Interview

ഞാന്‍ ഫലസ്തീനിയാണെന്ന കാര്യം എനിക്കറിയില്ലായിരുന്നു

സലാം കെദാന്‍ ഒരു സാധാരണ ഇരുപത്തിമൂന്ന് വയസ്സുകാരി പെണ്‍കുട്ടിയല്ല. കഴിഞ്ഞ ഏഴു വര്‍ഷം ഐക്യരാഷ്ട്രസഭ മോഡല്‍ അസംബ്ലി പ്രതിനിധിയായി വേഷമണിഞ്ഞുകഴിഞ്ഞ അവള്‍ സ്വന്തമായി ഒരു നോണ്‍-പ്രൊഫിറ്റ് സംഘടനക്ക് തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്. മറ്റൊരു വിധത്തില്‍ കൂടി കെദാന്‍ വ്യത്യസ്തയാണ്. അവള്‍ക്ക് 17 വയസ്സുള്ളപ്പോഴാണ് അതുവരെ വിശ്വസിച്ചിരുന്നത് പോലെ താന്‍ ഒരു ഇസ്രായേലി അല്ലെന്നും, മറിച്ച് യഥാര്‍ത്ഥത്തില്‍ ഫലസ്തീനിയാണെന്നും അവള്‍ തിരിച്ചറിഞ്ഞത്.

‘ഇസ്രായേലി പാസ്‌പോര്‍ട്ടുമായാണ് ഞാന്‍ ജനിച്ചത്. ഇസ്രായേല്‍ ഭരണത്തിന് കീഴിലാണ് ഞാന്‍ വളര്‍ന്നത്, അതിനര്‍ത്ഥം ഞാന്‍ ഹൈസ്‌കൂളിലും, മിഡില്‍ സ്‌കൂളിലും എന്തു പഠിക്കണമെന്ന് തീരുമാനിച്ചിരുന്നത് ഇസ്രായേല്‍ സര്‍ക്കാറായിരുന്നു. ഫലസ്തീനിനെ കുറിച്ചോ, എന്റെ സ്വത്വത്തെ കുറിച്ചോ ഉള്ള അറിവ് എനിക്കൊരിക്കലും ലഭിച്ചിട്ടില്ല. എനിക്കവയെ കുറിച്ച് ഒന്നുമറിയില്ലായിരുന്നു.’

ഇസ്രായേല്‍ അതിന്റെ എല്ലാം പൗരന്‍മാര്‍ക്കും തുല്ല്യ അവകാശങ്ങള്‍ നല്‍കുന്നുണ്ട്, അതേസമയം ഭീകരാക്രമണങ്ങള്‍ നടത്തുന്ന ഒരു ചെറിയ സംഘമാണ് ഫലസ്തീനികള്‍ എന്ന ആഖ്യാനത്തെ ചോദ്യം ചെയ്യേണ്ട ആവശ്യം മാതാപിതാക്കളടക്കം ഇസ്രായേലില്‍ ജനിച്ച ഒരു അറബ് ഇസ്രായേലി എന്ന നിലയില്‍ കെദാന് ഉണ്ടായിരുന്നില്ല. വാര്‍ത്താമാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണമുള്ള ബഖാ അല്‍ഗര്‍ബിയ്യെ എന്ന അറബ് മേഖലയില്‍ വളര്‍ന്ന അവള്‍ ‘ഫലസ്തീന്‍’ എന്ന വാക്ക് വളരെ അപൂര്‍വ്വമായേ കേട്ടിരുന്നുള്ളു.

‘എന്താണ് ഫലസ്തീന്‍ എന്നതിനെ സംബന്ധിച്ച് സത്യത്തില്‍ എനിക്കൊന്നും ചോദിക്കാന്‍ ഉണ്ടായിരുന്നില്ല, കാരണം നിങ്ങള്‍ ഫലസ്തീന്‍ എന്ന വാക്ക് ഒരിക്കലും കേള്‍ക്കുന്നില്ല. അറബിയില്‍ ‘അദഫ്ഫ’ എന്ന ഒരു വാക്ക് ഞങ്ങള്‍ ഉപയോഗിക്കാറുണ്ട്, വെസ്റ്റ്ബാങ്കിനെയാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. സാധാരണയായി ഒറ്റപ്പെട്ട് നില്‍ക്കുന്ന ജനവിഭാഗങ്ങളെ കുറിക്കാനാണ് അതുപയോഗിക്കാറ്. ഞങ്ങളായിരുന്നില്ല അതുകൊണ്ട് ഉദ്ദേശിക്കപ്പെട്ടിരുന്നത്. അതെന്താണെന്ന് എനിക്കൊരിക്കലും മനസ്സിലായിരുന്നില്ല.’

