Current Date

Search
Close this search box.
Search
Close this search box.

ഖുതുബ ജനങ്ങള്‍ക്ക് മനസ്സിലാകുന്ന രൂപത്തിലാവട്ടെ

ലോക മുസ്‌ലിം പണ്ഡിത വേദിയുടെ ജനറല്‍ സെക്രട്ടറിയാണ് ഡോ. അലി മുഹിയുദ്ദീന്‍ അല്‍ഖറദാഗി. ലോക മുസ്‌ലിം പണ്ഡിത വേദിയുടെ കീഴില്‍ അറുപത് പണ്ഡിത സഭകളുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 90000 ത്തോളം പണ്ഡിതന്‍മാര്‍ പണ്ഡിത വേദിയില്‍ നിലവില്‍ അംഗങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ട്. ലോക മുസ്‌ലിംകള്‍ക്കിടയില്‍ സ്വീകാര്യതയും, പ്രവര്‍ത്തന മേഖലയില്‍ ചരിത്ര പ്രസിദ്ധമായ നിരവധി നേട്ടങ്ങളും കൈവരിക്കാന്‍ പണ്ഡിത വേദിക്ക് സാധിച്ചിട്ടുണ്ട്. സംഘര്‍ഷങ്ങളും, ആഭ്യന്തര യുദ്ധങ്ങളും, രാഷ്ട്രീയ പ്രശ്‌നങ്ങളും നടന്നു കൊണ്ടിരിക്കുന്ന രാഷ്ട്രങ്ങളില്‍ സമാധാനപരവും, ക്രിയാത്മകവുമായ ഇടപെടലുകള്‍ നടത്തി സംഘടന മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്.

*പ്രബോധകര്‍ക്ക് മാത്രമായി ഒരു ലോക വേദി രൂപീകരിക്കുന്നതിനെ കുറിച്ചുള്ള ആലോചനകളോട് ലോക മുസ്‌ലിം പണ്ഡിത വേദിയിലെ പണ്ഡിതന്‍മാരുടെ പ്രതികരണമെന്താണ്. അതിന്റെ രൂപീകരണത്തില്‍ താങ്കള്‍ക്ക് ചിന്താപരമായ വല്ല പങ്കുമുണ്ടോ?
ഇസ്‌ലാമിന്റെ മധ്യമനിലപാടില്‍ നിന്നും പുറത്ത് കടക്കാത്തതും, മുസ്‌ലിം പണ്ഡിതന്‍മാര്‍ ലക്ഷ്യം വെക്കുന്ന കാര്യങ്ങള്‍ക്ക് അനുഗുണവുമായ ഏതൊരു സംരംഭത്തെയും ലോക മുസ്‌ലിം പണ്ഡിത വേദി സ്വാഗതം ചെയ്യും. നിങ്ങള്‍ക്കറിയാവുന്നത് പോലെ തന്നെ പണ്ഡിത വേദിയുടെ കീഴില്‍ പ്രബോധകര്‍ക്ക് വേണ്ടിയുള്ള ഒരു പ്രത്യേക സമിതി നിലവിലുണ്ട്. ‘പ്രബോധകര്‍ക്ക് വേണ്ടിയുള്ള ലോക വേദി’ എന്ന ആശയത്തിന്റെ വക്താവായ ഡോ. മുഹമ്മദ് അല്‍അരീഫിയും പ്രസ്തുത സമിതിയില്‍ അംഗമാണ്. നന്മയില്‍ അടിയുറച്ച് നിന്ന്, സഹിഷ്ണുതയുടെയും, മധ്യമ നിലപാടിന്റെയും ഇസ്‌ലാമിക സന്ദേശം ലോകത്തുടനീളം എത്തിക്കുന്ന മറ്റു സംഘങ്ങളോട് പരസ്പര സഹകരണത്തിലും ഐക്യത്തിലുമധിഷ്ഠിതമായ ബന്ധമാണ് ഞങ്ങള്‍ കാത്തു സൂക്ഷിക്കുന്നത്. മത്സരബുദ്ധിയോടു കൂടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഞങ്ങളുടെ ശൈലിയല്ല.

