Current Date

Search
Close this search box.
Search
Close this search box.

ദുർഭരണാധികാരികൾക്കു സന്ദേശം എത്തിയോ?

ആളുകൾ സ്വന്തം സഹോദരങ്ങളെയും മാതാപിതാക്കളെയും ഇണകളെയും സന്താനങ്ങളെയും സമുദായത്തെയും വിട്ടെറിഞ്ഞ് സ്വന്തം കാര്യം മാത്രം നോക്കി ഓടുന്ന വിധിദിന നാളുമായി കൊറോണ നാളുകളെ ചിലർ താരതമ്യം ചെയ്തിരുന്നു. വൈറസ് ബാധിച്ച ആളുകളെ എല്ലാവരിൽ നിന്നും വളരെ അകലെയായി പ്രത്യേക ഏകാന്തമുറികളിൽ പാർപ്പിക്കപ്പെടുന്നു, ചിലരുടെ കാര്യത്തിൽ ഉറ്റവർ പോലും അവരിൽ നിന്ന് ഓടിയകലുന്നു. ഭാര്യാസന്താനങ്ങൾക്കും ബന്ധുമിത്രാദികൾക്കും അവസാനമായി ഒരു നോക്കുകാണാൻ പോലും സാധിക്കാതെ, അന്യദേശത്തും കൂട്ടക്കുഴിമാടങ്ങളിലും മറമാടാൻ വിധിക്കപ്പെട്ടവർ അനവധി. എല്ലാവരും സ്വന്തം ജീവൻ അപകടത്തിലാകുമോ എന്ന ഭയപ്പാടിൽ കഴിയുന്നു, ഇക്കാര്യം ഖുർആൻ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട് “അന്ന് അവരിലോരോരുത്തർക്കും സ്വന്തം കാര്യം നോക്കാനുണ്ടാകും” (സൂറ അബസ: 37).

പള്ളികളിൽ ഭക്തരുടെ നിരയില്ല, ത്വവാഫ് ചെയ്യാൻ ഒരാൾ പോലുമില്ലാതെ നിശബ്ദമായ കഅബ, ശൂന്യമായ തെരുവുകൾ, കുട്ടികളുടെ കളിതമാശകളും പാൽപ്പുഞ്ചിരിയുമില്ലാതെ ഉണങ്ങിനിൽക്കുന്ന പാർക്കുകൾ. എവിടെനിന്നോ ആരെങ്കിലും തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുന്നതിന്റെ ചെറുശബ്ദം കേട്ടാൽ പോലും ഭയന്നു വിറച്ച് വീടകങ്ങളിൽ ചുരുണ്ടുകൂടുന്ന സ്ഥിതിവിശേഷം.

ഈ ചെറു വിധിദിന നാളിൽ, കൊറോണ വൈറസ് ലോകം ഒരു ശൂന്യസ്ഥലമാക്കി മാറ്റി, അതേസമയം ഭയാനകമായ പുനരുദ്ധാരണ നാളിൽ, ലോകം മുഴുവൻ മനുഷ്യക്കൂട്ടങ്ങളാൽ നിറയും, ദൈവത്തിനു മുന്നിൽ ജനങ്ങൾ നിരനിരയായി അണിനിരക്കപ്പെടും.

Also read: അമേരിക്ക എത്രത്തോളം “വികസിത”മാണ്?

ഇവിടെ ഒരു ചോദ്യമുയരുന്നു: വിധിദിന നാളിന്റെ ഈ ചെറുപതിപ്പിൽ നിന്നും മനുഷ്യർ എന്തെങ്കിലും പാഠം പഠിച്ചോ? അതിനു വേണ്ടി അവർ സ്വയം തയ്യാറെടുത്തോ? യഥാർഥ വിധിദിനത്തെ അഭിമുഖീകരിക്കുന്നതിനായി തങ്ങളെതന്നെ സ്വയം മെച്ചപ്പെടുത്തുകയും, മറ്റുള്ളവരുമായി രമ്യതയിൽ എത്തുകയും ചെയ്തോ? അല്ലാഹുവല്ലാതെ മറ്റൊരു അഭയകേന്ദ്രവുമില്ലാത്തതിനാൽ, അവർ അവനിലേക്ക് മടങ്ങിയോ? ഭൂമിയിൽ വമ്പത്തരം കാട്ടിനടന്നവർ മനുഷ്യ ജീവനുകളെ അടിച്ചമർത്തുന്നതിൽ നിന്നും പിൻമാറി, മാനസാന്തരപ്പെട്ട്, ജനങ്ങളുടെ അവകാശങ്ങൾ പുനഃസ്ഥാപിച്ചോ?