നയതന്ത്ര വിഷയങ്ങളില്‍ യുവതലമുറക്ക് അനുഭവങ്ങള്‍ പകര്‍ന്നുനല്‍കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഐക്യരാഷ്ട്രസഭയുടെ മോഡല്‍ അസംബ്ലിയില്‍ പങ്കെടുത്തപ്പോള്‍ മാത്രമാണ്, മറ്റു വിദേശരാജ്യക്കാര്‍ വഴി തന്റെ യഥാര്‍ത്ഥ സ്വത്വം എന്താണെന്ന് തിരിച്ചറിയാന്‍ അവള്‍ക്ക് സാധിച്ചത്.

‘യാത്രകളിലൂടെ ഞാന്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. ആദ്യത്തെ കൂടികാഴ്ച്ചയില്‍ തന്നെ ഞാന്‍ എവിടെ നിന്നാണ് വരുന്നതെന്നും, ആരാണെന്നും എന്നോട് ചോദിക്കപ്പെട്ടു. ഞാന്‍ ഇസ്രായേലില്‍ നിന്നാണെന്ന് വരുന്നതെന്ന് പറഞ്ഞപ്പോള്‍ മറ്റു വിദേശരാജ്യങ്ങളില്‍ നിന്നും വരുന്ന അറബ്-മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ വളരെ ഞെട്ടലോടെയാണ് പ്രതികരിച്ചത്. എവിടെയോ എന്തോ കുഴപ്പമുണ്ടെന്നും, ഞാന്‍ ജൂത ഇസ്രായേലി അല്ലെന്നും, അതെന്റെ സ്വത്വമാവാന്‍ വഴിയില്ലെന്നും ഞാന്‍ ചിന്തിച്ചു തുടങ്ങി.’

അങ്ങനെ ജീവിതത്തില്‍ ആദ്യമായി കെദാന്‍ ഫലസ്തീനിനെ കുറിച്ച് ഗവേഷണം നടത്താന്‍ തുടങ്ങി. തന്റെ ഫലസ്തീന്‍ സ്വത്വത്തിന്റെ അനവധി മുഖങ്ങള്‍ അവള്‍ കണ്ടെത്തിയതോടൊപ്പം തന്നെ, എന്തുമാത്രമാണ് തന്നില്‍ നിന്നും മറച്ചുവെക്കപ്പെട്ടത് എന്നതിനെ കുറിച്ചും അവള്‍ ബോധവതിയായി.

‘തങ്ങളുടെ യഥാര്‍ത്ഥ സ്വത്വത്തില്‍ നിന്നും അടര്‍ത്തിമാറ്റപ്പെട്ട അജ്ഞരായ ഒരു വലിയ സമൂഹത്തിലാണ് ഞങ്ങള്‍ ജീവിക്കുന്നത് എന്നത് വലിയ നാണക്കേട് തന്നെയാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഇസ്രായേലി എന്നതിനര്‍ത്ഥം ജൂതന്‍ ആണ് എന്ന് ഗവേഷണത്തിലൂടെ ഞാന്‍ മനസ്സിലാക്കി. അതൊരു സയണിസ്റ്റ് ആശയമാണ്, രാജ്യത്തെ ജൂത ഭൂരിപക്ഷത്തെ മാത്രമാണ് അത് അംഗീകരിക്കുന്നത്. ഇത് ശരിയല്ലെന്നും, സാധ്യമാവും വിധത്തില്‍ നാം അതിനെ കുറിച്ച് ബോധവത്കരണം നടത്തേണ്ടതുണ്ടെന്നും ഞാന്‍ തിരിച്ചറിഞ്ഞു.’

