ്രശ്‌നത്തെ മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണ്. വളര്‍ന്ന് കൊണ്ടിരിക്കുന്ന വര്‍ഗീയ രാഷ്ട്രീയത്തെ നേരിടുന്നതിലും അവര്‍ പരാജയമാണ്. ആര്‍.എസ്.എസിന് രണ്ട് അജണ്ടകളാണുള്ളത്. ന്യൂനപക്ഷങ്ങളെയും അതോടൊപ്പം ദലിത്- ഒബിസികളെയും ലക്ഷ്യമിടുക. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഈ രണ്ട് അജണ്ടകളെയും ചെറുക്കുന്നതില്‍ ഇടത് പാര്‍ട്ടികള്‍ പരാജയപ്പെട്ടിരിക്കുകയാണ്. ഇപ്പോള്‍ രാഹുല്‍ ഗാന്ധിയൈയാണ് ഹിന്ദുത്വ നേതാക്കള്‍ ലക്ഷ്യമിട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ ഗൗരവതരമാണെങ്കിലും അദ്ദേഹത്തിന് പിന്തുണ നല്‍കാന്‍ ആരുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. രാഷ്ട്രീയ കൂട്ട്‌കെട്ടുകള്‍ സ്ഥാപിക്കാതെ ദലിത്-ബഹുജനുകളുടെ സാമൂഹിക ഉന്നമനം എന്ന ലക്ഷ്യം കൈവരിക്കുക എന്നത് ഏറെ സങ്കീര്‍ണ്ണമാണ്. എന്നാല്‍ അതത്ര എളുപ്പമുള്ള സംഗതിയൊന്നുമല്ല. ഇടത് പാര്‍ട്ടികള്‍ ജാതി-ന്യൂനപക്ഷങ്ങളുടെ പ്രശ്‌നത്തെ അതിന്റെ ഗൗരവത്തോട് അഭിമുഖീകരിച്ചിട്ടില്ല. വര്‍ഗാടിസ്ഥാനത്തിലാണ് അവര്‍ സമൂഹത്തെ മനസ്സിലാക്കുന്നത്.

വിദ്യ:  ഉത്തര്‍പ്രദേശ് ഫലം പലരെയും നിരാശരാക്കിയെന്ന് മാത്രമല്ല, നോട്ട് അസാധുവാക്കല്‍, വര്‍ഗീയ വാചാടോപങ്ങള്‍ തുടങ്ങിയ പല വിഷയങ്ങളിലും തങ്ങള്‍ക്ക് അംഗീകാരം കിട്ടി എന്ന തോന്നല്‍ ഭരണപാര്‍ട്ടിക്ക് ഉണ്ടായിട്ടുണ്ട്. എന്ത് കൊണ്ടാണ് എസ്പി-ബി.എസ്.പി പോലെയുള്ള ബി.ജെ.പി വിരുദ്ധ പ്രതിപക്ഷം അവിടെ പരാജയപ്പെട്ടത്?
യു.പിയിലെ ബി.ജെ.പി തന്ത്രം തികച്ചും വര്‍ഗീയമായിരുന്നു. വര്‍ഗീയമായ രീതിയിലാണ് പല പ്രശ്‌നങ്ങളും അവതരിക്കപ്പെട്ടത്. നോട്ട് അസാധുവാക്കല്‍  പോലും യഥാര്‍ത്ഥത്തില്‍ മുസ്‌ലിംകളുടെ സാമ്പത്തികമായ സ്വാധീനത്തെ തടയാനുള്ള ശ്രമമായിരുന്നു. അത്‌പോലെ ബി.എസ്.പി, എസ്.പി, കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ മുസ്‌ലിംകളെ പ്രീണിപ്പിക്കുന്നതായിട്ടാണ് പല വിഷയങ്ങളും അവതരിപ്പിക്കപ്പെട്ടത്. ബി.ജെ.പിയാകട്ടെ, ഹിന്ദുക്കളുടെ ഏക പാര്‍ട്ടിയായി കരുതപ്പെടുകയും ചെയ്തു. ഇത് യാദവിതര ഹിന്ദുക്കളെയും ചാമാര്‍ ഇതര എസ്.സിക്കാരെയും ബി.ജെ.പിയിലേക്ക് ആകര്‍ഷിക്കുന്നതിന് കാരണമാവുകയുണ്ടായി. എസ്പിയും ബിഎസ്പിയും തമ്മില്‍ ഒരു കൂട്ടായ്മ രൂപീകരിക്കുന്നതിലുണ്ടായ പരാജയം ബി.ജെ.പിയുടെ പദ്ധതിയെ നന്നായി സഹായിക്കുകയും ചെയ്തു. നോട്ട് അസാധുവാക്കല്‍ കാലക്രമേണ പണക്കാര്‍ക്ക് ദോഷവും പാവപ്പെട്ടവര്‍ക്ക് നേട്ടവുമാണുണ്ടാക്കുക എന്ന ദേശീയതലത്തിലുള്ള ആര്‍.എസ്.എസ്-ബി.ജെ.പി സഖ്യത്തിന്റെ പ്രചാരണവും അവര്‍ക്കനുകൂലമായി കാര്യങ്ങള്‍ നീങ്ങാന്‍ സഹായകരമായി.

