Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം ഉമ്മത്ത് മുന്‍ഗണനാ ക്രമം പഠിക്കണം /ശൈഖ് യൂസുഫുല്‍ ഖറദാവി

വിപ്ലവത്തിന്റെ ലക്ഷ്യങ്ങള്‍ പൂര്‍ണമായും സാക്ഷാല്‍കരിക്കുന്നത് വരെ ക്ഷമയോടെ നിലകൊള്ളണമെന്ന് ലോക മുസ്‌ലിം പണ്ഡിത വേദി അധ്യക്ഷന്‍ ഡോ.യൂസുഫ് അല്‍ ഖറദാവി ഈജിപ്ഷ്യന്‍ ജനതയോടാവശ്യപ്പെട്ടു. ശുറൂഖ് അല്‍ മിസ്വ്‌രിയ്യക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ഈജിപ്ഷ്യന്‍ വിപ്ലവത്തിന്റെയും അറബ് വസന്തത്തിന്റെയും പുരോഗതിയെ സംബന്ധിച്ചും സംസാരിച്ചു. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ പുതുതായി തുടങ്ങുന്നതിന്റെയും മുന്‍ഗണനാ ക്രമം പഠിക്കുന്നതിന്റെയും ആവശ്യകതയെയും കുറിച്ച് അദ്ദേഹം സൂചിപ്പിച്ചു.

