Current Date

Search
Close this search box.
Search
Close this search box.

കഴിവുകളും കഴിവു കുറവുകളും

അല്ലാഹുവിൽ നിന്ന് സവിശേഷ ജ്ഞാനം ലഭിച്ച ഒരു ദൈവദാസന്റെ കൂടെ മൂസാ പ്രവാചകൻ യാത്ര ചെയ്തപ്പോൾ ഉണ്ടായ അനുഭവങ്ങൾ വിശുദ്ധ ഖുർആൻ അൽകഹ്ഫ് അധ്യായത്തിൽ വിശദീകരിക്കുന്നുണ്ട് . അതിലൊന്ന്, അവരിരുവരും ഒരു കപ്പലിൽ സഞ്ചരിക്കാൻ ഇടയായപ്പോൾ അദ്ദേഹം കപ്പലിൽ കേടുപാടുകൾ വരുത്തി കളഞ്ഞതാണ്. അപ്പോൾ മൂസ ചോദിച്ചു ‘അങ്ങ് കപ്പൽ ഓട്ടപ്പെടുത്തിയതെന്ത്? ഇതിലെ യാത്രക്കാരെയൊക്കെ മുക്കിക്കൊല്ലാൻ? ഈ ചെയ്തത് ഒരു ക്രൂരകൃത്യം ആയിപ്പോയല്ലോ? പിന്നീട് , മൂസാ പ്രവാചകന് പ്രസ്തുത പ്രവർത്തന കാരണം വിശദീകരിച്ചു കൊടുക്കുന്നത് ഇങ്ങനെയാണ്. ‘ആ കപ്പലിന്റെ കാര്യം ഇതാണ്. അത് നദിയിൽ അദ്ധ്വാനിച്ച് കഴിയുന്ന ചില പാവങ്ങളുടേതായിരുന്നു .അതിനെ ഒരു കേടായ കപ്പൽ ആക്കണമെന്ന് ഞാൻ തീരുമാനിച്ചു . എന്തുകൊണ്ടെന്നാൽ മുന്നിൽ എല്ലാ നല്ല കപ്പലുകളും ബലാൽക്കാരം പിടിച്ചെടുക്കുന്ന ഒരു രാജാവിന്റെ പ്രദേശം ഉണ്ടായിരുന്നു ‘ അഥവാ ആ കപ്പൽ പാവങ്ങൾക്ക് നഷ്ടപ്പെടാതിരുന്നത് അതിന് ചില കുറവുകൾ ഉണ്ടായിരുന്നതിനാലാണ് .

പ്രത്യക്ഷത്തിൽ കുറവുകൾ ആയി നമുക്ക് തോന്നുന്ന കാര്യങ്ങൾ ആയിരിക്കാം പലപ്പോഴും നമ്മുടെ നിലനിൽപ്പിന്റെ തന്നെ നിദാനം. കഴിവുകൾ എന്തുതന്നെയായാലും അത് എത്രയും വർധിപ്പിക്കണമെന്നാണ് നമുക്ക് തോന്നുക അതിനാൽ കഴിവുകൾ വർധിപ്പിക്കാൻ നാം കഠിനപരിശ്രമം ചെയ്യുന്നു . എന്നാൽ നമുക്കുള്ള ചില കഴിവുകുറവുകളാണ് നമ്മുടെ ജീവിതം സ്വസ്ഥതയുള്ളതാക്കുന്നത്. അതെങ്ങനെയെന്ന് നമുക്ക് ചില ഉദാഹരണങ്ങളിലൂടെ പരിശോധിക്കാം.