നിർഭാഗ്യവശാൽ, ജനങ്ങളിലേറെ പേരും ഇതുവരെ ഉണർന്നിട്ടില്ല. പ്രപഞ്ചം മുഴുക്കെ മുന്നറിയിപ്പുകൾ ഉയർന്നിട്ടും, അവർ പരസ്പരമോ അല്ലെങ്കിൽ ദൈവവുമായോ ഉള്ള ബന്ധം നന്നാക്കിയെടുത്തിട്ടില്ല. കൈകൾ ശുദ്ധീകരിക്കുന്നതിനു മുമ്പ് ഹൃദയം ശുദ്ധീകരിക്കുന്നതിനെ കുറിച്ചും, ശുദ്ധീകരണ ഉൽപ്പന്നങ്ങൾ വാങ്ങാൻ അങ്ങാടികളിലേക്ക് കുതിക്കുന്നതിനു മുമ്പ് വീടകങ്ങൾ പ്രാർഥനകൾ കൊണ്ട് ശുദ്ധീകരിക്കുന്നതിനെ കുറിച്ചും ചിന്തിക്കാനും ധ്യാനിക്കാനുമുള്ള ഒരു അവസരം കൊറോണ വൈറസ് നൽകിയിട്ടും, അവർ തങ്ങൾ ജീവിക്കുന്ന സാഹചര്യങ്ങളെ കുറിച്ച് മനസ്സിലാക്കാൻ ശ്രമിച്ചിട്ടില്ല. നമ്മുടെ ഹൃദയം മുഴുവൻ അഴുക്ക് നിറഞ്ഞ അവസ്ഥയിലായിരിക്കെ വീടുകൾ മാത്രം വൃത്തിയാക്കുന്നതിൽ എന്താണ് കാര്യം? കൊറോണയെ ഒരു രോഗം മാത്രമായിട്ടാണ് അവർ മനസ്സിലാക്കിയിട്ടുള്ളത്, നേരായ മാർഗത്തിൽ ചരിക്കാനുള്ള ദൈവവിളിയാണിത്.

ട്രംപ്, ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യത്തിന്റെ പ്രസിഡന്റ്, ഒരു ചെറു സൂക്ഷ്മദർശിനി വൈറസിനു മുന്നിൽ അശക്തനായി പകച്ചു നിൽക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ആയുധശേഖരത്തിന്റെ ഉടമയാണ് അദ്ദേഹം, എന്നാൽ അതൊന്നും തന്നെ ഒരു ചെറുവൈറസിനെ നശിപ്പിക്കാൻ പര്യാപ്തമല്ല. ദൈവത്തിലേക്ക് മടങ്ങുകയല്ലാതെ മറ്റൊരു വഴിയും അദ്ദേഹത്തിനു കണ്ടെത്താൻ കഴിഞ്ഞില്ല, അമേരിക്കക്കാരെ ദൈവം രക്ഷിക്കുമെന്ന് പ്രാർഥിച്ച്, ദൈവമേ വൈറസിനെ നശിപ്പിക്കേണമേ എന്ന് പ്രാർഥിക്കാൻ എല്ലാ അമേരിക്കക്കാരെയും അദ്ദേഹം ക്ഷണിക്കുകയും ചെയ്തു. അതേസമയം തന്നെ, അദ്ദേഹം സ്വേച്ഛാധിപതികളെ പിന്തുണയ്ക്കുകയും തിന്മകൾ ചെയ്തുകൂട്ടുകയും ചെയ്യുന്നു.

Also read: ആഫ്രിക്കയിലെ മെഡിക്കൽ കൊളോണിയലിസം

ഒരു സെക്കുലർ രാഷ്ട്രത്തിന്റെ തലവനായി ഇരിക്കുന്ന സമയത്താണ്, കൊറോണ വൈറസിൽ നിന്നും തന്നെ രക്ഷിക്കാൻ ട്രംപ് ദൈവത്തോട് പ്രാർഥിക്കുന്നത്, അതേസമയം ട്രംപിന്റെ ഈ നടപടിക്കെതിരെ ഒരക്ഷരം പോലും മിണ്ടാതെ സ്വന്തം നാക്ക് വിഴുങ്ങിയിരിക്കുന്ന അറബ് സെക്കുലറിസ്റ്റുകളെ നമുക്ക് കാണാം കഴിയും. അവർ ആകെ നാവു പുറത്തിടുന്നത്, പ്രാർഥിക്കുന്ന മുസ്ലിംകളെ അപമാനിക്കാനും, പിന്നോക്കാവസ്ഥയും അജ്ഞതയും ആരോപിക്കാനും മാത്രമാണ്!

അറബ് ഏകാധിപതികളെ സംബന്ധിച്ചിടത്തോളം, വിധിദിന നാളിന്റെ ഈ ചെറുപതിപ്പ് അവരെ തെല്ലും ഏശിയിട്ടില്ലെന്നാണ് തോന്നുന്നത്. സ്വന്തം ജനതയ്ക്കെതിരെയുള്ള അവരുടെ അതിക്രമങ്ങൾ വർധിപ്പിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. അന്യായമായി തടവിലിടപ്പെട്ട നിരപരാധികളെ മോചിപ്പിക്കാൻ അവർ ഇതുവരെ തയ്യാറായിട്ടില്ലെന്ന് മാത്രമല്ല, കൂടുതൽ നിരപരാധികളെ മനുഷ്യത്വരഹിതമായ ജയിലറകളിൽ തള്ളിക്കൊണ്ടിരിക്കുകയും ചെയ്യുന്നു!