അഭിമുഖത്തിലൂടെ:-
ഒരു വര്‍ഷമായി ഈജിപത് സെനിക സഭയുടെ ഭരണത്തിനാണല്ലോ. എന്താണ് താങ്കള്‍ക്ക് അതേക്കുറിച്ച് പറയാനുള്ളത്?
– ഈജിപ്ത് നേടിയെടുത്ത മഹത്തായ കാര്യങ്ങളില്‍ ഒന്നാണ് അവിടത്തെ വിപ്ലവം എന്നതില്‍ സംശയമില്ല. ഒരു അറബിയോ, മുസ്‌ലിമോ, ഈജിപ്ഷ്യന്‍ തന്നെയോ അക്കാര്യത്തില്‍ സന്ദേഹപ്പെടുകയില്ല. ഈജിപത് ഒന്നടങ്കം ഏറ്റെടുത്ത, പൂര്‍ണമായും അവര്‍ക്ക് മാത്രമവകാശപ്പെട്ട സമരമായിരുന്നു അത്. സ്ത്രീകളും പുരുഷന്‍മാരും, യുവാക്കളും വൃദ്ധന്മാരും മുസ്‌ലിംകളും ക്രൈസ്തവരും മറ്റെല്ലാവരും അതില്‍ പങ്കാളിയായിരുന്നു.
കല്ലും മറ്റ് ആയുധമൊന്നുമില്ലാതെ ചെറുത്തു നിന്ന ഈ ജനതയുടെ മഹത്വം ലോകം അംഗീകരിച്ചതാണ്. അല്ലാഹുവിലുള്ള വിശ്വാസം കൊണ്ടും ക്ഷമയും സ്ഥൈര്യവും കൊണ്ടും മുബാറക്കിന്റെയും സന്തതികളുടെയും സ്വേഛാധിപത്യ കാലത്തിന് അറുതി വരുത്തിയവരാണ് അവര്‍. ഒരു വര്‍ഷത്തോളം നിരന്തരമായി അവര്‍ പ്രയത്‌നിച്ചു. ഭരണാധികാരിയെയും ഭരണ വ്യവസ്ഥയെയും അവര്‍ താഴെയിറക്കിയെന്ന് മാത്രമല്ല അവരിന്ന് വിചാരണക്ക് വിധേയമാവുകയും ചെയ്യുന്നു. സ്ഥാനമാനങ്ങള്‍ നേടിയെടുക്കാന്‍ പരിശ്രമിക്കുന്ന ചിലര്‍ ഇനിയുമുണ്ടെന്നത് നേരാണ്. പക്ഷേ ഈജിപ്ഷ്യന്‍ ജനത അവരെയെല്ലാം തങ്ങളുടെ പട്ടികയില്‍ നിന്നും പുറംതള്ളിയിരിക്കുന്നു.
ഈ ജനത സൃഷ്ടിച്ചതില്‍ മഹത്തായത് തെരഞ്ഞടുപ്പ് സംവിധാനമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. സൈനിക സഭയാണ് രാജ്യത്തിന്റെ ഭരണകാര്യങ്ങള്‍ ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത്. പൊതുജനത്തിന് തൃപ്തികരമായ പ്രവര്‍ത്തനവും സ്വീകാര്യമായ നിലപാടുകളുമാണ് പ്രാരംഭത്തില്‍ അത് പുലര്‍ത്തിക്കൊണ്ടിരുന്നത്. പിന്നീട് അസ്വീകാര്യവും അതൃപ്തിയുളവാക്കുന്നതുമായ പ്രവര്‍ത്തനങ്ങള്‍ അതില്‍ സംഭവിച്ച് തുടങ്ങിയിരിക്കുന്നു. അത് കൊണ്ട് ജനങ്ങളുടെ നിലപാടിലും മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അതിനെ താഴെയിറക്കണമെന്ന് ആവശ്യപ്പെടുന്നവരും അവര്‍ക്കിടയിലുണ്ട്.
? ഇതു വരെയുണ്ടായിരുന്ന വ്യവസ്ഥ പൂര്‍ണമായും നശിച്ചുവെന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ അതല്ല അതിന്റെ നേതൃത്വം മാത്രമാണ് നശിച്ചത് എന്നാണോ ശരി?
– പഴയ വ്യവസ്ഥ അതു പോലെ നിലനില്‍ക്കുന്നു എന്ന വീക്ഷണം പൂര്‍ണായും തെറ്റാണ്. കാരണം അത് തിരിച്ച് വരാത്തവണ്ണം നശിക്കുകയും തിരോഭവിക്കുകയും ചെയ്തിരിക്കുന്നു. പക്ഷെ ജനങ്ങളുടെ പ്രസ്ഥാനം വ്യക്തികളുടെ പ്രസ്ഥാനത്തെപ്പോലെ അല്ല. ചില കാര്യങ്ങള്‍ അവ പൂര്‍ത്തീകരിക്കപ്പെടണമെങ്കില്‍ വര്‍ഷങ്ങളെടുക്കും. സുഭദ്രമായ അടിത്തറകളിലൂന്നി പുനര്‍ നിര്‍മ്മാണമാവശ്യമായ കാര്യമാണിത്.
ദാരിദ്ര്യ നിര്‍മാര്‍ജ്ജനം, സാമൂഹിക നീതി, രോഗി ചികില്‍സ തുടങ്ങി വിപ്ലവത്തിന്റെ എല്ലാ ആവശ്യങ്ങളും പൂര്‍ത്തീകരിക്കാന്‍ ഏതാനും മാസം മതിയാവില്ല. സ്വേഛാധിപതിയെ താഴെയിറക്കുക പോലുള്ള മഹത്തായ ചില ലക്ഷ്യങ്ങള്‍ അത് പൂര്‍ത്തീകരിച്ച് കഴിഞ്ഞു. ഇപ്പോള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്ന സ്വാതന്ത്ര്യവും ലോകത്തിന്റെ പല രാജ്യങ്ങളിലും പടര്‍ന്ന് പിടിച്ച സ്വാതന്ത്ര്യ പോരാട്ടങ്ങളും അതിന്റെ തന്നെ ഭാഗമാണല്ലോ.

? നിലവിലുള്ള സൈനിക സഭയെ പഴയ വ്യസ്ഥയുടെ തന്നെ തുടര്‍ച്ചയായി പരിഗണിക്കാമോ?
– സൈനിക സഭയില്‍ പഴയ വ്യവസ്ഥയെ പിന്തുണക്കാരും അതോടൊപ്പം തന്നെ വിപ്ലവകാരികളില്‍ പെടുന്നവരുമുണ്ട്. അത് പൂര്‍ണമായും ഹുസ്‌നി മുബാറകിന്റെ കൂടെയാണെന്നോ അദ്ദേഹത്തെ പിന്തുണക്കുന്നവരാണെന്നോ പറയാവതല്ല. അവരില്‍ പുതിയ വ്യവസ്ഥ ആഗ്രഹിക്കുന്നവരും ഉണ്ട്.
പക്ഷേ ഇരുപത്തഞ്ചോളം വരുന്ന പ്രക്ഷോഭകര്‍ക്ക് നേരെ വെടിയുതിര്‍ത്ത പഴയ ഭരണ വ്യവസ്ഥയെപ്പോലെ തന്നെ സൈനിക സഭ മന്ത്രി സഭയുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയാണ് ചെയ്തത്.
ഇക്കാര്യം വിശദമായി പരിശോധിക്കപ്പെടേണ്ടതാണ്. ആരാണ് വെടിയുതിര്‍ത്തത് എന്നതിനെ സംബന്ധിച്ച് നമുക്ക് വ്യക്തമായി അറിവില്ല. സൈനിക സഭ ഇപ്രകാരം ചെയ്യുക എന്നത് അസംഭവ്യമാണ്. ഞാന്‍ അപ്രകാരം വിശ്വസിക്കുന്നില്ല.

