Current Date

Search
Close this search box.
Search
Close this search box.

അമേരിക്ക വളക്കൂറുള്ള മണ്ണ് – ശൈഖ് യൂസുഫ് ഇസ്‌ലാഹി

ഇന്ത്യന്‍ പണ്ഡിതന്‍ ശൈഖ് യൂസുഫ് ഇസ്‌ലാഹിയുമായി കാണാനും ഇന്റര്‍വ്യൂ നടത്താനുമുള്ള ഭാഗ്യം എനിക്കുണ്ടായി. മേരീലാന്റിലെ ഇസ്‌ലാമിക് സെന്ററില്‍ പ്രഭാഷണം നടത്തിയ ശേഷമായിരുന്നു അത്. ചാരനിറത്തിലുള്ള ശര്‍വാനിയും തലയില്‍ ജിന്നാ കേപ്പും ധരിച്ച അദ്ദേഹം, വയസ്സും ജ്ഞാനവും സമ്മേളിച്ച ആളില്‍ നിന്ന് മാത്രമണ്ടാകുന്ന ദയാലുത്വത്തോടെയായിരുന്നു എന്നോട് സംസാരിച്ചത്.
പ്രമുഖ എഴുത്തുകാരനും വാഗ്മിയുമായ മൗലാനാ ഇസ്‌ലാഹീ, ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടേയും മര്‍കസി മജ്‌ലിസു ശൂറായുടെയും നേതാവാണ്. നോര്‍ത്ത് അമേരിക്കയിലെ ഇസ്‌ലാമിക് സെന്ററിന്റെ Why Islam പ്രോജക്റ്റിന്റെ മുഖ്യ രക്ഷാധികാരിയും ഇന്ത്യയിലെ, റാംപൂരിലെ, ജംഇയ്യത്തുസ്സ്വാലിഹാത്   എന്ന ഗേള്‍സ് ഓര്‍ഫനേജ് സ്ഥാപകന്‍ കൂടിയാണിദ്ദേഹം. അമേരിക്കയിലേക്കുള്ള തന്റെ വാര്‍ഷിക പര്യാടനത്തിലായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഉര്‍ദു പ്രഭാഷണം വിശ്വസ്ഥതയോടെ മൊഴി മാറ്റം നടത്താന്‍ കഴിവതും ശ്രമിച്ചിട്ടുണ്ട്. അമേരിക്കന്‍ മുസ്‌ലിംകളെ കുറിച്ച ശുഭപ്രതീക്ഷയുടെ സന്ദേശമിതാ :

അമേരിക്കയിലെ ഇസ്‌ലാമിനെ കുറിച്ചും അത് എത് ദിശയിലൂടെ നീങ്ങുന്നുവെന്നതിനെ കുറിച്ചും താങ്കളുടെ അഭിപ്രായം?