മനുഷ്യർ ദുർബലരാണെന്ന് കൊറോണ വൈറസ് തുറന്നുകാട്ടി, എന്നാൽ അടിച്ചമർത്തലും അനീതിയും സ്വേച്ഛാധിപത്യവും പ്രയോഗിച്ച് അവർ ഭൂമിയിൽ അഹങ്കാരത്തോടെ നടത്തം തുടരുന്നു. അവർ തങ്ങളുടെ സഹജീവികളെ അടിമകളാക്കി, ഇപ്പോഴിതാ അവരുടെ കാൽക്കീഴിലെ മണ്ണിളക്കാൻ കൊറോണ വൈറസ് എത്തിയിരിക്കുന്നു.

Also read: ഒരിക്കലും കൈവിട്ടു പോകാന്‍ പാടില്ലാത്ത ഒന്നാണ് ജാഗ്രത

ചില രാജ്യങ്ങളെ അവികസിത മൂന്നാംലോക രാജ്യങ്ങളെന്ന് മുദ്രകുത്തുകയും, നാഗരികതയുടെയും ധാർമിക മൂല്യങ്ങളുടെയും ആളുകൾ തങ്ങളാണെന്ന് വീമ്പിളക്കുകയും ചെയ്തിരുന്ന പല പാശ്ചാത്യൻ രാജ്യങ്ങളും, വൈറസ് പടർന്നുപിടിച്ചതോടെ, സർജിക്കൽ മാസ്ക്കുകൾക്കു വേണ്ടി കൊള്ളക്കാരെ പോലെ പെരുമാറുന്ന കാഴ്ചയാണ് കണ്ടത്. മറ്റു രാജ്യങ്ങളിലേക്ക് മെഡിക്കൽ മാസ്ക്കുകളുമായി പോവുന്ന കപ്പലുകളെ അവർ ആക്രമിച്ചു, കൊള്ളയടിച്ചു, പിടിച്ചുവെച്ചു, അതോടുകൂടി അവർ ഇതുവരെ അണിഞ്ഞിരുന്ന ധാർമികതയുടെയും നൈതികതയുടെയും മുഖംമൂടികൾ അഴിഞ്ഞുവീണു.

തങ്ങൾ എത്രമാത്രം ദുർബലരും അശക്തരുമാണെന്ന് മനുഷ്യർ തിരിച്ചറിയുന്നതിനും, മനുഷ്യനെ അവന്റെ സാധാരണ വലുപ്പത്തിലേക്ക് ചുരുക്കുന്നതിനും കാരണമായി എന്ന നിലയിൽ, കൊറോണ വൈറസ് മനുഷ്യർക്ക് ദൈവത്തിങ്കൽ നിന്നുള്ള ഒരു അനുഗ്രഹമാണ്. എത്ര തന്നെ ശക്തരും അറിവുള്ളവരും ആയിരുന്നാലും ശരി, പരമമായ ശക്തിയും അധികാരവും ദൈവത്തിങ്കലാണെന്ന് അവർ തിരിച്ചറിയുന്നു. സ്വയം മാറാനും, സ്വഭാവങ്ങൾ മാറ്റാനും, സഹജീവികളോടുള്ള സമീപനം കരുണാർദ്രമാക്കാനും മനുഷ്യരെ പ്രേരിപ്പിക്കുന്നു എന്ന അർഥത്തിൽ ഇതൊരു മഹത്തായ അനുഗ്രഹം തന്നെയാണ്.

വൈറസ് നൽകുന്ന സന്ദേശം എല്ലാ മനുഷ്യരും മനസ്സിലാക്കിയോ അതോ പുതിയ, കൂടുതൽ മാരകമായ കൊറോണ വൈറസിനു വേണ്ടി നാം ഇനിയും കാത്തിരിക്കുകയാണോ? ദൈവത്തെ സംബന്ധിച്ചിടത്തോളം ഒരു കൊതുകിന്റെ ചിറകിനേക്കാൾ ചെറുതാണ് ഈ ലോകം, പക്ഷെ സ്വേച്ഛാധിപതികളെയും ഒരുപാട് ആളുകളെയും സംബന്ധിച്ചിടത്തോളം ഈ ലോകമാണ് എല്ലാം, സഹജീവികളെ ചൂഷണം ചെയ്തും അവരെ അടിമകളാക്കിയും ആയിരം വർഷം ജീവിക്കണമെന്നാണ് അവരുടെ ആഗ്രഹം. ആയിരം വർഷങ്ങൾക്കു ശേഷം, യഥാർഥ വിധിദിന നാളിൽ തങ്ങളുടെ സൃഷ്ടാവിലേക്ക് മടക്കപ്പെടുമെന്ന് അവർ അറിയുന്നില്ല.

വിവ. അബൂ ഈസ

Related Articles