? പക്ഷേ ഇക്കാര്യങ്ങളുടെ രാഷ്ട്രീയ ഉത്തരവാദിത്തം ആരാണ് ഏറ്റെടുക്കുക ?
– സംഭവവികാസങ്ങളെ കുറിച്ച വ്യക്തമായ ധാരണയാണ് പ്രാഥമികമായുണ്ടാവേണ്ടത്. അവയുടെ പിന്നിലുള്ളവരെ കണ്ടെത്താന്‍ നാമവരോട് ആവശ്യപ്പെടണം. അവര്‍ പുറമെ നിന്നുള്ളവരോ അതല്ല അവര്‍ക്കിടയില്‍ തന്നെയുള്ളവരോ എന്നും അതല്ല പഴയ വ്യവസ്ഥയെ പിന്തുണക്കുന്നവരോ എന്നൊക്കെ പരിശോധിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യങ്ങളെ സംബന്ധിച്ച കൃത്യമായ അവബോധം ഈജിപ്ഷ്യന്‍ ജനതക്കുണ്ടാകേണ്ടിയിരിക്കുന്നു.

? തൃപ്തികരമല്ലാത്ത വിധത്തില്‍ ഭരണം നടത്തുന്ന സൈനിക സഭയെ പിരിച്ച് വിടണമെന്ന അഭിപ്രായത്തോട് താങ്കള്‍ക്ക് യോജിപ്പുണ്ടോ?
– ഉടനെത്തന്നെ ഭരണം വിട്ട് പോവണമെന്ന ആശയം തീര്‍ത്തും അബദ്ധമാണ്. ഈ സന്ദര്‍ഭത്തില്‍ രാഷ്ട്രം ആര് ഏറ്റെടുക്കും? ഇപ്പോള്‍ അതിന് അനുയോജ്യര്‍ സൈനിക സഭ തന്നെയാണ്. നാം അവര്‍ക്ക് അവസരം നല്‍കുകയും സമ്മര്‍ദത്തിലാഴ്ത്തുകയും ചെയ്യേണ്ടിയിരിക്കുന്നു. ശക്തിയോടും ഉണര്‍വ്വോടും കൂടിയാണ് നാമവരോട് വര്‍ത്തിക്കേണ്ടത്. പുതിയ ഭരണ വ്യവസ്ഥയിലേക്കുള്ള ദൂരം കുറക്കാനും യാതൊരു നഷ്ടവുമില്ലാതെ ഇക്കാര്യത്തില്‍ നിന്നും രക്ഷപ്പെടാനുമാണ് നാം ശ്രമിക്കേണ്ടത്. കാരണം പ്രസിഡണ്ട് തെരഞ്ഞടുപ്പ് ആസന്നമായിരിക്കുന്നു. അല്ലാഹു നിങ്ങള്‍ക്ക് മഹത്തായ പ്രതിഫലം നല്‍കട്ടെയെന്ന് അവര്‍ക്ക് വേണടി പ്രാര്‍ത്ഥിക്കുക. രാഷ്ട്ര ഭരണം തെരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടിക്ക് വിട്ട് കൊടുത്തിട്ട് തങ്ങളുടെ കേന്ദ്രങ്ങളിലേക്ക് മടങ്ങുവാന്‍ അവരോട് നിര്‍ദേശിക്കുക.