ലോകത്തിന്റെ ഇതരഭാഗങ്ങളിലെന്ന പോലെ, അമേരിക്കയിലും ഇസ്‌ലാമുമായുള്ള ബന്ധം ദ്രുതഗതിയില്‍ വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ഈ രാജ്യത്ത് മുസ്‌ലിംകള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും, അല്ലാഹുവിന്റെ കാരുണ്യവും അനുഗ്രഹവുമാണ് ഏറ്റവും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ഇസ്‌ലാമിന്റെ വളര്‍ച്ച ത്വരിതപ്പെടുത്താനുള്ള മാര്‍ഗം അല്ലാഹു സൃഷ്ടിക്കുകയാണ്. ചില കാര്യങ്ങള്‍ ഇസ്‌ലാമിക പാതയില്‍ ഹാനികരമാകും വിധം പ്രത്യക്ഷപ്പെടുന്നു. പക്ഷെ, ഈ തിരിച്ചടികള്‍  പോലും പുതിയ ഉലവകളായി മാറുകയായിരിക്കും. ദൈവാനുഗ്രഹത്തിന്നുള്ള ആളുകളുടെ അഭിലാഷവും ജിജ്ഞാസയും ഇവ വര്‍ദ്ധിപ്പിക്കും. അതിന്നു നിരവധി ദൃഷ്ടാന്തങ്ങളുണ്ട്. ഈ നാട്ടുകാര്‍ സദ്മനോഭാവമുള്ളവരും നന്മ തേടുന്നവരുമാണെന്നാണ് എന്റെ നിരീക്ഷണം. സര്‍ക്കാറിന്റെ പ്രവര്‍ത്തനം നമുക്ക് മാറ്റി വെക്കുക. രാജ്യത്തെ സാധാരണക്കാര്‍ നല്ലവരും സത്യം സ്വീകരിക്കുന്നതില്‍ പ്രയാസമില്ലാത്തവരുമാണ്.
മുസ്‌ലിംകള്‍ ദൈവിക മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഞാന്‍ പറഞ്ഞിട്ടില്ലെന്ന് ശ്രദ്ധിച്ചിരിക്കുമല്ലോ. പ്രത്യുത, ഈ ഫലങ്ങളെല്ലാം അവരുടെ പ്രവര്‍ത്തനങ്ങളെയല്ല, മറിച്ച്, ദൈവികാനുഗ്രഹങ്ങളെയാണ് ആശ്രയിച്ചിരിക്കുന്നത് എന്നാണ് ഞാന്‍ പറയുന്നത്. തങ്ങളുടെ സന്താന പരമ്പരയെ മതവുമായി ബന്ധിപ്പിക്കുന്നതില്‍, ന്യായയുക്തമായ ശ്രമങ്ങള്‍ നടത്തുന്നുവെന്നതാണ്, കഴിഞ്ഞ 60 വര്‍ഷങ്ങളില്‍  മുസ്‌ലിംകള്‍ ചെയ്ത ഏറ്റവും നല്ല പ്രവര്‍ത്തനം. തങ്ങളുടെ ശാശ്വത ജീവിതത്തിന്നും നാട്ടിന്റെ അഭിവൃദ്ധിക്കും വേണ്ടിയാണവര്‍ ഈ ശ്രമങ്ങള്‍ നടത്തുന്നത്.  എന്നാലും കൂടുതല്‍ പ്രവര്‍ത്തനം ആവശ്യമായിരിക്കുന്നു. ഈ നാട്ടുകാര്‍ അടിസ്ഥാനപരമായി നല്ലവരാകയാല്‍, രാജ്യനന്മക്കു വേണ്ടി പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം മുസ്‌ലിംകള്‍ക്ക്  നല്‍കാനാഗ്രഹിക്കുകയാണ്. ഫലങ്ങളില്‍ അവര്‍ സംതൃപ്തരുമാണ്. ഈ സ്വാതന്ത്ര്യങ്ങള്‍ മുസ്‌ലിംകള്‍ ഉപയോഗപ്പെടുത്തേണ്ടതാണ്.

അമേരിക്കയില്‍ വസിക്കുന്ന മുസ്‌ലിംകള്‍ക്ക്, താങ്കള്‍ക്ക് നല്‍കാനുള്ള ഉപദേശം? പ്രത്യേകിച്ചും, ഇസ്‌ലാമിക പ്രബോധന രംഗത്ത് എങ്ങനെ സഹായിക്കാം?      