വിദ്യ: ഇന്ത്യയെ യു.എസ് മാതൃകയിലുള്ള പ്രസിഡന്‍ഷ്യല്‍ ജനാധിപത്യ രാഷ്ട്രമാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.  കോര്‍പ്പറേറ്റുകളാണ് അതിന് ധനസഹായം നല്‍കുന്നത്. അതേസമയം വലിയ രാഷ്ട്രമാണെങ്കിലും കോര്‍പ്പറേറ്റ് ജനാധിപത്യം മൂലം ദ്വി-പാര്‍ട്ടി വ്യവസ്ഥയാണ് (two party system) അമേരിക്കയില്‍ നിലനില്‍ക്കുന്നത്. ഇന്ത്യയിലെ അധികാരമുള്ള സമ്പന്ന വിഭാഗം ആഗ്രഹിക്കുന്നതും അത് തന്നെയാണ്. അമേരിക്കന്‍ മാതൃകയിലേക്ക് ഇന്ത്യയെ തള്ളുന്നത് എത്രത്തോളം അപകടകരമാണ്?
ഇന്ത്യന്‍ ഭരണഘടനയെ മാറ്റാന്‍ കഴിയില്ലെന്ന് ആര്‍.എസ്.എസ് മനസ്സിലാക്കിയിരിക്കണം. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രസിഡന്‍ഷ്യല്‍ വ്യവസ്ഥക്ക് വേണ്ടി അവര്‍ വാദിച്ച് കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ ബഹുസ്വരതയെ ഇല്ലാതാക്കുക എന്നതാണ് ആര്‍.എസ്.എസ് താല്‍പര്യപ്പെടുന്നത്. ബി.ജെ.പി യുമായി അടുത്ത ബന്ധമുള്ള കോര്‍പ്പറേറ്റ് ലോകവും ആഗ്രഹിക്കുന്നത് പ്രസിഡന്‍ഷ്യല്‍ വ്യവസ്ഥ തന്നെയാണ്. അത്തരമൊരു വ്യവസ്ഥയില്‍ രാഷ്ട്രത്തിന്റെ സാമ്പത്തിക-രാഷ്ട്രീയ നയങ്ങളെ സ്വാധീനിക്കാന്‍ ഒരിക്കലും പ്രാന്തവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് സാധ്യമാവുകയില്ല.

വിദ്യ: കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ഹിന്ദുത്വ ശക്തികള്‍ അവരുടെ അജണ്ട ഈ രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. ഹിന്ദു വോട്ടുകള്‍ നഷ്ടപ്പെടും  എന്ന് പേടിച്ച് അവരുന്നയിക്കുന്ന വര്‍ഗീയമായ പ്രശ്‌നങ്ങളെ വെല്ലുവിളിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കാറില്ല. ഭീകരത, ബീഫ്, ദേശീയത തുടങ്ങിയ വിഷയങ്ങളിലെല്ലാം രാഷ്ട്രത്തിന്റെ ഏക ശബ്ദമാകാനാണ് ഹിന്ദുത്വ ശക്തികള്‍ ശ്രമിക്കുന്നത്. അവരും അവരുടെ കൂട്ടുകക്ഷികളുമെല്ലാത്തവരെല്ലാം വില്ലന്‍മാരാണ്! രാഷ്ട്രീയപരമായി അവരുടെ അജണ്ടകളെ എങ്ങനെയാണ് എതിരിടാന്‍ കഴിയുക?
സ്വത്വത്തിലധിഷ്ഠിതമായ രാഷ്ട്രീയവും വൈകാരിക പ്രശ്‌നങ്ങളും നേരിടുക വളരെ പ്രയാസകരമാണ്. വര്‍ഗീയ-ഇതര രാഷ്ട്രീയ സാമൂഹ്യ ശക്തികള്‍ ഒരുമിച്ച് ചേര്‍ന്ന് കൊണ്ട് സാമൂഹ്യ പ്രശ്‌നങ്ങളെ നേരിടുക എന്നതാണ് ഏകപോംവഴി. ഇന്ത്യന്‍ പൗരന്‍മാരുടെ അടിസ്ഥാന അവകാശങ്ങള്‍, ജോലി, ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളായിരുന്നു യു.പി.എ യുടെ ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും പതിവായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നത്. ഇപ്പോഴാകട്ടെ, യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്ന് വൈകാരിക പ്രശ്‌നത്തിലേക്ക് സാമൂഹ്യ വ്യവഹാരം മാറിയിരിക്കുകയാണ്. മതേതര ജനാധിപത്യത്തിന് വേണ്ടി നിലകൊള്ളുന്ന എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ച് നില്‍ക്കുകയും സാമൂഹ്യ പ്രസ്ഥാനങ്ങളെയും മേല്‍പ്പറഞ്ഞ വിഷയങ്ങളെ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ പ്രചരണങ്ങളെയും ശക്തിപ്പെടുത്തുക എന്നതാണ് നാം ചെയ്യേണ്ടത്.