? തെരഞ്ഞെടുക്കപ്പെട്ടവരെക്കുറിച്ച് എന്താണ് പറയാനുള്ളത്? എന്താണ് അവരുടെ ഉത്തരവാദിത്തം?
– ജനങ്ങളുടെ ആവശ്യങ്ങള്‍ പരമാവധി പൂര്‍ത്തീകരക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്. അതോടൊപ്പം അക്ഷമരാവാതെ കാത്തിരിക്കുക എന്നത് ജനങ്ങളുടെയും ബാധ്യതയാണ്. ഒറ്റയടിക്ക് എല്ലാം സാക്ഷാത്കരിക്കുകയെന്നത് അസംഭവ്യമാണ്. ഈ സമീപനം ഉല്‍പാദനത്തിന് പകരം ഷണ്ഡീകരണമാണ് സൃഷ്ടിക്കുക.
പുതുതായി തുടങ്ങാനാണ് നാം ഉദ്ദേശിക്കുന്നത്. അതിനാല്‍ തന്നെ സമൂഹം മുന്‍ഗണനാക്രമങ്ങള്‍ മനസ്സിലാക്കണമെന്ന് നാമാഗ്രഹിക്കുന്നു. മുന്‍ഗണനാ ക്രമത്തിന്റെ രീതി ശാസ്ത്രം (ഫിഖ്ഹുല്‍ ഔലവിയ്യാത്ത്) എന്ന പേരില്‍ എനിക്ക് ഒരു ഗ്രന്ഥം തന്നെയുണ്ട്. അറുപതിലധികം അല്ലെങ്കില്‍ എഴുപിതലധികം ശാഖകളുണ്ട് വിശ്വാസത്തിനെന്നും അതില്‍ ഏറ്റവും ഉന്നതമായത് കലിമതുശ്ശഹാദത്തും താഴെ ഉള്ളത് വഴിയില്‍ നിന്നും ഉപദ്രവങ്ങള്‍ നീക്കലുമാണെന്ന് നബി തിരുമേനി പറഞ്ഞിട്ടുള്ളതാണല്ലോ. അതിനാല്‍ പ്രസ്തുത ക്രമത്തെ മാറ്റിമറിക്കാതിരിക്കല്‍ സമൂഹത്തിന്റെ ബാധ്യതയാണ്.

? ഈജിപ്ഷ്യന്‍ തെരഞ്ഞെടുപ്പിന്റ ഫലം താങ്കളെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായിരുന്നോ?
– ഇഖ്‌വാനിന്റെ ഫലം പ്രതീക്ഷിച്ചത് പോലെ തന്നെയായിരുന്നു. പക്ഷെ സലഫി വിഭാഗത്തിന്റെ ഫലം അപ്രതീക്ഷിതമായിരുന്നു. കാരണം അര്‍ ആദ്യമായാണല്ലോ രാഷ്ട്രീയത്തില്‍ ഇടപെടുന്നത്. എന്നാലും അവര്‍ക്ക് ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടെന്നും അവരെ ഒരുമിച്ച് കൂട്ടാന്‍ സാധിക്കുമെന്നും എനിക്കറിയാമായിരുന്നു.
ലിബറിസ്റ്റ് ചിന്താഗതിക്കാരെ സംബന്ധിച്ചിടത്തോളം അവര്‍ ഈജിപ്ഷ്യന്‍ ജനതക്കിടയില്‍ വന്ന് ചേര്‍ന്നവരാണ്. കാരണം അവര്‍ ഇസ്‌ലാമിക ശരീഅത്തിനെ നിരാകരിക്കുന്നുവല്ലോ. ഇസ്‌ലാമിസ്റ്റുകള്‍ പരാജയപ്പെട്ടാലല്ലാതെ അവര്‍ക്ക് രാഷ്ട്രീയത്തില്‍ ഭാവിയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല്. അവരതിന് അവസരം പാര്‍ത്തിരിക്കുകയാണ് താനും.