കേവലം പ്രഭാഷണവും ചര്‍ച്ചയുമല്ല പ്രബോധനം. പ്രത്യുത, എല്ലാ കാര്യങ്ങളിലും ഇസ്‌ലാമിനെ മാതൃകാവല്‍ക്കരിച്ചു കൊണ്ട്, നന്മക്കു വേണ്ടി അദ്ധ്വാനിച്ചു കൊണ്ട്, സമൂഹത്തില്‍ സത്യത്തിന്നും നീതിക്കും വേണ്ടി നടത്തുന്ന ഒരു ശ്രമമത്രെ അത്. ഇന്‍ഷാ അല്ലാഹ്, അത്തരം പ്രവര്‍ത്തനം അനുഗ്രഹീതമായി തീരും. സ്വയം മതത്തിന്റെ പ്രതി പുരുഷന്മാരായി – ഇസ്‌ലാമിന്റെ മാതൃക – മാറുക. വിദ്യയഭ്യസിക്കുക. സമാധാനത്തിന്റെയും നീതിയുടേയുമായ മതത്തെ, അടുത്ത തലമുറക്ക് , ഒരു പൈതൃകമെന്ന നിലക്ക് വിട്ടിരിക്കുന്നുവെന്ന് ഉറപ്പു വരുത്തുക. ആ പൈതൃകത്തെ സംരക്ഷിക്കാനും തങ്ങളുടെ മതത്തോട് നീതി പ്രവര്‍ത്തിക്കാനും അടുത്ത തലമുറയില്‍, അതികാംക്ഷയുണ്ടാക്കുക എന്നതാണ് എന്റെ ഉപദേശം.
ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ തങ്ങളുടെ മാതൃരാജ്യങ്ങളുടെ സംസ്‌കാരത്തില്‍ നിന്നും മുസ്‌ലിംകള്‍ മോചിതരാകണം. സ്ത്രീകളോട് നല്ല നിലയില്‍ വര്‍ത്തിക്കണം, വിശ്വാസത്തെ കുറിച്ച് പഠിക്കാനുള്ള അവസരം അവര്‍ക്ക് നല്‍കണം എന്നതാണ് മറ്റൊരു കാര്യം. സ്ത്രീകള്‍ മതം പഠിക്കുക വഴി, ഓരോ വീടും ഓരോ മതപാഠശാലയായി മാറും. ഓരോ കുടുംബവും ഇസാലാമിന്റെ ദീപസ്തംഭങ്ങളായി മാറും. അപ്പോള്‍, ആ വെളിച്ചത്തെ കെടുത്തിക്കളയാനോ, നിഷ്പ്രഭമാക്കിക്കളയാനോ ആര്‍ക്കും കഴിയുകയില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ‘ജനാധിവാസമുള്ള ഭവനങ്ങളില്‍ വേതാളം പ്രവേശിക്കുകയില്ലെ’ന്നാണല്ലോ ഉര്‍ദു പഴമൊഴി.

ഇതര മുസ്‌ലിം രാജ്യങ്ങളില്‍ അമേരിക്കന്‍ മുസ്‌ലിംകള്‍ക്ക് വഹിക്കാനുള്ള പങ്കെന്താണ്?

ഈ രാജ്യത്ത് നിരവധി അവസരങ്ങളുണ്ട്. ധനം, വസ്തുവകകള്‍ എന്നിവ ഇവിടെ സമൃദ്ധമാണ്. മനോരഞ്ജവും പര്യപ്തവുമായ പരിസ്ഥിതിയാണിവിടെയുള്ളത്. നിങ്ങളുടെ മതത്തിന്നു വേണ്ടി ഈ സന്ദര്‍ഭങ്ങള്‍ വിനിയോഗിക്കുക, സമൃദ്ധി നല്‍കുക എന്നത് മതത്തിന്റെ ഒരു തത്വമാണ്. മാനവിക തലത്തില്‍, പണം ആവശ്യമുള്ളവര്‍ക്ക് അത് അയച്ചു കൊടുക്കുക. എവിടെവെച്ചും, എപ്പോഴും, കഴിവതും നന്മ ചെയ്യുക. ഒരു കാലവിപത്തിനെ കാത്തിരിക്കരുത്. വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും അഭാവത്തില്‍, മാനവര്‍ക്ക് വേണ്ടി നിങ്ങളുടെ സമ്പത്തും ബന്ധങ്ങളും വിനിയോഗിക്കുക.

അമേരിക്കന്‍ സമൂഹത്തില്‍, അമേരിക്കന്‍ മുസ്‌ലിംകള്‍ക്കുള്ള പങ്ക്?