നമുക്ക് കേൾക്കാൻ കഴിവുണ്ട്. നമ്മുടെ ആശയവിനിമയത്തിൽ കേൾവിക്ക് വലിയ പങ്കാണുള്ളത്. കേൾവി കൊണ്ട് നാം ആളുകളെ തിരിച്ചറിയുകയും സംഗീതം ആസ്വദിക്കുകയും ചെയ്യുന്നു . എന്നാൽ എത്ര കേൾവിശക്തി ഉള്ളവർക്കും അതിനൊരു പരിധിയുണ്ട്. 20 Hz മുതൽ 20000 Hz വരെയുള്ള ശബ്ദങ്ങളാണ് നമുക്ക് കേൾക്കാനാവുക. അതിൽ കുറഞ്ഞതും കൂടിയതും നാം കേൾക്കില്ല. ആയിരക്കണക്കിന് കിലോമീറ്റർ വേഗതയിൽ കറങ്ങുന്ന ഭൂമിയുടെ ശബ്ദം (soud of earth rotation) നമ്മുടെ കാതു കൊണ്ട് കേൾക്കുന്നില്ല അഥവാ കേട്ടിരുന്നുവെങ്കിൽ മറ്റൊന്നും കേൾക്കാൻ ആവാത്തത്ര ഭീകരമാകുമായിരുന്നു അത് .

കൊതുകുകളുടെ മൂളക്കം തന്നെ നമ്മുടെ ഉറക്കം നഷ്ടപ്പെടുത്തുന്നു . പരിസരം മലിനമാകുന്നുവെന്നും അത് ശുചീകരിക്കണം എന്നുമുള്ള പ്രകൃതിയുടെ മുന്നറിയിപ്പുമായാണ് കൊതുകുകൾ നമ്മുടെ കാതിന് ചുറ്റും ചിറകിട്ടടിച്ചു പായുന്നത്. അതിന്റെ ചിറകടി ആണ് അസഹനീയമായ മൂളക്കമായി നമുക്ക് അനുഭവപ്പെടുന്നത് . പരിസരം ശുചീകരിച്ചാൽ പ്രസ്തുത മൂളക്കം അവസാനിപ്പിക്കാം. എന്നാൽ നമ്മുടെ ചുറ്റും എത്ര ജീവികളുണ്ട്? തലയിലെ പേൻ മുതൽ നമ്മുടെ ദേഹത്തും പരിസരത്തും ജീവിക്കുന്ന സൂക്ഷ്മജീവികൾ. അവയുടെ ശബ്ദം നമുക്ക് കേൾക്കാൻ കഴിയില്ല. ചിതലുകൾ ഉറുമ്പുകൾ പ്രാണികൾ പാറ്റകൾ തുടങ്ങിയ ചെറുജീവികളുടെ ശബ്ദം കേൾക്കാൻ നമുക്ക് കഴിവുണ്ടായിരുന്നു എങ്കിൽ നമ്മുടെ ജീവിതം എത്ര ദുസ്സഹമാകുമായിരുന്നു .

കാണാനുള്ള കഴിവ് ഏറ്റവും നല്ല അനുഗ്രഹമാണ് ഈ സുന്ദര പ്രപഞ്ചത്തെയും അതിലുള്ളതിനെയും അറിയാനും ആസ്വദിക്കാനും നമുക്ക് സാധിക്കുന്നത് പഞ്ചേന്ദ്രിയങ്ങളിലെ കാണുക എന്ന പ്രധാനപ്പെട്ട കഴിവുകൊണ്ടാണ്. എന്നാൽ ഉള്ളതെല്ലാം നാം കാണുന്നില്ല. പരമാവധി കാഴ്ചയുള്ള ഒരാൾക്ക് 0.1 എം.എം. എങ്കിലും വലിപ്പമുള്ള വസ്തുക്കളെ കാണാനാവൂ. മൈക്രോസ്കോപ്പിലൂടെ കാണുന്നതും അതിലും ചെറുതും കാണാനുള്ള കഴിവ് നമ്മുടെ നഗ്നനേത്രങ്ങൾക്ക് ഉണ്ടായിരുന്നെങ്കിൽ കാഴ്ചയുടെ അമിതഭാരത്താൽ കണ്ണുതുറക്കാനാകുമായിരുന്നില്ല . വായു ഒരു യാഥാർത്ഥ്യമാണ്. ധാരാള ക്കണക്കിന് വികിരണങ്ങളും (റേഡിയേഷൻ) വായുമണ്ഡലത്തിലുണ്ട് അതെല്ലാം നാം കണ്ടിരുന്നെങ്കിൽ ആ കാഴ്ച തന്നെ നമ്മെ അന്ധർ ആകുമായിരുന്നു.