വിദ്യ: അറവുശാലകള്‍ അടച്ച് പൂട്ടാനുള്ള ഉത്തര്‍പ്രദേശ് ഭരണകൂടത്തിന്റെ ആഹ്വാനത്തിന് ശേഷം സംസ്ഥാനത്തെ ഇറച്ചി വ്യവസായം സ്തംഭിച്ചിരിക്കുകയാണ്. ഈ വ്യവസായത്തില്‍ അമുസ്‌ലിംകളും പങ്കാളികളാണ് എന്നതാണ് യാഥാര്‍ത്ഥ്യം. യഥാര്‍ത്ഥത്തില്‍ ബീഫ് വ്യവസായത്തെക്കുറിച്ചും അത് മുന്നോട്ട് കൊണ്ടുപോകുന്നവരെക്കുറിച്ചും നമ്മുടെ രാഷ്ട്രത്തിന് അതിലൂടെ ലഭിക്കുന്ന വരുമാനത്തെക്കുറിച്ചും ഒരു ധവളപ്പത്രം ഇറക്കേണ്ടതല്ലേ?
ഗോവധം, ബീഫ് വ്യവസായം എന്നീ പ്രശ്‌നങ്ങളിലുള്ള ധവളപ്പത്രം എന്ന ആശയവും കാര്‍ഷ്‌ക സമ്പദ് വ്യവസ്ഥയുടെ പ്രാധാന്യവും നല്ലത് തന്നെയാണ്. എന്നാല്‍ ഇത്തരം വിഷയങ്ങളെക്കുറിച്ച് ആളുകള്‍ക്ക് ധാരണ കുറവാണ്. ഇത്തരം വിഷയങ്ങളില്‍ ധാരണയുണ്ടാവുകയാണെങ്കില്‍ പിന്നെ ആളുകള്‍ ഗോവധത്തെ അന്ധമായി പിന്തുണക്കുകയോ അവഗണിക്കുകയോ ചെയ്യുകയില്ല. അതേസമയം എന്തിനാണ് ഭരണകൂടം ഇത് ചെയ്യുന്നത് എന്ന ചോദ്യമാണ് പ്രധാനം. അത്തരമൊരു നീക്കം അതിന്റെ രാഷ്ട്രീയ അജണ്ടയെ അപകടപ്പെടുത്തുകയാണ് ചെയ്യുക. ഇത്തരം പ്രശ്‌നങ്ങളെക്കുറിച്ച ജനങ്ങളുടെ ധവളപ്പത്രം എന്ന ആശയമാണ് യാഥാര്‍ത്ഥ്യത്തോട് കൂടുതല്‍ അടുത്ത് നില്‍ക്കുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

വിദ്യ: ഉത്തര്‍പ്രദേശ് ഭരണകൂടം രൂപീകരിച്ച റോമിയോ-വിരുദ്ധ സ്‌കോഡ് എന്ന ആശയത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്താണ്? ഖാപ് അധികാരികള്‍ക്കെതിരെ ജനങ്ങളെ സംരക്ഷിക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടിരിക്കുന്നു. അതേസമയം ഭരണഘടനാ വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യുന്നതില്‍ ഭരണകൂടം അവരെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. സ്വയം തീരുമാനിക്കാനും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുമൊക്കെയുള്ള സ്വാതന്ത്ര്യവും അവകാശവും ഭരണകൂടം ജനങ്ങള്‍ക്ക് നിഷേധിക്കുകയാണ് ചെയ്യുന്നത്. എന്ത്‌കൊണ്ടാണ് ഉത്തര്‍പ്രദേശ് ഭരണകൂടം അത്തരം തന്ത്രങ്ങള്‍ സ്വീകരിക്കുന്നത്?
ഈയൊരു നീക്കത്തിന് പിന്നില്‍ ഒരുപാട് ലക്ഷ്യങ്ങളുണ്ട്. ഒന്നാമതായി അത്തരം സ്‌ക്വാഡുകള്‍ രക്ഷകസേനകള്‍ എന്ന ആശയത്തെയാണ് പ്രചരിപ്പിക്കുന്നത്. അത് തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഭരണപാര്‍ട്ടിക്ക് ഉപയോഗപ്പെടുത്താം. രണ്ടാമതായി, മുസ്‌ലിം യുവതയെ പൈശാചികവല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ട് തുടങ്ങിയ ലവ്ജിഹാദ് പ്രചരണത്തിന്റെ തുടര്‍ച്ചയാണിത്. മൂന്നാമതായി, നിങ്ങള്‍ പറഞ്ഞപോലെ ഇത് സ്വയം തെരെഞ്ഞെടുക്കാനുള്ള അവകാശത്തിന് മേലുള്ള അക്രമമാണ്. അത് പോലെ പെണ്‍കുട്ടികളുടെ ജീവിതത്തെ നിയന്ത്രിക്കുന്ന പുരുഷാധിപത്യപരമായ മൂല്യങ്ങളെ ഇത് ശക്തിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. നോട്ട് അസാധുവാക്കല്‍ പരാജയപ്പെട്ടെങ്കിലും തെരെഞ്ഞെടുപ്പ് ഫലങ്ങളെ അതിനുള്ള അംഗീകാരമായാണ് ഭരണകൂടം കണക്കാക്കുന്നത്.

