Current Date

Search
Close this search box.
Search
Close this search box.

ശത്രുക്കള്‍ക്കുവേണ്ടി പ്രാര്‍ഥിച്ച പ്രവാചകന്‍

പ്രവാചക ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ദിനം എന്നാണ്? പ്രത്യക്ഷത്തില്‍ തോന്നുക ഉഹുദ് യുദ്ധദിനമാണെന്നാണ്. ഒരിക്കല്‍ മാത്രമേ നബി തിരുമേനിക്ക് ശത്രുക്കളുടെ ആക്രമണത്തില്‍ പരിക്ക് പറ്റിയിട്ടുള്ളൂ. അത് അന്നാണ്. ഉഹുദില്‍വെച്ച് പ്രവാചകന്റെ പല്ല് പൊട്ടുകയും ശരീരത്തില്‍ മുറിവ് പറ്റുകയും ചെയ്തു. തനിക്കേറെ പ്രിയപ്പെട്ട പിതൃവ്യന്‍ ഹംസയും അടുത്ത അനുയായി മിസ്വ്അബും ഉള്‍പ്പെടെ പ്രമുഖരായ പലരും കൊല്ലപ്പെട്ടതും ഉഹുദില്‍തന്നെ.
പ്രവാചകപത്‌നി ആഇശയുടെപോലും ധാരണ അദ്ദേഹം ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പ്രയാസമനുഭവിച്ച ദിവസം അന്നാണെന്നായിരുന്നു. അതിനാല്‍ അവര്‍ പ്രിയതമനോട് ചോദിച്ചു: ‘അങ്ങയുടെ ജീവിതത്തില്‍ ഉഹുദ് ദിനത്തെക്കാള്‍ ദുരിതമനുഭവിച്ച ഏതെങ്കിലും ദിവസമുണേടാ?’ ‘ഉണട്. ത്വാഇഫില്‍ അഭയം തേടിയ ദിവസമാണത്. അവര്‍ അഭയം നിഷേധിച്ചപ്പോള്‍ എനിക്കുണടായ പ്രയാസത്തിന് സമാനമായത് മറ്റൊരിക്കലും ഉണടായിട്ടില്ല.’
പ്രവാചകത്വ ലബ്ധിയുടെ പത്താം വര്‍ഷം പ്രിയപത്‌നി ഖദീജയും പിതൃവ്യന്‍ അബൂത്വാലിബും പരലോകം പ്രാപിച്ചു. അവരിരുവരുമാണ് എല്ലാ പ്രയാസങ്ങളിലും പ്രതിസന്ധികളിലും പ്രവാചകന് താങ്ങും തുണയുമായുണടായിരുന്നത്. മാതൃതുല്യമായ പരിലാളനയും സഹപ്രവര്‍ത്തകയുടെ സഹകരണവും സഹധര്‍മിണിയുടെ സ്‌നേഹവാല്‍സല്യവും സമ്മാനിച്ച് നബി തിരുമേനിക്ക് സദാ സാന്ത്വനവും ആശ്വാസവും നല്‍കിയിരുന്നത് ഖദീജയാണ്. ശത്രുക്കളുടെ അക്രമമര്‍ദനങ്ങളില്‍നിന്ന് രക്ഷിച്ചിരുന്നത് അബൂത്വാലിബും. ഇരുവരുടെയും വിയോഗം സംഭവിച്ചതിനാല്‍ അക്കൊല്ലം ദുഃഖവര്‍ഷമെന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ ഇരട്ട നഷ്ടം പ്രവാചകന് മക്കയില്‍ ജീവിക്കാന്‍ സാധിക്കാത്ത സാഹചര്യം സൃഷ്ടിച്ചു.
അങ്ങനെയാണ് അദ്ദേഹം ത്വാഇഫില്‍ അഭയം തേടാന്‍ തീരുമാനിച്ചത്. മക്കയുടെ അടുത്ത പ്രദേശമാണ് ത്വാഇഫ്. അവിടെ മുഹമ്മദ് നബിയുടെ അകന്ന രക്തബന്ധുക്കളുണടായിരുന്നു. അദ്ദേഹത്തിന് കൊച്ചുനാളില്‍ മുലകൊടുത്ത ഹലീമയുടെ കുടുംബം ത്വാഇഫുകാരുടെ അയല്‍ക്കാരായിരുന്നു. ഇക്കാരണങ്ങളാലെല്ലാം അവിടത്തുകാര്‍ തന്നെ കൈയൊഴിക്കില്ലെന്ന് പ്രവാചകന്‍ പ്രതീക്ഷിച്ചു. അങ്ങനെ പ്രവാചകത്വത്തിന്റെ പത്താം വര്‍ഷം ശവ്വാല്‍ മാസാവസാനം ത്വാഇഫിലേക്ക് പുറപ്പെട്ടു. സൈദുബ്‌നു ഹാരിസ് മാത്രമേ കൂടെ ഉണടായിരുന്നുള്ളൂ. പരമ രഹസ്യമായാണ് ഇരുവരും ത്വാഇഫിലേക്ക് പോയത്.