തന്റെ സമൂഹത്തിന് നേരെയുള്ള ഇന്‍ഫര്‍മേഷന്‍ യുദ്ധത്തിനെതിരെ പോരാടാന്‍ തന്നെ കെദാന്‍ തീരുമാനിച്ചു. കുടുംബക്കാരോടും, പ്രദേശവാസികളോടും തന്റെ കണ്ടെത്തലുകളെ കുറിച്ച് അവള്‍ പറഞ്ഞു.

‘തങ്ങള്‍ ഇസ്രായേലികളാണ് എന്നാണ് എന്റെ കുടുംബമടക്കം സ്വയം കരുതിപ്പോന്നിരുന്നത്. വളര്‍ന്നുവരുന്നതിനോടൊപ്പം സ്വയം തിരിച്ചറിയാന്‍ അവരുടെ പക്കല്‍ അതുമാത്രമേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് ‘നിങ്ങള്‍ ഇസ്രായേലികളാണ് എന്ന് നിങ്ങള്‍ക്കൊരിക്കലും പറയാന്‍ സാധിക്കില്ല, അതല്ല നിങ്ങളുടെ സ്വത്വം’ എന്ന് ഞാന്‍ അവരോട് പറഞ്ഞപ്പോള്‍ തുടക്കത്തില്‍ അവര്‍ക്കൊരു സംശയമുണ്ടായിരുന്നു, ‘നീ എന്താണീ പറയുന്നത്, നിനക്ക് ഈ വിവരങ്ങളെല്ലാം എവിടെ നിന്ന് ലഭിച്ചു?’ എന്ന് അവര്‍ എന്നോട് തിരിച്ചു ചോദിച്ചു.’

തന്റെ ഫലസ്തീന്‍ സ്വത്വത്തെ സംബന്ധിച്ച് ബോധമുള്ള ഒരു അറബ് ഇസ്രായേലി എന്ന നിലയില്‍, ഇപ്പോള്‍ കെദാന് തനിക്കെതിരെയുള്ള വിവേചനങ്ങള്‍ ശരിക്കും തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട്, പ്രത്യേകിച്ച് തന്റെ മുസ്‌ലിം സ്വത്വം വെളിവാക്കി കൊണ്ട് അവള്‍ ഹിജാബ് അണിയാന്‍ തീരുമാനിച്ചത് മുതല്‍.

‘അടുത്തിടെയായി ഞാന്‍ ഒരുപാട് യാത്ര ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. എയര്‍പോര്‍ട്ടില്‍ എത്തുമ്പോഴെല്ലാം പ്രവേശനകവാടത്തിന് തൊട്ടുമുന്നില്‍ വെച്ച് ഞാന്‍ മാറ്റി നിര്‍ത്തപ്പെടുകയും, ഐ.ഡി കാണിക്കാന്‍ ആവശ്യപ്പെടുകയും, എങ്ങോട്ടാണ് ഞാന്‍ പോകുന്നതെന്ന് ആരായുകയും ചെയ്യാറുണ്ട്. അതേസമയം മറ്റുള്ളവരെല്ലാം പ്രവേശനകാവടത്തിലൂടെ യാതൊരു പ്രയാസവും കൂടാതെ കടന്നുപോവുന്നത് എനിക്ക് നോക്കി നില്‍ക്കേണ്ടി വരും. എന്നെ മാത്രമേ അവര്‍ മാറ്റിനിര്‍ത്തിയിരുന്നുള്ളു. എയര്‍പോര്‍ട്ടില്‍ മാത്രമല്ല, ഞാന്‍ ഏതൊരു കെട്ടിടത്തിലേക്ക് പ്രവേശിക്കുമ്പോഴും ഇതുപോലുള്ള അധിക സുരക്ഷാപരിചരണം എനിക്ക് എല്ലായ്‌പ്പോഴും ലഭിക്കാറുണ്ട്.’

അറബ് ലോകത്തിന് മാതൃകയാണ് ഇസ്രായേല്‍ എന്നും, ഉയര്‍ന്ന ജീവിത നിലവാരം പൗരന്‍മാര്‍ക്ക് പ്രദാനം ചെയ്തതിന് സയണിസ്റ്റ് രാഷ്ട്രത്തോട് നന്ദി കാണിക്കണമെന്നുമാണ് ഇസ്രായേല്‍ അതിന്റെ പൗരന്‍മാരോട് പറയുന്നതെന്ന് കെദാന്‍ പറയുന്നു.