മോശകരമായ ഒരു ആശയത്തെ നിങ്ങള്‍ക്കെങ്ങനെ വിജയകരമായി നടപ്പിലാക്കാം എന്നതിന്റെ ഒരു ഉദാഹരണമാണ് നോട്ട് അസാധുവാക്കല്‍. ഇത്തരത്തിലുള്ള ഒരു നീക്കം ഭരണകൂടത്തിന് തന്നെ തിരിച്ചടിയാകുമെന്നാണ് പലരും കരുതുന്നത്. എന്നാല്‍ രാഷ്ട്രത്തിന് വേണ്ടിയുള്ള ഒരു ത്യാഗമാണിതെന്നും പണക്കാര്‍ക്കാണ് ഇത് മൂലം പ്രതിസന്ധിയുണ്ടാവുകയെന്നും പറഞ്ഞ് ധരിപ്പിക്കാന്‍ ഭരണകൂടത്തിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഭൂരിപക്ഷം വരുന്ന ജനങ്ങളും ഇതിന്റെ കെടുതിയനുഭവിക്കുന്നുണ്ട്. പ്രതിപക്ഷം ഇതിനെതിരെ ശബ്ദമുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ബി.ജെ.പി-ആര്‍.എസ്.എസ് സഖ്യത്തിന്റെ പ്രചാരണത്തിന് മുമ്പില്‍ അത് വെറും നിസ്സാരമായിരുന്നു.

വിദ്യ: സുക്മയിലും കാശ്മീരിലും ഈയടുത്ത് നടന്ന സംഭവങ്ങള്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആയുധമായി ഉപയോഗപ്പെടുത്തുകയുണ്ടായി. മനുഷ്യാവകാശ നിഷേധങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരെയെല്ലാം ദേശവിരുദ്ധരായാണ് ഭരണകൂടം മുദ്രകുത്തുന്നത്. എന്താണ് നിങ്ങളുടെ അഭിപ്രായം?
മനുഷ്യാവകാശപ്പോരാളികളോടും സമൂഹത്തിലെ അശരണരായ വിഭാഗങ്ങള്‍ക്ക് വേണ്ടി പോരാടുന്ന പ്രസ്ഥാനങ്ങളുമായും ഭരണകൂടത്തിന് ആശ്വാസകരമായ ബന്ധമല്ല ഉള്ളത്. തുടക്കത്തില്‍ തന്നെ എന്‍.ജി.ഒ കള്‍ക്ക് ലഭിക്കുന്ന സാമ്പത്തിക സ്രോതസ്സുകള്‍ ഭരണകൂടം മരവിപ്പിക്കുകയുണ്ടായി. കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും വിധം കഠിനമായ നയങ്ങളാണ് അവര്‍ നടപ്പിലാക്കുന്നത്. തങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരെയെല്ലാം ദേശവിരുദ്ധരാക്കുക എന്നത് വളരെ സാവധാനത്തില്‍ അവര്‍ നടപ്പിലാക്കിയ പദ്ധതിയാണ്. ജനാധിപത്യപരമായ വിമതസ്വരങ്ങളിലുള്ള അവരുടെ വിശ്വാസം ഉപരിപ്ലവമാണ് എന്നാണിത് കാണിക്കുന്നത്. ഹിന്ദു ദേശീയതയുടെ അസഹിഷ്ണുതാപൂര്‍വ്വമായ പ്രത്യയശാസ്ത്രത്തെയാണ് അവര്‍ മുന്നോട്ട് വെക്കുന്നത്.

