Current Date

Search
Close this search box.
Search
Close this search box.

മലേഷ്യയിലെ ഇസ്‌ലാമും മുസ്‌ലിംകളും

മലേഷ്യയിലെ പ്രമുഖ പ്രബോധക സംഘത്തിന്റെ നേതാവാണ് ഡോ. മുഹമ്മദ് നഗഈ അഹ്മദ്. മലേഷ്യയിലെ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളെയും രാഷ്ട്രീയ സാമൂഹിക മാറ്റങ്ങളെയും കുറിച്ച് വിവരിക്കുകാണ് ഡോ. നഗഈ. അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിലെ ശ്രദ്ധേയമായ ഭാഗങ്ങളാണ് ചുവട:-

* സാമ്പത്തികമായി വളരെയധികം പുരോഗതി പ്രാപിച്ച നാടാണല്ലോ മലേഷ്യ, മറ്റു രാഷ്ട്രങ്ങളെ പോലെ ഭീകര പ്രവര്‍ത്തനങ്ങളും അതിനെ അലട്ടുന്നില്ല, ഇത്തരം അവസ്ഥ എങ്ങനെ സാധ്യമായി?
– നവോത്ഥാനം സാധ്യമാക്കുന്നതിനുള്ള സുപ്രധാന മാര്‍ഗമാണ് ഇസ്‌ലാമിനെ ശരിയായി മനസ്സിലാക്കുകകയെന്നത്. ഇസ്‌ലാമിന്റെ നാഗരിക വശത്തിന് പ്രത്യേക പ്രാധാന്യം നല്‍കിയിട്ടുണ്ട്. രാഷ്ട്രം നേടിയിട്ടുള്ള പുരോഗതിയാണ് സാമ്പത്തികമായും രാഷ്ട്രീയമായും സാമൂഹികമായും അതിന്റെ സുസ്ഥിരത നിലനിര്‍ത്തുന്നത്. അപ്രകാരം തന്നെ വിജ്ഞാനത്തിനും പ്രവര്‍ത്തനത്തിനും നല്‍കുന്ന പ്രാധാന്യവും അതിനെ തകര്‍ക്കുന്ന ശക്തികളുടെ അസാന്നിദ്ധ്യവും മറ്റൊരു ഘടകമാണ്. ഇക്കാര്യങ്ങളെല്ലാം ഭീകരപ്രവര്‍ത്തനങ്ങളെ തുടക്കത്തില്‍ തന്നെ ഇല്ലാതാക്കാനും അതിന്റെ അപകടം മലേഷ്യയില്‍ നിന്ന് അകറ്റി നിര്‍ത്താനും ഞങ്ങള്‍ക്ക് സാധിക്കുന്നു. വ്യത്യസ്ത വംശജരും വിഭാഗക്കാരുമായ 28 ദശലക്ഷത്തോളം പേര്‍ ഇവിടെ വസിക്കുന്നുണ്ടെങ്കിലും പല ഇസ്‌ലാമിക നാടുകളും നേരിടുന്ന പ്രയാസം ഇവിടെയില്ല. ജനസംഖ്യയില്‍ 60 ശതമാനമാണ് മുസ്‌ലിംകള്‍. എല്ലാ വിഭാഗം ആളുകളെയും രാഷ്ട്രത്തിന് പ്രയോജനം ചെയ്യുന്ന രൂപത്തില്‍ ഉപയോഗപ്പെടുത്താന്‍ ഞങ്ങള്‍ സാധിക്കുന്നു.