‘നിങ്ങള്‍ക്കിവിടെ മഹത്തായ ജീവിതമുണ്ട്, നിങ്ങള്‍ മറ്റു അറബ് രാഷ്ട്രങ്ങളിലേക്ക് നോക്കണം, ഈ രാജ്യത്ത് ജീവിക്കാന്‍ അവസരം കിട്ടിയതില്‍ നിങ്ങള്‍ നന്ദിയുള്ളവരാകണം എന്നാണ് നിങ്ങള്‍ എല്ലായ്‌പ്പോഴും പഠിപ്പിക്കപ്പെടുന്നത്. ഇതാണ് ഞങ്ങളുടെ തലമുറക്ക് അവര്‍ പകര്‍ന്നു കൊടുത്തു കൊണ്ടിരിക്കുന്നത്. ഇത് വളരെയധികം തെറ്റാണ്.’

തങ്ങളുടെ വാതില്‍പ്പുറത്ത് രഹസ്യമായി നടന്നുകൊണ്ടിരിക്കുന്ന ഫലസ്തീന്‍ അടിച്ചമര്‍ത്തല്‍ കെദാന്‍ തിരിച്ചറിഞ്ഞതോടെ, ഇസ്രായേലിലെ ഫലസ്തീന്‍ സ്വത്വത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അവള്‍ മുന്നിട്ടിറങ്ങി. വ്യത്യസ്ത രാഷ്ട്രങ്ങള്‍ തമ്മില്‍ പരസ്പരം മനസ്സിലാക്കുക, സമാധാനത്തോടെ സഹവര്‍ത്തിക്കുക എന്ന ഉദ്ദേശത്തോടെ 2017-ല്‍ അവള്‍ ‘സലാം സെന്റര്‍ ഫോര്‍ പീസ്’ എന്ന സംഘടനക്ക് തുടക്കം കുറിച്ചു. കഴിഞ്ഞ വര്‍ഷം മാത്രം ഏതാണ്ട് 90-ലധികം വിദ്യാര്‍ത്ഥികളെ അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളില്‍ പങ്കെടുപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചു. ‘സലാം സെന്റര്‍ ഫോര്‍ പീസ്’ലൂടെ റഷ്യ, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളുമായി നിരന്തരം ബന്ധപ്പെടുന്ന കെദാന്‍, അതിലൂടെ തന്നെ വിദേശരാജ്യങ്ങളില്‍ ഫലസ്തീന്‍ ജനതയുടെ ദുരിതജീവിതത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്ന പരിപാടികള്‍ നടത്തുന്നുമുണ്ട്.

ജറൂസലേം ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന വന്‍ കോലാഹലങ്ങള്‍ സൃഷ്ടിച്ചെങ്കിലും സംഭവത്തെ മറ്റൊരു കണ്ണില്‍കൂടിയാണ് കെദാന്‍ നോക്കികാണുന്നത്. ‘അത് മറ്റൊരു രാഷ്ട്രത്തില്‍ നിന്നുള്ള തീരുമാനമാണ്. തീര്‍ച്ചയായും അത് തെറ്റാണ്. മറ്റു രാജ്യങ്ങളാല്‍ അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും പക്ഷെ ഇസ്രായേലില്‍ ജറൂസലേം തലസ്ഥാനമായി തന്നെയാണ് കണക്കാക്കപ്പെടുന്നത്.’

‘ഇസ്രായേല്‍ ഒരു ജൂതരാഷ്ട്രവും, ജറൂസലേം അതിന്റെ തലസ്ഥാനവുമാണെങ്കില്‍ അതിനര്‍ത്ഥം ജറൂസലേം ഒരു ജൂത തലസ്ഥാനമാണ് എന്നാണ്. പക്ഷെ മൂന്ന് മതങ്ങളുടെ ജന്‍മഗേഹമാണ് ജറൂസലേം, എന്റെ അഭിപ്രായത്തില്‍ അതിന് ഇസ്രായേല്‍ തലസ്ഥാനമാവാന്‍ ഒരിക്കലും കഴിയില്ല.’ അവള്‍ ഊന്നിപറഞ്ഞു.

