Current Date

Search
Close this search box.
Search
Close this search box.

യെമന്‍ യുദ്ധവും ആയുധവിപണിയുടെ സമൃദ്ധിയും

‘ആയുധ കയറ്റുമതിയില്‍ നിന്ന് ശതകോടിക്കണക്കിന് രൂപ സമ്പാദിക്കുകയും അത് മൂലം സംഘര്‍ഷത്തിന് ആക്കം കൂട്ടുകയും എന്നിട്ട് അതില്‍ നിന്നുള്ള ഒരു ചെറിയ ഭാഗം യെമനിലേക്ക് നല്‍കുകയും ചെയ്യുന്നത് തീര്‍ത്തും അധാര്‍മികവും പൊരുത്തമില്ലാത്തതുമാണ്.’ ഓക്‌സ്ഫാം യെമന്‍ രാജ്യത്തിന്റെ ഡയറക്ടര്‍ മുഹ്‌സിന്‍ സിദ്ദീഖി പറഞ്ഞതാണിത്. യെമനില്‍ സംഘര്‍ഷം ആരംഭിച്ചതു മുതല്‍ 17 ബില്യണ്‍ ഡോളറിന്റെ ആയുധങ്ങളാണ് ജി 20 രാജ്യങ്ങള്‍ സൗദി അറേബ്യയിലേക്ക് കയറ്റുമതി ചെയ്തത്. യെമന്‍ ജനതക്ക് മുകളില്‍ ലാഭം കൊയ്യുന്നത് ലോകത്തെ സമ്പന്ന രാജ്യങ്ങള്‍ക്ക് തുടരാന്‍ കഴിയില്ല. കോളറ പൊട്ടിപ്പുറപ്പെടുന്നത്, കൊറോണ വൈറസ്, ആശുപത്രികളുടെ ദുരവസ്ഥ, 10 ദശലക്ഷം വിശന്നൊട്ടിയ വയറുകള്‍ എന്നിവയെല്ലാം കണ്ടിട്ടും അവര്‍ അങ്ങനെ ചെയ്യുന്നു, അത് ഇനിയും തുടരുകയും ചെയ്യും.

50 എഫ്-35 യുദ്ധ വിമാനങ്ങള്‍, 18 റീപ്പര്‍ ഡ്രോണുകള്‍, എയര്‍ ടു എയര്‍ മിസൈലുകള്‍ തുടങ്ങി നിരവധി ആയുധങ്ങളാണ് ട്രംപ് ഭരണകൂടം തിടുക്കം കൂട്ടി യു.എ.ഇക്ക് നല്‍കിയത്. 2015 മുതല്‍ യെമനെ ആക്രമിക്കുന്ന സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള യുദ്ധ മുന്നണിയുടെ സജീവ അംഗമാണ് യു.എ.ഇ. 2020 ഫെബ്രുവരി മുതല്‍ യെമനില്‍ നിന്നും ഘട്ടം ഘട്ടമായി സൈനിക പിന്മാറ്റം പൂര്‍ത്തിയാക്കിയിട്ടും യു.എ.ഇ ഇപ്പോഴും ഈ മുന്നണിയിലെ സജീവ പങ്കാളിയും സ്വാധീനമുള്ള ഏജന്റുമാണ്. അന്താരാഷ്ട്ര മാനുഷിക നിയമം ലംഘിക്കുന്നതും ആയിരക്കണക്കിന് യെമനിലെ സാധാരണക്കാരെ കൊലപ്പെടുത്തുകയും പരുക്കേല്‍പ്പിക്കുന്നതുമായ ഇത്തരം ആക്രമണങ്ങള്‍ക്ക് ഈ ആയുധങ്ങള്‍ ഉപയോഗിച്ചേക്കാമെന്ന് നേരത്തെ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അമേരിക്കന്‍ ഭരണത്തില്‍ മാറ്റം ആസന്നമായെങ്കിലും അതിന്റെ കോണ്‍ഗ്രസ് അംഗങ്ങളില്‍ ധാര്‍മ്മികമായ പതര്‍ച്ചയുള്ളവരുണ്ട്. ഡെമോക്രാറ്റിക് അംഗങ്ങളില്‍ ഭൂരിഭാഗവും ചാഞ്ഞും ചരിഞ്ഞും കിടക്കുന്നവരാണ്. യു.എസ് ഗള്‍ഫ് സ്റ്റേറ്റുകളുമായി ആയുധ ഇടപാടിനെ വിമര്‍ശിക്കുന്നവര്‍ക്ക് ചില പ്രതീക്ഷകള്‍ നിയുക്ത യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന അറ്റ്‌ലാന്റ ഡെമോക്രാറ്റിക് ചര്‍ച്ചക്കിടെ ഒബാമ ഭരണകാലത്ത് സൗദിയുമായി ഉണ്ടാക്കിയ നയത്തെ അദ്ദേഹം പിന്തുണച്ചിരുന്നു. അവര്‍ക്ക് ആയുധങ്ങള്‍ വില്‍ക്കാന്‍ പോകുന്നില്ലെന്ന് ഞാന്‍ വളരെ വ്യക്തമായി പറയുകയാണ്- എന്നാണ് ബൈഡന്‍ പറഞ്ഞത്. കുട്ടികളെ കൊന്നൊടുക്കുന്ന ആയുധ വില്‍പ്പന സൗദികള്‍ക്ക് നല്‍കുന്നത് അവസാനിപ്പിക്കുമെന്നും പ്രത്യേകിച്ചും യെമന്‍ യുദ്ധവുമായി ബന്ധപ്പെട്ടാണെന്നുമുള്ള സൂചനകള്‍ ബൈഡന്‍ നല്‍കിയിരുന്നു.