* മുന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദിന്റെ കാലത്ത് രാഷ്ട്രീയമായും സാമ്പത്തികമായും മലേഷ്യ വലിയ പുരോഗതി നേടിയിട്ടുണ്ട്. എന്നാല്‍ ഈയടുത്ത കാലത്ത് രാഷ്ട്രത്തിന്റെ ഭാവിയില്‍ ആശങ്കയുണ്ടാക്കുന്ന തരത്തിലുള്ള ഒരു പിന്നോട്ട് പോക്ക് കാണുന്നുണ്ടല്ലോ?
– വര്‍ഷങ്ങളായി മലേഷ്യന്‍ നേതൃത്വം അധികാരം രാഷ്ട്രത്തെ സേവിക്കുന്നതിനും അതിന്റെ പുരോഗതിക്കും ഉണര്‍ച്ചക്കും വേണ്ടിയായിരുന്നു ഉപയോഗപ്പെടുത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അതില്‍ ചില മാറ്റങ്ങള്‍ വന്നിരിക്കുന്നു. അധികാരം രാഷ്ട്രതാല്‍പര്യത്തില്‍ നിന്ന് വ്യക്തി താല്‍പര്യത്തിലേക്ക് വഴിമാറിയിരിക്കുന്നു. പരസ്പര വിയോജിപ്പുകള്‍ ശക്തിപ്രാപിക്കുകയും ഇന്നലത്തെ മിത്രങ്ങള്‍ നാളത്തെ ശത്രുക്കളായി മാറുന്ന രാഷ്ട്രീയ മാറ്റങ്ങളും അധികരിച്ചു. രാഷ്ട്രരീയ രംഗത്തുണ്ടായ പരസ്പര പോരുകള്‍ രാഷ്ട്രതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി. ദുര്‍ബലമായ ഒരു രാഷ്ട്രീയ നേതൃത്വമാണ് ഇപ്പോള്‍ മലേഷ്യയെ നയിക്കുന്നതെന്ന് ഞാന്‍ കരുതുന്നു, പ്രത്യേകിച്ചും മഹാതീര്‍ മുഹമ്മദിന് ശേഷമുള്ള കാലം. ഭാവിയില്‍ മലേഷ്യക്ക് ഈ പ്രതിസന്ധിയില്‍ നിന്ന് പുറത്തു കടക്കാന്‍ സാധിക്കുമെന്ന് തന്നെയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.

* നാഗരിക വശത്തിന് നല്‍കുന്ന പ്രാധാന്യം മലേഷ്യന്‍ ജനതയുടെ ദീനീബോധത്തെയും അവര്‍ ഇസ്‌ലാമുമായുള്ള ബന്ധത്തെയും ബാധിച്ചിട്ടുണ്ടോ എന്ന ആശങ്കയുണ്ടാക്കുന്നു, അതിനെ കുറിച്ച് എന്തു പറയുന്നു?
– നിങ്ങളുടെ ആശങ്ക അടിസ്ഥാന രഹിതമാണ്. മലേഷ്യന്‍ ജനതക്ക് അവരുടെ ദീനുമായുള്ള ബന്ധത്തില്‍ ഞാന്‍ വളരെ സംതൃപ്തനാണ്. നമസ്‌കാരത്തെയും നോമ്പിനെയും സ്വീകരിക്കുന്നതില്‍ അവര്‍ കാണിക്കുന്ന താല്‍പര്യത്തില്‍ തന്നെ അത് വളരെ പ്രകടമാണ്. ശക്തമായ ഇസ്‌ലാമിക സ്ഥാപനങ്ങളുടെ പ്രവര്‍ത്തന ഫലമാണത്. അല്‍-അസ്ഹറില്‍ നിന്ന് പുറത്തിറങ്ങിയ ആറായിരത്തോളം വരുന്ന പണ്ഡിതന്‍മാരും ഈ രംഗത്ത് കാര്യമായ പങ്കുവഹിക്കുന്നുണ്ട്. അവരും മറ്റ് ഇസ്‌ലാമിക സര്‍വകലാശാലകളില്‍ നിന്ന് പുറത്തിറങ്ങിയവരും ദീനീ അവബോധം വളര്‍ത്തുന്നതില്‍ വലിയ പങ്കുനിര്‍വഹിക്കുന്നു. അപ്രകാരം മലേഷ്യയില്‍ തന്നെയുള്ള കോളേജുകളും സര്‍വകലാശാലകളും നടത്തുന്ന സേവനങ്ങളും എടുത്തു പറയേണ്ടതാണ്. മലേഷ്യക്കാരെ അവരുടെ ദീനുമായി ബന്ധിപ്പിക്കുന്നതില്‍ 13,000 പരം വരുന്ന മസ്ജിദുകളും പങ്കുവഹിക്കുന്നു. യാതൊരുവിധ സമ്മര്‍ദങ്ങളുമില്ലാതെ തന്നെ സ്വയം താല്‍പര്യമെടുത്ത് ഹിജാബ് ധരിക്കുന്ന മലേഷ്യന്‍ വനിതകള്‍ അവരുടെ ദീനീ ബോധത്തെയാണ് പ്രകടിപ്പിക്കുന്നത്.