വിദ്യ: എം.ഫില്‍, പി,എച്ച്,ഡി കോര്‍സുകളില്‍ ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവസരങ്ങള്‍ നിഷേധിക്കാനുള്ള ഭരണകൂടത്തിന്റെ നിലപാടുകളോടുള്ള നിങ്ങളുടെ പ്രതികരണമെന്താണ്?  ഇത് ദലിത്-പി്ന്നാക്ക വിദ്യാര്‍ത്ഥികള്‍ക്കെതിരായ നീക്കമല്ലേ?
കുറേകാലമായി ജെ.എന്‍.യു വിനെ ഭരണകൂടം ലക്ഷ്യമിട്ട് കൊണ്ടിരിക്കുകയായിരുന്നു. വിമതസ്വരങ്ങളെ ജനാധിപത്യപരമായി നേരിടുന്ന ലിബറല്‍, പുരോഗമന ഇടമാണ് ജെ.എന്‍.യു. ഇന്ത്യന്‍ ദേശീയതയുടെ തത്വങ്ങളില്‍ ഈ മൂല്യങ്ങള്‍ക്ക് ആഴത്തിലുള്ള വേരുകളാണുള്ളത്. സ്ത്രീകളുടെയും ദലിതരുടെയും ഒബിസികളുടെയും ജെഎന്‍യുവിലെ സാന്നിധ്യം മെച്ചപ്പെട്ടതാണ്. ഗവേഷണത്തിന്റെ സീറ്റുകള്‍ കുറക്കാനുള്ള ഗവണ്‍മെന്റ് നീക്കത്തിന് രണ്ട് ലക്ഷ്യങ്ങളാണുള്ളത്. ഒന്നാമതായി, ജെന്‍യുവിന്റെ പുരോഗമന സ്വഭാവം തകര്‍ക്കാനുള്ള നീക്കമാണിത്. അതോടൊപ്പം തന്നെ പ്രാന്തവല്‍ക്കരിക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെ അവസരങ്ങള്‍ ഇല്ലാതാക്കുക എന്ന ലക്ഷ്യവും ഇതിന്റെ പിന്നിലുണ്ട്. ജെഎന്‍യുവിലും എച്ച്‌സിയുവിലും ആരംഭിച്ച വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ ഈ വിഷയം സൂക്ഷമമായി ശ്രദ്ധിക്കുകയും വലിയ അര്‍ത്ഥത്തിലുള്ള ഒരു സമരപ്രചാരണം തന്നെ തുടങ്ങുകയും ചെയ്യേണ്ടതുണ്ട്.

വിദ്യ: ഹിന്ദു വലത്പക്ഷം ചെയ്ത് കൂട്ടിയ കാര്യങ്ങള്‍ നമുക്കെല്ലാം അറിയാവുന്നതാണെങ്കിലും അവരെ വെല്ലുവിളിക്കാന്‍ പോലുമാകാതെ ദേശീയത എന്ന പ്രശ്‌നം കോണ്‍ഗ്രസ്സ് അടക്കമുള്ള പാര്‍ട്ടികളെ യഥാര്‍ത്ഥത്തില്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ബഹുസ്വര ഇന്ത്യയെക്കുറിച്ച് സംസാരിച്ച സ്വാതന്ത്ര്യപ്പോരാളികളുടെ ചരിത്ര പാരമ്പര്യത്തെ ഏറ്റെടുക്കുന്നതിന് പകരം പാര്‍ട്ടികള്‍ പ്രതിരോധത്തിലാകുന്നതെന്ത് കൊണ്ടാണ്?
കോണ്‍ഗ്രസിന്റെ അടിത്തറ എന്നത് തന്നെ ഇന്ത്യന്‍ ദേശീയതയാണ്. ജനങ്ങളെ ബൗദ്ധികമായി ഉല്‍ബുദ്ധരാക്കാനുള്ള ശ്രമങ്ങളൊന്നും പാര്‍ട്ടി നടത്തിയിട്ടില്ല. ഹിന്ദു ദേശീയ പ്രത്യയശാസ്ത്രത്തിന്റെ വികാസം മറ്റ് പാര്‍ട്ടികളെ പിറകോട്ടടിപ്പിക്കുന്ന അവസ്ഥ സംജാതമാക്കിയിട്ടുണ്ട്. പ്രത്യയശാസ്ത്രപരമായിത്തന്നെ അതിനെ നേരിടാന്‍ അവരിത് വരെ തയ്യാറായിട്ടുമില്ല. വിഭാഗീയമായ ഈ ദേശീയ തരംഗത്തെ നേരിടാന്‍ ബിജെപിയിതര പാര്‍ട്ടികള്‍ക്ക് സാധിക്കുമെങ്കിലും പ്രത്യയശാസ്ത്രപരവും രാഷ്ട്രീയപരവുമായ തയ്യാറെടുപ്പാണ് അവര്‍ക്കില്ലാത്തത്.