നമുക്ക് വാസനിക്കാൻ കഴിവുണ്ട്. പതിനായിരത്തോളം ഗന്ധങ്ങളെ നമുക്ക് തിരിച്ചറിയാം . എന്നാൽ ഒരേ സമയം ഒന്നിലധികം വാസനകൾ നമ്മുടെ ഘ്രാണ ശക്തിക്ക് വഴങ്ങില്ല. അതുകൊണ്ടാണ് അടച്ചിട്ട റൂമിൽ സുഗന്ധം സ്പ്രേ ചെയ്തു നാം മുറി ഫ്രഷ് ആക്കുന്നത് . മുറിയിൽ ആദ്യമുണ്ടായിരുന്ന ഗന്ധവും പിന്നീട് നാം ഉപയോഗിച്ച സുഗന്ധവും ഒന്നിച്ച് അനുഭവിക്കാൻ ആവില്ല എന്ന കഴിവു കുറവാണ് നമ്മുടെ സാധ്യത.

വാസനകളുടെ വ്യതിയാനങ്ങൾക്കനുസരിച്ച് നമ്മുടെ ശാരീരികാവസ്ഥകൾ മാറുന്നു ഗ്രന്ധഗ്രാഹികൾ ആയ നാഡികൾ നമ്മുടെ തലച്ചോറിലെ വികാരം ഉണർത്തുന്ന ഭാഗവുമായി നേരിട്ട് ബന്ധിപ്പിക്കപ്പെട്ടതിനാലാണത്. ദുർഗന്ധം അധികമാകുമ്പോൾ നമ്മുടെ ഘ്രാണ ശേഷി കുറഞ്ഞ് മരവിച്ചുപോകും . അങ്ങനെ വാസനിക്കാനുള്ള കഴിവ് താൽക്കാലികമായെങ്കിലും നഷ്ടമാകും. അങ്ങിനെ സംഭവിക്കാതെ വാസനിക്കാനുള്ള കഴിവ് പൂർവരൂപത്തിൽ നിലനിന്നാൽ നമ്മുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുമായിരുന്നു .

ഓർമ്മശക്തി എന്നതും സുപ്രധാനമായ മറ്റൊരു കഴിവാണ്. ആളുകളെയും സംഭവങ്ങളെയും വസ്തുക്കളെയും വസ്തുതകളെയും ഓർമ്മയിൽ ഉണ്ടായിരിക്കണം. ഓർമശക്തി വർധിപ്പിക്കാനും നിലനിർത്താനും ചികിത്സകൾ നിലവിലുണ്ട്. എത്രയൊക്കെ ആണെങ്കിലും എല്ലാ ഓർമ്മകളും എല്ലാ കാലത്തും ഒരേ അളവിൽ നില നിർത്താനുള്ള കഴിവ് നേടിയെടുക്കുക സാധ്യമല്ല . അങ്ങനെ സാധിച്ചിരുന്നെങ്കിൽ ദുഃഖങ്ങളെയും ദുരിതങ്ങളെയും കുറിച്ച ഓർമ്മകൾ കൊണ്ട് നാം പാടുപെട്ടു പോകുമായിരുന്നു . നമ്മുടെ കഴിവുകൾ ക്കെല്ലാം ഇങ്ങനെയൊരു മറുവശമുണ്ട്. അസുഖകരമായതെന്നും കഴിവ് കുറവെന്നും പ്രത്യക്ഷത്തിൽ നാം വിലയിരുത്തുന്ന കാര്യങ്ങളിൽ വലിയ നന്മകൾ ഒളിഞ്ഞിരിപ്പുണ്ട് . നൽകുന്നതും തടയുന്നതും ലോകരക്ഷിതാവായ സ്രഷ്ടാവാണെന്നതിനാൽ അവന്റെ കാരുണ്യത്തിലും കരുതലിലും നിരാശപ്പെടാതെ കഴിവുകൾക്കും കഴിവ് കുറവുകൾക്കും കൃതജ്ഞത അർപ്പിക്കാം.

Related Articles