*ജുമുഅ ഖുതുബകളില്‍ രാഷ്ട്രീയകാര്യങ്ങള്‍ പരാമര്‍ശിക്കുന്നതിനെ പറ്റി താങ്കളുടെ അഭിപ്രായമെന്താണ്? പ്രബോധന പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് ശരിയാണോ?
വ്യക്തിപരമായി, ജുമുഅ ഖുതുബകളില്‍ രാഷ്ട്രീയ കാര്യങ്ങള്‍ പറയുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല. ഖുതുബകള്‍ മുസ്‌ലിംകളുടെ സംസ്‌കരണത്തിന് ഉപകാരപ്പെടുന്ന കാര്യങ്ങളിലാണ് കേന്ദ്രീകരിക്കേണ്ടത്. ഈ വിഷയത്തില്‍ നിന്നും വ്യതിചലിക്കാത്ത രീതിയില്‍ രാഷ്ട്രീയം പറയാവുന്നതാണ്. മുസ്‌ലിം സമൂഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചും, ഉമ്മത്തിനെ ബാധിച്ചിട്ടുള്ള ഗുരുതരമായ രോഗങ്ങളെ കുറിച്ചും, ഗൂഢാലോചനകള്‍, അപകടങ്ങള്‍ എന്നിവക്കെതിരെ മുസ്‌ലിംകളെ ബോധവാന്‍മാരാക്കുന്നതിനെ കുറിച്ചും ഖുതുബയില്‍ പറയുന്നതിന് തടസ്സങ്ങളൊന്നുമില്ല.  

*ഖത്തറിലെ മതപ്രഭാഷകരുടെ അവസ്ഥയെന്താണ്, അവര്‍ മാറ്റത്തിന് വിധേയരാകേണ്ടതുണ്ടെന്ന് തോന്നിയിട്ടുണ്ടോ?
ഖത്തറിലെ മാത്രമല്ല എല്ലായിടത്തെയും മതപ്രഭാഷകര്‍ മാറ്റത്തിന് തയ്യാറാവേണ്ടതുണ്ട്. ജുമുഅ ഖുതുബ നിര്‍വഹിക്കുന്നവര്‍ക്ക് സംഭവിക്കുന്ന തെറ്റുകളില്‍ ഒന്നാണ് ഭൂതകാലത്തെ കുറിച്ചുള്ള സംസാരങ്ങളിലാണ് അവര്‍ കൂടുതലായും മുഴുകുന്നത് എന്നത്. വര്‍ത്തമാനകാല സംഭവങ്ങളുമായും, അവസ്ഥകളുമായും അവര്‍ക്ക് യാതൊരു ബന്ധവുമുണ്ടാകില്ല. ഇക്കാരണം കൊണ്ട് ഞാനെന്റെ ജുമുഅ പ്രഭാഷണങ്ങളിലും, എഴുത്തുകളിലും നിരന്തരം ആവര്‍ത്തിച്ചുറപ്പിച്ച് സൂചിപ്പിച്ച ഒരു കാര്യമാണ്, ഖുതുബകള്‍ നിര്‍ബന്ധമായും മാറ്റത്തിന് വിധേയമല്ലാത്തതും, വിധേയവുമായ കാര്യങ്ങള്‍ കൂട്ടിയോജിപ്പിച്ച് കൊണ്ടായിരിക്കണം നിര്‍വഹിക്കേണ്ടത്. അല്ലെങ്കില്‍ അത് ദുര്‍ബലവും, ആത്മാവില്ലാത്തതുമായിത്തീരും.