വിദ്യ: പൊതുവായ ഹിന്ദു വ്യവഹാരങ്ങളിലെല്ലാം മുസ്‌ലിംകള്‍ മൃഗീയരും യാഥാസ്ഥികരുമാണ്. യൂറോപ്പിനെയും അമേരിക്കയെയുമടക്കം ഇസ്‌ലാമോഫോബിയ ബാധിച്ചിരിക്കുന്ന സന്ദര്‍ഭത്തില്‍ ഈ പ്രശ്‌നത്തെ എങ്ങനെയാണ് നാം നേരിടുക?
ഇതൊരു നിര്‍മ്മിത വ്യവഹാരമാണ്. രണ്ട് വഴികളിലൂടെയാണ് അത് പ്രധാനമായും ഇങ്ങോട്ട് വന്നത്. ഒന്നാമതായി, ബ്രിട്ടീഷുകാരാണ് വര്‍ഗീയമായ ചരിത്രരചന അവതരിപ്പിക്കുന്നത്. അത് പിന്നീട് ഹിന്ദു മഹാസഭയും ആര്‍.എസ്.എസും ഏറ്റെടുക്കുകയായിരുന്നു. വളരെ ആസൂത്രിതമായാണ് ആര്‍.എസ്.എസ് ശാഖകള്‍ അത് പ്രചരിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നത്. പിന്നീട് വേറെ പല വഴികളിലൂടെയും അത് പ്രചരിപ്പിക്കപ്പെടുകയുണ്ടായി. പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് അത് സാധ്യമാക്കുന്നത്. ഹിന്ദുക്കളും മുസ്‌ലിംകളും തമ്മില്‍ നിലനിന്നിട്ടുള്ള സാമൂഹ്യ ബന്ധങ്ങള്‍ ഈ വ്യവഹാരത്തില്‍ അപ്രത്യക്ഷമാണ്. മുസ്‌ലിം-ഹിന്ദു രാജാക്കന്‍മാര്‍ തമ്മില്‍ നിലനിന്നിരുന്ന സഖ്യങ്ങളെക്കുറിച്ചും അതൊന്നും പറയുന്നില്ല. ഈ വ്യവഹാരത്തില്‍ പ്രധാനമായും നിലനില്‍ക്കുന്നത് അക്രമകാരിയായ ‘വിദേശ’ മുസ്‌ലിംകളും കുലീനരായ പ്രാദേശിക ഹിന്ദുക്കളുമാണ്. രാമക്ഷേത്ര പ്രസ്ഥാനത്തോട് കൂടി ഈ വ്യവഹാരത്തിന് ശക്തി പ്രാപിക്കുകയായിരുന്നു.

രണ്ടാമതായി, പെട്രോളിയം വിഭവങ്ങള്‍ക്ക് വേണ്ടിയുള്ള ആര്‍ത്തിയാണ് ഇസ്‌ലാമോഫോബിയ വ്യവസായത്തിന്റെ പ്രധാന കാരണം. പാക്കിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തികളിലെ ചില മദ്രസകളിലെ അല്‍ഖാഇദയുടെ പ്രചരണത്തിന് പ്രധാനമായും ധനസഹായം നല്‍കുന്നനത് അമേരിക്കയാണ്. അങ്ങനെ ഭീകരതയുടെ പിശാചിനെ സൃഷ്ടിക്കുകയാണ് അമേരിക്ക ചെയ്യുന്നത്. കൂടാതെ യു.എസ് മാധ്യമങ്ങളുടെ ഇസ്‌ലാമിക ഭീകരത എന്ന പദപ്രയോഗവും മുസ്‌ലിം വിരുദ്ധ വ്യവഹാരത്തിലേക്ക് കൂടുതല്‍ വിഷം കുത്തിവെക്കുകയാണ് ചെയ്തിട്ടുള്ളത്. യൂറോപ്യന്‍ കൊളോണിയല്‍ രാഷ്ട്രങ്ങളില്‍ നിന്നും യുദ്ധകലുഷിതമായ രാഷ്ട്രങ്ങളില്‍ നിന്നുമുള്ള മുസ്‌ലിം കുടിയേറ്റങ്ങള്‍ പ്രശ്‌നത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ് ചെയ്തത്. ഒരു മതമെന്ന നിലക്ക് ഇസ്‌ലാമിന് ശക്തമായ നൈതിക സ്വഭാവമുണ്ട്. അതേസമയം ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരായ നീക്കങ്ങളുടെ അടിസ്ഥാനം എന്നത് സലഫിസം പോലെയുള്ള ഇസ്‌ലാമിന്റെ ചില പ്രതിനിധാനങ്ങളാണ് എന്നതാണ് യാഥാര്‍ത്ഥ്യം. അവരുടെ വിശ്വാസങ്ങളും പ്രവര്‍ത്തനങ്ങളുമാണ് ഇസ്‌ലാമിന്റെ പേരില്‍ മനസ്സിലാക്കപ്പെടുന്നത്.

മുത്തലാഖ്, ബഹുഭാര്യത്വം, അമിതമായ സന്താനോല്‍പ്പാദനം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് മുകളില്‍പ്പറഞ്ഞ രണ്ട് തരത്തിലുമുള്ള ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും പൈശാചികവല്‍ക്കരണത്തിന് ഇന്ത്യയിലെ വലത്പക്ഷ ശക്തികള്‍ ആക്കം കൂട്ടുകയാണ് ചെയ്തത്.