പ്രാദേശിക രാഷ്ട്രീയത്തില്‍ പങ്കു കൊള്ളുക. ലോകത്ത്, ഏതെങ്കിലും തരത്തിലുള്ള അനീതി കാണുന്ന പക്ഷം, നീതിക്കു വേണ്ടി നിലകൊള്ളാന്‍ ശ്രമിക്കുക.   ധാര്‍മ്മികോല്‍ക്കര്‍ഷത്തിന്നും നന്മക്കും വേണ്ടി പ്രവര്‍ത്തിക്കുക.

താങ്കളുടെ പര്യടന വേളയില്‍, അമേരിക്കന്‍ മുസ്‌ലിംകള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഏതാണെന്നാണ് മനസ്സിലായത്?

ലോകത്ത് വെല്ലുവിളിയില്ലാത്ത ഒരു രാജ്യവുമില്ല. മുസ്‌ലിം രാജ്യങ്ങളില്‍ പോലും വന്‍ വെല്ലുവിളികളാണുള്ളത്. പ്രഥമമായും ജീവിത വ്യവസ്ഥ സംബന്ധമാണ് ഈ വെല്ലുവിളികള്‍. ജീവിതത്തില്‍, ‘ബറകത്’ ഇല്ലാത്ത നിത്യ കര്‍മങ്ങള്‍! പ്രത്യേകിച്ചും സമയത്തിന്റെ കാര്യത്തില്‍. ഓരോരുത്തരും എന്നും തിരക്കിലാണ്. ഒരു ലക്ഷ്യമില്ലാതെ നമുക്ക് ജീവിക്കാനാവുകയില്ലെന്ന വസ്തുതയെ കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. ലക്ഷ്യത്തോടെയുള്ള ജീവിതം മുഖേന, നിങ്ങളുടെ ശബ്ദം ഈ രാജ്യത്ത് നിലനില്‍ക്കും. ഈ രാജ്യത്തിന്റെ ചരിത്രത്തില്‍, നന്മയുടെ ശക്തിയായി, അമേരിക്കന്‍ മുസ്‌ലിംകളുടെ നാമങ്ങള്‍ ഉല്ലേഖനം ചെയ്യപ്പെടുകയും ചെയ്യും.

അമേരിക്കക്കാര്‍ പള്ളി വിടുകയാണെന്നും റമദാനില്‍ മാത്രമേ അത് നിറയുന്നുള്ളുവെന്നും കേള്‍ക്കുന്നു. താങ്കളുടെ അഭിപ്രായം?