*ജുമുഅ ഖുതുബ മറ്റു ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യേണ്ടത് അനിവാര്യമാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ. പ്രത്യേകിച്ച് നമസ്‌കരിക്കാനെത്തുന്നവരില്‍ മൂന്നില്‍ രണ്ട് ഭാഗവും വ്യത്യസ്ത ദേശങ്ങളില്‍ നിന്നും വരുന്നവരായിരിക്കെ?
പറയുന്ന കാര്യങ്ങള്‍ ആളുകള്‍ക്ക് മനസ്സിലാവുക എന്നതാണ് ഖുതുബയുടെ ലക്ഷ്യം. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ഖത്തറില്‍ ഇപ്പോള്‍ നിര്‍വഹിക്കപ്പെടുന്ന ജുമുഅ ഖുതുബകള്‍ തദ്ദേശീയര്‍ക്കും, അറബി ഭാഷ മനസ്സിലാവുന്ന ചുരുക്കം ചില താമസക്കാര്‍ക്കും മാത്രമേ ഉപകാരപ്പെടുന്നുള്ളു. ഇക്കാരണം കൊണ്ട് ഖുതുബയുടെ യഥാര്‍ത്ഥ ലക്ഷ്യം ഇവിടെ പൂര്‍ത്തീകരിക്കപ്പെടുന്നില്ല. ഖുതുബ നിര്‍വഹിക്കാനായി മിമ്പറിലേക്ക് കയറുമ്പോഴും, ഖുതുബ ശ്രവിക്കാനെത്തിയിരിക്കുന്ന അറബി ഭാഷ മനസ്സിലാവാത്ത ആളുകളുടെ മുഖം കാണുമ്പോഴും എനിക്ക് അതിയായ സങ്കടം വരാറുണ്ട്. ചിലര്‍ തല താഴ്ത്തി ഉറങ്ങുകയായിരിക്കും, നമസ്‌കാരത്തിന് വേണ്ടി ഇഖാമത്ത് കൊടുത്താല്‍ മാത്രമാണ് അവര്‍ സ്വബോധത്തിലേക്ക് വരിക. ഖുതുബയില്‍ പറയപ്പെടുന്ന കാര്യങ്ങളുടെ അര്‍ത്ഥങ്ങളും ആശയങ്ങളും അറബികളായ ആളുകളുടെ മുഖഭാവങ്ങളില്‍ നിന്നും മനസ്സിലാക്കുന്നതിനായി ചിലര്‍ അവരുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കുന്നുണ്ടാവും.
നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഭൂരിഭാഗം ആളുകളും ഖുതുബയിലെ അവസാന പ്രാര്‍ത്ഥന നടക്കുന്ന സമയത്തോ, ഇഖാമത്ത് കൊടുക്കുന്ന സമയത്തോ മാത്രമാണ് പള്ളിയില്‍ ഹാജറാവുക. അതിനാല്‍, വ്യക്തികളുടെ സംസ്‌കരണവും, വിദ്യഭ്യാസവും ലക്ഷ്യമിടുന്ന ഖുതുബ, അറബി ഭാഷ അറിയാത്ത മുസ്‌ലിം സമുദായത്തിലെ മറ്റംഗങ്ങള്‍ക്ക് ഉപകാരപ്പെടുന്നതിന് വേണ്ടി വിവര്‍ത്തനം ചെയ്യേണ്ടത് ഒരു അനിവാര്യതയായി മാറിയിരിക്കുകയാണ്. പ്രത്യേകിച്ച്, ശഹാദത്ത് കലിമ ചൊല്ലിയത് മാത്രമായിരിക്കും അവരില്‍ അധികപേര്‍ക്കും ഇസ്‌ലാമുമായുള്ള ബന്ധം. ചിലപ്പോള്‍ അവരുടെ നാടുകളില്‍ നിന്നും ഇസ്‌ലാമിന്റെ പേരില്‍ അവര്‍ക്ക് അനന്തരമായി കിട്ടിയ ഒരുപാട് ആചാരങ്ങളും, ശീലങ്ങളും തിരുത്തി കൊടുക്കുകയും, ശരിയാക്കുകയും വേണ്ടി വന്നേക്കാം.

*ഖുതുബക്ക് തടസ്സം സൃഷ്ടിക്കാത്ത വിധം വിവര്‍ത്തനം ചെയ്യാനുള്ള ഏറ്റവും നല്ല വഴിയെന്താണ്?
നമസ്‌കാരത്തിന് മുമ്പ് തന്നെ ഖുതുബ വിവര്‍ത്തനം ചെയ്യുകയും നമസ്‌കാരത്തിന് ശേഷം അത് വിതരണം ചെയ്യാനുള്ള സംവിധാനമൊരുക്കുകയാണ് ഏറ്റവും നല്ലത്. അല്ലെങ്കില്‍ ആവശ്യമുള്ളവര്‍ക്ക് എടുക്കാന്‍ സാധിക്കുന്ന വിധത്തില്‍ പുറത്തേക്കുള്ള വാതിലിനടുത്ത് ഒരു സ്റ്റാന്റ് സ്ഥാപിച്ച് അതില്‍ വെച്ചാലും മതിയാകും.

മൊഴിമാറ്റം : ഇര്‍ഷാദ് കാളാച്ചാല്‍

Related Articles