വിദ്യ: മേല്‍ജാതി ഹിന്ദുക്കളും പ്രബലമായ പിന്നാക്ക സമുദായങ്ങളും ഇപ്പോള്‍ മുസ്‌ലിംകള്‍ക്കും ദലിതര്‍ക്കുമെതിരെ യോജിച്ചാണ് നിലനില്‍ക്കുന്നത്. ഹിന്ദുത്വ ശക്തികള്‍ പലയിടത്തും പ്രബലമായ സമുദായങ്ങളെ ഉപയോഗിക്കുന്നുണ്ട്. എങ്ങനെയാണ് ദലിത്, മുസ്‌ലിം, ഒബിസി ആദിവാസി സമുദായങ്ങള്‍ക്ക് ഒരുമിച്ച് കൊണ്ട് ഇതിനെ നേരിടാന്‍ കഴിയുക?
ഹിന്ദുത്വ രാഷ്ട്രീയം മേല്‍ജാതി സമൂഹങ്ങളുമായി സഖ്യം സ്ഥാപിക്കാനും ഇതര ജാതികളെ സ്വാംശീകരിക്കാനും പല വഴികളും സ്വീകരിച്ചിട്ടുണ്ട്. ആര്‍.എസ്.എസ് ആകട്ടെ, പിന്നാക്ക സമുദായങ്ങളെ പല രീതികളുലും ആകര്‍ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ദലിതരിലും ആദിവാസികളിലും പെട്ട അവസരവാദികളായ ചില നേതാക്കന്‍മാരെ ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് ആകര്‍ഷിക്കാന്‍ വേണ്ടി അവര്‍ക്ക് ഉന്നതമായ പല പദവികളും ആര്‍.എസ്. എസ് നല്‍കിയിട്ടുണ്ട്. ഹിന്ദുത്വം ഒരു ആധിപത്യ ശക്തിയായി വളര്‍ന്ന് വരുന്ന ഈ സാഹചര്യം അങ്ങേയറ്റം അപകടകരമാണ്.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളില്‍ നാം കണ്ടത് സാമൂഹ്യപ്രസ്ഥാനങ്ങളുടെ എല്ലാ തലങ്ങളിലുമുള്ള പതനമാണ്. ദിലതരുടെയും മുസ്‌ലിംകളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള സാമൂഹ്യ സഖ്യങ്ങളെക്കുറിച്ച ആലോചനകള്‍ ഏറെ വൈകിപ്പോയിരിക്കുന്നു. അതേസമയം തെരെഞ്ഞെടുപ്പ് സന്ദര്‍ഭങ്ങളിലുള്ള രാഷ്ട്രീയ സഖ്യങ്ങള്‍ക്ക് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മാര്‍ച്ചിനെ തടയാനാകും എന്നതാണ് യാഥാര്‍ത്ഥ്യം.

വിദ്യ: മതേതര രാഷ്ട്രീയ വ്യവഹാരം ജാതി പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ തന്നെ ദലിതരും ഒബിസികളും ആദിവാസി കളും അതിന്റെ അജണ്ടക്ക് പുറത്തായിരുന്നു. ഇപ്പോള്‍ പലരും ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നുണ്ട്. ദലിതരുടെയും ഒബിസികളുടെയും മറ്റ് അപരവല്‍കൃത സമൂഹങ്ങളുടെയും പങ്കാളിത്തമില്ലാതെ എങ്ങനെയാണ് നമുക്ക് മതേതര സഖ്യത്തെ ശക്തിപ്പെടുത്താന്‍ കഴിയുക?
സമൂഹത്തിലെ ഈ വിഭാഗം ജനങ്ങളിലേക്ക് നാം എത്തിച്ചേരേണ്ടതുണ്ട്. ആഗോളവല്‍ക്കരണത്തിന്റെ സ്വാധീനം അവരുടെ ജീവിതങ്ങളില്‍ വളരെ വലുതായിരുന്നു. ഈയൊരവസ്ഥയില്‍ അവരുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങളെ വളരെ കൃത്യമായി തിരിച്ചറിയുകയും അഭിമുഖീകരിക്കുകയുമാണ് നാം ചെയ്യേണ്ടത്. പുതിയ പ്രസ്ഥാനങ്ങളില്‍ നിന്നും നാമേറെ പഠിക്കേണ്ടതുണ്ട്. ദലിതരുടെ ശക്തിയെ കാര്യക്ഷമമായി ഉപയോഗിക്കുന്നതില്‍ ഉനയെപ്പോലുള്ള പ്രസ്ഥാനങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. അതോടൊപ്പം തന്നെ അവര്‍ ദലിതര്‍ക്ക് ഭൂമിക്ക് വേണ്ടിയുള്ള ആവശ്യങ്ങളും ഉന്നയിക്കുകയുണ്ടായി. ഭാവിയില്‍ നടക്കേണ്ട സമര പ്രചരണങ്ങളുടെയും പോരാട്ടങ്ങളുടെയും മാതൃക ഇത് പോലെയുള്ള പ്രസ്ഥാനങ്ങളായിരിക്കണം.