ഇത് ഈ ഓഗസ്റ്റിലും ബൈഡന്‍ ആവര്‍ത്തിച്ചിരുന്നു. യെമനില്‍ നടക്കുന്ന സൗദി നേതൃത്വത്തിലുള്ള വിനാശകരമായ യുദ്ധത്തിനുള്ള യു.എസ് പിന്തുണ ഞാന്‍ അവസാനിപ്പിക്കുകയും സൗദി അറേബ്യയുമായുള്ള ഞങ്ങളുടെ ബന്ധം വീണ്ടും വിലയിരുത്താന്‍ ഉത്തരവിടുകയും ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്. യെമനില്‍ സൗദി വിനാശകരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും വിദേശനയത്തില്‍ അശ്രദ്ധമായ സമീപനങ്ങളാണ് സൗദി പിന്തുടരുന്നതെന്നും ബൈഡന്‍ കുറ്റപ്പെടുത്തി. അമേരിക്കയിലെ യുദ്ധ വിരുദ്ധ സംഘങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്ന സംസാരമാണ് യെമന്‍ യുദ്ധ വിഷയത്തിലും സൗദി ആയുധ ഇടപാടിലും ബൈഡന്‍ നല്‍കിയത്. യു.എ.ഇയിലേക്കുള്ള ആയുധ ഇടപാടുകളും ബൈഡന്‍ കഴിയുന്നത്ര പഴയപടിയിലാക്കാന്‍ ശ്രമിക്കും. ട്രംപിന് കീഴില്‍ നേരത്തെ യു.എസ് കോണ്‍ഗ്രസ് പാസാക്കാന്‍ കൂട്ടാക്കാത്ത നിയമങ്ങള്‍ ബൈഡന്‍ നടപ്പിലാക്കിയേക്കും എന്നാണ് കണക്കുകൂട്ടല്‍.

യു.എസിന്റെ ഏറ്റവും വലിയ സഖ്യകക്ഷികളായ ഇസ്രായേല്‍, യു.എ.ഇ എന്നിവര്‍ക്കുള്ള ആയുധ നിരോധനത്തില്‍ ആരെയാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുക എന്നത് വ്യക്തമല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ആയുധ വില്‍പ്പന നിര്‍ത്തുകയോ തടയുകയോ ചെയ്യുന്നത് എല്ലായ്‌പ്പോഴും ട്രെന്‍ഡിങ്ങാണ്, ഒരിക്കലും ശാശ്വതമല്ല. ജി 20 രാജ്യങ്ങള്‍ ഈ അറബ് സഖ്യത്തിലെ മറ്റ് അംഗങ്ങളിലേക്ക് നടത്തുന്ന ആയുധ കയറ്റുമതി 2015ല്‍ 17 ബില്യണ്‍ ആയിരുന്നത് 2019ല്‍ 31.4 ബില്യണ്‍ ഡോളറായി ഉയര്‍ന്നു എന്നാണ് കഴിഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡുകളില്‍ നിന്നും മനസ്സിലാകുന്നത്.

 

Related Articles