സമാധാന പ്രക്രിയയിലും അവള്‍ക്ക് വിശ്വാസക്കുറവുണ്ട്, ട്രംപ് സര്‍ക്കാര്‍ എടുത്ത തീരുമാനത്തോടുള്ള ഫലസ്തീനികളുടെ പ്രതികരണം തന്നെയാണ് അതില്‍ മുഴങ്ങുന്നത്. ‘ദ്വിരാഷ്ട്ര പരിഹാരം സത്യസന്ധമായി പ്രയോഗത്തില്‍വരുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അറിയില്ല. സമാധാന ഉടമ്പടിയൊന്നും തന്നെ എനിക്ക് കാണാന്‍ കഴിയുന്നില്ല.’

ഇസ്രായേലുമായുള്ള ബന്ധം ഗൗരവത്തില്‍ കൈകാര്യം ചെയ്യാതെ, ഫലസ്തീന്‍ ജനതയുടെ ആവശ്യങ്ങളെ ഒറ്റുകൊടുക്കുന്ന ഫലസ്തീന്‍ അതോറിറ്റിയെ (പി.എ) കെദാന്‍ വിമര്‍ശിക്കുന്നുണ്ട്. ‘പി.എക്ക് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. ശക്തരായ കൂടുതല്‍ നേതാക്കളാണ് അതിന് വേണ്ടത്. ഫലസ്തീന്‍ വിഷയങ്ങളിലും, രാഷ്ട്രീയ തീരുമാന രൂപീകരണത്തിലും യുവതലമുറ നിര്‍ബന്ധമായും ഇടപെടേണ്ടതുണ്ട്.’

അറബ് സ്വത്വത്തെ തുടച്ചുനീക്കാനുള്ള ഇസ്രായേലിന്റെ ശ്രമങ്ങള്‍ക്കെതിരെ കൂടിയാണ് കെദാന്റെ പോരാട്ടം. ‘അറബികളുടെ മനസ്സിലും ശരീരത്തിലും ഇസ്രായേലി സ്വത്വം അടിച്ചേല്‍പ്പിക്കാന്‍ ഇസ്രായേല്‍ ഒരുപാട് പണിയെടുക്കുന്നുണ്ട്. അതിനായി അവര്‍ അറബികളെയും ഉപയോഗിക്കുന്നുണ്ട്. ബഹിഷ്‌കരണ പ്രസ്ഥാനത്തെ (ബി.ഡി.എസ്) എതിര്‍ക്കാന്‍ ഇസ്രായേല്‍ ഒരു അറബ് ഗ്രൂപ്പിനെ തന്നെയാണ് നിയോഗിച്ചത്.’

ഫലസ്തീനെ കുറിച്ചുള്ള കെദാന്റെ കണ്ടെത്തലുകള്‍ അവളുടെ ജീവിതമാകെ മാറ്റിമറിച്ചു. കഴിവിന്റെ പരമാവധി ആളുകള്‍ക്ക് ഫലസ്തീനിനെ കുറിച്ച് അറിവ് പകര്‍ന്നു നല്‍കുക എന്നതാണ് ഇപ്പോഴത്തെ അവളുടെ ജീവിതലക്ഷ്യം. അവള്‍ വളര്‍ന്നത് പോലെ, സ്വന്തം സ്വത്വത്തെ കുറിച്ച് അജ്ഞരായി ഇനി ഒരു ഫലസ്തീന്‍ കുഞ്ഞും വളരരുത് എന്ന ദൃഢനിശ്ചയമാണ് അവളുടെ പ്രചോദനം. സ്വതന്ത്ര ഫലസ്തീന്‍ എന്ന സ്വപ്‌നം പൂവണിയും വരെ കേദാന്‍മാരിലൂടെ വാടാതെ നില്‍ക്കും തീര്‍ച്ച.

അവലംബം :  middleeastmonitor
മൊഴിമാറ്റം :  ഇര്‍ഷാദ് കാളാച്ചാല്‍

 

Facebook Comments
Show More

Related Articles

Check Also

Close
Close
Close