* നിങ്ങളുടെ ആഭ്യന്തരവും പ്രാദേശികവുമായ വിഷയങ്ങള്‍ക്ക് നല്‍കുന്ന അമിത പ്രാധാന്യം ഇസ്‌ലാമിക വിഷയങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യത്തെ കുറക്കില്ലേ?
– ഇസ്‌ലാമിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത് അവര്‍ക്ക് ഏറ്റവും അനുയോജ്യമാണെന്ന് തോന്നുന്ന രീതിയിലാണ്. ഈ വിഷയത്തില്‍ മലേഷ്യ ഊന്നല്‍ നല്‍കുന്നത് സാമ്പത്തിക വശത്തിനാണ്. വര്‍ഷങ്ങളായി ഫലസ്തീന് നല്‍കുന്ന മലേഷ്യയുടെ സഹായം അതിന് ഉദാഹരണമാണ്. ഉപരോധത്തില്‍ കഴിയുന്ന ഗസ്സയെ സഹായിക്കാന്‍ ഞങ്ങള്‍ സഹായം ഇരട്ടിയാക്കിയിട്ടുണ്ട്. വിവിധ അറബ് രാഷ്ട്രങ്ങളുമായും വ്യത്യസ്ത മേഖലകളില്‍ ഞങ്ങള്‍ സഹകരിക്കുന്നുണ്ട്. സുഡാനിലും മറ്റും ഞങ്ങളുടെ എണ്ണ കമ്പനികളുണ്ട്. നിരവധി പ്രശ്‌നങ്ങള്‍ പരിഹാരമെന്നോണം ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ക്കിടയിലെ സാമ്പത്തിക സഹകരണം ലക്ഷ്യമാക്കിയാണവ പ്രവര്‍ത്തിക്കുന്നത്.

* ഇസ്‌ലാമിനും പടിഞ്ഞാറിനും ഇടയിലെ വിരോധം ഇല്ലാതാക്കുന്നതിനെ കുറിച്ച് നിങ്ങള്‍ പറയാറുണ്ടല്ലോ, എന്നാല്‍ അനുദിനം അത് വര്‍ധിക്കുന്നതാണ് കാണുന്നത്. ആരാണ് അതിനുത്തരവാദി?
– എല്ലാതരത്തിലും ഈ വിരോധത്തിന്റെ ഉത്തരവാദി പാശ്ചാത്യര്‍ തന്നെയാണ്. ശീത യുദ്ധത്തില്‍ അവര്‍ നേടിയ അധീശത്വത്തിനും ഉസ്മാനിയ ഖിലാഫത്തിന്റെ പതനത്തിനും ശേഷം തങ്ങളാണ് നാഗരികതകളുടെ കേന്ദ്രമെന്ന് അവര്‍ കരുതുന്നു. ‘ചരിത്രത്തിന്റെ അന്ത്യം’, ‘നാഗരികതകളുടെ സംഘട്ടനം’ എന്നിവയിലെ വീക്ഷണങ്ങള്‍ നാം കണ്ടതാണ്. (ഇസ്‌ലാമും പടിഞ്ഞാറും തമ്മിലാണ് ഇനിയുള്ള മത്സരം എന്നതാണ് അവയുടെ ഉള്ളടക്കം.) അതുകൊണ്ട് ഇസ്‌ലാമിനെ ഇല്ലാതാക്കാന്‍ പടിഞ്ഞാറ് ശ്രമിക്കുന്നു. പടിഞ്ഞാറിനും ഇസ്‌ലാമിനും ഇടയിലെ വിരോധം വളര്‍ത്തുന്നത് അതാണ്.

വിവ : നസീഫ്‌

Related Articles