വിദ്യ: മതേതര പാര്‍ട്ടികള്‍ വിദ്യാര്‍ത്ഥി അസ്വസ്ഥകളെ പരിഗണിക്കുന്നതിലും അവരുടെ കൂടെ അണിനിരക്കുന്നതിലും പരാജയപ്പെട്ടിരിക്കുകയാണ്. എന്ത്‌കൊണ്ടാണ് ജെഎന്‍യു, ഹൈദരാബാദ് തുടങ്ങിയ സര്‍വകലാശാലകളില്‍ നടക്കുന്ന സംഭവങ്ങള്‍ മതേതര സംഘടനകളെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെടുന്നത്?
ഈ രാഷ്ട്രീയ സംഘടനകളുടെയെല്ലാം വിദ്യാര്‍ത്ഥി വിഭാഗങ്ങള്‍ ഏറെക്കാലം നിശ്ചലമായിരുന്നു. കേന്ദ്ര സര്‍വ്വകലാശാലകളില്‍ ഉയര്‍ന്ന് വന്നത് പോലെയുള്ള പ്രസ്ഥാനങ്ങളാണ് ഭാവിയുടെ പ്രതീക്ഷ എന്ന് ഈ രാഷ്ട്രീയ സംഘടനകള്‍ മനസ്സിലാക്കേണ്ടതുണ്ട്. പുതിയ വിദ്യാര്‍ത്ഥി മുന്നേറ്റങ്ങളെ മനസ്സിലാക്കാനുള്ള ചെറിയ ചില ശ്രമങ്ങളെല്ലാം അവയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നെങ്കിലും അതത്ര സജീവമായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

വിദ്യ: പൗര സമൂഹ സംഘടനകളെ ഭരണകൂടം ഒരുപാട് കാലമായി ലക്ഷ്യമിട്ട് കൊണ്ടിരിക്കുകയാണ്. വിദ്യാര്‍ത്ഥികളെയും അത് നോട്ടമിടുന്നുണ്ട്. ട്രേഡ് യൂനിയനുകളും ഹിന്ദുത്വത്തിനെതിരെ സംസാരിക്കുന്ന എല്ലാവരും ഭരണകൂടത്തിന്റെ നോട്ടപ്പുള്ളികളാണ്. എന്നിട്ടും നമുക്ക് ഹിന്ദുത്വത്തിനെതിരെ ഒരു പൊതുവായ സഖ്യം ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. എന്താണിതിന് കാരണം? എങ്ങനെയാണ് നമുക്കൊന്നിക്കാന്‍ കഴിയുക? കോണ്‍ഗ്രസ് വിരുദ്ധത ഇപ്പോള്‍ നിലനില്‍ക്കുന്നില്ല എന്നും അതിനപ്പുറത്തേക്ക് നാം ശ്രദ്ധിക്കേണ്ടതുണ്ടന്നും പൊതു താല്‍പര്യങ്ങളെ മുന്‍നിര്‍ത്തി പുതിയ സഖ്യങ്ങള്‍ രൂപീകരിക്കേണ്ടതുണ്ടെന്നും താങ്കള്‍ കരുതുന്നുണ്ടോ?
പൂര്‍ണ്ണമായും ഞാന്‍ താങ്കളോട് യോജിക്കുന്നു. പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് വിരുദ്ധത നെഗറ്റീവായ ധര്‍മ്മമാണ് നിര്‍വ്വഹിച്ച് കൊണ്ടിരിക്കുന്നത്. അത്‌പോലെ കോണ്‍ഗ്രസിനെ നാണംകെടുത്താനുള്ള പ്രത്യേക ശ്രമങ്ങളും നടക്കുകയുണ്ടായി. അണ്ണ-രാംദേവ്-കെജ്രിവാള്‍ പ്രസ്ഥാനം കോണ്‍ഗ്രസിനെ അപകീര്‍ത്തിപ്പെടുത്തുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്തത്. ഞാന്‍ പറയുന്നത് കോണ്‍ഗ്രസിന് ചുറ്റുമാണ് മതേതര പ്രസ്ഥാനങ്ങള്‍ ഒരുമിച്ച് ചേരേണ്ടത് എന്നാണ്. യു.പിയിലേത് പോലെയുള്ള തുടര്‍ച്ചയായ പരാജയങ്ങള്‍ എല്ലാ ജനാധിപത്യ പ്രസ്ഥാനങ്ങളും ഒരുമിച്ച് നില്‍ക്കേണ്ട ആവശ്യകത അവരെ ബോധ്യപ്പെടുത്തുമെന്നത് തീര്‍ച്ചയാണ്.

അവലംബം: milligazette.com

വിവ: സഅദ് സല്‍മി

Related Articles