? ജനാധിപത്യ സംവിധാനം കുഫ്ര്‍ ആണ് എന്ന അഭിപ്രായത്തില്‍ നിന്നും തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനും മത്സരിക്കാനും തയ്യാറായ അവസ്ഥയിലേക്കുള്ള സലഫി പ്രസ്ഥാനത്തിന്റെ മാറ്റത്തെക്കുറിച്ച് എന്ത് പറയുന്നു?
– ജനാധിപത്യ സംവിധാനത്തെ നിശിദ്ധമെന്ന് പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് മറുപടി നല്‍കുകയും പ്രാരംഭത്തില്‍ തന്നെ വിപ്ലവത്തോടൊപ്പം നില്‍ക്കുകയും ചെയ്തത് ഈയുള്ളവനായിരുന്നു. നിങ്ങളുടെ ഈ പത്രമായിരുന്നല്ലോ അതുമായി ബന്ധപ്പെട്ട ഫത്‌വകളും പ്രഭാഷണങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചതും. സലഫികളെയും മറ്റ് മുബാറകിനെ പിന്തുണച്ച് സംസാരിച്ചവരെയും പ്രതിരോധിക്കുകയാണ് ഞാന്‍ ചെയ്തത്. അവരെല്ലാം നിലവിലുള്ള അവസ്ഥയില്‍ തൃപ്തിപ്പെട്ട് ജീവിക്കണമെന്ന ആശയക്കാരായിരുന്നു. എന്നാല്‍ അവരില്‍ സലഫികള്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തയ്യാറായി. കാരണം അവര്‍ക്ക് കുവൈറ്റിലും ബഹ്‌റൈനിലും പ്രസ്തുത മേഖലയില്‍ കഴിവ് തെളിയിച്ച സഹോദര സംഘങ്ങള്‍ ഉണ്ടല്ലോ.

? അന്താരാഷ്ട്ര കരാറുകള്‍ വിലമതിക്കുമെന്ന സലഫികളുടെ പ്രഖ്യാപനം, രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ അവര്‍ പര്യാപ്തമാണെന്ന് കുറിക്കുന്നുണ്ടോ?
– യഥാര്‍ത്ഥത്തില്‍ സലഫികളുടെ കാര്യത്തില്‍ എനിക്ക് ആശങ്കയുണ്ടായിരുന്നു. കാരണം അവര്‍ അഖീദയും അതിന്റെ വ്യാഖ്യാനവുമായി ബന്ധപ്പെട്ട ചില നിര്‍ണിത വിഷയങ്ങള്‍ക്ക് മാത്രം പ്രാധാന്യം നല്‍കുന്നവരും അതിന് വേണ്ടി പോരടിക്കുന്നവരുമാണ്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചിട്ടുള്ള അവരുടെ വക്താക്കളില്‍ നിന്നും പുതിയ ആശയങ്ങളാണ് ഞാന്‍ കേട്ടത്. അവര്‍ അവരുടെ നിലപാടുകള്‍ മാറ്റിയിരിക്കുന്നു. ജനങ്ങളോടൊന്നിച്ച് മുന്നോട്ടു പോവാനുള്ള കഴിവ് അവര്‍ക്കുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നു.

? പുതിയ രാഷ്ട്രീയ പരീക്ഷണം ഇഖ്‌വാനെപ്പോലെ തന്നെ സലഫികളുടെ പുരോഗതിക്കും പരിവിര്‍ത്തനത്തിനും വഴി വെക്കുമെന്ന് കരുതുന്നുണ്ടോ?
– മനുഷ്യന്റെ സ്വീകാര്യ മനസ്സുമായി ബന്ധപ്പെട്ട കാര്യമാണിത്. തന്റെ ചിന്തയെ മുരടിപ്പിക്കാനും അതല്ല പുരോഗനാത്മകമായി ചിന്തിക്കാനും മനുഷ്യന് സാധിക്കും. ഡോ. ഇമാദുദ്ദീന്‍ അബ്ദുല്‍ ഗഫൂറിനെപ്പോലുള്ള സലഫി നായകരുടെ അഭിപ്രായങ്ങളില്‍ നിന്നും മനസ്സിലാവുന്നത് അവര്‍ക്ക് മാറാനും പരസ്പരം സഹകരിക്കാനും സാധിക്കും എന്നത് തന്നെയാണ്.