കല്ലും മുള്ളും കുന്നും കുഴിയുമുള്ള പ്രയാസകരമായ വഴിയിലൂടെ കാല്‍നടയായി യാത്ര ചെയ്തതിനാല്‍ നബിക്കും കൂട്ടുകാരനും കഠിനമായ ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെട്ടു. എങ്കിലും അതൊന്നും പരിഗണിക്കാതെ പ്രവാചകന്‍ താന്‍ ലക്ഷ്യംവെച്ച മൂന്നുപേരെ തേടി പുറപ്പെട്ടു. അംറിന്റെ മകന്‍ അബ്ദുയാലൈല്‍, സഹോദരന്മാരായ മസ്ഊദ്, ഹബീബ് എന്നിവരായിരുന്നു അവര്‍.
അദ്ദേഹം അവരെ സന്ദര്‍ശിച്ച് ദൈവിക സന്മാര്‍ഗത്തെ സംബന്ധിച്ച് സംസാരിച്ചു. തുടര്‍ന്ന് തനിക്ക് അഭയം നല്‍കാനാവശ്യപ്പെട്ടു. അവരാരും അതംഗീകരിച്ചില്ല. അതോടൊപ്പം പ്രവാചകനെ രൂക്ഷമായി ആക്ഷേപിക്കുകയും ശകാരിക്കുകയും ചെയ്തു. അന്ന് പ്രവാചകനു നേരെ വന്ന കല്ലുകള്‍ സൈദുബ്‌നു ഹാരിസ് സ്വന്തം കൈകള്‍ കൊണട് തടുക്കുകയായിരുന്നു. പെട്ടെന്നുതന്നെ അവിടംവിടാന്‍ ആവശ്യപ്പെട്ടു.
അഭയം നിഷേധിച്ച സാഹചര്യത്തില്‍ താനിവിടെ വന്നതും സഹായം തേടിയതും മക്കയിലെ ശത്രുക്കളെ അറിയിക്കരുതെന്ന് നബി തിരുമേനി അവരോട് അഭ്യര്‍ഥിച്ചു. എന്നാല്‍ അതും അവരംഗീകരിച്ചില്ല. ഉടനെത്തന്നെ അവര്‍ ആ വിവരം മക്കയിലെ പ്രവാചകശത്രുക്കളെ അറിയിക്കുകയും ചെയ്തു. അതുകൊണടും മതിയാക്കാതെ അദ്ദേഹത്തിന്റെ ചുറ്റും കൂടി തെറിവിളിക്കാനും പുലഭ്യം പറയാനും അങ്ങാടിപ്പിള്ളേരെ ഏര്‍പ്പെടുത്തുകയും ചെയ്തു.
മുറിവേറ്റ ശരീരവും മനസ്സുമായി മുഹമ്മദ് നബി ത്വാഇഫിനോട് വിട പറഞ്ഞു. കഠിനമായ ക്ഷീണം കാരണം റബീഅയുടെ മക്കളായ ഉത്ബയുടെയും ശൈബയുടെയും തോട്ടത്തില്‍ പ്രവേശിച്ച് അവിടെ ഒരു മരച്ചുവട്ടിലിരുന്നു. ഇത്തിരി നേരത്തെ വിശ്രമത്തിനുശേഷം ഇരുകൈകളും ഉയര്‍ത്തി പ്രപഞ്ചനാഥനായ അല്ലാഹുവോട് ദീര്‍ഘമായി പ്രാര്‍ഥിച്ചു. താനകപ്പെട്ട പ്രയാസത്തില്‍നിന്ന് മോചനം ലഭിക്കാനായി ദൈവത്തിന്റെ സഹായം തേടി.
ഏറെത്താമസിയാതെ അല്ലാഹുവിന്റെ സന്ദേശകനായ മലക്ക് പ്രവാചകന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തിന് അഭയം നിഷേധിക്കുകയും ആക്ഷേപിക്കുകയും ചെയ്ത അന്നാട്ടുകാരോട് പ്രതികാരം ചെയ്യാനും അവരെ ശിക്ഷിക്കാനും മലക്ക് അനുവാദമാരാഞ്ഞു.
എന്നാല്‍ കാരുണ്യത്തിന്റെ നിറകുടമായ നബിതിരുമേനിക്ക് അതംഗീകരിക്കുക സാധ്യമായിരുന്നില്ല. അതിനാല്‍ അദ്ദേഹം അനുവാദം നല്‍കിയില്ല. തുടര്‍ന്ന് അല്ലാഹുവോട് ഇങ്ങനെ പ്രാര്‍ഥിക്കുകയും ചെയ്തു: ‘അല്ലാഹുവേ, എന്റെ ജനതയെ നീ നേര്‍വഴിയില്‍ നയിക്കേണമേ! അവര്‍ക്ക് നീ മാപ്പേകേണമേ! അവര്‍ അറിവില്ലാത്ത ജനമാണ്.’

Related Articles