അമേരിക്കക്കാര്‍, പള്ളിയുമായി ബന്ധപ്പെടുന്നില്ലെന്നും, അത് നിറയുന്നില്ലെന്നുമുള്ള അഭിപ്രായത്തോട് യോജിക്കുന്നില്ല. ഉദാഹരണമായി, ഇന്ത്യയെയും പാകിസ്ഥാനിനെയും അപേക്ഷിച്ച്, പള്ളിയുടെ കാര്യം ഇവിടെ ഏറെ മെച്ചമാണ്. റമദാനില്‍ നിറയുക, മറ്റു കാലങ്ങളില്‍ നിറയാതിരിക്കുക, എന്നത് പോലും അമേരിക്കയുടെ മാത്രം പ്രത്യേകതയല്ല. എല്ലായിടത്തുമുള്ള ഒരു സുഖക്കേടാണിത്. അനുഗ്രഹീത മാസമാകയാല്‍, റമദാനില്‍ അത് നിറയുന്നുവെന്നത് സന്തോഷിക്കാനുള്ള ഒരു വഴിയാണ്. അല്ലാഹു അവന്റെ പദ്ധതി തീര്‍ച്ചപ്പെടുത്തിക്കഴിഞ്ഞതാണ്. റമദാനും മറ്റു വിശേഷ ദിവസങ്ങളും കാണിക്കുന്നത്, നാം ഒരു സജീവ ഉമ്മത്താണെന്നാണ്.
രാത്രി മുഴുവന്‍ ആരാധനയില്‍ കഴിയുന്ന യുവജനങ്ങളുടെ ആധിക്യത്തില്‍ നിങ്ങള്‍ക്കിത് കാണാം. അതിനാല്‍, യുവാക്കളോ, അടുത്ത തലമുറയോ പള്ളിയുമായി ബന്ധപ്പെടുന്നില്ലെന്ന അഭിപ്രായം ശരിയല്ല. രാജ്യത്ത് ഒരു സഞ്ചാരം നടത്തുകയാണെങ്കില്‍ നിങ്ങള്‍ക്കിത് കാണാം. ഇഅ്ത്തികാഫ് ഇരിക്കുന്ന യുവജന വിഭാഗത്തെ, ഞാന്‍ പോയ സ്ഥലങ്ങളിലെല്ലാം കണ്ടിട്ടുണ്ട്. എല്ലായിടത്തും പങ്കെടുക്കുന്നവരില്‍ 75 ശതമാനവും ചെറുപ്പക്കാരാണ്. വെറും ആണ്‍കുട്ടികള്‍ മാത്രമാണെന്ന് ധരിക്കരുത്. രാത്രി നമസ്‌കാരം നിര്‍വഹിക്കുകയും പള്ളിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുന്ന പെണ്‍കുട്ടികളെയും കാണാം. നിരാശപ്പെടാതെ, പുതിയ തലമുറയില്‍ ശുഭപ്രതീക്ഷ വെച്ചു പുലര്‍ത്തുക.

ഉമ്മത്തിന്റെ ഉദ്ഗമനത്തെ കുറിച്ച് എന്തു പറയുന്നു?

നാം ഉണര്‍ന്നു കഴിഞ്ഞിരിക്കുന്നു. വിശ്വാസാനുസൃതം ജീവിക്കാന്‍ നാം ആഗ്രഹിക്കുന്നു. നാം ഉണര്‍ന്നതോടെ ശൈത്വാനും ഉണര്‍ന്നു കഴിഞ്ഞു. രണ്ടാമതായി, ഉമ്മത്ത് പരിപക്വമാവുകയും ഇസ്‌ലാമുമായി വളരെയടുത്ത് വരികയും ചെയ്യുമ്പോള്‍, അതിനെ ദുര്‍ബ്ബലമാക്കാന്‍ ശത്രുക്കള്‍ കപട തന്ത്രങ്ങള്‍ ആവിഷ്‌കരിക്കും. മൂന്നാമതായി, തന്റെ ഈ ഉമ്മത്ത് പ്രത്യേക ദൈവികാനുഗ്രഹം ലഭിച്ചവരാണെന്ന് നബി(സ) അരുളിയിരിക്കുന്നു. അതിനാല്‍, ഈ ഉമ്മത്ത്, പരലോകത്ത്, കൂട്ടശിക്ഷക്ക് വിധേയരാവുകയില്ല. (വൈയക്തിക ശിക്ഷക്കായിരിക്കും അവര്‍ വിധിക്കപ്പെടുക)അവയിലൂടെ, ഈ ഭൂമിയില്‍ നാം ക്ലേശമനുഭവിക്കും. പുതിയ പീഡനങ്ങളും മഹാവിപത്തുകളും അല്ലാഹു അയക്കും. കൊല സര്‍വസാധാരണമായിരിക്കും. ഇവയിലൂടെ ക്ലേശമനുഭവിക്കുന്നതിനാല്‍, ഒരു ഉമ്മത്ത് എന്ന നിലയില്‍, ശാശ്വത ലോകത്ത്, കൂട്ട ശിക്ഷക്ക് നാം വിധേയരാവുകയില്ലെന്ന വസ്തുത നമുക്ക് ആഹ്ലാദകരമാണ്.

വിവ : കെ എ ഖാദര്‍ ഫൈസി
Muslim Matters.org

Related Articles