? വരും കാലത്ത് ഇഖ്‌വാനില്‍ നിന്നും സലഫികളില്‍ നിന്നും എന്താണ് പ്രതീക്ഷിക്കുന്നത് ?
– സലഫികളാവട്ടെ, ഇഖ്‌വാനികളാവട്ടെ മറ്റ് ഏത് പാര്‍ട്ടിയുമാവട്ടെ അവരൊരിക്കലും നിശ്ചലമായ പാറക്കെട്ടുകളെപ്പോലെയാവരുത്. നമ്മള്‍ ഒരിക്കലും പരസ്പരം പോരടിക്കരുത്. ഒരു ഉമ്മത്തിന്റെ സന്തതികള്‍ ഒരു കാരണവശാലും ശത്രുക്കളല്ല. എല്ലാവരും സഹോദരന്‍മാരാണ്. ആദര്‍ശവും മതവും വ്യത്യസ്തമാണെങ്കില്‍ പോലും. ദേശീയ സാഹോദര്യമാണ് അവരെ യോജിപ്പിക്കുന്നത്. വിശുദ്ധ വേദം പറഞ്ഞില്ലേ. ആദ് സമുദായത്തിലേക്ക് അവരുടെ സഹോദരന്‍ ഹൂദിനെ നാം നിയോഗിച്ചു.
വിശുദ്ധ ഖുര്‍ആന്‍ ദേശീയ സാഹോദര്യത്തെ പരിഗണിച്ചു. നാമെല്ലാവരും ഈജിപ്തുകാരാണെന്നത് അംഗീകരിക്കേണ്ടിയിരിക്കുന്നു. മുസ്‌ലിംകളും ക്രൈസ്തവരും എല്ലാവരും ഒരിടത്തിലേക്കാണല്ലോ മടങ്ങുക. നമ്മുടെ രാഷ്ട്രത്തിന്റെ പുരോഗതിയും വിജയവുമാണ് നമ്മുടെ ലക്ഷ്യം.

? സലഫികള്‍ മുന്നണിയില്‍ നിന്നും ഉള്‍വലിയുമെന്ന് തോന്നുന്നുണ്ടോ?
അവര്‍ ഇഖ്‌വാനികളോടും ജമാഅത്തെ ഇസ്‌ലാമിയോടുമൊന്നിച്ച് ഇസ്‌ലാമിക മുന്നണിയില്‍ നിലകൊള്ളുമെന്നാണ് പ്രതീക്ഷ.

? ഇഖ്‌വാനിന്റെയും അവരുടെ രാഷ്ട്രീയ സംഘത്തിന്റെയും പ്രവര്‍ത്തനങ്ങളെ എങ്ങനെ വിലയിരുത്തുന്നു?
– വിഷയം തങ്ങളുടെതാവട്ടെ അതല്ല പൊതുവാകട്ടെ വളരെയധികം ആവേശത്തോടെയാണ് ഇഖ്‌വാന്‍ അവ കൈകാര്യം ചെയ്യുന്നത്. രാഷ്ട്രത്തിന്റെ നിര്‍ണായകമായ ഈ ചരിത്ര ഘട്ടത്തില്‍ തങ്ങളുടെ ഉത്തരവാദിത്തം നിര്‍വ്വഹിക്കാന്‍ അവര്‍ക്ക് സാധിക്കുമെന്നാണ് ഞാന്‍ കരുതുന്നത്.

? ഇഖ്‌വാനുമായുള്ള പടിഞ്ഞാറിന്റെ സമീപനം എന്തായിരിക്കും?
– പാശ്ചാത്യര്‍ ഇഖ്‌വാനിനെ യഥാവിധി മനസ്സിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നല്ല ഈജിപ്ഷ്യന്‍ അധികാരത്തിലിരിക്കുന്ന ഇഖ്‌വാനിനെ ആദ്യം ഉപയോഗപ്പെടുത്തുക അമേരിക്കയായിരിക്കുമെന്നാണ് എന്റെ വിശ്വാസം.

? ഇസ്‌ലാമിക രാഷ്ട്രത്തിന്റെ സ്വഭാം എന്താണ്?
– ഇസ്‌ലാമിക ശരീഅത്തിനെ അടിസ്ഥാനമാക്കി സംവിധാനിക്കപ്പെട്ട നാഗരിക രാഷ്ട്രമാണ് ഇസ്‌ലാമിക രാഷ്ട്രം. അത് പ്രായമായ പണ്ഡിതരുടെ രാഷ്ട്രമോ, ദൈവിക രാഷ്ട്രമോ അല്ല.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

 

Related Articles